ബൈബിളിന്റെ വീക്ഷണം
ലോകാവസാനം
“ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു” എന്ന് 1 യോഹന്നാൻ 2:17 പറയുന്നു. എന്താണ് ലോകം? എപ്പോൾ, എങ്ങനെ അത് നീങ്ങിപ്പോകും?
നീങ്ങിപ്പോകുന്ന ആ “ലോകം” ഏതാണ്?
ബൈബിൾ പറയുന്നത്
ആ ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന ലോകം, ദൈവം അംഗീകരിക്കുകയില്ലാത്ത ‘മോഹങ്ങൾ’ വെച്ചുപുലർത്തുന്നതിനാൽ അത് അക്ഷരീയമായ അർഥത്തിലുള്ള ഭൂമി അല്ല. പകരം, ദൈവത്തെ അപമാനിക്കുന്നവരെന്ന നിലയിൽ തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കുന്ന മനുഷ്യവർഗം അടങ്ങുന്ന ഒരു ലോകമാണ് അത്. (യാക്കോബ് 4:4) ആ ലോകത്തിന്റെ അംഗങ്ങളായിരിക്കുന്നവരെല്ലാം “നിത്യനാശമെന്ന ശിക്ഷാവിധി അനുഭവിക്കും.” (2 തെസ്സലോനിക്യർ 1:7-9) നേരെമറിച്ച്, യേശുവിനെ അനുസരിച്ചുകൊണ്ട് ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്ന’ ആളുകൾക്ക് നിത്യം ജീവിക്കാനുള്ള പ്രത്യാശയുണ്ട്.—യോഹന്നാൻ 15:19.
“ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്ന് 1 യോഹന്നാൻ 2:17 പറയുന്നു. അവർക്ക് സങ്കീർത്തനം 37:29 പറയുന്നതുപോലെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ അവസരമുണ്ട്. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് അവിടെ പറയുന്നു.—സങ്കീർത്തനം 37:29.
“ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്; ഒരുവൻ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിനോടുള്ള സ്നേഹം അവനിൽ ഇല്ല.”—1 യോഹന്നാൻ 2:15.
ലോകം എങ്ങനെയാണ് അവസാനിക്കുന്നത്?
ബൈബിൾ പറയുന്നത്
രണ്ട് ഘട്ടങ്ങളിലായാണ് അന്ത്യം വരുന്നത്. ആദ്യം, “മഹതിയാം ബാബിലോൺ” എന്ന് വേശ്യയായി ബൈബിൾ ചിത്രീകരിച്ചിരിക്കുന്ന സംഘടിതവ്യാജമതങ്ങളെ ദൈവം നശിപ്പിക്കും. (വെളിപാട് 17:1-5; 18:8) ദൈവത്തോട് വിശ്വസ്തയാണെന്ന് നടിക്കുന്ന അവൾ ലോകത്തിലെ രാഷ്ട്രീയനേതാക്കളുമായാണ് ചങ്ങാത്തം കൂടുന്നത്. എന്നാൽ, ഈ രാഷ്ട്രീയഭരണാധികാരികൾ ഉടൻതന്നെ അവളെ ആക്രമിക്കും. “പത്തുകൊമ്പും കാട്ടുമൃഗവും വേശ്യയെ ദ്വേഷിച്ച് അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും അവളെ തീകൊണ്ട് ദഹിപ്പിക്കുകയും ചെയ്യും.”—വെളിപാട് 17:16.
അടുത്തതായി, ദൈവം “സർവഭൂതലത്തിലുമുള്ള രാജാക്കന്മാ”രുടെ നേരെ അതായത്, രാഷ്ട്രീയ അധികാരികളുടെ നേരെ തിരിയും. ഭൂമിയിലുള്ള ദുഷ്ടരായ ജനങ്ങളോടൊപ്പം ഇവർ “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ “ഹർമ്മഗെദ്ദോ”നിൽ നശിപ്പിക്കപ്പെടും.—വെളിപാട് 16:14, 16.
“ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”—സെഫന്യാവു 2:3.
ലോകം എപ്പോഴാണ് അവസാനിക്കുന്നത്?
ബൈബിൾ പറയുന്നത്
ദൈവരാജ്യം (മാനുഷഭരണത്തെ നീക്കിക്കളയുന്ന ഒരു ലോകഗവൺമെന്റ്) വരാൻപോകുന്നു എന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മുഴുഭൂമിയിലുമുള്ള ആളുകളെ ന്യായമായ അളവിൽ അറിയിച്ചതിനു ശേഷമായിരിക്കും അന്ത്യം വരുന്നത്. (ദാനീയേൽ 7:13, 14) അതെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) ദൈവത്തിന്റെ നീതിയെയും കരുണയെയും പ്രതിഫലിപ്പിക്കുന്ന ആ സുവിശേഷവേല ലോകാവസാനത്തിന്റെ ‘അടയാളങ്ങളിൽ’ ഒന്നാണ്. അന്താരാഷ്ട്രയുദ്ധങ്ങൾ, ഭൂമികുലുക്കം, ക്ഷാമം, രോഗങ്ങൾ എന്നിവയും ഈ അടയാളങ്ങളിൽ ഉൾപ്പെടുന്നു.—മത്തായി 24:3; ലൂക്കോസ് 21:10, 11.
ലോകത്തിലെ സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നതു കൂടാതെ അന്ത്യകാലത്തു ജീവിക്കുന്ന ആളുകളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അത് ഇങ്ങനെ വായിക്കുന്നു: “അന്ത്യകാലത്ത് വിശേഷാൽ ദുഷ്കരമായ സമയങ്ങൾ വരും എന്നറിഞ്ഞുകൊള്ളുക. മനുഷ്യർ സ്വസ്നേഹികളും ധനമോഹികളും. . . മാതാപിതാക്കളെ അനുസരിക്കാത്തവരും. . . ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും. . . ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയിരിക്കും.” a—2 തിമൊഥെയൊസ് 3:1-5.
മേൽപ്പറഞ്ഞ അവസ്ഥകളെല്ലാം 1914-ലെ ഒന്നാം ലോകമഹായുദ്ധത്തോടുകൂടിയാണ് ആരംഭിച്ചത്. ആ വർഷംമുതൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ലോകമെമ്പാടും പ്രസംഗിച്ചുവരികയാണ്. ആ വേല ചെയ്യുന്നത് യഹോവയുടെ സാക്ഷികളാണ് എന്ന് പറഞ്ഞുകേൾക്കുന്നതിൽ അവർക്ക് അഭിമാനമേ ഉള്ളൂ. മാത്രമല്ല, വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നതാണ് അവർ പുറത്തിറക്കുന്ന പ്രധാനപ്പെട്ട മാസിക.
“ആകയാൽ സദാ ജാഗരൂകരായിരിക്കുവിൻ; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ.”—മത്തായി 25:13.◼ (g15-E 11)
a കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ 9-ാം അധ്യായം കാണുക. ഇത് www.ps8318.com-ലും ലഭ്യമാണ്.