വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാചിന്റെ അസ്‌തിത്വം നിങ്ങൾക്ക്‌ എത്ര യഥാർഥമാണ്‌?

പിശാചിന്റെ അസ്‌തിത്വം നിങ്ങൾക്ക്‌ എത്ര യഥാർഥമാണ്‌?

പിശാചിന്റെ അസ്‌തിത്വം നിങ്ങൾക്ക്‌ എത്ര യഥാർഥമാണ്‌?

തിരുവെഴുത്തുകൾ പിശാചിനെ ഒരു യഥാർഥ വ്യക്തിയായാണു ചിത്രീകരിക്കുന്നത്‌. അവൻ മനുഷ്യദൃഷ്ടിക്ക്‌ അദൃശ്യനാണ്‌, ദൈവം മനുഷ്യർക്ക്‌ അദൃശ്യനായിരിക്കുന്നതുപോലെതന്നെ. “ദൈവം ആത്മാവു ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (യോഹന്നാൻ 4:⁠24) പിശാചും ഒരു ആത്മവ്യക്തിയാണ്‌. എന്നിരുന്നാലും സ്രഷ്ടാവിൽനിന്നു വ്യത്യസ്‌തമായി പിശാചിന്‌ ഒരു ഉത്ഭവം ഉണ്ടായിരുന്നു.

യഹോവയാം ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിനു വളരെക്കാലംമുമ്പ്‌ അവൻ അസംഖ്യം ആത്മജീവികളെ ഉളവാക്കി. (ഇയ്യോബ്‌ 38:⁠4, 6) ബൈബിളിൽ ഈ ആത്മജീവികളെ ദൂതന്മാർ എന്നു വിളിച്ചിരിക്കുന്നു. (എബ്രായർ 1:⁠13, 14) പൂർണരായിട്ടാണ്‌ ദൈവം അവരെയെല്ലാം സൃഷ്ടിച്ചത്‌. അവരിലൊരാൾപോലും പിശാച്‌ ആയിരുന്നില്ല, അവരിലാർക്കും ദുർഗുണങ്ങളും ഉണ്ടായിരുന്നില്ല. അപ്പോൾപ്പിന്നെ പിശാച്‌ എവിടെനിന്നു വന്നു? ബൈബിൾ എഴുതപ്പെട്ട മൂലഭാഷകളിൽ “പിശാച്‌” എന്ന വാക്കിന്റെ അർഥം “ദൂഷകൻ” എന്നാണ്‌, അതായത്‌ മറ്റുള്ളവരെക്കുറിച്ച്‌ ദ്രോഹകരമായ നുണകൾ പറയുന്നവൻ. “സാത്താൻ” എന്നതിന്റെ അർഥം “വിരോധി” അഥവാ എതിർക്കുന്നവൻ എന്നാണ്‌. സത്യസന്ധനായിരുന്ന ഒരാൾ മോഷണം നടത്തുമ്പോൾ മോഷ്ടാവായിത്തീരുന്നതുപോലെ, ദൈവത്തിന്റെ പൂർണരായ ആത്മപുത്രന്മാരിൽ ഒരാൾ തെറ്റായ ഒരു മോഹം വെച്ചുപുലർത്തുകയും സ്വയം സാത്താനും പിശാചും ആയിത്തീരുകയും ചെയ്‌തു. അവൻ തന്നെത്തന്നെ കളങ്കപ്പെടുത്തിയ വിധത്തെ ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.”​—⁠യാക്കോബ്‌ 1:⁠14, 15.

ഇതാണ്‌ യഥാർഥത്തിൽ സംഭവിച്ചത്‌. യഹോവയാം ദൈവം ആദ്യ മനുഷ്യജോഡിയെ സൃഷ്ടിച്ചപ്പോൾ, ദൈവത്തോടു മത്സരിക്കാൻ തയ്യാറെടുത്തുനിന്നിരുന്ന ദൂതൻ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്രഷ്ടാവിനെ ആരാധിക്കുന്ന നീതിനിഷ്‌ഠരായ ആളുകളെക്കൊണ്ടു ഭൂമി നിറയ്‌ക്കാൻ ആദാമിനോടും ഹവ്വായോടും യഹോവ കൽപ്പിച്ചത്‌ അവന്‌ അറിയാമായിരുന്നു. (ഉല്‌പത്തി 1:⁠28) തനിക്കു ബഹുമാനവും പ്രാധാന്യവും കിട്ടാനുള്ള ഒരു സാധ്യതയുണ്ടെന്ന്‌ ഈ ദൂതൻ തിരിച്ചറിഞ്ഞു. അത്യാഗ്രഹത്താൽ പ്രേരിതനായ അവൻ, സ്രഷ്ടാവിനുമാത്രം അർഹമായ, മനുഷ്യരുടെ ആരാധനയ്‌ക്കായി വാഞ്‌ഛിച്ചുതുടങ്ങി. തികച്ചും അനുചിതമായ ആ മോഹം മുളയിലേ നുള്ളുന്നതിനു പകരം, ദൈവത്തിന്റെ ഈ ആത്മപുത്രൻ അത്‌ ഊട്ടിവളർത്തി. ഒടുവിൽ അത്‌ ദൈവത്തിനെതിരെ ദൂഷണം പറയുന്നതിലേക്കും മത്സരിക്കുന്നതിലേക്കും നയിച്ചു. അവൻ ചെയ്‌തത്‌ ഇതാണ്‌:

ആദ്യ മനുഷ്യസ്‌ത്രീയായ ഹവ്വായോടു സംസാരിക്കാൻ മത്സരിയായ ഈ ദൂതൻ ഒരു പാമ്പിനെ ഉപയോഗിച്ചു. “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്‌തവമായി കല്‌പിച്ചിട്ടുണ്ടോ” എന്ന്‌ പാമ്പ്‌ ഹവ്വായോടു ചോദിച്ചു. ദൈവത്തിന്റെ കൽപ്പനയും അതു ലംഘിച്ചാലുള്ള ശിക്ഷയും ഹവ്വാ വിശദീകരിച്ചപ്പോൾ പാമ്പ്‌ ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്‌പത്തി 3:⁠1-5) ദൈവം ആദാമിനോടും ഹവ്വായോടും സത്യം പറഞ്ഞിട്ടില്ല എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. വൃക്ഷഫലം ഭക്ഷിക്കുമ്പോൾ നന്മയേത്‌ തിന്മയേത്‌ എന്നതു സംബന്ധിച്ചു തീരുമാനിക്കാനുള്ള അധികാരം സഹിതം ഹവ്വാ ദൈവത്തെപ്പോലെ ആയിത്തീരുമെന്ന്‌ പാമ്പ്‌ പറഞ്ഞു. അതായിരുന്നു ഏറ്റവും ആദ്യത്തെ നുണ. പ്രസ്‌തുത വാക്കുകൾ ഉച്ചരിച്ചപ്പോൾ ആ ദൂതൻ ദൂഷകൻ ആയിത്തീർന്നു, ഒപ്പം അവൻ ദൈവത്തെ എതിർക്കുന്നവനും ആയിത്തീർന്നു. ഉചിതമായി ബൈബിൾ ഈ ശത്രുവിനെ ‘പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്‌’ എന്നു വിളിക്കുന്നു.​—⁠വെളിപ്പാടു 12:⁠9.

“ഉണർന്നിരിപ്പിൻ”

പിശാച്‌ ഹവ്വായോടു പറഞ്ഞ നുണ അവൻ ഉദ്ദേശിച്ച ഫലംതന്നെ ഉളവാക്കി. ബൈബിൾ പറയുന്നു: “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്‌ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.” (ഉല്‌പത്തി 3:⁠6) ഹവ്വാ സാത്താനെ വിശ്വസിക്കുകയും ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുകയും ചെയ്‌തു. ആദാമിനെ പ്രേരിപ്പിച്ച്‌ ദൈവനിയമം ലംഘിപ്പിക്കാനും അവൾക്കു സാധിച്ചു. അങ്ങനെ ആദ്യമനുഷ്യജോഡിയെ ദൈവത്തിനെതിരെയുള്ള ഒരു മത്സരാത്മക ഗതിയിൽപ്പെടുത്തുന്നതിൽ സാത്താൻ വിജയിച്ചു. അന്നുമുതൽ മനുഷ്യരുടെമേൽ സാത്താൻ തന്റെ അദൃശ്യ സ്വാധീനം പ്രയോഗിച്ചുകൊണ്ടാണിരിക്കുന്നത്‌. എന്താണവന്റെ ലക്ഷ്യം? സത്യദൈവത്തെ ആരാധിക്കുന്നതിൽനിന്ന്‌ ആളുകളെ പിന്തിരിപ്പിച്ച്‌ അവരുടെ ആരാധന നേടിയെടുക്കുക. (മത്തായി 4:⁠8, 9) അതുകൊണ്ട്‌ സമുചിതമായി ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.”​—⁠1 പത്രൊസ്‌ 5:⁠8.

പിശാച്‌ ഒരു യഥാർഥ ആത്മവ്യക്തി, ദുഷ്ടനും അപകടകാരിയും ആയിത്തീർന്ന ഒരു ദൂതൻ, ആണെന്ന്‌ ബൈബിൾ സുവ്യക്തമായി കാണിച്ചുതരുന്നു. അവൻ യഥാർഥത്തിൽ ഉണ്ടെന്നു തിരിച്ചറിയുകയാണ്‌ ഉണർന്നിരിക്കാൻ സഹായകമായ സുപ്രധാനമായ ആദ്യ പടി. എന്നാൽ ഉണർന്നിരിക്കുകയും നിർമദരായിരിക്കുകയും അഥവാ സുബോധം കാക്കുകയും ചെയ്യുന്നതിൽ കൂടുതൽ ഉൾപ്പെടുന്നു. സാത്താന്റെ “തന്ത്രങ്ങളെ”ക്കുറിച്ചും അവൻ ആളുകളെ വഴിതെറ്റിക്കുന്ന രീതികളെക്കുറിച്ചും അറിഞ്ഞിരിക്കുന്നതും പ്രധാനമാണ്‌. (2 കൊരിന്ത്യർ 2:⁠11) എന്തെല്ലാമാണ്‌ അവന്റെ തന്ത്രങ്ങൾ? അവയ്‌ക്കെതിരെ അചഞ്ചലരായി നിലകൊള്ളാൻ നമുക്ക്‌ എങ്ങനെ കഴിയും?

മനുഷ്യസഹജമായ ഒരു ആവശ്യം സാത്താൻ മുതലെടുക്കുന്നു

മനുഷ്യവർഗത്തിന്റെ സൃഷ്ടിപ്പുമുതൽ സാത്താൻ മനുഷ്യരെ നിരീക്ഷിച്ചിട്ടുണ്ട്‌. അവരുടെ പ്രകൃതം, അതായത്‌ അവരുടെ ആവശ്യങ്ങളും താത്‌പര്യങ്ങളും മോഹങ്ങളും എല്ലാം അവനറിയാം. ആത്മീയ കാര്യങ്ങൾക്കായുള്ള വാഞ്‌ഛ സഹിതമാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെന്ന്‌ സാത്താൻ മനസ്സിലാക്കിയിരിക്കുന്നു. മനുഷ്യന്റെ ആ ആവശ്യം അവൻ കൗശലപൂർവം ചൂഷണം ചെയ്‌തിരിക്കുന്നു. എങ്ങനെ? മതപരമായ നുണകൾ മനുഷ്യവർഗത്തെ പഠിപ്പിച്ചുകൊണ്ട്‌. (യോഹന്നാൻ 8:⁠44) ദൈവത്തെക്കുറിച്ചുള്ള മതപരമായ നിരവധി പഠിപ്പിക്കലുകൾ പരസ്‌പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നവയും ആണ്‌. ഇതുകൊണ്ട്‌ ആർക്കാണു പ്രയോജനമുള്ളത്‌? പരസ്‌പരവിരുദ്ധമായ പഠിപ്പിക്കലുകൾ എല്ലാം സത്യമല്ലെന്നു വ്യക്തമായിരിക്കുന്നതിനാൽ മതപരമായ പല പഠിപ്പിക്കലുകളും ആളുകളെ വഴിതെറ്റിക്കുകയെന്ന ലക്ഷ്യത്തിൽ സാത്താൻ രൂപകൽപ്പന ചെയ്‌തവയായിരിക്കാൻ സാധ്യതയില്ലേ? വാസ്‌തവത്തിൽ അവിശ്വാസികളുടെ മനസ്സു കുരുടാക്കിയ “ഈ ലോകത്തിന്റെ ദൈവം” എന്നാണ്‌ ബൈബിൾ അവനെ വിശേഷിപ്പിക്കുന്നത്‌.​—⁠2 കൊരിന്ത്യർ 4:⁠4.

ദിവ്യ സത്യം മതപരമായ വഞ്ചനയ്‌ക്കെതിരെ സംരക്ഷണം നൽകുന്നു. പുരാതന കാലത്തെ പടയാളി അരക്കെട്ടിനു സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി ധരിക്കുന്ന അരപ്പട്ടയോട്‌ ബൈബിൾ ദൈവവചനത്തിലെ സത്യത്തെ സാദൃശ്യപ്പെടുത്തുന്നു. (എഫെസ്യർ 6:⁠14) നിങ്ങൾ ബൈബിൾ പരിജ്ഞാനം നേടുകയും പ്രതീകാത്മകമായ വിധത്തിൽ അരപ്പട്ടപോലെ അതു ധരിക്കുകയും ചെയ്‌താൽ മതപരമായ നുണകളാലും തെറ്റുകളാലും വഴിതെറ്റിക്കപ്പെടാതെ ദൈവവചനം നിങ്ങളെ കാത്തുകൊള്ളും.

മനുഷ്യന്റെ ആത്മീയ ചായ്‌വ്‌ അജ്ഞാതമായതിനെ കണ്ടെത്താൻ ശ്രമിക്കുന്നതിലേക്ക്‌ അവനെ നയിച്ചിരിക്കുന്നു. ഇത്‌ സാത്താൻ ഒരുക്കിയിരിക്കുന്ന മറ്റൊരു ചതിക്കുഴിയിൽ മനുഷ്യർ അകപ്പെടാൻ ഇടയാക്കിയിരിക്കുന്നു. അസാധാരണവും നിഗൂഢവും ആയ കാര്യങ്ങൾ സംബന്ധിച്ച മനുഷ്യന്റെ ആകാംക്ഷ മുതലെടുത്തുകൊണ്ട്‌ അനേകരെ തന്റെ വരുതിയിൽ കൊണ്ടുവരാൻ സാത്താൻ ആത്മവിദ്യ ഉപയോഗിച്ചിരിക്കുന്നു. വേട്ടക്കാരൻ തീറ്റ കാണിച്ച്‌ ഇരകളെ ആകർഷിക്കുന്നതുപോലെ ഭാഗ്യംപറച്ചിൽ, ജ്യോതിഷം, ഹിപ്‌നോട്ടിസം, മന്ത്രവാദം, ഹസ്‌തരേഖാശാസ്‌ത്രം, മായാജാലം തുടങ്ങിയ മാർഗങ്ങളിലൂടെ ലോകവ്യാപകമായി ആളുകളെ വശീകരിച്ച്‌ കെണിയിൽ വീഴ്‌ത്താൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.​—⁠ലേവ്യപുസ്‌തകം 19:⁠31; സങ്കീർത്തനം 119:⁠110.

ആത്മവിദ്യയുടെ കെണിയിൽ അകപ്പെടാതെ നിങ്ങൾക്ക്‌ എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും? ആവർത്തനപുസ്‌തകം 18:⁠10-12 പ്രസ്‌താവിക്കുന്നു: “തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്‌നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്‌ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.”

തിരുവെഴുത്തു നൽകുന്ന ഉപദേശം വ്യക്തമാണ്‌: ആത്മവിദ്യയിൽ ഏർപ്പെടരുത്‌. മുമ്പ്‌ ആത്മവിദ്യയുടെ ചില രൂപങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ അതു നിറുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം എന്തു ചെയ്യാൻ കഴിയും? പുരാതന എഫെസൊസ്‌ നഗരത്തിലെ ആദിമ ക്രിസ്‌ത്യാനികളുടെ മാതൃക നിങ്ങൾക്കു പിൻപറ്റാൻ കഴിയും. ബൈബിൾ പറയുന്നതനുസരിച്ച്‌ “കർത്താവിന്റെ വചനം” സ്വീകരിച്ചപ്പോൾ “ക്ഷുദ്രപ്രയോഗം ചെയ്‌തിരുന്ന പലരും തങ്ങളുടെ പുസ്‌തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു.” ആ പുസ്‌തകങ്ങൾ വളരെ വിലപിടിപ്പുള്ളവ ആയിരുന്നു, അവയ്‌ക്ക്‌ 50,000 വെള്ളിക്കാശ്‌ വിലയുണ്ടായിരുന്നു. (പ്രവൃത്തികൾ 19:19, 20) എന്നിട്ടും അവ നശിപ്പിച്ചുകളയാൻ എഫെസൊസിലെ ക്രിസ്‌ത്യാനികൾ മടിച്ചില്ല.

സാത്താൻ മാനുഷിക ബലഹീനതകൾ മുതലെടുക്കുന്നു

സ്വയം ഉയർത്താനുള്ള മോഹത്തിനു വശംവദനായപ്പോഴാണ്‌ പൂർണനായ ദൂതൻ പിശാചായ സാത്താൻ ആയിത്തീർന്നത്‌. ദൈവത്തെപ്പോലെ ആയിത്തീരുന്നതിന്‌ ഗർവും സ്വാർഥതയും കലർന്ന ഒരു വാഞ്‌ഛ ഹവ്വായിലും അവൻ ഉളവാക്കി. ഇന്ന്‌ ഗർവ്‌ നിറഞ്ഞ ചിന്ത ആളുകളിൽ ഉളവാക്കിക്കൊണ്ട്‌ അവൻ അനേകരെ ചൊൽപ്പടിക്കു നിറുത്തുന്നു. ഉദാഹരണത്തിന്‌ തങ്ങളുടെ വർഗമോ വംശമോ ദേശമോ മറ്റുള്ളവരുടേതിനെക്കാൾ ശ്രേഷ്‌ഠമാണെന്നു ചിലർ കരുതുന്നു. എന്നാൽ ഇത്‌ ബൈബിൾ പഠിപ്പിക്കലിന്‌ എത്ര വിരുദ്ധമാണ്‌! (പ്രവൃത്തികൾ 10:⁠34, 35) ബൈബിൾ വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “[ദൈവം] ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.”​—⁠പ്രവൃത്തികൾ 17:⁠26.

അഹങ്കാരം ഉളവാക്കാനുള്ള സാത്താന്റെ ശ്രമത്തെ ഫലപ്രദമായി ചെറുക്കാനുള്ള ഒരു മാർഗം താഴ്‌മ പ്രകടമാക്കുന്നതാണ്‌. ‘ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുത്‌’ എന്ന്‌ ബൈബിൾ നമുക്കു ബുദ്ധിയുപദേശം നൽകുന്നു. (റോമർ 12:⁠3) അത്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘“ദൈവം നിഗളികളോടു എതിർത്തുനില്‌ക്കയും താഴ്‌മയുള്ളവർക്കു കൃപ നല്‌കുകയും ചെയ്യുന്നു.”’ (യാക്കോബ്‌ 4:⁠6) വ്യക്തിപരമായ ജീവിതത്തിൽ താഴ്‌മയും ദൈവാംഗീകാരമുള്ള മറ്റു ഗുണങ്ങളും പ്രകടമാക്കുകയെന്നതാണ്‌ സാത്താന്യ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗം.

അനുചിതമായ ശാരീരിക ആകർഷണത്തിനു വഴിപ്പെടാനുള്ള മാനുഷിക ബലഹീനത ചൂഷണം ചെയ്യാനും സാത്താൻ ഉത്സുകനാണ്‌. മനുഷ്യർ ജീവിതം ആസ്വദിക്കണമെന്നതായിരുന്നു യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവേഷ്ടത്തിന്റെ അതിരുകൾക്കുള്ളിൽ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമ്പോൾ യഥാർഥ സന്തുഷ്ടിയാണു ഫലം. എന്നാൽ അധാർമിക മാർഗങ്ങളിലൂടെ മോഹങ്ങൾ തൃപ്‌തിപ്പെടുത്താൻ സാത്താൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നു. (1 കൊരിന്ത്യർ 6:⁠9, 10) നിർമലവും രമ്യവും ആയ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുന്നത്‌ ഏറെ നന്നായിരിക്കും. (ഫിലിപ്പിയർ 4:⁠8) ചിന്തകളുടെയും വികാരങ്ങളുടെയും മേൽ ശക്തമായ നിയന്ത്രണമുണ്ടായിരിക്കാൻ അതു നിങ്ങളെ സഹായിക്കും.

പിശാചിനെ ചെറുക്കുന്നതിൽ തുടരുക

പിശാചിനെ ചെറുക്കുന്നതിൽ ജയിക്കാൻ നിങ്ങൾക്കാകുമോ? തീർച്ചയായും. ബൈബിൾ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” (യാക്കോബ്‌ 4:⁠7) നിങ്ങൾ എതിർത്തുനിന്നാലും സാത്താൻ പെട്ടെന്നു നിങ്ങളെ വിട്ടുപോകുകയോ നിങ്ങൾ ബൈബിൾ പരിജ്ഞാനം ആർജിക്കുന്നതിൽ തുടരവേ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതു നിറുത്തുകയോ ചെയ്യില്ല. “കുറെക്കാല”ത്തിനുശേഷം സൗകര്യപ്രദമായ ഒരു അവസരം കിട്ടുമ്പോൾ അവൻ രംഗത്തു വരും. (ലൂക്കൊസ്‌ 4:13) എന്നിരുന്നാലും നിങ്ങൾ പിശാചിനെ ഭയപ്പെടേണ്ടതില്ല. അവനെ ചെറുക്കുന്നതിൽ തുടരുന്നുവെങ്കിൽ സത്യദൈവത്തിൽനിന്നു നിങ്ങളെ അകറ്റാൻ അവനു കഴിയുകയില്ല.

എന്നിരുന്നാലും പിശാചിനെ എതിർക്കുന്നതിന്‌ അവൻ ആരെന്നും അവൻ ആളുകളെ വഴിതെറ്റിക്കുന്നത്‌ എങ്ങനെയെന്നും അവന്റെ ഉപായങ്ങളിൽനിന്നു രക്ഷപ്പെടുന്നതിന്‌ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും നിങ്ങൾക്ക്‌ അറിവുണ്ടായിരിക്കണം. അത്തരം പരിജ്ഞാനത്തിന്റെ ഒരു ഉറവേയുള്ളൂ, ദൈവവചനമായ ബൈബിൾ. അതുകൊണ്ട്‌ നിശ്വസ്‌ത തിരുവെഴുത്തുകൾ പഠിക്കുന്നതിനുള്ള നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുക. നിങ്ങൾ പഠിക്കുന്നത്‌ ജീവിതത്തിൽ പ്രാവർത്തികമാക്കുക. നിങ്ങൾക്കു സൗകര്യപ്രദമായ ഒരു സമയത്ത്‌ സൗജന്യമായി ബൈബിൾ പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും. അവരെ സമീപിക്കുന്നതിനോ ഈ മാസികയുടെ പ്രസാധകർക്ക്‌ എഴുതുന്നതിനോ യാതൊരു മടിയും വിചാരിക്കരുത്‌.

നിങ്ങൾ ദൈവവചനത്തിലെ സത്യം പഠിക്കുന്നതു തടയാൻ, സാത്താൻ എതിർപ്പോ പീഡനമോ ഉപയോഗിച്ചേക്കാമെന്നതു നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്‌. നിങ്ങളുടെ ബൈബിൾ പഠനം പ്രിയപ്പെട്ടവരെ അസ്വസ്ഥരാക്കിയേക്കാം. ദൈവവചനത്തിലെ അത്ഭുതകരമായ സത്യങ്ങൾ അവർക്ക്‌ അറിയില്ലാത്തതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. മറ്റു ചിലർ നിങ്ങളെ പരിഹസിച്ചേക്കാം. എന്നാൽ നിങ്ങൾ അത്തരം സമ്മർദങ്ങൾക്കു വഴങ്ങുന്നതു ദൈവത്തിനു പ്രസാദകരമായിരിക്കുമോ? ദൈവത്തെക്കുറിച്ചു പഠിക്കുന്നതു നിങ്ങൾ അവസാനിപ്പിക്കത്തക്കവണ്ണം നിങ്ങളെ നിരുത്സാഹപ്പെടുത്താൻ പിശാച്‌ ആഗ്രഹിക്കുന്നു. സാത്താൻ വിജയിക്കാൻ നിങ്ങൾ അനുവദിക്കുമോ? (മത്തായി 10:⁠34-39) നിങ്ങൾക്ക്‌ അവനോടു യാതൊരു കടപ്പാടുമില്ല. എന്നാൽ യഹോവയോടു നിങ്ങൾ നിങ്ങളുടെ ജീവനുവേണ്ടി കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ സാത്താനെ എതിർക്കുന്നതിനും “യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പി”ക്കുന്നതിനും ദൃഢനിശ്ചയമുള്ളവരായിരിക്കുക.​—⁠സദൃശവാക്യങ്ങൾ 27:⁠11.

[6-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികളായിത്തീർന്നവർ ആത്മവിദ്യാസംബന്ധമായ പുസ്‌തകങ്ങൾ ചുട്ടുകളഞ്ഞു

[7-ാം പേജിലെ ചിത്രം]

ബൈബിൾ പഠിക്കാൻ ഉറച്ച തീരുമാനമെടുക്കുക