“ശാന്തമായ ജലാശയങ്ങളിലേക്ക് അവൻ എന്നെ നയിക്കുന്നു”
“ശാന്തമായ ജലാശയങ്ങളിലേക്ക് അവൻ എന്നെ നയിക്കുന്നു”
ബൈബിൾ നാടുകളിലെ ഉഷ്ണകാലാവസ്ഥയിൽ ഒരു ദിവസംപോലും വെള്ളം കുടിക്കാതെ കഴിയാൻ ആടുകൾക്കാവില്ല. അതുകൊണ്ട് ആട്ടിൻകൂട്ടത്തിനു വെള്ളം ലഭ്യമാക്കുക എന്നത് ഒരു ഇടയന്റെ ജോലിയുടെ മുഖ്യ ഭാഗമാണ്. ചില സമയങ്ങളിൽ ആടുകൾക്കു കുടിക്കാനായി ഇടയന്മാർ കിണറ്റിൽനിന്നു വെള്ളം കോരി തൊട്ടികളിൽ ഒഴിച്ചു കൊടുക്കുന്നു. (ഉല്പത്തി 29:1-3) എന്നിരുന്നാലും ചെറിയ അരുവികളുടെയും നദികളുടെയും ചുറ്റുമുള്ള പ്രദേശങ്ങൾ നല്ല നീരോട്ടമുള്ള പ്രശാന്തമായ വിശ്രമസ്ഥാനങ്ങളായി വർത്തിക്കുന്നു, പ്രത്യേകിച്ചും മഴക്കാലത്ത്.
ആടുകൾക്ക് ആവശ്യമായ, വെള്ളവും അനുയോജ്യമായ മേച്ചിൽസ്ഥലവും എവിടെയാണ് ഉള്ളതെന്ന് ഒരു നല്ല ഇടയൻ അറിഞ്ഞിരിക്കണം. ഒരു പ്രദേശത്തെ കുറിച്ചുള്ള ഇടയന്റെ ഗ്രാഹ്യത്തെ ആശ്രയിച്ചിരിക്കും ആടുകളുടെ അതിജീവനം. യഹൂദ്യ മലകളിൽ ആടുകളെ മേയ്ച്ചുകൊണ്ട് അനേക വർഷം ചെലവഴിച്ച ദാവീദ് ദൈവത്തിന്റെ ആത്മീയ വഴിനടത്തിപ്പിനെ ഒരു ഇടയൻ തന്റെ ആടുകളെ നല്ല പുൽപ്പുറങ്ങളിലേക്കും ജീവദായക ജലത്തിനരികിലേക്കും നയിക്കുന്നതിനോട് ഉപമിച്ചു. ദാവീദ് ഇങ്ങനെ പറഞ്ഞു: “ശാന്തമായ ജലാശയങ്ങളിലേക്ക് അവൻ എന്നെ നയിക്കുന്നു.”—സങ്കീർത്തനം 23:1-3, ഓശാന ബൈബിൾ.
വർഷങ്ങൾക്കുശേഷം സമാനമായ ഒരു ദൃഷ്ടാന്തം ഉപയോഗിക്കാൻ തന്റെ പ്രവാചകനായ യെഹെസ്കേലിനെ യഹോവ നിശ്വസ്തനാക്കി. ഒരു ഇടയൻ തന്റെ ആടുകളെ കൂട്ടിച്ചേർക്കുന്നതുപോലെ, ചിതറിപ്പോയ തന്റെ ജനത്തെ താൻ കൂട്ടിവരുത്തുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. “ഞാൻ അവയെ . . . സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും . . . മേയിക്കും,” അവൻ ഉറപ്പുനൽകി.—യെഹെസ്കേൽ 34:13.
ആത്മീയ ജലം പ്രദാനം ചെയ്യുന്നതിലും യഹോവയാം ദൈവം അങ്ങേയറ്റം തത്പരനാണ്. ദൈവത്തിന്റെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന ഒരു “ജീവജലനദി”യെ കുറിച്ച് വെളിപ്പാടു പുസ്തകം പറയുന്നു. (വെളിപ്പാടു 22:1) സകലർക്കും, ഈ നദിയിൽനിന്നു കുടിക്കാനുള്ള ക്ഷണം ലഭിക്കുന്നു. ‘ഇച്ഛിക്കുന്ന ഏവർക്കും ജീവജലം സൗജന്യമായി വാങ്ങി കുടിക്കാൻ’ കഴിയും.—വെളിപ്പാടു 22:17, NW.
ഈ പ്രതീകാത്മക ജീവജലം നിത്യജീവനുവേണ്ടി ദൈവം ചെയ്തിട്ടുള്ള കരുതലുകളെ പ്രതിനിധാനം ചെയ്യുന്നു. ‘ഏകസത്യദൈവത്തെയും അവൻ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ്’ സമ്പാദിച്ചുകൊണ്ട് ഏതൊരാൾക്കും ഈ ജലം കുടിച്ചു തുടങ്ങാവുന്നതാണ്.—യോഹന്നാൻ 17:3.