വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യപ്രബോധനത്തിന്റെ ശ്രേഷ്‌ഠത!

ദിവ്യപ്രബോധനത്തിന്റെ ശ്രേഷ്‌ഠത!

ദിവ്യപ്രബോധനത്തിന്റെ ശ്രേഷ്‌ഠത!

“ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ സകലതും വിട്ടുകളഞ്ഞിരിക്കുന്നു.”—ഫിലി. 3:8.

1, 2. ചില ക്രിസ്‌ത്യാനികൾ എന്തു തിരഞ്ഞെടുത്തിരിക്കുന്നു, എന്തുകൊണ്ട്‌?

ചെറുപ്പംമുതൽക്കേ പഠിക്കാൻ മിടുക്കനായിരുന്നു റോബർട്ട്‌. അവന്‌ എട്ടുവയസ്സുണ്ടായിരുന്നപ്പോൾ അധ്യാപകരിലൊരാൾ അവന്റെ വീട്ടിൽച്ചെന്ന്‌ അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുപറഞ്ഞു: ‘ശ്രമിച്ചാൽ നിനക്കു നേടാൻ സാധിക്കാത്തതായി ഒന്നുമില്ല, പഠിച്ചുമിടുക്കനായി നീ ഒരു ഡോക്‌ടറാകണം.’ നല്ല മാർക്കോടെ ഹൈസ്‌കൂൾ ജയിച്ച റോബർട്ടിന്‌ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ പ്രവേശനം ലഭിക്കുമായിരുന്നു. പക്ഷേ, ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്നതെന്ന്‌ പലരും പറഞ്ഞ ആ ‘കനകാവസരം’ റോബർട്ട്‌ വേണ്ടെന്നുവെച്ചു. എന്തിനുവേണ്ടി? ഒരു സാധാരണ പയനിയറായി സേവിക്കുന്നതിനുവേണ്ടി.

2 റോബർട്ടിന്റെ കാര്യത്തിലെന്നതുപോലെ പല ക്രിസ്‌ത്യാനികൾക്കും ഈ ലോകത്തിൽ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങളുണ്ട്‌. എന്നാൽ ആത്മീയ ലക്ഷ്യങ്ങൾ വെച്ചിരിക്കുന്ന ഇവരിൽ പലരും ഇത്തരം അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നു. (1 കൊരി. 7:29-31) തങ്ങളുടെ കഴിവും പ്രാപ്‌തിയുമെല്ലാം പ്രസംഗപ്രവർത്തനത്തിൽ വിനിയോഗിക്കാൻ റോബർട്ടിനെപ്പോലുള്ള ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? യഹോവയോടുള്ള സ്‌നേഹമാണ്‌ പ്രമുഖ കാരണം. എന്നാൽ അതുമാത്രമല്ല, ദിവ്യപ്രബോധനത്തിന്റെ മഹനീയത അവർ വിലമതിക്കുന്നുവെന്നതും ഒരു കാരണമാണ്‌. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചില്ലായിരുന്നെങ്കിൽ നിങ്ങളുടെ ജീവിതം ഇപ്പോഴത്തേതുപോലെ ആയിരിക്കുമായിരുന്നോ? യഹോവയാൽ പഠിപ്പിക്കപ്പെട്ടതുകൊണ്ട്‌ നമുക്കു കൈവന്നിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌, സുവാർത്തയെ പ്രിയങ്കരമായി കരുതാനും അതു തീക്ഷ്‌ണതയോടെ മറ്റുള്ളവരെ അറിയിക്കാനും നമുക്കെന്നുമൊരു പ്രചോദനമായിരിക്കും.

ദൈവത്തിൽനിന്നു പഠിക്കുകയെന്ന അത്യുദാത്തമായ പദവി

3. അപൂർണമനുഷ്യരെ പഠിപ്പിക്കാൻ യഹോവ സന്നദ്ധനാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

3 അപൂർണരായ മനുഷ്യരെ പഠിപ്പിക്കാൻ നല്ലവനായ യഹോവ മനസ്സു കാണിക്കുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികളെക്കുറിച്ച്‌ പ്രാവചനികമായി യെശയ്യാവ്‌ പറഞ്ഞു: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശ. 54:13) ക്രിസ്‌തുവിന്റെ ‘വേറെ ആടുകൾക്കും’ ഈ വാക്കുകൾ തത്ത്വത്തിൽ ബാധകമാണ്‌. (യോഹ. 10:16) ഇന്നു നിറവേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവചനത്തിൽനിന്നും നമുക്കിതു മനസ്സിലാക്കാം. സകല ജനതകളിൽനിന്നുമുള്ള ആളുകൾ സത്യാരാധനയിലേക്ക്‌ ഒഴുകിവരുന്നതായുള്ള ഒരു ദർശനം യെശയ്യാവ്‌ കാണുകയുണ്ടായി. അവർ പരസ്‌പരം ഇങ്ങനെ പറയുന്നതായും പ്രവാചകൻ രേഖപ്പെടുത്തുന്നു: “വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.” (യെശ. 2:1-3) യഹോവയാൽ പഠിപ്പിക്കപ്പെടുകയെന്ന എത്ര ഉദാത്തമായ പദവിയാണ്‌ നമുക്കുള്ളത്‌!

4. താൻ പഠിപ്പിക്കുന്നവരിൽനിന്നും യഹോവ എന്താണു പ്രതീക്ഷിക്കുന്നത്‌?

4 ദൈവത്താൽ പഠിപ്പിക്കപ്പെടുന്നതിന്‌ ഒരുവൻ എന്താണു ചെയ്യേണ്ടത്‌? ആദ്യംതന്നെ, അയാൾ സൗമ്യതയുള്ളവനായിരിക്കണം, പഠിക്കാൻ മനസ്സൊരുക്കമുള്ളവനായിരിക്കണം. സങ്കീർത്തനക്കാരനായ ദാവീദ്‌ എഴുതി: “യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. . . . സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.” (സങ്കീ. 25:8, 9) യേശു പറഞ്ഞു: “പിതാവേ, സ്വർഗത്തിനും ഭൂമിക്കും നാഥനായവനേ, നീ ഇക്കാര്യങ്ങൾ ജ്ഞാനികൾക്കും ബുദ്ധിശാലികൾക്കും മറച്ചുവെച്ചിട്ട്‌ ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ വാഴ്‌ത്തുന്നു.” (ലൂക്കോ. 10:21) “താഴ്‌മയുള്ളവരുടെമേൽ . . . കൃപ ചൊരിയുന്ന” ഈ ദൈവത്തോട്‌ അടുത്തുചെല്ലണമെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?—1 പത്രോ. 5:5.

5. ദൈവത്തെക്കുറിച്ച്‌ അറിയാൻ എങ്ങനെ മാത്രമേ കഴിയൂ?

5 നമ്മുടെ കഴിവും ജ്ഞാനവും കൊണ്ടാണോ നാം സത്യം കണ്ടെത്തിയത്‌? അല്ല. സ്വന്തം ശ്രമങ്ങളാൽ ദൈവത്തെക്കുറിച്ചുള്ള അറിവു സമ്പാദിക്കാൻ നമുക്കാവില്ല എന്നതാണ്‌ വാസ്‌തവം. യേശു പറഞ്ഞു: “എന്നെ അയച്ച പിതാവ്‌ ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല.” (യോഹ. 6:44) പ്രസംഗപ്രവർത്തനംവഴിയും പരിശുദ്ധാത്മാവ്‌ മുഖാന്തരവും ചെമ്മരിയാടുതുല്യരെ, അതായത്‌ ‘സകല ജാതികളുടെയും മനോഹരവസ്‌തുക്കളെ’ യഹോവ ആകർഷിച്ചുകൊണ്ടിരിക്കുന്നു. (ഹഗ്ഗാ. 2:7) തന്റെ പുത്രന്റെ അടുക്കലേക്ക്‌ യഹോവ നിങ്ങളെ ആകർഷിച്ചതിൽ നിങ്ങൾക്കു നന്ദി തോന്നുന്നില്ലേ?—യിരെമ്യാവു 9:23, 24 വായിക്കുക.

ഒരു പരിവർത്തനശക്തി

6. ‘യഹോവയുടെ പരിജ്ഞാനം’ സമ്പാദിക്കുന്നത്‌ എന്ത്‌ സത്‌ഫലങ്ങൾ കൈവരുത്തും?

6 ഇന്ന്‌ ആളുകളുടെ വ്യക്തിത്വത്തിൽവരുന്ന പരിവർത്തനത്തിന്റെ മനോഹരമായൊരു ചിത്രം യെശയ്യാവ്‌ തന്റെ പ്രവചനത്തിലൂടെ വരച്ചുകാട്ടുന്നുണ്ട്‌: അക്രമാസക്തരായിരുന്നവർ ശാന്തശീലരാകാൻ പഠിച്ചിരിക്കുന്നു. വർഗം, ദേശം, ഗോത്രം, സംസ്‌കാരം എന്നിവയുടെയൊക്കെ പേരിൽ മുമ്പ്‌ ശത്രുക്കളായിരുന്ന അനേകർ ഇന്ന്‌ ഐക്യത്തിൽ ഒന്നിച്ചു വസിക്കാൻ പഠിച്ചിരിക്കുന്നു. (യെശയ്യാവു 11:6-9 വായിക്കുക.) ആലങ്കാരികമായി പറഞ്ഞാൽ അവർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു.’ (യെശ. 2:4) ശ്രദ്ധേയമായ ഈ മാറ്റങ്ങൾക്കു നിദാനമായത്‌ എന്താണ്‌? അവർ ‘യഹോവയുടെ പരിജ്ഞാനം’ സമ്പാദിച്ച്‌ അതിന്‌ അനുസൃതമായി ജീവിക്കുന്നു എന്നതാണു കാരണം. കുറ്റവും കുറവുമൊക്കെ ഉള്ളവരാണെങ്കിലും, ദേശാതിർത്തികൾക്കതീതമായൊരു കറയറ്റ സഹോദരബന്ധം ദൈവദാസർക്കിടയിലുണ്ട്‌. സുവാർത്തയുടെ ആഗോള സ്വീകാര്യതയും അതിന്റെ സത്‌ഫലങ്ങളും ദൈവിക വിദ്യാഭ്യാസത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു.—മത്താ. 11:19.

7, 8. (എ) ഏതു ‘കോട്ടകൾക്കുള്ളിൽനിന്നാണ്‌’ ദൈവിക വിദ്യാഭ്യാസം ആളുകളെ പുറത്തുകൊണ്ടുവരുന്നത്‌? (ബി) ദിവ്യപ്രബോധനം യഹോവയ്‌ക്കു സ്‌തുതികരേറ്റുന്നുവെന്ന്‌ ഏത്‌ അനുഭവം തെളിയിക്കുന്നു?

7 ദൈവജനത്തിന്റെ സാക്ഷീകരണ പ്രവർത്തനത്തെ പൗലോസ്‌ ഒരു ആത്മീയ പോരാട്ടത്തോടാണ്‌ ഉപമിച്ചത്‌. അവൻ എഴുതി: “പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല; കോട്ടകളെപ്പോലും തകർത്തുകളയാൻതക്ക ശക്തിയുള്ള ദൈവിക ആയുധങ്ങളാണവ. ദൈവപരിജ്ഞാനത്തിനെതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു.” (2 കൊരി. 10:4, 5) ഏതു ‘കോട്ടകൾക്കുള്ളിൽനിന്നാണ്‌’ ദൈവിക വിദ്യാഭ്യാസം ആളുകളെ പുറത്തുകൊണ്ടുവരുന്നത്‌? വ്യാജോപദേശങ്ങൾ, അന്ധവിശ്വാസങ്ങൾ, തത്ത്വചിന്തകൾ എന്നിവ ഏതാനും ചിലതുമാത്രം. (കൊലോ. 2:8) ദുശ്ശീലങ്ങൾ മറികടന്ന്‌ ദൈവികഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ ദൈവിക വിദ്യാഭ്യാസം അനേകരെ സഹായിച്ചിരിക്കുന്നു. (1 കൊരി. 6:9-11) അത്‌ കുടുംബജീവിതത്തിന്റെ ഇഴയടുപ്പം കൂട്ടുന്നു, ആശയറ്റു കഴിയുന്നവർക്ക്‌ പ്രത്യാശ പകരുന്നു. ഇന്ന്‌ ആവശ്യമായിരിക്കുന്നതും ഇത്തരമൊരു വിദ്യാഭ്യാസമല്ലേ?

8 ദൈവിക വിദ്യാഭ്യാസത്തിലൂടെ സത്യസന്ധത എന്ന ഗുണം വളർത്തിയെടുക്കാൻ യഹോവ നമ്മെ പരിശീലിപ്പിക്കുന്നു. (എബ്രാ. 13:18) ഇന്ത്യയിൽനിന്നുള്ള ഒരു സ്‌ത്രീയുടെ അനുഭവം അതാണു കാണിക്കുന്നത്‌. സ്‌നാനമേറ്റിട്ടില്ലാത്ത ഈ പ്രസാധിക ഒരു രാജ്യഹാൾ പണിയിൽ സഹായിച്ചിട്ട്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബസ്‌സ്റ്റാൻഡിനടുത്ത്‌ എത്തിയപ്പോൾ ഒരു സ്വർണമാല നിലത്തുകിടക്കുന്നത്‌ അവർ കണ്ടു. ഏകദേശം 40,000 രൂപ വിലവരുമായിരുന്നു അതിന്‌. വലിയ സാമ്പത്തികസ്ഥിതിയൊന്നും ഇല്ലാതിരുന്നിട്ടും ആ സ്‌ത്രീ, മാല പോലീസ്‌ സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ്‌ ഓഫീസർക്കു പക്ഷേ അതു വിശ്വസിക്കാനായില്ല! പിന്നീട്‌ മറ്റൊരു ഓഫീസർ അവരോടു ചോദിച്ചു: “എന്തുകൊണ്ടാണ്‌ മാല നിങ്ങൾ ഇവിടെ ഏൽപ്പിക്കാൻ തീരുമാനിച്ചത്‌?’ അവർ പറഞ്ഞു: “ബൈബിൾ പഠിച്ചത്‌ എന്നിൽ മാറ്റങ്ങൾ വരുത്തി, സത്യസന്ധമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അവരുടെ മറുപടിയിൽ മതിപ്പുതോന്നിയ ഓഫീസർ അവരുടെ കൂടെച്ചെന്ന മൂപ്പനോട്‌ പറഞ്ഞു: “നാലുകോടിയോളം ജനങ്ങളുള്ള ഈ സംസ്ഥാനത്ത്‌ പത്തുപേരെയെങ്കിലും ഇതുപോലെ മാറ്റിയെടുക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ അതൊരു വലിയ കാര്യമായിരിക്കും.” ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ദിവ്യപ്രബോധനം സദ്‌സ്വഭാവികളും ധർമിഷ്‌ഠരുമാക്കിയിരിക്കുന്നു. യഹോവയെ സ്‌തുതിക്കാൻ ഇതിൽക്കൂടുതൽ എന്തു കാരണമാണു നമുക്കു വേണ്ടത്‌!

9. ജീവിതത്തിൽ സമൂലമാറ്റം വരുത്താൻ ആളുകൾക്കു കഴിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

9 ദൈവവചനത്തിന്റെ പരിവർത്തനശക്തിയും യഹോവ പരിശുദ്ധാത്മാവിലൂടെ നൽകുന്ന സഹായവുംകൂടിയാകുമ്പോൾ സമൂലമായ മാറ്റംവരുത്താൻ ആളുകൾ പ്രാപ്‌തരാകുന്നു. (റോമ. 12:2; ഗലാ. 5:22, 23) കൊലോസ്യർ 3:10-ൽ ഇങ്ങനെ കാണുന്നു: “പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളുവിൻ; ഈ വ്യക്തിത്വമോ, അതിനെ സൃഷ്ടിച്ചവന്റെ പ്രതിരൂപത്തിനൊത്തവണ്ണം പരിജ്ഞാനത്താൽ പുതുക്കപ്പെടുന്നതത്രേ.” ദൈവവചനമായ ബൈബിളിന്റെ സന്ദേശത്തിന്‌ ഒരുവന്റെ ഉള്ളിന്റെയുള്ളിലെ വ്യക്തിത്വം അനാവരണം ചെയ്യാനും അവന്റെ ചിന്താഗതികൾക്കും മനോഭാവങ്ങൾക്കും മാറ്റംവരുത്താനുമുള്ള ശക്തിയുണ്ട്‌. (എബ്രായർ 4:12 വായിക്കുക.) തിരുവെഴുത്തുകളുടെ പരിജ്ഞാനം സമ്പാദിക്കുകയും യഹോവയുടെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തുകൊണ്ട്‌ ഒരുവന്‌ ദൈവത്തിന്റെ സ്‌നേഹിതനാകാൻ കഴിയും, നിത്യജീവന്റെ പ്രത്യാശയും അവനു സ്വന്തമായിരിക്കും.

ഭാവിക്കായുള്ള അടിത്തറ

10. (എ) ഭാവിക്കായി നമ്മെ ഒരുക്കാൻ ഏറ്റവും നല്ല സ്ഥാനത്തായിരിക്കുന്നത്‌ യഹോവയാണ്‌, എന്തുകൊണ്ട്‌? (ബി) മുഴുഭൂമിയെയും പിടിച്ചുലയ്‌ക്കുന്ന ഏതു സംഭവങ്ങൾ ഉടൻ അരങ്ങേറും?

10 ഭാവിയിൽ സംഭവിക്കാനിരിക്കുന്നത്‌ എന്താണെന്ന്‌ യഹോവയ്‌ക്കു നന്നായി അറിയാം. അതുകൊണ്ട്‌ ഭാവിക്കായി നമ്മെ ഒരുക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നതും അവനാണ്‌. മനുഷ്യവർഗത്തിന്റെ ഭാവി എന്താണെന്നു തീരുമാനിക്കുന്നത്‌ യഹോവയാണ്‌. (യെശ. 46:9, 10) “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു” എന്ന്‌ ബൈബിൾ പ്രവചിക്കുന്നു. (സെഫ. 1:14) അന്നാളിൽ സദൃശവാക്യങ്ങൾ 11:4-ലെ പിൻവരുന്ന വാക്കുകൾ അന്വർഥമാകും: “ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.” സാത്താന്റെ ലോകത്തിനെതിരെ യഹോവ ന്യായവിധി നടപ്പാക്കുന്ന സമയം അതിവേഗം ആഗതമാകുകയാണ്‌. ദൈവാംഗീകാരത്തിനു മാത്രമേ അന്നു വിലയുണ്ടായിരിക്കൂ, പണം അന്നൊരു പാഴ്‌വസ്‌തുവായിരിക്കും. യെഹെസ്‌കേൽ 7:19-ൽ നാം വായിക്കുന്നു: “അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും.” ഈ സത്യം മനസ്സിലുണ്ടെങ്കിൽ, ഇപ്പോൾ നാം ജ്ഞാനപൂർവം പ്രവർത്തിക്കും.

11. ഭാവിക്കായി നമ്മെ ഒരുക്കാൻ ദൈവിക വിദ്യാഭ്യാസം സഹായിക്കുന്ന ഒരു വിധം ഏത്‌?

11 ശരിയായ മുൻഗണനകൾ വെക്കാൻ സഹായിച്ചുകൊണ്ട്‌ ദൈവിക വിദ്യാഭ്യാസം യഹോവയുടെ ദിവസത്തിനുവേണ്ടി നമ്മെ സജ്ജരാക്കുന്നു. അപ്പൊസ്‌തലനായ പൗലോസ്‌ തിമൊഥെയൊസിന്‌ എഴുതി: “ഈ ലോകത്തിലെ ധനവാന്മാരോട്‌ ഉന്നതഭാവം കൂടാതെയിരിക്കാനും അസ്ഥിരമായ ധനത്തിലല്ല, നമുക്ക്‌ അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ പ്രത്യാശവെക്കാനും കൽപ്പിക്കുക.” ധനികരല്ലാത്തവർക്കും ഈ നിശ്വസ്‌ത ബുദ്ധിയുപദേശത്തിൽനിന്ന്‌ പ്രയോജനംനേടാൻ കഴിയും. എങ്ങനെ? സമ്പത്തു സ്വരുക്കൂട്ടാൻ ഉദ്യമിക്കാതെ “നന്മ ചെയ്യാനും സത്‌പ്രവൃത്തികളിൽ സമ്പന്നരാകാനും” യത്‌നിച്ചുകൊണ്ട്‌. ഇപ്പോൾ ആത്മീയകാര്യങ്ങൾക്ക്‌ മുൻഗണന നൽകുന്നെങ്കിൽ “വരുങ്കാലത്തേക്കുള്ള . . . ഭദ്രമായ ഒരു അടിത്തറ” പണിയുകയായിരിക്കും നാം. (1 തിമൊ. 6:17-19) ത്യാഗങ്ങൾ ഉൾപ്പെടുന്ന അത്തരമൊരു ജീവിതത്തിൽ ഒരുവന്റെ പ്രായോഗികബുദ്ധിയല്ലേ തെളിഞ്ഞുകാണുന്നത്‌? യേശു പറഞ്ഞതുപോലെ, “ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന്‌ എന്തു പ്രയോജനം?” (മത്താ. 16:26, 27) യഹോവയുടെ ദിവസം സത്വരം സമീപിക്കവെ, നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കേണ്ടതുണ്ട്‌: ‘ഞാൻ എവിടെയാണ്‌ നിക്ഷേപം സ്വരൂപിക്കുന്നത്‌? ഞാൻ ദൈവത്തെയാണോ സേവിക്കുന്നത്‌ അതോ ധനത്തെയോ?’—മത്താ. 6:19, 20, 24.

12. ചിലർ നമ്മുടെ ശുശ്രൂഷയെ അവമതിക്കുമെങ്കിലും നാം പിന്മാറരുതാത്തത്‌ എന്തുകൊണ്ട്‌?

12 നാം ചെയ്യേണ്ടതായി ദൈവവചനം പറഞ്ഞിട്ടുള്ള “സത്‌പ്രവൃത്തികളിൽ” മുഖ്യമായതാണ്‌ ജീവരക്ഷാകരമായ പ്രസംഗ-ശിഷ്യരാക്കൽവേല. (മത്താ. 24:14; 28:19, 20) ഒന്നാം നൂറ്റാണ്ടിലേതുപോലെ ചിലർ നമ്മുടെ ശുശ്രൂഷയെ അവമതിച്ചേക്കാം. (1 കൊരിന്ത്യർ 1:18-21 വായിക്കുക.) എന്നുകരുതി, അതു നമ്മുടെ സന്ദേശത്തിന്റെ മാറ്റുകുറയ്‌ക്കുന്നില്ല. അതുപോലെ, അത്‌ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യവും ഒട്ടും കുറയുന്നില്ല. ലഭ്യമായിരിക്കുന്ന ഈ സമയത്ത്‌ സുവാർത്തയിൽ വിശ്വാസമർപ്പിക്കുന്നതിനുള്ള അവസരമാണ്‌ ശുശ്രൂഷവഴി നാം മറ്റുള്ളവർക്ക്‌ നൽകുന്നത്‌. (റോമ. 10:13, 14) ദിവ്യപ്രബോധനത്തിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നത്‌ നമുക്കുതന്നെ അനുഗ്രഹങ്ങൾ കൈവരുത്തും.

ത്യാഗത്തിന്റെ വഴിയിലൂടെ അനുഗ്രഹങ്ങളിലേക്ക്‌

13. സുവാർത്തയ്‌ക്കുവേണ്ടി അപ്പൊസ്‌തലനായ പൗലോസ്‌ എന്തെല്ലാം ത്യജിച്ചു?

13 പൗലോസ്‌ അപ്പൊസ്‌തലന്റെ മുൻകാലജീവിതം ഏതു ലക്ഷ്യത്തിലുള്ളതായിരുന്നു? യഹൂദ സമൂഹത്തിൽ പേരും പെരുമയും സമ്പാദിക്കുക! ഏകദേശം പതിമൂന്നുവയസ്സുള്ളപ്പോൾ, സ്വദേശമായ തർസൊസ്‌ വിട്ട്‌ അവൻ യെരുശലേമിൽ വിഖ്യാത ന്യായപ്രമാണ പണ്ഡിതൻ ഗമാലിയേലിന്റെ കീഴിൽ പഠിക്കാൻവന്നു. (പ്രവൃ. 22:3) ക്രമേണ അവൻ സമകാലികരിൽ ശ്രദ്ധേയനായിത്തീർന്നു. ആ പാതയിൽ തുടർന്നിരുന്നെങ്കിൽ യഹൂദ സമൂഹത്തിൽ ഉന്നതപദവികളിൽ എത്താനുള്ള സകലസാധ്യതയും അവനുണ്ടായിരുന്നു. (ഗലാ. 1:13, 14) എന്നാൽ സുവിശേഷം സ്വീകരിച്ച്‌ പ്രസംഗവേലയ്‌ക്കുവേണ്ടി ഇറങ്ങിത്തിരിച്ചപ്പോൾ, അതെല്ലാം അവൻ വിട്ടുകളഞ്ഞു. ഇതേപ്രതി പൗലോസ്‌ പിന്നീട്‌ എപ്പോഴെങ്കിലും ഖേദിച്ചോ? ഇല്ല, അവൻ എഴുതിയത്‌ എന്താണെന്നു നോക്കൂ: “എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ സകലതും വിട്ടുകളഞ്ഞിരിക്കുന്നു. അവനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി ഗണിക്കുകയും ചെയ്‌തിരിക്കുന്നു.”—ഫിലി. 3:8.

14, 15. ദൈവത്തിന്റെ കൂട്ടുവേലക്കാർ എന്ന നിലയിൽ എന്തെല്ലാം അനുഗ്രഹങ്ങൾ നാം ആസ്വദിക്കുന്നു?

14 പൗലോസിനെപ്പോലെ, ഇന്ന്‌ നമ്മൾ ക്രിസ്‌ത്യാനികളും സുവിശേഷത്തിനായി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്‌. (മർക്കോ. 10:29, 30) എന്നാൽ അതുകൊണ്ട്‌ നമുക്കെന്തെങ്കിലും നഷ്ടമാകുന്നുണ്ടോ? തുടക്കത്തിൽ പരാമർശിച്ച റോബർട്ടിന്റെ അഭിപ്രായത്തോടു നമ്മിൽ പലരും യോജിക്കും. അദ്ദേഹം പറയുന്നു: “എനിക്കു യാതൊരു ഖേദവുമില്ല. മുഴുസമയ ശുശ്രൂഷ എനിക്ക്‌ ആനന്ദവും തൃപ്‌തിയും കൈവരുത്തിയിരിക്കുന്നു. ‘യഹോവ നല്ലവനെന്നു’ ഞാൻ രുചിച്ചറിഞ്ഞിരിക്കുന്നു. ആത്മീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഭൗതികമായി പലതും ത്യജിക്കേണ്ടിവന്നപ്പോഴെല്ലാം, ഞാൻ ത്യജിച്ചതിനേക്കാളേറെ യഹോവ എനിക്കു തിരിച്ചുതന്നിട്ടുണ്ട്‌. വാസ്‌തവം പറഞ്ഞാൽ, ഒരു ത്യാഗവും ചെയ്‌തിട്ടില്ലാത്തതുപോലെയാണ്‌ എനിക്കു തോന്നുന്നത്‌, എനിക്ക്‌ ഇങ്ങോട്ടു കിട്ടിയിട്ടേയുള്ളൂ!”—സങ്കീ. 34:8; സദൃ. 10:22.

15 പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കുറെ നാളുകളായി പങ്കെടുക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? യഹോവ നല്ലവനാണെന്ന്‌ ഇതിനോടകം നിങ്ങളും രുചിച്ചറിഞ്ഞിട്ടുണ്ടാകും, തീർച്ച. സുവാർത്ത പ്രസംഗിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പിന്തുണ അനുഭവിച്ചറിഞ്ഞ അവസരങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ലേ? സത്യം മനസ്സിലാകുമ്പോൾ ആളുകളുടെ മുഖം സന്തോഷംകൊണ്ടു പ്രകാശിക്കുന്നത്‌ നിങ്ങൾ കണ്ടിട്ടില്ലേ? (പ്രവൃ. 16:14) തടസ്സങ്ങൾ മറികടക്കാനും, ഒരുപക്ഷേ ശുശ്രൂഷ വികസിപ്പിക്കാനും യഹോവ നിങ്ങളെ സഹായിച്ചിട്ടില്ലേ? പ്രയാസഘട്ടങ്ങളിൽ, പിടിച്ചുനിൽക്കാനാവില്ലെന്നു തോന്നിയ സാഹചര്യങ്ങളിൽ, ദൈവസേവനത്തിൽ തുടരാൻ നിങ്ങളെ പ്രാപ്‌തനാക്കിയത്‌ അവനല്ലേ? (ഫിലി. 4:13) ശുശ്രൂഷ നിവർത്തിക്കവെ, യഹോവയുടെ കൈത്താങ്ങ്‌ അനുഭവിച്ചറിയുന്നത്‌, യഹോവയെ ഏറെ അടുത്തറിയാനും അവനോടു കൂടുതൽ അടുത്തുചെല്ലാനും നമ്മെ സഹായിക്കും. (യെശ. 41:10) ഈ മഹത്തായ വിദ്യാഭ്യാസ വേലയിൽ ‘ദൈവത്തിന്റെ കൂട്ടുവേലക്കാരായി’ പ്രവർത്തിക്കുന്നത്‌ എത്ര മഹനീയമായ പദവിയാണ്‌!—1 കൊരി. 3:9.

16. ദൈവിക വിദ്യാഭ്യാസവേലയ്‌ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെയും ത്യാഗങ്ങളെയും നിങ്ങൾ എങ്ങനെ കാണുന്നു?

16 എന്നെന്നും സ്‌മരിക്കപ്പെടുന്ന എന്തെങ്കിലും ചെയ്യണമെന്നാണ്‌ പലരുടെയും ആഗ്രഹം. പക്ഷേ, കിടയറ്റ ചില നേട്ടങ്ങൾപോലും ക്ഷണനേരത്തിൽ വിസ്‌മൃതിയിലാണ്ടുപോകുന്നു എന്നതാണ്‌ വാസ്‌തവം. എന്നാൽ യഹോവയുടെ നാമവിശുദ്ധീകരണത്തിനായുള്ള ദൈവജനത്തിന്റെ ആധുനികകാല പ്രവർത്തനങ്ങൾ ദിവ്യാധിപത്യ ചരിത്രത്തിൽ അനശ്വരലിപികളിൽ ആലേഖനം ചെയ്യപ്പെടും. അവ എന്നെന്നും സ്‌മരിക്കപ്പെടും. (സദൃ. 10:7; എബ്രാ. 6:10) അതുകൊണ്ടുതന്നെ, ചരിത്രംകുറിക്കുന്ന ഈ വിദ്യാഭ്യാസവേലയിൽ നമുക്കുള്ള പങ്കിനെ അമൂല്യമായി കരുതാം!

എന്താണ്‌ നിങ്ങളുടെ ഉത്തരം?

• താൻ പഠിപ്പിക്കുന്നവരിൽനിന്ന്‌ യഹോവ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌?

• ദൈവിക വിദ്യാഭ്യാസം ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നത്‌ എങ്ങനെ?

• ദിവ്യപ്രബോധനത്തിൽനിന്നു പ്രയോജനംനേടാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം എങ്ങനെയെല്ലാം അനുഗ്രഹിക്കപ്പെടുന്നു?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

യഹോവയാൽ പഠിപ്പിക്കപ്പെട്ടവർക്കിടയിൽ യഥാർഥ സാഹോദര്യമുണ്ട്‌

[24-ാം പേജിലെ ചിത്രം]

‘ദൈവത്തിന്റെ കൂട്ടുവേലക്കാരായിരിക്കുന്നത്‌’ ഒരു അനുഗ്രഹമല്ലേ?