വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധീര വിശ്വസ്‌തതാപാലകർ നാസിപീഡനത്തിന്മേൽ വിജയം വരിക്കുന്നു

ധീര വിശ്വസ്‌തതാപാലകർ നാസിപീഡനത്തിന്മേൽ വിജയം വരിക്കുന്നു

തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കുക

ധീര വിശ്വസ്‌തതാപാലകർ നാസിപീഡനത്തിന്മേൽ വിജയം വരിക്കുന്നു

“മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:⁠11) ദൈവത്തോടു വിശ്വസ്‌തരായി നിലകൊള്ളുന്നതിനാൽ അവന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്ക്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയുമെന്ന്‌ ഊഷ്‌മളമായ ആ ആഹ്വാനം വെളിപ്പെടുത്തുന്നു. (സെഫന്യാവു 3:17) എന്നിരുന്നാലും, പരിഹാസിയായ സാത്താൻ യഹോവയെ സേവിക്കുന്നവരുടെ വിശ്വസ്‌തത തകർക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു.​—⁠ഇയ്യോബ്‌ 1:10, 11.

സാത്താൻ സ്വർഗത്തിൽനിന്നു ഭൂമിയുടെ പരിസരത്തേക്കു വലിച്ചെറിയപ്പെട്ട 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ വിശേഷാൽ അവൻ യഹോവയുടെ ജനത്തോട്‌ ഉഗ്രകോപത്തോടെ പെരുമാറിയിരിക്കുന്നു. (വെളിപ്പാടു 12:10, 12) എന്നിരുന്നാലും, സത്യക്രിസ്‌ത്യാനികൾ ‘തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി’ നിൽക്കുകയും ദൈവത്തോടുള്ള അചഞ്ചല വിശ്വസ്‌തത കാത്തുകൊള്ളുകയും ചെയ്‌തിരിക്കുന്നു. (കൊലൊസ്സ്യർ 4:12) അത്തരം അചഞ്ചല വിശ്വസ്‌തതയുടെ ഒരു മികച്ച ദൃഷ്ടാന്തമാണ്‌ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ജർമനിയിൽ ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികൾ. നമുക്ക്‌ അവരുടെ ദൃഷ്ടാന്തം ഹ്രസ്വമായി ഒന്നു പരിചിന്തിക്കാം.

തീക്ഷ്‌ണമായ പ്രവർത്തനം വിശ്വസ്‌തതയുടെ പരിശോധനകൾ ഉളവാക്കുന്നു

1920-കളിലും 1930-കളുടെ തുടക്കത്തിലും ബിബെൽഫോർഷർ​—⁠യഹോവയുടെ സാക്ഷികൾ ജർമനിയിൽ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ധാരാളം ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്‌തു. 1919-നും 1933-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ, അവർ ജർമനിയിലുള്ള ഓരോ കുടുംബത്തിനും പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും മാസികകളുമൊക്കെയായി ശരാശരി എട്ടോളം സാഹിത്യങ്ങൾ വിതരണം ചെയ്‌തു.

അക്കാലത്ത്‌ ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു ജർമനി. വാസ്‌തവത്തിൽ, 1933-ൽ ലോകവ്യാപകമായി കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ പങ്കുപറ്റിയ 83,941 പേരിൽ 30 ശതമാനവും ജർമനിയിൽ ഉള്ളവരായിരുന്നു. താമസിയാതെ, ഈ ജർമൻ സാക്ഷികൾക്കു വിശ്വസ്‌തതയുടെ കടുത്ത പരിശോധനകൾ നേരിട്ടു. (വെളിപ്പാടു 12:17; 14:12) തുടക്കത്തിൽ അവർക്കു ജോലി നഷ്ടപ്പെട്ടു, പോലീസ്‌ അവരുടെ വീടുകൾ റെയ്‌ഡു ചെയ്‌തു, കുട്ടികളെ സ്‌കൂളുകളിൽനിന്നു പുറത്താക്കി. താമസിയാതെ അവർക്ക്‌ പ്രഹരവും ജയിൽശിക്ഷയും അനുഭവിക്കേണ്ടിവന്നു. (ചിത്രം 1) തത്‌ഫലമായി, രണ്ടാം ലോകമഹായുദ്ധം വരെയുള്ള വർഷങ്ങളിൽ തടങ്കൽപ്പാളയങ്ങളിൽ ഉണ്ടായിരുന്നവരിൽ 5-10 ശതമാനം പേരും യഹോവയുടെ സാക്ഷികൾ ആയിരുന്നു.

നാസികൾ സാക്ഷികളെ പീഡിപ്പിച്ചതിന്റെ കാരണം

എന്തുകൊണ്ടാണ്‌ യഹോവയുടെ സാക്ഷികളോടു നാസി ഭരണകൂടത്തിനു ഹാലിളകിയത്‌? “നാസി ഭരണകൂടത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ” സാക്ഷികൾ വിസമ്മതിച്ചതിനാലാണ്‌ അവർ പീഡനത്തിന്‌ ഇരകളായതെന്ന്‌ ഹിറ്റ്‌ലർ​—⁠1889-1936: ഹൂബ്രിസ്‌ എന്ന ഗ്രന്ഥത്തിൽ ചരിത്ര പ്രൊഫസറായ ഇയാൻ കെർഷ പ്രസ്‌താവിക്കുന്നു.

ചരിത്ര പ്രൊഫസറായ റോബർട്ട്‌ പി. എറിക്‌സനും യഹൂദ പഠന പ്രൊഫസറായ സൂസന്ന ഹെഷലും എഡിറ്റ്‌ ചെയ്‌ത ഒറ്റിക്കൊടുപ്പ്‌​—⁠ജർമൻ സഭകളും കൂട്ടക്കൊലയും (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം ഇങ്ങനെ വിശദീകരിച്ചു: “സാക്ഷികൾ അക്രമത്തിലും സൈനിക ബലപ്രയോഗത്തിലും പങ്കെടുക്കാൻ വിസമ്മതിച്ചു. . . . രാഷ്‌ട്രീയ നിഷ്‌പക്ഷതയിൽ വിശ്വസിക്കുന്നവരായിരുന്നു അവർ. അതിനർഥം അവർ ഹിറ്റ്‌ലറിന്‌ വോട്ടു ചെയ്യുകയോ ഹിറ്റ്‌ലറെ സല്യൂട്ട്‌ ചെയ്യുകയോ ഇല്ലായിരുന്നു എന്നാണ്‌.” ഇതു നാസികളെ കുപിതരാക്കി, അങ്ങനെ സാക്ഷികൾക്ക്‌ നാസികളിൽ നിന്നുള്ള അക്രമം സഹിക്കേണ്ടിവന്നു. കാരണം, “നാസിസം അത്തരമൊരു നിരസനം സഹിക്കുമായിരുന്നില്ല.”

ലോകവ്യാപക പ്രതിഷേധവും സമഗ്ര ആക്രമണവും

അക്കാലത്ത്‌ രാജ്യവേലയുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ 1934 ഫെബ്രുവരി 9-ന്‌, നാസികളുടെ അസഹിഷ്‌ണുതയിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്‌ ഒരു പ്രത്യേക ദൂതൻ മുഖാന്തരം ഹിറ്റ്‌ലർക്ക്‌ ഒരു കത്ത്‌ കൊടുത്തയച്ചു. (ചിത്രം 2) റഥർഫോർഡിന്റെ കത്തിനു പിന്നാലെ, 1934 ഒക്‌ടോബർ 7-ന്‌ ജർമനി ഉൾപ്പെടെ 50 രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾ പ്രതിഷേധം അറിയിച്ചുകൊണ്ട്‌ 20,000-ത്തോളം കത്തുകളും ടെലഗ്രാമുകളും അയയ്‌ക്കുകയുണ്ടായി.

എന്നാൽ സാക്ഷികളുടെ മേലുള്ള പീഡനം വർധിപ്പിച്ചുകൊണ്ടാണ്‌ നാസികൾ അതിനോടു പ്രതികരിച്ചത്‌. 1935 ഏപ്രിൽ 1-ന്‌ അവർ സാക്ഷികളെ രാജ്യവ്യാപകമായി നിരോധിച്ചു. 1936 ആഗസ്റ്റ്‌ 28-ന്‌ ജർമൻ പോലീസായ ഗസ്റ്റപ്പോ അവർക്കെതിരെ സമഗ്രമായ ആക്രമണം അഴിച്ചുവിട്ടു. എന്നിരുന്നാലും, സാക്ഷികൾ “ലഘുലേഖകൾ വിതരണം ചെയ്യുന്നതിൽ തുടരുകയും മറ്റു വിധങ്ങളിൽ തങ്ങളുടെ വിശ്വാസം നിലനിറുത്തുകയും ചെയ്‌തു” എന്ന്‌ ഒറ്റിക്കൊടുപ്പ്‌​—⁠ജർമൻ സഭകളും കൂട്ടക്കൊലയും എന്ന പുസ്‌തകം പറയുന്നു.

ഉദാഹരണത്തിന്‌, 3,500-ഓളം വരുന്ന സാക്ഷികൾ ഗസ്റ്റപ്പോയുടെ മൂക്കിനു കീഴിൽ, തങ്ങൾ സഹിച്ചുകൊണ്ടിരുന്ന ദ്രോഹത്തെ കുറിച്ചു പ്രതിപാദിക്കുന്ന അച്ചടിച്ച ഒരു പ്രമേയത്തിന്റെ ആയിരക്കണക്കിനു കോപ്പികൾ 1936 ഡിസംബർ 12-ന്‌ വിതരണം ചെയ്‌തു. ആ പ്രചാരണ പരിപാടിയെ കുറിച്ച്‌ വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ടു ചെയ്യുകയുണ്ടായി: “ശത്രുക്കളെ ആലങ്കാരികമായി കുത്തിത്തുളച്ച അത്‌ വിശ്വസ്‌ത വേലക്കാർക്ക്‌ അനിർവചനീയ സന്തോഷം കൈവരുത്തിയ ഒരു വൻ വിജയമായിരുന്നു.”​—⁠റോമർ 9:⁠17.

പീഡനത്തിന്റെ മുന ഒടിയുന്നു!

നാസികൾ, സാക്ഷികൾക്കു വേണ്ടിയുള്ള അന്വേഷണം തുടർന്നു. 1939 ആയപ്പോഴേക്കും അവരിൽ ആറായിരത്തോളം പേരെ തടവിലാക്കുകയും വേറെ ആയിരക്കണക്കിനു സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. (ചിത്രം 3) രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ സാക്ഷികളുടെ അവസ്ഥ എന്തായിരുന്നു? തടവിലാക്കപ്പെട്ട 2,000-ത്തോളം സാക്ഷികൾ മരണമടഞ്ഞിരുന്നു, 250-ലേറെ പേർ വധിക്കപ്പെട്ടു. എങ്കിലും, “പീഡനത്തിന്മധ്യേ യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസത്തോടു പറ്റിനിന്നു” എന്ന്‌ പ്രൊഫസർമാരായ എറിക്‌സനും ഹെഷലും എഴുതി. തത്‌ഫലമായി, ഹിറ്റ്‌ലറുടെ ഭരണകൂടം നിലം പൊത്തിയപ്പോൾ ആയിരത്തിലധികം സാക്ഷികൾ തടങ്കൽപ്പാളയങ്ങളിൽനിന്ന്‌ ജയശാലികളായി പുറത്തുവന്നു.​—⁠ചിത്രം 4; പ്രവൃത്തികൾ 5:38, 39; റോമർ 8:35-37.

നാസികളുടെ പീഡനത്തെ സഹിച്ചുനിൽക്കാൻ യഹോവയുടെ ജനത്തിന്‌ എങ്ങനെയാണു ശക്തി ലഭിച്ചത്‌? തടങ്കൽപ്പാളയത്തെ അതിജീവിച്ച അഡോൾഫ്‌ ആർനോൾഡ്‌ ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾക്കു കരുത്ത്‌ തീരെ കുറവാണെങ്കിലും യഹോവ നിങ്ങളെ കാണുന്നു, നിങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ അവൻ അറിയുന്നു, പ്രസ്‌തുത സാഹചര്യത്തെ അതിജീവിക്കാനും വിശ്വസ്‌തനായി നിലകൊള്ളാനുമുള്ള കരുത്ത്‌ അവൻ നിങ്ങൾക്കു തരും. അവന്റെ കൈ കുറുകിപ്പോയിട്ടില്ല.”

പ്രവാചകനായ സെഫന്യാവിന്റെ വാക്കുകൾ ആ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക്‌ എത്ര നന്നായി ബാധകമാകുന്നു! ആ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും.” (സെഫന്യാവു 3:17) നാസികളുടെ പീഡനത്തിന്മധ്യേ വിശ്വസ്‌തരായി നിലകൊള്ളുകവഴി യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച ആ സാക്ഷികളുടെ വിശ്വാസത്തെ സത്യദൈവത്തിന്റെ ആരാധകരായ നമുക്കെല്ലാം ഇന്ന്‌ അനുകരിക്കാം.​—⁠ഫിലിപ്പിയർ 1:12-14.

[8-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Państwowe Muzeum Oświȩcim-Brzezinka, courtesy of the USHMM Photo Archives