ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പ്രായമാകുന്നതിനു മുമ്പുള്ള ഡേറ്റിങ് “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു ഡേറ്റിങ്ങിനുള്ള പ്രായമായിട്ടില്ലെന്ന് എന്റെ മാതാപിതാക്കൾ കരുതുന്നുവെങ്കിലോ?” (ഫെബ്രുവരി 8, 2001) എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. 17 വയസ്സുള്ള ഞാൻ വിവാഹം കഴിക്കാനോ ഒരു കുടുംബം പുലർത്താനോ ഇപ്പോൾ സജ്ജനല്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഡേറ്റിങ്ങിൽ ഏർപ്പെടുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കാനും എന്നെങ്കിലും ഒരിക്കൽ ഡേറ്റിങ്ങിൽ ഏർപ്പെട്ട് വിവാഹം ചെയ്യാൻ തീരുമാനിക്കുമ്പോൾ വിവേചന ഉപയോഗിക്കാനുമുള്ള പ്രോത്സാഹനം ഈ ലേഖനത്തിലൂടെ എനിക്കു ലഭിച്ചു.
എ.എം.എച്ച്., ഐക്യനാടുകൾ (g01 10/8)
പതിനഞ്ച് വയസ്സു മാത്രമുള്ള എനിക്ക് ഹൈസ്കൂളിലെ മറ്റു കുട്ടികളിൽനിന്ന് ഡേറ്റിങ്ങിൽ ഏർപ്പെടാൻ ഉണ്ടാകുന്ന സമ്മർദം ചിലപ്പോൾ വളരെ വലുതാണ്. ബൈബിളും സഹക്രിസ്ത്യാനികളും എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന അറിവ് പ്രോത്സാഹജനകമാണ്. എന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഇതെന്നെ സഹായിക്കുന്നു!
എൽ. എം., കാനഡ (g01 10/8)
രണ്ടു യുവപ്രായക്കാർ ഫോണിൽ സംസാരിക്കുന്ന ചിത്രം എനിക്കു വളരെ പരിചിതമായി തോന്നി. കാരണം ഞാനും അത്തരം ഒരു അവസ്ഥയിലേക്കുള്ള പാതയിൽ ആയിരുന്നു. ഡേറ്റിങ്ങിൽ ഏർപ്പെടാനുള്ള പക്വത എനിക്കായിട്ടില്ല എന്ന് അറിയാവുന്നതിനാൽ ഒരു വ്യക്തിയുമായുള്ള സഹവാസം എനിക്ക് അവസാനിപ്പിക്കേണ്ടിവന്നു. കാത്തിരിക്കാനുള്ള എന്റെ തീരുമാനത്തോടു പറ്റിനിൽക്കാൻ ഇത്തരം ലേഖനങ്ങൾ എന്നെ സഹായിക്കുന്നു.
എം.ആർ.സി., ഐക്യനാടുകൾ (g01 10/8)
എനിക്ക് 14 വയസ്സുണ്ട്. വിവാഹത്തിന് ഒരുവിധത്തിലും സജ്ജമല്ലാത്ത ഈ പ്രായത്തിൽ ഡേറ്റിങ്ങിൽ ഏർപ്പെടുന്നത് എത്രമാത്രം അപകടകരമാണെന്നു കാണാൻ ഈ ലേഖനം എന്നെ സഹായിച്ചു. ഒരു പ്രേമബന്ധം നട്ടുവളർത്തുന്നതിലല്ല, മറിച്ച് യഹോവയുമായുള്ള എന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് എനിക്കു ബോധ്യമായിരിക്കുന്നു.
എ. പി., കാനഡ (g01 10/8)
ഈ ലേഖനം എനിക്കായി എഴുതപ്പെട്ടതുപോലെ തോന്നി. എന്റെ മാതാപിതാക്കൾ വളരെ കർക്കശ സ്വഭാവക്കാരാണെന്നും അവർ എന്റെ വികാരങ്ങൾ മനസ്സിലാക്കുന്നില്ലെന്നും ഞാൻ വിചാരിച്ചിരുന്നു. എന്നാൽ എന്നെ സഹായിക്കാനും സംരക്ഷിക്കാനുമാണ് അവർ പരമാവധി ശ്രമിക്കുന്നതെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. ഭാവിയിലെ “യുവജനങ്ങൾ ചോദിക്കുന്നു” ലേഖനങ്ങൾക്കായി ഞാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്!
എച്ച്. ഇ., റൊമേനിയ (g01 10/8)
സുനാമികൾ എനിക്കു 12 വയസ്സുണ്ട്. ഞാൻ നിങ്ങളുടെ മാസികകളെല്ലാം വായിക്കാറുണ്ട്. “കൊലയാളി തിരമാലകൾ—സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും” (മാർച്ച് 8, 2001) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. ഈ തിരമാലകൾ എന്നെ വിസ്മയം കൊള്ളിക്കുന്നു. അവ എത്ര ശക്തമാണെന്ന് ദൃഷ്ടാന്തം സഹിതം നിങ്ങൾ വിശദീകരിച്ചത് വളരെ ആകർഷകമായിരുന്നു.
കെ. എസ്., ഐക്യനാടുകൾ (g01 10/22)
റേഡിയോ ആക്ടീവ് ധൂളീപതനം “റേഡിയോ ആക്ടീവ് ധൂളീപതനം—ആശങ്കാജനകമായ ഒരു പ്രശ്നം” (മാർച്ച് 8, 2001) എന്ന ലേഖനത്തിലെ ലളിതമായ വിശദീകരണം എന്നെ അത്ഭുതപ്പെടുത്തി. സ്ട്രോൺഷ്യം 90 പോലുള്ള മൂലകങ്ങൾ അത്യന്തം ഹാനികരമാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ അതു മനുഷ്യരെ ശൈശവത്തിലേതന്നെ ബാധിക്കുന്നുവെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. ഇങ്ങനെയുള്ള സങ്കീർണമായ വിഷയങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കാരണം പ്രശ്നപരിഹാരത്തിന് മനുഷ്യൻ തന്റെ മഹാ സ്രഷ്ടാവിൽ ആശ്രയിച്ചേ തീരൂ എന്നു കാണാൻ അവ സഹായിക്കുന്നു. എല്ലാവർക്കും വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിൽ ഇത്തരം കടുപ്പമേറിയ വിഷയങ്ങൾ ലളിതമായി വിശദീകരിച്ചുകൊണ്ട് വായനക്കാരോടു തുടർന്നും കരുതൽ പ്രകടമാക്കുന്നതിനു വളരെ നന്ദി.
എം. ഇസെഡ്., ഇറ്റലി (g01 10/22)