വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഷയെ പ്രണയിച്ച രാജാവ്‌

ഭാഷയെ പ്രണയിച്ച രാജാവ്‌

ഭാഷയെ പ്രണയിച്ച രാജാവ്‌

കാമറൂണിലെ ഉണരുക! ലേഖകൻ

ബാമൂം വംശത്തിന്റെ 17-ാമത്തെ രാജാവായിരുന്നു സുൽത്താൻ ഇബ്രാഹിം ജോയ. ആ വലിയ വംശത്തിന്റെ പിന്തുടർച്ചക്കാർ ഇന്നും പടിഞ്ഞാറൻ കാമറൂണിന്റെ പുൽമേടുകളിൽ വസിക്കുന്നുണ്ട്‌. 1889 മുതൽ 1933-ൽ മരിക്കുന്നതുവരെ ജോയ രാജപദം അലങ്കരിച്ചു. 14-ാം നൂറ്റാണ്ടുമുതലുള്ള ഭരണാധികാരികളെക്കുറിച്ചു വെളിപ്പെടുത്തുന്ന, ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിസ്റ്റിൽ അതു കാണാം. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഫ്രഞ്ചുകാരും ജർമൻകാരും ആ പ്രദേശം കോളനിവത്‌കരിക്കാൻ ശ്രമിച്ചു.

ചെറുപ്പംമുതലേ ബുദ്ധിപരമായി ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു ജോയ. തന്റെ അതേ ആശയങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്ന ബുദ്ധിജീവികളായിരുന്നു സർഗപ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ സഹചാരികൾ. താഴെ കാണിച്ചിരിക്കുന്ന പ്രൗഢഗംഭീരമായ കൊട്ടാരം ശിൽപ്പവിദ്യയിലെ അദ്ദേഹത്തിന്റെ പാടവം വിളിച്ചോതുന്നതാണ്‌. ധാന്യം പൊടിക്കാനുള്ള ഒരു യന്ത്രം കണ്ടുപിടിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. അതിന്റെ ചിത്രവും ഇവിടെ കൊടുത്തിട്ടുണ്ട്‌. എന്നാൽ ബാമൂം ഭാഷയ്‌ക്ക്‌ ഒരു ലിപി ആവിഷ്‌കരിച്ചതാണ്‌ അദ്ദേഹത്തെ പ്രശസ്‌തിയുടെ സോപാനത്തിലേക്ക്‌ ഉയർത്തിയത്‌.

അക്ഷരങ്ങളുടെ പണിപ്പുരയിൽ

19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബാമൂം ജനതയുടെ ചരിത്രം തലമുറകളിൽനിന്നു തലമുറകളിലേക്കു കൈമാറപ്പെട്ടിരുന്നത്‌ വാമൊഴിയായിട്ടാണ്‌. എന്നാൽ ഇങ്ങനെ പോയാൽ, വിശദാംശങ്ങൾ കൂട്ടിച്ചേർക്കാനോ വിട്ടുകളയാനോ സാധ്യതയുണ്ടെന്ന്‌ ജോയ മനസ്സിലാക്കി. തന്റെ സാമ്രാജ്യത്തിലൂടെ സഞ്ചരിച്ചിരുന്ന വ്യാപാര-വ്യവസായ രംഗത്തുള്ളവരിൽനിന്നും ലഭിച്ച പുസ്‌തകങ്ങളുടെ സഹായത്തോടെ അദ്ദേഹം അറബിഭാഷയിൽ പ്രാവീണ്യം നേടിയിരുന്നു. അക്കാലത്ത്‌ ലൈബീരിയയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന വൈ ലിപിയും അദ്ദേഹത്തിന്‌ അറിയാമായിരുന്നിരിക്കണം. അങ്ങനെ സ്വന്തം ഭാഷ എഴുതാനുള്ള ഒരു ലിപി അദ്ദേഹം വികസിപ്പിച്ചെടുക്കാൻ തുടങ്ങി.

മുഖ്യമായും ചിത്രലിപികളും ആശയലിപികളും അടങ്ങുന്ന നൂറുകണക്കിനു ചിഹ്നങ്ങൾ ഉപയോഗിച്ചായിരുന്നു തുടക്കം. ഈ സമ്പ്രദായം അനുസരിച്ച്‌, ഓരോ ചിഹ്നവും എന്തിനെ സൂചിപ്പിക്കുന്നു എന്ന്‌ ആളുകൾ ഓർത്തിരിക്കണമായിരുന്നു. തുടർന്നുവന്ന വർഷങ്ങളിൽ വിശ്വസ്‌തരായ സേവകരുടെ സഹായത്തോടെ അദ്ദേഹം ലിപിസമ്പ്രദായം ലളിതമാക്കി. അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ചിഹ്നങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു. പല ചിഹ്നങ്ങൾ ചേർത്ത്‌ വാക്കുകളുണ്ടാക്കി. അതുകൊണ്ടെന്താ, വായനക്കാർക്ക്‌ വളരെക്കുറച്ച്‌ വ്യഞ്‌ജനങ്ങളും സ്വരങ്ങളും ഓർത്തുവെച്ചാൽ മതിയെന്നായി. ജോയ സംരംഭം പൂർത്തിയാക്കിയപ്പോൾ അക്കൗക്കൂ എന്ന ഈ പുതിയ ലിപിയിൽ 70 അക്ഷരങ്ങളാണ്‌ ഉണ്ടായിരുന്നത്‌.

സ്‌കൂൾതലത്തിലും ഭരണതലത്തിലും നിർബന്ധമാക്കിക്കൊണ്ട്‌ ജോയ ബാമൂം ലിപിയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു. തന്റെ രാജപരമ്പരയെയും രാജ്യത്തെയും കുറിച്ചുള്ള ഒരു ചരിത്രം ഈ പുതിയ ലിപിയിലാക്കുന്നതിനുള്ള സംരംഭത്തിന്‌ അദ്ദേഹം ചുക്കാൻപിടിച്ചു. അങ്ങനെ തങ്ങളുടെ പാരമ്പര്യങ്ങളും ആചാരാനുഷ്‌ഠാനങ്ങളും നിയമങ്ങളുമൊക്കെ സ്വന്തം ഭാഷയിൽ വായിച്ചു മനസ്സിലാക്കാൻ ബാമൂം ജനതയ്‌ക്കായി. ഔഷധക്കൂട്ടുകളുടെ സൂത്രവാക്യങ്ങളും ജോയ പുതിയ ലിപിയിൽ എഴുതിച്ചു. ഈ മൂലരേഖകളിൽ 8,000-ത്തിലധികം ഇന്നു മ്യൂസിയങ്ങളിൽ കാണാം.

1902-ൽ ജർമൻ അധിനിവേശശക്തികൾ എത്തി അധികം താമസിയാതെ ഈ പുതിയ ലിപിയുടെ ഒരു പ്രയോജനം വ്യക്തമായിത്തീർന്നു. സാമ്പത്തിക വളർച്ചയിൽനിന്ന്‌ ജോയ പ്രയോജനം നേടിയെങ്കിലും ജർമൻ അധികാരികളുമായി എല്ലായ്‌പോഴും സ്വരച്ചേർച്ചയിലല്ലായിരുന്നു. അതുകൊണ്ട്‌ ജർമൻകാർക്ക്‌ അതുവരെയും പിടികിട്ടാതിരുന്ന തന്റെ ലിപിസമ്പ്രദായം അദ്ദേഹം ഉപയോഗിച്ചു. അതെത്ര കാലം നിലനിന്നു?

ഒന്നാം ലോകമഹായുദ്ധകാലത്ത്‌ (1914-18) ജർമനിക്കു ജോയയുടെ സാമ്രാജ്യത്തിന്മേലുള്ള പിടി നഷ്ടമായി. ഒടുവിൽ, പുതുതായി രൂപംകൊണ്ട സർവരാജ്യസഖ്യം ബാമൂം പ്രദേശത്തിന്റെ ഔദ്യോഗിക അധികാരം ഫ്രാൻസിനു കൈമാറി. പുതിയ ആശയങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കൂട്ടത്തിലായിരുന്നെങ്കിലും തന്റെ പൈതൃകത്തെപ്രതി ഊറ്റംകൊണ്ടിരുന്ന, സ്വന്തം ജനതയുടെ സംസ്‌കാരം എന്തു വിലകൊടുത്തും പരിരക്ഷിക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ജോയ. ഇത്‌ ഫ്രഞ്ച്‌ ആധിപത്യവുമായി കൊമ്പുകോർക്കുന്നതിലേക്കു നയിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫ്രഞ്ച്‌ കോളനിവാഴ്‌ചയോടു കൂറു പുലർത്താൻ വിസമ്മതിച്ച പ്രമുഖരുടെ ഗതി തന്നെയായിരുന്നു ജോയയുടേതും; 1931-ൽ ഫ്രഞ്ചുകാർ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തി. രണ്ടു വർഷം കഴിഞ്ഞ്‌ അദ്ദേഹം മരിച്ചു.

ഫ്രഞ്ച്‌ അധികാരികൾ സ്‌കൂൾതലത്തിൽ ബാമൂം ലിപിക്ക്‌ വിലക്കേർപ്പെടുത്തുകയും ജോയ അരങ്ങൊഴിയുകയും ചെയ്‌തതോടെ അത്‌ ഉപയോഗിക്കാതാകുകയും ബാമൂം ജനതതിയുടെ മനസ്സിൽനിന്നുതന്നെ തിരോഭവിക്കുകയും ചെയ്‌തു. പിന്നീടു രംഗത്തെത്തിയ ക്രൈസ്‌തവ മിഷനറിമാർ ബാമൂം ജനതയുടെ സംസാരഭാഷ പഠിച്ച്‌ സ്‌കൂളിൽ ഉപയോഗിക്കുന്നതിനായി അതിന്റെ വ്യാകരണനിയമങ്ങൾ എഴുതിയുണ്ടാക്കി. ജോയയിൽനിന്നു വ്യത്യസ്‌തമായി, അപ്പോൾത്തന്നെ നിലവിലുണ്ടായിരുന്ന റോമൻ അക്ഷരമാലയിൽനിന്നും സ്വനലിപിയിൽനിന്നും കടമെടുക്കുകയായിരുന്നു അവർ.

അടുത്തകാലത്തായി ബാമൂം ലിപിയെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്‌. ഇപ്പോഴത്തെ സുൽത്താനായ ഇബ്രാഹിം ബോംബോ ജോയ തന്റെ മുത്തശ്ശൻ പണിതീർത്ത കൊട്ടാരത്തിൽ ഒരു സ്‌കൂൾ തുടങ്ങിയിരിക്കുന്നു. ഇവിടെയിപ്പോൾ കുട്ടികൾ ഈ ലിപി സമ്പ്രദായം പഠിച്ചുകൊണ്ടിരിക്കുകയാണ്‌, അത്‌ വിസ്‌മൃതിയിലാണ്ടുപോകാതിരിക്കാൻ ഒരു ശ്രമംകൂടി.

[27-ാം പേജിലെ ചിത്രം]

ഇടത്ത്‌ റോമൻ ലിപിയിലും വലത്ത്‌ ബാമൂം ലിപിയിലും ആലേഖനം ചെയ്‌തിരിക്കുന്ന, 14-ാം നൂറ്റാണ്ടുമുതൽ ഇന്നോളമുള്ള ബാമൂം രാജാക്കന്മാരെക്കുറിച്ചു പറയുന്ന ഒരു ശിലാഫലകം

[26-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ചിത്രങ്ങൾ: Courtesy and permission of Sultan Ibrahim Mbombo Njoya, Foumban, Cameroon