വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തൈറോയ്‌ഡ്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തൈറോയ്‌ഡ്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തൈറോയ്‌ഡ്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബ്രസീലിലെ ഉണരുക! ലേഖകൻ

താനൊരു അമ്മയാകാൻ പോകുകയാണെന്നറിഞ്ഞ്‌ മൂന്നുമാസമാകുംമുമ്പേ സാറയ്‌ക്ക്‌ കുഞ്ഞിനെ നഷ്ടമായി. ഒരു വർഷം കഴിഞ്ഞ്‌ സാറ വീണ്ടും ഗർഭിണിയായെങ്കിലും ആ കുഞ്ഞും പുറംലോകം കണ്ടില്ല. വൈദ്യപരിശോധനകൾ പലതും നടത്തി; പക്ഷേ കാരണം കണ്ടെത്താനായില്ല. ഏതാനും വർഷം കഴിഞ്ഞപ്പോൾ സാറയുടെ തൂക്കം വർധിക്കാൻതുടങ്ങി. വാസ്‌തവത്തിൽ, ആഹാരം കുറയ്‌ക്കാനും വ്യായാമം ചെയ്യാനുമൊക്കെ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ കാലിലെ പേശികൾ കോച്ചിപ്പിടിക്കാൻതുടങ്ങി. തണുപ്പ്‌ ഒട്ടും സഹിക്കാൻ കഴിയില്ലെന്ന അവസ്ഥയായി. ഒടുവിൽ രക്തപരിശോധനയും സ്‌കാനിങ്ങും നടത്തിയപ്പോഴാണ്‌ സാറയ്‌ക്ക്‌ തൈറോയ്‌ഡ്‌ സംബന്ധമായ പ്രശ്‌നമുണ്ടെന്നു (Hashimoto’s thyroiditis) മനസ്സിലായത്‌. അവരുടെ ഗർഭമലസാൻ കാരണം അതായിരിക്കാം. *

പലരെയുംപോലെ സാറയും തന്റെ രോഗം അത്ര കാര്യമായെടുത്തില്ല. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യം അനുദിനം മോശമായിക്കൊണ്ടിരുന്നു. നമ്മുടെ ആരോഗ്യത്തിൽ തൈറോയ്‌ഡ്‌ ഗ്രന്ഥി വഹിക്കുന്ന പങ്ക്‌ നിസ്സാരമല്ലെന്നാണ്‌ ഇതു കാണിക്കുന്നത്‌.

തൈറോയ്‌ഡ്‌ ഗ്രന്ഥി

കഴുത്തിനു മുൻഭാഗത്ത്‌ ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ സ്ഥാനം. ശലഭത്തിന്റെ ആകൃതിയിലുള്ള ഈ ഗ്രന്ഥിക്ക്‌ ശ്വസനനാളിയുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ടു ദലങ്ങളുണ്ട്‌. തൈറോയ്‌ഡ്‌ ഗ്രന്ഥിക്ക്‌ സാധാരണ 30 ഗ്രാമിൽ താഴെ തൂക്കമേയുള്ളൂ. ശരീരത്തിലെ അന്തഃസ്രാവി വ്യവസ്ഥയുടെ—ഹോർമോണുകൾ ഉത്‌പാദിപ്പിക്കുകയും ശേഖരിച്ചുവെക്കുകയും രക്തത്തിലേക്ക്‌ നേരിട്ടു സ്രവിക്കുകയും ചെയ്യുന്ന അവയവങ്ങളുടെയും കലകളുടെയും കൂട്ടം—ഭാഗമാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥി.

സൂക്ഷ്‌മങ്ങളായ അനേകം ഫോളിക്കിളുകളാൽ നിർമിതമാണ്‌ ഈ ഗ്രന്ഥി. ഈ ഫോളിക്കിളുകളിലുള്ള കൊഴുത്ത ദ്രാവകത്തിലാണ്‌ തൈറോയ്‌ഡ്‌ ഹോർമോണുകൾ ഉള്ളത്‌. തൈറോയ്‌ഡ്‌ ഹോർമോണുകളിൽ ധാരാളം അയഡിൻ അടങ്ങിയിട്ടുണ്ട്‌. ശരീരത്തിലെ മൊത്തം അയഡിന്റെ ഏതാണ്ട്‌ 80 ശതമാനവും തൈറോയ്‌ഡ്‌ ഗ്രന്ഥിയിലാണ്‌ കാണപ്പെടുന്നത്‌. അയഡിന്റെ അഭാവം തൈറോയ്‌ഡ്‌ വീക്കത്തിന്‌ (ഗോയിറ്റർ) ഇടയാക്കിയേക്കാം. കുട്ടികളിൽ അയഡിന്റെ അപര്യാപ്‌തത ഹോർമോൺ ഉത്‌പാദനത്തെ തടസ്സപ്പെടുത്തും. അതാകട്ടെ, ശാരീരികവും മാനസികവും ലൈംഗികവുമായ വളർച്ചയെ മുരടിപ്പിക്കും. ഈ വൈകല്യം ക്രെറ്റിനത (cretinism) എന്ന്‌ അറിയപ്പെടുന്നു.

ഹോർമോണുകളുടെ പ്രവർത്തനം

തൈറോയ്‌ഡ്‌ ഗ്രന്ഥി T3, RT3, T4 എന്നിങ്ങനെ മൂന്ന്‌ ഹോർമോണുകൾ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. * T4-ൽനിന്നാണ്‌ T3-യും RT3-യും ഉണ്ടാകുന്നത്‌; പ്രധാനമായും ഈ പ്രക്രിയ നടക്കുന്നത്‌, തൈറോയ്‌ഡിനു പുറത്തുള്ള ശരീരകലകളിൽവെച്ചാണ്‌. ശരീരത്തിന്‌ കൂടുതൽ തൈറോയ്‌ഡ്‌ ഹോർമോണുകൾ ആവശ്യമായി വരുമ്പോൾ ഗ്രന്ഥി നേരിട്ട്‌ രക്തത്തിലേക്ക്‌ T4 സ്രവിക്കുന്നു. അങ്ങനെ T4-ഉം അതിൽനിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന മറ്റ്‌ ഹോർമോണുകളും ശരീരകോശങ്ങളിൽ എത്തിച്ചേരുന്നു.

ശരീരത്തിലെ ഉപാപചയ പ്രക്രിയയുടെ നിരക്ക്‌ നിയന്ത്രിക്കുന്നത്‌ തൈറോയ്‌ഡ്‌ ഹോർമോണുകളാണ്‌, ആക്‌സിലറേറ്റർ വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്നതുപോലെ. ശരീരകലകളുടെ വളർച്ചയിലും കേടുപോക്കലിലും തൈറോയ്‌ഡ്‌ ഹോർമോണുകൾക്ക്‌ നിർണായക പങ്കുണ്ട്‌. ഇതിനുപുറമേ, ഹൃദയമിടിപ്പ്‌ നിയന്ത്രിക്കുന്നതും പേശികൾക്കുവേണ്ട ഊർജം ഉത്‌പാദിപ്പിക്കുന്നതും ശരീര താപനില ക്രമീകരിച്ചുനിറുത്തുന്നതും തൈറോയ്‌ഡ്‌ ഹോർമോണുകളുടെ ധർമത്തിൽപ്പെടുന്നു.

തൈറോയ്‌ഡ്‌ ഹോർമോണുകൾക്ക്‌ സുപ്രധാനമായ മറ്റു ധർമങ്ങളുമുണ്ട്‌. രക്തത്തിൽനിന്ന്‌, അധികമുള്ള ട്രൈഗ്ലിസറൈഡുകളും ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (ചീത്ത കൊളസ്‌ടോൾ) നീക്കം ചെയ്യാൻ കരളിനെ സഹായിക്കുന്നത്‌ ഈ ഹോർമോണുകളാണ്‌. പിത്തരസത്തിലേക്ക്‌ നീക്കംചെയ്യപ്പെടുന്ന കൊളസ്‌ട്രോൾ മലവിസർജനത്തിലൂടെ പുറത്തുപോകുന്നു. ശരീരത്തിൽ ആവശ്യത്തിന്‌ തൈറോയ്‌ഡ്‌ ഹോർമോൺ ഉത്‌പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ വർധിക്കുകയും ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളുടെ അഥവാ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ കുറയുകയും ചെയ്യും.

പെരിസ്റ്റാൾസിസിനെയും (അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനം) ദഹനരസങ്ങളുടെ ഉത്‌പാദനത്തെയും ത്വരിതപ്പെടുത്തുന്നത്‌ തൈറോയ്‌ഡ്‌ ഹോർമോണുകളാണ്‌. അതുകൊണ്ട്‌ ഈ ഹോർമോണുകളുടെ അമിതോത്‌പാദനം വയറിളക്കത്തിനും ഉത്‌പാദനക്കുറവ്‌ മലബന്ധത്തിനും കാരണമാകും.

തൈറോയ്‌ഡിനെ നിയന്ത്രിക്കുന്നത്‌ എന്താണ്‌?

മസ്‌തിഷ്‌കത്തിലെ ഹൈപ്പോത്തലാമസ്‌ എന്ന ഭാഗത്തുനിന്നാണ്‌ തൈറോയ്‌ഡിന്റെ നിയന്ത്രണം തുടങ്ങുന്നത്‌. ശരീരത്തിന്‌ തൈറോയ്‌ഡ്‌ ഹോർമോണുകളുടെ ആവശ്യമുണ്ടെന്ന്‌ ഹൈപ്പോത്തലാമസ്‌ തിരിച്ചറിയുമ്പോൾ അത്‌ അടുത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്‌ സിഗ്നൽ നൽകും. തലച്ചോറിന്റെ ചുവടറ്റത്തു സ്ഥിതിചെയ്യുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി, തൈറോയ്‌ഡിനെ ഉത്തേജിപ്പിക്കാനായി രക്തത്തിലേക്ക്‌ ടിഎസ്‌എച്ച്‌ (thyroid-stimulating hormone) സ്രവിക്കുന്നു. അങ്ങനെ തൈറോയ്‌ഡ്‌ ഗ്രന്ഥി പ്രവർത്തനക്ഷമമാകുന്നു.

രക്തത്തിലെ ടിഎസ്‌എച്ച്‌-ന്റെയും തൈറോയ്‌ഡ്‌ ഹോർമോണുകളുടെയും അളവു നോക്കി ഡോക്‌ടർമാർക്ക്‌ തൈറോയ്‌ഡിന്റെ പ്രവർത്തനം വിലയിരുത്താനാകും. തൈറോയ്‌ഡ്‌ തകരാറുകൾ നിർണയിക്കുന്നതിന്‌ ഈ പരിശോധന അനിവാര്യമാണ്‌.

തൈറോയ്‌ഡ്‌ തകരാറുകൾ

അയഡിന്റെ അഭാവം, ശാരീരിക-മാനസിക സമ്മർദങ്ങൾ, ജനിതക തകരാറുകൾ, അണുബാധ, ഓട്ടോ-ഇമ്മ്യൂൺരോഗം, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയൊക്കെ തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ തകരാറുകൾക്ക്‌ ഇടയാക്കിയേക്കാം. * ഗോയിറ്റർ രണ്ടുതരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്‌. ചിലരിൽ അത്‌ വലിയൊരു മുഴയായി കാണപ്പെടുന്നു. മറ്റു ചിലരിൽ അത്‌ പല ചെറിയ മുഴകളായിരിക്കും. സാധാരണഗതിയിൽ ഗോയിറ്റർ അപകടകാരിയല്ലെങ്കിലും അതുണ്ടെന്ന്‌ കണ്ടാൽ വൈദ്യസഹായം തേടുകതന്നെ വേണം. കാരണം ചില സാഹചര്യങ്ങളിൽ അത്‌ കാൻസർപോലെ ഗുരുതരമായ രോഗാവസ്ഥയുടെ സൂചനയായിരിക്കാം. *

പൊതുവെ, തൈറോയ്‌ഡിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഹോർമോൺ ഉത്‌പാദനം ഒന്നുകിൽ അമിതമായിരിക്കും (hyperthyroidism) അല്ലെങ്കിൽ തീരെ കുറവായിരിക്കും (hypothyroidism). തൈറോയ്‌ഡ്‌ സംബന്ധമായ അസുഖങ്ങൾ വികാസംപ്രാപിക്കുന്നത്‌ സാവധാനത്തിലായിരിക്കും. ആദ്യമൊന്നും അത്‌ തിരിച്ചറിയാൻ കഴിഞ്ഞെന്നും വരില്ല. അതുകൊണ്ട്‌ വർഷങ്ങൾ കഴിഞ്ഞായിരിക്കും പലരും പ്രശ്‌നം തിരിച്ചറിയുന്നത്‌. പല രോഗങ്ങളുടെയും കാര്യത്തിലെന്നപോലെ നേരത്തേ കണ്ടുപിടിക്കുന്നത്‌ ചികിത്സ എളുപ്പമാക്കും.

ഹാഷിമോട്ടോസ്‌ തൈറോയ്‌ഡിറ്റിസും ഗ്രേവ്‌സ്‌ രോഗവുമാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥിക്ക്‌ ഉണ്ടാകുന്ന തകരാറുകളിൽ ഏറ്റവും സാധാരണം. രണ്ടും ഓട്ടോ-ഇമ്മ്യൂൺ തകരാറിൽപ്പെടുന്നു. പ്രതിരോധ വ്യവസ്ഥ ശരീര കോശങ്ങളെ അന്യകോശങ്ങളായി കണ്ട്‌ അവയെ നശിപ്പിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണിത്‌. ഹാഷിമോട്ടോസ്‌ തൈറോയ്‌ഡിറ്റിസ്‌ പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളെ ബാധിക്കാനുള്ള സാധ്യത ആറ്‌ ഇരട്ടിയാണ്‌. മിക്കവാറും ഈ രോഗം ഹൈപ്പോതൈറോയ്‌ഡിസത്തിൽ കലാശിക്കും. ഗ്രേവ്‌സ്‌ രോഗം സ്‌ത്രീകളെ ബാധിക്കാനുള്ള സാധ്യത എട്ട്‌ ഇരട്ടിയാണ്‌. ഇത്‌ പലപ്പോഴും ഹൈപ്പർതൈറോയ്‌ഡിസത്തിന്‌ കാരണമാകുന്നു.

തൈറോയ്‌ഡ്‌ പരിശോധന എത്ര കൂടെക്കൂടെ നടത്തണം എന്നതു സംബന്ധിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെങ്കിലും നവജാത ശിശുക്കളെ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. (“തൈറോയ്‌ഡ്‌ ടെസ്റ്റ്‌—നവജാത ശിശുക്കളിൽ” എന്ന ചതുരം കാണുക.) തൈറോയ്‌ഡ്‌ ഗ്രന്ഥി വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന്‌ പരിശോധനയിൽ തെളിഞ്ഞാൽ, ഗ്രന്ഥിയെ നശിപ്പിക്കുന്ന ആന്റിബോഡികൾ ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന്‌ അറിയാനുള്ള ടെസ്റ്റുകൾ നടത്തുന്നു. തൈറോയ്‌ഡ്‌ ഹോർമോണിന്റെ ഉത്‌പാദനം അമിതമാണെന്നു തെളിയുന്ന സാഹചര്യത്തിൽ ഡോക്‌ടർമാർ തൈറോയ്‌ഡ്‌ സ്‌കാനിങ്‌ നിർദേശിക്കാറുണ്ട്‌. ഗർഭിണിയായ അല്ലെങ്കിൽ മുലയൂട്ടുന്ന സ്‌ത്രീകളിൽ സ്‌കാനിങ്‌ നിർദേശിക്കാറില്ല. തൈറോയ്‌ഡിൽ മുഴകളുണ്ടെങ്കിൽ കാൻസറാണോയെന്ന്‌ അറിയാൻ ബയോപ്‌സി ആവശ്യമായിവന്നേക്കാം.

ചികിത്സ ആവശ്യമായിരിക്കുന്നത്‌ എപ്പോൾ?

വർധിച്ച നെഞ്ചിടിപ്പ്‌, പേശികളിലെ വലിച്ചിൽ, ഉത്‌കണ്‌ഠ തുടങ്ങിയ ഹൈപ്പർതൈറോയ്‌ഡിസത്തിന്റെ ലക്ഷണങ്ങൾ കുറയ്‌ക്കാൻ പറ്റിയ മരുന്നുകൾ ഇന്നു ലഭ്യമാണ്‌. ഹോർമോൺ ഉത്‌പാദനം കുറയ്‌ക്കുന്നതിനുവേണ്ടി തൈറോയ്‌ഡ്‌ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സകളുമുണ്ട്‌. ചില സാഹചര്യങ്ങളിൽ പക്ഷേ തൈറോയ്‌ഡ്‌ ഗ്രന്ഥി ശസ്‌ത്രക്രിയ ചെയ്‌ത്‌ നീക്കേണ്ടിവന്നേക്കാം.

ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവർക്കും തൈറോയ്‌ഡ്‌ ഗ്രന്ഥി നീക്കം ചെയ്‌തവർക്കും T4 ഹോർമോൺ നിത്യവും കൊടുക്കേണ്ടിവരാറുണ്ട്‌. രോഗിയെ നന്നായി നിരീക്ഷിച്ചശേഷമായിരിക്കും ഡോക്‌ടർമാർ മരുന്നിന്റെ ഡോസ്‌ നിശ്ചയിക്കുന്നത്‌. തൈറോയ്‌ഡ്‌ കാൻസറിന്‌ പലതരം ചികിത്സകളുണ്ട്‌—മരുന്നുകൾ, റേഡിയോ ആക്‌ടീവ്‌ അയഡിൻ, ശസ്‌ത്രക്രിയ, കീമോതെറാപ്പി എന്നിങ്ങനെ.

സാറയ്‌ക്ക്‌ ഇപ്പോൾ T4 ഹോർമോൺ റീപ്ലേസ്‌മെന്റ്‌ തെറാപ്പി ചെയ്യുന്നുണ്ട്‌. ഒരു ന്യുട്രീഷനിസ്റ്റിന്റെ സഹായത്തോടെ അവർ ശരിയായ ആഹാരക്രമവും പിൻപറ്റുന്നു. ഇതെല്ലാം വളരെ ഗുണം ചെയ്യുന്നുണ്ട്‌. ഈ ചെറിയ ഗ്രന്ഥി ചില്ലറക്കാരനല്ലെന്ന്‌ സാറയെപ്പോലെ പലരും മനസ്സിലാക്കിയിട്ടുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ തൈറോയ്‌ഡ്‌ ഗ്രന്ഥിക്ക്‌ വേണ്ട ശ്രദ്ധ നൽകുക—അയഡിൻ അടങ്ങിയ പോഷകപ്രദമായ ആഹാരം കഴിക്കുക, സമ്മർദം ഒഴിവാക്കാൻ ശ്രമിക്കുക, ആരോഗ്യം നന്നായി സൂക്ഷിക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 3 തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം ഗർഭകാലപ്രശ്‌നങ്ങൾക്ക്‌ ഇടയാക്കിയേക്കാമെങ്കിലും ഇത്തരം പ്രശ്‌നങ്ങളുള്ള പല സ്‌ത്രീകളും സാധാരണഗതിയിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്‌. എന്നാൽ ഗർഭകാലത്ത്‌ അവർ ഹോർമോൺ റിപ്ലേയ്‌സ്‌മെന്റ്‌ തെറാപ്പിക്ക്‌ വിധേയരാകണം. കാരണം, ആദ്യകാലങ്ങളിൽ ഗർഭസ്ഥ ശിശുവിന്‌ തൈറോയ്‌ഡ്‌ ഹോർമോൺ ലഭിക്കുന്നത്‌ അമ്മയിൽനിന്നു മാത്രമാണ്‌.

^ ഖ. 9 ട്രൈ അയഡോ തൈറോനിൻ ആണ്‌ T3; തൈറോക്‌സിനാണ്‌ T4 എന്ന്‌ അറിയപ്പെടുന്നത്‌. ഹോർമോണിനോടു ചേർന്നുനിൽക്കുന്ന അയഡിൻ ആറ്റത്തിന്റെ എണ്ണത്തെയാണ്‌ 3, 4 എന്നീ സംഖ്യകൾ സൂചിപ്പിക്കുന്നത്‌. രക്തത്തിലെ കാൽസ്യത്തിന്റെ അളവ്‌ നിയന്ത്രിക്കുന്ന കാൽസിടോണിൻ എന്ന ഹോർമോണും തൈറോയ്‌ഡ്‌ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്നുണ്ട്‌.

^ ഖ. 17 ഉണരുക! മാസിക ഏതെങ്കിലും പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല. നിങ്ങൾക്ക്‌ തൈറോയ്‌ഡ്‌ സംബന്ധമായ തകരാറുണ്ടെന്ന്‌ സംശയം തോന്നിയാലുടനെ പരിചയസമ്പന്നനായ ഒരു ഡോക്‌ടറെ സമീപിക്കുക.

^ ഖ. 17 തലയിലോ കഴുത്തിലോ റേഡിയോതെറാപ്പി നടത്തിയിട്ടുള്ളവർക്കും മുമ്പ്‌ ഏതെങ്കിലും തരത്തിലുള്ള അർബുദബാധ ഉണ്ടായിട്ടുള്ളവർക്കും തൈറോയ്‌ഡ്‌ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്‌. ഇനി, കുടുംബത്തിൽ ആർക്കെങ്കിലും തൈറോയ്‌ഡ്‌ കാൻസർ ഉള്ളതും അപകട സാധ്യത വർധിപ്പിക്കുന്നു.

[23-ാം പേജിലെ ആകർഷക വാക്യം]

ശരീരത്തിലെ ഉപാപചയ പ്രക്രിയയുടെ നിരക്ക്‌ നിയന്ത്രിക്കുന്നത്‌ തൈറോയ്‌ഡ്‌ ഹോർമോണുകളാണ്‌, ആക്‌സിലറേറ്റർ വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്നതുപോലെ

[25-ാം പേജിലെ ആകർഷക വാക്യം]

തൈറോയ്‌ഡ്‌ സംബന്ധമായ അസുഖങ്ങൾ വികാസംപ്രാപിക്കുന്നത്‌ സാവധാനത്തിലായിരിക്കും. ആദ്യമൊന്നും അത്‌ തിരിച്ചറിയാൻ കഴിഞ്ഞെന്നും വരില്ല. അതുകൊണ്ട്‌ വർഷങ്ങൾ കഴിഞ്ഞായിരിക്കും പലരും പ്രശ്‌നം തിരിച്ചറിയുന്നത്‌

[24-ാം പേജിലെ ചതുരം/ചിത്രം]

സാധാരണ ലക്ഷണങ്ങൾ

ഹൈപ്പർതൈറോയ്‌ഡിസം: അമിത കോപം, അകാരണമായി തൂക്കം കുറയൽ, വർധിച്ച ഹൃദയമിടിപ്പ്‌, വയറിളക്കം, ആർത്തവ ക്രമക്കേടുകൾ, ഈർഷ്യ, ഉത്‌കണ്‌ഠ, വികാര വൈകല്യങ്ങൾ, കണ്ണ്‌ പുറത്തേക്കു തള്ളിവരൽ, പേശികളുടെ ബലക്കുറവ്‌, ഉറക്കമില്ലായ്‌മ, മെലിച്ചിൽ, വരണ്ട മുടി. *

ഹൈപ്പോതൈറോയ്‌ഡിസം: ശാരീരികവും മാനസികവുമായ മന്ദത, അകാരണമായി വണ്ണംവെക്കൽ, മുടികൊഴിച്ചിൽ, മലബന്ധം, തണുപ്പ്‌ സഹിക്കാൻ പറ്റാതെ വരൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, സ്വരമാറ്റം (നേർത്തതോ പരുപരുത്തതോ ആയ സ്വരം), ഓർമക്കുറവ്‌, ക്ഷീണം.

[അടിക്കുറിപ്പ്‌]

^ ഖ. 36 മറ്റു രോഗങ്ങൾക്കും ഇതേ ലക്ഷണങ്ങൾ ഉണ്ടായെന്നുവരാം. അതുകൊണ്ട്‌ സംശയം തോന്നിയാൽ ഡോക്‌ടറെ സമീപിക്കുക.

[24-ാം പേജിലെ ചതുരം]

തൈറോയ്‌ഡ്‌ ടെസ്റ്റ്‌ നവജാത ശിശുക്കളിൽ

കുഞ്ഞിന്‌ തൈറോയ്‌ഡ്‌ തകരാറുണ്ടോയെന്ന്‌ രക്തപരിശോധനയിലൂടെ നിർണയിക്കാം. പ്രശ്‌നമുള്ളതായി പരിശോധനയിൽ തെളിഞ്ഞാൽ ഡോക്‌ടർമാർ വേണ്ട നടപടി സ്വീകരിക്കും. തൈറോയ്‌ഡ്‌ ഹോർമോണിന്റെ അപര്യാപ്‌തത കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ച മുരടിപ്പിച്ചേക്കാം. ക്രെറ്റിനത എന്നാണ്‌ ഈ അവസ്ഥയെ വിളിക്കുന്നത്‌. അതുകൊണ്ട്‌ ജനിച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കുഞ്ഞുങ്ങളിൽ ഈ പരിശോധന നടത്താറുണ്ട്‌.

[25-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾക്ക്‌ വേണ്ടത്ര പോഷകങ്ങൾ ലഭിക്കുന്നുണ്ടോ?

പോഷകസമൃദ്ധമായ ആഹാരം തൈറോയ്‌ഡ്‌ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റിയേക്കാം. നിങ്ങളുടെ ആഹാരത്തിൽ ആവശ്യത്തിന്‌ അയഡിൻ അടങ്ങിയിട്ടുണ്ടോ? തൈറോയ്‌ഡ്‌ ഹോർമോണുകളുടെ ഉത്‌പാദനത്തിന്‌ അയഡിൻ അത്യന്താപേക്ഷിതമാണ്‌. കടൽമത്സ്യങ്ങളിലും മറ്റു കടൽവിഭവങ്ങളിലും അയഡിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. അതാതു സ്ഥലത്തെ മണ്ണിന്റെ രാസഘടനയനുസരിച്ച്‌ പച്ചക്കറികളിലും മാംസത്തിലും ഉള്ള അയഡിന്റെ അളവ്‌ വ്യത്യാസപ്പെട്ടിരിക്കും. ആഹാരസാധനങ്ങളിൽ അയഡിന്റെ അപര്യാപ്‌തത പരിഹരിക്കാനായി ചില ഗവണ്മെന്റുകൾ അയഡിൻ ചേർത്ത ഉപ്പ്‌ വിപണിയിലിറക്കാൻ ക്രമീകരണം ചെയ്യാറുണ്ട്‌.

തൈറോയ്‌ഡിന്‌ ആവശ്യമായ മറ്റൊരു മൂലകമാണ്‌ സെലീനിയം. T4 ഹോർമോണിനെ T3 ഹോർമോണാക്കി മാറ്റുന്ന എൻസൈമിന്റെ ഭാഗമാണ്‌ ഈ മൂലകം. പച്ചക്കറികളിലും മാംസത്തിലും പാലിലുമുള്ള സെലീനിയത്തിന്റെ അളവും മണ്ണിന്റെ രാസഘടനയനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. ഉള്ളി, കാബേജ്‌, മുട്ട, കടൽവിഭവങ്ങൾ തുടങ്ങിയവയിൽ ധാരാളം സെലീനിയം അടങ്ങിയിട്ടുണ്ട്‌. തൈറോയ്‌ഡ്‌ സംബന്ധമായ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു സംശയം തോന്നിയാൽ സ്വയം ചികിത്സിക്കാൻ ശ്രമിക്കാതെ ഡോക്‌ടറെ കാണുക.

[24-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ശ്വാസനാളം

സ്വനപേടകം (ആഡംസ്‌ ആപ്പിൾ)

തൈറോയ്‌ഡ്‌

ശ്വാസനാളം