വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല നേതൃത്വത്തിനു വേണ്ടിയുള്ള അന്വേഷണം

നല്ല നേതൃത്വത്തിനു വേണ്ടിയുള്ള അന്വേഷണം

നല്ല നേതൃത്വത്തിനു വേണ്ടിയുള്ള അന്വേഷണം

“ദയവായി പോകൂ, നിങ്ങളെക്കൊണ്ടു ഞങ്ങൾക്കു മതിയായി. ദൈവത്തെ ഓർത്ത്‌, രാജിവെക്കൂ!”​—⁠ഒലിവർ ക്രോംവെൽ; ബ്രിട്ടീഷ്‌ പാർലമെന്റ്‌ അംഗം ലിയൊപോൾഡ്‌ എയ്‌മറി ഉദ്ധരിച്ച പ്രകാരം.

രണ്ടാം ലോകമഹായുദ്ധം സംഹാരതാണ്ഡവം ആരംഭിച്ചിട്ട്‌ എട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു. ബ്രിട്ടനും സഖ്യകക്ഷികളും പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ലിയൊപോൾഡ്‌ എയ്‌മറിയുടെയും ഭരണചക്രം തിരിക്കുന്ന മറ്റുള്ളവരുടെയും വീക്ഷണത്തിൽ ഒരു നേതൃമാറ്റം അനിവാര്യമായിരുന്നു. അങ്ങനെ 1940 മേയ്‌ 7-ന്‌ എയ്‌മറി, മുകളിൽ പ്രസ്‌താവിച്ച വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ പാർലമെന്റിലെ പൊതുസഭയിൽവെച്ച്‌ പ്രധാനമന്ത്രി നെവിൽ ചേംബർലെയിനെ ആ കാര്യം ധരിപ്പിച്ചു. മൂന്നു ദിവസങ്ങൾക്കു ശേഷം ചേംബർലെയിൻ സ്ഥാനമൊഴിഞ്ഞു, പകരം വിൻസ്റ്റൺ ചർച്ചിൽ അധികാരത്തിൽ വന്നു.

മനുഷ്യവർഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണു നേതൃത്വം. എന്നാൽ, വെറുതെ ആരെങ്കിലും നേതാവായതുകൊണ്ടായില്ല. ഒരു കുടുംബത്തിന്റെ കാര്യത്തിൽപ്പോലും ഭാര്യയും മക്കളും സന്തുഷ്ടരായിരിക്കണമെങ്കിൽ കുടുംബനാഥൻ സമർഥമായി നേതൃത്വം വഹിക്കാൻ പ്രാപ്‌തനായിരിക്കേണ്ടതുണ്ട്‌. അപ്പോൾപ്പിന്നെ, ഒരു രാജ്യത്തിന്റെയോ ലോകത്തിന്റെതന്നെയോ നേതൃത്വം വഹിക്കുന്ന വ്യക്തിയുടെ കാര്യം പറയാനുണ്ടോ! നല്ല നേതാക്കൾ അപൂർവമായിരിക്കുന്നതിൽ അതിശയിക്കാനില്ല.

ആയിരക്കണക്കിനു വർഷങ്ങളായി അരങ്ങേറിയിരിക്കുന്ന അസംഖ്യം സിംഹാസനാരോഹണങ്ങളും വിപ്ലവങ്ങളും അട്ടിമറികളും ഔദ്യോഗിക നിയമനങ്ങളും തെരഞ്ഞെടുപ്പുകളും കൊലപാതകങ്ങളും ഭരണമാറ്റങ്ങളും എല്ലാം ഈ സ്ഥിതിവിശേഷത്തെയാണു പ്രതിഫലിപ്പിക്കുന്നത്‌. രാജാക്കന്മാർ, പ്രധാനമന്ത്രിമാർ, പ്രഭുക്കന്മാർ, പ്രസിഡന്റുമാർ, സെക്രട്ടറി-ജനറൽമാർ, സ്വേച്ഛാധിപതികൾ, തുടങ്ങിയവർ മാറിമാറി അധികാരക്കസേരയിൽ ഇരുന്നിട്ടുണ്ട്‌. അപ്രതീക്ഷിത മാറ്റങ്ങൾ ശക്തരായ ഭരണാധികാരികളെപ്പോലും സ്ഥാനഭ്രഷ്ടരാക്കിയിരിക്കുന്നു. (5-ാം പേജിലെ “അധികാരനഷ്ടം​—⁠ഓർക്കാപ്പുറത്ത്‌” എന്ന ചതുരം കാണുക.) എന്നാൽ, സമർഥവും നിലനിൽക്കുന്നതുമായ നേതൃത്വം ഇന്നും ഒരു മരീചികയായി തുടരുന്നു.

“ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുകയേ” നിവൃത്തിയുള്ളോ?

നല്ല നേതൃത്വത്തിന്റെ കാര്യത്തിൽ പലരും ആശ കൈവെടിഞ്ഞിരിക്കുന്നതിൽ അപ്പോൾ തെല്ലും അതിശയമില്ലല്ലോ. ചില രാജ്യങ്ങളിൽ ആളുകളുടെ വിരക്തിയും നിരാശയും തെരഞ്ഞെടുപ്പുകാലത്തു വിശേഷാൽ പ്രകടമായിത്തീരുന്നു. ആഫ്രിക്കയിലെ ഒരു പത്രപ്രവർത്തകനായ ജെഫ്‌ ഹിൽ ഇപ്രകാരം കുറിക്കൊണ്ടു: “ജീവിതാരിഷ്ടതകൾക്കു മാറ്റം വരുത്തുന്ന കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നു ജനത്തിനു തോന്നുമ്പോൾ [തെരഞ്ഞെടുപ്പിലുള്ള] താത്‌പര്യമില്ലായ്‌മയും [തെരഞ്ഞെടുപ്പു] ബഹിഷ്‌കരണവും വ്യാപകമായിത്തീരുന്നു . . . ആഫ്രിക്കയിൽ ആളുകൾ വോട്ടു ചെയ്യാതിരിക്കുന്നെങ്കിൽ, അതിന്റെ അർഥം നിലവിലുള്ള സാഹചര്യങ്ങളിൽ അവർ തൃപ്‌തരാണെന്നല്ല. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലല്ലോ എന്നു നെടുവീർപ്പിടുന്ന മനുഷ്യരുടെ സഹായത്തിനായുള്ള മുറവിളിയാണു മിക്കപ്പോഴും അത്‌.” സമാനമായി, ഒരു തെരഞ്ഞെടുപ്പിനു മുമ്പായി ഐക്യനാടുകളിലെ ഒരു പത്രലേഖകൻ ഇപ്രകാരം എഴുതി: “പരിപൂർണനായ ഒരു സ്ഥാനാർഥി മത്സരത്തിനു നിന്നിരുന്നെങ്കിലെന്നു ഞാൻ ആശിക്കുന്നു.” തുടർന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു: “അത്തരം ഒരു വ്യക്തി ഇല്ലേയില്ല, ഒരിക്കലും ഉണ്ടാകാറുമില്ല. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുകയേ നിവൃത്തിയുള്ളൂ.”

പരിമിതികളുള്ള അപൂർണ നേതാക്കളെക്കൊണ്ടു ‘തൃപ്‌തിപ്പെടുകയല്ലാതെ’ മനുഷ്യവർഗത്തിനു യഥാർഥത്തിൽ മറ്റൊരു മാർഗവും ഇല്ലേ? പ്രജകളുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ മാനുഷ നേതാക്കൾക്കു കഴിഞ്ഞിട്ടില്ലെന്ന വസ്‌തുത, ഒരിക്കലും നമുക്ക്‌ ഒരു നല്ല നേതാവിനെ ലഭിക്കുകയില്ലെന്ന്‌ അർഥമാക്കുന്നുണ്ടോ? അശേഷമില്ല. അതിശ്രേഷ്‌ഠമായ നേതൃത്വം എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുകതന്നെ ചെയ്യും. മനുഷ്യവർഗത്തിന്റെ ആ ഉത്‌കൃഷ്ട നേതാവ്‌ ആരാണെന്നും നിങ്ങൾ ഉൾപ്പെടെ എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ജനകോടികൾക്ക്‌ അവന്റെ സേവനം പ്രയോജനപ്പെടുന്നത്‌ എങ്ങനെയായിരിക്കുമെന്നും അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.

[3-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ ഇടത്ത്‌: നെവിൽ ചേംബർലെയിൻ

മുകളിൽ വലത്ത്‌: ലിയൊപോൾഡ്‌ എയ്‌മറി

താഴെ: വിൻസ്റ്റൺ ചർച്ചിൽ

[കടപ്പാട്‌]

ചേംബർലെയിൻ: Photo by Jimmy Sime/Central Press/Getty Images; എയ്‌മറി: Photo by Kurt Hutton/Picture Post/Getty Images; ചർച്ചിൽ: The Trustees of the Imperial War Museum (MH 26392)