യേശു—വലിയ ദാവീദും വലിയ ശലോമോനും
യേശു—വലിയ ദാവീദും വലിയ ശലോമോനും
“ഇതാ, ശലോമോനിലും വലിയവൻ.”—മത്താ. 12:42.
1, 2. രാജാവായി ദാവീദിനെ അഭിഷേകം ചെയ്യാൻ ശമൂവേലിനു ലഭിച്ച നിർദേശം ആളുകളുടെ പ്രതീക്ഷയ്‌ക്കു വിപരീതമായിരുന്നത് എന്തുകൊണ്ട്?
രാജാവാകാനുള്ള ഒരു പ്രൗഢിയും അവനില്ലായിരുന്നു; പ്രവാചകനായ ശമൂവേലിന്റെ ദൃഷ്ടിയിൽ വെറുമൊരു ഇടയബാലൻ. അവന്റെ ജന്മസ്ഥലമാകട്ടെ ബേത്ത്‌ലേഹെം—തീർത്തും അപ്രധാനമായ ഒരു പട്ടണം. ‘യെഹൂദാസഹസ്രങ്ങളിൽ ചെറുത്’ എന്നാണ് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. (മീഖാ 5:2) എന്നുവരികിലും, ആ കൊച്ചു പട്ടണത്തിൽനിന്നുള്ള, നിസ്സാരനെന്നു തോന്നിക്കുന്ന ഈ ചെറുപ്പക്കാരനെ ശമൂവേൽ പ്രവാചകൻ ഇസ്രായേലിന്റെ ഭാവിരാജാവായി അഭിഷേകം ചെയ്യാൻ പോകുകയായിരുന്നു.
2 വിശ്വസ്‌ത ദൈവദാസനായ യിശ്ശായിയുടെ മക്കളിൽ ഒരുവനെ അഭിഷേകം ചെയ്യാനുള്ള നിയോഗവുമായാണ് ശമൂവേൽ വരുന്നത്. എന്നാൽ തന്റെ ഇളയ മകനായ ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുമെന്ന ഒരു ഊഹംപോലും യിശ്ശായിക്ക് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അവനെ ശമൂവേലിന്റെ അടുക്കൽ കൊണ്ടുവരുന്ന കാര്യം യിശ്ശായി ആദ്യമൊന്നും ചിന്തിച്ചതേയില്ല. ഇനി ദാവീദാണെങ്കിലോ, ആ സമയത്ത് വീട്ടിൽ അവരോടൊപ്പം ഉണ്ടായിരുന്നുമില്ല. എന്നാൽ യഹോവയ്‌ക്കു സമ്മതൻ ആരാണ്, അല്ലെങ്കിൽ 1 ശമൂ. 16:1-10.
അവൻ ആരെ തിരഞ്ഞെടുക്കുന്നു എന്നതിനായിരുന്നു പ്രസക്തി.—3. (എ) ഒരു വ്യക്തിയോടുള്ള ബന്ധത്തിൽ യഹോവ ഏറ്റവും പ്രധാനമായി കാണുന്നത് എന്താണ്? (ബി) ദാവീദിനെ അഭിഷേകം ചെയ്‌തപ്പോൾ എന്തു സംഭവിച്ചു?
3 ശമൂവേലിനു കാണാനാകാഞ്ഞത് യഹോവ കണ്ടു—ദാവീദിന്റെ ഹൃദയനില; അത് അവനു പ്രീതികരവുമായിരുന്നു. ബാഹ്യമായി ഒരുവൻ എങ്ങനെയുള്ളവൻ ആണെന്നതല്ല ദൈവത്തിനു പ്രധാനം; പകരം, ഉള്ളിന്റെയുള്ളിൽ അവൻ ആരാണ് എന്നതാണ്. (1 ശമൂവേൽ 16:7 വായിക്കുക.) യിശ്ശായിയുടെ മക്കളിൽ ഏഴുപേരെയും യഹോവ തിരഞ്ഞെടുത്തിട്ടില്ലെന്നു ശമൂവേൽ കണ്ടപ്പോൾ ഏറ്റവും ഇളയവനായ ദാവീദിനെ വയലിൽനിന്നു വിളിപ്പിക്കാൻ അവൻ ആവശ്യപ്പെട്ടു. വിവരണം ഇങ്ങനെ പറയുന്നു: “ഉടനെ അവൻ [യിശ്ശായി] ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്‌ക; ഇവൻ തന്നേ ആകുന്നു എന്നു കല്‌പിച്ചു. അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്‌തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു.”—1 ശമൂ. 16:12, 13.
ദാവീദ് ക്രിസ്‌തുവിനെ മുൻനിഴലാക്കി
4, 5. (എ) യേശുവിനും ദാവീദിനും തമ്മിലുള്ള ചില സമാനതകൾ വിവരിക്കുക. (ബി) യേശുവിനെ വലിയ ദാവീദ് എന്നു വിളിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
4 ദാവീദിനെപ്പോലെ യേശുവും ബേത്ത്‌ലേഹെമിലാണു ജനിച്ചത്, ഏതാണ്ട് 1,100 വർഷത്തിനുശേഷം. പലരുടെയും ദൃഷ്ടിയിൽ ഒരു രാജാവായിരിക്കാനുള്ള യോഗ്യതയൊന്നും യേശുവിനും ഉണ്ടായിരുന്നില്ല. ഇസ്രായേല്യരിൽ പലരും പ്രതീക്ഷിച്ചിരുന്നതുപോലുള്ള ഒരു രാജാവായിരുന്നില്ല അവൻ. എന്നിരുന്നാലും, ദാവീദിനെപ്പോലെ അവനും യഹോവയ്‌ക്കു സമ്മതനായിരുന്നു; അവനെയാണ് യഹോവ തിരഞ്ഞെടുത്തത്. ദാവീദിനെപ്പോലെ യഹോവയ്‌ക്കു പ്രിയപ്പെട്ടവനായിരുന്നു യേശുവും. * (ലൂക്കൊ. 3:22) ‘യഹോവയുടെ ആത്മാവ് യേശുവിന്റെമേലും വന്നു.’
5 ഇരുവരും തമ്മിൽ ഇനിയുമുണ്ട് സമാനതകൾ. ദാവീദിനെ അവന്റെ ഉപദേശകനായ അഹീഥോഫെൽ ഒറ്റിക്കൊടുത്തുകൊണ്ട് ചതിച്ചു; യേശുവിനെ അവന്റെ അപ്പൊസ്‌തലനായ യൂദാ ഈസ്‌കര്യോത്താവും. (സങ്കീ. 41:9; യോഹ. 13:18) യഹോവയുടെ ആരാധനാലയത്തോട് ഇരുവർക്കും അടങ്ങാത്ത ‘എരിവ്’ ഉണ്ടായിരുന്നു. (സങ്കീ. 27:4; 69:9; യോഹ. 2:17) യേശു ദാവീദിന്റെ സിംഹാസനത്തിന്റെ അവകാശിയും ആയിരുന്നു. യേശുവിന്റെ ജനനത്തിനുമുമ്പ് ഒരു ദൂതൻ അവന്റെ അമ്മയോടു പറഞ്ഞു: “കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കൊ. 1:32; മത്താ. 1:1) എന്നാൽ മിശിഹൈക പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയേറാനിരുന്നതിനാൽ അവൻ തീർച്ചയായും ദാവീദിനെക്കാൾ ഏറെ വലിയവനായിരിക്കേണ്ടിയിരുന്നു. അതെ, യേശുവാണ് ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന മിശിഹൈക രാജാവും വലിയ ദാവീദും.—യോഹ. 7:42.
രാജാവും ഇടയനും ആയ ക്രിസ്‌തുവിനെ അനുഗമിക്കുക
6. ദാവീദ് ഒരു നല്ല ഇടയനാണെന്നു തെളിയിച്ചത് എങ്ങനെ?
6 യേശു ഒരു ഇടയനുമാണ്. ഒരു നല്ല ഇടയന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? അയാൾ തന്റെ ആടുകളെ വിശ്വസ്‌തതയോടെയും ധീരതയോടെയും പരിപാലിക്കുകയും തീറ്റിപ്പോറ്റുകയും സംരക്ഷിക്കുകയും ചെയ്യും. (സങ്കീ. 23:2-4) ചെറുപ്പത്തിൽ ദാവീദ് തന്റെ പിതാവിന്റെ ആടുകളെ നന്നായി പരിപാലിച്ചുകൊണ്ട് താൻ അത്തരമൊരു ഇടയനാണെന്നു തെളിയിച്ചു. സ്വന്തം ജീവൻപോലും പണയപ്പെടുത്തിക്കൊണ്ട് സിംഹത്തിൽനിന്നും കരടിയിൽനിന്നും അവയെ സംരക്ഷിക്കാൻ അവൻ ധൈര്യം കാണിച്ചിട്ടുണ്ട്.—1 ശമൂ. 17:34, 35.
7. (എ) രാജാവെന്ന നിലയിലുള്ള തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ദാവീദിനെ സജ്ജനാക്കിയത് എന്ത്? (ബി) യേശു നല്ല ഇടയനാണെന്നു തെളിയിച്ചത് എങ്ങനെ?
7 ദാവീദ് വർഷങ്ങളോളം മലയോരങ്ങളിലുംമറ്റും ആടുകളെ മേയ്‌ച്ചു നടന്നിരുന്നു. ഇസ്രായേൽ ജനതയെ മേയ്‌ക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും വഹിക്കുന്നതിന് അത് അവനെ സജ്ജനാക്കി. * (സങ്കീ. 78:70, 71) മാതൃകായോഗ്യനായ ഒരു ഇടയനാണെന്ന് യേശുവും തെളിയിച്ചു. “ചെറിയ ആട്ടിൻകൂട്ട”ത്തെയും “വേറെ ആടുക”ളെയും മേയ്‌ക്കവെ, യഹോവ അവനെയും ശക്തിപ്പെടുത്തുകയും വഴിനയിക്കുകയും ചെയ്യുന്നു. (ലൂക്കൊ. 12:32; യോഹ. 10:16) അതെ, യേശു ഒരു നല്ല ഇടയനാണ്. തന്റെ ഓരോ ആടിനെയും അവന് അടുത്തറിയാം; അവൻ അവയെ പേർ ചൊല്ലിയാണു വിളിക്കുന്നത്. ഭൂമിയിലായിരിക്കെ, തന്റെ ആടുകൾക്കുവേണ്ടി അവൻ തന്നെത്തന്നെ മനസ്സോടെ അർപ്പിച്ചു. അതു കാണിക്കുന്നത് അവന് അവയോട് അതിരറ്റ സ്‌നേഹമുണ്ടെന്നാണ്. (യോഹ. 10:3, 11, 14, 15) ദാവീദിന് ചെയ്യാൻ കഴിയില്ലായിരുന്ന ഒന്ന്, നല്ല ഇടയനെന്ന നിലയിൽ യേശു ചെയ്യുമായിരുന്നു. തന്റെ മറുവിലയാഗം മുഖാന്തരം അവൻ മനുഷ്യവർഗത്തെ മരണത്തിൽനിന്നു വിടുവിക്കാനുള്ള വഴി തുറന്നു. അങ്ങനെ, തന്റെ “ചെറിയ ആട്ടിൻകൂട്ട”ത്തെ അമർത്ത്യസ്വർഗീയ ജീവനിലേക്കും “വേറെ ആടുക”ളെ ചെന്നായ്‌ക്കളെപ്പോലുള്ള ആളുകളില്ലാത്ത, നീതിവസിക്കുന്ന പുതിയ ലോകത്തിലെ നിത്യജീവനിലേക്കും അവൻ നയിക്കും. അതിൽനിന്ന് അവനെ തടയാൻ ആർക്കും കഴിയില്ല.—യോഹന്നാൻ 10:27-29 വായിക്കുക.
ജയിച്ചടക്കി മുന്നേറുന്ന രാജാവിനെ അനുഗമിക്കുക
8. ദാവീദ് ജയിച്ചടക്കി മുന്നേറുന്ന ഒരു രാജാവാണെന്നു തെളിയിച്ചത് എങ്ങനെ?
8 ദൈവജനത്തിന്റെ രാജാവെന്ന നിലയിൽ ദാവീദ് ധീരനായ പോരാളിയായിരുന്നു. അവൻ അവരുടെ ദേശത്തെ സംരക്ഷിച്ചു. “ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്‌കി.” (2 ശമൂ. 8:1-14) ദാവീദിന്റെ നേതൃത്വത്തിൻകീഴിൽ രാജ്യത്തിന്റെ അതിർത്തി മിസ്രയീംനദിമുതൽ ഫ്രാത്ത്‌നദിവരെ വിസ്‌തൃതമായിത്തീർന്നു. (2 ശമൂ. 8:1-14) യഹോവയിൽനിന്നു ബലം ആർജിച്ച് അതിശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു അവൻ. “ദാവീദിന്റെ കീർത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്‌തു” എന്ന് ബൈബിൾ പറയുന്നു.—1 ദിന. 14:17.
9. നിയമിത രാജാവായ യേശു ജയിച്ചടക്കുന്നവൻ ആയിരുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക.
9 ദാവീദ് രാജാവിനെപ്പോലെ യേശുവും നിർഭയനായിരുന്നു. നിയമിത രാജാവെന്ന നിലയിൽ അവൻ, ഭൂതങ്ങളുടെ പിടിയിലായിരുന്നവരെ രക്ഷിച്ചുകൊണ്ട് അവയുടെമേൽ തനിക്ക് അധികാരമുണ്ടെന്ന് തെളിയിച്ചു. (മർക്കൊ. 5:2, 6-13; ലൂക്കൊ. 4:36) എന്തിന്, മുഖ്യശത്രുവായ പിശാചായ സാത്താനുപോലും അവന്റെമേൽ ഒരു സ്വാധീനവുമില്ല. യഹോവയുടെ പിന്തുണയാൽ യേശു സാത്താന്റെ അധികാരത്തിലുള്ള ലോകത്തെ ജയിച്ചടക്കി.—യോഹ. 14:30; 16:33; 1 യോഹ. 5:19.
10, 11. സ്വർഗത്തിലെ യോദ്ധാവാം രാജാവെന്ന നിലയിൽ യേശു എന്താണു ചെയ്യുക?
10 യേശു മരിച്ച് പുനരുത്ഥാനം പ്രാപിച്ച് ഏതാണ്ട് 60 വർഷത്തിനുശേഷം, അവൻ സ്വർഗത്തിലെ യോദ്ധാവാം രാജാവായി മുന്നേറുന്ന ഒരു പ്രാവചനിക ദർശനം അപ്പൊസ്‌തലനായ യോഹന്നാനു ലഭിച്ചു. “അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു” എന്ന് യോഹന്നാൻ എഴുതി. (വെളി. 6:2) വെള്ളക്കുതിരപ്പുറത്തെ സവാരിക്കാരൻ യേശുവാണ്. 1914-ൽ സ്വർഗീയ രാജ്യത്തിൽ രാജാവായി അവരോധിക്കപ്പെട്ടപ്പോൾ ‘അവന്നു ഒരു കിരീടം ലഭിച്ചു.’ തുടർന്ന്, ‘അവൻ ജയിക്കുന്നവനായി പുറപ്പെട്ടു.’ അതെ, ദാവീദിനെപ്പോലെ ശത്രുക്കളെ ജയിച്ചടക്കി മുന്നേറുന്ന രാജാവാണ് യേശുവും. അവൻ ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെട്ട് താമസിയാതെതന്നെ യുദ്ധത്തിൽ സാത്താനെ തോൽപ്പിച്ച് അവനെയും ഭൂതങ്ങളെയും ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. (വെളി. 12:7-9) സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ പൂർണമായും നശിപ്പിച്ചുകൊണ്ട് സമ്പൂർണമായി ‘ജയിച്ചടക്കുന്നതുവരെ’ അവൻ തന്റെ ജൈത്രയാത്ര തുടരും.—വെളിപ്പാടു 19:11, 19-21 വായിക്കുക.
11 അതേസമയം, ദാവീദിനെപ്പോലെ യേശു അനുകമ്പയുള്ള രാജാവുമാണ്; അർമഗെദോനിൽ അവൻ “മഹാപുരുഷാര”ത്തെ സംരക്ഷിക്കും. (വെളി. 7:9, 14) കൂടാതെ, യേശുവിന്റെയും പുനരുത്ഥാനം പ്രാപിച്ച 1,44,000 കൂട്ടവകാശികളുടെയും ഭരണത്തിൻകീഴിൽ “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” നടക്കും. (പ്രവൃ. 24:15) ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരമാണ് അവർക്കു മുന്നിലുള്ളത്. അങ്ങനെ, വലിയ ദാവീദിന്റെ—സന്തുഷ്ടരും നീതിമാന്മാരുമായ—പ്രജകളാൽ ഈ ഭൂമി നിറയും. എത്ര മഹത്തായൊരു പ്രത്യാശ! സദാ മറ്റുള്ളവർക്കു ‘ഗുണം ചെയ്‌തുകൊണ്ട്’ അവിടെ ആയിരിക്കാൻ നമുക്കും ദൃഢനിശ്ചയം ചെയ്യാം.—സങ്കീ. 37:27-29.
ജ്ഞാനത്തിനായുള്ള ശലോമോന്റെ പ്രാർഥന ദൈവം കേട്ടു
12. ശലോമോൻ എന്തിനുവേണ്ടി പ്രാർഥിച്ചു?
12 ദാവീദിന്റെ പുത്രനായ ശലോമോനും യേശുവിനെ മുൻനിഴലാക്കി. * ശലോമോൻ രാജാവായപ്പോൾ യഹോവ സ്വപ്‌നത്തിൽ അവനു പ്രത്യക്ഷനായി, എന്താവശ്യപ്പെട്ടാലും അതെല്ലാം നൽകുമെന്ന് അവനോടു പറഞ്ഞു. ശലോമോനു വേണമെങ്കിൽ കൂടുതൽ സമ്പത്തും അധികാരവും ദീർഘായുസ്സും ആവശ്യപ്പെടാമായിരുന്നു. എന്നാൽ ഒട്ടും സ്വാർഥനാകാതെ അവൻ യഹോവയോട്, “ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. (2 ദിന. 1:7-10) യഹോവ ശലോമോന്റെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകുകതന്നെ ചെയ്‌തു.—2 ദിനവൃത്താന്തം 1:11, 12 വായിക്കുക.
13. ശലോമോൻ മറ്റെല്ലാവരെക്കാളും ജ്ഞാനിയായിരുന്നുവെന്ന് എങ്ങനെ പറയാനാകും, അവന്റെ ജ്ഞാനത്തിന്റെ ഉറവിടം ആരായിരുന്നു?
1 രാജാ. 4:30, 32, 34) ഇവയിൽ പലതും ലിഖിതരേഖകളിൽ കാണാം; ജ്ഞാനം തേടുന്നവർ ഇന്നും അവയെ അമൂല്യമായി കരുതുന്നു. “കടമൊഴികളാൽ” ശലോമോന്റെ ജ്ഞാനം പരീക്ഷിച്ചറിയേണ്ടതിന് ശെബാരാജ്ഞി ഏതാണ്ട് 2,400 കിലോമീറ്റർ താണ്ടി വന്നു. ശലോമോന്റെ സകലജ്ഞാനവും അവന്റെ ദേശത്തെ സമൃദ്ധിയും കണ്ട് അവൾ അമ്പരന്നുപോയി. (1 രാജാ. 10:1-9) ശലോമോന്റെ ജ്ഞാനത്തിന്റെ ഉറവിടത്തെ തിരിച്ചറിയിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.”—1 രാജാ. 10:24.
13 ശലോമോൻ യഹോവയോടു വിശ്വസ്‌തനായിരുന്നിടത്തോളം അവന്റെ ജ്ഞാനമൊഴികളോടു കിടപിടിക്കാൻ സമകാലികർക്ക് ആർക്കും കഴിഞ്ഞില്ല. ശലോമോൻ “മൂവായിരം സദൃശവാക്യം പറഞ്ഞു.” (ജ്ഞാനിയായ രാജാവിനെ അനുഗമിക്കുക
14. യേശു “ശലോമോനിലും വലിയവൻ” ആയിരുന്നത് ഏതെല്ലാം വിധങ്ങളിൽ?
14 ശലോമോനെക്കാൾ ജ്ഞാനിയായിരുന്ന ഒരേയൊരു മനുഷ്യനേ ഉണ്ടായിരുന്നുള്ളൂ; അത് യേശുക്രിസ്‌തു ആയിരുന്നു. “ശലോമോനിലും വലിയവൻ” എന്ന് അവൻ തന്നെക്കുറിച്ചുതന്നെ പറയുകയുണ്ടായി. (മത്താ. 12:42) “നിത്യജീവന്റെ വചനങ്ങ”ളാണ് യേശു സംസാരിച്ചത്. (യോഹ. 6:68) തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പല തത്ത്വങ്ങളും പഠിപ്പിച്ചു; ശലോമോൻ പറഞ്ഞ സദൃശവാക്യങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ അടങ്ങുന്നതും അവയെക്കുറിച്ച് ആഴമായ ഗ്രാഹ്യം പ്രദാനം ചെയ്യുന്നവയുമായിരുന്നു അവ. യഹോവയുടെ ആരാധകരെ ‘ഭാഗ്യവാന്മാരാക്കുന്ന’ അതായത്, അവർക്കു സന്തോഷം കൈവരുത്തുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ശലോമോൻ പറഞ്ഞു. (സദൃ. 3:13; 8:32, 33; 14:21; 16:20) യഹോവയുടെ ആരാധനയോടും അവന്റെ വാഗ്‌ദാന നിവൃത്തിയോടും ബന്ധപ്പെട്ട കാര്യങ്ങളിൽനിന്നു മാത്രമേ യഥാർഥ സന്തുഷ്ടി കരഗതമാകൂ എന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” അതായത്, സന്തുഷ്ടർ; “സ്വർഗ്ഗരാജ്യം അവർക്കുള്ളത്.” (മത്താ. 5:3) യേശു പഠിപ്പിച്ച തത്ത്വങ്ങൾ പിൻപറ്റുന്നവർക്ക് ‘ജീവന്റെ ഉറവായ’ യഹോവയിലേക്ക് അടുത്തുചെല്ലാനാകും. (സങ്കീ. 36:9; സദൃ. 22:11; മത്താ. 5:8) “ദൈവജ്ഞാന”മാണ് ക്രിസ്‌തു. (1 കൊരി. 1:24, 30) മിശിഹൈക രാജാവെന്ന നിലയിൽ യേശുക്രിസ്‌തുവിന് ‘ജ്ഞാനത്തിന്റെ ആത്മാവ്’ ഉണ്ട്.—യെശ. 11:2.
15. ദൈവിക ജ്ഞാനത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?
15 വലിയ ശലോമോന്റെ അനുഗാമികളെന്ന നിലയിൽ നമുക്ക് എങ്ങനെ ദൈവിക ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടാനാകും? യഹോവയുടെ ജ്ഞാനം അവന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ബൈബിൾ—വിശേഷാൽ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ—മനസ്സിരുത്തി പഠിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും ചെയ്‌തുകൊണ്ട് ഈ ജ്ഞാനം കണ്ടെത്താൻ നാം ശ്രമിക്കണം. (സദൃ. 2:1-5) കൂടാതെ, ജ്ഞാനത്തിനായി ദൈവത്തോട് നിരന്തരം യാചിക്കുകയും വേണം. സഹായത്തിനായുള്ള നമ്മുടെ ആത്മാർഥമായ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിക്കുമെന്ന് ദൈവവചനം നമുക്ക് ഉറപ്പുനൽകുന്നു. (യാക്കോ. 1:5) പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവവചനത്തിലെ അമൂല്യ ജ്ഞാനം നമുക്കു കണ്ടെത്താനാകും. പ്രശ്‌നങ്ങളെ വിജയകരമായി നേരിടാനും ശരിയായ തീരുമാനങ്ങളെടുക്കാനും അതു നമ്മെ സഹായിക്കും. (ലൂക്കൊ. 11:13) ശലോമോനെ “പരിജ്ഞാനം ഉപദേശിച്ചുകൊടു”ക്കുന്ന “സഭാപ്രസംഗി” എന്നും വിളിച്ചിരിക്കുന്നു. (സഭാ. 12:9, 10) “സഭാപ്രസംഗി” എന്നതിന്റെ എബ്രായ പദത്തിന് “കൂട്ടിവരുത്തുന്നവൻ” എന്നും അർഥമുണ്ട്. ക്രിസ്‌തീയ സഭയുടെ ശിരസ്സ് എന്ന നിലയിൽ യേശുവും തന്റെ ജനത്തെ കൂട്ടിവരുത്തുന്നവനാണ്. (യോഹ. 10:16; കൊലൊ. 1:18) അതുകൊണ്ട് ‘പരിജ്ഞാനം ഉപദേശിച്ചുതരുന്ന’ സഭായോഗങ്ങളിൽ നാം നിരന്തരം ഹാജരാകേണ്ടിയിരിക്കുന്നു.
16. ശലോമോനും യേശുവും തമ്മിൽ എന്തു സമാനതയുണ്ട്?
16 കർമനിരതനായ ഒരു രാജാവായിരുന്നു ശലോമോൻ. ദേശത്ത് ഉടനീളം നിരവധി നിർമാണപദ്ധതികൾക്ക് അവൻ നേതൃത്വം നൽകി: കൊട്ടാരങ്ങൾ, വീഥികൾ, ജലവിതരണസംവിധാനങ്ങൾ, സംഭാരനഗരങ്ങൾ, രഥനഗരങ്ങൾ, കുതിരച്ചേവർക്കുള്ള പട്ടണങ്ങൾ അങ്ങനെ പലതും. (1 രാജാ. 9:17-19) അവയെല്ലാം മുഴുജനതയ്‌ക്കും പ്രയോജനം ചെയ്‌തു. യേശുവും വിദഗ്‌ധനായ ഒരു നിർമാതാവാണ്. അവൻ “പാറമേൽ” തന്റെ സഭയെ പണിതുയർത്തിയിരിക്കുന്നു. (മത്താ. 16:18) പുതിയഭൂമിയിൽ നടക്കാനിരിക്കുന്ന നിർമാണവേലയ്‌ക്കും അവൻ മേൽനോട്ടം വഹിക്കുന്നതായിരിക്കും.—യെശ. 65:21, 22.
സമാധാനത്തിന്റെ രാജാവിനെ അനുഗമിക്കുക
17. (എ) ശലോമോന്റെ ഭരണത്തിന്റെ ഒരു സവിശേഷത എന്തായിരുന്നു? (ബി) തന്റെ പ്രജകൾക്കുവേണ്ടി എന്തു ചെയ്യാൻ ശലോമോനു കഴിഞ്ഞില്ല?
17 ശലോമോൻ എന്ന പേരു വന്നിരിക്കുന്നത് “സമാധാനം” എന്ന് അർഥം വരുന്ന ഒരു മൂലപദത്തിൽനിന്നാണ്. യെരൂശലേം ആയിരുന്നു ശലോമോന്റെ ഭരണത്തിന്റെ ആസ്ഥാനം; ആ പേരിന്റെ അർഥമാകട്ടെ, “ഇരട്ട സമാധാനത്തിന്റെ അവകാശം” എന്നും. 40 വർഷത്തെ അവന്റെ ഭരണകാലത്ത് ഇസ്രായേലിൽ മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ലാത്തവിധം സമാധാനം കളിയാടി. അക്കാലത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.” (1 രാജാ. 4:25) ഇത്ര വലിയ ജ്ഞാനത്തിന് ഉടമയായിരുന്നിട്ടും അവനു തന്റെ പ്രജകളെ രോഗം, പാപം, മരണം എന്നിവയുടെ പിടിയിൽനിന്നു രക്ഷിക്കാനായില്ല. എന്നാൽ വലിയ ശലോമോനാകട്ടെ, തന്റെ പ്രജകളെ ഇതിൽനിന്നെല്ലാം വിടുവിക്കും.—റോമർ 8:19-21 വായിക്കുക.
18. ക്രിസ്‌തീയ സഭയിൽ നാം എന്ത് ആസ്വദിക്കുന്നു?
18 ഇപ്പോൾപ്പോലും ക്രിസ്‌തീയ സഭയിൽ നമുക്ക് സമാധാനം ആസ്വദിക്കാനാകുന്നു. നമ്മൾ ഇന്ന് ഒരു ആത്മീയ പറുദീസയിലാണ്! ദൈവത്തോടും സഹമനുഷ്യരോടും സമാധാനത്തിലായിരിക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് യെശയ്യാവ് പ്രാവചനികമായി ഇങ്ങനെ പറയുകയുണ്ടായി: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശ. 2:3, 4) ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുകവഴി നാം ഈ ആത്മീയ പറുദീസയുടെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുകയാണ്.
19, 20. സന്തോഷിക്കാനുള്ള എന്തെല്ലാം കാരണങ്ങളാണ് നമുക്കുള്ളത്?
19 എന്നാൽ ഇവയെക്കാളൊക്കെ ശോഭനമായിരിക്കും ഭാവിജീവിതം. യേശുവിന്റെ ഭരണത്തിൻകീഴിൽ അനുസരണമുള്ള മനുഷ്യവർഗം സമാധാനം ആസ്വദിക്കും, മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ലാത്തവിധം. അതോടൊപ്പം, അവൻ അവരെ ക്രമേണ “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടു”വിച്ച് പൂർണതയിൽ എത്തിക്കുകയും ചെയ്യും. (റോമ. 8:20) സഹസ്രാബ്ദവാഴ്‌ചയുടെ ഒടുവിലുള്ള അന്തിമപരിശോധനയെ അതിജീവിച്ചശേഷം, “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീ. 37:11; വെളി. 20:7-10) അതെ, ശലോമോന്റെ ഭരണത്തെക്കാൾ ഏറെ ഉത്തമമായിരിക്കും ക്രിസ്‌തുയേശുവിന്റെ ഭരണം; അത് നമ്മുടെ സർവ പ്രതീക്ഷകളെയും വെല്ലുന്നതായിരിക്കും!
20 മോശെയുടെയും ദാവീദിന്റെയും ശലോമോന്റെയും കീഴിൽ ഇസ്രായേല്യർ സന്തോഷിച്ചു. എന്നാൽ ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ നാം അതിലേറെ സന്തോഷിക്കും. (1 രാജാ. 8:66) വലിയ മോശെ, ദാവീദ്, ശലോമോൻ എന്നീ നിലകളിൽ സേവിക്കാനായി തന്റെ ഏകജാതപുത്രനെ മനസ്സോടെ നൽകിയ യഹോവയോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം!
[അടിക്കുറിപ്പുകൾ]
^ ഖ. 4 സാധ്യതയനുസരിച്ച് ദാവീദ് എന്ന പേരിന്റെ അർഥം “പ്രിയപ്പെട്ടവൻ” എന്നാണ്. യേശു സ്‌നാനമേറ്റപ്പോഴും അവന്റെ രൂപാന്തരീകരണസമയത്തും യഹോവ സ്വർഗത്തിൽനിന്ന് അവനെ “എന്റെ പ്രിയപുത്രൻ” എന്നു വിളിച്ചു.—മത്താ. 3:17; 17:5.
^ ഖ. 7 അതേസമയം, ഇടയനിൽ ആശ്രയമർപ്പിക്കുന്ന ഒരു കുഞ്ഞാടിനെപ്പോലെയും ആയിരുന്നു ദാവീദ്. സംരക്ഷണത്തിനും മാർഗനിർദേശത്തിനുമായി അവൻ വലിയ ഇടയനായ യഹോവയിലേക്കു നോക്കി. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല” എന്ന് തികഞ്ഞ ബോധ്യത്തോടെ അവൻ പറഞ്ഞു. (സങ്കീ. 23:1) യേശുവിനെ “ദൈവത്തിന്റെ കുഞ്ഞാട്” ആയി യോഹന്നാൻ സ്‌നാപകൻ തിരിച്ചറിയിച്ചു.—യോഹ. 1:29.
^ ഖ. 12 ശലോമോന്റെ മറ്റൊരു പേരായ യെദീദ്യാവ് എന്നതിന്റെ അർഥം “യാഹിനു പ്രിയപ്പെട്ടവൻ” എന്നാണ്.—2 ശമൂ. 12:24, 25.
വിശദീകരിക്കാമോ?
• യേശു വലിയ ദാവീദ് ആയിരിക്കുന്നത് എങ്ങനെ?
• യേശു വലിയ ശലോമോൻ ആയിരിക്കുന്നത് എങ്ങനെ?
• വലിയ ദാവീദും ശലോമോനും ആയ യേശു ചെയ്യുന്ന ഏതു കാര്യങ്ങളാണ് നിങ്ങൾ ഏറെ വിലമതിക്കുന്നത്?
[അധ്യയന ചോദ്യങ്ങൾ]
[31-ാം പേജിലെ ചിത്രം]
ശലോമോന്റെ ദൈവദത്ത ജ്ഞാനം വലിയ ശലോമോന്റെ ജ്ഞാനത്തെ മുൻനിഴലാക്കി
[32-ാം പേജിലെ ചിത്രം]
ശലോമോന്റെയും ദാവീദിന്റെയും ഭരണത്തെക്കാൾ ഏറെ ഉത്തമമായിരിക്കും യേശുവിന്റെ ഭരണം, നമുക്കിപ്പോൾ സങ്കൽപ്പിക്കാൻപോലും കഴിയാത്തവിധം!