വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവസേവനം അനുപമമായ പദവിയും ബഹുമതിയും

ദൈവസേവനം അനുപമമായ പദവിയും ബഹുമതിയും

ജീവിത കഥ

ദൈവസേവനം അനുപമമായ പദവിയും ബഹുമതിയും

സീറാ സ്റ്റൈഗെഴ്‌സ്‌ പറഞ്ഞപ്രകാരം

മുഴുസമയശുശ്രൂഷയിൽ എന്റെ വിശ്വസ്‌ത കൂട്ടാളിയായിരുന്ന ഭർത്താവ്‌ 1938-ൽ മരണമടഞ്ഞു. അങ്ങനെ ഞങ്ങളുടെ രണ്ട്‌ ആൺമക്കളെ നോക്കാനുള്ള ചുമതല എന്റേതായി; ഒരാൾക്ക്‌ പത്തുവയസ്സ്‌, മറ്റേയാൾ കൈക്കുഞ്ഞ്‌. തുടർന്നും മുഴുസമയശുശ്രൂഷകയായി സേവിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. എങ്ങനെയാണ്‌ ആ ആഗ്രഹം സഫലമായത്‌? അതിനുമുമ്പായി എന്റെ ജീവിതത്തിന്റെ പ്രാരംഭകാലത്തെക്കുറിച്ച്‌ അൽപ്പമായി ഞാൻ പറഞ്ഞുകൊള്ളട്ടെ.

ഐക്യനാടുകളിലെ അലബാമയിലാണു ഞാൻ ജനിച്ചത്‌, 1907 ജൂലൈ 27-ന്‌. പെട്ടെന്നുതന്നെ ഞാനും എന്റെ മൂന്നു സഹോദരങ്ങളുമായി മാതാപിതാക്കൾ ജോർജിയയിലേക്കു താമസംമാറ്റി. ഏറെത്താമസിയാതെ അവിടെനിന്നു ടെനസ്സിയിലേക്കും തുടർന്ന്‌ ഫ്‌ളോറിഡയിലെ റ്റാംപയുടെ സമീപത്തേക്കും ഞങ്ങൾ മാറിത്താമസിച്ചു. അവിടെയായിരിക്കെ, 1916-ൽ, ശബ്ദവും ചിത്രവും കോർത്തിണക്കിയ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണാൻ എനിക്കു കഴിഞ്ഞു. ചലച്ചിത്രരംഗം പിച്ചവെക്കുന്ന അക്കാലത്ത്‌ “ഫോട്ടോ നാടകം” സകലരുടെയും മനംകവർന്നു!

മാതാപിതാക്കൾക്ക്‌ വീക്ഷാഗോപുരവും മറ്റു ബൈബിൾ പ്രസിദ്ധീകരണങ്ങളും വലിയ കാര്യമായിരുന്നു. ഡാഡി പക്ഷേ, ബൈബിൾ വിദ്യാർഥികളോട്‌ (യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌) കൂടുതലായി സഹവസിക്കാൻ ആഗ്രഹിച്ചില്ല; എന്നാൽ മമ്മി ഞങ്ങളെ യോഗങ്ങൾക്കു കൊണ്ടുപോകുമായിരുന്നു. മിഷിഗണിലെ നൈൽസിലേക്കു താമസംമാറിയശേഷം പെട്ടെന്നുതന്നെ ഞങ്ങൾ ഇൻഡ്യാനയിലെ ദക്ഷിണ ബെൻഡിൽ ക്രമമായി യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. ട്രെയിനിൽ 16 കിലോമീറ്ററിലേറെ സഞ്ചരിച്ചാണു ഞങ്ങൾ അവിടെയെത്തിയിരുന്നത്‌.

അങ്ങനെ 1924 ജൂലൈ 22-ന്‌ യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്‌നാപനമേറ്റു. താമസിയാതെ മമ്മി ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട്‌ ഒരു കോൽപോർട്ടറായി സേവിക്കാൻ തുടങ്ങി—യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയശുശ്രൂഷകർ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌. മമ്മിയുടെയും മറ്റു കോൽപോർട്ടർമാരുടെയും നല്ല മാതൃക, പ്രസ്‌തുത വേലയിൽ ഏർപ്പെടാൻ എനിക്കു പ്രചോദനമായി.

ജീവിതപങ്കാളിയോടൊപ്പം

1925-ൽ ഇൻഡ്യാനയിലെ ഇന്ത്യനാപൊളിസിൽ ഒരു വലിയ കൺവെൻഷനിൽ സംബന്ധിക്കവേ, ഞാൻ ചിക്കാഗോക്കാരനായ ജയിംസ്‌ സ്റ്റൈഗെഴ്‌സിനെ കണ്ടുമുട്ടി. യഹോവയുടെ സേവനത്തിലുള്ള അദ്ദേഹത്തിന്റെ തീക്ഷ്‌ണത എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ താമസിച്ചിരുന്നത്‌ ചിക്കാഗോയിൽനിന്ന്‌ സുമാർ 160 കിലോമീറ്റർ ദൂരെയായിരുന്നതിനാൽ പരസ്‌പരം കണ്ടുമുട്ടുക എളുപ്പമായിരുന്നില്ല. അന്നാളിൽ ആ വൻനഗരത്തിൽ ഒരൊറ്റ സഭയേ ഉണ്ടായിരുന്നുള്ളൂ; യോഗം നടത്തിയിരുന്നതാകട്ടെ, ഒരു കെട്ടിടത്തിന്റെ മുകളിലത്തെ വാടകമുറിയിലും. ആത്മീയമായി പ്രോത്സാഹിപ്പിക്കാൻ ജയിംസ്‌ കൂടെക്കൂടെ എനിക്കെഴുതുമായിരുന്നു. 1926 ഡിസംബറിൽ ഞങ്ങൾ വിവാഹിതരായി, ഒരു വർഷത്തിനുശേഷം ഞങ്ങളുടെ ആദ്യപുത്രനായ എഡ്ഡി ജനിച്ചു.

അധികം താമസിയാതെ ജയിംസും ഞാനും ഒന്നിച്ചു പയനിയർ ശുശ്രൂഷ ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ മിഷിഗൺ, ലൂസിയാന, മിസ്സിസ്സിപ്പി, ദക്ഷിണ ഡക്കോട്ട, ഐയ്യവ, നെബ്രാസ്‌ക, കാലിഫോർണിയ, ഇല്ലിനോയ്‌സ്‌ എന്നിവിടങ്ങളിൽ ഞങ്ങൾ സേവിച്ചു. അതിസുന്ദരമായിരുന്നു അക്കാലമത്രയും, ഒരു വസന്തംപോലെ! ജയിംസിനു രോഗം പിടിപെട്ടപ്പോൾ മാത്രമേ ആ വസന്തത്തിന്റെ നിറംമങ്ങിയുള്ളൂ.

രോഗം അടിച്ചേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധികൾ നിമിത്തം 1936-ൽ ഞങ്ങൾ ചിക്കാഗോയിലേക്കു മടങ്ങി. അവിടെ ജയിംസിന്റെ അമ്മയോടൊപ്പം താമസിച്ചു, അവരും യഹോവയുടെ സാക്ഷിയായിരുന്നു. രോഗം പിടിപെട്ടശേഷമുള്ള ജയിംസിന്റെ ജീവിതം പാതി പിന്നിട്ടപ്പോഴേക്കും ഞാൻ ഒരു കാന്റീനിൽ ഒരു ഡോളർ ദിവസക്കൂലിക്കു പണിയെടുക്കാൻ തുടങ്ങിയിരുന്നു. അന്നു ഞാൻ ഞങ്ങളുടെ രണ്ടാമത്തെ മകനെ ഗർഭംധരിച്ചിരിക്കുകയായിരുന്നു. സ്‌നേഹനിധിയായ എന്റെ അമ്മായിയമ്മ, എല്ലാ നേരവും വയറുനിറച്ചു ഭക്ഷിക്കാനുള്ള വക ഞങ്ങൾക്കുണ്ടെന്ന്‌ ഉറപ്പുവരുത്തി. പൊന്നുപോലെയാണ്‌ അവർ ഞങ്ങളെ നോക്കിയത്‌!

മസ്‌തിഷ്‌ക വീക്കമായിരുന്നു ജയിംസിന്‌. രോഗം പിടിപെട്ട്‌ രണ്ടു വർഷത്തിനുശേഷം 1938 ജൂലൈയിൽ അദ്ദേഹം മരണമടഞ്ഞു. രോഗിയായതിൽപ്പിന്നെ കാറോടിക്കാനോ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാനോ കഴിയുമായിരുന്നില്ല, എങ്കിലും സാക്ഷീകരിക്കാൻ വീണുകിട്ടിയ ഒരു സന്ദർഭവും അദ്ദേഹം പാഴാക്കിയില്ല. കുടുംബ പ്രാരബ്ധങ്ങൾ നിമിത്തം ഞാൻ മുഴുസമയ ശുശ്രൂഷ ഉപേക്ഷിച്ചു. പലപല ജോലികൾ കണ്ടെത്തിയെങ്കിലും അതൊന്നും അധികനാൾ നീണ്ടുനിന്നില്ല.

1938 ജൂലൈ 30-ന്‌ രണ്ടാമത്തെ പുത്രൻ ബോബി പിറക്കുമ്പോൾ അവന്റെ ഡാഡി മരിച്ചിട്ട്‌ വെറും എട്ടു ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പ്രസവത്തോടുള്ള ബന്ധത്തിൽ ഗവൺമെന്റ്‌ ആശുപത്രിയിൽ പോകാൻ അമ്മായിയമ്മ എന്നെ അനുവദിച്ചില്ല, പകരം ഭേദപ്പെട്ട ഒരു ആശുപത്രിയിൽ അവരുടെ കുടുംബ ഡോക്ടറുടെ പരിചരണ എനിക്കു ലഭിക്കാൻവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്‌തു. തന്നെയുമല്ല, ആശുപത്രി ബില്ല്‌ മുഴുവൻ സ്വന്തമായി അടയ്‌ക്കുകയും ചെയ്‌തു. ആ സ്‌നേഹം എന്നെ ആഴത്തിൽ സ്‌പർശിച്ചു.

വീണ്ടും മുഴുസമയശുശ്രൂഷയിലേക്ക്‌

ബോബിക്കു രണ്ടു വയസ്സു കഴിയുന്നതുവരെ ഞങ്ങൾ അമ്മായിയമ്മയോടൊപ്പം താമസിച്ചു, അപ്പോൾ എഡ്ഡിക്ക്‌ 12 വയസ്സായിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിയേണ്ടിയിരുന്നെങ്കിലും മുഴുസമയം യഹോവയെ സേവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം അപ്പോഴും എന്നിൽ ആളിക്കത്തുകയായിരുന്നു. 1940-ൽ മിഷിഗണിലെ ഡിട്രൊയിറ്റിൽ നടന്ന കൺവെൻഷനിൽ ഞാൻ ഒരു പയനിയർ ദമ്പതികളെ കണ്ടുമുട്ടി. പയനിയറിങ്‌ ചെയ്യാൻ ദക്ഷിണ കാരൊലൈനയിലേക്കു വരാൻ അവർ എന്നെ ക്ഷണിച്ചു. അതുകൊണ്ട്‌ ഞാൻ 150 ഡോളർ കൊടുത്ത്‌ 1935 മോഡലിലുള്ള ഒരു കാർ വാങ്ങുകയും അവിടേക്കു പോകാൻ തയ്യാറെടുക്കുകയും ചെയ്‌തു. 1941-ൽ ഐക്യനാടുകൾ രണ്ടാം ലോകയുദ്ധത്തിലേക്കു പ്രവേശിച്ചപ്പോൾ ഞാനും എന്റെ രണ്ടു മക്കളും തെക്കോട്ടു തിരിച്ചു, അങ്ങനെ വീണ്ടും ഞാൻ മുഴുസമയശുശ്രൂഷ ആരംഭിച്ചു.

ദക്ഷിണ കാരൊലൈനയിലെത്തിയ ഞങ്ങൾ ആദ്യം കാംഡൺ നഗരത്തിലും തുടർന്ന്‌ ലിറ്റിൽ റിവർ പട്ടണത്തിലും പിന്നീട്‌ കോൺവേ പട്ടണത്തിലും താമസിച്ചു. കോൺവേയിലായിരിക്കെ ഞാൻ ഒരു കൊച്ചുട്രെയ്‌ലർ സംഘടിപ്പിച്ചു. സഹായമനഃസ്ഥിതിയുള്ള ഒരു പെട്രോൾ പമ്പ്‌ ഉടമ, അദ്ദേഹത്തിന്റെ പമ്പിനു സമീപം ഞങ്ങളുടെ ട്രെയ്‌ലർ പാർക്കു ചെയ്യാനും പമ്പിന്റെ ഗ്യാസ്‌ ലൈനിൽനിന്നും ഇലക്‌ട്രിക്‌ സർക്യൂട്ടിൽനിന്നും കണക്ഷനെടുക്കാനും അവരുടെ ടോയ്‌ലറ്റ്‌ ഉപയോഗിക്കാനും ഞങ്ങളെ അനുവദിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ പെട്രോളിനു റേഷൻ സംവിധാനം നിലവിൽ വന്നു. അതോടെ പെട്രോൾ കിട്ടാതായി. അതുകൊണ്ട്‌ ഞാനൊരു പഴയ സൈക്കിൾ വാങ്ങി. 1943 ആയപ്പോഴേക്കും കയ്യിൽ ഒറ്റ കാശുപോലും ഇല്ലെന്നായി. അങ്ങനെ, പയനിയറിങ്‌ തുടരുക അസാധ്യമാണെന്നു വിചാരിച്ചിരിക്കുമ്പോഴാണ്‌ പ്രത്യേക പയനിയറിങ്ങിനുള്ള ക്ഷണം ലഭിക്കുന്നത്‌. അങ്ങനെ ചെലവുകൾക്കായി പ്രതിമാസം ചെറിയൊരു അലവൻസ്‌ എനിക്കു ലഭിച്ചു. വർഷങ്ങളിലുടനീളം യഹോവ എന്നെ ഉദാരമായി സഹായിച്ചിരിക്കുന്നു!

ആ സമയത്ത്‌ കോൺവേയിൽ സാക്ഷികളായി മറ്റാരുമില്ലായിരുന്നു. തനിച്ചു ശുശ്രൂഷയ്‌ക്കു പോകാൻ എനിക്കും മക്കൾക്കും ബുദ്ധിമുട്ടും നേരിട്ടിരുന്നു. അതുകൊണ്ട്‌ ഒന്നിച്ചു പ്രവർത്തിക്കാൻ മറ്റൊരു പ്രത്യേക പയനിയറെ അയയ്‌ക്കാൻ അഭ്യർഥിച്ചുകൊണ്ട്‌ ഞാൻ കത്തയച്ചു. അങ്ങനെ 1944-ൽ എഡിത്ത്‌ വാക്കർ എന്റെ പയനിയർ പങ്കാളിയായി വന്നെത്തി. ആ സഹോദരിയും ഞാനും പലയിടങ്ങളിലായി 16 വർഷം ഒന്നിച്ചു സേവനത്തിലേർപ്പെട്ടു. സങ്കടകരമെന്നു പറയട്ടെ, ആരോഗ്യപ്രശ്‌നങ്ങൾ നിമിത്തം പിന്നീട്‌ അവർക്ക്‌ ഒഹായോയിലേക്കു മടങ്ങിപ്പോകേണ്ടിവന്നു.

അവിസ്‌മരണീയമായ അനുഗ്രഹങ്ങൾ

അക്കാലത്തെക്കുറിച്ചോർക്കുമ്പോൾ സന്തോഷിക്കാൻ പലതുമുണ്ട്‌. കോൺവേയിൽ താമസിച്ചിരുന്ന പതിമൂന്നുകാരി അൽബർത്തയെ എനിക്കൊരിക്കലും മറക്കാനാവില്ല. ഇളയ രണ്ടു സഹോദരന്മാരെയും അംഗവൈകല്യമുള്ള വല്യമ്മയെയും സംരക്ഷിച്ചിരുന്നത്‌ അവളായിരുന്നു. ഞാൻ പങ്കുവെച്ച ബൈബിൾസത്യങ്ങൾ അവൾക്ക്‌ എന്തിഷ്ടമായിരുന്നെന്നോ! അതേക്കുറിച്ചു മറ്റുള്ളവരോടു പറയാനും അവൾക്ക്‌ ഉത്സാഹമായിരുന്നു. പയനിയർ സേവനത്തോടുള്ള ആഴമായ താത്‌പര്യം അവളിലും വേരുപിടിച്ചു. അങ്ങനെ, 1950-ൽ ഹൈസ്‌കൂൾ പാസ്സായശേഷം പയനിയറിങ്‌ ആരംഭിച്ചു. 57 വർഷങ്ങൾക്കുശേഷം അൽബർത്ത ഇന്നും മുഴുസമയശുശ്രൂഷയിൽ തുടരുകയാണ്‌!

1951-ൽ, ദക്ഷിണ കാരൊലൈനയിലുള്ള റോക്ക്‌ ഹില്ലിൽ അൽപ്പകാലം സേവിക്കാൻ എനിക്കും എഡിത്തിനും നിയമനം ലഭിച്ചു. സാക്ഷികൾ തീരെക്കുറവായിരുന്നു അവിടെ. തുടർന്ന്‌ ജോർജിയയിലെ എൽബർട്ടണിൽ മൂന്നു വർഷം ഞങ്ങൾ സേവിച്ചു. വീണ്ടും ദക്ഷിണ കാരൊലൈനയിലേക്കു മടങ്ങിവന്നു. 1954 മുതൽ 1962 വരെ ഞാൻ അവിടെ താമസിച്ചു. വൾഹാലയിലായിരിക്കെ, കേൾവിത്തകരാറുള്ള ഒരു വൃദ്ധയെ ഞാൻ കണ്ടുമുട്ടി, പേര്‌ നേറ്റി. തനിച്ച്‌ ഒരു ഗ്രാമപ്രദേശത്തായിരുന്നു ആളുടെ താമസം. അവരോടൊത്തുള്ള ബൈബിളധ്യയനം ഒരു പ്രത്യേക രീതിയിലായിരുന്നു. അവർ ഖണ്ഡിക വായിച്ചുകഴിയുമ്പോൾ പേജിനു കീഴിലുള്ള അതിന്റെ ചോദ്യം ഞാൻ ചൂണ്ടിക്കാണിക്കും, അപ്പോൾ അവർ ഖണ്ഡികയിൽ അതിനുള്ള ഉത്തരം എന്നെ ചൂണ്ടിക്കാണിച്ചുതരും.

എന്തെങ്കിലും മനസ്സിലാകാതെ വന്നാൽ അതൊരു കടലാസ്സിൽ എഴുതി എന്നെ കാണിക്കും, അതിന്റെ കീഴിൽ ഞാൻ അതിനുള്ള ഉത്തരവും എഴുതിക്കൊടുക്കും. ക്രമേണ നേറ്റിക്ക്‌ ബൈബിൾസത്യങ്ങളോടുള്ള പ്രിയം ശക്തമായിത്തീർന്നു; അവർ സഭായോഗങ്ങളിൽ സംബന്ധിക്കാനും വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാനും തുടങ്ങി. ഒറ്റയ്‌ക്കാണ്‌ നേറ്റി വീടുകൾ സന്ദർശിച്ചിരുന്നത്‌. എന്നാൽ എന്തെങ്കിലും സഹായം ആവശ്യമായിവന്നെങ്കിലോ എന്നോർത്ത്‌ ഞാനും അടുത്തുതന്നെ, മിക്കപ്പോഴും എതിർവശത്തുള്ള ഒരു വീട്ടിൽ പ്രവർത്തിക്കുമായിരുന്നു.

വൾഹാലയിലായിരിക്കുമ്പോൾ, പെട്ടെന്നൊരു സുപ്രഭാതത്തിൽ എന്റെ കാർ പണിമുടക്കി. അപ്പോഴാണ്‌ 100 ഡോളറിന്‌ മറ്റൊരു കാർ വാങ്ങാനുള്ള സുവർണാവസരം കൈവന്നത്‌. എന്നാൽ കയ്യിൽ പണം വേണ്ടേ! ഞാനൊരു ബിസിനസ്സുകാരൻ സാക്ഷിയെ ചെന്നു കണ്ടു. അദ്ദേഹം എനിക്ക്‌ 100 ഡോളർ കടം തന്നു. ഏറെത്താമസിയാതെ എന്റെ അനുജത്തിയിൽനിന്ന്‌ അപ്രതീക്ഷിതമായി എനിക്കൊരു കത്തു കിട്ടി. മരിക്കുന്നതിനുമുമ്പായി ഡാഡി ബാങ്കിൽ കുറെ പണം നിക്ഷേപിച്ചിരുന്ന കാര്യം എന്റെ കൂടെപ്പിറപ്പുകൾ കണ്ടെത്തിയതായി കത്തിൽ എഴുതിയിരുന്നു. ആ പണം എന്തു ചെയ്യണമെന്നു ചർച്ചചെയ്‌ത അവർ അത്‌ എനിക്കയച്ചുതരാൻ തീരുമാനിച്ചതായി അനുജത്തി അറിയിച്ചു. എത്രയായിരുന്നു ആ തുക? 100 ഡോളർ!

മക്കളോടൊപ്പം പയനിയറിങ്ങിൽ

ചെറുപ്പത്തിൽ എഡ്ഡിയും ബോബിയും വീടുതോറുമുള്ള പ്രസംഗവേലയിൽ സദാ എന്നോടൊപ്പമുണ്ടായിരുന്നു. അന്നൊക്കെ മയക്കുമരുന്നാസക്തരായ ആളുകൾ പൊതുവെ കുറവായിരുന്നു, അധാർമികതയും അത്ര പ്രബലമായിരുന്നില്ല. ജീവിതം ലളിതമായി സൂക്ഷിച്ചുകൊണ്ട്‌ പ്രസംഗവേലയിൽ ശ്രദ്ധകേന്ദ്രീകരിച്ചതിലൂടെ, യഹോവയെ സേവിക്കുന്നവരായി മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഇന്നു മാതാപിതാക്കൾ നേരിടുന്ന അനേകം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എനിക്കു സാധിച്ചു.

എട്ടാം ക്ലാസ്സ്‌ പഠിച്ചുകഴിയുന്നതുവരെ എഡ്ഡി കാംഡണിലുള്ള ഒരു സ്‌കൂളിൽ പഠിച്ചു, അതിനുശേഷം എന്നോടൊപ്പം പയനിയറിങ്‌ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. കുറെ വർഷം ഞങ്ങൾ ഒരുമിച്ചു പയനിയർ സേവനത്തിന്റെ സന്തോഷം ആസ്വദിച്ചു. തുടർന്ന്‌ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു സേവിക്കാനായി ആളുടെ താത്‌പര്യം; 1947 മുതൽ 1957 വരെ അവിടെ സേവിക്കുകയും ചെയ്‌തു. 1958-ൽ എഡ്ഡി എന്റെ മുൻ ബൈബിൾ വിദ്യാർഥിനിയായ അൽബർത്തയെ വിവാഹം ചെയ്‌തു. അങ്ങനെ എഡ്ഡിയുടെ ജീവിതപങ്കാളിയും പയനിയർപങ്കാളിയും ആയിത്തീർന്നു അൽബർത്ത. 2004-ൽ ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു പയനിയർ സേവന സ്‌കൂളിൽ സംബന്ധിച്ചപ്പോൾ ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു!

വർഷങ്ങൾക്കുമുമ്പത്തെ ഒരു കാര്യം ഓർമയിലേക്കു വരുന്നു. അന്നു ബോബി തീരെച്ചെറുപ്പമായിരുന്നു. സ്ഥിരമായുള്ള ബൈബിളധ്യയനങ്ങൾക്കു പോകാനായി കാറിൽ ഒഴിക്കാനുള്ള പെട്രോൾ സംഘടിപ്പിക്കാൻ എന്നെ സഹായിക്കണമേയെന്ന്‌ ബോബി യഹോവയോടു പ്രാർഥിക്കുന്നത്‌ ഒരിക്കൽ ഞാൻ കേട്ടു. ജീവിതത്തിലുടനീളം ശുശ്രൂഷയോട്‌ ആഴമായ സ്‌നേഹമുണ്ടായിരുന്ന എന്റെ മകൻ വർഷങ്ങളോളം പയനിയർ സേവനം ആസ്വദിച്ചു. ദുഃഖകരമെന്നു പറയട്ടെ, ബോബിയുടെ കുടുംബത്തെയും ദുരന്തം വേട്ടയാടി. 1970-ൽ, വിവാഹം കഴിഞ്ഞ്‌ വെറും 22 മാസങ്ങൾക്കുശേഷം, പ്രസവത്തോടനുബന്ധിച്ച്‌ ബോബിയുടെ ഭാര്യ മരണമടഞ്ഞു—ഒപ്പം, പിറന്നുവീണ ഇരട്ടക്കുഞ്ഞുങ്ങളും. ബോബിയും ഞാനും എന്നും അടുത്തടുത്തുണ്ടായിരുന്നു, ഇഴപിരിക്കാനാവാത്ത ഒരു ആത്മബന്ധമായിരുന്നു ഞങ്ങളുടേത്‌.

ഇന്നും പയനിയറിങ്ങിൽ!

1962-ൽ ഞാൻ ദക്ഷിണ കാരൊലൈനയിലെ ഇപ്പോഴത്തെ എന്റെ സഭയായ ലുംബർട്ടണിൽ നിയമിക്കപ്പെട്ടു. 45 വർഷങ്ങൾക്കുശേഷം ഇന്നും ഞാൻ ഇവിടെ സേവിക്കുന്നു. ഏകദേശം 84 വയസ്സാകുന്നതുവരെയും ഞാൻ എന്റെ കാർ ഓടിക്കുമായിരുന്നു. എന്റെ അടുത്തുതന്നെ താമസിക്കുന്ന ഒരു സാക്ഷിക്കുടുംബമാണ്‌ ഇപ്പോൾ എന്നെ യോഗങ്ങൾക്കും പ്രസംഗപ്രവർത്തനത്തിനുമൊക്കെ കൊണ്ടുപോകുന്നത്‌.

എനിക്ക്‌ ഒരു വാക്കറും വീൽച്ചെയറുമുണ്ട്‌. എന്നാൽ അതു രണ്ടും ഞാൻ ഉപയോഗിക്കാറില്ല, അത്തരം സഹായം കൂടാതെതന്നെ നടക്കാൻ എനിക്കു കഴിയുന്നുണ്ട്‌. കുറച്ചുകാലമേ ആയുള്ളു കണ്ണിനു ചില്ലറ പ്രശ്‌നങ്ങൾ തുടങ്ങിയിട്ട്‌. ഇത്രയുംകാലം നല്ല ആരോഗ്യം തന്ന്‌ എന്നെ പരിപാലിച്ച യഹോവയോട്‌ എനിക്ക്‌ എത്രയും നന്ദിയുണ്ട്‌. കാര്യമായ അസുഖമൊന്നും ഇല്ലെങ്കിൽ ഒറ്റ സഭായോഗംപോലും ഞാൻ മുടക്കാറില്ല. പ്രായംചെന്നവർക്കായുള്ള പ്രത്യേക പരിഗണന ഉള്ളതിനാൽ ഇന്നും ഞാൻ ഒരു സാധാരണ പയനിയറായി സേവിക്കുന്നു.

70-ലേറെ വർഷം പയനിയർ ശുശ്രൂഷയിൽ ആസ്വദിച്ച സന്തോഷത്തിന്റെ വെളിച്ചത്തിൽ, യഹോവയുടെ സഹായഹസ്‌തങ്ങൾ എന്നും എന്നെ താങ്ങിയിരുന്നെന്ന്‌ ആത്മാർഥതയോടെ എനിക്കു പറയാനാകും. * അങ്ങേയറ്റം ബുദ്ധിസാമർഥ്യമോ പ്രവൃത്തിപാടവമോ ഒന്നും ഉള്ള ഒരു വ്യക്തിയല്ല ഞാനെന്ന്‌ എനിക്കു നന്നായി അറിയാം, എന്നാൽ എന്തെല്ലാം കാര്യങ്ങൾ എനിക്കു ചെയ്യാൻ കഴിയുമെന്നും എന്തെല്ലാം സാധ്യമല്ലെന്നും യഹോവയ്‌ക്ക്‌ അറിയാം. ഞാൻ എന്റെ കഴിവുപോലെ പ്രവർത്തിക്കുന്നെന്ന്‌ അവൻ മനസ്സിലാക്കുന്നതിലും ദൈവസേവനത്തിൽ എന്നെ ഉപയോഗിച്ചിരിക്കുന്നതിലും ഞാൻ അത്യന്തം നന്ദിയുള്ളവളാണ്‌.

നാം യഹോവയെ കഴിവിന്റെ പരമാവധി സേവിക്കേണ്ടത്‌ അതിപ്രധാനമാണെന്നു ഞാൻ വിശ്വസിക്കുന്നു, കാരണം നമുക്കുള്ളതെല്ലാം അവൻ നൽകിയിട്ടുള്ളതാണ്‌. ഇനിയും കഴിയുന്നിടത്തോളം കാലം ഒരു പയനിയറായിത്തന്നെ സേവിക്കാനാണ്‌ എന്റെ ദൃഢനിശ്ചയം. അതെന്തൊരു പദവിയാണെന്നോ! നിത്യതയിലുടനീളം യഹോവ എന്നെ ഉപയോഗിക്കുമാറാകട്ടെ എന്നതാണ്‌ എന്റെ പ്രാർഥന.

[അടിക്കുറിപ്പ്‌]

^ ഖ. 30 നൂറു വയസ്സു തികയാൻ മൂന്നു മാസം മാത്രമുള്ളപ്പോൾ, 2007 ഏപ്രിൽ 20-ന്‌ സ്റ്റൈഗെഴ്‌സ്‌ സഹോദരി ഭൗമിക ജീവിതം പൂർത്തിയാക്കി. സഹോദരിയുടെ ദീർഘനാളത്തെ വിശ്വസ്‌ത സേവനം നമുക്കേവർക്കും നല്ലൊരു പ്രോത്സാഹനമാണ്‌, സ്വർഗീയ പ്രതിഫലം പ്രാപിച്ച അവരോടൊപ്പം നമുക്കും സന്തോഷിക്കാം.

[13-ാം പേജിലെ ചിത്രം]

കോൽപോർട്ടർമാരായി സേവിക്കവേ ഞാനും ഭർത്താവും ഉപയോഗിച്ചിരുന്ന വാഹനം

[14-ാം പേജിലെ ചിത്രം]

മക്കളോടൊപ്പം, 1941

[15-ാം പേജിലെ ചിത്രം]

എഡ്ഡിയും ബോബിയും ഞാനും, അടുത്തയിടെ