ലോകത്തെ വീക്ഷിക്കൽ
ഐക്യനാടുകൾ
ഐക്യനാടുകളിലെ ഒരു ആഭ്യന്തര സുരക്ഷാവിഭാഗം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ചു കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ 5 കോടി നിരോധിതവസ്‌തുക്കൾ പിടിച്ചെടുത്തു. 2011-ൽ മാത്രം അവർ 1,200-ലധികം ആയുധങ്ങൾ വിമാനത്തിൽ കയറ്റുന്നതിൽനിന്നു തടഞ്ഞു. എന്നാൽ അതിൽ മിക്ക യാത്രക്കാരും പറഞ്ഞത് തങ്ങളുടെ കയ്യിൽ ഒരു തോക്കുണ്ടെന്ന കാര്യംതന്നെ അവർ ഓർമിച്ചില്ല എന്നാണ്.
ബ്രസീൽ
സമയത്തു ക്ലാസ്സിൽ എത്താതിരിക്കുന്നതും അനുവാദമില്ലാതെ സ്‌കൂളിൽ വരാതിരിക്കുന്നതും തടയാനായി സ്‌കൂളധികാരികൾ കുട്ടികളുടെ യൂണിഫാറത്തിൽ ഇലക്‌ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. കുട്ടി സ്‌കൂളിൽ എത്തിക്കഴിയുമ്പോൾ സെൻസറിന്റെ സഹായത്താൽ മാതാപിതാക്കൾക്ക് ഒരു മൊബൈൽ സന്ദേശം ലഭിക്കുന്നു. എന്നാൽ, കുട്ടി 20 മിനിട്ടോ അതിലധികമോ വൈകുന്നെങ്കിൽ മാതാപിതാക്കൾക്കു വ്യത്യസ്‌തമായൊരു സന്ദേശം ലഭിക്കും.
നോർവേ
ലൂഥറൻ സഭ മേലാൽ നോർവേയുടെ ഔദ്യോഗികമതം അല്ല. നോർവീജിയൻ പാർലമെന്റ് അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ ചില ഭരണഘടനാഭേദഗതികൾ നടപ്പിലാക്കി. അങ്ങനെ സഭയും രാജ്യവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണു.
ചെക് റിപ്പബ്ലിക്
ഒരു സർവ്വേ വെളിപ്പെടുത്തുന്നതനുസരിച്ച്, ജോലി സമയത്തല്ലാത്തപ്പോൾപ്പോലും ജോലിസംബന്ധമായ ഫോൺ കോളുകൾക്കും ഇ-മെയിലുകൾക്കും മൊബൈൽ സന്ദേശങ്ങൾക്കും തങ്ങൾ മറുപടി കൊടുക്കാൻ ബാധ്യസ്ഥരാണെന്നു തോന്നുന്നു എന്നു മൂന്നിൽ രണ്ടു ചെക് തൊഴിലാളികളും പറയുന്നു. ഉടൻതന്നെ മറുപടി കൊടുക്കാത്തതു തങ്ങളുടെ പക്ഷത്തെ അപമര്യാദയായിട്ടാണ് അവരിൽ ഭൂരിപക്ഷവും ചിന്തിക്കുന്നത്.
ഇന്ത്യ
കഴിഞ്ഞ 20 വർഷത്തെ അപേക്ഷിച്ചു ഭക്ഷ്യോത്‌പാദനത്തിൽ 50 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. അതുപോലെ, 7.1 കോടി ടൺ അരിയും ഗോതമ്പും സംഭരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ ജനങ്ങളെ തീറ്റിപ്പോറ്റാൻ ഗവൺമെന്റു പാടുപെടുകയാണ്. സംഭരിച്ചിരിക്കുന്ന ധാന്യശേഖരത്തിൽനിന്ന് ഏതാണ്ട് 40 ശതമാനം മാത്രമേ ഇന്ത്യൻ ഭവനങ്ങളിൽ എത്തുന്നുള്ളൂ. ഈ പ്രശ്‌നത്തിന്റെ കാരണങ്ങളിൽ ചിലത് അഴിമതിയും ദുർവിനിയോഗവും ആണ്. (g13-E 05)