വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഗർഭത്തിൽവെച്ചു മരിച്ചുപോകുന്ന കുഞ്ഞുങ്ങൾക്ക്‌ പുനരുത്ഥാന പ്രത്യാശയുണ്ടോ?

ഇത്തരമൊരു ദുരന്തത്തിലൂടെ കടന്നുപോയിട്ടില്ലാത്ത ഒരാൾക്ക്‌ അത്‌ ഉളവാക്കുന്ന വേദന പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. ചില മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അതിന്റെ മുറിവുകൾ ഒരുനാളും ഉണങ്ങിയില്ലെന്നുവരാം. ഗർഭാവസ്ഥയിലായിരിക്കെ, ഒന്നിനുപുറകെ ഒന്നായി അഞ്ച്‌ കുഞ്ഞുങ്ങളെ നഷ്ടമായ ഒരമ്മയുടെ കാര്യമെടുക്കുക. പിന്നീട്‌ അവൾക്ക്‌ ആരോഗ്യവാന്മാരായ രണ്ട്‌ ആൺകുട്ടികൾ ജനിച്ചെങ്കിലും പിറക്കാതെപോയ ആ കുഞ്ഞുങ്ങളിൽ ഓരോരുത്തരെക്കുറിച്ചും അവൾ ഓർക്കുമായിരുന്നു. അങ്ങനെയൊരു ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ അവർക്ക്‌ എന്തു പ്രായം കാണും എന്ന്‌ തന്റെ ജീവിതാവസാനംവരെ ആ അമ്മ പറയുമായിരുന്നു. തങ്ങൾക്കു നഷ്ടപ്പെട്ടത്‌ പുനരുത്ഥാനത്തിലൂടെ തിരികെ ലഭിക്കുമെന്ന്‌ അത്തരം ക്രിസ്‌ത്യാനികൾക്കു പ്രതീക്ഷിക്കാനാകുമോ?

അതിനുള്ള ഉത്തരം നമുക്ക്‌ അറിയില്ല എന്നതാണു വാസ്‌തവം. ഗർഭത്തിൽവെച്ച്‌ മരിച്ചുപോകുന്ന (അവയവങ്ങളെല്ലാം രൂപപ്പെട്ട ശേഷമോ അതിനുമുമ്പോ) കുഞ്ഞുങ്ങൾക്ക്‌ പുനരുത്ഥാനം ലഭിക്കുമോ എന്നതിനെക്കുറിച്ച്‌ ബൈബിൾ നേരിട്ട്‌ ഒരിടത്തും പറയുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച ചില തത്ത്വങ്ങൾ ബൈബിളിലുണ്ട്‌. അത്‌ ഒരളവുവരെ ആശ്വാസം പകർന്നേക്കാം.

നമുക്കിപ്പോൾ ഇതുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങൾ പരിചിന്തിക്കാം. ഒന്നാമതായി, യഹോവയുടെ വീക്ഷണത്തിൽ മനുഷ്യജീവിതം ആരംഭിക്കുന്നത്‌ എപ്പോഴാണ്‌—ഗർഭധാരണത്തോടെയോ അതോ ജനനത്തോടെയോ? രണ്ടാമതായി, ഒരു അജാതശിശുവിനെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്‌—ഒരു വ്യക്തിയായോ അതോ കോശങ്ങളുടെ കേവലമൊരു കൂട്ടമായോ? ഇതിനുള്ള വ്യക്തമായ ഉത്തരം കണ്ടെത്താൻ ബൈബിൾതത്തങ്ങൾ സഹായിക്കുന്നു.

ജനനത്തോടെയല്ല അതിനെക്കാൾ ഏറെമുമ്പേ ജീവിതം ആരംഭിക്കുന്നുവെന്ന്‌ മോശൈക ന്യായപ്രമാണം വ്യക്തമാക്കുന്നു. എങ്ങനെ? ഒരു അജാതശിശുവിനെ കൊല്ലുന്നവർക്ക്‌ ന്യായപ്രമാണം മരണശിക്ഷ വിധിച്ചിരുന്നു. ഈ നിയമം ശ്രദ്ധിക്കുക: “ജീവന്നു പകരം ജീവൻ കൊടുക്കേണം.” * (പുറ. 21:22, 23) ഗർഭസ്ഥശിശുവിനെ ജീവനുള്ള ഒരു വ്യക്തിയായാണ്‌ കണക്കാക്കിയിരുന്നത്‌ എന്നു സാരം. ആ സത്യം മനസ്സിലാക്കിയത്‌ ഗർഭച്ഛിദ്രം ദൈവത്തിന്‌ എതിരെയുള്ള ഗുരുതരമായ ഒരു പാപമാണെന്നു തിരിച്ചറിയാനും അത്‌ വേണ്ടെന്നുവെക്കാനും ലക്ഷക്കണക്കിനു ക്രിസ്‌ത്യാനികളെ സഹായിച്ചിരിക്കുന്നു.

അജാതശിശുവിന്‌ ജീവനുണ്ട്‌ എന്നതു ശരിതന്നെ; പക്ഷേ, ആ ജീവന്‌ യഹോവ എത്ര വിലകൽപ്പിക്കുന്നു? ഒരു അജാതശിശുവിന്റെ മരണത്തിനിടയാക്കുന്ന വ്യക്തിക്ക്‌ ന്യായപ്രമാണം വധശിക്ഷ വിധിച്ചിരുന്നു എന്നത്‌ അജാതശിശുവിന്റെ ജീവനെ ദൈവം വളരെ വിലയേറിയതായി കരുതുന്നു എന്നല്ലേ കാണിക്കുന്നത്‌? ഗർഭസ്ഥശിശുവിനെ യഹോവ ഒരു വ്യക്തിയായാണ്‌ കാണുന്നത്‌ എന്നു വ്യക്തമാക്കുന്ന മറ്റു തിരുവെഴുത്തുകളും ഉണ്ട്‌. ഉദാഹരണത്തിന്‌, ദാവീദുരാജാവ്‌ നിശ്വസ്‌തതയിൽ യഹോവയെക്കുറിച്ച്‌ ഇങ്ങനെ പറയുകയുണ്ടായി: “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. . . . ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്‌തകത്തിൽ എഴുതിയിരുന്നു.”—സങ്കീ. 139:13-16; ഇയ്യോ. 31:14, 15.

ഗർഭസ്ഥശിശുവിന്റെ തനതായ സവിശേഷതകളും ഭാവിയിൽ അവൻ വളർത്തിയെടുത്തേക്കാവുന്ന പ്രാപ്‌തികളും യഹോവ കാണുന്നുണ്ട്‌. യിസ്‌ഹാക്കിന്റെ ഭാര്യ റിബെക്കാ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോൾ അവളുടെ ഗർഭപാത്രത്തിൽ കുട്ടികൾ “തമ്മിൽ തിക്കി”യതിനോടു ബന്ധപ്പെട്ട്‌ യഹോവ ഒരു പ്രവചനം ഉച്ചരിക്കുകയുണ്ടായി. ഭാവിയിൽ അനേകരെ ബാധിച്ചേക്കാവുന്ന അവരുടെ സ്വഭാവവിശേഷതകൾ ദൈവം മനസ്സിലാക്കിയിരുന്നു എന്നാണ്‌ അതു കാണിക്കുന്നത്‌.—ഉല്‌പ. 25:22, 23; റോമ. 9:10-13.

യോഹന്നാൻ സ്‌നാപകന്റെ കാര്യത്തിലും രസകരമായ ഒരു വിശദാംശം ബൈബിൾ നൽകുന്നുണ്ട്‌. സുവിശേഷവിവരണം പറയുന്നു: “മറിയയുടെ വന്ദനം എലീശബെത്ത്‌ കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത്‌ പരിശുദ്ധാത്മാവു നിറഞ്ഞവളായി.” (ലൂക്കൊ. 1:41) ഈ വിവരണത്തിൽ വൈദ്യനായ ലൂക്കൊസ്‌ ഉപയോഗിച്ച ഗ്രീക്ക്‌ പദത്തിന്‌ ഒരു ശിശുവിനെയോ അജാതശിശുവിനെയോ കുറിക്കാനാകും. പുൽത്തൊട്ടിയിൽ ആയിരുന്ന യേശുവിനെ കുറിക്കാനും ലൂക്കൊസ്‌ അതേ വാക്കാണ്‌ ഉപയോഗിച്ചത്‌.—ലൂക്കൊ. 2:12, 16; 18:15.

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ഒരു ഗർഭസ്ഥശിശുവിനും ഗർഭപാത്രത്തിനു പുറത്തുവന്ന ഒരു ശിശുവിനും തമ്മിൽ വലിയൊരു വ്യത്യാസം കൽപ്പിക്കാൻ ബൈബിൾ എന്തെങ്കിലും അടിസ്ഥാനം നൽകുന്നുണ്ടോ? ഉണ്ടെന്ന്‌ തോന്നുന്നില്ല. അത്‌ ആധുനിക ശാസ്‌ത്രത്തിന്റെ കണ്ടെത്തലുകളുമായും യോജിപ്പിലാണ്‌. ഉദാഹരണത്തിന്‌, പുറത്തുനടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അതിനോടു പ്രതികരിക്കാനും ഒരു അജാതശിശുവിനു കഴിയുമെന്ന്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഗർഭിണിയായ ഒരു അമ്മ തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുന്നതിൽ അതിശയിക്കാനില്ല.

ഗർഭധാരണശേഷം എത്ര സമയം കഴിഞ്ഞാണ്‌ ഒരു കുട്ടി ജനിക്കുന്നതെന്നു കൃത്യമായി പറയാനാകില്ല; ചില കുട്ടികൾ മാസം തികയുംമുമ്പേ ജനിച്ചെന്നുവരാം. ഇതു പരിചിന്തിക്കുക: ഒരു അമ്മ മാസം തികയുംമുമ്പേ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു; എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത്‌ മരിക്കുന്നു. മറ്റൊരു അമ്മ മാസം തികഞ്ഞ്‌ പ്രസവിക്കുന്നു; എന്നാൽ ജനിക്കുന്നതിനു തൊട്ടുമുമ്പ്‌ അത്‌ മരിക്കുന്നു. മാസം തികയാതെ ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചു എന്നതുകൊണ്ടുമാത്രം ആദ്യം പറഞ്ഞ അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനെ പുനുരുത്ഥാനത്തിൽ ലഭിക്കും എന്നും രണ്ടാമത്തെ അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനെ ലഭിക്കില്ല എന്നും നിഗമനം ചെയ്യാനാകുമോ?

ചുരുക്കിപ്പറഞ്ഞാൽ, ജീവിതം ഗർഭധാരണത്തിൽ തുടങ്ങുന്നു എന്നും ഒരു അജാതശിശുവിനെ വിലപ്പെട്ട ഒരു വ്യക്തിയായി യഹോവ കാണുന്നു എന്നും ബൈബിൾ വ്യക്തമാക്കുന്നു. എന്നാൽ മരിച്ചുപോയ ഒരു അജാതശിശുവിന്‌ പുനരുത്ഥാനപ്രത്യാശ ഇല്ലെന്നു വിശ്വസിക്കുന്നത്‌, ഈ തിരുവെഴുത്തുസത്യങ്ങൾക്ക്‌ വിരുദ്ധമാകുമെന്ന്‌ ചിലർ കരുതിയേക്കാം. മാത്രമല്ല അത്‌, ഗർഭച്ഛിദ്രം സംബന്ധിച്ച തിരുവെഴുത്തുനിലപാടിനെക്കുറിച്ച്‌ സംശയം ജനിപ്പിക്കുമെന്ന്‌ അവർ ചിന്തിച്ചേക്കാം; കാരണം, മിക്കവാറും അതേ തിരുവെഴുത്തുതത്ത്വങ്ങളാണല്ലോ ഇവിടെയും ബാധകമാകുന്നത്‌.

ഗർഭാവസ്ഥയിൽ മരിച്ചുപോയ കുഞ്ഞുങ്ങൾ പുനരുത്ഥാനം പ്രാപിക്കില്ല എന്നു നിഗമനംചെയ്യാൻ ഇടയാക്കിയേക്കാവുന്ന ചില വിവരങ്ങൾ ഈ പത്രികയുടെ മുൻലക്കങ്ങളിൽ വന്നിട്ടുണ്ട്‌. പറുദീസാഭൂമിയിൽ, പൂർണവളർച്ചയെത്താതെപോയ ഒരു ഭ്രൂണത്തെ ദൈവം ഒരു സ്‌ത്രീയുടെ ഗർഭപാത്രത്തിൽ സ്ഥാപിക്കുമോ എന്ന ചോദ്യം ഇതിനുള്ള ഒരു ഉദാഹരണം മാത്രമാണ്‌. എന്നാൽ  കൂടുതലായ ഗവേഷണത്തിനും പ്രാർഥനയ്‌ക്കും ധ്യാനത്തിനും ശേഷം, പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ അത്തരം ചോദ്യങ്ങൾക്ക്‌ പ്രസക്തിയില്ലെന്നു ചിന്തിക്കാൻ ഭരണസംഘം പ്രേരിതരായിരിക്കുന്നു. “ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ” എന്ന്‌ യേശുതന്നെ പറയുകയുണ്ടായി. (മർക്കൊ. 10:27) ഈ വാക്കുകളുടെ സത്യതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌ യേശുവിന്റെ സ്വന്തം അനുഭവം; യേശുവിന്റെ ജീവൻ സ്വർഗത്തിൽനിന്ന്‌ ഒരു കന്യകയുടെ ഗർഭപാത്രത്തിലേക്കു മാറ്റിയപ്പോൾ മനുഷ്യരുടെ ദൃഷ്ടിയിൽ അസാധ്യമായ ഒന്നാണ്‌ ദൈവം ചെയ്‌തത്‌.

ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞുങ്ങൾ പുനരുത്ഥാനം പ്രാപിക്കുമെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു എന്നാണോ ഇതിന്റെയർഥം? ബൈബിൾ ഇതിന്‌ നേരിട്ട്‌ ഒരു ഉത്തരം നൽകുന്നില്ല എന്ന കാര്യം ഞങ്ങൾ ഊന്നിപ്പറഞ്ഞുകൊള്ളട്ടെ. ആ സ്ഥിതിക്ക്‌, അത്തരം കുഞ്ഞുങ്ങൾ പുനരുത്ഥാനം പ്രാപിക്കുമെന്ന്‌ തറപ്പിച്ചുപറയാൻ മനുഷ്യർക്കാവില്ല. ഈ വിഷയം മറ്റനേകം ചോദ്യങ്ങൾ ഉയർത്തിയേക്കാം. എന്നാൽ ഊഹാപോഹങ്ങൾ നടത്താതിരിക്കുന്നതായിരിക്കും നല്ലത്‌. നമുക്ക്‌ അറിയാവുന്നത്‌ ഇത്രമാത്രം: മഹാദയയുടെയും കരുണയുടെയും ദൈവമായ യഹോവയാണ്‌ ഇതെല്ലാം നിശ്ചയിക്കുന്നത്‌. (സങ്കീ. 86:15) പുനരുത്ഥാനത്തിലൂടെ മരണത്തിന്റെ ഫലങ്ങൾ ഇല്ലാതാക്കുക എന്നതാണ്‌ യഹോവയുടെ ഹൃദയംഗമമായ ആഗ്രഹം എന്നതിനു സംശയമില്ല. (ഇയ്യോ. 14:14, 15) അവൻ എപ്പോഴും ശരിയായതു മാത്രമേ ചെയ്യൂ എന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ” യേശുവിന്‌ നിർദേശം നൽകിക്കൊണ്ട്‌ ഈ ദുഷ്ടവ്യവസ്ഥിതി നമ്മിൽ ഏൽപ്പിച്ചിരിക്കുന്ന മുറിവുകൾ ദൈവം സുഖപ്പെടുത്തും, തീർച്ച.—1 യോഹ. 3:8.

[അടിക്കുറിപ്പ്‌]

^ ഖ. 6 ഗർഭിണി മരിച്ചാൽ മാത്രമേ അതിന്‌ ഉത്തരവാദിയായ വ്യക്തിക്ക്‌ മരണശിക്ഷ ലഭിക്കൂ എന്ന അർഥത്തിലാണ്‌ ചില ഭാഷാന്തരങ്ങൾ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. പക്ഷേ, അമ്മയുടെയോ അജാതശിശുവിന്റെയോ മരണത്തിന്‌ ഇടയാക്കുന്ന ഏതൊരാളും മരണശിക്ഷ അനുഭവിക്കേണ്ടിവരും എന്നാണ്‌ മൂല എബ്രായ തിരുവെഴുത്തുകൾ കാണിക്കുന്നത്‌.

[13-ാം പേജിലെ ചിത്രം]

എല്ലാ മുറിവുകളും യഹോവ സൗഖ്യമാക്കും