മമ്മിയും പത്തു പെൺമക്കളും
മമ്മിയും പത്തു പെൺമക്കളും
എസ്ഥർ ലോസാനോ പറഞ്ഞപ്രകാരം
ഞങ്ങളുടെ മാതാപിതാക്കൾ അർമേനിയൻ വംശജരായിരുന്നു. രണ്ടുപേരും ജനിച്ചത് ടർക്കിയിലെ ബിറ്റ്ലിസിൽ. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ടർക്കിയിൽ അർമേനിയക്കാരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ ഡാഡി ഐക്യനാടുകളിലേക്കു കുടിയേറി. അദ്ദേഹത്തിന് അന്ന് 25-നടുത്തു പ്രായം കാണും. ഏറെക്കഴിയുന്നതിനു മുമ്പ്, 12-ാം വയസ്സിൽ ഞങ്ങളുടെ മമ്മി സോഫിയയും ഐക്യനാടുകളിലേക്കു പോയി.
ഞങ്ങളുടെ ഡാഡി ആരാം വാർട്ടനിയനെ വിവാഹം കഴിക്കുന്നതിന് മമ്മിയെ അങ്ങോട്ട് അയയ്ക്കാൻ രണ്ടു കുടുംബങ്ങളും ഒരു ധാരണയിൽ എത്തിയിരുന്നു. എന്നാൽ കാലിഫോർണിയയിലെ ഫ്രെസ്നോയിൽ എത്തിയപ്പോൾ സോഫിയയ്ക്കു വിവാഹപ്രായമായിരുന്നില്ല. അതുകൊണ്ട് പ്രായപൂർത്തിയാകുന്നതുവരെ അവൾ തന്റെ ഭാവി അമ്മായിയമ്മയോടൊപ്പം താമസിച്ചു.
ഞങ്ങളുടെ മാതാപിതാക്കളുടെ ആദ്യത്തെ കുട്ടി ആണായിരുന്നു. അവർ അവന് ആൻഡ്രാനിഗ് എന്നു പേരിട്ടു. പിന്നീട് അവൻ അതു മാറ്റി ബാർണി എന്ന പേരു സ്വീകരിച്ചു. 1914 ആഗസ്റ്റ് 6-നാണ് ബാർണി ജനിച്ചത്. അടുത്ത പത്തു പേരും പെൺകുട്ടികൾ ആയിരുന്നു. ഷീൽഡ് ടൂട്ജിയാൻ 1924-ൽ ഫ്രെസ്നോ സന്ദർശിച്ച് അവിടത്തെ അർമേനിയൻ സമുദായക്കാർക്കായി ഒരു പ്രസംഗം നടത്തിയതിനെ തുടർന്ന് ഡാഡി ഒരു ബൈബിൾ വിദ്യാർഥി—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ആയിത്തീർന്നു. അതിനുശേഷം ഞങ്ങൾ കുടുംബസമേതം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി.
കാലിഫോർണിയയിലെ ഓക്ക്ലൻഡിലേക്ക് 1931-ൽ താമസം മാറിയ ഞങ്ങൾ അവിടത്തെ സഭയുമായി സഹവസിച്ചു. കാലിഫോർണിയയിലെ നാപയിൽ താമസിച്ചിരുന്ന ബാർണി 1941-ൽ മരിക്കുന്നതുവരെ യഹോവയെ വിശ്വസ്തമായി സേവിച്ചു. ബാർണിക്കു ശേഷമുണ്ടായ പെൺകുട്ടികളിൽ മൂന്നാമത്തവളായിരുന്നു
ഞാൻ. 1935-ൽ ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഏതാണ്ട് 75 വർഷത്തോളം യോഗങ്ങൾക്കു ഹാജരായ ശേഷം ഞങ്ങളുടെ സഹോദരിയായ ആഗ്നസ് ഏതാനും വർഷങ്ങൾക്കു മുമ്പു സ്നാപനമേറ്റു! ഞങ്ങൾ പെൺമക്കൾ എല്ലാവരും ആ അവസരത്തിൽ ഹാജരായിരുന്നു. പത്തു പേരിൽ അവസാനത്തെയാളും സ്നാപനമേറ്റതിൽ ഞങ്ങളെല്ലാം വളരെ സന്തുഷ്ടരായിരുന്നു.സങ്കടകരമെന്നു പറയട്ടെ, മമ്മിക്ക് അതു കാണാൻ കഴിഞ്ഞില്ല. അതിന്റെ തലേ വർഷം മമ്മി മരിച്ചു. മരിക്കുമ്പോൾ മമ്മിക്ക് 100 വയസ്സും 2 ദിവസവും പ്രായമുണ്ടായിരുന്നു. കാലിഫോർണിയയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഹെയ്വർഡ് ന്യൂസ് എന്ന പത്രത്തിൽ 1996 മേയ് 14-ന് മമ്മിയുടെ മരണവാർത്ത വന്നിരുന്നു. അത് ഇങ്ങനെ പറഞ്ഞു: “54 വർഷം യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ താത്പര്യമുള്ളവരെ ബൈബിൾ പഠിപ്പിച്ചുകൊണ്ട് . . . അവർ സമൂഹത്തിൽ സന്നദ്ധസേവനം അനുഷ്ഠിച്ചു.” ഞങ്ങളുടെ സഹോദരി എലിസബത്തിന്റെ പിൻവരുന്ന വാക്കുകളും ലേഖനം ഉദ്ധരിച്ചു: “മമ്മി തന്റെ വീട് എല്ലായ്പോഴും എല്ലാവർക്കുമായി തുറന്നു കൊടുത്തിരുന്നു. ഭക്ഷണമേശയിൽ എപ്പോഴും ഒരാൾക്കുകൂടിയുള്ള സ്ഥലം ഉണ്ടായിരുന്നു . . . എല്ലാവരോടും ‘വരൂ, നല്ല കടുപ്പമുള്ള ഒരു കാപ്പി കുടിച്ചിട്ടു പോകാം’ എന്നു മമ്മി പറയുമായിരുന്നു. മമ്മി തന്റെ പ്രശസ്ത മധുരപലഹാരമായ ബാക്ലവാ ഉണ്ടാക്കുമ്പോഴാണ് ഒരാൾ എത്തുന്നതെങ്കിൽ അത് അയാളുടെ ഭാഗ്യം.”
ഞങ്ങളുടെ ഏറ്റവും മൂത്ത സഹോദരി ഗ്ലാഡിസിന് 85 വയസ്സുണ്ട്, ഇളയവൾക്ക് 66-ഉം. ഞങ്ങളെല്ലാവരും തീക്ഷ്ണതയുള്ള സാക്ഷികളാണ്. ഞങ്ങളിൽ മൂന്നു പേർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടിയശേഷം മിഷനറിമാരായി സേവിച്ചു. ഇപ്പോൾ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിൽ താമസിക്കുന്ന എലിസബത്ത് സ്കൂളിന്റെ 13-ാമത്തെ ക്ലാസ്സിൽ സംബന്ധിച്ചു. അവൾ അഞ്ച് വർഷം പെറുവിലെ കയായോയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. രൂത്ത് 35-ാമത്തെ ക്ലാസ്സിൽ സംബന്ധിച്ചു. അവളും ഭർത്താവ് ആൽവിൻ സ്റ്റൗഫറും അഞ്ചു വർഷം ഓസ്ട്രേലിയയിൽ മിഷനറിമാരായി പ്രവർത്തിച്ചു. ഗിലെയാദിന്റെ നാലാമത്തെ ക്ലാസ്സിൽനിന്നാണ് ഞാൻ ബിരുദം നേടിയത്. 1947-ൽ എനിക്കു മെക്സിക്കോയിൽ നിയമനം കിട്ടി. അവിടെവെച്ച് 1955-ൽ ഞാൻ റോഡോൾഫോ ലോസാനോയെ വിവാഹം കഴിച്ചു. a അന്നു മുതൽ ഞങ്ങൾ മെക്സിക്കോയിലാണു സേവിക്കുന്നത്.
ഒരു അളവുവരെ നല്ല ആരോഗ്യം ആസ്വദിക്കാൻ കഴിയുന്നതിൽ ഞങ്ങൾ പത്തു സഹോദരിമാരും നന്ദിയുള്ളവരാണ്. യഹോവ ആഗ്രഹിക്കുന്നിടത്തോളം, അവനെ പൂർണ മനസ്സോടും ഹൃദയത്തോടും ശക്തിയോടും കൂടെ സേവിക്കാൻ അതു ഞങ്ങളെ സഹായിക്കുന്നു—ഇപ്പോഴും പുതിയ ലോകത്തിൽ എന്നേക്കും.(g01 10/22)
[അടിക്കുറിപ്പ്]
a അദ്ദേഹത്തിന്റെ ജീവിതകഥ 2001 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിൽ കാണാം.
[18-ാം പേജിലെ ചിത്രം]
ആഗ്നസ് 1997-ലെ തന്റെ സ്നാപന സമയത്ത്
[18, 19 പേജുകളിലെ ചിത്രം]
എലിസബത്ത്, 1949-ൽ ഗിലെയാദിൽനിന്നു ബിരുദം നേടിയ ദിവസം
[19-ാം പേജിലെ ചിത്രം]
എസ്ഥർ (വലത്ത്) മെക്സിക്കോ ബ്രാഞ്ചിൽ, 1950
[19-ാം പേജിലെ ചിത്രം]
രൂത്തും ആൽവിൻ സ്റ്റൗഫറും മെക്സിക്കോ ബ്രാഞ്ചിൽ സാർവദേശീയ ദാസരായി സേവിക്കുന്നു, 1987