വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാധിപത്യ മർദക ഭരണത്തിൻ കീഴിൽ വിശ്വസ്‌തതയോടെ

ഏകാധിപത്യ മർദക ഭരണത്തിൻ കീഴിൽ വിശ്വസ്‌തതയോടെ

ഏകാധി​പത്യ മർദക ഭരണത്തിൻ കീഴിൽ വിശ്വ​സ്‌ത​ത​യോ​ടെ

മിക്ക്‌ ജാസി​വിച്ച്‌ പറഞ്ഞ​പ്ര​കാ​രം

“ജർമനി​യിൽ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളെ വെടി​വെച്ചു കൊല്ലു​ക​യാ​ണു ചെയ്യു​ന്നത്‌. നീ ആ തോക്കു കണ്ടോ?” മൂലയ്‌ക്കി​രുന്ന ഒരു തോക്കു ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ ഗസ്റ്റപ്പോ ഉദ്യോ​ഗസ്ഥൻ ചോദി​ച്ചു. “വേണ​മെ​ങ്കിൽ എനിക്കു നിന്നെ അതിന്റെ ബയണറ്റു​കൊണ്ട്‌ കുത്തി​ക്കൊ​ല്ലാം. നിന്നെ കൊന്നാ​ലും എനിക്ക്‌ ഒരു കുറ്റ​ബോ​ധ​വും തോന്നാൻ പോകു​ന്നില്ല.”

ആ ഭീഷണി നേരി​ടു​മ്പോൾ എനിക്ക്‌ വെറും 15 വയസ്സാ​യി​രു​ന്നു. 1942-ൽ നാസികൾ എന്റെ സ്വദേശം കീഴട​ക്കി​യ​പ്പോൾ ആയിരു​ന്നു സംഭവം.

സ്റ്റാനി​സ്ലാഫ്‌ (ഇപ്പോൾ ഇവാനോ ഫ്രാൻകി​വ്‌സ്‌ക്‌ എന്നറി​യ​പ്പെ​ടു​ന്നു) എന്ന ഒരു കൊച്ചു ഗ്രാമ​ത്തിൽ 1926 നവംബ​റി​ലാ​ണു ഞാൻ ജനിച്ചത്‌. സ്റ്റാനി​സ്ലാഫ്‌ അന്ന്‌ പോള​ണ്ടി​ന്റെ ഭാഗമാ​യി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌, അതായത്‌ 1939 സെപ്‌റ്റം​ബർ മുതൽ 1945 മേയ്‌ വരെ, ഞങ്ങളുടെ പ്രദേശം ആദ്യം സോവി​യറ്റ്‌ യൂണി​യ​ന്റെ​യും പിന്നീട്‌ ജർമനി​യു​ടെ​യും അതിനു​ശേഷം വീണ്ടും സോവി​യറ്റ്‌ യൂണി​യ​ന്റെ​യും ആധിപ​ത്യ​ത്തിൻ കീഴി​ലാ​യി​രു​ന്നു. യുദ്ധത്തി​നു ശേഷം അത്‌ യൂ​ക്രേ​നി​യൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കി​ന്റെ കീഴി​ലാ​യി. 1991-ൽ സോവി​യറ്റ്‌ യൂണിയൻ നിലവി​ലി​ല്ലാ​താ​യ​പ്പോൾ അത്‌ യൂ​ക്രെ​യി​ന്റെ ഭാഗമാ​യി.

എന്റെ പിതാവ്‌ പോള​ണ്ടു​കാ​ര​നും മാതാവ്‌ ബെലോ​റ​ഷ്യ​ക്കാ​രി​യു​മാ​യി​രു​ന്നു. ഇരുവ​രും ഗ്രീക്ക്‌ കത്തോ​ലി​ക്കാ സഭയിലെ അംഗങ്ങ​ളാ​യി​രു​ന്നു. 1939-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളായ രണ്ടു സ്‌ത്രീ​കൾ സർവ​ലോക യുദ്ധം ആസന്നം എന്ന ഒരു ചെറു​പു​സ്‌തകം ഞങ്ങൾക്കു കൊണ്ടു​വന്നു തന്നു. ഞങ്ങളുടെ സമീപ​ത്തുള്ള ഹോരി​ഹ്‌ല്യാ​ഡി ഗ്രാമ​ത്തി​ലെ 30 സാക്ഷി​ക​ളുള്ള ഒരു സഭയിലെ അംഗങ്ങ​ളാ​യി​രു​ന്നു അവർ. അതിൽ വിവരി​ച്ചി​രുന്ന സംഭവ​വി​കാ​സങ്ങൾ എന്റെ കണ്മുമ്പിൽ അരങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌, “രാഷ്‌ട്രങ്ങൾ യുദ്ധത്തി​നാ​യി ബദ്ധപ്പെ​ടു​ന്ന​തി​ന്റെ യഥാർഥ കാരണം എന്താണ്‌?” എന്ന ചോദ്യ​ത്തിന്‌ ആ പുസ്‌തകം നൽകിയ ബൈബി​ള​ധി​ഷ്‌ഠിത വിവരണം ഞാൻ ശ്രദ്ധാ​പൂർവം വായിച്ചു.

യൂ​ക്രെ​യി​നിൽ ഞങ്ങൾ നേരി​ട്ടി​രുന്ന പ്രശ്‌നം യുദ്ധം മാത്ര​മാ​യി​രു​ന്നില്ല. അവിടെ കടുത്ത ക്ഷാമം ഉണ്ടായി​രു​ന്നു. സോവി​യറ്റ്‌ പ്രീമി​യ​റായ ജോസഫ്‌ സ്റ്റാലിന്റെ രാഷ്‌ട്രീയ നയങ്ങൾ നിമിത്തം പല യൂ​ക്രെ​യിൻകാ​രും റഷ്യയി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ടു. ഞാൻ സാക്ഷ്യം വഹിച്ച ദുരി​തങ്ങൾ ബൈബിൾ അടുത്തു പരി​ശോ​ധി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. എന്നെ ബൈബിൾ പഠിപ്പി​ക്കാൻ ഞാൻ ഹോരി​ഹ്‌ല്യാ​ഡി​യി​ലുള്ള ഒരു സാക്ഷി​യോട്‌ ആവശ്യ​പ്പെട്ടു.

ഹോരി​ഹ്‌ല്യാ​ഡി​യിൽനിന്ന്‌ ഒഴുകി​വ​രുന്ന നിസ്റ്റർ നദിയു​ടെ കരയി​ലാ​യി​രു​ന്നു ഞങ്ങളുടെ ഒഡയ്യിവ്‌ ഗ്രാമം. ആഴ്‌ച​യിൽ പല തവണ ഞാൻ ഒരു കൊച്ചു​വ​ഞ്ചി​യിൽ ആ നദി കുറുകേ കടക്കും, ബൈബിൾ പഠിക്കാൻ. 1941 ആഗസ്റ്റിൽ മറ്റ്‌ രണ്ടു പേരോ​ടൊ​പ്പം ഞാനും എന്റെ മൂത്ത സഹോ​ദരി അന്നയും ആ നദിയിൽ സ്‌നാ​പ​ന​മേറ്റു.

ഗസ്റ്റപ്പോ ചോദ്യം ചെയ്‌തു ബുദ്ധി​മു​ട്ടി​ക്കു​ന്നു

1941-ൽ ജർമൻ അധിനി​വേശം ആരംഭി​ച്ചു. ശിക്ഷി​ക്കു​മെന്ന ഭീഷണി ഉണ്ടായി​രു​ന്നി​ട്ടും ഞങ്ങൾ ക്രിസ്‌തീയ പ്രവർത്ത​നങ്ങൾ നിറു​ത്തി​യില്ല. പിറ്റേ വർഷം ഞാൻ പയനിയർ സേവനം ആരംഭി​ച്ചു, സൈക്കി​ളി​ലാ​യി​രു​ന്നു എന്റെ യാത്ര. അങ്ങനെ​യി​രി​ക്കു​മ്പോ​ഴാണ്‌ ജർമൻ ഗസ്റ്റപ്പോ​യു​മാ​യി ആ പ്രശ്‌നം ഉണ്ടായത്‌. സംഭവം ഇങ്ങനെ​യാണ്‌:

ഒരു ദിവസം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ട​ശേഷം ഞാൻ വീട്ടി​ലേക്കു മടങ്ങു​ക​യാ​യി​രു​ന്നു. ഇടയ്‌ക്കു​വെച്ച്‌ ഞാൻ രണ്ട്‌ സഹക്രി​സ്‌ത്യാ​നി​കളെ സന്ദർശി​ക്കാൻ അവരുടെ വീട്ടിൽ ചെന്നു. ഒരമ്മയും മകളു​മാ​യി​രു​ന്നു അവർ. മകളുടെ ഭർത്താ​വിന്‌ ഞങ്ങളുടെ വിശ്വാ​സ​ത്തോട്‌ എതിർപ്പാ​യി​രു​ന്നു. തന്റെ ഭാര്യക്ക്‌ ബൈബിൾ സാഹി​ത്യ​ങ്ങൾ എവി​ടെ​നി​ന്നാണ്‌ ലഭിക്കു​ന്നത്‌ എന്നു കണ്ടുപി​ടി​ക്കാൻ അയാൾ നോക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഏതാനും സാഹി​ത്യ​ങ്ങ​ളും സഹ ക്രിസ്‌ത്യാ​നി​ക​ളു​ടെ ശുശ്രൂഷ സംബന്ധിച്ച ചില വിവര​ങ്ങ​ളും നൽകാൻ വേണ്ടി​യാ​യി​രു​ന്നു അന്ന്‌ ഞാൻ അവരുടെ വീട്ടിൽ ചെന്നത്‌. ഞാൻ വീട്ടിൽനിന്ന്‌ ഇറങ്ങി​പ്പോ​കു​ന്നത്‌ അയാൾ കണ്ടു.

“നിൽക്കെടാ അവിടെ!” അയാൾ അലറി. ഞാൻ എന്റെ ബാഗും പിടി​ച്ചു​കൊണ്ട്‌ ഓടി.

“നിന്നോ​ടല്ലേ പറഞ്ഞത്‌ നിൽക്കാൻ! കള്ളൻ!” അയാൾ വിളി​ച്ചു​കൂ​വി. വയലിൽ പണി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്നവർ ഞാൻ എന്തോ മോഷ്ടി​ച്ചി​രി​ക്കു​മെന്നു കരുതി, അതു​കൊണ്ട്‌ അവർ എന്നെ തടഞ്ഞു​നി​റു​ത്തി. ആ മനുഷ്യൻ എന്നെ പൊലീസ്‌ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി. അവിടെ ഒരു ഗസ്റ്റപ്പോ ഉദ്യോ​ഗസ്ഥൻ ഉണ്ടായി​രു​ന്നു.

എന്റെ ബാഗിലെ സാഹി​ത്യ​ങ്ങൾ കണ്ടയു​ടനെ ഉദ്യോ​ഗസ്ഥൻ ജർമൻ ഭാഷയിൽ അലറി​വി​ളി​ച്ചു: “റഥർഫോർഡ്‌! റഥർഫോർഡ്‌!” അദ്ദേഹത്തെ അസഹ്യ​പ്പെ​ടു​ത്തി​യത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ എനിക്ക്‌ ഒരു പരിഭാ​ഷ​കന്റെ സഹായം വേണ്ടി​വ​ന്നില്ല. യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച പുസ്‌ത​ക​ങ്ങ​ളു​ടെ ശീർഷക പേജിൽ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റാ​യി​രുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡി​ന്റെ പേര്‌ അച്ചടി​ച്ചി​രു​ന്നു. എന്നെ പൊലീസ്‌ സ്റ്റേഷനി​ലേക്കു കൊണ്ടു​പോയ മനുഷ്യൻ ഞാൻ അയാളു​ടെ ഭാര്യ​യു​ടെ കാമു​ക​നാ​ണെന്ന്‌ ആരോ​പി​ച്ചു. എന്നാൽ അത്‌ പച്ചക്കള്ള​മാ​ണെന്ന്‌ പൊലീ​സി​നും ഗസ്റ്റപ്പോ ഉദ്യോ​ഗ​സ്ഥ​നും മനസ്സി​ലാ​യി. കാരണം, അയാളു​ടെ ഭാര്യക്ക്‌ എന്റെ അമ്മയാ​കാ​നുള്ള പ്രായ​മു​ണ്ടാ​യി​രു​ന്നു. പിന്നെ അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.

ഞാൻ ആരാ​ണെ​ന്നും എവി​ടെ​നി​ന്നാ​ണു വരുന്ന​തെ​ന്നും ഏറ്റവും പ്രധാ​ന​മാ​യി ആ പുസ്‌ത​കങ്ങൾ എവി​ടെ​നി​ന്നാണ്‌ ലഭിച്ച​തെ​ന്നും ആയിരു​ന്നു അവർക്ക്‌ അറി​യേ​ണ്ടി​യി​രു​ന്നത്‌. എന്നാൽ, ഞാൻ അതു പറഞ്ഞില്ല. അവർ എന്നെ തല്ലി, പരിഹ​സി​ച്ചു, അതിനു​ശേഷം എന്നെ ഒരു സെല്ലി​ലി​ട്ടു പൂട്ടി. തുടർന്നുള്ള മൂന്നു ദിവസ​വും അവർ എന്നെ ചോദ്യം ചെയ്‌തു. പിന്നീട്‌ എന്നെ ഗസ്റ്റപ്പോ ഉദ്യോ​ഗ​സ്ഥന്റെ ഓഫീ​സി​ലേക്ക്‌ കൊണ്ടു​പോ​യി. അവി​ടെ​വെ​ച്ചാണ്‌ എന്നെ ബയണറ്റു​കൊണ്ട്‌ കുത്തു​മെ​ന്നൊ​ക്കെ അദ്ദേഹം ഭീഷണി മുഴക്കി​യത്‌. അയാൾ അത്‌ ചെയ്‌തു​ക​ള​യു​മോ എന്ന്‌ ഒരുനി​മി​ഷം ഞാൻ ശങ്കിച്ചു. ഞാൻ തല കുമ്പിട്ടു, കുറേ നേര​ത്തേക്ക്‌ കനത്ത നിശ്ശബ്ദത ആയിരു​ന്നു. പെട്ടെന്ന്‌ അദ്ദേഹം പറഞ്ഞു: “നിനക്കു പോകാം.”

ആ കാലഘ​ട്ട​ത്തിൽ പ്രസം​ഗ​പ്ര​വർത്തനം ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ശരിക്കും ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു, അതു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു യോഗങ്ങൾ നടത്തുന്ന കാര്യ​വും. 1943 ഏപ്രിൽ 19-ന്‌ ഞങ്ങൾ ക്രിസ്‌തു​വി​ന്റെ വാർഷിക സ്‌മാ​ര​ക​ത്തി​നാ​യി കൂടി​വന്നു. ഹോരി​ഹ്‌ല്യാ​ഡി​യി​ലെ ഒരു വീടിന്റെ രണ്ടു മുറി​ക​ളാണ്‌ അതിനു​വേണ്ടി ക്രമീ​ക​രി​ച്ചി​രു​ന്നത്‌. (ലൂക്കൊസ്‌ 22:19) യോഗം തുടങ്ങാ​റാ​യ​പ്പോ​ഴാണ്‌ പൊലീസ്‌ വീടി​ന​ടു​ത്തേക്കു വരുന്ന​താ​യി ആരോ വിളി​ച്ചു​പ​റ​ഞ്ഞത്‌. ചിലർ തോട്ട​ത്തിൽ പോയി ഒളിച്ചു. എന്റെ സഹോ​ദരി അന്നയും മറ്റു മൂന്നു സ്‌ത്രീ​ക​ളും നിലവ​റ​യി​ലേക്കു പോയി. പൊലീസ്‌ അവരെ കണ്ടുപി​ടി​ച്ചു. ഓരോ​രു​ത്ത​രെ​യാ​യി പുറ​ത്തേക്കു വലിച്ചി​ഴ​ച്ചു​കൊ​ണ്ടു പോയി ചോദ്യം ചെയ്‌തു. മണിക്കൂ​റു​ക​ളോ​ളം അവർക്ക്‌ പൊലീ​സു​കാ​രിൽനി​ന്നുള്ള മൃഗീയ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വന്നു, ഒരാൾക്ക്‌ ഗുരു​ത​ര​മായ പരി​ക്കേൽക്കു​ക​പോ​ലും ചെയ്‌തു.

ലോക രംഗം മാറുന്നു

1944-ലെ വേനൽക്കാ​ലത്ത്‌ ജർമൻകാർ ഞങ്ങളുടെ പ്രദേ​ശ​ത്തു​നി​ന്നു പിൻമാ​റി, പകരം സോവി​യ​റ്റു​കാർ വന്നു. യഹോ​വ​യു​ടെ ദാസന്മാർ എന്ന നിലയിൽ, നാസി അധിനി​വേശ കാലത്ത്‌ എന്നപോ​ലെ​തന്നെ ഞങ്ങൾ ബൈബിൾ തത്ത്വങ്ങ​ളോ​ടു പറ്റിനി​ന്നു. സൈനിക സേവന​ത്തി​ലോ രാഷ്‌ട്രീയ പ്രവർത്ത​ന​ങ്ങ​ളി​ലോ പങ്കെടു​ക്കാൻ ഞങ്ങൾ വിസമ്മ​തി​ച്ചു. ബൈബിൾ തത്ത്വങ്ങ​ളോ​ടുള്ള ഞങ്ങളുടെ വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടാ​നി​രി​ക്കുക ആയിരു​ന്നു.—യെശയ്യാ​വു 2:4; മത്തായി 26:52; യോഹ​ന്നാൻ 17:14.

ഏതാനും ദിവസ​ങ്ങൾക്കകം, സോവി​യ​റ്റു​കാർ യുവാ​ക്ക​ളായ എല്ലാവ​രെ​യും സൈന്യ​ത്തിൽ ചേർത്തു തുടങ്ങി. സോവി​യ​റ്റു​കാർക്കു പുറമേ യൂ​ക്രെ​യിൻ പക്ഷക്കാ​രും യുവാ​ക്കളെ തങ്ങളുടെ സൈന്യ​ത്തിൽ ചേർക്കാൻ ശ്രമി​ച്ചി​രു​ന്നത്‌ സാഹച​ര്യ​ത്തെ കൂടുതൽ ദുഷ്‌ക​ര​മാ​ക്കി. അവർ ചെറു​പ്പ​ക്കാ​രെ തിരഞ്ഞു​പി​ടിച്ച്‌ പരിശീ​ല​ന​ത്തി​നാ​യി കാടു​ക​ളി​ലേക്കു കൊണ്ടു​പോ​യി​രു​ന്നു. അങ്ങനെ സാക്ഷി​ക​ളായ ഞങ്ങൾക്ക്‌ പരസ്‌പരം എതിർക്കുന്ന രണ്ട്‌ ചേരി​ക​ളോ​ടും—സോവി​യ​റ്റു​കാ​രോ​ടും യൂ​ക്രെ​യിൻ ഒളി​പ്പോ​രാ​ളി​ക​ളോ​ടും—നിഷ്‌പക്ഷത തെളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഈ രണ്ടു കൂട്ടങ്ങ​ളും ഞങ്ങളുടെ ഗ്രാമ​ത്തിൽവെച്ച്‌ ഏറ്റുമു​ട്ടി. കൊല്ല​പ്പെട്ട രണ്ടു പോരാ​ളി​ക​ളു​ടെ ജഡങ്ങൾ ഞങ്ങളുടെ വീടിനു മുമ്പിലെ തെരു​വിൽ കിടക്കു​ന്നു​ണ്ടാ​യി​രു​ന്നു. മരിച്ച​വരെ അറിയാ​മോ​യെന്ന്‌ അന്വേ​ഷിച്ച്‌ രണ്ട്‌ സോവി​യറ്റ്‌ ഉദ്യോ​ഗസ്ഥർ ഞങ്ങളുടെ വീട്ടിൽ വന്നു. ഉദ്യോ​ഗ​സ്ഥ​രിൽ ഒരാൾ എന്നെ അവരോ​ടൊ​പ്പം കൊണ്ടു​പോ​കാ​നും സൈന്യ​ത്തിൽ ചേർക്കാ​നും തീരു​മാ​നി​ച്ചു. പോളീഷ്‌ സൈനി​ക​രു​ടെ ഒരു റെജി​മന്റ്‌ അവർ രൂപീ​ക​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒരു പോളീഷ്‌ വംശജ​നാ​യ​തു​കൊണ്ട്‌ ഞാനും അതിൽ ചേരണ​മാ​യി​രു​ന്ന​ത്രേ.

ഞാനും വേറെ നാല്‌ സാക്ഷി​ക​ളും സൈന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ച്ചു. അതു​കൊണ്ട്‌ ഞങ്ങളെ ഏകദേശം 700 കിലോ​മീ​റ്റർ അകലെ കിഴക്കാ​യി സ്ഥിതി ചെയ്യുന്ന നെ​പ്രോ​പ​ട്രോ​ഫ്‌സ്‌ക്ക്‌ നഗരത്തി​ലേക്ക്‌ തീവണ്ടി​മാർഗം കൊണ്ടു​പോ​യി. ഞങ്ങൾ ഉറച്ചു വിശ്വ​സി​ച്ചി​രുന്ന ബൈബി​ള​ധി​ഷ്‌ഠിത കാരണ​ങ്ങ​ളാൽ സൈന്യ​ത്തിൽ ചേരാൻ കഴിയി​ല്ലെന്ന്‌ വിശദ​മാ​ക്കി​യ​തി​നെ തുടർന്ന്‌ അവർ ഞങ്ങളെ കസ്റ്റഡി​യിൽ എടുത്തു, ഞങ്ങൾക്കെ​തി​രെ കുറ്റപ​ത്രം തയ്യാറാ​ക്കി. കോട​തി​യിൽ എത്തിയ​പ്പോൾ ഞങ്ങളുടെ കേസ്‌ അന്വേ​ഷി​ക്കുന്ന ഉദ്യോ​ഗസ്ഥൻ യഹൂദ​നാ​ണെന്നു മനസ്സി​ലാ​യി. വാദം നടക്കു​ന്ന​തി​നി​ട​യിൽ ഞങ്ങളുടെ വിശ്വാ​സ​ങ്ങളെ കുറിച്ച്‌ ഞങ്ങൾ വിശദീ​ക​രി​ച്ചു. അദ്ദേഹം അതു ശ്രദ്ധാ​പൂർവം കേട്ടു. അദ്ദേഹ​ത്തിന്‌ താത്‌പ​ര്യ​ജ​ന​ക​മാ​യി​രി​ക്കു​മെന്ന്‌ ഞങ്ങൾക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ, മർദക ഭരണത്തിൻ കീഴിൽ ഇസ്രാ​യേ​ല്യർ സഹിച്ച കഷ്ടങ്ങളും മോ​ശെ​യി​ലൂ​ടെ ഈജി​പ്‌റ്റിൽനിന്ന്‌ അവർക്കു ലഭിച്ച വിടു​ത​ലു​മെ​ല്ലാം, ഞങ്ങൾ പ്രതി​പാ​ദി​ക്കു​ക​യു​ണ്ടാ​യി.

കോടതി വിധി പ്രഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യുള്ള മാസങ്ങ​ളിൽ ഞങ്ങളെ ഒരു അറയി​ലാ​ണു പാർപ്പി​ച്ചത്‌. ഞങ്ങളെ കൂടാതെ ആ അറയിൽ 25 അന്തേവാ​സി​കൾ ഉണ്ടായി​രു​ന്നു. ഞങ്ങൾ സൈന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ച്ച​താ​യി അറിഞ്ഞ​പ്പോൾ അവർ സന്തോ​ഷ​ത്തോ​ടെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ സഹോ​ദ​ര​ന്മാർ ആണ്‌!” എന്നാൽ അവർ സാക്ഷി​ക​ള​ല്ലെ​ന്നും ബാപ്‌റ്റി​സ്റ്റു​കാ​രാ​ണെ​ന്നും ഞങ്ങൾക്ക്‌ ഉടൻതന്നെ മനസ്സി​ലാ​യി. സൈന്യ​ത്തിൽ ചേരാൻ സമ്മതമാ​യി​രു​ന്നെ​ങ്കി​ലും ആയുധ​ങ്ങ​ളേ​ന്താൻ വിസമ്മ​തി​ച്ച​തി​നാ​ലാ​യി​രു​ന്നു അവരെ അറസ്റ്റ്‌ ചെയ്‌തത്‌.

1945 മേയിൽ ഞങ്ങൾ നെ​പ്രോ​പ​ട്രോ​ഫ്‌സ്‌ക്കിൽ കസ്റ്റഡി​യി​ലാ​യി​രി​ക്കെ ഒരു സംഭവ​മു​ണ്ടാ​യി. വെടി​വെ​ക്കുന്ന ശബ്ദവും ബാരക്കു​ക​ളിൽനി​ന്നും തെരു​വു​ക​ളിൽനി​ന്നും നിലവി​ളി​ക​ളും കേട്ടാണ്‌ ഞങ്ങൾ ഉറക്കത്തിൽനിന്ന്‌ ഉണർന്നത്‌. സമയം പാതി​രാ​ത്രി​യാ​യി​ക്കാ​ണും. അത്‌ ഒരു പ്രക്ഷോ​ഭ​മാ​യി​രു​ന്നോ യുദ്ധമാ​യി​രു​ന്നോ ആഘോ​ഷ​മാ​യി​രു​ന്നോ എന്നൊ​ന്നും ഞങ്ങൾക്കു മനസ്സി​ലാ​യില്ല. ആ ദിവസം പ്രാതൽ കഴിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ബാർബർഷോ​പ്പിൽനിന്ന്‌ ഞങ്ങൾ ആ വാർത്ത കേട്ടു: യുദ്ധം അവസാ​നി​ച്ചി​രി​ക്കു​ന്നു! കുറച്ചു ദിവസ​ങ്ങൾക്കകം കോടതി ഞങ്ങളുടെ വിധി പ്രഖ്യാ​പി​ച്ചു. ഞങ്ങൾക്കും ബാപ്‌റ്റി​സ്റ്റു​കാർക്കും ഒരേ ശിക്ഷയാ​ണു കിട്ടി​യത്‌—ജയിൽ ക്യാമ്പു​ക​ളിൽ പത്തു വർഷത്തെ തടവ്‌.

റഷ്യയി​ലെ ജയിൽ ക്യാമ്പ്‌

സാക്ഷി​ക​ളായ ഞങ്ങൾ അഞ്ചു​പേരെ റഷ്യയി​ലെ ജയിൽ ക്യാമ്പു​ക​ളി​ലേക്ക്‌ അയച്ചു. രണ്ട്‌ ആഴ്‌ചത്തെ തീവണ്ടി യാത്ര​യ്‌ക്കു ശേഷം ഞങ്ങൾ സുക്ക്‌ഹൊ​ബെ​സ്‌വൊ​ഡ്‌നൊ​യെ​യിൽ എത്തി. മോസ്‌കോ​യിൽനിന്ന്‌ ഏതാണ്ട്‌ 400 കിലോ​മീ​റ്റർ അകലെ കിഴക്കാ​യാണ്‌ സുക്ക്‌ഹൊ​ബെ​സ്‌വൊ​ഡ്‌നൊ​യെ സ്ഥിതി ചെയ്യു​ന്നത്‌. റെയിൽവേ ലൈന്‌ അരികി​ലാ​യി സ്ഥിതി ചെയ്യുന്ന 32 തൊഴിൽ ക്യാമ്പു​ക​ളു​ടെ ഭരണ​കേ​ന്ദ്രം ആയിരു​ന്നു അത്‌. ഓരോ ക്യാമ്പി​ലും ആയിര​ക്ക​ണ​ക്കിന്‌ അന്തേവാ​സി​കൾ ഉണ്ടായി​രു​ന്നു. സുക്ക്‌ഹൊ​ബെ​സ്‌വൊ​ഡ്‌നൊ​യെ​യിൽ ആറു മാസം കഴിഞ്ഞ​ശേഷം എന്നെ 18-ാം നമ്പർ ക്യാമ്പി​ലേക്കു മാറ്റി. അവിടത്തെ അന്തേവാ​സി​ക​ളിൽ പലരും ക്രിമി​നൽപ്പു​ള്ളി​ക​ളോ രാഷ്‌ട്രീയ കുറ്റവാ​ളി​ക​ളോ ആയിരു​ന്നു.

ജയിൽ അധികൃ​തർ ഞങ്ങൾക്കു മരം വെട്ടുന്ന പണിയാണ്‌ നൽകി​യത്‌. വളരെ ബുദ്ധി​മു​ട്ടുള്ള ഒന്നായി​രു​ന്നു അത്‌. ചില​പ്പോൾ അരയ്‌ക്കൊ​പ്പം വീണു​കി​ട​ക്കുന്ന മഞ്ഞിലൂ​ടെ നടന്ന്‌ വേണമാ​യി​രു​ന്നു പോകാൻ. അതു​പോ​ലെ​തന്നെ, മരംമു​റി​ക്കു​ന്നത്‌ കൈവാൾ ഉപയോ​ഗി​ച്ചാ​യി​രു​ന്നു. എന്നിട്ട്‌ മഞ്ഞിലൂ​ടെ​തന്നെ മരത്തടി​കൾ വലിച്ചു​കൊ​ണ്ടു പോരു​ക​യും വേണം. ആഴ്‌ച​യി​ലൊ​രി​ക്കൽ, അതായത്‌ ഞായറാഴ്‌ച പ്രാത​ലി​നു ശേഷം, ക്യാമ്പി​ലെ മറ്റു നാല്‌ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ കാര്യങ്ങൾ ചർച്ച ചെയ്യാൻ എനിക്ക്‌ അവസരം ലഭിച്ചി​രു​ന്നു. അതായി​രു​ന്നു ഞങ്ങളുടെ യോഗങ്ങൾ. കൂടാതെ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കു​ക​യും ചെയ്‌തി​രു​ന്നു, ഒരു വർഷം ഒരു കുളി​മു​റി​യിൽവെച്ച്‌. യേശു​വി​ന്റെ രക്തത്തിന്റെ ചിഹ്നമാ​യി ഉപയോ​ഗി​ക്കാൻ വീഞ്ഞി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ അതിനു പകരം ബ്ലാക്ക്‌ ബെറി​യു​ടെ ചാറാണ്‌ ഉപയോ​ഗി​ച്ചത്‌.

ഒറ്റപ്പെ​ട്ട​താ​യു​ള്ള തോന്നൽ ശരിക്കും തളർത്തി​ക്ക​ള​യുന്ന ഒന്നായി​രു​ന്നു. ഞാൻ യഹോ​വ​യ്‌ക്കു മുമ്പാകെ എന്റെ ഹൃദയം പകർന്നു. അവൻ എന്നെ ശക്തി​പ്പെ​ടു​ത്തി, സമാന​മായ തോന്ന​ലു​കൾ ഏലിയാ പ്രവാ​ച​കന്‌ ഉണ്ടായ​പ്പോൾ അവനെ ശക്തി​പ്പെ​ടു​ത്തി​യ​തു​പോ​ലെ​തന്നെ. (1 രാജാ​ക്കൻമാർ 19:14, 18) ഞങ്ങൾ ഒറ്റപ്പെ​ട്ടി​ട്ടി​ല്ലെന്നു മനസ്സി​ലാ​ക്കാൻ ദൈവം എന്നെ സഹായി​ച്ചു. ദുഷ്‌ക​ര​മായ ആ നാളു​ക​ളിൽ ഉൾപ്പെടെ എന്നും അവൻ എനിക്ക്‌ ബലമുള്ള ഒരു താങ്ങാ​യി​രു​ന്നി​ട്ടുണ്ട്‌.

സുക്ക്‌ഹൊ​ബെ​സ്‌വൊ​ഡ്‌നൊ​യെക്ക്‌ അടുത്തു​ണ്ടാ​യി​രുന്ന മറ്റു ക്യാമ്പു​ക​ളി​ലും ഏതാനും സാക്ഷികൾ വീതം ഉണ്ടായി​രു​ന്നു. സാക്ഷി​ക​ളിൽ ഒരാൾക്ക്‌ തന്റെ ജോലി​യു​ടെ ഭാഗമാ​യി മറ്റ്‌ ക്യാമ്പു​കൾ സന്ദർശി​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ, അദ്ദേഹം മുഖാ​ന്തരം സാക്ഷി​കൾക്ക്‌ എല്ലാവർക്കും പരസ്‌പരം സമ്പർക്കം പുലർത്താൻ സാധി​ച്ചി​രു​ന്നു. അദ്ദേഹം ഒരു ഇടനി​ല​ക്കാ​രനെ പോ​ലെ​യാ​യി​രു​ന്നു, സാഹി​ത്യ​ങ്ങൾ ക്യാമ്പു​ക​ളി​ലേ​ക്കും വെളി​യി​ലേ​ക്കു​മൊ​ക്കെ ഒളിച്ചു കടത്താൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അങ്ങനെ ലഭ്യമായ ഏതാനും സാഹി​ത്യ​ങ്ങൾ പങ്കു​വെ​ക്കാൻ ഞങ്ങൾക്കു സാധിച്ചു. അത്‌ എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നെ​ന്നോ!

തിരികെ യൂ​ക്രെ​യി​നി​ലേക്ക്‌

രാഷ്‌ട്രം പൊതു​മാ​പ്പു പ്രഖ്യാ​പി​ച്ച​തി​നെ തുടർന്ന്‌, എന്റെ ശിക്ഷ പത്തു വർഷത്തിൽനിന്ന്‌ അഞ്ചു വർഷമാ​യി ഇളച്ചു​കി​ട്ടി. അങ്ങനെ 1950 ഏപ്രി​ലിൽ ഞാൻ ഹോരി​ഹ്ലി​ഡേ​യി​ലുള്ള എന്റെ സ്വന്തം സഭയി​ലേക്കു തിരി​ച്ചു​പോ​യി. യൂ​ക്രെ​യി​നിൽ ഞങ്ങളുടെ പ്രവർത്തനം അപ്പോ​ഴും നിരോ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നത്‌ വളരെ അപകട​ക​ര​മാ​യി​രു​ന്നു, എന്നാൽ അതിന്റെ പ്രതി​ഫലം വളരെ വളരെ വലുതാ​യി​രു​ന്നു.

തിരിച്ചു ചെന്ന​ശേഷം കൊസക്ക്‌ എന്ന ഒരു വ്യക്തി​യു​മാ​യി സംസാ​രി​ക്കാൻ എനിക്ക്‌ അവസരം ലഭിച്ചു. എന്റെ വീട്ടിൽനിന്ന്‌ ഏതാണ്ട്‌ 20 കിലോ​മീ​റ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷാബൊ​ക്രു​ക്രി എന്ന ഗ്രാമ​ത്തി​ലാണ്‌ അദ്ദേഹം താമസി​ച്ചി​രു​ന്നത്‌. അദ്ദേഹ​ത്തെ​യും കുടും​ബ​ത്തെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ജീവിതം എങ്ങനെ പോകു​ന്നു​വെന്നു ഞാൻ ചോദി​ച്ചു. കൂട്ടു​കൃ​ഷി ചെയ്യു​ന്ന​വ​രെന്ന നിലയിൽ കഷ്ടിച്ചു ജീവി​ച്ചു​പോ​കാൻതന്നെ അവർക്ക്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അങ്ങനെ​യൊ​രു ചോദ്യം സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടാ​നുള്ള നല്ലൊരു മാർഗ​മാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. നമ്മുടെ കാലത്ത്‌ ഭക്ഷ്യക്ഷാ​മ​വും യുദ്ധങ്ങ​ളും ഉണ്ടാകു​മെന്നു ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രുന്ന കാര്യം ഞാൻ അദ്ദേഹ​ത്തി​നു വിവരി​ച്ചു​കൊ​ടു​ത്തു. (മത്തായി 24:3-14) കൂടുതൽ കാര്യങ്ങൾ അറിയാൻ അദ്ദേഹ​ത്തി​നു താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ അദ്ദേഹത്തെ വീണ്ടും സന്ദർശി​ച്ചു. കൊസക്ക്‌ കുടും​ബ​ത്തി​നു ബൈബി​ള​ധ്യ​യനം നടത്തു​ന്ന​തി​നാ​യി ഓരോ ആഴ്‌ച​യും ഞാൻ 40 കിലോ​മീ​റ്റർ യാത്ര ചെയ്യു​മാ​യി​രു​ന്നു, അതും കാൽന​ട​യാ​യി. എന്നാൽ 1950 ആഗസ്റ്റിൽ കൊസക്ക്‌ കുടും​ബം സ്‌നാ​പ​ന​മേ​റ്റ​പ്പോൾ ഞാൻ സഹിച്ച ത്യാഗ​ങ്ങൾക്കു തക്ക പ്രതി​ഫലം ലഭിച്ച​താ​യി എനിക്കു തോന്നി.

കൊസക്ക്‌ കുടും​ബം സ്‌നാ​പ​ന​മേറ്റ്‌ അധികം കഴിയു​ന്ന​തി​നു മുമ്പു​തന്നെ ആയിര​ക്ക​ണ​ക്കി​നു വരുന്ന മറ്റ്‌ സാക്ഷി​ക​ളോ​ടൊ​പ്പം അവരെ ബന്ദിക​ളാ​യി കൊണ്ടു​പോ​യി. 1951 ഏപ്രി​ലിൽ ആയിരു​ന്നു അതു സംഭവി​ച്ചത്‌. സായുധ സൈന്യം അവരെ വളയു​ക​യും തുടർന്ന്‌, വിചാരണ കൂടാതെ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തു​ക​യും ചെയ്‌തു. അങ്ങനെ, കൊസക്ക്‌ കുടും​ബ​വും എന്റെ മറ്റു പല സ്‌നേ​ഹി​ത​രും പുതിയ സ്ഥലത്തു താമസി​ക്കാൻ നിർബ​ന്ധി​ത​രാ​യി. a

ഹോരി​ഹ്‌ല്യാ​ഡി​യി​ലെ സാക്ഷി​ക​ളു​ടെ 15 കുടും​ബ​ങ്ങ​ളിൽ 4 എണ്ണം മാത്രമേ നാടു​ക​ട​ത്ത​പ്പെ​ട്ടു​ള്ളൂ. മറ്റു സഭകളിൽ നാടു​ക​ട​ത്ത​പ്പെട്ട സാക്ഷി​ക​ളു​ടെ എണ്ണം വളരെ കൂടു​ത​ലാ​യി​രു​ന്നു. കൂട്ട​ത്തോ​ടെ​യുള്ള ഈ നാടു​ക​ടത്തൽ സംഭവി​ച്ചത്‌ എങ്ങനെ​യാണ്‌? അധികാ​രി​ക​ളു​ടെ കൈവശം സാക്ഷി​ക​ളു​ടെ ലിസ്റ്റുകൾ ഉണ്ടായി​രു​ന്നു. അങ്ങനെ അവർക്ക്‌ എളുപ്പ​ത്തിൽ സാക്ഷി​കളെ പിടി​കൂ​ടാൻ സാധി​ച്ചി​രു​ന്നു. ലിസ്റ്റുകൾ 1950-ൽ, ഞാൻ റഷ്യയിൽ തടവി​ലാ​യി​രു​ന്ന​പ്പോൾ, ആണ്‌ തയ്യാറാ​ക്ക​പ്പെ​ട്ടത്‌ എന്നു തോന്നു​ന്നു. അതു​കൊണ്ട്‌ എന്റെ പേര്‌ അതിൽ ഇല്ലായി​രു​ന്നു. ഒരു മാസം മുമ്പ്‌, അതായത്‌ 1951 മാർച്ചിൽ ഞാൻ ഫെന്യയെ വിവാഹം കഴിച്ചി​രു​ന്നു. യഹോ​വ​യു​ടെ ഒരു വിശ്വസ്‌ത സാക്ഷി​യാ​യി​രു​ന്നു ഫെന്യ​യും. അവളുടെ കുടും​ബം മുഴുവൻ നാടു കടത്ത​പ്പെട്ടു. എന്നാൽ എന്നെ​പ്പോ​ലെ അവളും രക്ഷപ്പെട്ടു. കാരണം വിവാ​ഹി​ത​യാ​യ​തി​നെ തുടർന്ന്‌ അവളുടെ പേരിന്റെ കൂട്ടത്തിൽ ചേർത്തി​രു​ന്നത്‌ എന്റെ പേരാ​യി​രു​ന്നു, അങ്ങനെ​യൊ​രു പേര്‌ അവരുടെ ലിസ്റ്റിൽ ഉണ്ടായി​രു​ന്ന​തു​മില്ല.

വിശ്വാ​സ​ത്തി​ന്റെ കടുത്ത പരി​ശോ​ധ​ന​കൾ

നാടു​ക​ട​ത്ത​ലി​നെ തുടർന്ന്‌ ശേഷി​ച്ചി​രുന്ന ഞങ്ങൾ വേല പുനഃ​സം​ഘ​ടി​പ്പി​ക്കേ​ണ്ടത്‌ ഉണ്ടായി​രു​ന്നു. ഇവാനോ ഫ്രാങ്കി​വ്‌സ്‌ക്കിന്‌ അരികി​ലുള്ള സഭകൾക്കു മേൽനോ​ട്ടം വഹിക്കാൻ സൊ​സൈറ്റി എന്നോട്‌ ആവശ്യ​പ്പെട്ടു. 15 സഭകളിൽ ഏതാണ്ട്‌ 30 സാക്ഷികൾ വീതം അവശേ​ഷി​ച്ചി​രു​ന്നു. മരപ്പണി​ക്കാ​രൻ എന്ന നിലയിൽ സ്വയം​തൊ​ഴിൽ ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ എന്റെ പ്രവർത്ത​നങ്ങൾ ഇഷ്ടാനു​സ​രണം ക്രമീ​ക​രി​ക്കാ​മാ​യി​രു​ന്നു. മാസത്തിൽ ഒരിക്കൽ ഓരോ സഭയി​ലെ​യും സഹോ​ദ​ര​ങ്ങ​ളു​മാ​യി ഞാൻ രഹസ്യ​മാ​യി കൂടി​ക്കാഴ്‌ച നടത്തു​മാ​യി​രു​ന്നു.

മിക്ക​പ്പോ​ഴും, ഒരു ശ്‌മശാ​ന​ത്തിൽ രാത്രി​യാ​യി​രു​ന്നു ഞങ്ങളുടെ കൂടി​ക്കാഴ്‌ച. അവിടെ ഞങ്ങളെ കൂടാതെ ആരും ഉണ്ടാകി​ല്ലെന്ന്‌ ഉറപ്പാ​യി​രു​ന്നു. എല്ലാ സഭകൾക്കും ബൈബിൾ സാഹി​ത്യ​ങ്ങ​ളിൽ ചില​തെ​ങ്കി​ലും ലഭ്യമാ​ക്കാൻ എങ്ങനെ സാധി​ക്കും എന്നതാ​യി​രു​ന്നു പ്രധാന ചർച്ചാ​വി​ഷയം. ചില​പ്പോ​ഴെ​ല്ലാം ഞങ്ങൾക്ക്‌ പോളീ​ഷി​ലോ റൊ​മേ​നി​യ​യി​ലോ ഉള്ള വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ ഏറ്റവും പുതിയ ലക്കം ലഭിക്കു​മാ​യി​രു​ന്നു, ഞങ്ങൾ അത്‌ യൂ​ക്രെ​യി​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തും. എന്നിരു​ന്നാ​ലും, അധികാ​രി​കൾ നിരന്തരം ഞങ്ങളെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു, സാഹി​ത്യ​ങ്ങ​ളു​ടെ പകർപ്പു​കൾ ഉണ്ടാക്കാൻ ഞങ്ങൾ ഉപയോ​ഗി​ച്ചി​രുന്ന യന്ത്രങ്ങൾ കണ്ടുപി​ടി​ക്കാ​നും നശിപ്പി​ക്കാ​നും അവർ ശ്രമി​ച്ചി​രു​ന്നു.

എന്നാൽ ഞങ്ങളെ അലട്ടി​യി​രുന്ന ഏറ്റവും വലിയ പ്രശ്‌നം അതൊ​ന്നു​മാ​യി​രു​ന്നില്ല. ന്യൂ​യോർക്കി​ലെ ബ്രുക്ലി​നിൽ ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങൾക്കു നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നവർ ഉൾപ്പെടെ മറ്റു ദേശങ്ങ​ളി​ലുള്ള ഞങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഞങ്ങൾക്ക്‌ സമ്പർക്കം പുലർത്താൻ സാധി​ച്ചി​രു​ന്നില്ല. തത്‌ഫ​ല​മാ​യി ഞങ്ങളുടെ സഭകളിൽ അനൈ​ക്യ​വും കിംവ​ദ​ന്തി​ക​ളും ഗൂഢാ​ലോ​ച​ന​ക​ളു​മൊ​ക്കെ നിലവി​ലു​ണ്ടാ​യി​രു​ന്നു. ചില സാക്ഷികൾ സംഘടന വിട്ടു​പോ​യി വേറെ കൂട്ടങ്ങ​ളു​ണ്ടാ​ക്കി. ബ്രുക്ലി​നിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ങ്ങളെ കുറിച്ചു പോലും ചിലർ നുണക്ക​ഥകൾ പ്രചരി​പ്പി​ച്ചു.

അതു​കൊണ്ട്‌, വിശ്വാ​സം ഏറ്റവു​മ​ധി​കം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നത്‌ എതിരാ​ളി​ക​ളിൽനി​ന്നു പീഡനം ഉണ്ടാകു​മ്പോ​ഴല്ല പിന്നെ​യോ സഭകളിൽ ഏറ്റുമു​ട്ട​ലു​കൾ ഉണ്ടാകു​മ്പോ​ഴാ​ണെന്ന്‌ ഞങ്ങളിൽ പലർക്കും മനസ്സി​ലാ​യി. ചിലർ സത്യാ​രാ​ധന വിട്ടു പോകാൻ തീരു​മാ​നി​ച്ചെ​ങ്കി​ലും സംഘട​ന​യോ​ടു പറ്റിനി​ന്നു​കൊണ്ട്‌ യഹോവ കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തു​വരെ കാത്തി​രി​ക്കു​ന്നതു മർമ​പ്ര​ധാ​ന​മാ​ണെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഞങ്ങളുടെ പ്രദേ​ശ​ത്തുള്ള ഭൂരി​ഭാ​ഗം സാക്ഷി​ക​ളും സംഘട​ന​യോ​ടു പറ്റിനിൽക്കു​ക​തന്നെ ചെയ്‌തു. അതു​പോ​ലെ​തന്നെ സംഘടന വിട്ടു​പോ​യ​വ​രിൽ പലരും തങ്ങളുടെ തെറ്റു മനസ്സി​ലാ​ക്കി യഹോ​വയെ സേവി​ക്കാ​നാ​യി തിരി​ച്ചു​വ​ന്നെന്ന്‌ അറിയി​ക്കു​ന്ന​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌.

ഒറ്റപ്പെ​ട​ലി​ന്റേ​തായ ആ ദുഷ്‌കര സാഹച​ര്യ​ങ്ങ​ളി​ലും ഞങ്ങൾ പരസ്യ​ശു​ശ്രൂ​ഷ​യിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കു​ക​യും തത്‌ഫ​ല​മാ​യി സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. എത്ര വലിയ പ്രതി​ഫ​ല​ങ്ങ​ളാണ്‌ ഞങ്ങൾക്കു ലഭിച്ച​തെ​ന്നോ! സഭാ പുസ്‌തക അധ്യയ​ന​ത്തിൽ പങ്കുപ​റ്റുന്ന ഓരോ അവസര​ത്തി​ലും യഹോ​വ​യു​ടെ അനു​ഗ്ര​ഹത്തെ കുറിച്ച്‌ എനിക്ക്‌ ഓർമ വരും. ഞങ്ങളുടെ പുസ്‌തക അധ്യയന കൂട്ടത്തി​ലെ 20-ഓ അതില​ധി​ക​മോ പേരെ സത്യം പഠിക്കാൻ സഹായി​ച്ചത്‌ എന്റെ കുടും​ബ​ത്തിൽനി​ന്നു​ള്ള​വ​രാണ്‌.

എന്റെ മാതാ​പി​താ​ക്ക​ളും സഹോ​ദ​രി​യായ അന്നയും ഇപ്പോൾ ഇല്ല. അവരെ​ല്ലാം അന്ത്യ​ത്തോ​ളം യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടു. ഫെന്യ​യും ഞാനും ഇപ്പോ​ഴും യഹോ​വ​യു​ടെ സേവന​ത്തിൽ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ച്ചു​കൊണ്ട്‌ സജീവ​മാ​യി പങ്കുപ​റ്റു​ന്നു. സമയം പറന്നു​പോ​യ​തു​പോ​ലെ​യാണ്‌ എനിക്കു തോന്നു​ന്നത്‌. കഴിഞ്ഞ 30 വർഷക്കാ​ലം, യൂ​ക്രെ​യി​നി​ലെ യഹോ​വ​യു​ടെ സാക്ഷികൾ ആവേശ​ജ​ന​ക​മായ പല സംഭവ​വി​കാ​സ​ങ്ങൾക്കും സാക്ഷ്യം​വ​ഹി​ച്ചി​ട്ടുണ്ട്‌. അതെല്ലാം ഈ കൊച്ചു അനുഭ​വ​ക​ഥ​യിൽ വിവരി​ക്കാൻ പ്രയാ​സ​മാണ്‌. എന്നാൽ യഹോ​വ​യു​ടെ സേവന​ത്തിൽ ചെലവ​ഴിച്ച സംതൃ​പ്‌തി​ദാ​യ​ക​മായ ആ വർഷങ്ങ​ളി​ലേക്കു പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ അവൻ എന്നു​മെ​ന്നും എനിക്ക്‌ ബലമുള്ള ഒരു താങ്ങാ​യി​രു​ന്നി​ട്ടു​ണ്ടെ​ന്നും ഇനിയും അങ്ങനെ​തന്നെ ആയിരി​ക്കു​മെ​ന്നും ഉറച്ചവി​ശ്വാ​സ​ത്തോ​ടെ പറയാൻ കഴിയും. കാരണം തന്നെക്കു​റിച്ച്‌ അവൻ ഈ ഉറപ്പു നൽകുന്നു: “യഹോ​വ​യായ ഞാൻ മാറാ​ത്തവൻ.”—മലാഖി 3:6.

[അടിക്കു​റിപ്പ്‌]

a 1999 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ 24-9 പേജു​ക​ളി​ലെ “കമ്മ്യൂ​ണിസ്റ്റ്‌ നിരോ​ധ​ന​ത്തിൻ കീഴിൽ 40-ലേറെ വർഷങ്ങൾ” എന്ന ലേഖന​വും 1999 ഏപ്രിൽ 22 ലക്കം ഉണരുക!-യിലെ 20-5 പേജു​ക​ളി​ലെ “സൈബീ​രി​യ​യിൽ പ്രവാ​സ​ത്തിൽ!” എന്ന ലേഖന​വും കാണുക.

[21-ാം പേജിലെ ആകർഷക വാക്യം]

ഞാൻ ആരാ​ണെ​ന്നും എവി​ടെ​നി​ന്നാ​ണു വരുന്ന​തെ​ന്നും ഏറ്റവും പ്രധാ​ന​മാ​യി ആ പുസ്‌ത​കങ്ങൾ എവി​ടെ​നി​ന്നാണ്‌ ലഭിച്ച​തെ​ന്നും അവർക്ക്‌ അറിയ​ണ​മാ​യി​രു​ന്നു. എന്നാൽ അതു പറയാൻ ഞാൻ വിസമ്മ​തി​ച്ചു

[22-ാം പേജിലെ ആകർഷക വാക്യം]

ഒറ്റപ്പെട്ടതായുള്ള തോന്നൽ ശരിക്കും തളർത്തി​ക്ക​ള​യുന്ന ഒന്നായി​രു​ന്നു. ഞാൻ യഹോ​വ​യ്‌ക്കു മുമ്പാകെ എന്റെ ഹൃദയം പകർന്നു. അവൻ എന്നെ ശക്തി​പ്പെ​ടു​ത്തി

[20-ാം പേജിലെ ചിത്രം]

ഞാനും ഫെന്യ​യും, 1952-ൽ

[23-ാം പേജിലെ ചിത്രം]

ഫെന്യയോടൊപ്പം ഇന്ന്‌