മാർഗദർശനത്തിനായി നിങ്ങൾ സംഖ്യകളിലേക്കു നോക്കണമോ?
മാർഗദർശനത്തിനായി നിങ്ങൾ സംഖ്യകളിലേക്കു നോക്കണമോ?
സംഖ്യാജ്യോതിഷം, ശാസ്ത്രത്തിന്റെയും യുക്തിയുടെയും സൂക്ഷ്മപരിശോധനയ്ക്കു മുന്നിൽ അടിപതറാതെ നിൽക്കുന്നുണ്ടോ? നമ്മുടെ ഭാവി വെളിപ്പെടുത്താനുള്ള മാർഗമാണോ സംഖ്യകൾ? നിങ്ങളുടെ ഭാവി, സംഖ്യാജ്യോതിഷപരമായ കണ്ടുപിടിത്തങ്ങളെയും പ്രവചനങ്ങളെയും അടിസ്ഥാനമാക്കി കെട്ടിപ്പടുക്കണമോ?
സംഖ്യാജ്യോതിഷക്കാർക്ക് ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു വെല്ലുവിളിയാണ് വ്യത്യസ്ത സംസ്കാരങ്ങൾ വ്യത്യസ്ത കലണ്ടറുകൾ ഉപയോഗിക്കുന്നു എന്നത്. ഉദാഹരണത്തിന്, ചൈനീസ് കലണ്ടർ ഉപയോഗിക്കുന്നിടത്താണ് ഒരാൾ പാർക്കുന്നതെങ്കിലോ? ആദ്യ ലേഖനത്തിൽ പരാമർശിച്ച തീയതി തന്നെ എടുക്കാം—സെപ്റ്റംബർ 11, 2001. ചൈനീസ് കലണ്ടർ അനുസരിച്ച് അത് 78-ാം ചക്രത്തിലെ 18-ാം ആണ്ട് 7-ാം മാസം 24-ാം തീയതിയായിരുന്നു. ജൂലിയൻ കലണ്ടർ പ്രകാരമാണെങ്കിൽ അത് ആഗസ്റ്റ് 29, 2001 ആയിരുന്നു. മുസ്ലീം കലണ്ടർ പ്രകാരം അത് 22 ജുമാദ II 1422-ഉം എബ്രായ കലണ്ടർ പ്രകാരം 23 ഏലൂൽ 5761-ഉം ആയിരുന്നു. പലയിടത്തും പല രീതികളിൽ രേഖപ്പെടുത്തുന്ന ഒരു തീയതിക്ക് എങ്ങനെയാണ് സംഖ്യാപരമായ പ്രാധാന്യം ഉണ്ടായിരിക്കാൻ കഴിയുക? ഇനി മറ്റൊരു ഘടകം പരിചിന്തിക്കുക: പലപ്പോഴും ഒരു പേരിനു വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത അക്ഷരവിന്യാസമായിരിക്കും ഉണ്ടായിരിക്കുക. ഉദാഹരണത്തിന്, John എന്ന ഇംഗ്ലീഷ് പേരിലെ അക്ഷരങ്ങളുടെ സംഖ്യാപരമായ മൂല്യം 2 ആണ്. എന്നാൽ അതേ പേരുതന്നെ സ്പാനീഷിൽ Juan എന്ന് എഴുതുമ്പോൾ അതിന്റെ മൂല്യം 1 ആയിത്തീരുന്നു.
പ്രപഞ്ചത്തിന്റെ പല സവിശേഷതകളും ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ ഉപയോഗിച്ചു വിശദീകരിക്കാൻ കഴിയും എന്നതു ശരിതന്നെ. ഈ സൂത്രവാക്യങ്ങൾ പരിശോധിച്ച് അവയുടെ സാധുത തെളിയിക്കാൻ കഴിയും. എന്നാൽ അതുപോലെയല്ല, നിങ്ങളുടെ ഭാവി കൃത്യമായി കണ്ടുപിടിക്കാൻ കഴിയുമാറ് നിങ്ങളുടെ പേര്, ജനനത്തീയതിയുമായി ഒത്തുവരാനും ചില സംഖ്യകളുമായി ബന്ധപ്പെട്ടുനിൽക്കാനും മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന അവകാശവാദം.
അതുകൊണ്ട് ഇതു നമ്മെ വ്യക്തമായ ഈ നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു: തികച്ചും അസ്ഥിര ഘടകങ്ങളായ കലണ്ടറിനെയും ഭാഷയെയും അടിസ്ഥാനപ്പെടുത്തിയുള്ള സംഖ്യാപരമായ വ്യാഖ്യാനങ്ങൾ കൃത്യതയുള്ളതാണെന്നു വിശ്വസിക്കുന്നത് യുക്തിരഹിതമാണ്.
‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’
ചിലർ സംഖ്യാജ്യോതിഷത്തിൽ തത്പരരായിത്തീരുന്നത് അവർ തങ്ങളുടെ ജീവിതത്തെ പ്രവചനീയമാക്കിത്തീർക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. എന്നാൽ, മനുഷ്യജീവിതത്തിന്റെ വിശദാംശങ്ങൾ മുൻകൂട്ടി നിർണയിക്കാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. നാം ഇങ്ങനെ വായിക്കുന്നു: “പിന്നെ സൂര്യനു കീഴെ, വേഗതയുള്ളവർ ഓട്ടത്തിലോ വീരൻമാർ യുദ്ധത്തിലോ സഭാപ്രസംഗി 9:11, NW) അതേ, പല സംഭവങ്ങളും അപ്രതീക്ഷിതമായി ഉണ്ടാകുന്നവയാണ്. അത്തരം യാദൃച്ഛിക സംഭവങ്ങൾ ജനനത്തീയതിയെയോ ഒരു പേരിന്റെ സംഖ്യാപരമായ മൂല്യത്തെയോ അടിസ്ഥാനമാക്കി പരിണതഫലങ്ങൾ പ്രവചിക്കുന്നത് അസാധ്യമാക്കിത്തീർക്കുന്നു.
നേടുന്നില്ലെന്നും ജ്ഞാനികൾക്ക് ആഹാരമോ വിവേകികൾക്കു സമ്പത്തോ പരിജ്ഞാനികൾക്കു പ്രീതിയോ ലഭിക്കുന്നില്ലെന്നും കാണാൻ ഞാൻ തിരികെച്ചെന്നു. കാരണം അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നു ഭവിക്കുന്നത്.” (ഇനി മറ്റൊരു ഉദാഹരണം പരിചിന്തിക്കുക: ഔദാര്യശീലത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും; ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (സഭാപ്രസംഗി 11:1, 2) ആളുകൾ മുൻകൂട്ടി കാണാത്ത—വാസ്തവത്തിൽ കാണാൻ കഴിയാത്ത—കാര്യങ്ങളാണ് മിക്കപ്പോഴും അനർഥങ്ങൾ, ചുരുക്കം ചിലവയുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണെങ്കിലും. അതുകൊണ്ട് ഗണിതശാസ്ത്ര പ്രൊഫസറായ അണ്ടർവുഡ് ഡഡ്ലി സംഖ്യാജ്യോതിഷക്കാരെ കുറിച്ച് ഇങ്ങനെ എഴുതുന്നു: “അവർ യാദൃച്ഛികതയ്ക്ക് അർഹമായ ബഹുമതി കൊടുക്കാൻ പരാജയപ്പെടുന്നു. വിസ്മയാവഹമായ കാര്യങ്ങൾ ആകസ്മികമായി സംഭവിക്കാം.”
സംഖ്യാജ്യോതിഷക്കാരുടെ ചില പ്രവചനങ്ങൾ ശരിയായിത്തീർന്നേക്കാം എന്നതു സത്യംതന്നെ. എന്നാൽ എന്താണ് ഇതിന്റെ പിന്നിൽ? ചിലപ്പോഴൊക്കെ അത് യാദൃച്ഛികമായി ഒത്തുവരുന്നതായിരിക്കാം. മാത്രമല്ല, ചിലപ്പോൾ സംഖ്യാജ്യോതിഷക്കാരുടെ ഭാഷ വളരെ അവ്യക്തമായതിനാൽ അത് നിരവധി സംഭവങ്ങൾക്ക് ബാധകമാക്കാൻ കഴിയും. എന്നാൽ ഇതിനെക്കാളൊക്കെ ഗൗരവമേറിയ ഒരു കാര്യം പരിചിന്തിക്കേണ്ടതുണ്ട്.
അമാനുഷജ്ഞാനവിദ്യയുടെ ഒരു രൂപമോ?
ബൈബിൾ സംഖ്യാജ്യോതിഷത്തെ പേരെടുത്തു പറയുന്നില്ല. എന്നാൽ പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ എസ്ഥേർ 3:7, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.
പാർസ്യയിൽ പാർത്തിരുന്ന യഹൂദന്മാരുടെ ഉന്മൂലനത്തിനായി ഗൂഢപദ്ധതി ആസൂത്രണം ചെയ്ത അമാലേക്യനായ ഹാമാനെ കുറിച്ച് അതു പറയുന്നുണ്ട്. നാം ഇങ്ങനെ വായിക്കുന്നു: തന്റെ ഗൂഢതന്ത്രം നടപ്പിലാക്കാൻ പറ്റിയ “ഒരു ദിവസവും മാസവും തിരഞ്ഞെടുക്കാൻ . . . ഹാമാന്റെ സാന്നിധ്യത്തിൽ പൂര് എന്ന നറുക്കിട്ടു. പന്ത്രണ്ടാം മാസമായ ആദാർമാസത്തിനു നറുക്കുവീണു.”(ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—പുരാതന കാലങ്ങളിൽ, നറുക്കിടുന്നത് വിവാദങ്ങൾക്കു തീർപ്പു കൽപ്പിക്കാനുള്ള ഒരു നിയമാനുസൃത മാർഗമായിരുന്നു. a (സദൃശവാക്യങ്ങൾ 18:18) എന്നാൽ ഹാമാൻ നറുക്കിട്ടത് അമാനുഷജ്ഞാനവിദ്യ പ്രയോഗിക്കുന്നതിനു വേണ്ടിയായിരുന്നു. ഇത് ബൈബിൾ കുറ്റംവിധിക്കുന്ന ഒന്നാണ്. ‘പ്രശ്നക്കാരൻ [“അമാനുഷജ്ഞാനവിദ്യ പ്രയോഗിക്കുന്നവൻ,” NW], മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ എന്നിങ്ങനെയുള്ളവർ യഹോവെക്കു വെറുപ്പു അകുന്നു’ എന്ന് ആവർത്തനപുസ്തകം 18:10-12 പറയുന്നു.
ബൈബിൾ അമാനുഷജ്ഞാനവിദ്യയെയും പ്രകൃത്യതീത ശക്തിയെയും ആത്മവിദ്യയോടു ബന്ധപ്പെടുത്തുന്നു. ദുഷ്ടാത്മാക്കൾക്ക് തങ്ങളുടെ ഉദ്ദേശ്യത്തിന് ഉതകുന്ന വിധത്തിൽ സംഭവങ്ങളെ വിദഗ്ധമായി നയിക്കാൻ കഴിയും. ഒരു പ്രത്യേക കേസിൽ സംഭവിക്കുന്നത് ഇതാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്: ആത്മവിദ്യാചാരത്തെ ദൈവം കുറ്റംവിധിക്കുന്നു. അതിന് ഒരുവനെ ദുഷ്ടാത്മാക്കളുടെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാൻ കഴിയും.—1 ശമൂവേൽ 15:23; എഫെസ്യർ 6:12.
സംഖ്യാജ്യോതിഷത്തിന് ശാസ്ത്രീയ അടിത്തറ ഇല്ല. യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അതിനു പിടിച്ചുനിൽക്കാനാവില്ല. ഏറെ പ്രധാനമായി, സംഖ്യാജ്യോതിഷം അമാനുഷജ്ഞാനവിദ്യയുടെ ഒരു രൂപമായതിനാൽ അത് ബൈബിൾ പഠിപ്പിക്കലുകളുമായി ചേർച്ചയിലല്ല. ഇതിന്റെയെല്ലാം വീക്ഷണത്തിൽ ചിന്തിക്കുമ്പോൾ, സംഖ്യാജ്യോതിഷത്തെ നിങ്ങളുടെ ജീവിതത്തിന്മേൽ നിയന്ത്രണം ചെലുത്താൻ അനുവദിക്കുന്നതോ ഭാവി ആസൂത്രണം ചെയ്യാൻ ഉപയോഗിക്കുന്നതോ പ്രയോജനകരമായിരിക്കില്ല. (g02 9/8)
[അടിക്കുറിപ്പ്]
a നറുക്കിടുമ്പോൾ ഉരുളൻ കല്ലുകളോ ചെറിയ തടിക്കഷണങ്ങളോ പോലുള്ള ചെറിയ സാധനങ്ങൾ വസ്ത്രത്തിന്റെ മടക്കുകൾക്കുള്ളിലോ ഒരു പൂപ്പാത്രത്തിലോ ഇട്ട് കുലുക്കുമായിരുന്നു. ആരുടെ നറുക്കാണോ പുറത്തെടുക്കുന്നത് അയാളെ ആയിരിക്കും തിരഞ്ഞെടുക്കുക.
[6-ാം പേജിലെ ചതുരം]
കലണ്ടറുകളിലെ വൈവിധ്യം സംഖ്യാജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്
ഗ്രിഗോറിയൻ സെപ്റ്റംബർ 11, 2001
ചൈനീസ് 78-ാം ചക്രത്തിലെ 18-ാം ആണ്ട് 7-ാം മാസം 24-ാം ദിവസം
ജൂലിയൻ ആഗസ്റ്റ് 29, 2001
മുസ്ലീം 22 ജുമാദ II 1422
എബ്രായ 23 ഏലൂൽ 5761
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ജാതകങ്ങൾ ആശ്രയയോഗ്യമോ?
“ആളുകളോട് വേഗത്തിൽ അടുത്തിടപഴകുന്ന പ്രകൃതമാണ് ചിലപ്പോൾ നിങ്ങളുടേത്. എന്നാൽ മറ്റു ചിലപ്പോഴാകട്ടെ, ഒതുങ്ങിക്കൂടുന്ന പ്രകൃതവും. പരിചയമില്ലാത്തവരോടു നിങ്ങളെ കുറിച്ച് അധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നതു ബുദ്ധിയല്ലെന്നു നിങ്ങൾ കരുതുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിയാണു നിങ്ങൾ. തെളിവില്ലാതെ ഒരു കാര്യം കണ്ണുമടച്ചു വിശ്വസിക്കാൻ നിങ്ങൾ തയ്യാറല്ല. ജീവിതത്തിൽ വൈവിധ്യം ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണു നിങ്ങൾ. നിയമങ്ങളുടെ കൂച്ചുവിലങ്ങിൽ ആകുന്നത് നിങ്ങളെ അസന്തുഷ്ടനാക്കുന്നു. നിങ്ങൾക്ക് ഒട്ടേറെ കഴിവുകളുണ്ട്. നിങ്ങൾ അവ മുഴുവനായി ഉപയോഗിച്ചിട്ടില്ല. നിങ്ങളുടെതന്നെ പ്രകടനങ്ങളെയും കഴിവുകളെയും വിമർശിക്കാൻ ചായ്വുള്ളവനാണു നിങ്ങൾ.”
ഈ പറഞ്ഞുവരുന്നത് നിങ്ങളെ കുറിച്ചാണെന്നു തോന്നുന്നുവോ? എങ്കിൽ, ആ വർണനയ്ക്ക് അർഹിക്കുന്നതിലേറെ പ്രാധാന്യം കൽപ്പിക്കുകയായിരിക്കാം നിങ്ങൾ. കാരണം, ഭൂരിപക്ഷം ആളുകളുടെ കാര്യത്തിലും സത്യമായിരിക്കുന്ന പ്രസ്താവനകളാണു മേൽപ്പറഞ്ഞവയിൽ മിക്കതും. അതുകൊണ്ട്, തങ്ങളുടെ കാര്യത്തിൽ ശരിയെന്നു തോന്നുന്ന പ്രസ്താവനകൾ സ്വീകരിക്കാനും അല്ലാത്തവ അവഗണിക്കാനും വായനക്കാർ ചായ്വു കാണിക്കും. മൂന്നു ബസുകൾ ഒരുമിച്ചു വരുന്നതിന്റെ കാരണം—ദൈനംദിന ജീവിതത്തിന്റെ നിഗൂഢ ഗണിതശാസ്ത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ജാതകത്തിൽ ഓരോ നക്ഷത്രത്തിനും കൊടുത്തിരിക്കുന്ന ചിഹ്നങ്ങൾ നീക്കം ചെയ്താൽ, തങ്ങളുടെ ചിഹ്നത്തിനു പറഞ്ഞിരിക്കുന്ന ഖണ്ഡിക ഏതാണെന്നു തിരിച്ചറിയാൻ ആളുകൾക്ക് കഴിയില്ല. എന്നാൽ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയാൽ, തങ്ങളുടെ ജാതകമാണ് ഏറ്റവും കൃത്യതയുള്ളതെന്ന് അവർ കരുതുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.”
[8-ാം പേജിലെ ചതുരം]
ബൈബിളിലെ പ്രതീകാത്മക സംഖ്യകൾ
ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില സംഖ്യകൾക്കു പ്രതീകാത്മക അർഥങ്ങളുണ്ട്. എന്നാൽ ഏതു തിരുവെഴുത്തുകളിലാണോ അവ ഉപയോഗിച്ചിരിക്കുന്നത് ആ തിരുവെഴുത്തുകളുടെ സന്ദർഭത്തിൽ മാത്രമേ അവയ്ക്ക് അങ്ങനെയൊരു അർഥം കൈവരുന്നുള്ളൂ. ഉദാഹരണത്തിന്, നാല് എന്ന സംഖ്യ സമഗ്രതയെ അല്ലെങ്കിൽ സാർവത്രികതയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ‘ഭൂമിയുടെ നാലു ദിക്കുകൾ,’ ‘ആകാശത്തിലെ നാലു കാററ്’ എന്നീ പ്രയോഗങ്ങളിൽ ഈ ആശയമാണ് അന്തർലീനമായിരിക്കുന്നത്. (യെശയ്യാവു 11:12; ദാനീയേൽ 8:8) ചില സമയങ്ങളിൽ ആറ് എന്ന സംഖ്യ അപൂർണതയെ കുറിക്കുന്നു. രസകരമെന്നു പറയട്ടെ, വെളിപ്പാടു പുസ്തകം സാത്താന്റെ ഭൗമിക രാഷ്ട്രീയ സംഘടനയ്ക്കു നൽകിയിരിക്കുന്ന സംഖ്യ ‘ഒരു മനുഷ്യന്റെ സംഖ്യയാണ്’—666. (വെളിപ്പാടു 13:18) ആ മൃഗസമാന സംഘടനയുടെ അപൂർണതയ്ക്ക് അടിവരയിട്ടുകൊണ്ട് ആറ് മൂന്നു തവണ ഉപയോഗിച്ചിരിക്കുന്നു. ഏഴ് എന്ന സംഖ്യ പ്രതീകാത്മക അർഥത്തിൽ ഉപയോഗിക്കുമ്പോൾ അതു പൂർണതയെ പ്രതിനിധാനം ചെയ്യുന്നു. (ലേവ്യപുസ്തകം 4:6; എബ്രായർ 9:24-26) ഇവയ്ക്കും തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന മറ്റു പ്രതീകാത്മക സംഖ്യകൾക്കും അർഥം കൈവരുന്നത് അവയുടെ പ്രാവചനിക സന്ദർഭത്തിൽനിന്നാണ്.
തിരുവെഴുത്തുകൾ ചില സംഖ്യകൾക്ക് ഒരു അളവുവരെ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെങ്കിലും നിഗൂഢ സത്യങ്ങളുടെ മറനീക്കാനുള്ള ഉദ്ദേശ്യത്തിൽ ചില വാക്കുകളിലെ അക്ഷരങ്ങളെ സംഖ്യകളുമായി ബന്ധപ്പെടുത്താൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നില്ല.
[8-ാം പേജിലെ ചിത്രം]
വംശഹത്യയ്ക്കുള്ള ഗൂഢതന്ത്രം നടപ്പാക്കാൻ പറ്റിയ ഒരു തീയതി തിരഞ്ഞെടുക്കാൻ ഹാമാൻ അമാനുഷജ്ഞാനവിദ്യ പ്രയോഗിച്ചു