വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യപാനത്തിന്റെ ബന്ധനത്തിൽനിന്നു മോചനം

മദ്യപാനത്തിന്റെ ബന്ധനത്തിൽനിന്നു മോചനം

മദ്യപാനത്തിന്റെ ബന്ധനത്തിൽനിന്നു മോചനം

ഒരു ആഘോഷത്തിനു കൊഴുപ്പേകാനോ ഭക്ഷണം ആസ്വാദ്യമാക്കാനോ ഒരൽപ്പം മദ്യത്തിനായേക്കും. എന്നാൽ ചിലരുടെ കാര്യത്തിൽ മദ്യത്തിന്റെ ഉപയോഗം ഗൗരവമായ പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു. മദ്യപാനത്തിന്റെ ബന്ധനത്തിൽനിന്നു മോചിതനാകാൻ കഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിതാനുഭവം ശ്രദ്ധിക്കൂ.

ഞങ്ങളുടെ കുടുംബത്തിൽ നിലനിന്നിരുന്ന സമ്മർദപൂരിതമായ അന്തരീക്ഷത്തെക്കുറിച്ചു വിവരിക്കുക ഇപ്പോൾപ്പോലും വേദനാകരമാണ്‌. ഡാഡിയും മമ്മിയും നല്ലവണ്ണം മദ്യപിക്കുമായിരുന്നു. മാത്രമല്ല ഡാഡി മമ്മിയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. മിക്കപ്പോഴും എനിക്കിട്ടും പൊതിരെ തല്ലുകിട്ടുമായിരുന്നു. അവർ വേർപിരിയാൻ തീരുമാനിച്ചപ്പോൾ എനിക്കു നാലു വയസ്സുമാത്രം പ്രായം. എന്നെ വല്യമ്മയുടെ അടുക്കൽ കൊണ്ടുചെന്നാക്കുന്നത്‌ ഇന്നും ഞാനോർക്കുന്നു.

ഞാൻ ആർക്കും വേണ്ടാത്തവനാണ്‌ എന്ന തോന്നൽ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഏഴു വയസ്സുള്ളപ്പോൾ ഞാൻ ആരും കാണാതെ നിലവറയിൽക്കടന്ന്‌ വീട്ടിൽ ഉണ്ടാക്കിയ വീഞ്ഞെടുത്തു കുടിക്കുമായിരുന്നു. അങ്ങനെ എന്റെ ദുഃഖത്തിന്‌ ഒരൽപ്പം ആശ്വാസം കിട്ടിയിരുന്നതായി തോന്നി. എനിക്കു 12 വയസ്സുള്ളപ്പോൾ അമ്മയും വല്യമ്മയും തമ്മിൽ എന്നെപ്രതി വലിയൊരു വഴക്കുണ്ടാക്കി. ദേഷ്യംമൂത്ത്‌ മമ്മി എന്റെ നേരെ ഒരു മുപ്പല്ലി എറിഞ്ഞു, അതു ദേഹത്തുകൊള്ളാതെ ഞാൻ രക്ഷപ്പെട്ടു! എന്റെ ജീവൻ അപകടത്തിലായ ഒരേയൊരു സന്ദർഭം ആയിരുന്നില്ല ഇത്‌. എങ്കിലും ഉള്ളിന്റെയുള്ളിലെ ആഴമായ വൈകാരിക മുറിപ്പാടുകൾ വെച്ചുനോക്കുമ്പോൾ പുറമേയുള്ളവ നിസ്സാരമായിരുന്നു.

14 വയസ്സായപ്പോഴേക്കും ഞാനൊരു മുഴുക്കുടിയനായിത്തീർന്നിരുന്നു. 17-ാം വയസ്സിൽ ഞാൻ വീടുവിട്ടിറങ്ങി. എന്തും ചെയ്യാമെന്ന ഒരു തോന്നൽ മദ്യപാനം എന്നിലുളവാക്കി, ഞാൻ ഒരു വഴക്കാളിയായിത്തീർന്നു, സ്ഥലത്തെ കഫേകളിലെല്ലാംചെന്നു പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. എന്റെ ജീവിതത്തിന്‌ ആനന്ദംപകർന്നിരുന്ന ഏക സംഗതി കുടിയായിരുന്നു. ഒരൊറ്റ ദിവസംതന്നെ ഞാൻ 5 ലിറ്റർ വീഞ്ഞും ഏതാനും കുപ്പി ബിയറും ബ്രാൻഡിയോ വിസ്‌കിയോ പോലുള്ള മദ്യവും കുടിക്കുമായിരുന്നു.

വിവാഹിതനായപ്പോൾ, എന്റെ മദ്യപാനം ഭാര്യക്കു വലിയൊരു തലവേദനയായിത്തീർന്നു. നീരസവും വിദ്വേഷവും നുരഞ്ഞുപൊന്തി, ഞാൻ ഭാര്യയെയും കുട്ടികളെയും ശരിക്കും പ്രഹരിക്കുമായിരുന്നു, ഞാൻ വളർന്നുവന്ന അതേ അന്തരീക്ഷംതന്നെയായി ഇപ്പോൾ ഞങ്ങളുടെ വീട്ടിലും. സമ്പാദിച്ച പണം മുഴുവൻതന്നെ ഞാൻ കുടിച്ചുതീർത്തു. വീട്ടുസാമാനങ്ങളെന്നു പറയാൻ ഞങ്ങൾക്ക്‌ കാര്യമായിട്ട്‌ ഒന്നുമില്ലായിരുന്നു, അതുകൊണ്ട്‌ ഞങ്ങൾ രണ്ടുപേരും നിലത്തുകിടന്നാണ്‌ ഉറങ്ങിയിരുന്നത്‌. ഉദ്ദേശ്യരഹിതമായ ഒരു ജീവിതമായിരുന്നു എന്റേത്‌; അവസ്ഥകൾ മെച്ചപ്പെടുത്താൻ ഞാൻ ഒന്നും ചെയ്‌തതുമില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ യഹോവയുടെ സാക്ഷികളിലൊരാളുമായി സംസാരിച്ചു. ഇത്രയധികം ദുരിതങ്ങളുള്ളതിന്റെ കാരണത്തെക്കുറിച്ചു ഞാൻ ചോദിച്ചു, പ്രശ്‌നരഹിതമായ ഒരു ലോകം സംബന്ധിച്ച്‌ ദൈവം ചെയ്‌തിരിക്കുന്ന വാഗ്‌ദാനം അദ്ദേഹം ബൈബിളിൽനിന്ന്‌ എനിക്കു കാണിച്ചുതന്നു. അതോടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ ഞാൻ തീരുമാനിച്ചു. ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കിയ ഞാൻ മദ്യപാനം കുറച്ചു, ഞങ്ങളുടെ കുടുംബജീവിതം വളരെയേറെ മെച്ചപ്പെട്ടു. എങ്കിലും യഹോവയാം ദൈവത്തെ സ്വീകാര്യയോഗ്യമായി സേവിക്കണമെങ്കിൽ മദ്യപാന ശീലത്തിൽനിന്നു പൂർണമായി വിമുക്തനാകേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. മൂന്നു മാസത്തെ പ്രയത്‌നത്തിനുശേഷം എനിക്കതു പൂർണമായും ഒഴിവാക്കാനായി. ആറു മാസത്തിനുശേഷം ഞാൻ എന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു.

മദ്യപാനത്തിന്റെ തടവറയിൽനിന്നു മോചനം ലഭിച്ചതോടെ എന്റെ കടങ്ങൾ അടച്ചുവീട്ടാൻ എനിക്കു സാധിച്ചു. കാലക്രമേണ ഞാനൊരു വീടു വാങ്ങി, തുടർന്ന്‌ ഒരു കാറും. ക്രിസ്‌തീയ യോഗങ്ങൾക്കും വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിനും പോകാൻ ഞങ്ങളത്‌ ഉപയോഗിക്കുന്നു. ആത്മാഭിമാനം വീണ്ടെടുക്കാൻ ഇതെല്ലാം എന്നെ സഹായിച്ചു.

ചില സന്ദർഭങ്ങളിൽ ഏതെങ്കിലും സാമൂഹിക കൂടിവരവിൽ സംബന്ധിക്കുമ്പോൾ മദ്യം കഴിക്കാൻ മറ്റുള്ളവർ എന്നെ ക്ഷണിക്കാറുണ്ട്‌. ഞാൻ മദ്യം ഒഴിവാക്കുന്നത്‌ എത്ര പോരാട്ടം കഴിച്ചിട്ടാണെന്നും അൽപ്പം കുടിച്ചാൽപ്പോലും വീണ്ടും ആ പഴയകാലത്തേക്കു തിരിച്ചുപോകുമെന്നുള്ളതുമൊന്നും പലർക്കും അറിയില്ല. മദ്യം കഴിക്കാനുള്ള ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്‌. അതു വേണ്ടെന്നുവെക്കാൻ ഉത്‌കടമായ പ്രാർഥനയും നിശ്ചയദാർഢ്യവും എന്നെ സഹായിക്കുന്നു. ദാഹം തോന്നുമ്പോൾ ലഹരിപദാർഥങ്ങളില്ലാത്ത എന്തും കുടിച്ചു ഞാൻ വയറുനിറയ്‌ക്കും. കഴിഞ്ഞ പത്തുവർഷത്തിനിടയ്‌ക്ക്‌ ഒരിക്കൽപ്പോലും ഞാൻ മദ്യം കഴിച്ചിട്ടില്ല.

മനുഷ്യർക്ക്‌ അസാധ്യമായതു യഹോവയ്‌ക്കു സാധ്യമാണ്‌. ഒരിക്കലും ലഭിക്കുമെന്നു വിചാരിക്കാതിരുന്ന സ്വാതന്ത്ര്യം ആസ്വദിക്കാൻ അവൻ എന്നെ സഹായിച്ചിരിക്കുന്നു! ചെറുപ്പത്തിൽ എനിക്കുണ്ടായ വൈകാരിക മുറിപ്പാടുകൾ ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ല. മാത്രമല്ല, നിഷേധാത്മക ചിന്തകളുമായി എനിക്ക്‌ എപ്പോഴും പോരാടേണ്ടതായുംവരുന്നു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ആത്മാർഥ സുഹൃത്തുക്കളുള്ള ഒരു സഭയിലും എന്റെ വിശ്വാസം പങ്കിടുന്ന ഒരു കുടുംബത്തിലും ആയിരിക്കാനും അതിലുപരി ദൈവവുമായി ഒരു നല്ല ബന്ധം ആസ്വദിക്കാനും കഴിയുന്നതിൽ ഞാൻ അനുഗൃഹീതനാണ്‌. മദ്യപാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാര്യയും കുട്ടികളും എന്നെ സർവാത്മനാ പിന്തുണയ്‌ക്കുന്നു. എന്റെ ഭാര്യ പറയുന്നു: “മുമ്പ്‌ എന്റെ ജീവിതം നരകതുല്യമായിരുന്നു. എന്നാൽ ഇന്ന്‌, ഭർത്താവിനോടും രണ്ടു കുട്ടികളോടുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ കഴിയുന്നതിൽ ഞാൻ യഹോവയാം ദൈവത്തോട്‌ അങ്ങേയറ്റം കൃതജ്ഞതയുള്ളവളാണ്‌.”​—⁠സംഭാവന ചെയ്യപ്പെട്ടത്‌.

[21-ാം പേജിലെ ആകർഷക വാക്യം]

14 വയസ്സായപ്പോഴേക്കും ഞാനൊരു മുഴുക്കുടിയൻ ആയിത്തീർന്നിരുന്നു

[22-ാം പേജിലെ ആകർഷക വാക്യം]

മനുഷ്യർക്ക്‌ അസാധ്യമായതു യഹോവയ്‌ക്കു സാധ്യമാണ്‌

[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

മദ്യത്തെക്കുറിച്ച്‌ ബൈബിളിനു പറയുവാനുള്ളത്‌

▪ മദ്യം ഉപയോഗിക്കുന്നതിനെ ബൈബിൾ വിലക്കുന്നില്ല. “മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞ്‌” ദൈവത്തിൽനിന്നുള്ള ഒരു ദാനമായിരിക്കുന്നതായി അതു വർണിക്കുന്നു. (സങ്കീർത്തനം 104:14, 15) കൂടാതെ സമൃദ്ധിയുടെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി ബൈബിൾ മുന്തിരിവള്ളിയെ ചിത്രീകരിക്കുന്നു. (മീഖാ 4:4) വാസ്‌തവത്തിൽ, യേശു ചെയ്‌ത ആദ്യത്തെ അത്ഭുതം ഒരു വിവാഹവിരുന്നിൽ വെള്ളം വീഞ്ഞാക്കിയതായിരുന്നു. (യോഹന്നാൻ 2:7-9) തിമൊഥെയൊസിന്റെ ‘അജീർണതയെയും കൂടെക്കൂടെയുള്ള ക്ഷീണത്തെയും’ കുറിച്ചു കേട്ടപ്പോൾ “അല്‌പം വീഞ്ഞു” കുടിക്കുന്നതിന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ശുപാർശചെയ്യുകയുണ്ടായി.​—⁠1 തിമൊഥെയൊസ്‌ 5:⁠23.

▪ മദ്യത്തിന്റെ അമിതമായ ഉപയോഗത്തെയാണു ബൈബിൾ കുറ്റംവിധിക്കുന്നത്‌:

“മദ്യപന്മാർ . . . ദൈവരാജ്യം അവകാശമാക്കുകയില്ല.”​—⁠1 കൊരിന്ത്യർ 6:9-11.

“വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ.”​—⁠എഫെസ്യർ 5:⁠18.

“ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു. ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്‌ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.”​—⁠സദൃശവാക്യങ്ങൾ 23:29-33.

ഇതോടൊപ്പമുള്ള ലേഖനത്തിൽ കാണാൻ കഴിയുന്നതുപോലെ, മദ്യപാനവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങളുണ്ടായിരുന്ന ചിലർ അതു പൂർണമായി വർജിക്കാൻ ജ്ഞാനപൂർവം തീരുമാനിച്ചിരിക്കുന്നു.​—⁠മത്തായി 5:⁠29.