യഹോവയുടെ സ്‌നേഹപരിപാലനത്തിൽ ആശ്രയിച്ച്
ജീവിത കഥ
യഹോവയുടെ സ്‌നേഹപരിപാലനത്തിൽ ആശ്രയിച്ച്
അന്നാ ഡെന്റ്‌സ് ടർപിൻ പറഞ്ഞപ്രകാരം
“നീയൊരു കൊച്ചു ചോദ്യപ്പെട്ടിതന്നെ!” മമ്മി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. ഒരു കൊച്ചു പെൺകുട്ടിയായിരിക്കെ, ഞാൻ എന്റെ മാതാപിതാക്കളെ ചോദ്യങ്ങൾകൊണ്ടു വീർപ്പുമുട്ടിക്കുമായിരുന്നു. പക്ഷേ ഡാഡിയും മമ്മിയും ഒരിക്കലും അതിന് എന്നെ ശകാരിച്ച് എന്റെ ബാല്യകൗതുകത്തെ കെടുത്തിക്കളഞ്ഞിരുന്നില്ല. പകരം, ന്യായവാദം ചെയ്യാനും എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയെ അടിസ്ഥാനപ്പെടുത്തി സ്വന്തം തീരുമാനങ്ങൾ എടുക്കാനും അവർ എന്നെ പഠിപ്പിച്ചു. ആ പരിശീലനം എത്ര മൂല്യവത്തായിരുന്നെന്നോ! നാസികൾ ഒരു ദിവസം എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ എന്നിൽനിന്നും വേർപെടുത്തി കൊണ്ടുപോയി. എനിക്ക് അന്നു 14 വയസ്സായിരുന്നു. പിന്നീടൊരിക്കലും ഞാൻ അവരെ കണ്ടിട്ടേയില്ല.
എന്റെ ഡാഡി ഓസ്‌കർ ഡെന്റ്‌സ്, മമ്മി അന്നാ മാരിയ. സ്വിസ്സ് അതിർത്തിക്കു സമീപത്തുള്ള ഒരു ജർമൻ നഗരമായ ലോറാക്കിലാണ് അവർ താമസിച്ചിരുന്നത്. ചെറുപ്പത്തിൽ സജീവമായി രാഷ്‌ട്രീയത്തിൽ ഉൾപ്പെട്ടിരുന്ന ഇരുവരും സമൂഹത്തിൽ അറിയപ്പെട്ടിരുന്നു, ആളുകൾ അവരെ ബഹുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 1922-ൽ, വിവാഹത്തെ തുടർന്ന് അധികം താമസിയാതെ രാഷ്‌ട്രീയത്തെയും ജീവിത ലക്ഷ്യങ്ങളെയും കുറിച്ചുള്ള അവരുടെ കാഴ്‌ചപ്പാടിനു മാറ്റംവന്നു. മമ്മി ബൈബിൾ വിദ്യാർഥികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി, യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്. ദൈവരാജ്യം ഭൂമിയിൽ സമാധാനം സ്ഥാപിക്കുമെന്നു മനസ്സിലാക്കിയതു മമ്മിയെ പുളകംകൊള്ളിച്ചു. പെട്ടെന്നുതന്നെ ഡാഡിയും മമ്മിയോടൊപ്പം ചേർന്നു, അവർ ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ആ വർഷം ഡാഡി മമ്മിക്കു കൊടുത്ത ക്രിസ്‌തുമസ്സ് സമ്മാനം എന്തായിരുന്നെന്നോ? ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്) എന്ന ബൈബിൾ പഠനസഹായി. അങ്ങനെയിരിക്കെ 1923 മാർച്ച് 25-ന് അവരുടെ ഏകസന്താനമായി ഞാൻ അവരുടെ ജീവിതത്തിലേക്കു വന്നു.
എന്റെ മനംനിറയെ ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള മധുരം കിനിയുന്ന ഓർമകളാണ്. ബ്ലാക്ക് ഫോറസ്റ്റിന്റെ പ്രശാന്തത തേടിപ്പോകുന്ന ഞങ്ങളുടെ വേനൽക്കാലയാത്രകളും പിന്നെ മമ്മിയുടെ
ഗൃഹപരിപാലന ക്ലാസ്സുകളും ഒക്കെ! മമ്മിയുടെ കുഞ്ഞുമകൾ ഒരു ‘കൊച്ചുവീട്ടമ്മയായി’ പാചകം ചെയ്യുന്നതും നോക്കി മമ്മി അടുക്കളയിൽ നിൽക്കുന്നത് ഇന്നും എന്റെ ഓർമകളിൽ മിഴിവാർന്നു നിൽക്കുന്നു. എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കൾ യഹോവയെ സ്‌നേഹിക്കാനും അവനിൽ ആശ്രയിക്കാനും എന്നെ പഠിപ്പിച്ചു.ഞങ്ങളുടെ സഭയിൽ ഏകദേശം 40 പേരുണ്ടായിരുന്നു, തീക്ഷ്‌ണതയുള്ള രാജ്യഘോഷകരായിരുന്നു അവരെല്ലാം. രാജ്യസുവാർത്തയെക്കുറിച്ചു സംസാരിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്റെ മാതാപിതാക്കൾക്ക് ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. മുമ്പ് അവർ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ അവർക്ക് ആളുകളോടു വിമുഖതകൂടാതെ അടുത്തിടപഴകാൻ കഴിഞ്ഞിരുന്നു, ആളുകൾ അവരെ നല്ലരീതിയിൽ സ്വീകരിക്കുകയും ചെയ്‌തു. എനിക്ക് ഏഴു വയസ്സായപ്പോൾ വീടുതോറും പ്രസംഗിക്കാൻ എനിക്കും പോകണമെന്നായി. ആദ്യദിവസം, കൂടെയുണ്ടായിരുന്ന ആൾ എന്റെ കയ്യിൽ ചില സാഹിത്യങ്ങൾ തന്നു. എന്നിട്ട് ഒരു വീടു ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു, “പോയി, അവർക്ക് ഇതു വേണോ എന്നു ചോദിക്ക്.” 1931-ൽ സ്വിറ്റ്‌സർലൻഡിലെ ബാസലിൽവെച്ചു നടന്ന ബൈബിൾ വിദ്യാർഥികളുടെ ഒരു കൺവെൻഷനിൽ ഞങ്ങൾ സംബന്ധിച്ചു, എന്റെ മാതാപിതാക്കൾ അവിടെവെച്ചു സ്‌നാപനമേറ്റു.
പ്രക്ഷുബ്ധതയിൽനിന്നു നിഷ്‌ഠുര ഭരണത്തിലേക്ക്
ജർമനി അന്നു പ്രക്ഷുബ്ധാവസ്ഥയിലായിരുന്നു. തെരുവുകൾ നിരവധി രാഷ്‌ട്രീയ കക്ഷികൾക്ക് കയ്യാങ്കളിയുടെ കൂത്തരങ്ങായിമാറി. ഒരു രാത്രി അയൽവീട്ടിൽനിന്നുള്ള നിലവിളികേട്ടു ഞാൻ ഞെട്ടിയുണർന്നു. അവിടത്തെ കൗമാരപ്രായത്തിലുള്ള രണ്ട് ആൺകുട്ടികൾ അവരുടെ ജ്യേഷ്‌ഠനെ ഒരു മുപ്പല്ലികൊണ്ടു കുത്തിക്കൊന്നതിന്റെ ബഹളമായിരുന്നു അത്. ജ്യേഷ്‌ഠന്റെ രാഷ്‌ട്രീയ വീക്ഷണങ്ങളോടുള്ള അവരുടെ വിയോജിപ്പായിരുന്നു കാരണം. ആളുകൾക്കിടയിൽ യഹൂദവിരോധവും നാൾക്കുനാൾ വർധിച്ചുവന്നു. താൻ യഹൂദയായിപ്പോയിയെന്ന ഒറ്റക്കാരണംകൊണ്ട് സ്‌കൂളിൽ ഒരു പെൺകുട്ടിയെ ക്ലാസ്സിന്റെ മൂലയ്‌ക്കു മാറ്റിനിറുത്തിയിരുന്നു. എനിക്ക് അവളോടു വളരെ സഹതാപം തോന്നി. എന്നാൽ പെട്ടെന്നുതന്നെ ഒറ്റപ്പെടുത്തലിന്റെ കയ്‌പുനീർ ഞാനും കുടിച്ചിറക്കേണ്ടിവരുമെന്ന് അന്നു ഞാൻ അറിഞ്ഞിരുന്നില്ല.
1933 ജനുവരി 30-ന് അഡോൾഫ് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലറായി. ഞങ്ങളുടെ വീടിന് രണ്ടു ബ്ലോക്കുകൾക്കപ്പുറം നഗരസഭാ കെട്ടിടത്തിനു മുകളിൽ നാസികൾ വിജയശ്രീലാളിതരായി സ്വസ്‌തിക പതാക ഉയർത്തുന്നതു ഞങ്ങൾ കണ്ടു. ആവേശംപൂണ്ട ഞങ്ങളുടെ ടീച്ചർ സ്‌കൂളിൽ, “ഹെയ്‌ൽ ഹിറ്റ്‌ലർ!” എന്നു പറഞ്ഞുകൊണ്ട് അഭിവാദനം ചെയ്യുന്നത് എങ്ങനെയെന്നു ഞങ്ങളെ പഠിപ്പിച്ചു. അന്നു വൈകുന്നേരം ഞാൻ ഡാഡിയോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഇതുകേട്ടു വിഷമമായി. “ഇതു ശരിയല്ല,” അദ്ദേഹം പറഞ്ഞു. “‘ഹെയ്‌ൽ’ എന്നതിന്റെ അർഥം രക്ഷ എന്നാണ്. നാം ‘ഹെയ്‌ൽ ഹിറ്റ്‌ലർ’ എന്നു പറഞ്ഞാൽ, രക്ഷയ്‌ക്കായി യഹോവയ്‌ക്കു പകരം ഹിറ്റ്‌ലറിലേക്കു നോക്കുന്നുവെന്നു വരും. അതു ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ നീ എന്തു ചെയ്യണമെന്നു നീ തന്നെ തീരുമാനിക്കുക.”
‘ഹെയ്‌ൽ ഹിറ്റ്‌ലർ,’ പറയാൻ ഞാൻ വിസമ്മതിച്ചു. അതിനാൽ സ്‌കൂളിലുള്ള കുട്ടികൾ ഭ്രഷ്ട് കൽപ്പിച്ചതുപോലെ എന്നെ വീക്ഷിച്ചു. അധ്യാപകർ കാണാത്തപ്പോൾ ചില ആൺകുട്ടികൾ എന്നെ തല്ലുകപോലും ചെയ്‌തിരുന്നു. ക്രമേണ, അവർ എന്നെ എന്റെ വഴിക്കു വിട്ടു. എന്നിരുന്നാലും, എന്റെ കൂടെ കളിക്കുന്നത് തങ്ങളുടെ പിതാക്കന്മാർ വിലക്കിയതായി എന്റെ കൂട്ടുകാർപോലും എന്നോടു പറഞ്ഞു. ഞാൻ വളരെ അപകടകാരിയാണത്രേ.
അധികാരത്തിലേറി രണ്ടുമാസത്തിനു ശേഷം നാസികൾ ജർമനിയിൽ യഹോവയുടെ സാക്ഷികളെ നിരോധിച്ചു. സാക്ഷികൾ രാഷ്‌ട്രത്തിനു ഭീഷണിയാണെന്നായിരുന്നു അവരുടെ അഭിപ്രായം. സ്റ്റോം ട്രൂപ്പേഴ്‌സ് എന്ന നാസി സൈനിക വിഭാഗം മാഗ്‌ഡെബർഗിലെ ഓഫീസ് അടച്ചുപൂട്ടുകയും നമ്മുടെ സഭായോഗങ്ങൾ നിരോധിക്കുകയും ചെയ്‌തു. എന്നാൽ ഞങ്ങൾ താമസിച്ചിരുന്നത് അതിർത്തിക്കടുത്ത് ആയിരുന്നതിനാൽ, അതിർത്തികടന്നു ബാസലിലേക്കു പോകാൻ ഡാഡി അനുമതി തരപ്പെടുത്തിയെടുത്തു, അങ്ങനെ ഞങ്ങൾക്കു ഞായറാഴ്‌ചത്തെ യോഗങ്ങളിൽ സംബന്ധിക്കാൻ കഴിഞ്ഞു. ഭാവിയെ കരുത്തോടെ നേരിടാൻ കഴിയത്തക്കവണ്ണം ജർമനിയിലുള്ള നമ്മുടെ സഹോദരങ്ങൾക്ക് ഇത്തരത്തിലുള്ള ആത്മീയ ആഹാരം കിട്ടിയിരുന്നെങ്കിലെന്ന് അദ്ദേഹം മിക്കപ്പോഴും പറയുമായിരുന്നു.
അപകടകരമായ ‘വാരാന്ത സവാരികൾ’
മാഗ്‌ഡെബർഗിലെ ഓഫീസ് അടച്ചുപൂട്ടിയപ്പോൾ, ബ്രാഞ്ചിലെ ഒരംഗമായിരുന്ന യൂലിയുസ് റിഫെൽ അദ്ദേഹത്തിന്റെ സ്വന്തപട്ടണമായ ലോറാക്കിലെത്തി. രഹസ്യമായി പ്രസംഗവേല സംഘടിപ്പിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം വന്നത്. ഡാഡി ഉടൻതന്നെ സഹായഹസ്‌തം നീട്ടി. ഡാഡി മമ്മിയെയും എന്നെയും വിളിച്ചിരുത്തിയിട്ട് താൻ സ്വിറ്റ്‌സർലൻഡിൽനിന്നു ജർമനിയിലേക്കു ബൈബിൾ സാഹിത്യങ്ങൾ കൊണ്ടുവരാൻ സഹോദരനെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നു പറഞ്ഞു. ഇതു തീർത്തും അപകടംപിടിച്ച പണിയാണെന്നും താൻ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യപ്പെടാമെന്നും ഡാഡി പറഞ്ഞു. ഞങ്ങളെ നിർബന്ധിച്ച് ഇതിൽ ഉൾപ്പെടുത്താൻ ഡാഡി ആഗ്രഹിച്ചില്ല, കാരണം ഇതു ഞങ്ങളുടെ ജീവനും അപകടത്തിലാക്കുമായിരുന്നു. എന്നാൽ, ഇതുകേട്ടപ്പോൾ ഒട്ടും അമാന്തിക്കാതെ മമ്മി പറഞ്ഞു: “ഞാനുമുണ്ട് കൂടെ.” അവർ രണ്ടുപേരും എന്നെ നോക്കി, അപ്പോൾ ഞാൻ പറഞ്ഞു: “ഞാനുമുണ്ട്!”
മമ്മി വീക്ഷാഗോപുരം മാസികയുടെ വലുപ്പത്തിലുള്ള ഒരു പേഴ്‌സ് തുന്നിയുണ്ടാക്കി. എന്നിട്ട് സാഹിത്യം അതിലേക്കിട്ടിട്ട് തുറന്നിരിക്കുന്ന വശം തുന്നിച്ചേർക്കും. ഡാഡിയുടെ വസ്‌ത്രങ്ങളിലും ഞങ്ങളുടെ ഉള്ളുടുപ്പുകളിലും മമ്മി രഹസ്യ പോക്കറ്റുകൾ ഉണ്ടാക്കി, ചെറിയ ബൈബിൾ പഠനസഹായികൾ ആരുംകാണാതെ കൊണ്ടുപോകുന്നതിനായിരുന്നു ഇത്. ഈ രഹസ്യ നിധികൾ ഞങ്ങൾ വീട്ടിൽ സുരക്ഷിതമായി എത്തിക്കുന്ന ഓരോ തവണയും ഞങ്ങൾ ആശ്വാസനിശ്വാസം ഉതിർത്ത് യഹോവയ്‌ക്കു നന്ദി നൽകുമായിരുന്നു. സാഹിത്യങ്ങളെല്ലാം ഞങ്ങൾ തട്ടിൻപുറത്ത് ഒളിച്ചുവെച്ചു.
ആദ്യമൊക്കെ നാസികൾക്കു ഞങ്ങളെ യാതൊരു സംശയവും തോന്നിയിരുന്നില്ല. അവർ ഞങ്ങളെ ചോദ്യം ചെയ്യുകയോ വീടു പരിശോധിക്കുകയോ ഒന്നും ചെയ്‌തില്ല. എങ്കിലും, എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്നപക്ഷം ഞങ്ങളുടെ ആത്മീയ സഹോദരങ്ങൾക്കു മുന്നറിയിപ്പു നൽകാൻ ഒരു രഹസ്യകോഡ് ഞങ്ങൾ കണ്ടുപിടിച്ചിരുന്നു, 4711. ഇത് പ്രശസ്‌തമായ ഒരു കൊളോണിന്റെ (സുഗന്ധദ്രവ്യത്തിന്റെ) പേരായിരുന്നു. ഞങ്ങളുടെ വീട്ടിലേക്കു വരുന്നതിൽ എന്തെങ്കിലും അപകടമുണ്ടെന്നു മണത്തറിഞ്ഞാൽ ഈ നമ്പർ ഉപയോഗിച്ച് ഞങ്ങൾ എങ്ങനെയെങ്കിലും അവർക്കു മുന്നറിയിപ്പു നൽകുമായിരുന്നു. കൂടാതെ, വീട്ടിലേക്കു കടക്കുന്നതിനു മുമ്പ് ഞങ്ങളുടെ സ്വീകരണമുറിയുടെ ജനലുകൾ നോക്കണമെന്നും ഡാഡി അവരോടു പറഞ്ഞിരുന്നു. ഇടതുവശത്തെ ജനൽ തുറന്നാണെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്നാണ് അർഥം. അപ്പോൾ അവർ രക്ഷപ്പെട്ടുകൊള്ളണം.
1936-ലും 1937-ലും ഗസ്റ്റപ്പോ കൂട്ട അറസ്റ്റുകൾ നടത്തി. ആയിരക്കണക്കിനു സാക്ഷികൾ തടവറകളിലും തടങ്കൽപ്പാളയങ്ങളിലുമായി. അവർ അവിടെവെച്ച് അതിക്രൂരവും പൈശാചികവുമായ പെരുമാറ്റങ്ങൾക്കു വിധേയരായി. സ്വിറ്റ്‌സർലൻഡിലെ ബേണിലുള്ള ബ്രാഞ്ച് ഓഫീസ് ഇത്തരം തടങ്കൽപ്പാളയങ്ങളിലെ റിപ്പോർട്ടുകൾ ശേഖരിക്കാൻ തുടങ്ങി. ഇവയിൽ ചിലത് തടങ്കൽപ്പാളയങ്ങളിൽനിന്നു ചോർത്തിക്കൊണ്ടുവന്നവ ആയിരുന്നു. നാസികളുടെ ദുഷ്‌കർമങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന, ക്രിസ്‌ത്യാനിത്വത്തിന് എതിരെയുള്ള കുരിശുയുദ്ധം (മലയാളത്തിൽ ലഭ്യമല്ല) എന്നൊരു പുസ്‌തകം ഇറക്കാനായിരുന്നു അത്. രഹസ്യ റിപ്പോർട്ടുകൾ അതിർത്തികടത്തി ബാസലിൽ എത്തിക്കുന്ന അപകടകരമായ ജോലി ജീവൻ പണയപ്പെടുത്തിക്കൊണ്ടു ഞങ്ങൾ ഏറ്റെടുത്തു. നിയമവിരുദ്ധമായ അത്തരം റിപ്പോർട്ടുകളുമായി നാസികളുടെ
കൈയിലെങ്ങാനും ചെന്നുപെട്ടിരുന്നെങ്കിൽ തടവ് ഉറപ്പായിരുന്നു. നമ്മുടെ സഹോദരങ്ങൾ സഹിക്കുന്ന പീഡനങ്ങളെക്കുറിച്ചു വായിച്ച് ഞാൻ കരഞ്ഞുപോയി. എന്നിരുന്നാലും, എനിക്കു ഭയമൊന്നും തോന്നിയില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ യഹോവയും എന്റെ മാതാപിതാക്കളും എന്നെ പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.പതിന്നാലു വയസ്സുള്ളപ്പോൾ ഞാൻ സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ഒരു ഹാർഡ്‌വെയർ കടയിൽ ക്ലർക്കായി ജോലികിട്ടി. സാധാരണമായി, സാഹിത്യങ്ങൾ ഒളിച്ചുകടത്തുന്ന ‘കുരിയർ വേലയ്‌ക്ക്’ ഞങ്ങൾ പോകുന്നത് ശനിയാഴ്‌ച ഉച്ചകഴിഞ്ഞോ ഞായറാഴ്‌ചയോ ആയിരുന്നു. ഡാഡിക്കു ജോലി ഒഴിവ് അപ്പോഴായിരുന്നു. മിക്കവാറും രണ്ട് ആഴ്‌ചകൂടുമ്പോഴാണ് ഞങ്ങൾ അങ്ങനെ പോയിരുന്നത്. വാരാന്തം ചെലവഴിക്കാൻ പോകുന്ന ഒരു കുടുംബമെന്നേ ഞങ്ങളെ കണ്ടാൽ തോന്നിയിരുന്നുള്ളൂ, അതിർത്തിയിൽ കാവൽനിൽക്കുന്നവർ ഞങ്ങളെ തടഞ്ഞുനിറുത്തുകയോ പരിശോധിക്കുകയോ ചെയ്‌തില്ല. അങ്ങനെ ഏതാണ്ട് നാലു വർഷം കടന്നുപോയി. കൃത്യമായി പറഞ്ഞാൽ 1938 ഫെബ്രുവരിയിലെ ആ ദിവസം വരെ.
പിടിയിൽ!
അന്ന് ബാസലിന് അടുത്ത്, സാധാരണ സാഹിത്യങ്ങൾ എടുക്കാറുള്ള സ്ഥലത്ത് ഞങ്ങളെത്തി. ഡാഡിയുടെ അപ്പോഴത്തെ മുഖഭാവം ഞാൻ ഒരിക്കലും മറക്കുകയില്ല. സാഹിത്യങ്ങളുടെ ഒരു കൂമ്പാരം ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു. കാരണം മറ്റൊരു ‘കുരിയർ കുടുംബത്തെ’ ഇതിനോടകം അറസ്റ്റു ചെയ്‌തിരുന്നു, അതിനാൽ ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ പുസ്‌തകങ്ങൾ കൊണ്ടുപോകണമായിരുന്നു. അതിർത്തിയിൽ എത്തിയപ്പോൾ ഒരു കസ്റ്റംസ് ഓഫീസർക്ക് ഞങ്ങളെക്കണ്ട് എന്തോ പന്തികേടുതോന്നി പരിശോധിക്കാൻ ഉത്തരവിട്ടു. പുസ്‌തകങ്ങൾ കണ്ടുകഴിഞ്ഞപ്പോൾ അയാൾ തോക്കുചൂണ്ടി പോലീസ് വാഹനത്തിലേക്കു ഞങ്ങളെ കൊണ്ടുപോയി. ഉദ്യോഗസ്ഥർ ഞങ്ങളെയുംകൊണ്ടു വാഹനമോടിച്ചുപോകുമ്പോൾ, ഡാഡി എന്റെ കൈയിൽ പിടിച്ചുകൊണ്ട് മന്ത്രിച്ചു: “വഞ്ചന കാണിക്കരുത്, ആരുടെയും പേരു വെളിപ്പെടുത്തരുത്!” “ഇല്ല,” ഞാൻ ഡാഡിക്ക് ഉറപ്പുകൊടുത്തു. ഞങ്ങൾ ലോറാക്കിൽ എത്തിയപ്പോൾ അവർ എന്റെ പ്രിയപ്പെട്ട ഡാഡിയെ കൊണ്ടുപോയി. ഡാഡിക്കു പിന്നിൽ ജയിലിന്റെ വാതിൽ അടഞ്ഞു. ഞാൻ ഡാഡിയെ അവസാനമായി കണ്ടത് അന്നായിരുന്നു.
തുടർന്ന് നാലു ഗസ്റ്റപ്പോകൾ എന്നെ നാലുമണിക്കൂർ ചോദ്യം ചെയ്‌തു. മറ്റു സാക്ഷികളുടെ പേരും മേൽവിലാസവും വെളിപ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാൻ വിസമ്മതിച്ചപ്പോൾ അവരിൽ ഒരാൾ കോപാക്രാന്തനായി എന്നെ ഭീഷണിപ്പെടുത്തി: “നിന്നെക്കൊണ്ടു പറയിക്കാൻ ഞങ്ങൾക്കു വേറെ മാർഗങ്ങളുണ്ട്!” ഞാൻ ഒന്നും വെളിപ്പെടുത്തിയില്ല. പിന്നെ അവർ എന്നെയും മമ്മിയെയും വീട്ടിലേക്കു കൊണ്ടുപോയി ഞങ്ങളുടെ വീടു പരിശോധിച്ചു. ആദ്യമായിട്ടായിരുന്നു ഞങ്ങളുടെ വീടു പരിശോധിക്കുന്നത്. അവർ മമ്മിയെ കസ്റ്റഡിയിൽ എടുത്തിട്ട് എന്നെ എന്റെ ഒരു ആന്റിയുടെ—മമ്മിയുടെ ജ്യേഷ്‌ഠത്തിയുടെ—വീട്ടിലേക്ക് അയച്ചു. ആന്റിയും ഒരു സാക്ഷിയാണെന്ന് അറിയാതെ അവർ ആന്റിയെ എന്റെ സംരക്ഷണച്ചുമതല ഏൽപ്പിച്ചു. ജോലിക്കു പോകാൻ എനിക്ക് അനുവാദമുണ്ടായിരുന്നെങ്കിലും എന്റെ ഓരോ ചലനവും നിരീക്ഷിക്കാൻ നാലു ഗസ്റ്റപ്പോകൾ ഞങ്ങളുടെ വീടിനു മുന്നിൽ നിറുത്തിയിട്ട കാറിൽ കാവലിരുന്നു. ഒരു പോലീസുകാരൻ നടപ്പാതയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു ഉച്ചഭക്ഷണ സമയത്ത്, വീട്ടിൽനിന്നു പുറത്തേക്കു വരികയായിരുന്ന ഞാൻ ഒരു യുവസഹോദരി തന്റെ സൈക്കിളിൽ എന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവൾ അടുത്തെത്തിയപ്പോൾ ഒരു കടലാസു കഷണം എന്റെ നേർക്ക് എറിയാൻ തുടങ്ങുകയാണെന്ന് എനിക്കു മനസ്സിലായി. ഞാനതു ചാടിപ്പിടിച്ചു. ഞാൻ ചെയ്‌തത് ഗസ്റ്റപ്പോകൾ കണ്ടോ എന്നറിയാൻ ഞാൻ തിരിഞ്ഞുനോക്കി. അതിശയമെന്നു പറയട്ടെ ആ നിമിഷം അവരെല്ലാം കൂടി എന്തോ പറഞ്ഞു തലതല്ലി ചിരിക്കുകയായിരുന്നു!
ഉച്ചയ്‌ക്ക് ആ സഹോദരിയുടെ മാതാപിതാക്കൾ താമസിക്കുന്ന സ്ഥലത്ത് ഞാൻ എത്തണമെന്നതായിരുന്നു ആ കുറിപ്പിൽ. ഗസ്റ്റപ്പോകൾ എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കെ ഞാൻ അങ്ങോട്ടു പോകുന്നെങ്കിൽ അവളുടെ മാതാപിതാക്കൾ അപകടത്തിലാകില്ലേ? വാഹനത്തിലിരുന്ന നാലു ഗസ്റ്റപ്പോകളെയും ഞാൻ നോക്കി, പിന്നെ തെരുവിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന പോലീസുകാരനെയും. എന്തു ചെയ്യണമെന്ന് എനിക്കൊരു എത്തുംപിടിയുമില്ലായിരുന്നു. സഹായത്തിനായി ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. പെട്ടെന്ന് പോലീസുകാരൻ ഗസ്റ്റപ്പോകളുടെ വാഹനത്തിന് അടുത്തേക്കു നടന്നുവന്നിട്ട് എന്തോ പറഞ്ഞു, എന്നിട്ട് അയാൾ അതിൽ കയറി, അവർ വാഹനമോടിച്ചുപോയി!
ആ സമയത്ത് എന്റെ ആന്റി അവിടേക്കുവന്നു. അപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞിരുന്നു. ആന്റി ആ കുറിപ്പു വായിച്ചിട്ട് അവിടേക്കു പോകണമെന്നു പറഞ്ഞു. സ്വിറ്റ്‌സർലൻഡിലേക്ക് എന്നെ കൊണ്ടുപോകാൻ സഹോദരങ്ങൾ ആരെയെങ്കിലും ഏർപ്പെടുത്തിയിട്ടുണ്ടായിരിക്കുമെന്ന് ആന്റി ഊഹിച്ചു. ഞങ്ങൾ എത്തിയപ്പോൾ ആ കുടുംബം ഒരു സഹോദരനെ എനിക്കു പരിചയപ്പെടുത്തി, ഹൈൻറിഹ് റൈഫ്. സുരക്ഷിതയായി ഞാൻ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും സ്വിറ്റ്‌സർലൻഡിലേക്കു രക്ഷപ്പെടാൻ എന്നെ സഹായിക്കാനാണു താൻ വന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. മരങ്ങൾ തിങ്ങിവളർന്നിരുന്ന ഒരു പ്രദേശത്തുവെച്ച് അരമണിക്കൂറിനുള്ളിൽ തമ്മിൽ കാണണമെന്നും പറഞ്ഞു.
മറുനാട്ടിലെ ജീവിതം
പറഞ്ഞൊത്തപോലെ ഞാൻ റൈഫ് സഹോദരനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്റെ മാതാപിതാക്കളെ ഇവിടെ വിട്ടിട്ടു പോകുന്നകാര്യം ഓർത്തപ്പോൾ ഹൃദയം തകർന്നുപോകുന്നതുപോലെ തോന്നി. ഇതെല്ലാം സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു. ഉത്‌കണ്‌ഠയുടെ ഏതാനും നിമിഷങ്ങൾ
കൊഴിഞ്ഞുവീണു. ഞങ്ങൾ ഒരു കൂട്ടം വിനോദസഞ്ചാരികളോടൊപ്പം നടന്നു, സുരക്ഷിതമായി സ്വിസ്സ് അതിർത്തി കടന്നു.ഞാൻ ബേണിലെ ബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ അവിടത്തെ സഹോദരങ്ങളാണ് എന്നെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ചെയ്‌തതെന്ന് എനിക്കു മനസ്സിലായി. അവർ എനിക്കു താമസിക്കാൻ ഒരു ഇടം തന്നു. ഞാൻ അടുക്കളയിൽ ജോലിചെയ്‌തു, അതു ഞാൻ നന്നായി ആസ്വദിച്ചു. എന്നാൽ രണ്ടുവർഷത്തേക്കു തടവിലാക്കിയിരുന്ന എന്റെ മാതാപിതാക്കൾക്ക് എന്തു സംഭവിക്കുമെന്ന് അറിയാതെ മറ്റൊരു ദേശത്തു താമസിക്കുന്നത് തികച്ചും ദുഷ്‌കരമായിരുന്നു. ഇടയ്‌ക്കൊക്കെ ഉള്ളുപിടയുന്ന നൊമ്പരവും ഉത്‌കണ്‌ഠയും എന്നെ പൊതിഞ്ഞിരുന്നു. അപ്പോൾ ഞാൻ കുളിമുറിയിൽ കയറി കതകടച്ച് വിതുമ്പിക്കരയുമായിരുന്നു. എന്നാൽ എന്റെ മാതാപിതാക്കളുമായി നിരന്തരം കത്തിലൂടെ സമ്പർക്കം പുലർത്താൻ എനിക്കു കഴിഞ്ഞു. വിശ്വസ്‌തയായി തുടരാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു.
എന്റെ മാതാപിതാക്കളുടെ വിശ്വസ്‌ത മാതൃക യഹോവയ്‌ക്ക് ജീവിതം സമർപ്പിക്കാൻ എന്നെ പ്രചോദിപ്പിച്ചു. അങ്ങനെ, 1938 ജൂലൈ 25-ന് ഞാൻ സ്‌നാപനമേറ്റു. ഒരു വർഷം ബെഥേലിൽ ജോലി ചെയ്‌തതിനു ശേഷം ഞാൻ സ്വിസ്സ് ബ്രാഞ്ച് വാങ്ങിയ ഷാനേലായിലെ കൃഷിയിടത്തിലേക്കു പോയി. ബെഥേൽ കുടുംബത്തിനുള്ള ആഹാരസാധനങ്ങൾ ഉത്‌പാദിപ്പിക്കുകയും പീഡനം നിമിത്തം പലായനം ചെയ്യുന്ന സഹോദരങ്ങളെ താമസിപ്പിക്കുകയും ചെയ്‌തിരുന്നത് ഇവിടെയായിരുന്നു.
1940-ൽ എന്റെ മാതാപിതാക്കളുടെ തടവുശിക്ഷയുടെ കാലാവധി തീർന്നു. തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞാൽ മോചിപ്പിക്കാമെന്നു നാസികൾ അവരോടു പറഞ്ഞു. അവർ വിസമ്മതിച്ചു. തത്‌ഫലമായി അവരെ തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചു, ഡാഡിയെ ഡാക്കൗവിലേക്കും മമ്മിയെ റാവെൻസ്‌ബ്രൂക്കിലേക്കും. 1941-ലെ ശൈത്യകാലത്ത് എന്റെ മമ്മിയും തടങ്കൽപ്പാളയത്തിലെ മറ്റു സഹോദരിമാരും പട്ടാളത്തിനുവേണ്ടി ജോലി ചെയ്യാൻ വിസമ്മതിച്ചു. ശിക്ഷയായി, അവരെ മൂന്നു പകലും മൂന്നു രാവും കോച്ചിപ്പിടിക്കുന്ന തണുപ്പത്തു പുറത്തു നിറുത്തി, പിന്നെ അവരെ ഇരുട്ടറകളിൽ അടച്ച് 40 ദിവസം നാമമാത്ര ഭക്ഷണം നൽകി. തുടർന്ന് അവരെ തല്ലിച്ചതച്ചു. മറ്റൊരു സന്ദർഭത്തിലെ ഇത്തരമൊരു കിരാതമായ പ്രഹരത്തിനു മൂന്ന് ആഴ്‌ചയ്‌ക്കു ശേഷം 1942 ജനുവരി 31-ന് മമ്മി മരിച്ചു.
ഡാഡിയെ ഡാക്കൗവിൽനിന്ന് ഓസ്‌ട്രിയയിലെ മൗട്ട്‌ഹൗസെനിലേക്കു കൊണ്ടുപോയി. ഈ തടങ്കൽപ്പാളയത്തിൽ നാസികൾ തടവുകാരെ പട്ടിണികൊണ്ടും അതികഠിനമായ ശാരീരിക അധ്വാനംകൊണ്ടും ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. എന്നാൽ മമ്മി മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ നാസികൾ വ്യത്യസ്‌തമായ ഒരു രീതിയിൽ എന്റെ ഡാഡിയെ കൊന്നു, ഡാഡിയിൽ വൈദ്യ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട്. തടങ്കൽപ്പാളയത്തിലെ ഡോക്ടർമാർ മനുഷ്യരെ പരീക്ഷണങ്ങൾക്കുള്ള ഗിനിപ്പന്നികളാക്കി, അവരിൽ മനഃപൂർവം ക്ഷയരോഗാണുക്കൾ കുത്തിവെച്ചു. അതിനുശേഷം, തടവുകാരുടെ ഹൃദയത്തിലേക്കു മാരകമായ ഒരു കുത്തിവെപ്പു നൽകി. എന്റെ ഡാഡി മരിച്ചത് “ഹൃദയപേശി ദുർബലമായതിനാൽ” ആണെന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ടിൽ. ഡാഡിക്ക് അന്ന് 43 വയസ്സായിരുന്നു. ഈ പൈശാചിക കൊലപാതകങ്ങളെക്കുറിച്ചു ഞാൻ മനസ്സിലാക്കിയതു മാസങ്ങൾ കഴിഞ്ഞാണ്. എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും എന്റെ കണ്ണുനിറയും. സ്വർഗീയ പ്രത്യാശയുണ്ടായിരുന്ന ഡാഡിയും മമ്മിയും യഹോവയുടെ കൈകളിൽ സുരക്ഷിതരാണെന്നുള്ള ഉറപ്പാണ് അന്നും ഇന്നും എനിക്കു സാന്ത്വനമേകുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ന്യൂയോർക്കിൽവെച്ചു നടത്തപ്പെട്ട വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിന്റെ 11-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള പദവി എനിക്കു ലഭിച്ചു. അഞ്ചുമാസം തിരുവെഴുത്തുകളെക്കുറിച്ചുള്ള പഠനത്തിൽ മുഴുകിയിരിക്കുന്നത് എത്ര സന്തോഷകരമായ ഒരു അനുഭവമായിരുന്നു! 1948-ൽ ബിരുദദാനത്തിനു ശേഷം എന്നെ സ്വിറ്റ്‌സർലൻഡിലേക്ക് ഒരു മിഷനറിയായി അയച്ചു. ഏറെ താമസിയാതെ ഞാൻ ജെയിംസ് എൽ. ടർപിനെ കണ്ടുമുട്ടി. ഗിലെയാദിന്റെ 5-ാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഒരു വിശ്വസ്‌ത സഹോദരനായിരുന്നു അദ്ദേഹം. തുർക്കിയിൽ ആദ്യത്തെ
ബ്രാഞ്ച് ഓഫീസ് സ്ഥാപിതമായപ്പോൾ അദ്ദേഹമായിരുന്നു ബ്രാഞ്ച് മേൽവിചാരകൻ. 1951 മാർച്ചിൽ ഞങ്ങൾ വിവാഹിതരായി, പെട്ടെന്നുതന്നെ, ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുകയാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു! ഞങ്ങൾ ഐക്യനാടുകളിലേക്കു പോയി. അവിടെവെച്ച് ആ ഡിസംബറിൽ ഞങ്ങളുടെ മകൾ മാർലിൻ പിറന്നു.ഈ വർഷങ്ങളിലുടനീളം ജിമ്മും ഞാനും രാജ്യസേവനത്തിൽ വലിയ ആനന്ദം കണ്ടെത്തിയിരിക്കുന്നു. പ്രിയങ്കരിയായ ഒരു ബൈബിൾ വിദ്യാർഥിനിയെ ഞാൻ ഓർക്കുന്നു. പെന്നി എന്നു പേരുള്ള ഒരു ചൈനാക്കാരി സ്‌ത്രീ. അവർക്കു ബൈബിൾ പഠിക്കാൻ എന്തിഷ്ടമായിരുന്നെന്നോ! അവർ പഠിച്ചു സ്‌നാപനമേറ്റു, പിന്നീട് ഗൈ പിയേഴ്‌സിനെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ സേവിക്കുകയാണ്. ഇത്തരം പ്രിയപ്പെട്ടവർ എന്റെ ജീവിതത്തിലേക്കു കടന്നുവന്ന് എന്റെ മാതാപിതാക്കളുടെ വേർപാട് സൃഷ്ടിച്ച വിടവു നികത്താൻ എന്നെ സഹായിച്ചിട്ടുണ്ട്.
2004-ന്റെ തുടക്കത്തിൽ എന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന പട്ടണമായ ലോറാക്കിലെ സഹോദരങ്ങൾ അവിടത്തെ ഷ്‌റ്റിഹ് തെരുവിൽ ഒരു രാജ്യഹാൾ പണിതു. യഹോവയുടെ സാക്ഷികൾ ചെയ്‌തതിനുള്ള അംഗീകാരം എന്നനിലയിൽ, എന്റെ മാതാപിതാക്കളുടെ ബഹുമാനാർഥം നഗരസഭ ആ തെരുവിന് ഡെന്റ്‌സ്‌ഷ്‌ട്രാസെ (ഡെന്റ്‌സ് തെരുവ്) എന്നു പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. പ്രാദേശിക വർത്തമാനപ്പത്രമായ ബാദിശേ റ്റ്‌സൈറ്റുങ്ങിൽ, “വധിക്കപ്പെട്ട ഡെന്റ്‌സ് ദമ്പതികളുടെ ഓർമയ്‌ക്ക്: തെരുവിനു പുതിയ പേര്” എന്നൊരു തലക്കെട്ട് ഉണ്ടായിരുന്നു. അതിൽ, എന്റെ മാതാപിതാക്കൾ “മൂന്നാം റൈക്കിന്റെ കാലത്ത് വിശ്വാസത്തിനുവേണ്ടി തടങ്കൽപ്പാളയത്തിൽവെച്ചു വധിക്കപ്പെട്ടു” എന്ന് പ്രസ്‌താവിച്ചിരുന്നു. നഗരസഭയുടെ ആ നടപടി എന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതവും ഹൃദയോഷ്‌മളവുമായ ഒരു സംഭവം ആയിരുന്നു.
എന്റെ ഡാഡി പറയുമായിരുന്നു, അർമഗെദോൻ നമ്മുടെ കാലത്തു വരില്ല എന്നരീതിയിൽ നാം കാര്യങ്ങൾ മുൻകൂട്ടി ചിന്തിക്കണം, അതേസമയം അർമഗെദോൻ നാളെ വരും എന്നരീതിയിൽ ജീവിക്കുകയും വേണം. ആ വിലയേറിയ ഉപദേശം ഞാൻ എല്ലായ്‌പോഴും പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. ക്ഷമയുണ്ടായിരിക്കുകയും അതേസമയം ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുക ഇന്ന് എല്ലായ്‌പോഴും എളുപ്പമല്ല. പ്രത്യേകിച്ച് ഇപ്പോൾ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ എന്നെ വീട്ടിനുള്ളിൽത്തന്നെ തളച്ചിടുമ്പോൾ. എന്നാൽ, യഹോവ തന്റെ വിശ്വസ്‌ത ദാസർക്കു നൽകിയ പിൻവരുന്ന വാഗ്‌ദാനത്തിന്റെ സത്യതയെ ഞാൻ ഒരിക്കലും സംശയിച്ചിട്ടില്ല: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക . . . നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
[29-ാം പേജിലെ ചതുരം/ചിത്രം]
പോയകാലത്തുനിന്ന് കുറെ വിലപ്പെട്ട വാക്കുകൾ
കുറെ അകലെയുള്ള ഒരു ഗ്രാമത്തിൽനിന്ന് ഒരു സ്‌ത്രീ 1980-കളിൽ ലോറാക്ക് സന്ദർശിച്ചു. ആ സമയത്ത്, പട്ടണവാസികൾ തങ്ങൾക്ക് ആവശ്യമില്ലാത്ത വസ്‌തുക്കൾ മറ്റുള്ളവർക്കു വേണമെങ്കിൽ എടുത്തുകൊണ്ടു പോകുന്നതിനുവേണ്ടി ഒരു പൊതുസ്ഥലത്തു കൊണ്ടുവന്ന് കൂട്ടിയിടുകയായിരുന്നു. ഈ സ്‌ത്രീ തുന്നൽ സാധനങ്ങൾ ഇട്ടുവെച്ചിരുന്ന ഒരു പെട്ടികണ്ട് എടുത്തു വീട്ടിൽ കൊണ്ടുപോയി. പിന്നീട് ആ പെട്ടിയുടെ അടിയിൽ അവർ ഒരു കൊച്ചുപെൺകുട്ടിയുടെ ഫോട്ടോയും തടങ്കൽപ്പാളയങ്ങളിൽ ലഭിച്ചിരുന്ന കടലാസ്സിൽ എഴുതിയ കുറെ കത്തുകളും കണ്ടു. ആ കത്തുകളെയും മുടി പിന്നിയിട്ടിരുന്ന ആ പെൺകുട്ടിയെയും കുറിച്ച് അറിയാൻ ആ സ്‌ത്രീക്ക് അതീവ താത്‌പര്യം തോന്നി.
അങ്ങനെയിരിക്കെ, 2000-ത്തിൽ ഒരു ദിവസം ലോറാക്കിൽവെച്ചു നടത്തുന്ന ഒരു ചരിത്രപ്രധാനമായ എക്‌സിബിഷനെക്കുറിച്ചുള്ള ഒരു പത്രലേഖനം ഈ സ്‌ത്രീ വായിക്കാനിടയായി. ആ ലേഖനത്തിൽ നാസി ഭരണകാലത്തെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ച വിവരണം ഉണ്ടായിരുന്നു, ഞങ്ങളുടെ കുടുംബത്തിന്റേത് ഉൾപ്പെടെ. അതിൽ എന്റെ കൗമാരപ്രായത്തിലുള്ള ഫോട്ടോകളും കൊടുത്തിരുന്നു. ഈ വിശദാംശങ്ങൾ എല്ലാം ഒത്തുനോക്കിയ ആ സ്‌ത്രീ പത്രലേഖകനെ സമീപിച്ച് ഈ കത്തുകളെക്കുറിച്ചു പറഞ്ഞു. മൊത്തം 42 കത്തുകൾ ഉണ്ടായിരുന്നു! ഏതാനും ആഴ്‌ചകൾ കഴിഞ്ഞ് അവ എന്റെ കൈകളിലെത്തി. എന്റെ മാതാപിതാക്കളുടെ കൈപ്പടയിലുള്ള ആ കത്തുകളിൽ നിറയെ ആന്റിയോട് എന്നെക്കുറിച്ചുള്ള ക്ഷേമാന്വേഷണങ്ങളായിരുന്നു. എന്നിലുള്ള അവരുടെ സ്‌നേഹപൂർവകമായ താത്‌പര്യം അവസാനംവരെ നിലനിന്നു. ഈ കത്തുകൾ അതിജീവിക്കുകയും 60-ലേറെ വർഷങ്ങൾക്കു ശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്‌തത് തികച്ചും ഒരു വിസ്‌മയംതന്നെ!
[25-ാം പേജിലെ ചിത്രങ്ങൾ]
ഹിറ്റ്‌ലർ അധികാരത്തിലേറിയപ്പോൾ ഞങ്ങളുടെ സന്തുഷ്ടകുടുംബം പിച്ചിച്ചീന്തപ്പെട്ടു
[കടപ്പാട്]
ഹിറ്റ്‌ലർ: U.S. Army photo
[26-ാം പേജിലെ ചിത്രങ്ങൾ]
1. മാഗ്‌ഡെബർഗിലെ ഓഫീസ്
2. ഗസ്റ്റപ്പോ ആയിരക്കണക്കിനു സാക്ഷികളെ അറസ്റ്റു ചെയ്‌തു
[28-ാം പേജിലെ ചിത്രം]
ജിമ്മും ഞാനും രാജ്യസേവനത്തിൽ വലിയ ആനന്ദം കണ്ടെത്തിയിരിക്കുന്നു