വെള്ളം പിടിച്ചുനിറുത്താൻ ശേഷിയില്ലാത്ത സംഭരണികൾ
വെള്ളം പിടിച്ചുനിറുത്താൻ ശേഷിയില്ലാത്ത സംഭരണികൾ
ബൈബിൾ കാലങ്ങളിൽ, സംഭരണികൾ നിർമിച്ചിരുന്നു. മുഖ്യമായും വെള്ളം സംഭരിച്ചുവെക്കുന്നതിന് ഭൂമിക്കടിയിൽ ഉണ്ടാക്കിയിരുന്ന കുഴികൾ ആയിരുന്നു ഇവ. വാഗ്‌ദത്ത ദേശത്ത് ചില സമയങ്ങളിൽ ജീവസന്ധാരണത്തിന് ആവശ്യമായ വെള്ളം കിട്ടുന്നതിനുള്ള ഏക മാർഗമായിരുന്നു ഇത്തരം ജലസംഭരണികൾ.
ദൈവത്തിൽനിന്നുള്ള ഒരു പ്രഖ്യാപനം രേഖപ്പെടുത്തവേ, പ്രവാചകനായ യിരെമ്യാവ് ഒരു ആലങ്കാരിക അർഥത്തിൽ ഇത്തരം ജലസംഭരണികളെ കുറിച്ചു പരാമർശിക്കുകയുണ്ടായി. അവൻ ഇപ്രകാരം പറഞ്ഞു: “എന്റെ ജനം രണ്ടു തിന്മ ചെയ്‌തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; തങ്ങൾക്കുവേണ്ടി അവർ കിണറുകൾ [“ജലസംഭരണികൾ,” NW] കുഴിക്കുകയും ചെയ്‌തു; വെള്ളം കെട്ടിനിർത്താൻ കഴിയാത്ത പൊട്ടക്കിണറുകൾ [“പൊട്ടിയ ജലസംഭരണികൾ,” NW].”—യിരെമ്യാവു 2:13, ഓശാന ബൈബിൾ.
ഇസ്രായേല്യർ “ജീവജലത്തിന്റെ ഉറവയായ,” തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ച് പുറജാതി രാഷ്‌ട്രങ്ങളുമായി ആശ്രയയോഗ്യമല്ലാത്ത സൈനിക സഖ്യങ്ങളിൽ ഏർപ്പെടുകയും ബലഹീനരായ വ്യാജദൈവങ്ങളെ ആരാധിക്കുകയും ചെയ്‌തിരുന്നു. അവർക്ക് അഭയസങ്കേതങ്ങൾ എന്നു തോന്നിയ ആ സൈനിക സഖ്യങ്ങളും വ്യാജദൈവങ്ങളും യിരെമ്യാവ് പറയുന്ന പ്രകാരം, ചോരുന്ന ജലസംഭരണികൾ പോലെ യാതൊരു സംരക്ഷക ശക്തിയും ഇല്ലാത്തവയെന്നു തെളിഞ്ഞു.—ആവർത്തനപുസ്‌തകം 28:20.
ഈ ചരിത്ര ദൃഷ്ടാന്തത്തിൽനിന്ന് ഇന്നു നമുക്ക് എന്തെങ്കിലും പാഠം ഉൾക്കൊള്ളാനുണ്ടോ? യിരെമ്യാവിന്റെ നാളുകളിലേതുപോലെ ഇന്നും, നിത്യദൈവമായ യഹോവതന്നെയാണ് ജീവജലത്തിന്റെ ഏക ഉറവ്. (സങ്കീർത്തനം 36:9; വെളിപ്പാടു 4:11) അവന്റെ പുത്രനായ യേശുക്രിസ്‌തു മുഖാന്തരം അവനിൽനിന്നു മാത്രമേ മനുഷ്യർക്കു നിത്യജീവൻ പ്രാപിക്കാൻ കഴിയൂ. (യോഹന്നാൻ 4:14; 17:3) എന്നാൽ, യിരെമ്യാവിന്റെ സമകാലികരെപ്പോലെ മനുഷ്യവർഗത്തിൽ വലിയൊരു ഭാഗം ഇന്ന് ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ വചനത്തെ തിരസ്‌കരിക്കുകയോ അത് തെറ്റാണെന്നു തെളിയിക്കാൻ ശ്രമിക്കുകയോ പോലും ചെയ്യുന്നു. എന്നിട്ട്, അവർ അവസരത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ പരിഹാരങ്ങളിലും വെറും പൊള്ളയായ മാനുഷ യുക്തിചിന്തകളിലും ഒന്നിനുംകൊള്ളാത്ത ദൈവനിന്ദാകരമായ പ്രത്യയശാസ്‌ത്രങ്ങളിലും തത്ത്വചിന്തകളിലും അവരുടെ ആശ്രയം വെക്കുന്നു. (1 കൊരിന്ത്യർ 3:18-20; കൊലൊസ്സ്യർ 2:8) ഒരുവന്റെ ആശ്രയം എവിടെയായിരിക്കണം എന്നതു വ്യക്തമാണ്. നിങ്ങൾ ആശ്രയം വെക്കുന്നത് എവിടെയായിരിക്കും? അത് “ജീവജലത്തിന്റെ ഉറവയായ” യഹോവയിലായിരിക്കുമോ? അതോ, ‘വെള്ളം കെട്ടിനിർത്താൻ കഴിയാത്ത പൊട്ടിയ ജലസംഭരണികളിൽ’ ആയിരിക്കുമോ?
[32 -ാം പേജിലെ ചിത്രം]
യിസ്രായേല്യരുടെ ഒരു ശവക്കുഴിയിൽ കണ്ടെത്തിയ, ടെറകോട്ടയിൽ നിർമിച്ച ഒരു അമ്മദേവീ ബിംബം
[കടപ്പാട്]
Photograph taken by courtesy of the British Museum