വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധുനിക ഗ്രീക്കിൽ ബൈബിൾ പുറത്തിറക്കാനുള്ള തീവ്രശ്രമം

ആധുനിക ഗ്രീക്കിൽ ബൈബിൾ പുറത്തിറക്കാനുള്ള തീവ്രശ്രമം

ആധുനിക ഗ്രീക്കിൽ ബൈബിൾ പുറത്തിറക്കാനുള്ള തീവ്രശ്രമം

സ്വതന്ത്ര ചിന്തയുടെ പിള്ളത്തൊട്ടിൽ എന്നു ചിലപ്പോഴൊക്കെ വിശേഷിപ്പിക്കാറുള്ള ഗ്രീസിൽ ബൈബിൾ സാധാരണക്കാരുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ ദീർഘകാലത്തെ കഠിനപോരാട്ടം ആവശ്യമായിവന്നിട്ടുണ്ട്‌ എന്നു പറഞ്ഞാൽ നിങ്ങൾക്ക്‌ അതിശയം തോന്നിയേക്കാം. എന്നാൽ മനസ്സിലാക്കാൻ എളുപ്പമുള്ള ഒരു ഗ്രീക്ക്‌ ബൈബിൾ പുറത്തിറക്കുന്നതിനെ ആരാണ്‌ എതിർത്തത്‌? ആ സംരംഭത്തെ തടയാൻ ചിലർ ആഗ്രഹിച്ചത്‌ എന്തുകൊണ്ടാണ്‌?

വിശുദ്ധ തിരുവെഴുത്തുകളുടെ നല്ല ഒരു ഭാഗം ആദ്യം ഗ്രീക്കിൽ എഴുതപ്പെട്ടതുകൊണ്ട്‌ ഗ്രീക്കു സംസാരിക്കുന്നവർ അനുഗൃഹീതരാണെന്നു ചിലർ വിചാരിച്ചേക്കാം. എങ്കിലും, എബ്രായ തിരുവെഴുത്തുകളുടെ സെപ്‌റ്റുവജിന്റ്‌ പരിഭാഷയിലും ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക്‌ ഭാഷയെ അപേക്ഷിച്ച്‌ ആധുനിക ഗ്രീക്കിനു ശ്രദ്ധേയമായ വ്യത്യാസമുണ്ട്‌. വാസ്‌തവത്തിൽ, കഴിഞ്ഞ ആറു നൂറ്റാണ്ടുകളായി, ഗ്രീക്ക്‌ സംസാരിക്കുന്ന മിക്കവർക്കും ബൈബിളിലെ ഗ്രീക്ക്‌ ഭാഷ ഒരു വിദേശ ഭാഷ പോലെ തന്നെ അപരിചിതമാണ്‌. കാരണം, പഴയ പദങ്ങൾക്കു പകരം പുതിയവ വന്നിരിക്കുന്നു, പദസഞ്ചയം, വ്യാകരണം, വാചകഘടന എന്നിവയ്‌ക്കും മാറ്റം വന്നിട്ടുണ്ട്‌.

സെപ്‌റ്റുവജിന്റിനെ ഗ്രീക്കിന്റെ ഒരു പിൽക്കാല രൂപത്തിലേക്കു പരിഭാഷ ചെയ്യാൻ ശ്രമം നടന്നതായി 3 മുതൽ 16 വരെയുള്ള നൂറ്റാണ്ടിലെ ഒരു കൂട്ടം ഗ്രീക്ക്‌ കൈയെഴുത്തു പ്രതികൾ തെളിയിക്കുന്നു. മൂന്നാം നൂറ്റാണ്ടിൽ നിയോസിസര്യയിലെ ബിഷപ്പായിരുന്ന ഗ്രിഗറി (പൊ.യു. ഏതാണ്ട്‌ 213-270) സഭാപ്രസംഗി എന്ന പുസ്‌തകം സെപ്‌റ്റുവജിന്റിൽനിന്ന്‌ കൂടുതൽ ലളിതമായ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തി. 11-ാം നൂറ്റാണ്ടിൽ, മാസിഡോണിയയിൽ ജീവിച്ചിരുന്ന റ്റൊബൈയാസ്‌ ബെൻ ഏലിയേസർ എന്ന ഒരു യഹൂദൻ സെപ്‌റ്റുവജിന്റിലെ പഞ്ചഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഗ്രീക്കിലേക്കു വിവർത്തനം ചെയ്‌തു. ഗ്രീക്കു മാത്രം സംസാരിക്കുകയും എബ്രായ വായിക്കുകയും ചെയ്‌തിരുന്ന മാസിഡോണിയക്കാരായ യഹൂദരുടെ പ്രയോജനത്തിനായി അദ്ദേഹം എബ്രായ ലിപിയാണ്‌ അതിനുപയോഗിച്ചത്‌. പഞ്ചഗ്രന്ഥങ്ങളുടെ ഈ രീതിയിലുള്ള ഒരു സമ്പൂർണ സമാഹാരം 1547-ൽ കോൺസ്റ്റാന്റിനോപ്പിളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

അന്ധകാരത്തിന്മധ്യേ കുറെ വെളിച്ചം

ബൈസാന്റിയൻ സാമ്രാജ്യത്തിലെ, ഗ്രീക്ക്‌ സംസാരിക്കുന്ന ആളുകൾ പാർത്തിരുന്ന പ്രദേശം 15-ാം നൂറ്റാണ്ടിൽ ഒട്ടോമൻകാരുടെ കീഴിലായ ശേഷം ആ പ്രദേശത്തെ ഭൂരിപക്ഷം ആളുകൾക്കും വിദ്യാഭ്യാസം ലഭിച്ചില്ല. ഒട്ടോമൻ സാമ്രാജ്യത്തിൽ ഓർത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, സഭ അതിന്റെ ആട്ടിൻകൂട്ടത്തെ അവഗണിക്കുകയും തന്മൂലം അവർ ദരിദ്രരും അനഭ്യസ്‌തരുമായ കർഷക സമൂഹമായിത്തീരാൻ ഇടയാകുകയും ചെയ്‌തു. ഗ്രീക്ക്‌ എഴുത്തുകാരനായ തോമസ്‌ സ്‌പില്യോസ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഓർത്തഡോക്‌സ്‌ സഭയുടെയും അതിന്റെ വിദ്യാഭ്യാസ വ്യവസ്ഥയുടെയും പരമപ്രധാനമായ ഉദ്ദേശ്യം ഇസ്ലാം മതത്തിന്റെയും റോമൻ കത്തോലിക്കാ സഭയുടെയും ആശയങ്ങളുടെ കടന്നുകയറ്റത്തിൽനിന്ന്‌ തങ്ങളുടെ സഭാംഗങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു. അതിന്റെ ഫലമായി, ഗ്രീക്ക്‌ വിദ്യാഭ്യാസം ഏറെക്കുറെ സ്‌തംഭിച്ച മട്ടായി.” നിരാശാജനകമായ അത്തരമൊരു അന്തരീക്ഷത്തിൽ, ദുരിതമനുഭവിക്കുന്ന ജനത്തിന്‌ ബൈബിളിലെ സങ്കീർത്തനങ്ങൾ എന്ന പുസ്‌തകത്തിൽനിന്ന്‌ ആശ്വാസവും സാന്ത്വനവും നൽകേണ്ടതുണ്ടെന്നു ബൈബിൾ സ്‌നേഹികൾക്കു തോന്നി. 1543 മുതൽ 1835 വരെയുള്ള കാലഘട്ടത്തിൽ, സങ്കീർത്തനങ്ങളുടെ സംഭാഷണ ഗ്രീക്കിലുള്ള 18 പരിഭാഷകൾ ഉണ്ടായിരുന്നു.

സമ്പൂർണ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ആദ്യത്തെ ഗ്രീക്ക്‌ പരിഭാഷ 1630-ൽ കാലിപോലിസിലെ ഒരു ഗ്രീക്ക്‌ സന്ന്യാസി ആയിരുന്ന മാക്‌സിമസ്‌ കാലിപോലിറ്റിസാണ്‌ തയ്യാറാക്കിയത്‌. ഓർത്തഡോക്‌സ്‌ സഭയുടെ പരിഷ്‌കർത്താവാകാൻ ആഗ്രഹിച്ച കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായ സിറിൽ ലൂക്കാറിസിന്റെ മേൽനോട്ടത്തിലും അംഗീകാരത്തോടെയുമാണ്‌ അതു നടന്നത്‌. എന്നിരുന്നാലും, ലൂക്കാറിസിന്‌ സഭയ്‌ക്കുള്ളിൽത്തന്നെ ശത്രുക്കൾ​—⁠സഭാ പരിഷ്‌കരണ ശ്രമങ്ങളെ നിരസിക്കുകയും സംസാര ഭാഷയിലുള്ള ഏതൊരു ബൈബിൾ പരിഭാഷയോടും വിയോജിക്കുകയും ചെയ്‌തിരുന്നവർ​—⁠ഉണ്ടായിരുന്നു. * അദ്ദേഹത്തെ വിശ്വാസത്യാഗിയെന്നു മുദ്രകുത്തി കഴുത്തുഞെരിച്ചു കൊന്നു. എങ്കിലും, മാക്‌സിമസിന്റെ പരിഭാഷയുടെ 1,500-ഓളം പ്രതികൾ 1638-ൽ അച്ചടിക്കപ്പെട്ടു. ഈ പരിഭാഷയോടുള്ള പ്രതികരണമായി 34 വർഷം കഴിഞ്ഞ്‌, യെരൂശലേമിലെ ഒരു ഓർത്തഡോക്‌സ്‌ സുന്നഹദോസ്‌ ഇങ്ങനെ പ്രഖ്യാപിച്ചു: തിരുവെഴുത്തുകൾ “എല്ലാവരുമൊന്നും വായിച്ചുകൂടാ. മറിച്ച്‌, ഉചിതമായ ഗവേഷണത്തിനു ശേഷം ആത്മാവിന്റെ ആഴമേറിയ കാര്യങ്ങളിലേക്കു ചുഴിഞ്ഞു നോക്കുന്നവർ മാത്രമേ അതു വായിക്കാവൂ.” അതിന്റെ അർഥം അഭ്യസ്‌തവിദ്യരായ വൈദികവർഗത്തിനു മാത്രമേ തിരുവെഴുത്തുകൾ വായിക്കാനുള്ള അവകാശമുള്ളു എന്നായിരുന്നു.

ലെസ്‌വോസ്‌ ദ്വീപിൽനിന്നുള്ള സാരാഫിം എന്ന ഒരു ഗ്രീക്ക്‌ സന്ന്യാസി 1703-ൽ മാക്‌സിമസ്‌ പരിഭാഷയുടെ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ലണ്ടനിൽ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചു. ഇംഗ്ലീഷ്‌ ഭരണകൂടം വാഗ്‌ദാനം ചെയ്‌തിരുന്ന സാമ്പത്തിക സഹായം ലഭിക്കാതെ വന്നപ്പോൾ സ്വന്തം ചെലവിൽ അദ്ദേഹം ആ പതിപ്പ്‌ അച്ചടിച്ചു. അതിശക്തമായ ഭാഷയിൽ എഴുതിയ അതിന്റെ ആമുഖത്തിൽ, “ദൈവഭക്തിയുള്ള ഓരോ ക്രിസ്‌ത്യാനിയും” ബൈബിൾ വായിക്കേണ്ടതിന്റെ ആവശ്യം സാരാഫിം ഊന്നിപ്പറയുകയും സഭയിലെ ഉന്നതരായ പുരോഹിതവർഗം “ജനത്തെ അജ്ഞതയിൽ നിറുത്തിക്കൊണ്ട്‌ തങ്ങളുടെ കൊള്ളരുതായ്‌മകൾ മൂടിവെക്കാൻ ആഗ്രഹിക്കു”ന്നുവെന്ന്‌ ആരോപിക്കുകയും ചെയ്‌തു. തന്മൂലം, ഓർത്തഡോക്‌സുകാരായ ശത്രുക്കൾ അദ്ദേഹത്തെ റഷ്യയിൽവെച്ച്‌ അറസ്റ്റ്‌ ചെയ്യിക്കുകയും സൈബീരിയയിലേക്കു നാടുകടത്തുകയും ചെയ്‌തു. അവിടെവെച്ച്‌ 1735-ൽ അദ്ദേഹം മരിച്ചു.

ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്കു സംസാരിക്കുന്നവർക്കിടയിലെ കടുത്ത ആത്മീയ വിശപ്പിനെ കുറിച്ച്‌ അഭിപ്രായപ്പെടവേ, മാക്‌സിമസ്‌ പരിഭാഷയുടെ പിന്നീടുവന്ന പരിഷ്‌കരിച്ച ഒരു പതിപ്പിനെ കുറിച്ച്‌ ഒരു ഗ്രീക്ക്‌ പുരോഹിതൻ പിൻവരുന്ന പ്രസ്‌താവന നടത്തി: “മറ്റുള്ളവയോടൊപ്പം ഗ്രീക്കുകാർ ഈ വിശുദ്ധ ബൈബിൾ വലിയ പ്രിയത്തോടെയും ഉൽക്കടമായ ആഗ്രഹത്തോടെയുമാണ്‌ സ്വീകരിച്ചത്‌. അവർ അതു വായിച്ചു. തങ്ങൾക്കുള്ളിലെ വേദന ശമിച്ചതായും തങ്ങളുടെ ദൈവവിശ്വാസം . . . ശക്തമായതായും അവർക്ക്‌ അനുഭവപ്പെട്ടു.” എന്നിരുന്നാലും, ജനം ബൈബിൾ മനസ്സിലാക്കിയാൽ പുരോഹിതവർഗത്തിന്റെ തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളും പ്രവൃത്തികളും വെളിച്ചത്താകുമെന്ന്‌ ആത്മീയ നേതാക്കന്മാർ ഭയപ്പെട്ടു. അതുകൊണ്ട്‌, അത്തരം ബൈബിൾ പരിഭാഷകളുടെ എല്ലാ പ്രതികളും ചുട്ടെരിക്കാൻ 1823-ലും പിന്നീട്‌ 1836-ലും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ്‌ ഉത്തരവിട്ടു.

ധീരനായ പരിഭാഷകൻ

ശക്തമായ എതിർപ്പും ബൈബിൾ പരിജ്ഞാനം സമ്പാദിക്കാൻ ആത്മാർഥമായ ആഗ്രഹവും നിലവിലിരുന്ന ആ പശ്ചാത്തലത്തിൽ, ആധുനിക ഗ്രീക്കിലേക്കുള്ള ബൈബിൾ പരിഭാഷയിൽ നിർണായക പങ്കുവഹിക്കുമായിരുന്ന ഒരു പ്രമുഖ വ്യക്തി രംഗത്തുവന്നു. നേയോഫിറ്റൊസ്‌ വാംവാസ്‌ ആയിരുന്നു ധീരനായ ഈ മനുഷ്യൻ. പൊതുവേ “ജനതയുടെ അധ്യാപകരിൽ” ഒരാളായി അറിയപ്പെടുന്ന അദ്ദേഹം ഒരു പ്രശസ്‌ത ബഹുഭാഷാവിദഗ്‌ധനും വിഖ്യാത ബൈബിൾ പണ്ഡിതനുമായിരുന്നു.

ജനത്തിന്റെ ആത്മീയ അജ്ഞതയ്‌ക്ക്‌ ഉത്തരവാദി ഓർത്തഡോക്‌സ്‌ സഭയാണെന്ന്‌ വാംവാസ്‌ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ജനത്തെ ആത്മീയ നിദ്രയിൽനിന്ന്‌ ഉണർത്തണമെങ്കിൽ ബൈബിൾ, അക്കാലത്ത്‌ സാധാരണ സംഭാഷണത്തിന്‌ ഉപയോഗിച്ചിരുന്ന ഗ്രീക്കിലേക്ക്‌ പരിഭാഷ ചെയ്യേണ്ടതാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. മറ്റു പണ്ഡിതന്മാരുടെ സഹായത്തോടെ 1831-ൽ അദ്ദേഹം പണ്ഡിതോചിതമായ ഗ്രീക്ക്‌ ഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്‌തുതുടങ്ങി. അദ്ദേഹത്തിന്റെ സമ്പൂർണ പരിഭാഷ 1850-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയുടെ പിന്തുണ ലഭിക്കുകയില്ലായിരുന്നതിനാൽ, തന്റെ പരിഭാഷ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനുമായി അദ്ദേഹം ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റിയുമായി കൈകോർത്തു. അധികം താമസിയാതെ സഭ “ഒരു പ്രോട്ടസ്റ്റന്റുകാരൻ” എന്നു മുദ്രകുത്തി അദ്ദേഹത്തിന്‌ ഭ്രഷ്ട്‌ കൽപ്പിച്ചു.

അക്കാലത്ത്‌ ബൈബിൾ പാണ്ഡിത്യത്തിലും ഭാഷാപരിജ്ഞാനത്തിലും നിലവിലിരുന്ന പരിമിതി നിമിത്തം ജയിംസ്‌ രാജാവിന്റെ ഭാഷാന്തരത്തിൽ ഉണ്ടായ പിശകുകൾ അതിനോട്‌ അടുത്തു പറ്റിനിന്ന വാംവാസിന്റെ പരിഭാഷയിലും കടന്നുകൂടി. എങ്കിലും, ആളുകൾക്കു ലഭ്യമായ അത്യാധുനിക ഗ്രീക്ക്‌ ബൈബിളെന്ന നിലയിൽ അനേക വർഷത്തോളം അത്‌ ഉപയോഗിക്കപ്പെട്ടു. ഇതിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം “ഇയോവാ” എന്ന രൂപത്തിൽ നാലു തവണ കാണപ്പെടുന്നു എന്നതു ശ്രദ്ധേയമാണ്‌.​—⁠ഉല്‌പത്തി 22:14; പുറപ്പാടു 6:3; 17:15; ന്യായാധിപന്മാർ 6:24.

ഇതിനോടും എളുപ്പം മനസ്സിലാക്കാവുന്ന മറ്റു ബൈബിൾ പരിഭാഷകളോടും ആളുകൾക്ക്‌ പൊതുവേ ഉണ്ടായിരുന്ന പ്രതികരണം എന്തായിരുന്നു? വമ്പിച്ച സ്വീകരണം തന്നെ! ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റിയുടെ ഒരു ബൈബിൾ വിൽപ്പനക്കാരൻ ഗ്രീക്ക്‌ ദ്വീപുകളിൽ ഒന്നിന്റെ സമീപം ഒരു ബോട്ടിലിരിക്കെ, ‘[ബൈബിളുകൾക്കായി] നിറയെ കുട്ടികളുമായി എത്തിയ അനേകം ബോട്ടുകൾ വളഞ്ഞതു നിമിത്തം ബോട്ടു വിട്ടുകൊള്ളാൻ ക്യാപ്‌റ്റനോടു പറയാൻ അദ്ദേഹം നിർബന്ധിതനായി.’ അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്ന ബൈബിളുകൾ മുഴുവൻ അവിടെവെച്ചുതന്നെ തീർന്നുപോകുമായിരുന്നു! എന്നാൽ എതിർപ്പു പെട്ടെന്നുതന്നെ തലപൊക്കി.

അത്തരത്തിലുള്ള പരിഭാഷകൾ വാങ്ങരുതെന്ന്‌ ഓർത്തഡോക്‌സ്‌ പുരോഹിതന്മാർ ജനത്തിനു മുന്നറിയിപ്പു നൽകി. ഏഥൻസ്‌ നഗരത്തിലാണെങ്കിൽ ബൈബിളുകൾ കണ്ടുകെട്ടി. 1833-ൽ ഒരു ആശ്രമത്തിൽനിന്നു താൻ കണ്ടെടുത്ത “പുതിയ നിയമങ്ങൾ” ക്രിറ്റിലെ ഓർത്തഡോക്‌സ്‌ ബിഷപ്പ്‌ അഗ്നിക്കിരയാക്കി. ഒരെണ്ണം ഒരു പുരോഹിതൻ ഒളിച്ചുവെച്ചു. ആ ബിഷപ്പ്‌ ദ്വീപിൽനിന്നു പോകുന്നതുവരെ സമീപ ഗ്രാമങ്ങളിലുള്ളവരും കൈവശമുണ്ടായിരുന്ന പ്രതികൾ ഒളിച്ചുവെച്ചു.

ഏതാനും വർഷം കഴിഞ്ഞ്‌ കൊർഫൂ ദ്വീപിൽ, ബൈബിളിന്റെ വാംവാസ്‌ പരിഭാഷ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയുടെ ‘വിശുദ്ധ സുന്നഹദോസ്‌’ നിരോധിച്ചു. അവർ അതിന്റെ വിൽപ്പന നിരോധിക്കുകയും നിലവിലുണ്ടായിരുന്ന പ്രതികൾ നശിപ്പിക്കുകയും ചെയ്‌തു. കൈയോസ്‌, സിറൊസ്‌, മിക്കൊണോസ്‌ എന്നീ ദ്വീപുകളിൽ പ്രാദേശിക വൈദികരുടെ ശത്രുത ബൈബിൾ ചുട്ടെരിക്കുന്നതിലേക്കു നയിച്ചു. എന്നാൽ, ബൈബിൾ പരിഭാഷയ്‌ക്ക്‌ ഇനിയും അടിച്ചമർത്തൽ നേരിടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ബൈബിളിൽ താത്‌പര്യം കാണിച്ച ഒരു രാജ്ഞി

ഗ്രീക്കു ജനതയ്‌ക്കു പൊതുവേ അപ്പോഴും കാര്യമായ ബൈബിൾ പരിജ്ഞാനമൊന്നും ഇല്ലെന്ന്‌ 1870-കളിൽ ഗ്രീസിലെ ഒൾഗ രാജ്ഞി മനസ്സിലാക്കി. തിരുവെഴുത്തു പരിജ്ഞാനം ജനതയ്‌ക്ക്‌ ആശ്വാസവും നവോന്മേഷവും പകരുമെന്ന വിശ്വാസത്താൽ, വാംവാസിന്റെ പരിഭാഷയുടേതിനെക്കാൾ ലളിതമായ ഭാഷയിലേക്ക്‌ ബൈബിൾ വിവർത്തനം ചെയ്യിക്കാൻ അവർ ശ്രമം നടത്തി.

ഏഥൻസിലെ ആർച്ചുബിഷപ്പും ‘വിശുദ്ധ സുന്നഹദോസിന്റെ’ തലവനുമായ പ്രോകോപിയോസ്‌ അനൗദ്യോഗികമായി രാജ്ഞിയുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും, ‘വിശുദ്ധ സുന്നഹദോസിന്റെ’ ഔദ്യോഗിക അംഗീകാരത്തിനായുള്ള രാജ്ഞിയുടെ അപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്‌. ഒരു പുതിയ അപേക്ഷ സമർപ്പിച്ചുകൊണ്ട്‌ അവർ പിന്നെയും തന്റെ ശ്രമം തുടർന്നു, എങ്കിലും 1899-ൽ രണ്ടാമതും അപേക്ഷ നിരസിക്കപ്പെട്ടു. അതു ഗണ്യമാക്കാതെ അവർ ഏതാനും പ്രതികൾ സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. 1900-ത്തിൽ അതു സഫലമായി.

തോറ്റുകൊടുക്കാത്ത എതിരാളികൾ

ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജോലി ചെയ്യുകയായിരുന്ന അലക്‌സാണ്ടർ പാലിസ്‌ എന്ന ഒരു വിവർത്തകൻ സംഭാഷണശൈലിയിൽ അധിഷ്‌ഠിതമായ ആധുനിക ഗ്രീക്കിലേക്ക്‌ മത്തായിയുടെ സുവിശേഷം പരിഭാഷപ്പെടുത്തുകയുണ്ടായി. ഏഥൻസിലെ ഒരു പ്രമുഖ വർത്തമാനപ്പത്രമായ ദി അക്രോപൊലിസ്‌ 1901-ൽ പ്രസിദ്ധീകരിച്ചു. പാലിസിന്റെയും സഹപ്രവർത്തകരുടെയും പ്രാഥമിക ലക്ഷ്യം ‘ഗ്രീക്കുകാരെ പ്രബുദ്ധരാക്കുക’യും അധമാവസ്ഥയിൽനിന്ന്‌ “കരകയറാൻ ജനതയെ സഹായിക്കുക”യും ചെയ്യുക എന്നതായിരുന്നു.

ഓർത്തഡോക്‌സ്‌ ദൈവശാസ്‌ത്ര വിദ്യാർഥികളും അവരുടെ പ്രൊഫസർമാരും ഈ പരിഭാഷയെ ‘ജനത ഏറ്റവും മൂല്യവത്തായി കരുതി പൂജിക്കുന്ന വസ്‌തുക്കളെ പരിഹസിക്കുന്നത്‌’ എന്നും വിശുദ്ധ ബൈബിളിനെ അശുദ്ധമാക്കുന്നത്‌ എന്നുമാണ്‌ വിളിച്ചത്‌. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായ ഇയോയാക്കിം മൂന്നാമൻ ആ പരിഭാഷയെ നിരാകരിച്ചുകൊണ്ടുള്ള ഒരു രേഖ പുറത്തിറക്കി. വിവാദത്തിന്‌ രാഷ്‌ട്രീയ ഭാവം കൈവരികയും തമ്മിലടിക്കുന്ന രാഷ്‌ട്രീയ കക്ഷികൾ അതിനെ വളഞ്ഞ വഴിയിൽ ഉപയോഗിക്കുകയും ചെയ്‌തു.

ഏഥൻസിലെ പത്രസ്ഥാപനത്തിലെ സ്വാധീനശക്തിയുള്ള ഒരു വിഭാഗം, പാലിസ്‌ പരിഭാഷയെ അനുകൂലിക്കുന്നവരെ “നിരീശ്വരവാദികൾ,” “വിശ്വാസഘാതകർ,” യവന സമൂഹത്തിന്റെ അടിത്തറ തോണ്ടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന “വിദേശ ശക്തികളുടെ ഏജന്റുമാർ” എന്നെല്ലാം വിളിച്ചുകൊണ്ട്‌ അതിനെതിരെയുള്ള ആക്രമണം ആരംഭിച്ചു. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയിലെ കടുത്ത യാഥാസ്ഥിതികവാദി ഗ്രൂപ്പുകൾ ഇളക്കിവിട്ട വിദ്യാർഥികൾ 1901 നവംബർ 5 മുതൽ 8 വരെ ഏഥൻസിൽ കലാപമുണ്ടാക്കി. അവർ ദി അക്രോപൊലിസിന്റെ ഓഫീസുകൾ ആക്രമിച്ചു, രാജകൊട്ടാരത്തിലേക്കു മാർച്ച്‌ നടത്തി, ഏഥൻസ്‌ സർവകലാശാല കൈയേറി, സർക്കാർ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. കലാപത്തിന്റെ മൂർധന്യാവസ്ഥയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളിൽ എട്ടു പേർ കൊല്ലപ്പെട്ടു. പിറ്റേ ദിവസം രാജാവ്‌, ആർച്ച്‌ ബിഷപ്പ്‌ പ്രോകോപിയോസിന്റെ രാജി ആവശ്യപ്പെട്ടു, രണ്ടു ദിവസം കഴിഞ്ഞ്‌ കാബിനെറ്റ്‌ ഒന്നടങ്കം സ്ഥാനമൊഴിഞ്ഞു.

ഒരു മാസം കഴിഞ്ഞ്‌ വിദ്യാർഥികൾ വീണ്ടും പ്രകടനം നടത്തുകയും പാലിസ്‌ പരിഭാഷയുടെ ഒരു പ്രതി പരസ്യമായി കത്തിക്കുകയും ചെയ്‌തു. ഈ പരിഭാഷയുടെ വിതരണത്തിനെതിരെ അവർ ഒരു പ്രമേയം അവതരിപ്പിക്കുകയും മേലിൽ ഇത്തരം കാര്യങ്ങൾക്കു ശ്രമിക്കുന്നവർക്ക്‌ കഠിന ശിക്ഷ നൽകണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇത്‌ ആധുനിക ഗ്രീക്കിലുള്ള ഏതൊരു ബൈബിൾ പരിഭാഷയുടെയും ഉപയോഗത്തിനു വിലക്കു കൽപ്പിക്കാൻ കാരണമായി. അങ്ങേയറ്റം ഖേദകരംതന്നെ!

“യഹോവയുടെ വചനം എന്നേക്കും നിലനില്‌ക്കുന്നു”

ആധുനിക ഗ്രീക്കിലുള്ള ബൈബിൾ ഉപയോഗിക്കുന്നതിനുമേൽ ഉണ്ടായിരുന്ന വിലക്ക്‌ 1924-ൽ പിൻവലിക്കപ്പെട്ടു. ആളുകളിൽനിന്ന്‌ ബൈബിളിനെ അകറ്റി നിറുത്താനുള്ള ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയുടെ ശ്രമങ്ങൾ അന്നുമുതൽ പാടേ പരാജയപ്പെട്ടിരിക്കുകയാണ്‌. അതിനിടെ, യഹോവയുടെ സാക്ഷികൾ മറ്റു പല രാജ്യങ്ങളിലെയും പോലെ ഗ്രീസിലും ബൈബിൾ വിദ്യാഭ്യാസത്തിന്‌ നേതൃത്വം നൽകിയിരിക്കുന്നു. ഗ്രീക്കു സംസാരിക്കുന്ന അനേകായിരങ്ങളെ ബൈബിൾ സത്യത്തിന്റെ പരിജ്ഞാനം നേടുന്നതിൽ സഹായിക്കാൻ അവർ 1905 മുതൽ വാംവാസ്‌ പരിഭാഷ ഉപയോഗപ്പെടുത്തിവരുന്നു.

ആധുനിക ഗ്രീക്ക്‌ ഭാഷയിലുള്ള ബൈബിൾ പുറത്തിറക്കാനായി അനേക പണ്ഡിതന്മാരും പ്രൊഫസർമാരും വർഷങ്ങളിലുടനീളം അഭിനന്ദനാർഹമായ ശ്രമം നടത്തിയിട്ടുണ്ട്‌. ഇപ്പോൾ, ഗ്രീക്ക്‌ ഭാഷയിൽ മുഴു ബൈബിളിന്റെയോ അതിന്റെ ഭാഗങ്ങളുടെയോ 30-ഓളം പരിഭാഷകളുണ്ട്‌. ഒരു സാധാരണക്കാരന്‌ വായിച്ചു മനസ്സിലാക്കാവുന്നത്ര ലളിതമാണവ. അവയിൽ അങ്ങേയറ്റം മൂല്യവത്തായ ഒന്ന്‌ ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്ന ലോകമെമ്പാടുമുള്ള 1.6 കോടി ആളുകളുടെ പ്രയോജനത്തിനായി യഹോവയുടെ സാക്ഷികൾ 1997-ൽ പ്രകാശനം ചെയ്‌ത വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ഗ്രീക്ക്‌ പരിഭാഷയാണ്‌. ദൈവവചനം എളുപ്പം വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ്‌ ഇതിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്‌. ഒപ്പം അത്‌ മൂല പാഠത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുകയും ചെയ്യുന്നു.

ആധുനിക ഗ്രീക്കിൽ ബൈബിൾ പുറത്തിറക്കാനുള്ള തീവ്രശ്രമം ഒരു സുപ്രധാന വസ്‌തുത വെളിപ്പെടുത്തുന്നു. മനുഷ്യൻ എത്ര എതിർത്താലും ‘യഹോവയുടെ വചനം എന്നേക്കും നിലനില്‌ക്കും.’⁠—⁠1 പത്രൊസ്‌ 1:⁠25, NW.

[അടിക്കുറിപ്പ്‌]

^ ഖ. 7 സിറിൽ ലൂക്കാറിസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 2000 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-9 പേജുകൾ കാണുക.

[27-ാം പേജിലെ ചിത്രം]

1630-ൽ, സമ്പൂർണ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ ആദ്യമായി ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുന്നതിന്‌ സിറിൽ ലൂക്കാറിസ്‌ മേൽനോട്ടം വഹിച്ചു

[കടപ്പാട്‌]

Bib. Publ. Univ. de Genève

[28-ാം പേജിലെ ചിത്രങ്ങൾ]

സംഭാഷണ ഗ്രീക്കിലേക്കുള്ള ഏതാനും പരിഭാഷകൾ: (1)  1828-ൽ ഇലേറിയനും (2) 1832-ൽ വാംവാസും (3) 1643-ൽ ജൂലിയാനസും അച്ചടിച്ച സങ്കീർത്തനങ്ങൾ. (4) 1840-ൽ വാംവാസ്‌ അച്ചടിച്ച പഴയനിയമം

ഒൾഗ രാജ്ഞി

[കടപ്പാട്‌]

ബൈബിളുകൾ: National Library of Greece; ഒൾഗ രാജ്ഞി: Culver Pictures

[26-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

പപ്പൈറസ്‌: Reproduced by kind permission of The Trustees of the Chester Beatty Library, Dublin

[29-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

പപ്പൈറസ്‌: Reproduced by kind permission of The Trustees of the Chester Beatty Library, Dublin