കൊലയാളി തിരമാലകൾ സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും
കൊലയാളി തിരമാലകൾ സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും
ആ സംഭവം നടന്നത് 1998 ജൂലൈ 17 വെള്ളിയാഴ്ചയാണ്. പ്രശാന്തമായ ആ ദിവസം സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പാപ്പുവാ ന്യൂഗിനിയുടെ വടക്കൻ തീരത്തെ അനേകം ചെറിയ ഗ്രാമങ്ങളിലുള്ള സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും പൊടുന്നനെ തങ്ങളെ എന്തോ പിടിച്ചുലയ്ക്കുന്നതായി അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയിൽ 7.1 എന്നു രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പമായിരുന്നു അത്. “ശക്തമായ ആ ഭൂകമ്പത്തിന്റെ ഫലമായി കടലോരത്തെ 30 കിലോമീറ്ററോളം പ്രദേശത്ത് അതിശക്തമായ കുലുക്കമുണ്ടായി. . . ആഴിത്തട്ടിന് പൊടുന്നനെ രൂപഭേദം സംഭവിച്ചു. തന്മൂലം, സമുദ്രത്തിലെ പ്രതലജലം പെട്ടെന്നു മുകളിലേക്ക് ഉയരുകയും ഭയാനകമായ ഒരു സുനാമി രൂപം കൊള്ളുകയും ചെയ്തു” എന്ന് സയന്റിഫിക് അമേരിക്കൻ പറയുന്നു.
ദൂരെ നിന്നുള്ള ഇടിമുഴക്കത്തിന്റെ ശബ്ദം പോലെ എന്തോ ഒന്ന് താൻ കേട്ടുവെന്നും സാധാരണയിലും താഴ്ന്ന ജലരേഖയ്ക്കു താഴേക്ക് കടൽ സാവധാനം പിൻവാങ്ങിയപ്പോൾ അത് ഒട്ടും കേൾക്കാതായെന്നും ഒരു ദൃക്സാക്ഷി പറയുന്നു. ഏതാനും മിനിട്ടുകൾക്കു ശേഷം, ആദ്യം ഒരു തിരമാല കരയിലേക്ക് അടിച്ചു കയറുന്നത് അദ്ദേഹം കണ്ടു. അതിന് മൂന്നു മീറ്ററോളം ഉയരമുണ്ടായിരുന്നു. ഓടിമാറാൻ ശ്രമിച്ചപ്പോഴേക്കും അത് അദ്ദേഹത്തെ പിന്നിലാക്കി മുന്നേറിക്കഴിഞ്ഞിരുന്നു. രണ്ടാമതുണ്ടായ കുറേക്കൂടെ വലിയ ഒരു തിരമാല അദ്ദേഹത്തിന്റെ ഗ്രാമത്തെ തകർത്തു തരിപ്പണമാക്കുകയും അവിടെനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ള കണ്ടൽക്കാടുകളിലേക്ക് അദ്ദേഹത്തെ ഒഴുക്കി കൊണ്ടുപോവുകയും ചെയ്തു. “പനകളുടെ മുകളിൽ തൂങ്ങിക്കിടന്നിരുന്ന നാശാവശിഷ്ടങ്ങൾ, ആ തിരമാലയ്ക്ക് 14 മീറ്റർ ഉയരമുണ്ടായിരുന്നതായി സൂചിപ്പിച്ചു,” സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.
ആ സായാഹ്നത്തിൽ പടുകൂറ്റൻ തിരമാലകൾ 2,500 പേരുടെയെങ്കിലും ജീവൻ കവർന്നു. വൈരുദ്ധ്യമെന്നു പറയട്ടെ, ഒരു തടിക്കമ്പനി പുതിയ സ്കൂളുകൾ പണിയാൻ ആവശ്യമായ തടി സംഭാവന ചെയ്തു, എന്നാൽ സ്കൂളിൽ പോകാനായി അവിടെ വാസ്തവത്തിൽ ഒരു കുട്ടി പോലും ശേഷിച്ചിരുന്നില്ല. സ്കൂളിൽ പോയിരുന്ന കുട്ടികളിൽ എല്ലാവരെയുംതന്നെ—230-ലധികം പേരെ—ആ സുനാമി വിഴുങ്ങിയിരുന്നു.
എന്താണ് സുനാമികൾ?
“തുറമുഖ തിരമാല” എന്ന് അർഥമുള്ള ഒരു ജാപ്പനീസ് പദമാണ് സുനാമി. “ഈ കൂറ്റൻ തിരമാലകൾ കൂടെക്കൂടെ ജാപ്പനീസ് തുറമുഖങ്ങളെയും തീരദേശ ഗ്രാമങ്ങളെയും തകർത്തു നശിപ്പിക്കുന്നതിനാൽ ഈ പേര് തികച്ചും അനുയോജ്യമാണ്,” സുനാമി! എന്ന പുസ്തകം പറയുന്നു. ഈ വിചിത്ര തിരമാലകൾക്ക് ഇത്ര ഭയജനകമായ ശക്തിയും വലിപ്പവും കൈവരുന്നത് എങ്ങനെയാണ്?
ചിലപ്പോഴൊക്കെ സുനാമികളെ വേലാ തരംഗങ്ങൾ എന്ന് വിളിക്കാറുണ്ട്. എന്നുവരികിലും, കൃത്യമായി പറഞ്ഞാൽ, സുനാമികളും വേലാ തരംഗങ്ങളും ഒന്നല്ല. വേലകൾ എന്നു വിളിക്കുന്ന, തീരപ്രദേശത്ത് ജലനിരപ്പ് ഉയരാനും താഴാനും ഇടവരുത്തുന്ന തിരമാലകൾ മാത്രമാണ് വേലാ തരംഗങ്ങൾ. സൂര്യചന്ദ്രന്മാർ ചെലുത്തുന്ന ഗുരുത്വാകർഷണബലം ആണ് ഇവയ്ക്കു നിദാനം. എന്നാൽ, കൊടുങ്കാറ്റിനാൽ ചുഴറ്റപ്പെട്ട് ചിലപ്പോഴൊക്കെ 25 മീറ്ററിലധികം ഉയരുന്ന പടുകൂറ്റൻ തിരമാലകളെപ്പോലും സുനാമികളോടു താരതമ്യപ്പെടുത്താനാവില്ല. വേലാ തരംഗങ്ങളുടെ അടിയിൽ മുങ്ങി പരിശോധിക്കുക ആണെങ്കിൽ, ആഴത്തിലേക്കു പോകുന്തോറും അവയുടെ ശക്തി കുറഞ്ഞു വരുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. ഒരു നിശ്ചിത ആഴത്തിലെത്തുമ്പോൾ, സമുദ്രഭാഗം തികച്ചും ശാന്തമായിരിക്കും. പക്ഷേ, സുനാമികളുടെ കാര്യം ഇങ്ങനെയല്ല. അവയുടെ സ്വാധീനം സമുദ്രത്തിന്റെ ഉപരിതലം മുതൽ അടിത്തട്ടു വരെ, കിലോമീറ്ററുകളോളം ആഴത്തിൽ എത്തുന്നു!
സാധാരണമായി സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ ഭൂഗർഭ പ്രവർത്തനങ്ങളുടെ ഫലമായാണു സുനാമി രൂപം കൊള്ളുന്നത്. തന്മൂലം അത് സമുദ്രത്തിന്റെ അടിത്തട്ടു വരെ എത്തുന്നു. ഇക്കാരണത്താൽ ശാസ്ത്രജ്ഞർ ചിലപ്പോൾ സുനാമികളെ ഭൂകമ്പ തരംഗങ്ങൾ എന്നു പരാമർശിക്കാറുണ്ട്. ഒന്നുകിൽ, കടൽത്തറ ഉയരുകയും അവിടെയുള്ള വെള്ളം മുകളിലേക്കു പൊങ്ങുന്നതിന്റെ ഫലമായി മൃദുവായ ഒരു വീർപ്പ് അഥവാ ഉപരിതല തരംഗം രൂപം കൊള്ളുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ 25,000 ചതുരശ്ര കിലോമീറ്റർ വരെ ഈ തരംഗം വ്യാപിക്കാറുണ്ട്. അല്ലെങ്കിൽ, സമുദ്രോപരിതലത്തിൽ അൽപ്പസമയത്തേക്ക് ഒരു ഗർത്തം സൃഷ്ടിച്ചുകൊണ്ട് കടൽത്തറ താണു പോയേക്കാം.
രണ്ടിൽ ഏതു രീതിയിലായാലും, ഈ പ്രക്രിയയ്ക്കു വിധേയമായ ഭാഗത്തെ ജലം ഗുരുത്വാകർഷണം മൂലം മുകളിലേക്കും താഴേക്കും ദോലനം ചെയ്യാൻ ഇടയാകുന്നു. തത്ഫലമായി, ഒരു കുളത്തിലെ വെള്ളത്തിൽ കല്ലു വന്നുവീഴുമ്പോൾ ഓളങ്ങളുണ്ടാകുന്നതു പോലെ, ഏകകേന്ദ്രീയ തിരമാലകളുടെ ഒരു വ്യൂഹം സൃഷ്ടിക്കപ്പെടുന്നു. ഈ പ്രതിഭാസം, വികൃതി കാട്ടുന്ന ഒറ്റയാൻ തിരമാലകളാണ് സുനാമികൾ എന്ന പൊതു സങ്കൽപ്പത്തിന്റെ അടിത്തറ തോണ്ടുന്നു. നേരെ മറിച്ച്, തുല്യ ഇടവേളകളിലായി ഒന്നിനു പിറകെ ഒന്നായി ഉണ്ടാവുകയും വ്യാപിക്കുകയും ചെയ്യുന്ന തിരമാലകളാണു സുനാമികൾ. അഗ്നിപർവത സ്ഫോടനങ്ങളും സമുദ്രത്തിന്റെ അടിത്തട്ടിൽ സംഭവിക്കാറുള്ള ഭൂപാളികളുടെ തെന്നിമാറലും വിനാശകാരികളായ സുനാമികൾ ഉണ്ടാകുന്നതിനു കാരണമാകുന്നു.
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും ഏറ്റവും വിനാശകാരികളായ സുനാമികളുടെ ശൃംഖലകളിലൊന്നു രൂപം കൊണ്ടത് 1883 ആഗസ്റ്റിൽ ഇന്തൊനീഷ്യയിലെ ക്രാക്കറ്റോവ എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചതു നിമിത്തമാണ്. ഇതിന്റെ ഫലമായുണ്ടായ തിരമാലകൾ സമുദ്രനിരപ്പിൽ നിന്നു 41 മീറ്റർ ഉയരത്തിൽ പൊങ്ങുകയും 300 കടലോര പട്ടണങ്ങളെയും ഗ്രാമങ്ങളെയും തുടച്ചു നീക്കുകയും ചെയ്തു. മരണസംഖ്യ 40,000 കവിഞ്ഞിരിക്കാനാണു സാധ്യത.
സുനാമിയുടെ ഇരട്ട സ്വഭാവം
കാറ്റിന്റെ പ്രേരണകൊണ്ട് ഉണ്ടാകുന്ന തിരമാലകൾ ഒരിക്കലും മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുകയില്ല. സാധാരണമായി, അവ വളരെ വേഗം കുറഞ്ഞവയാണ്. “നേരെ മറിച്ച്, സുനാമി തിരമാലകൾക്ക് ഒരു ജെറ്റ് വിമാനത്തിന്റെ വേഗത്തിൽ—മണിക്കൂറിൽ 800 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത്തിൽ—ആഴമേറിയ സമുദ്രഭാഗത്തു കൂടെ സഞ്ചരിക്കാൻ കഴിയും” എന്ന് സുനാമി! എന്ന പുസ്തകം പറയുന്നു. എന്നാൽ, ഇത്രയേറെ വേഗത ഉണ്ടെങ്കിലും ആഴക്കടലിൽ അവ അപകടകാരികളല്ല. എന്തുകൊണ്ട്?
ഒന്നാമത്തെ കാരണം, ആഴക്കടലിൽ ഒരു ഒറ്റത്തിരമാലയ്ക്ക് സാധാരണമായി 3 മീറ്ററിൽ താഴെ ഉയരമേ ഉണ്ടായിരിക്കുകയുള്ളൂ എന്നതാണ്. തിരമാലയുടെ വരമ്പുകൾ തമ്മിലുള്ള അകലം നൂറുകണക്കിനു കിലോമീറ്ററുകൾ ആയിരുന്നേക്കാം
എന്നതുകൊണ്ട് അവയ്ക്കു നല്ല ചെരിവു ലഭിക്കുന്നു എന്നതാണ് രണ്ടാമത്തെ കാരണം. അതുകൊണ്ട്, സുനാമികൾക്ക് ആരുടെയും ശ്രദ്ധയിൽ പെടാതെ തന്നെ കപ്പലുകളുടെ അടിയിലൂടെ കടന്നു പോകാൻ കഴിയും. ഹവായ് ദ്വീപുകളിലൊന്നിന്റെ തീരത്തുനിന്ന് ദൂരെയായിരുന്ന ഒരു കപ്പലിന്റെ കപ്പിത്താന്, കൂറ്റൻ തിരമാലകൾ തീരം തകർത്തു തരിപ്പണമാക്കുന്നതു കണ്ടപ്പോൾ മാത്രമേ അതു വഴി ഒരു സുനാമി കടന്നു പോയിരുന്നു എന്നു മനസ്സിലായുള്ളൂ. കുറഞ്ഞപക്ഷം 180 മീറ്റർ ആഴമുള്ള ഭാഗത്തേ കപ്പലുകൾ ഇറക്കാൻ പാടുള്ളൂ എന്നത് കടലിൽ ബാധകമായിരിക്കുന്ന പൊതുവായ ഒരു സുരക്ഷാനിയമം ആണ്.കരയോട് അടുക്കുമ്പോഴും ജലത്തിൽ ആഴം കുറഞ്ഞ ഭാഗത്തു കൂടെ സഞ്ചരിക്കുമ്പോഴും സുനാമികളുടെ സ്വഭാവം മാറുന്നു. കടൽത്തറയുമായുണ്ടാകുന്ന ഘർഷണം മൂലം തിരമാലയുടെ വേഗം കുറയുന്നു, എന്നാൽ ഒരേ രീതിയിൽ അല്ല ഇതു സംഭവിക്കുന്നത്. തിരമാലയുടെ പിൻഭാഗം എപ്പോഴും മുൻഭാഗത്തെ അപേക്ഷിച്ച് ആഴം കൂടിയ ഭാഗത്ത് ആയിരിക്കുന്നതിനാൽ പിൻഭാഗം അൽപ്പം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നു. ഫലത്തിൽ, തിരമാലയ്ക്ക് മർദം അനുഭവപ്പെടുകയും അങ്ങനെ അതിന്റെ വേഗം കുറഞ്ഞ ഭാഗത്തിന്റെ ഉയരം വർധിക്കുകയും ചെയ്യുന്നു. അതേസമയം ഒന്നിനു പിറകെ ഒന്നായി വരുന്ന തിരമാലക്കൂട്ടങ്ങൾ അതിവേഗം സഞ്ചരിച്ച് മുൻഭാഗത്തുള്ള തിരമാലകളോടു ചേരുന്നു.
അവസാനഘട്ടത്തിൽ സുനാമികൾ, ഒന്നുകിൽ ഛിന്നഭിന്നമാകുന്ന തിരയായി അല്ലെങ്കിൽ വേലിയേറ്റഭിത്തി എന്നു വിളിക്കുന്ന ഒരു ജലമതിലായി തീരത്തിന്റെ ഒരു ഭാഗത്തു പതിക്കുന്നു. എന്നാൽ ഇവ സാധാരണമായുള്ള ഉയർന്ന ജലരേഖയെക്കാൾ ഉയരത്തിൽ അതിവേഗം പൊങ്ങിക്കൊണ്ടിരിക്കുന്ന ഒരു വേലിയേറ്റ പ്രവാഹം പോലെ തീരത്തു വന്നു ചേരുന്നതായി പൊതുവെ കാണപ്പെടുന്നു. സുനാമികളുണ്ടാകുമ്പോൾ വെള്ളം സമുദ്രനിരപ്പിനെക്കാൾ 50 മീറ്ററിലേറെ ഉയരത്തിൽ പൊങ്ങുകയും മാർഗമധ്യേ ഉള്ള സകലതും തുടച്ചു നീക്കുകയും പാറക്കഷണങ്ങൾ, മത്സ്യങ്ങൾ, പവിഴങ്ങൾ മുതലായവയെ ആയിരക്കണക്കിനു മീറ്റർ കരയിലേക്ക് അടിച്ചു കയറ്റുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കരയെ ലക്ഷ്യമാക്കി വരുന്ന, വലുതായിക്കൊണ്ടിരിക്കുന്ന ഒരു തിരമാലയുടെ അഥവാ വീർപ്പിന്റെ രൂപത്തിൽ ആയിരിക്കും എല്ലായ്പോഴും സുനാമി പ്രത്യക്ഷപ്പെടുന്നത് എന്നു തെറ്റിദ്ധരിക്കരുത്. ചിലപ്പോൾ, കടൽക്കരകളിലെയും ഉൾക്കടലുകളിലെയും തുറമുഖങ്ങളിലെയും വെള്ളം അപ്പാടെ വറ്റിക്കുകയും അവിടെയുള്ള മത്സ്യങ്ങൾ മണലിലും ചെളിയിലും കിടന്നു പിടഞ്ഞു ചാകാൻ ഇടയാക്കുകയും ചെയ്യുന്ന ഒരു അസാധാരണ വേലിയിറക്കത്തിന്റെ രൂപത്തിലായിരിക്കാം അത് രംഗപ്രവേശം ചെയ്യുന്നത്. ഇതിൽ ഏതു രൂപത്തിലാണു സുനാമി എത്തുക എന്നത് കൂട്ടമായി വരുന്ന തിരമാലകളുടെ മേൽഭാഗമാണോ കീഴ്ഭാഗമാണോ ആദ്യം കരയിലെത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. a
കടൽത്തീരം വറ്റി വരളുമ്പോൾ
1837 നവംബർ 7. ഹവായിയൻ ദ്വീപായ മാവുയിയിൽ അന്നൊരു പ്രശാന്തമായ സായാഹ്നമായിരുന്നു. സുനാമി! എന്ന പുസ്തകം വിശദീകരിക്കുന്ന പ്രകാരം, അന്നു വൈകുന്നേരം ഏഴു മണിയോടെ കടൽക്കരയിൽ നിന്നു വെള്ളം ഇറങ്ങാൻ തുടങ്ങി. കരയിൽ പവിഴപ്പുറ്റുകളും മത്സ്യങ്ങളും അവശേഷിച്ചിരുന്നു. ആവേശഭരിതരായ ദ്വീപവാസികളിൽ അനേകരും മീൻപിടിക്കാനായി കടൽക്കരയിലേക്കു കുതിച്ചു. എന്നാൽ, ജാഗരൂകരായിരുന്ന ചുരുക്കം ചിലർ ഉയർന്ന സ്ഥലങ്ങളെ ലക്ഷ്യം വെച്ച് ഓടി. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മുൻകാല അനുഭവങ്ങളിൽനിന്ന് അവർക്ക് അറിയാമായിരുന്നു. പൊടുന്നനെ ഒരു പടുകൂറ്റൻ തിരമാല ആഞ്ഞടിക്കുകയും 26 പുൽവീടുകളുള്ള ആ ഗ്രാമത്തെ മുഴുവനായി, അതിലെ നിവാസികളെയും വളർത്തുമൃഗങ്ങളെയും സഹിതം, അവിടെനിന്ന് 200 മീറ്റർ ഉള്ളിലേക്ക് അടിച്ചുകൊണ്ടുപോയി ഒരു ചെറുതടാകത്തിൽ തള്ളുകയും ചെയ്തു.
അതേ സായാഹ്നത്തിൽ തന്നെ മറ്റൊരു ദ്വീപിൽ ആയിരക്കണക്കിനാളുകൾ ഒരു മതയോഗത്തിനായി കടൽക്കരയിൽ സമ്മേളിച്ചിരിക്കുകയായിരുന്നു. ഒരിക്കൽക്കൂടി, വെള്ളത്തിന്റെ പെട്ടെന്നുണ്ടായ പിൻവാങ്ങലിൽ ജിജ്ഞാസുക്കളായ ഹവായ് നിവാസികൾ കൂട്ടത്തോടെ കടൽക്കരയിലേക്കു കുതിച്ചു. പൊടുന്നനെ, എവിടെനിന്നോ, ഭീമാകാരമായ
ഒരു തിരമാല സാധാരണമായുള്ള ഉയർന്ന ജലരേഖയെക്കാൾ 6 മീറ്റർ ഉയരത്തിൽ, “ഒരു പന്തയക്കുതിരയുടെ വേഗത്തിൽ” കരയിലേക്ക് ആഞ്ഞടിച്ചു എന്ന് ഒരു ദൃക്സാക്ഷി പറയുന്നു. പിൻവാങ്ങിയ വെള്ളം വിദഗ്ധരായ നീന്തൽക്കാരെ പോലും കടലിലേക്ക് അടിച്ചുകൊണ്ടു പോയി, തളർന്നവശരായ അവരിൽ ചിലർ മുങ്ങിമരിച്ചു.ആക്രമണം എത്ര കൂടെക്കൂടെ?
“1990 മുതൽ, 10 സുനാമികൾ 4,000-ത്തിലധികം ആളുകൾക്ക് ജീവഹാനി വരുത്തിയിരിക്കുന്നു. ഈ കാലയളവിൽ ലോകമെമ്പാടുമായി മൊത്തം 82 സുനാമികളാണു രേഖപ്പെടുത്തപ്പെട്ടത്. ഒരു ദശാബ്ദത്തിൽ 57 എന്ന ശരാശരിയെക്കാൾ വളരെ കൂടുതലാണ് ഇത്” എന്ന് സയന്റിഫിക് അമേരിക്കൻ പറയുന്നു. എന്നിരുന്നാലും, ഈ വർധനവ് രേഖപ്പെടുത്താൻ കഴിഞ്ഞതു മുഖ്യമായും, മെച്ചപ്പെട്ട വാർത്താവിനിമയ സംവിധാനങ്ങളുടെ ഫലമാണെന്നും ഉയർന്ന മരണനിരക്കിനു കാരണം തീരദേശത്തെ ജനസംഖ്യയിലുണ്ടായ വർധനവാണെന്നും പ്രസ്തുത മാസിക കൂട്ടിച്ചേർക്കുന്നു.
സുനാമികൾക്ക് വിശേഷാൽ പേരു കേട്ടതാണ് പസിഫിക് സമുദ്രം. കാരണം അതിന്റെ അടിത്തറയിൽ ഭൂചലനങ്ങൾ ഉണ്ടാകുക സാധാരണമാണ്. വാസ്തവത്തിൽ, “പസിഫിക് സമുദ്രത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് വിനാശകാരിയായ ഒരു സുനാമിയെങ്കിലും ഉണ്ടാകാത്ത ഒരു വർഷം പോലുമില്ല. കഴിഞ്ഞ 50 വർഷത്തിൽ, ഐക്യനാടുകളിൽ ഭൂകമ്പവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ 62 ശതമാനത്തിനും കാരണം സുനാമികളാണ്” എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു.
പ്രവചിക്കാനാകുമോ?
ഹവായിയിൽ, 1948-നും 1998-നും ഇടയ്ക്ക് സുനാമികളെക്കുറിച്ചു നൽകപ്പെട്ട മുന്നറിയിപ്പുകളിൽ ഏതാണ്ട് 75 ശതമാനവും വ്യാജമാണെന്നു തെളിഞ്ഞു. ഇത്തരമൊരു രേഖ ആളുകൾ മുന്നറിയിപ്പ് അവഗണിക്കാനുള്ള സാധ്യത വർധിപ്പിക്കും എന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ ഇപ്പോൾ, ഇവയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള കൂടുതൽ മെച്ചപ്പെട്ട ഒരു സംവിധാനം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഴിത്തട്ടിലെ മർദം രേഖപ്പെടുത്തുന്ന ഉപകരണം (bottom pressure recorder) ആണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അത് ആയിരക്കണക്കിനു മീറ്റർ താഴെ, സമുദ്രത്തിന്റെ അടിത്തട്ടിലാണു സ്ഥാപിച്ചിരിക്കുന്നത്.
ഉയർന്ന സംവേദകത്വമുള്ള ഈ ഉപകരണം ഒരു സുനാമി കടന്നു പോകുമ്പോൾ ജലത്തിലുണ്ടാകുന്ന മർദവ്യതിയാനം—ഒരു സെന്റിമീറ്ററിൽ കവിയാത്തതു പോലും—രേഖപ്പെടുത്താൻ പര്യാപ്തമാണ്. ആഴിത്തട്ടിലെ മർദം രേഖപ്പെടുത്തുന്ന ഉപകരണം, ശബ്ദതരംഗങ്ങളുടെ സഹായത്താൽ സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വിവരശേഖരണോപാധിയിലേക്ക് (buoy) വിവരങ്ങൾ സംപ്രേഷണം ചെയ്യുന്നു. അവിടെ നിന്ന് ഈ വിവരങ്ങൾ ഉപഗ്രഹത്തിലേക്ക് അയയ്ക്കപ്പെടുന്നു. ഉപഗ്രഹം സുനാമി മുന്നറിയിപ്പു കേന്ദ്രത്തിലേക്ക് സിഗ്നൽ അയയ്ക്കുന്നു. കൂടുതൽ കൃത്യതയുള്ള ഈ മുന്നറിയിപ്പു സംവിധാനം തെറ്റായ പ്രവചനങ്ങളുടെ എണ്ണം കുറയ്ക്കും എന്ന് ശാസ്ത്രജ്ഞർ ഉറച്ചു വിശ്വസിക്കുന്നു.
സുരക്ഷിതത്വം വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടവ പൊതുജന ബോധവത്കരണവും വിദ്യാഭ്യാസവുമാണ്. ആളുകൾ മുന്നറിയിപ്പിനു ചെവികൊടുക്കുന്നില്ലെങ്കിൽ ഏറ്റവും മെച്ചപ്പെട്ട മുന്നറിയിപ്പു സംവിധാനംകൊണ്ടു പോലും ഫലം ഉണ്ടായിരിക്കുകയില്ല. സുനാമികളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന ഒരു തീരപ്രദേശത്താണു നിങ്ങൾ വസിക്കുന്നതെങ്കിൽ, പ്രാദേശിക അധികാരികൾ സുനാമിയെക്കുറിച്ചു മുന്നറിയിപ്പു നൽകുമ്പോഴോ ഒരു ഭൂചലനം അനുഭവപ്പെടുമ്പോഴോ അല്ലെങ്കിൽ പതിവിനു വിപരീതമായി ഒരു വേലിയിറക്കം കാണുമ്പോഴോ പെട്ടെന്നു തന്നെ ഒരു ഉയർന്ന പ്രദേശത്തേക്കു പോകുക. ഈ കാര്യം മനസ്സിൽപ്പിടിക്കുക: ആഴക്കടലിൽ സുനാമികൾക്ക് ഒരു ജെറ്റ് വിമാനത്തിന്റെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും, കരയോടടുക്കുമ്പോഴും അവ അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട്, സുനാമി തിരമാല ആഞ്ഞടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ മുമ്പിൽ കയറുക സാധ്യമല്ല. അതേസമയം, നിങ്ങൾ ഒരു കപ്പൽ സവാരിയിലോ മത്സ്യബന്ധനത്തിലോ ഏർപ്പെട്ടുകൊണ്ട് പുറങ്കടലിൽ ആയിരിക്കുമ്പോഴാണ് ഒരു സുനാമി ഉണ്ടാകുന്നതെങ്കിൽ നിങ്ങൾക്ക് ആശ്വസിക്കാൻ വകയുണ്ട്. മേശപ്പുറത്തു വെച്ചിരിക്കുന്ന ഒരു കപ്പു കാപ്പിയോ ഒരു ഗ്ലാസ്സ് വൈനോ ഒന്നു തുളുമ്പുകപോലും ചെയ്തെന്നു വരില്ല. (g01 2/08)
[അടിക്കുറിപ്പ്]
a ഡിസ്കവർ മാഗസിൻ പറയുന്ന പ്രകാരം, എല്ലാ തിരമാലകളുടെയും ഉള്ളിലുള്ള ആയതവൃത്തരൂപത്തിലുള്ള ചലനം (elliptic motion) വെള്ളം കരയിൽ നിന്നു പിൻവാങ്ങാനുള്ള ഒരു ഘടകം ആണ്. സമുദ്രത്തിൽ നീന്തിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് ഒരു തിരമാല തങ്ങളുടെ അടുക്കൽ എത്തുന്നതിനു മുമ്പായി വെള്ളത്തിൽ ബാഹ്യമായ ഒരു വലിവ് ഉണ്ടാകുന്നതായി അനുഭവപ്പെടാറുണ്ട്. സുനാമികളുടെ കാര്യത്തിൽ ഈ പ്രഭാവം വളരെ ശക്തമാണ്. ഇതുതന്നെയാണ് സുനാമിയുടെ ആദ്യ തിരമാല ഉണ്ടാകുന്നതിനു മുമ്പായി കടൽക്കരകളിലും തുറമുഖങ്ങളിലുമുള്ള വെള്ളം പിൻവാങ്ങുന്നതിന്റെ പിന്നിലെ ഒരു കാരണം.
[21-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ആഴിത്തട്ടിലുണ്ടാകുന്ന ഭൂകമ്പത്തിന്റെ ഫലമായാണ് സാധാരണമായി സുനാമികൾ രൂപം കൊള്ളുന്നത്
സ്ഥാനഭ്രംശം സംഭവിച്ച ഭൂഗർഭ ശിലാപാളി
രൂപം കൊള്ളൽ
വ്യാപിക്കൽ
വെള്ളപ്പൊക്കം
[23-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഉപഗ്രഹ ശൃംഖല
5,000 മീറ്റർ
വിവരശേഖരണോപാധി
ഹൈഡ്രോഫോൺ
ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തന ശൃംഖല
സുനാമി ഡിറ്റക്റ്റർ
നങ്കൂരം
[കടപ്പാട്]
Karen Birchfield/NOAA/Pacific Marine Environmental Laboratory
[21-ാം പേജിലെ ചിത്രങ്ങൾ]
ആഴക്കടലിലെ പ്രവർത്തനങ്ങൾ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നൂതന സാങ്കേതികവിദ്യ സുനാമികളെക്കുറിച്ച് പ്രവചിക്കാൻ ശ്രമിക്കുന്നു
സുനാമിയുടെ ഫലമായി ഒരു ചക്രത്തിൽ തറഞ്ഞുകയറിയ മരക്കഷണം
[കടപ്പാട്]
U.S. Geological Survey
[22-ാം പേജിലെ ചിത്രങ്ങൾ]
അലാസ്കയിലെ സ്കോച്ച് ക്യാപ്പ് ലൈറ്റ്ഹൗസ് 1946-ലെ സുനാമി ആക്രമണത്തിനു മുമ്പ് (ഇടത്ത്)
അതിനു ശേഷം സമ്പൂർണമായി നശിപ്പിക്കപ്പെട്ട അവസ്ഥയിൽ (മുകളിൽ)
[കടപ്പാട്]
U.S. Coast Guard photo
[22-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
U.S. Department of the Interior