വിമാനയാത്ര സുരക്ഷിതമാക്കാൻ
വിമാനയാത്ര സുരക്ഷിതമാക്കാൻ
പ്രധാന വൈമാനികൻ ത്രോട്ടിലുകൾ മുന്നോട്ടു ചലിപ്പിച്ചു. എയർ ട്രാഫിക് കൺട്രോളിൽനിന്ന് അനുമതി ലഭിച്ചതായി സഹവൈമാനികൻ അറിയിച്ചു. വിമാനത്തിന്റെ എഞ്ചിനുകൾ ഗർജിച്ചപ്പോൾ, വൈമാനികർക്കു പുറകിൽ ഒരു നിരീക്ഷകനായി ഇരുന്നിരുന്ന എന്റെ ഹൃദയമിടിപ്പു വർധിച്ചു. ബോയിങ് 747 മുന്നോട്ടു കുതിച്ചപ്പോൾ ഞാൻ പെട്ടെന്ന് പുറകോട്ടാഞ്ഞുപോയി. പിന്നെ, ന്യൂ ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 34-ാം നമ്പർ റൺവേയെ പിന്നിലാക്കിക്കൊണ്ട് ഞങ്ങളുടെ വിമാനം സുഗമമായി വായുവിലേക്ക് പറന്നുയർന്നു.
അപകടം!
ഏതാനും നിമിഷങ്ങൾ കഴിഞ്ഞു കാണും, പെട്ടെന്നാണ് അതു സംഭവിച്ചത്. വിമാനം ശക്തമായി ആടിയുലഞ്ഞു. കോക്പിറ്റിനുള്ളിൽ അലാറം ഉച്ചത്തിൽ മുഴങ്ങി! സഹവൈമാനികൻ വിമാനത്തിന്റെ ഗതി നേരെയാക്കാൻ ശ്രമിക്കവെ ഇൻസ്ട്രുമെന്റ് പാനലുകളിൽ ചുവന്ന നിറത്തിലുള്ളതും തവിട്ടുമഞ്ഞ നിറത്തിലുള്ളതുമായ വാർണിങ് ലൈറ്റുകൾ കത്താൻ തുടങ്ങി.
“മൂന്നാം നമ്പർ എഞ്ചിനു തീപിടിച്ചിരിക്കുന്നു!” അലാറം ഓഫ് ചെയ്യുന്നതിനിടയിൽ പ്രധാന വൈമാനികൻ വിളിച്ചുപറഞ്ഞു. “എഞ്ചിന്റെ ഷാഫ്റ്റ് കറങ്ങുന്നില്ല, എഞ്ചിനിൽ ഓയിൽ പ്രഷർ ഇല്ല, ഹൈഡ്രോളിക് കൺട്രോൾസ് പ്രവർത്തിക്കുന്നില്ല. മൂന്നാം നമ്പർ എഞ്ചിനിലേക്കുള്ള ഇന്ധനപ്രവാഹം നിർത്തുക. എഞ്ചിന്റെ പ്രവർത്തനം നിലച്ചിരിക്കുന്നു,” സഹവൈമാനികനാണ് അതു പറഞ്ഞത്. ഒരു വൈമാനികൻ ഒരു കമാൻഡ് നൽകുമ്പോൾ മറ്റേ വൈമാനികൻ അത് അതേപടി ചെയ്യുകയും കമാൻഡ് നൽകിയ വൈമാനികൻ അത് വീണ്ടും പരിശോധിക്കുകയും ചെയ്തു. ആ പ്രത്യേക സാഹചര്യവും അതിനുവേണ്ട പ്രതിവിധികളുമെല്ലാം മുൻകൂട്ടി കണ്ടിരുന്നതുപോലെ അത്ര കൃത്യതയോടെയായിരുന്നു അവർ പ്രവർത്തിച്ചത്. ആ നിർണായക സാഹചര്യത്തിൽ സമചിത്തത കൈവിടാതെ പ്രവർത്തിക്കാനും എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കാനും ഉള്ള അവരുടെ ആ കഴിവ് എന്നെ അത്ഭുതപ്പെടുത്തി.
അടുത്തതായി, സഹവൈമാനികൻ റേഡിയോ വഴി എയർ ട്രാഫിക് കൺട്രോളിനോട് വിമാനം അടിയന്തിരമായി നിലത്തിറക്കാനുള്ള അനുമതി ആവശ്യപ്പെട്ടു. അതിന് ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കി നിറുത്താനും അദ്ദേഹം അഭ്യർഥിച്ചു. അതിനുശേഷം, വിമാനം ഉടനടി നിലത്തിറക്കേണ്ടതിനാൽ തയ്യാറെടുപ്പോടെ ഇരിക്കാൻ ക്യാബിനിലുള്ളവരെ സഹായിക്കുന്നതിന് അദ്ദേഹം ഫ്ളൈറ്റ് അറ്റൻഡർമാർക്ക് നിർദേശം നൽകി.
വൈമാനികർ തങ്ങൾ അടിയന്തിരമായി ചെയ്യേണ്ട നടപടികൾ പൂർത്തിയാക്കവെ, സീറ്റിൽ മുറുകെ പിടിച്ചുകൊണ്ട് ഞാൻ നെറ്റിയിലെ വിയർപ്പു തുടച്ചു. വിമാനം യാതൊരു കുഴപ്പവും കൂടാതെ നിലത്തിറങ്ങിയപ്പോൾ എനിക്ക് ആശ്വാസമായി. വല്ലാതെ പേടിച്ചുപോയതിന് അൽപ്പം നാണക്കേടു തോന്നുകയും ചെയ്തു. ഇനി ഒരു സത്യം പറയട്ടെ. ജപ്പാന്റെ മീതെക്കൂടി വിമാനയാത്ര നടത്തുകയൊന്നുമല്ലായിരുന്നു ഞാൻ. പിന്നെയോ, വൈമാനികർ പരിശീലനം നേടുന്നതും നോക്കി യു.എസ്.എ.-യിലെ കൊളറാഡോയിലുള്ള ഡെൻവറിലെ യുണൈറ്റഡ് എയർലൈൻസ്
ഫ്ളൈറ്റ് സെന്ററിലെ ഒരു അതിനൂതന ഫ്ളൈറ്റ് സിമുലേറ്ററിൽ (മുകളിൽ കാണിച്ചിരിക്കുന്നതിനു സമാനമായ ഒന്ന്) ഇരിക്കുകയായിരുന്നു. കമ്പ്യൂട്ടറുകളിൽ മാത്രം ഫ്ളൈറ്റ് സിമുലേഷൻ പ്രോഗ്രാം കൈകാര്യം ചെയ്തിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം ഒരു യഥാർഥ സിമുലേറ്ററിലിരുന്നുകൊണ്ട് കാര്യങ്ങളെല്ലാം നേരിട്ടു വീക്ഷിക്കാൻ സാധിച്ചത് തികച്ചും ആവേശജനകമായ ഒരു അനുഭവമായിരുന്നു.സിമുലേറ്ററുകൾ —സുരക്ഷിതത്വം ഉറപ്പാക്കാൻ
ഓരോ ദിവസവും സിമുലേറ്ററുകളിൽ നൂറുകണക്കിനു പ്രാവശ്യം ഇത്തരം രംഗങ്ങൾ കൃത്രിമമായി ആവിഷ്കരിക്കപ്പെടുന്നു. എന്തിനാണെന്നോ? പരിശീലനം നേടുന്നതിനും യാത്രക്കാരുടെ, അതേ, നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടി. എന്നാൽ ഇങ്ങനെയുള്ള പരിശീലനങ്ങൾ യഥാർഥ വിമാനങ്ങളിൽ നടത്താതെ സിമുലേറ്ററുകളിൽ നടത്തുന്നത് എന്തുകൊണ്ടാണ്? അതിനു പല കാരണങ്ങളുണ്ട്. എന്നാൽ അവ പരിചിന്തിക്കുന്നതിനു മുമ്പ് ഫ്ളൈറ്റ് സിമുലേഷൻ വികാസം പ്രാപിച്ചത് എങ്ങനെയാണെന്നു നോക്കാം.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത്, യോഗ്യതയുള്ള വൈമാനികർക്കു വേണ്ടിയുള്ള വർധിച്ച ആവശ്യത്തെ തുടർന്ന് ഫ്ളൈറ്റ് സിമുലേറ്ററുകൾ ഉപയോഗിച്ചു പരിശീലനം നൽകുന്ന സ്കൂളുകൾ സ്ഥാപിതമായി. അപരിഷ്കൃതമായ സജ്ജീകരണങ്ങളായിരുന്നു ഈ സ്കൂളുകളിൽ ഉണ്ടായിരുന്നത്. എന്നാൽ, 1960-കളുടെ അവസാനത്തിൽ ഫ്ളൈറ്റ് സിമുലേഷൻ രംഗത്ത് വലിയൊരു മുന്നേറ്റമുണ്ടായി. ശരിക്കും ഒരു വിമാനത്തിലായിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള സിമുലേറ്ററുകൾ രംഗത്തുവന്നു. വിമാനത്തിന്റെ ഭാരവും അതിലെ ഇന്ധനത്തിന്റെ അളവും വിമാനത്തിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നത് ഉൾപ്പെടെയുള്ള സൂക്ഷ്മ വിശദാംശങ്ങൾ പോലും ഈ സിമുലേറ്ററുകളിൽ അനുകരിക്കാൻ കഴിയും. ഇന്ധനം കത്തുന്നതനുസരിച്ച് വിമാനം പറക്കുന്ന രീതിക്കു മാറ്റം വരുന്നു. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ രംഗങ്ങളിൽ ഉണ്ടായിട്ടുള്ള പുരോഗതികൾ ഇതുപോലുള്ള പല കാര്യങ്ങളും അനുകരിക്കുക സാധ്യമാക്കിയിരിക്കുന്നു.
ഒരു വിമാനം പറപ്പിക്കുന്ന അതേ പ്രതീതി ജനിപ്പിക്കുന്ന സിമുലേറ്ററുകൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിനായി, ആധുനിക സിമുലേറ്ററുകൾക്ക് ആറു ഡിഗ്രി ചലനശേഷിയുള്ള വലിയ, ശക്തമായ ഹൈഡ്രോളിക് ബേസുകൾ ഉണ്ട്. നിമിഷനേരത്തേക്ക് വൈമാനികരെ, 1 മുതൽ -1 g a വരെയുള്ള ബലം ഉളവാക്കത്തക്ക രീതിയിലുള്ള ചലനങ്ങൾക്ക് വിധേയരാക്കാൻ ആവശ്യമായ വലിയ ഹൈഡ്രോളിക് പമ്പുകൾ ഈ സംവിധാനത്തിനുണ്ട്.
വൈമാനികർ സിമുലേറ്ററിന്റെ നിയന്ത്രണ സംവിധാനങ്ങൾ ക്രമീകരിക്കുമ്പോൾ ഒരു വിമാനത്തിൽ എന്നപോലെതന്നെ അവർക്ക് അതിന്റെ ഫലങ്ങൾ അനുഭവിക്കാൻ കഴിയും. ത്വരണം, മന്ദനം, റോൾ (വിമാനം പാർശ്വങ്ങളിലേക്കു ചെരിയുന്നത്), പിച്ച് (വിമാനത്തിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കും ചലിക്കുന്നത്), റൺവേയിൽ വന്നിറങ്ങൽ, റൺവേയുടെ പരുപരുപ്പ്, കാലാവസ്ഥ എന്നിവയെല്ലാം വൈമാനികന്റെ ആന്തരിക കർണത്തിനു മാത്രമല്ല, മുഴു ശരീരത്തിനു തന്നെയും അനുഭവവേദ്യമായിരിക്കും.
ലോകത്തിലെ വിമാനത്താവളങ്ങളെയും അവയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അതേപടി ചിത്രീകരിക്കുന്ന അതിനൂതന കമ്പ്യൂട്ടർ നിർമിത ദൃശ്യസംവിധാനങ്ങൾ ഉപയോഗത്തിലുണ്ട്. യഥാർഥമെന്നു തോന്നിക്കുന്ന ഈ ദൃശ്യങ്ങൾ, സിമുലേറ്റർ കോക്പിറ്റിന്റെ മുൻവശത്തുള്ള സ്ക്രീനുകളിൽ തെളിഞ്ഞുകാണാം. ഈ ദൃശ്യരൂപങ്ങളുടെ കോണുകൾ വീതിയിൽ 180 ഡിഗ്രിയും ഉയരത്തിൽ 40 ഡിഗ്രിയും ആണ്. ഏതു കാലാവസ്ഥയിലും—മഞ്ഞുവീഴ്ചയും മഴയും ഇടിമിന്നലും ആലിപ്പഴവർഷവും മൂടൽമഞ്ഞും ഒക്കെ ഉള്ളപ്പോഴും—അതുപോലെതന്നെ
പകലും സന്ധ്യക്കും രാത്രിയിലുമെല്ലാം “വിമാനം പറപ്പിക്കാൻ” സിമുലേറ്റർ വൈമാനികരെ സഹായിക്കുന്നു.ഒരു സിമുലേറ്റർ സന്ദർശിക്കുന്നു
ആറു മീറ്റർ വീതിയുള്ള ഒരു വിടവിനു കുറുകെ സ്ഥിതിചെയ്യുന്ന ലോഹനിർമിതമായ ഒരു പാലം കടന്ന് ജാലകങ്ങളൊന്നുമില്ലാത്ത വെള്ള നിറമുള്ള വലിയൊരു പെട്ടിയിലേക്ക് ഞാൻ പ്രവേശിച്ചു. ചലിപ്പിക്കാവുന്ന ഒരു കൂറ്റൻ പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്തിരുന്ന അത്, ഒരു ലുണാർ ലാൻഡറിനെ പോലെ അല്ലെങ്കിൽ ഒരു കൂറ്റൻ എട്ടുകാലിയെ പോലെ തോന്നിച്ചു.
സിമുലേറ്ററിന്റെ അകത്തു പ്രവേശിക്കുമ്പോൾ ഒരു യഥാർഥ വിമാനത്തിന്റെ കോക്പിറ്റിലായിരിക്കുന്ന പ്രതീതിയാണ്. ഡയലുകളും ഇൻഡിക്കേറ്റർ ലൈറ്റുകളും ഗെയ്ജുകളും സ്വിച്ചുകളും ലിവറുകളും എല്ലാം, സിമുലേറ്റർ ഏതു വിമാനത്തെ അടിസ്ഥാനപ്പെടുത്തിയാണോ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്, ആ വിമാനത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന വിധത്തിൽത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്ളൈറ്റ് സിമുലേറ്റർ ടെക്നീഷ്യനായ ടെറി ബാൻസെപ്റ്റ് ആയിരുന്നു എന്റെ വഴികാട്ടി. ഈ പാനലുകളിലും ഉപകരണങ്ങളിലും മിക്കവയും യഥാർഥ വിമാനത്തിന്റെ ഭാഗങ്ങൾതന്നെയാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
വലിപ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രവർത്തനത്തിന്റെ കാര്യത്തിലും ഇന്നത്തെ ഫ്ളൈറ്റ് സിമുലേറ്ററുകൾ വിമാനത്തിന്റെ കോക്പിറ്റുകളുടെ തനിപ്പകർപ്പുകളാണ് എന്ന് ടെറി വിവരിച്ചുതന്നു. അതേ, ഒരു പ്രത്യേക സിമുലേറ്റർ ഏതു മോഡലിലുള്ള വിമാനത്തിന്റെ കോക്പിറ്റിനെ അടിസ്ഥാനപ്പെടുത്തിയാണോ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് അതിന്റെ തനിപ്പകർപ്പായിരിക്കും. ഫ്ളൈറ്റ് സിമുലേറ്ററുകളുടെ ഉപയോഗം വർധിച്ചിരിക്കെ, സിമുലേറ്ററുകൾ വൈമാനികർക്ക് ഉയർന്ന ഗുണമേന്മയുള്ള പരിശീലനം പ്രദാനം ചെയ്യുന്നതായി വ്യോമഗതാഗത രംഗത്തുള്ളവർ മനസ്സിലാക്കിയിരിക്കുന്നു. വിമാനം
പറപ്പിക്കാൻ പഠിപ്പിക്കുന്നതിനു പുറമേ അടിയന്തിര സാഹചര്യങ്ങൾ സംജാതമാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അവ വൈമാനികർക്കു പരിശീലനം നൽകുകയും ചെയ്യുന്നു.ഒരു നിശ്ചിത നിലവാരം പുലർത്തുന്ന ഒരു സിമുലേറ്ററിൽ, ഒരു യഥാർഥ വിമാനത്തിൽ എന്നപോലെതന്നെ വൈമാനികർ അതിനുള്ളിൽ ചെലവഴിച്ച സമയം ലോഗ്ബുക്കിൽ രേഖപ്പെടുത്തി വെക്കുകപോലും ചെയ്തേക്കാം. ചിലപ്പോൾ, ഒരു വൈമാനികന്റെ പരിശീലനവും യോഗ്യതാ പരിശോധനയുമൊക്കെ ഏതാണ്ട് പൂർണമായും സിമുലേറ്ററിൽ തന്നെയായിരിക്കും നടക്കുന്നത്.
സിമുലേറ്ററുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
സിമുലേറ്ററുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രായോഗികമായി അനേകം പ്രയോജനങ്ങൾ ഉണ്ട്. യഥാർഥ വിമാനങ്ങൾക്കു പകരം അവ ഉപയോഗിക്കുന്നത് ഇന്ധനവും എണ്ണയും ലാഭിക്കാൻ സഹായിക്കുന്നു. കൂടാതെ അത് ആകാശത്തെ ഗതാഗതത്തിരക്കും വായു-ശബ്ദ മലിനീകരണവും പരിശീലനത്തിനും പ്രവർത്തനത്തിനും വേണ്ടിവരുന്ന ചെലവും കുറയ്ക്കുന്നു. ഒരു സിമുലേറ്റർ “തകർന്നാൽ” നഷ്ടമൊന്നും സംഭവിക്കുന്നില്ല, ആർക്കും അപകടവും പറ്റുന്നില്ല.
“സിമുലേറ്ററുകളുടെ ഉപയോഗം പരിശീലനത്തിനിടയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നു,” ടെറി പറഞ്ഞു. “എഞ്ചിന് തീപിടിക്കുക, ലാൻഡിങ് ഗിയറിന് തകരാറു സംഭവിക്കുക, ടയറിനു കേടുപറ്റുക, ത്രസ്റ്റ് അഥവാ തള്ളുന്ന ശക്തി പൂർണമായും നിലയ്ക്കുക, കാലാവസ്ഥ കഠിനമാകുക, വിൻഡ് ഷിയർ (കാറ്റിന്റെ ഗതിവേഗത്തിനും ദിശയ്ക്കും സംഭവിക്കുന്ന ഗണ്യമായ മാറ്റം) ഉണ്ടാകുക, അന്തരീക്ഷത്തിൽ ജലം ഘനീഭവിക്കുന്നതിന്റെ ഫലമായി വിമാനത്തിന്മേൽ മഞ്ഞ് മൂടുക, കാഴ്ചയ്ക്കു തടസ്സമുണ്ടാകുക തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ട പരിശീലനം നേടാൻ അവ വൈമാനികരെ സഹായിക്കുന്നു.” സിമുലേറ്ററുകൾ ഉപയോഗിച്ചുകൊണ്ട് മെക്കാനിക്കൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിപുലമായ പരിശീലനം നൽകാൻ സാധിക്കും. കൂടാതെ, മെക്കാനിക്കൽ സംവിധാനങ്ങളുടെ തകരാറുകളും മറ്റും വിമാനത്തിനോ ജീവനോ അപകടം വരുത്താത്ത വിധത്തിൽ പരിഹരിക്കാനും കഴിയുന്നു.
ജെ. ഡി. വിറ്റ്ലാച്ച് എന്ന പരിചയസമ്പന്നനായ വൈമാനികൻ അതേ കുറിച്ച് ഇങ്ങനെ പറഞ്ഞു: “സിമുലേറ്ററുകളിൽ ഞങ്ങൾ ആവിഷ്കരിക്കുന്ന രംഗങ്ങൾ യഥാർഥ സംഭവങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ളവയാണ്. ഇത്തരത്തിലുള്ള 6 ദശലക്ഷം രംഗങ്ങൾ ഞങ്ങൾക്കു സൃഷ്ടിക്കാൻ കഴിയും. ഒരു യഥാർഥ വിമാനം ഉപയോഗിച്ച് അത്രയും സംഗതികളിൽ പരിശീലനം നൽകുക അസാധ്യമാണ്.”
ഐക്യനാടുകളിൽ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) ടെസ്റ്റ് പൈലറ്റുകളും (വിമാനങ്ങൾ പരീക്ഷണാർഥം പറപ്പിച്ചുനോക്കുന്ന വൈമാനികർ) സാങ്കേതിക വിദഗ്ധരും സിമുലേറ്റർ ശ്രദ്ധാപൂർവം പരിശോധിച്ച് സർട്ടിഫൈ ചെയ്യുന്നു. പരിശീലനം നടക്കുന്ന ഓരോ ദിവസത്തിനും മുമ്പ്, സിമുലേറ്ററുകൾ കൃത്യതയോടെ വിമാനത്തെ അനുകരിക്കുമോ എന്ന് ഉറപ്പു വരുത്തുന്നതിനായി സാങ്കേതിക വിദഗ്ധർ അവ പരിശോധിക്കുകയും “പറപ്പിച്ചുനോക്കു”കയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നു. ഏതു വിമാനത്തിന്റെ മാതൃകയിലാണോ സിമുലേറ്റർ നിർമിക്കപ്പെട്ടിരിക്കുന്നത്, ആ വിമാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നപക്ഷം സിമുലേറ്ററിലും അതേ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഓരോ ആറു മാസത്തിലും, എഫ്എഎ-യുടെ പ്രതിനിധികൾ സിമുലേറ്ററുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനായി അവ ‘പറപ്പിച്ചുനോക്കുന്നു.’
മുൻ ദുരന്തങ്ങളെ ആസ്പദമാക്കി
അത്യാഹിത സ്ഥാനങ്ങളിൽനിന്നു ലഭിച്ച വിമാനത്തിന്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോർഡറുകളിൽനിന്നും കോക്പിറ്റ് വോയ്സ് റെക്കോർഡറുകളിൽനിന്നും ഉള്ള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട്, യഥാർഥ വിമാനാപകടങ്ങളുടെ സമയത്ത് നടന്ന തകരാറുകളും അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും കൃത്യമായി പകർത്താൻ തക്കവിധം സിമുലേറ്ററുകൾ പ്രോഗ്രാം ചെയ്യാൻ എഞ്ചിനീയർമാർക്കു കഴിയും. ഈ വിവരങ്ങളുടെയും അവയുടെ സഹായത്താൽ നടത്തുന്ന അനുകരണങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷകർക്ക് ഓരോ അത്യാഹിതങ്ങളുടെയും യഥാർഥ കാരണം കണ്ടുപിടിക്കാൻ സാധിക്കും. അതിനുപുറമേ, അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്തു നടപടി കൈക്കൊള്ളണമെന്നു ഭാവി വൈമാനികരെ പഠിപ്പിക്കാനും അത്തരം വിവരങ്ങൾ ഉതകും. കൂടുതൽ മെച്ചപ്പെട്ട വിമാനങ്ങളും വിമാനഭാഗങ്ങളും രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ഈ വിവരങ്ങൾ നിർമാതാക്കൾക്കു സഹായകമായിരിക്കുകയും ചെയ്യും.
വൈമാനികന്റെ ഭാഗത്തുനിന്നുള്ള പിഴവാണ് അത്യാഹിതത്തിന് ഇടയാക്കിയതെന്ന് അന്വേഷണത്തിലൂടെ മനസ്സിലായാൽ, ഭാവിയിൽ അത്തരം പിഴവുകൾ ഉണ്ടാകാതിരിക്കാനുള്ള പരിശീലനം നൽകാൻ സാധിക്കും. ലൂ കോസിച്ച് എന്ന പരിചയസമ്പന്നനായ വൈമാനികൻ പറയുന്നു: “ഞങ്ങൾ കാണിക്കുന്ന രംഗങ്ങൾ സാങ്കൽപ്പികമല്ല; അവ എവിടെയെങ്കിലുമൊക്കെ നടന്നിട്ടുള്ളതായിരിക്കും.” അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വൈമാനികരെ കൂടുതൽ സജ്ജരാക്കാനും പരിശീലന പരിപാടികളും ആത്യന്തികമായി യാത്രക്കാരുടെ സുരക്ഷിതത്വവും മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഏവിയേഷൻ ഇൻഡസ്ട്രി വിദഗ്ധർ നിരന്തരം യഥാർഥ സംഭവങ്ങൾ വിലയിരുത്തുകയും പുനഃസൃഷ്ടിക്കുകയും വൈമാനികർ അവയോടു പ്രതികരിക്കുന്ന വിധം സംബന്ധിച്ചു പഠിക്കുകയും ചെയ്യുന്നു.
എന്റെ സഹവൈമാനികനായ ടെറിയുടെ മേൽനോട്ടത്തിൻ കീഴിൽ ഞാൻ “ചാൾസ് ദെ ഗോൽ വിമാനത്താവളത്തിൽ” “ബോയിങ് 747” “ഇറക്കാൻ” ശ്രമിക്കുകയായിരുന്നു. “വിമാനത്തിന്റെ” ചക്രങ്ങൾ റൺവേയിൽ ഉരസുന്ന ശബ്ദത്തിനായി കാതോർത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് സിമുലേറ്റർ സ്ക്രീൻ നിശ്ചലമായത്! ഞാൻ “വിമാനം” എയർ ട്രാഫിക് കൺട്രോൾ ടവറിൽ കൊണ്ടുപോയി ഇടിപ്പിച്ചിരിക്കുന്നു!
യാത്രാ വിമാനങ്ങൾ പറപ്പിക്കുന്ന വൈമാനികർ ശരിക്കും വൈദഗ്ധ്യം നേടിയിട്ടുള്ളവരാണ് എന്ന വസ്തുത എത്രയോ ആശ്വാസകരമാണ്! അതിന് ഭാഗികമായി നാം കടപ്പെട്ടിരിക്കുന്നത് ഫ്ളൈറ്റ് സിമുലേറ്ററുകളോടാണ്. നിങ്ങൾ എപ്പോഴെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നപക്ഷം നിങ്ങളും സഹയാത്രക്കാരും ഉന്നത പരിശീലനം സിദ്ധിച്ച വൈമാനികരുടെ കരങ്ങളിൽ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പ്]
a നാം ഏതെങ്കിലും ഒരു വാഹനത്തിനകത്ത് ആയിരിക്കുമ്പോൾ നമ്മുടെമേൽ ചെലുത്തപ്പെടുന്ന ത്വരണ ബലത്തെ കുറിക്കാനാണ് g എന്ന അക്ഷരം ഉപയോഗിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണ ബലം 1 g എന്ന സ്ഥിരമായ ത്വരണം ഉത്പാദിപ്പിക്കുന്നു. വിമാനം കുത്തനെ താഴുന്ന അവസരത്തിൽ വൈമാനികൻ വിമാനത്തിന്റെ ഗതി നേരെയാക്കുമ്പോൾ, അയാളുടെ മേൽ അധിക ബലം ചെലുത്തപ്പെടുന്നു, തന്നിമിത്തം അയാൾ സീറ്റിനോട് അമർന്നുപോകുന്നു. ഈ ബലം, ഗുരുത്വാകർഷണ ബലത്തിന്റെ ഇരട്ടിയാണെങ്കിൽ ഇതിനെ 2 g എന്ന് രേഖപ്പെടുത്താൻ കഴിയും.
[26-ാം പേജിലെ ചിത്രങ്ങൾ]
സാൻ ഫ്രാൻസിസ്കോയിൽനിന്നു പറന്നു പൊങ്ങുന്നു
ന്യൂയോർക്ക് നഗരത്തിനു മുകളിലൂടെ പറക്കുന്നു (സിമുലേറ്ററുകളിൽ കാണിച്ചിരിക്കുന്നു)
[26-ാം പേജിലെ ചിത്രം]
ഫ്ളൈറ്റ് സിമുലേറ്റർ, ഡെൻവർ, കൊളറാഡോ