ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സഹായം ലക്ഷ്യം പിഴയ്ക്കുന്നുവോ?
ജപ്പാനിലെ ലോഗർഹെഡ് ആമകളെ വംശനാശത്തിൽനിന്നു രക്ഷിക്കാനായി കൈക്കൊണ്ടിരിക്കുന്ന ചില നടപടികൾ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ് എന്ന് ദ ഡെയ്ലി യോമിയൂരി പറയുന്നു. മണ്ണിനടിയിൽനിന്ന് മുട്ടകൾ പുറത്തെടുത്ത് കൃത്രിമമായി വിരിയിച്ച ശേഷം ആമകളെ കടലിലേക്കു വിടുന്നത് അവയുടെ ജന്മസിദ്ധമായ ദിശാനിർണയ പ്രാപ്തികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്വാഭാവികമായി മുട്ടവിരിഞ്ഞ് പുറത്തു വരുന്ന ആമകൾ “പൂഴിയിലൂടെ ആദ്യ ചുവടുകൾ വെക്കുമ്പോൾ ഭൂമിയുടെ കാന്തിക ശക്തിയുമായി സമ്പർക്കത്തിൽ വരുന്നു. അങ്ങനെയാണ് അവ സഹജമായ ദിശാബോധം വളർത്തിയെടുക്കുന്നത്” എന്ന് പത്രം റിപ്പോർട്ടു ചെയ്യുന്നു. “കൃത്രിമമായി മുട്ട വിരിയിക്കുമ്പോൾ, പുറത്തുവരുന്ന ആമക്കുഞ്ഞുങ്ങളെ സമുദ്രത്തിലേക്കു വിടുന്നതിനു മുമ്പ് അവ അടച്ചുപൂട്ടിയ ഒരു സ്ഥലത്തായിരിക്കും. അത് സഹജമായ ദിശാബോധത്തിന്റെയും സമുദ്രത്തിൽ തനിയെ യാത്ര ചെയ്യാനുള്ള കഴിവിന്റെയും വളർച്ചയെ പ്രതികൂലമായി ബാധിക്കും.”(g02 4/22)
പുഞ്ചിരിയുടെ പ്രാധാന്യം
“വെറുതെയൊന്നു പുഞ്ചിരിക്കുക—സുഹൃത്തുക്കളെ നേടാനും ആളുകളെ സ്വാധീനിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് അത്,” ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. റോയൽ മെയിലിനു വേണ്ടി നടത്തിയ ഒരു ദേശീയ സർവേ, ഒരു വ്യക്തിയിൽ ആളുകൾ ആദ്യം ശ്രദ്ധിക്കുന്ന സംഗതി അയാളുടെ അല്ലെങ്കിൽ അവളുടെ പുഞ്ചിരിയാണ് എന്നു വെളിപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ ഏതാണ്ട് പകുതിയോളം പേരും സൗഹൃദഭാവം ഇല്ലാത്ത ഒരു വ്യക്തിയുമായി തങ്ങൾ ബിസിനസ് ഇടപാടുകൾ നടത്തുകയില്ലെന്നു പറഞ്ഞു. പ്രത്യേകിച്ചും വനിതാ മാനേജർമാർ, പുഞ്ചിരിക്കുന്ന തൊഴിലാളികൾക്ക് സ്ഥാനക്കയറ്റം നൽകാനുള്ള സാധ്യതയുള്ളതായി കണ്ടെത്തി. മനുഷ്യ മുഖം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ സഹരചയിതാവായ ബ്രയൻ ബേറ്റ്സ് പറയുന്നു: “പുഞ്ചിരിക്ക് നമ്മുടെ സമൂഹത്തിൽ എത്ര വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഈ ഗവേഷണം കാണിക്കുന്നു. നമ്മുടെ വിശ്വാസങ്ങൾ, പ്രതീക്ഷകൾ, പണം എന്നിവ പുഞ്ചിരിക്കുന്നവരുമായി പങ്കിടാനാണ് നാം ആഗ്രഹിക്കുക.” പുഞ്ചിരി ശരീരത്തിലെ വേദനാസംഹാരികളായ എൻഡോർഫിനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നുവെന്നും സ്വാഭാവികമായി പുഞ്ചിരി തൂകുന്നവർ “വ്യക്തിപരമായ ജീവിതത്തിലും തൊഴിൽ രംഗത്തും വിജയം വരിക്കാനുള്ള സാധ്യത കൂടുതലാണെന്നും” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. (g02 4/22)
ഏറ്റവും കൃത്യതയുള്ള ഘടികാരം
“ഒരു ഫെംറ്റോസെക്കൻഡിന്റെ—സമയം അളക്കാൻ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ യൂണിറ്റ്—പോലും കൃത്യത പുലർത്തുന്ന” ഒരു മെർക്കുറി-അയോൺ ഘടികാരം ഒരു സംഘം യു.എസ്. ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നതായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “ലോക പ്രമാണ സമയമായ സാർവത്രിക സംയോജിത സമയം (കോ-ഓർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം) കണക്കാക്കാൻ ഉപയോഗിക്കുന്ന ആറ്റോമിക ഘടികാരങ്ങളെക്കാൾ ഏതാണ്ട് 1,000 മടങ്ങ് കൃത്യതയുള്ളതാണ്” ഈ ഘടികാരം എന്നു പറയപ്പെടുന്നു. “അടിസ്ഥാന ഭൗതികശാസ്ത്ര രംഗത്താണ് ഉടനെ ഇതുകൊണ്ടുള്ള പ്രയോജനങ്ങൾ ഉണ്ടാകാൻ പോകുന്നത്, പ്രപഞ്ചത്തെ കുറിച്ചുള്ള കൂടുതൽ വിശദമായ ഗ്രാഹ്യം നേടാൻ ഇതു സഹായിക്കും” എന്ന് ഭൗതികശാസ്ത്രജ്ഞനായ സ്കോട്ട് ഡിഡംസ് വിശദീകരിക്കുന്നു. ഭാവിയിൽ ടെലിഫോൺ ശൃംഖലകളും നാവിക ഉപഗ്രഹങ്ങളുമെല്ലാം ഇതിൽനിന്നു പ്രയോജനം അനുഭവിക്കും. ഇത് “ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഘടികാരം” ആണെന്ന് അവകാശപ്പെടുമ്പോൾത്തന്നെ ഇത് ഇനിയും മെച്ചപ്പെടുത്താനാവുമെന്നും ഡിഡംസ് പറയുന്നു. (g02 4/22)
യുവജനങ്ങൾക്കിടയിലെ ഡയറ്റിങ്
പന്ത്രണ്ടു മുതൽ പതിനെട്ടു വരെ വയസ്സുള്ള, കാനഡക്കാരായ 1,739 പെൺകുട്ടികളെ ഉൾപ്പെടുത്തി അടുത്തകാലത്തു നടത്തിയ ഒരു സർവേ അവരിൽ 27 ശതമാനം ആഹാരശീല വൈകല്യങ്ങളുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണെന്നു കണ്ടെത്തിയതായി ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപ്പത്രം പറയുന്നു. നഗരങ്ങളിൽനിന്നും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽനിന്നും ഗ്രാമപ്രദേശങ്ങളിൽനിന്നുമുള്ളവർ ഈ സർവേയിൽ പങ്കെടുത്തു. ആഹാരത്തോടുള്ള മനോഭാവവും സ്വന്തം ആകാരത്തിലുള്ള അസംതൃപ്തിയും സംബന്ധിച്ച ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി. ലഭിച്ച വിവരങ്ങളിൽനിന്ന് 12 വയസ്സു മാത്രമുള്ള ചില കുട്ടികൾ പോലും ഭക്ഷണം വാരിവലിച്ചു തിന്നിട്ട് പുറത്തു കളയുന്ന ശീലം (മനഃപൂർവം ഛർദിപ്പിക്കൽ) ഉള്ളവരാണെന്നും തൂക്കം കുറയ്ക്കുന്നതിന് ഡയറ്റ് ഗുളികകളും വിരേചനൗഷധങ്ങളും മൂത്രവർധിനികളും ഉപയോഗിക്കുന്നവരാണെന്നും വെളിപ്പെടുത്തി. ടൊറന്റോ സർവകലാശാലയുടെ ആരോഗ്യ ശൃംഖലയിലെ ഗവേഷക ശാസ്ത്രജ്ഞയായ ഡോ. ജെന്നിഫർ ജോൺസ് പറയുന്നതനുസരിച്ച് വിശേഷിച്ചും പെൺകുട്ടികൾ “ഭക്ഷണത്തോടും വ്യായാമത്തോടും ആരോഗ്യാവഹമായ ഒരു മനോഭാവം വളർത്തിയെടുക്കേണ്ടതാണ്. സ്വന്തം ശരീരത്തെ കുറിച്ച് അവർ മനസ്സിലാക്കുകയും പോസ്റ്ററുകളിലും മാസികകളിലും റോക്ക് വീഡിയോകളിലുമൊക്കെ കാണുന്ന ശരീരങ്ങൾ അസ്വാഭാവികമായവയാണെന്നു തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.” “താരുണ്യത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് സ്വാഭാവികമാണെന്നും അത് സ്വാഭാവിക വളർച്ചയ്ക്കു പ്രധാനമാണെന്നും കൗമാരപ്രായക്കാരായ പല പെൺകുട്ടികളും തിരിച്ചറിയുന്നില്ല” എന്നും ഗ്ലോബ് പറയുന്നു. (g02 4/22)
ശല്യകാരികളായ കളകൾക്ക് ഉപയോഗം
“കുളവാഴ, ലൻറ്റാന, പാർത്തിനിയം എന്നിങ്ങനെയുള്ള കളകളുടെ അപാരമായ അതിജീവനപ്രാപ്തി വികസന പ്രവർത്തകരെ വട്ടംചുറ്റിക്കുകയാണ്” എന്ന് ഇന്ത്യാ ടുഡേ പറയുന്നു. വേലിച്ചെടിയായി ഉപയോഗിക്കുന്നതിന് 1941-ൽ ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കു കൊണ്ടുവന്ന ലൻറ്റാന കാമാരാ 2,00,000 ഏക്കറിലധികം ഭൂമി കൈയടക്കിയിരിക്കുന്നു. കായികമായോ രാസപരമായോ ജൈവപരമായോ ഇവയെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഈ കള പുറപ്പെടുവിക്കുന്ന വിഷങ്ങൾ മറ്റു ചെടികളുടെ വളർച്ചയെ തടയുന്നതിനാൽ ഗ്രാമങ്ങൾ അപ്പാടെതന്നെ മാറ്റി സ്ഥാപിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ലാച്ചീവാലയിലെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ കള സാമ്പത്തികമായി ഗുണമുള്ളതെന്നു തെളിഞ്ഞിരിക്കുന്നു. മണ്ണും ലൻറ്റാനയും ഉപയോഗിച്ച് ഇവർ വീടുകളും കോഴിക്കൂടുകളും മറ്റും പണിയുന്നു. കീടങ്ങൾക്കു നശിപ്പിക്കാൻ കഴിയാത്ത ഈ കളയുടെ പുറംതൊലി നീക്കിയാൽ ഒന്നാന്തരം ഫർണിച്ചറുകളും കുട്ടകളുമൊക്കെ നിർമിക്കാൻ കഴിയും. ലൻറ്റാന ഇലകൾ കൊതുകു നിവാരണിയും സാമ്പ്രാണി തിരിയുമൊക്കെയായി ഉപയോഗിക്കുന്നു. ചെടിയുടെ വേരുകൾ പൊടിച്ച് ദന്ത അണുബാധകളെ ചെറുക്കാൻ ഉപയോഗിച്ചുവരുന്നു. (g02 4/22)
നിരാശയുടെ ഫലം
“ചില ആളുകൾ മരിക്കുമ്പോൾ അവരോളം തന്നെ ഗുരുതരമായ രോഗാവസ്ഥയിലുള്ള മറ്റു ചിലർ തുടർന്നു ജീവിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന് സാൻ അന്റോണിയോയിലുള്ള ടെക്സസ് സർവകലാശാല ആരോഗ്യ ശാസ്ത്ര കേന്ദ്രത്തിലെ മനോരോഗ വിഭാഗം ഡോക്ടർ സ്റ്റീവൻ എൽ. സ്റ്റേൺ ചോദിക്കുന്നു. “പ്രത്യാശയില്ലായ്മ ആയിരിക്കാം ഈ ചോദ്യത്തിനുള്ള ഒരു ഉത്തരം.” പ്രായംചെന്ന 800 അമേരിക്കക്കാരിൽ നടത്തിയ പഠനം നിരാശ പലപ്പോഴും മരണത്തെ ത്വരിതപ്പെടുത്തുന്നുവെന്നു സൂചിപ്പിച്ചു. എന്നാൽ ബാല്യകാല അനുഭവങ്ങൾ, വിഷാദം, സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങൾ ഓരോ വ്യക്തിയുടെയും മേൽ നിരാശയ്ക്കുള്ള ഫലത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. (g02 4/22)
കാര്യങ്ങൾ നീട്ടിവെക്കുന്നത് ആരോഗ്യത്തിനു ഹാനികരം
“കാര്യങ്ങൾ നീട്ടിവെക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം” എന്ന് വാൻകൂവർ സൺ വർത്തമാനപ്പത്രത്തിൽ വന്ന ഒരു പഠന റിപ്പോർട്ടു പറയുന്നു. അടുത്തകാലത്ത് കാനഡയിലെ ടൊറന്റോയിൽ നടന്ന ‘അമേരിക്കൻ മനശ്ശാസ്ത്ര സംഘടന’യുടെ ഒരു കോൺഫറൻസിൽ പരാമർശിക്കപ്പെട്ടതനുസരിച്ച് കനേഡിയൻ സർവകലാശാലയിലെ 200 വിദ്യാർഥികളിൽ നടത്തിയ ഒരു പഠനം “കാര്യങ്ങൾ നീട്ടിവെക്കുന്ന സ്വഭാവമുള്ളവർ തങ്ങൾക്കുതന്നെ അങ്ങേയറ്റത്തെ സമ്മർദം വരുത്തിവെക്കുന്നതായും തത്ഫലമായി മറ്റുള്ളവരെ അപേക്ഷിച്ച് സമ്മർദവുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതലായി അനുഭവിക്കുന്നതായും കണ്ടെത്തി. . . . പരീക്ഷാദിനം അടുത്തവരവേ, ഈ ശീലമുള്ളവർക്കിടയിലെ സമ്മർദനിരക്കു കുത്തനെ ഉയർന്നു. അതുവരെ യാതൊരു വിചാരവുമില്ലാതെ നടന്നിരുന്ന അവരുടെ ആ അവസ്ഥ മാറുകയും തലവേദന, നടുവേദന, ജലദോഷം, ഉറക്കമില്ലായ്മ, അലർജികൾ എന്നിവ അവരെ അലട്ടാൻ തുടങ്ങുകയും ചെയ്തു. അതുപോലെ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ, അണുബാധകൾ, കൊടിഞ്ഞി എന്നിവയും ഇവർക്കിടയിൽ കൂടുതലാണെന്നു വെളിപ്പെട്ടു.”(g02 4/8)
കൊതുകിനെ കുടുക്കുന്ന യന്ത്രം
കീടനാശിനികൾ ഉപയോഗിക്കാതെ കൊതുകിനെ നശിപ്പിക്കാൻ കഴിയുന്ന ഒരു യന്ത്രം സിംഗപ്പൂരിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നു. 38 സെന്റിമീറ്റർ പൊക്കമുള്ള ഒരു കറുത്ത പ്ലാസ്റ്റിക് പെട്ടിയാണ് ഇത്. ഇതിൽനിന്ന് “മനുഷ്യ ശരീരത്തിൽനിന്നെന്നപോലെ താപവും കാർബൺഡയോക്സൈഡും പുറപ്പെടുന്നു” എന്ന് ലണ്ടനിലെ ദി ഇക്കോണമിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ശരീരതാപവും ശ്വാസത്തിലെ കാർബൺഡയോക്സൈഡുമാണ് കൊതുകിനെ ഇരയിലേക്ക് ആകർഷിക്കുന്നത് എന്നതിനാൽ “തനിക്ക് ഒരുഗ്രൻ ശാപ്പാട് തരപ്പെട്ടിരിക്കുകയാണെന്നു കരുതി കൊതുക് ഈ യന്ത്രത്തിന്റെ അടുത്ത് എത്തുന്നു.” ചൂട് ഉത്പാദിപ്പിക്കാൻ ഈ പെട്ടി വൈദ്യുതി ഉപയോഗിക്കുന്നു. അതിനുള്ളിലെ ചെറിയൊരു അറയിൽനിന്ന് കാർബൺഡയോക്സൈഡും പുറപ്പെടുന്നു. തിളങ്ങുന്ന ദീപങ്ങളാൽ ആകർഷിക്കപ്പെട്ട് കൊതുക് ഒരു ചെറിയ വിടവിലൂടെ പെട്ടിയുടെ ഉള്ളിലേക്കു കടക്കുന്നു. അതിനുള്ളിലെ ഫാനിന്റെ കാറ്റിൽപ്പെട്ട് അത് താഴെയുള്ള വെള്ളത്തിൽ ചെന്നു വീണ് മുങ്ങിച്ചാകുന്നു. ഒരു രാത്രിയിൽ 1,200 കൊതുകുകളെ വരെ പിടിക്കാൻ ഈ യന്ത്രത്തിനാകും. അതുപോലെ രാത്രികാലത്ത് ഇരകളെ തേടിയിറങ്ങുന്ന മലമ്പനി വാഹക അനോഫിലസ് കൊതുകിനെയോ പകൽസമയത്ത് കർമനിരതരാകുന്ന മഞ്ഞപ്പനിയുടെയും ഡെംഗിയുടെയും വാഹകരായ ഏയിഡിസ് കൊതുകിനെയോ പിടിക്കാൻ തക്കവണ്ണം അതു ക്രമപ്പെടുത്തിവെക്കാൻ കഴിയും. ചിത്രശലഭങ്ങളെ പോലെ നിരുപദ്രവകാരികളായ ഷഡ്പദങ്ങളെയും പ്രാണികളെയുമൊന്നും അതു നശിപ്പിക്കുന്നില്ല എന്നതാണ് കൂടുതലായ ഒരു നേട്ടം. (g02 4/8)
മത്സ്യം കഴിക്കാൻ പുരുഷന്മാർക്കു പ്രോത്സാഹനം
മത്സ്യം വിരളമായി മാത്രം കഴിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് മത്തി, അയല, സാൽമൺ തുടങ്ങിയ നെയ്യുള്ള മത്സ്യങ്ങൾ ധാരാളം കഴിക്കുന്നവർക്ക് പ്രോസ്റ്റേറ്റ് കാൻസർ (പുരുഷ പ്രജനനവ്യൂഹത്തിലെ ഗ്രന്ഥിയുടെ കാൻസർ) വരാനുള്ള സാധ്യത രണ്ടു മുതൽ മൂന്നു വരെ തവണ കുറവാണെന്ന് സ്റ്റോക്ഹോമിലെ കാരോലിൻസ്കേ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഗവേഷകർ പറയുന്നു. 6,272 പുരുഷന്മാരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ 30 വർഷത്തെ പഠനം രോഗസാധ്യത വർധിപ്പിക്കുന്ന പുകവലി പോലുള്ള ഘടകങ്ങളും കണക്കിലെടുക്കുകയുണ്ടായി. വിശേഷിച്ചും നെയ്യുള്ള മത്സ്യങ്ങളിൽ കാണപ്പെടുന്ന “ഒമേഗ-3 ഫാറ്റി ആസിഡുകൾ (സ്നേഹാമ്ലങ്ങൾ) പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ചയെ തടയുന്നു” എന്ന നിഗമനത്തിൽ ഗവേഷകർ എത്തി. ഈ ഫാറ്റി ആസിഡുകൾ “ഹൃദയാഘാതത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു” എന്ന് റിപ്പോർട്ടു പറയുന്നു. അതുകൊണ്ട് “ആഴ്ചയിൽ ഒന്നോ രണ്ടോ തവണ” മത്സ്യം കഴിക്കാൻ വിദഗ്ധർ ആളുകളെ ഉപദേശിക്കുന്നു. (g02 4/8)
നെല്ലിന്റെ തവിട് മരങ്ങളെ രക്ഷിക്കുന്നു
വടക്കൻ പെറുവിലെ ഇഷ്ടിക ഫാക്ടറികളിൽ പകര ഇന്ധനമെന്ന നിലയിൽ നെല്ലിന്റെ തവിട് ഉപയോഗിക്കുന്നത് വംശനാശഭീഷണി നേരിടുന്ന കാരബ് മരങ്ങൾ വിറകിനായി വെട്ടിനശിപ്പിക്കുന്നത് തടയാൻ സഹായിച്ചിരിക്കുന്നു എന്ന് പെറുവിലെ വർത്തമാനപ്പത്രം എൽ കോമേഴ്സ്യോ റിപ്പോർട്ടു ചെയ്യുന്നു. 21 ഇഷ്ടിക നിർമാതാക്കൾ കാർഷിക പാഴുത്പന്നമായ തവിട് ഉപയോഗിക്കാൻ തുടങ്ങിയതോടെ കാർബൺഡയോക്സൈഡിന്റെ പുറന്തള്ളൽ കുറഞ്ഞിരിക്കുന്നു. പൂഴി, കളിമണ്ണ്, പാവ് എന്നിവ കുഴച്ച് ചൂളകളുടെ ഭിത്തികളിൽ തേച്ചുകൊണ്ട്—ഇത് താപനഷ്ടം കുറയ്ക്കുന്നു—അവയുടെ കാര്യക്ഷമത 15 ശതമാനത്തോളം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തവിട് കത്തിച്ച് ഇഷ്ടികക്കൂട്ടിൽ ചേർത്തുകൊണ്ടുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇത് ഇഷ്ടികയുടെ ഉറപ്പു കൂട്ടുമെന്നാണു പ്രതീക്ഷ. തവിടിന്റെ “ഈ ഉപയോഗം മലിനീകരണവും പാഴുത്പന്ന സൂക്ഷിപ്പിനോടനുബന്ധിച്ച പ്രശ്നങ്ങളും കുറയ്ക്കുന്നു” എന്ന് എൽ കോമേഴ്സ്യോ പറയുന്നു. (g02 4/8)