കുടുംബങ്ങൾക്കുവേണ്ടി | മാതാപിതാക്കൾ
സെക്സ്റ്റിങ്—മക്കളോട് എങ്ങനെ സംസാരിക്കാം?
വെല്ലുവിളി
യുവജനങ്ങളുടെ ഇടയിൽ സെക്സ്റ്റിങ് സാധാരണമാണെന്നു നിങ്ങൾ കേട്ടിട്ടുണ്ട്. ‘എന്നാൽ എന്റെ കുട്ടി അങ്ങനെ ചെയ്യുമോ’ എന്നു നിങ്ങൾ അതിശയിച്ചേക്കാം.
ഇക്കാര്യം നിങ്ങൾ കുട്ടിയുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ എങ്ങനെ? ആദ്യംതന്നെ, ചില യുവജനങ്ങൾ എന്തുകൊണ്ടാണ് സെക്സ്റ്റിങ്ങിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും നിങ്ങൾ അതേക്കുറിച്ചു ചിന്തയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും നമുക്കു നോക്കാം. *
എന്തുകൊണ്ട് അതു സംഭവിക്കുന്നു?
തങ്ങൾക്ക് ഇഷ്ടമുള്ള ഒരാളുമായി ശൃംഗരിക്കുന്നതിനു ചില യുവജനങ്ങൾ അശ്ലീലസന്ദേശങ്ങൾ അയയ്ക്കുന്നു.
ഒരു ആൺകുട്ടി നിർബന്ധിച്ചതുകൊണ്ട് ഒരു പെൺകുട്ടി തന്റെ അശ്ലീലചിത്രം അയച്ചുകൊടുക്കുന്നു.
ചിലപ്പോൾ, ഒരു ആൺകുട്ടി സുഹൃത്തുക്കളെ രസിപ്പിക്കാനോ പ്രണയത്തകർച്ചയ്ക്കു പകരം വീട്ടാനോ വേണ്ടി ഒരു പെൺകുട്ടിയുടെ അശ്ലീലചിത്രം തന്റെ എല്ലാ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുന്നു.
കാരണം എന്തുതന്നെയായിരുന്നാലും മൊബൈൽഫോൺ കൈവശമുള്ള കൗമാരപ്രായത്തിലുള്ളവർ അനേകം പ്രശ്നങ്ങളിൽ ചെന്നുചാടാൻ സാധ്യതയുണ്ട്. “ഒരു ബട്ടൺ അമർത്തുന്നതോടെ ജീവിതം എന്നെന്നേക്കുമായി മാറുന്നു” എന്ന് കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നു വിശദീകരിക്കുന്ന ഒരു പുസ്തകം പറയുന്നു.
ഒരു ഫോട്ടോ ഇന്റർനെറ്റിൽ ഇട്ടുകഴിഞ്ഞാൽ അതിന്റെ ഉപയോഗത്തിന്മേലുള്ള നിയന്ത്രണം ആ വ്യക്തിക്ക് നഷ്ടമാകുന്നെന്ന് അനേകരും തിരിച്ചറിയുന്നില്ല. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിൽനിന്നുള്ള (FBI) ഒരു ബുള്ളറ്റിൻ വെളിപ്പെടുത്തിയത് ഇതാണ്: “മൊബൈൽഫോൺവഴി തന്റെ നഗ്നചിത്രം ബോയ്ഫ്രണ്ടിന് അയച്ചുകൊടുത്ത ഒരു 18 വയസ്സുകാരി ആത്മഹത്യ ചെയ്തു. കാരണം അവൾ അയച്ചുകൊടുത്ത ആ ചിത്രം അതേ സ്കൂളിൽ പഠിക്കുന്ന നൂറുകണക്കിനു കുട്ടികൾക്ക് അവൻ അയച്ചുകൊടുത്തു. തുടർന്ന് ആ കുട്ടികൾ ഈ ചിത്രം മറ്റുള്ളവർക്കും അയച്ചുകൊടുത്തു. അവർ അവളെ ആക്ഷേപിച്ചതായും ആരോപിക്കപ്പെടുന്നു.”
സെക്സ്റ്റിങ് നിയമപരമായ പ്രശ്നങ്ങൾ ഉയർത്തുന്നു. ഉദാഹരണത്തിന്, ചില സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിക്ക് അശ്ലീലചിത്രങ്ങൾ അയയ്ക്കുകയാണെങ്കിൽ കുട്ടികൾ ചെയ്യുന്ന അശ്ലീലകുറ്റകൃത്യങ്ങൾ എന്ന പേരിൽ കേസെടുക്കുകയും അവരെ ലൈംഗികാതിക്രമക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. മാതാപിതാക്കളെന്നനിലയിൽ, മൊബൈൽഫോൺ നിങ്ങളുടെ പേരിലാണെങ്കിൽ അല്ലെങ്കിൽ സെക്സ്റ്റിങ്ങിൽനിന്നു നിങ്ങളുടെ കുട്ടിയെ തടയാൻ നിങ്ങൾ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളും കുറ്റക്കാരായേക്കാം.
ഇങ്ങനെ ചെയ്തുനോക്കാം
വ്യക്തമായ നിയമങ്ങൾ വെക്കുക. നിങ്ങളുടെ കുട്ടിയുടെ മൊബൈൽഫോൺ ഉപയോഗം പൂർണമായും നിയന്ത്രിക്കാൻ നിങ്ങൾക്കാകില്ലെങ്കിലും നിങ്ങൾ വെച്ചിരിക്കുന്ന നിയമങ്ങളും അത് അനുസരിക്കാതിരുന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളും അവനോ അവൾക്കോ അറിയാമെന്നു നിങ്ങൾക്ക് ഉറപ്പുവരുത്താനാകും. മാതാപിതാക്കളെന്നനിലയിൽ കുട്ടിയുടെ മൊബൈൽഫോൺ ഉപയോഗത്തിന്മേൽ നിയന്ത്രണം വെക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് എന്ന് ഓർമിക്കുക.—ബൈബിൾതത്ത്വം: എഫെസ്യർ 6:1.
പ്രശ്നത്തെക്കുറിച്ചു ന്യായയുക്തമായി ചിന്തിക്കാൻ കുട്ടിയെ സഹായിക്കുക. നിങ്ങൾക്ക് ഇങ്ങനെ പറയാം: “സെക്സ്റ്റിങ് എന്നാൽ എന്താണ് എന്നതു സംബന്ധിച്ചു പല അഭിപ്രായങ്ങളുണ്ട്. നിന്റെ അഭിപ്രായത്തിൽ എന്താണു സെക്സ്റ്റിങ്?” “ഏതു തരത്തിലുള്ള ഫോട്ടോകളെയാണ് നീ അനുചിതമായി കരുതുന്നത്?” “ചില സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുടെ നഗ്നചിത്രം അയയ്ക്കുന്നത് ഒരു കുറ്റകൃത്യമാണ്. അത് അത്ര മോശമായ കാര്യമായി നിനക്കു തോന്നുന്നുണ്ടോ?” “സെക്സ്റ്റിങ് ധാർമികമായി തെറ്റായിരിക്കുന്നത് എന്തുകൊണ്ടായിരിക്കും?” അവന്റെയോ അവളുടെയോ ന്യായവാദങ്ങൾക്കു നല്ല ശ്രദ്ധ കൊടുക്കുകയും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചു ചിന്തിക്കാൻ അവരെ സഹായിക്കുകയും ചെയ്യുക.—ബൈബിൾതത്ത്വം: എബ്രായർ 5:14.
ഒന്നു ചിന്തിച്ചിട്ട് അയയ്ക്കുക
സാങ്കൽപ്പികസാഹചര്യങ്ങൾ അവതരിപ്പിക്കുക. നിങ്ങളുടെ മകളോടു നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ അശ്ലീലചിത്രങ്ങൾ അയയ്ക്കാൻ നിർബന്ധിക്കുന്നു എന്നിരിക്കട്ടെ, ആ പെൺകുട്ടി എന്തു ചെയ്യണം? സൗഹൃദം നഷ്ടമാകാതിരിക്കാൻ അവൾ അതിനു വഴങ്ങണമോ? ആ അഭ്യർഥന നിരസിക്കുന്നെങ്കിലും അവനുമായി ശൃംഗരിക്കുന്നതിൽ തുടരണമോ? ബന്ധം ഉപേക്ഷിക്കണമോ? മുതിർന്ന ഒരു വ്യക്തിയോടു പറയണമോ?” ഇക്കാര്യത്തെക്കുറിച്ചു ന്യായവാദം ചെയ്യാൻ നിങ്ങളുടെ മകളെ സഹായിക്കുക. മകനുമായും ഇതേ രീതിതന്നെ അവലംബിക്കാവുന്നതാണ്.—ബൈബിൾതത്ത്വം: ഗലാത്യർ 6:7.
മക്കളിലെ നന്മയെ തൊട്ടുണർത്തുക. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുക: സത്പേരുണ്ടായിരിക്കുന്നതിനെ നീ എത്ര പ്രധാനമായാണ് കരുതുന്നത്? ഏത് ഗുണങ്ങളെപ്രതി അറിയപ്പെടാനാണ് നീ ആഗ്രഹിക്കുന്നത്? അനുചിതമായ ഒരു ചിത്രം മറ്റുള്ളവർക്ക് അയച്ചുകൊടുത്തുകൊണ്ട് നീ ഒരു വ്യക്തിയുടെ സത്പേര് കളങ്കപ്പെടുത്തുകയാണെങ്കിൽ നിന്നെക്കുറിച്ചുതന്നെ നിനക്ക് എന്തു തോന്നും? ശരിയായതിനുവേണ്ടി നീ ഒരു നിലപാടെടുക്കുകയാണെങ്കിൽ നിനക്ക് എന്തു തോന്നും? ‘മനസ്സാക്ഷിയെ നിർമലമായി സൂക്ഷിക്കാൻ’ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.—1 പത്രോസ് 3:16.
നിങ്ങൾത്തന്നെ നല്ല മാതൃക വെക്കുക. ദൈവികജ്ഞാനം നിർമലവും കാപട്യമില്ലാത്തതും ആണെന്നു ബൈബിൾ പറയുന്നു. (യാക്കോബ് 3:17) നിങ്ങളുടെ മൂല്യങ്ങൾ ആ വാക്കുകളെ പ്രതിഫലിപ്പിക്കുന്നുണ്ടോ? “മോശമായതോ നിയമപരമല്ലാത്തതോ ആയി കണക്കാക്കപ്പെടുന്ന ചിത്രങ്ങളും വെബ്സൈറ്റുകളും കാണാതിരുന്നുകൊണ്ട് നാംതന്നെ നല്ല മാതൃക വെക്കണം” എന്ന്, കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നു വിശദീകരിക്കുന്ന പുസ്തകം പറയുന്നു. ▪ (g13-E 11)
^ ഖ. 5 “സെക്സ്റ്റിങ്” എന്നാൽ മൊബൈൽഫോണിലൂടെ അശ്ലീലസന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്ന രീതിയാണ്. കൂടുതൽ വിവരങ്ങൾക്കായി jw.org വെബ്സൈറ്റിൽനിന്നും BIBLE TEACHINGS > TEENAGERS എന്നതിനു കീഴിൽ “യുവജനങ്ങൾ ചോദിക്കുന്നു—സെക്സ്റ്റിങ്ങിനെക്കുറിച്ചു ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?” (“Young People Ask —What Should I Know About Sexting?”) എന്ന ഭാഗം കാണുക.