“യഹോവയുടെ വഴികൾ ചൊവ്വുള്ളവ”
“യഹോവയുടെ വഴികൾ ചൊവ്വുള്ളവ”
“യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും.”—ഹോശേയ 14:9.
1, 2. യഹോവ ഇസ്രായേല്യർക്ക് എങ്ങനെയുള്ള തുടക്കമാണു നൽകിയത്, എന്നാൽ അവർക്ക് എന്തു സംഭവിച്ചു?
പ്രവാചകനായ മോശെയുടെ കാലത്ത് യഹോവ ഇസ്രായേല്യർക്ക് ഒരു നല്ല തുടക്കമാണു നൽകിയത്. എന്നാൽ പൊ.യു.മു. എട്ടാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തോടെ, ഘോരമായ ദുഷ്കൃത്യങ്ങൾക്ക് അവർ ദൈവമുമ്പാകെ കുറ്റക്കാരായിത്തീർന്നിരുന്നു. അങ്ങനെ അവർ അങ്ങേയറ്റം അധഃപതിച്ചിരുന്നു. ഹോശേയ 10 മുതൽ 14 വരെയുള്ള അധ്യായങ്ങളിൽനിന്ന് ഇതു വ്യക്തമാണ്.
2 ഇസ്രായേലിന്റെ ഹൃദയം കാപട്യമുള്ളതായിത്തീർന്നിരുന്നു. നീതിയിൽ വിത്തു വിതയ്ക്കുന്നതിനു പകരം പത്തുഗോത്ര രാജ്യം ‘ദുഷ്ടത ഉഴുത്’ അനീതി കൊയ്തു. (ഹോശേയ 10:1, 13) യഹോവ ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേയ 11:1) ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ദൈവം ഇസ്രായേല്യരെ വിടുവിച്ചെങ്കിലും അവരിൽനിന്ന് അവനു പ്രതിഫലമായി ലഭിച്ചത് അവിശ്വസ്തതയും വഞ്ചനയും ആണ്. (ഹോശേയ 11:12) അതുകൊണ്ട് “ദയയും ന്യായവും പ്രമാണി”ച്ചുകൊണ്ട് “നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക” എന്ന ബുദ്ധിയുപദേശം യഹോവ അവർക്കു നൽകി.—ഹോശേയ 12:6.
3. മത്സരിയായ ശമര്യക്ക് എന്തു സംഭവിക്കാൻ പോകുകയായിരുന്നു, എന്നാൽ ഇസ്രായേല്യർക്ക് എങ്ങനെ കരുണ ലഭിക്കുമായിരുന്നു?
3 മത്സരിയായ ശമര്യക്കും അതിന്റെ രാജാവിനും വിപത്കരമായ ഒരു അന്ത്യം നേരിടുമായിരുന്നു. (ഹോശേയ 13:11, 16) എന്നാൽ ഹോശേയ പ്രവചനത്തിന്റെ അവസാന അധ്യായം ഈ അഭ്യർഥനയോടെയാണു തുടങ്ങുന്നത്: “ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക.” ഇസ്രായേല്യർ അനുതാപപൂർവം ക്ഷമ യാചിച്ചാൽ ദൈവം കരുണ കാണിക്കുമായിരുന്നു. തീർച്ചയായും “യഹോവയുടെ വഴികൾ ചൊവ്വുള്ളവ”യാണെന്നു തിരിച്ചറിഞ്ഞ് അവർ അവയിൽ നടക്കണമായിരുന്നു.—ഹോശേയ 14:1-6, 9.
4. ഹോശേയയുടെ പ്രവചനത്തിൽനിന്നുള്ള ഏതു തത്ത്വങ്ങൾ നാം പരിചിന്തിക്കും?
4 ഹോശേയയുടെ പ്രവചനത്തിന്റെ ഈ ഭാഗത്ത് ദൈവത്തോടുകൂടെ നടക്കാൻ നമ്മെ സഹായിക്കുന്ന ധാരാളം തത്ത്വങ്ങളുണ്ട്. അവയിൽ പിൻവരുന്നവ നാം പരിചിന്തിക്കും: (1) യഹോവ നിഷ്കപടമായ ആരാധന നിഷ്കർഷിക്കുന്നു, (2) ദൈവം തന്റെ ജനത്തോടു വിശ്വസ്ത സ്നേഹം കാണിക്കുന്നു, (3) നാം എല്ലായ്പോഴും യഹോവയിൽ പ്രത്യാശ വെക്കേണ്ടതുണ്ട്, (4) യഹോവയുടെ വഴികൾ എല്ലായ്പോഴും ചൊവ്വുള്ളവയാണ്, (5) പാപികൾക്ക് യഹോവയിലേക്കു തിരിഞ്ഞുവരാൻ കഴിയും.
യഹോവ നിഷ്കപടമായ ആരാധന നിഷ്കർഷിക്കുന്നു
5. ദൈവം നമ്മിൽനിന്ന് ഏതുതരം സേവനം പ്രതീക്ഷിക്കുന്നു?
5 ശുദ്ധവും നിഷ്കപടവും ആയ രീതിയിൽ നാം യഹോവയ്ക്കു വിശുദ്ധസേവനം അർപ്പിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഇസ്രായേൽ “പടർന്നിരിക്കുന്ന [“നശിച്ചുകൊണ്ടിരിക്കുന്ന,” NW] ഒരു മുന്തിരിവള്ളി” ആയിത്തീർന്നിരുന്നു. ഇസ്രായേൽ നിവാസികൾ വ്യാജാരാധനയ്ക്കായി “ബലിപീഠങ്ങളെ വർദ്ധിപ്പി”ച്ചിരുന്നു. വിശ്വാസത്യാഗികളായ ഇവർ അശുദ്ധാരാധനയ്ക്കായി വിഗ്രഹസ്തംഭങ്ങൾ, ഒരുപക്ഷേ സൂച്യഗ്രസ്തംഭങ്ങൾ ഉണ്ടാക്കുകപോലും ചെയ്തിരുന്നു. യഹോവ അവരുടെ ബലിപീഠങ്ങളെയും വിഗ്രഹസ്തംഭങ്ങളെയും തച്ചുടയ്ക്കാൻ പോകുകയായിരുന്നു.—ഹോശേയ 10:1, 2.
6. ദൈവത്തോടുകൂടെ നടക്കുന്നതിന് നാം മോശമായ ഏതു ഗുണം ഒഴിവാക്കണം?
6 യഹോവയുടെ സേവകർക്കിടയിൽ കാപട്യത്തിനു സ്ഥാനമില്ല. എന്നാൽ ഇസ്രായേല്യർക്ക് എന്താണു സംഭവിച്ചത്? “അവരുടെ ഹൃദയം വഞ്ചന നിറഞ്ഞ”ത് (പി.ഒ.സി. ബൈബിൾ) അഥവാ കാപട്യമുള്ളത് ആയിത്തീർന്നിരുന്നു. യഹോവയ്ക്കു സമർപ്പിതരായ ഒരു ജനതയെന്ന നിലയിൽ അവർ അവനുമായി ഉടമ്പടി ബന്ധത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും കപടഭക്തി സംബന്ധിച്ച് അവർ കുറ്റക്കാരാണെന്ന് അവൻ കണ്ടെത്തി. നമുക്ക് ഇതിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും? നാം നമ്മെത്തന്നെ ദൈവത്തിനു സമർപ്പിച്ചവരാണെങ്കിൽ ഒരിക്കലും കപടഭക്തിക്കാർ ആകരുത്. സദൃശവാക്യങ്ങൾ 3:32 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ട്.” ദൈവത്തോടുകൂടെ നടക്കാൻ കഴിയണമെങ്കിൽ നാം “ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന” സ്നേഹം പ്രകടിപ്പിക്കണം.—1 തിമൊഥെയൊസ് 1:5.
ദൈവം തന്റെ ജനത്തോടു വിശ്വസ്ത സ്നേഹം കാണിക്കുന്നു
7, 8. (എ) ഏതു സാഹചര്യങ്ങളിലാണു നമുക്കു ദൈവത്തിന്റെ വിശ്വസ്ത സ്നേഹം ആസ്വദിക്കാൻ കഴിയുന്നത്? (ബി) ഗൗരവമുള്ള പാപം ചെയ്തിട്ടുണ്ടെങ്കിൽ നാം എന്തു ചെയ്യണം?
7 നിഷ്കപടവും ചൊവ്വുള്ളതും ആയ വിധത്തിൽ യഹോവയെ ആരാധിക്കുന്നെങ്കിൽ അവന്റെ സ്നേഹദയയ്ക്ക് അഥവാ വിശ്വസ്ത സ്നേഹത്തിനു നാം പാത്രമാകും. വഴിപിഴച്ച ഇസ്രായേല്യരോട് ദൈവം ഇങ്ങനെ പറഞ്ഞു: “നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം [“സ്നേഹദയയ്ക്ക് ഒത്തവണ്ണം,” NW] കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.”—ഹോശേയ 10:12.
8 ഇസ്രായേല്യർ അനുതാപത്തോടെ യഹോവയെ അന്വേഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ യഹോവ സന്തോഷപൂർവം ‘അവരുടെമേൽ നീതി വർഷിക്കുമായിരുന്നു’ അഥവാ നീതിയിൽ പ്രബോധനം നൽകുമായിരുന്നു. നാം വ്യക്തിപരമായി ഗുരുതരമായ പാപം ചെയ്തിട്ടുണ്ടെങ്കിൽ, ക്ഷമയ്ക്കായി യഹോവയോടു പ്രാർഥിച്ചുകൊണ്ടും ക്രിസ്തീയ മൂപ്പന്മാരിൽനിന്ന് ആത്മീയ സഹായം തേടിക്കൊണ്ടും നമുക്കു യഹോവയെ അന്വേഷിക്കാം. (യാക്കോബ് 5:13-16) പരിശുദ്ധാത്മാവിന്റെ സഹായവും നമുക്കു തേടാം, എന്തെന്നാൽ “ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.” (ഗലാത്യർ 6:7, 8) ‘ആത്മാവിൽ വിതച്ചാൽ’ നാം തുടർന്നും ദൈവത്തിന്റെ വിശ്വസ്ത സ്നേഹം ആസ്വദിക്കും.
9, 10. ഹോശേയ 11:1-4 ഇസ്രായേലിനു ബാധകമാകുന്നത് എങ്ങനെ?
9 യഹോവ തന്റെ സമർപ്പിത ജനത്തോട് എല്ലായ്പോഴും സ്നേഹത്തോടെയാണ് ഇടപെടുന്നതെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഇതിന്റെ തെളിവ് ഹോശേയ 11:1-4-ൽ നമുക്കു കാണാം. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു. . . . ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി. ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൌഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല. മനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്കു ആയിരുന്നു; ഞാൻ അവർക്കു തീൻ ഇട്ടുകൊടുത്തു.”
10 ഇവിടെ യഹോവ ഇസ്രായേലിനെ ഒരു കൊച്ചുകുട്ടിയോട് ഉപമിക്കുന്നു. ഇരുകൈകളും നീട്ടിക്കൊടുത്ത് യഹോവ സ്നേഹപൂർവം ഇസ്രായേലിനെ പിച്ചവെക്കാൻ പഠിപ്പിച്ചു. “സ്നേഹബന്ധനങ്ങൾ”കൊണ്ട് അവൻ അവരെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. എത്ര ഹൃദയസ്പർശിയായ രംഗം! ഒരു മാതാവ് അല്ലെങ്കിൽ പിതാവ് എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞോമനയെ പിച്ചവെക്കാൻ പഠിപ്പിക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ ഇരുകരങ്ങളും നീട്ടിപ്പിടിച്ചിരിക്കുകയാണ്. വീഴാതെ പിടിച്ചുനടക്കാനായി കുട്ടിക്കു നിങ്ങൾ എന്തെങ്കിലും കെട്ടിക്കൊടുക്കുകപോലും ചെയ്തേക്കാം. യഹോവയ്ക്ക് നിങ്ങളോടുള്ള സ്നേഹവും അതുപോലെ ആർദ്രമാണ്. “സ്നേഹബന്ധനങ്ങൾകൊണ്ടു” നിങ്ങളെ നയിക്കാൻ അവൻ സന്തോഷമുള്ളവനാണ്.
11. ഏതുവിധത്തിലാണ് ദൈവം “താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ” ആയിത്തീർന്നത്?
11 ഇസ്രായേല്യരോട് ഇടപെട്ടപ്പോൾ, യഹോവ “താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ” ആയിരുന്നു. അവൻ “അവർക്കു തീൻ ഇട്ടുകൊടുത്തു.” ഒരു മൃഗത്തിന് സൗകര്യപ്രദമായി നിന്നു തീറ്റ തിന്നാനായി നുകം എടുത്തുമാറ്റുകയോ പിന്നിലേക്കു തള്ളിമാറ്റുകയോ ചെയ്യുന്ന ഒരുവനെപ്പോലെ, ഇസ്രായേല്യരോട് ഇടപെട്ടപ്പോൾ ദൈവം പ്രവർത്തിച്ചു. ദൈവത്തോടുള്ള കീഴ്പെടലാകുന്ന തങ്ങളുടെ നുകം ഇസ്രായേല്യർ തകർത്തപ്പോൾ മാത്രമാണ് അവർ ശത്രുക്കളുടെ മർദക നുകത്തിൻകീഴിൽ വന്നത്. (ആവർത്തനപുസ്തകം 28:45, 48; യിരെമ്യാവു 28:14) നമ്മുടെ മുഖ്യശത്രുവായ സാത്താന്റെ കൈകളിൽ ഒരിക്കലും അകപ്പെടാതിരുന്നുകൊണ്ട് നമുക്ക് അവന്റെ മർദക നുകത്തിന്റെ ഭാരം പേറാതിരിക്കാം. പകരം, നമ്മുടെ സ്നേഹവാനാം ദൈവമായ യഹോവയോടുകൂടെ നടക്കുന്നതിൽ നമുക്കു തുടരാം.
എല്ലായ്പോഴും യഹോവയിൽ പ്രത്യാശവെക്കുക
12. ഹോശേയ 12:6 അനുസരിച്ച് ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരാൻ നമുക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
12 ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരുന്നതിന് നാം എല്ലായ്പോഴും യഹോവയിൽ പ്രത്യാശവെക്കണം. ഇസ്രായേല്യരോട് ഇങ്ങനെ പറയപ്പെട്ടു: “നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.” (ഹോശേയ 12:6) സ്നേഹദയ പ്രകടമാക്കുകയും ന്യായം പ്രവർത്തിക്കുകയും ‘ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുകയും’ ചെയ്തുകൊണ്ട് അനുതാപത്തോടെ യഹോവയിലേക്കു തിരിച്ചുവരുന്നു എന്നതിനു തെളിവുനൽകാൻ ഇസ്രായേല്യർക്കു കഴിയുമായിരുന്നു. നാം ദൈവത്തോടുകൂടെ നടക്കാൻ തുടങ്ങിയിട്ട് വളരെ കാലമായാലും കുറച്ചു കാലമേ ആയിട്ടുള്ളുവെങ്കിലും ശരി, തുടർന്നും സ്നേഹദയ പ്രകടമാക്കാനും ന്യായം പ്രവർത്തിക്കാനും എല്ലായ്പോഴും ദൈവത്തിനായി കാത്തിരിക്കാനും നാം നിശ്ചയദാർഢ്യമുള്ളവർ ആയിരിക്കണം.—സങ്കീർത്തനം 27:14.
13, 14. പൗലൊസ് ഹോശേയ 13:14 ബാധകമാക്കുന്നത് എങ്ങനെ, യഹോവയിൽ പ്രത്യാശവെക്കുന്നതിന് അതു നമുക്ക് എന്തു കാരണം നൽകുന്നു?
13 ഇസ്രായേല്യരോടു ബന്ധപ്പെട്ട ഹോശേയയുടെ പ്രവചനം ദൈവത്തിൽ പ്രത്യാശവെക്കുന്നതിനു നമുക്ക് ഒരു പ്രത്യേക കാരണം നൽകുന്നു. യഹോവ പറയുന്നു: “ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ?” (ഹോശേയ 13:14) ആ സമയത്ത് മരണത്തിൽനിന്ന് അവരെ രക്ഷിക്കാൻ യഹോവ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ അവൻ മരണത്തെ എന്നെന്നേക്കുമായി നീക്കിക്കളയുകയും അതിന്റെ വിജയം നിഷ്ഫലമാക്കുകയും ചെയ്യുമായിരുന്നു.
14 സഹ അഭിഷിക്ത ക്രിസ്ത്യാനികളെ സംബോധന ചെയ്തപ്പോൾ അപ്പൊസ്തലനായ പൗലൊസ് ഹോശേയ പ്രവചനത്തിൽനിന്ന് ഉദ്ധരിക്കുകയുണ്ടായി: ‘ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.’ (1 കൊരിന്ത്യർ 15:54-57) യഹോവ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുകൊണ്ട്, തന്റെ സ്മരണയിലുള്ളവരെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരുമെന്ന ആശ്വാസദായകമായ ഉറപ്പേകി. (യോഹന്നാൻ 5:28, 29) യഹോവയിൽ പ്രത്യാശിക്കുന്നതിനുള്ള എത്ര സന്തോഷകരമായ കാരണം! എന്നിരുന്നാലും, പുനരുത്ഥാന പ്രത്യാശയ്ക്കു പുറമേ മറ്റൊരു സംഗതിയും യഹോവയോടുകൂടെ നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.
യഹോവയുടെ വഴികൾ എല്ലായ്പോഴും ചൊവ്വുള്ളവ
15, 16. ശമര്യയെക്കുറിച്ച് എന്തു മുൻകൂട്ടി പറയപ്പെട്ടു, ആ പ്രവചനം നിവൃത്തിയേറിയത് എങ്ങനെ?
15 “യഹോവയുടെ വഴികൾ ചൊവ്വുള്ളവ”യാണെന്ന നമ്മുടെ ബോധ്യം യഹോവയോടുകൂടെ നടക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കുന്നു. ശമര്യ നിവാസികൾ ദൈവത്തിന്റെ നീതിനിഷ്ഠമായ വഴികളിൽ നടന്നില്ല. തത്ഫലമായി, അവർ തങ്ങളുടെ ദുഷ്പ്രവൃത്തിയുടെയും യഹോവയിലുള്ള വിശ്വാസമില്ലായ്മയുടെയും അനന്തരഫലങ്ങൾ അനുഭവിക്കുമായിരുന്നു. അത് ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ശമര്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.” (ഹോശേയ 13:16) ശമര്യ കീഴടക്കിയ അസ്സീറിയക്കാർ അത്തരം കൊടുംക്രൂരതകൾ ചെയ്തിരുന്നുവെന്ന് ചരിത്രരേഖകൾ തെളിയിക്കുന്നു.
16 പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ശമര്യ. എങ്കിലും ശമര്യ എന്ന പേര് ചിലപ്പോഴൊക്കെ രാജ്യത്തിലെ മുഴു പ്രദേശത്തിനും ബാധകമായിരുന്നു. (1 രാജാക്കന്മാർ 21:1) അസ്സീറിയൻ രാജാവായ ശൽമനേസെർ അഞ്ചാമൻ പൊ.യു.മു. 742-ൽ ശമര്യ നഗരത്തെ ഉപരോധിച്ചു. പൊ.യു.മു. 740-ൽ ശമര്യ വീണപ്പോൾ അതിലെ പല പ്രധാനികളെയും മെസൊപ്പൊത്താമ്യയിലേക്കും മേദ്യയിലേക്കും പ്രവാസികളായി കൊണ്ടുപോയി. ശമര്യയെ പിടിച്ചടക്കിയത് ശൽമനേസെർ അഞ്ചാമനാണോ അതോ അദ്ദേഹത്തിന്റെ പിൻഗാമി സാർഗോൺ രണ്ടാമനാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. (2 രാജാക്കന്മാർ 17:1-6, 22, 23; 18:9-12) എന്നിരുന്നാലും യൂഫ്രട്ടീസ് നദിയുടെ വടക്കൻ തീരത്തുള്ള പ്രദേശങ്ങളിലേക്കും മേദ്യയിലേക്കും 27,290 ഇസ്രായേല്യരെ പ്രവാസികളായി അയച്ചുവെന്ന് സാർഗോണിന്റെ രേഖകളിൽ കാണുന്നുണ്ട്.
17. ദൈവത്തിന്റെ നിലവാരങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നതിനു പകരം നാം എന്തു ചെയ്യണം?
17 യഹോവയുടെ ചൊവ്വുള്ള വഴികളിൽ നടക്കുന്നതിൽ പരാജയപ്പെട്ട ശമര്യനിവാസികൾ കനത്ത വിലയൊടുക്കുകതന്നെ ചെയ്തു. ഏതെങ്കിലും ദുഷ്പ്രവൃത്തിയിൽ തുടരുകയും ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളെ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്താൽ സമർപ്പിത ക്രിസ്ത്യാനികളായ നാമും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കും. നമുക്ക് ഒരിക്കലും അത്തരമൊരു ദുഷ്ടഗതി പിൻപറ്റാതിരിക്കാം. പകരം, നമുക്കോരോരുത്തർക്കും അപ്പൊസ്തലനായ പത്രൊസിന്റെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കാം: “നിങ്ങളിൽ ആരും [കൊ]ലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്.”—1 പത്രൊസ് 4:15, 16.
18. നമുക്ക് ദൈവത്തെ ‘മഹത്ത്വപ്പെടുത്തിക്കൊണ്ടിരിക്കാൻ’ കഴിയുന്നത് എങ്ങനെ?
18 തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നതിനു പകരം ദൈവത്തിന്റെ മാർഗത്തിൽ നടന്നുകൊണ്ട് നാം ‘അവനെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരിക്കുന്നു.’ തന്നിഷ്ടപ്രകാരമുള്ള പ്രവർത്തനവും പാപം തന്റെമേൽ ചാടിവീഴാനിരിക്കുകയാണെന്ന യഹോവയുടെ മുന്നറിയിപ്പ് ചെവിക്കൊള്ളാതിരുന്നതും ആണ് കയീനെ കൊലപാതകത്തിലേക്കു നയിച്ചത്. (ഉല്പത്തി 4:1-8) മോവാബ്യ രാജാവിൽനിന്നു കൂലിവാങ്ങിയ ബിലെയാം ഇസ്രായേലിനെ ശപിക്കാൻ വിഫലശ്രമം നടത്തി. (സംഖ്യാപുസ്തകം 24:10) മോശെയുടെയും അഹരോന്റെയും അധികാരത്തോടു മത്സരിച്ചതു നിമിത്തം ദൈവം ലേവ്യനായ കോരഹിനെയും കൂട്ടരെയും കൊന്നുകളഞ്ഞു. (സംഖ്യാപുസ്തകം 16:1-3, 31-33) എന്നാൽ ‘കയീന്റെ’ ഹിംസാത്മക ‘വഴിയിൽ നടക്കാനോ’ അത്യാഗ്രഹിയായ ‘ബിലെയാമിന്റെ വഞ്ചനാത്മക’ഗതിയിലേക്കു പോകാനോ ധിക്കാരിയായ “കോരഹിന്റെ മത്സരത്തിൽ നശിച്ചു”പോകാനോ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല! (യൂദാ 11) എങ്കിലും നമ്മിൽ ആർക്കെങ്കിലും തെറ്റുപറ്റുന്നപക്ഷം, ഹോശേയ പ്രവചനം നമുക്ക് ആശ്വാസം നൽകുന്നു.
പാപികൾക്ക് യഹോവയിലേക്കു തിരിഞ്ഞുവരാൻ കഴിയും
19, 20. അനുതാപമുള്ള ഇസ്രായേല്യർക്ക് ഏതു യാഗമാണ് അർപ്പിക്കാൻ കഴിയുമായിരുന്നത്?
19 ഗുരുതരമായ പാപം ചെയ്ത് ഇടറിപ്പോയിരിക്കുന്നവർക്കുപോലും യഹോവയിലേക്കു തിരിഞ്ഞുവരാനാകും. ഹോശേയ 14:1-3-ൽ നാം ഈ അഭ്യർഥന കാണുന്നു: “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും . . . എന്നു പറവിൻ.”
20 ദൈവത്തിന് ‘അധരാർപ്പണമായ കാളകളെ’ അർപ്പിക്കാൻ അനുതാപമുള്ള ഇസ്രായേല്യർക്കു കഴിയുമായിരുന്നു. ആത്മാർഥമായ സ്തുതിയാഗങ്ങളെയാണ് അധരാർപ്പണമായ കാളകൾ എന്നതുകൊണ്ട് അർഥമാക്കിയത്. “ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പി”ക്കാൻ എബ്രായ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കവേ പൗലൊസ് ഈ പ്രവചനമാണു പരാമർശിച്ചത്. (എബ്രായർ 13:15) ഇന്ന് ദൈവത്തോടുകൂടെ നടക്കുകയും അത്തരം യാഗങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് എന്തൊരു പദവിയാണ്!
21, 22. അനുതാപമുള്ള ഇസ്രായേല്യർക്ക് എന്തു പുനഃസ്ഥിതീകരണം ഉണ്ടാകുമായിരുന്നു?
21 തങ്ങളുടെ വഴിപിഴച്ച ഗതി ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിച്ചുവന്ന ഇസ്രായേല്യർ അവന് “അധരാർപ്പണമായ കാളകളെ” അർപ്പിച്ചു. തത്ഫലമായി, യഹോവ വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ അവർ പുനഃസ്ഥിതീകരിക്കപ്പെട്ടു. ഹോശേയ 14:4-7-ൽ അവൻ ഇപ്രകാരം പറയുന്നു: “ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും. ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻവനംപോലെ വേരൂന്നും. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും. അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയുംചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.”
22 അനുതാപമുള്ള ഇസ്രായേല്യർ ആത്മീയ സൗഖ്യം പ്രാപിക്കുകയും വീണ്ടും ദൈവസ്നേഹത്തിനു പാത്രമാകുകയും ചെയ്യും. യഹോവ അവർക്ക് ഉന്മേഷദായകമായ മഞ്ഞുപോലെ ആയിരിക്കും, അതായത് അവൻ അവരെ സമൃദ്ധമായി അനുഗ്രഹിക്കും. പുനഃസ്ഥിതീകരിക്കപ്പെട്ട അവന്റെ ജനത്തിന് “ഒലിവുവൃക്ഷത്തിന്റെ ഭംഗി” അഥവാ തലയെടുപ്പ് ഉണ്ടായിരിക്കും. അവർ നിശ്ചയമായും ദൈവത്തിന്റെ വഴികളിൽ നടക്കും. യഹോവയാം ദൈവത്തോടുകൂടെ നടക്കാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്?
യഹോവയുടെ ചൊവ്വുള്ള വഴികളിൽ നടക്കുന്നതിൽ തുടരുക
23, 24. പ്രോത്സാഹജനകമായ ഏതു പ്രവചനത്തോടെയാണ് ഹോശേയയുടെ പുസ്തകം ഉപസംഹരിക്കുന്നത്, അതു നമ്മെ എങ്ങനെ ബാധിക്കുന്നു?
23 ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടരാൻ നാം ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടമാക്കുകയും യഹോവയുടെ ചൊവ്വുള്ള വഴികൾക്കു ചേർച്ചയിൽ എല്ലായ്പോഴും പ്രവർത്തിക്കുകയും വേണം. (യാക്കോബ് 3:17, 18) ഹോശേയ പ്രവചനത്തിലെ അവസാന വാക്യം ഇങ്ങനെയാണ്: “ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.”—ഹോശേയ 14:9.
24 ലോകത്തിന്റെ ജ്ഞാനവും നിലവാരങ്ങളും അനുസരിച്ചു പോകുന്നതിനു പകരം ദൈവത്തിന്റെ ചൊവ്വുള്ള വഴികളിൽ നടക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. (ആവർത്തനപുസ്തകം 32:4) ഹോശേയ 59 വർഷമോ അതിലധികമോ അങ്ങനെ ചെയ്തു. ജ്ഞാനവും വിവേകവുമുള്ളവർ ദിവ്യസന്ദേശങ്ങൾ മനസ്സിലാക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവൻ അവ വിശ്വസ്തമായി പ്രഖ്യാപിച്ചു. നമ്മെ സംബന്ധിച്ചോ? സാക്ഷ്യം നൽകാൻ യഹോവ അനുവദിക്കുന്നിടത്തോളം കാലം, ജ്ഞാനപൂർവം അവന്റെ അനർഹദയ സ്വീകരിക്കുന്നവരെ നാം അന്വേഷിച്ചുകൊണ്ടേയിരിക്കും. “വിശ്വസ്തനും വിവേകിയുമായ അടിമ”യോടു പൂർണമായി സഹകരിച്ചുകൊണ്ട് അതു ചെയ്യാൻ നാം സന്തോഷമുള്ളവരാണ്.—മത്തായി 24:45-47, NW.
25. ഹോശേയ പ്രവചനത്തിന്റെ പരിചിന്തനം എന്തു ചെയ്യാൻ നമ്മെ സഹായിക്കേണ്ടതാണ്?
25 ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശ മുന്നിൽവെച്ചുകൊണ്ട് അവനോടുകൂടെ നടക്കുന്നതിൽ തുടരാൻ ഹോശേയ പ്രവചനത്തിന്റെ പരിചിന്തനം നമ്മെ സഹായിക്കേണ്ടതാണ്. (2 പത്രൊസ് 3:13; യൂദാ 20, 21) എത്ര ശോഭനമായ പ്രത്യാശ! “യഹോവയുടെ വഴികൾ ചൊവ്വുള്ളവ” എന്നതിന്റെ അർഥം എന്താണെന്ന് വാക്കിനാലും പ്രവൃത്തിയാലും തെളിയിക്കുന്നതിൽ തുടരുന്നപക്ഷം ആ പ്രത്യാശ നമുക്കു വ്യക്തിപരമായ ഒരു യാഥാർഥ്യമായിത്തീരും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• നാം യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കുന്നെങ്കിൽ അവൻ നമ്മോട് എങ്ങനെ ഇടപെടും?
• നാം എല്ലായ്പോഴും യഹോവയിൽ പ്രത്യാശിക്കേണ്ടത് എന്തുകൊണ്ട്?
• യഹോവയുടെ വഴികൾ ചൊവ്വുള്ളവയാണെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
• യഹോവയുടെ ചൊവ്വുള്ള വഴികളിൽ നടക്കുന്നതിൽ തുടരാൻ നമുക്ക് എങ്ങനെ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[28-ാം പേജിലെ ചിത്രം]
ക്രിസ്തീയ മൂപ്പന്മാരിൽനിന്നു സഹായം സ്വീകരിക്കുക
[29-ാം പേജിലെ ചിത്രം]
പുനരുത്ഥാന വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നതിന് ഹോശേയയുടെ പ്രവചനം നമുക്കു കാരണം നൽകുന്നു
[31-ാം പേജിലെ ചിത്രങ്ങൾ]
നിത്യജീവനിൽ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് യഹോവയോടുകൂടെ നടക്കുന്നതിൽ തുടരുക