വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരിക്കലും നിലയ്‌ക്കാത്ത സ്‌നേഹം നട്ടുവളർത്തുക

ഒരിക്കലും നിലയ്‌ക്കാത്ത സ്‌നേഹം നട്ടുവളർത്തുക

ഒരിക്കലും നിലയ്‌ക്കാത്ത സ്‌നേഹം നട്ടുവളർത്തുക

‘സ്‌നേഹം എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.’—1 കൊരി. 13:7, 8.

1. (എ) സ്‌നേഹം ഇന്ന്‌ പലപ്പോഴും എങ്ങനെ അവതരിപ്പിക്കപ്പെടുന്നു? (ബി) ഇന്ന്‌ ആളുകൾ എന്തിനെയെല്ലാം സ്‌നേഹിക്കുന്നു?

മനുഷ്യന്റെ സർഗരചനകൾക്ക്‌ സ്‌നേഹം എന്നും ഒരു വിഷയമായിരുന്നു. സ്‌നേഹത്തെ വാഴ്‌ത്തിപ്പാടാത്ത കവികളും പ്രേമം പ്രമേയമാകാത്ത ഗാനങ്ങളും കുറവാണ്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തോടെ സൃഷ്ടിക്കപ്പെട്ടവനാണ്‌ മനുഷ്യൻ. പുസ്‌തകങ്ങളും ചലച്ചിത്രങ്ങളും പലപ്പോഴും ഭാവനാസൃഷ്ടമായ കഥകളുടെ വിഷയമായി സ്‌നേഹത്തെ അവതരിപ്പിക്കാറുണ്ട്‌, ഇത്തരം കൃതികൾ പരക്കെ ലഭ്യവുമാണ്‌. എന്നിരുന്നാലും ദൈവത്തോടും അയൽക്കാരനോടുമുള്ള കറയറ്റ സ്‌നേഹം ഇന്നു തീർത്തും അന്യമാണെന്നുതന്നെ പറയാം. നാം ജീവിക്കുന്ന ഈ അന്ത്യകാലത്തെക്കുറിച്ച്‌ ബൈബിൾ മുന്നമേ പറഞ്ഞു: “മനുഷ്യർ സ്വസ്‌നേഹികളും ധനമോഹികളും . . . ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയിരിക്കും.”—2 തിമൊ. 3:1-5.

2. ദിശതെറ്റിയ സ്‌നേഹത്തിനെതിരെ ബൈബിൾ എന്തു മുന്നറിയിപ്പു നൽകുന്നു?

2 സ്‌നേഹിക്കാനുള്ള പ്രാപ്‌തി മനുഷ്യർക്കുണ്ട്‌, എന്നാൽ അതിന്‌ ദിശതെറ്റിപ്പോകാനുമാകും. അതു സംഭവിക്കാതെ സൂക്ഷിക്കണമെന്ന്‌ ദൈവവചനം നമ്മോടു പറയുന്നു. ഒരുവന്റെ ഹൃദയത്തിൽ ഇത്തരം സ്‌നേഹം വേരുപിടിച്ചാൽ സംഭവിക്കുന്നത്‌ എന്തായിരിക്കുമെന്നും ബൈബിൾ പറയുന്നുണ്ട്‌. (1 തിമൊ. 6:9, 10) പൗലോസ്‌ അപ്പൊസ്‌തലൻ ദേമാസിനെക്കുറിച്ച്‌ എഴുതിയത്‌ എന്താണെന്ന്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. തന്റെ സഹപ്രവർത്തകനായിരുന്നെങ്കിലും അവൻ ലോകത്തെ സ്‌നേഹിച്ച്‌ അതിന്റെ പിന്നാലെ പോയി എന്ന്‌ പൗലോസ്‌ എഴുതി. (2 തിമൊ. 4:10) അപ്പൊസ്‌തലനായ യോഹന്നാനും ക്രിസ്‌ത്യാനികളെ ഇങ്ങനെയൊരു അപകടത്തെക്കുറിച്ച്‌ ഓർമിപ്പിക്കുകയുണ്ടായി. (1 യോഹന്നാൻ 2:15, 16 വായിക്കുക.) ഈ ലോകത്തെയും അതിന്റെ വഴികളെയും അതു വെച്ചുനീട്ടുന്ന ക്ഷണികസുഖങ്ങളെയും സ്‌നേഹിക്കുന്ന ഒരാൾക്ക്‌ ദൈവത്തെയും അവനിൽനിന്ന്‌ ഉത്ഭവിക്കുന്ന കാര്യങ്ങളെയും സ്‌നേഹിക്കാൻ കഴിയില്ല.

3. നാം ഏതു വെല്ലുവിളി നേരിടുന്നു, ഏതു ചോദ്യങ്ങൾ ഉയരുന്നു?

3 ഈ ലോകത്തിലാണ്‌ ജീവിക്കുന്നതെങ്കിലും നാം അതിന്റെ ഭാഗമല്ല. അതുകൊണ്ടുതന്നെ സ്‌നേഹത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്‌ചപ്പാട്‌ നമുക്ക്‌ അനുകരിക്കാതിരിക്കാം. അതൊരു വെല്ലുവിളിതന്നെയാണ്‌, എങ്കിലും നമ്മുടെ സ്‌നേഹത്തിന്‌ മാർഗഭ്രംശം സംഭവിക്കാതെ സൂക്ഷിക്കേണ്ടത്‌ അതിപ്രധാനമാണ്‌. അങ്ങനെയെങ്കിൽ, ഒരിക്കലും നിലയ്‌ക്കാത്ത, എല്ലാം സഹിക്കുന്ന സ്‌നേഹം നാം ആരോടാണ്‌ കാണിക്കേണ്ടത്‌? തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന ഈ സ്‌നേഹം വളർത്തിയെടുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? അത്‌ നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെയും ഭാവിയെയും സ്വാധീനിക്കുന്നത്‌ എങ്ങനെ? ദൈവത്തിന്റെ കാഴ്‌ചപ്പാടിൽനിന്നുള്ള ഉത്തരങ്ങളാണ്‌ നമുക്കാവശ്യം, കാരണം, അതിനുചേർച്ചയിലാണല്ലോ നാം ജീവിക്കേണ്ടത്‌.

യഹോവയോടുള്ള സ്‌നേഹം വളർത്തിയെടുക്കുക

4. ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം വളരുന്നത്‌ എങ്ങനെ?

4 വളർത്തിയെടുക്കുക എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഉദിക്കുന്ന ചിത്രം എന്താണ്‌? മണ്ണ്‌ ഉഴുത്‌ കളകളൊക്കെ നീക്കി വിത്തു നടുന്ന ഒരു കർഷകനെക്കുറിച്ചൊന്നു ചിന്തിക്കാം. നട്ടവിത്ത്‌ വളർന്നുവരാൻ അദ്ദേഹം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യില്ലേ. (എബ്രാ. 6:7) അതുപോലെ ആയിരിക്കണം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹവും, അതും വളരണം. ഇതിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? രാജ്യവിത്തു വിതയ്‌ക്കപ്പെട്ട നമ്മുടെ ഹൃദയത്തിലെ നല്ല മണ്ണിൽ നാം ‘പണിയെടുക്കണം.’ ദൈവവചനം ശുഷ്‌കാന്തിയോടെ പഠിച്ചുകൊണ്ട്‌ നമുക്കത്‌ ചെയ്യാൻ സാധിക്കും, അപ്പോൾ അവനെ നാം കൂടുതൽ അടുത്തറിയും. (കൊലോ. 1:10) സഭായോഗങ്ങൾക്കു ക്രമമായി ഹാജരായി അതിൽ പങ്കെടുക്കുന്നതും ദൈവപരിജ്ഞാനം വർധിപ്പിക്കാൻ നമ്മെ സഹായിക്കും. ആഴമായ അറിവ്‌ നേടാൻ നാം വ്യക്തിപരമായി നിരന്തരം ശ്രമിക്കുന്നുണ്ടോ?—സദൃ. 2:1-7.

5. (എ) യഹോവയുടെ പ്രമുഖ ഗുണങ്ങളെക്കുറിച്ച്‌ നമുക്ക്‌ എങ്ങനെ പഠിക്കാനാകും? (ബി) ദൈവത്തിന്റെ നീതി, ജ്ഞാനം, ശക്തി എന്നിവയെക്കുറിച്ച്‌ നിങ്ങൾ എന്തു പറയും?

5 തന്റെ വചനമായ ബൈബിളിലൂടെ യഹോവ തന്റെ വ്യക്തിത്വം നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. തിരുവെഴുത്തുകൾ പഠിച്ചുകൊണ്ട്‌ യഹോവയെക്കുറിച്ച്‌ അറിയുന്തോറും, അവന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളായ നീതി, ശക്തി, ജ്ഞാനം എന്നിവയെക്കുറിച്ചും അവന്റെ അത്യുത്‌കൃഷ്ട ഗുണമായ സ്‌നേഹത്തെക്കുറിച്ചുമുള്ള നമ്മുടെ വിലമതിപ്പ്‌ ആഴമുള്ളതാകും. അവന്റെ എല്ലാ വഴികളിലും തികവുറ്റ നിയമങ്ങളിലും അവന്റെ നീതി ശക്തമായി പ്രതിഫലിക്കുന്നു. (ആവ. 32:4; സങ്കീ. 19:7) അവന്റെ സൃഷ്ടിക്രിയകളെക്കുറിച്ചും അവയിൽ അന്തർലീനമായിരിക്കുന്ന ജ്ഞാനത്തിന്റെ അപാരതയെക്കുറിച്ചും ഒന്നു ചിന്തിച്ചുനോക്കുക, അതു നമ്മെ അത്ഭുതസ്‌തബ്ധരാക്കും തീർച്ച! (സങ്കീ. 104:24) യഹോവയുടെ ശക്തിയുടെ അക്ഷയത്വവും ആധിക്യവും ഈ മഹാപ്രപഞ്ചത്തിലെങ്ങും അനിഷേധ്യമാംവിധം ദൃശ്യമാണ്‌.—യെശ. 40:26.

6. ദൈവം നമ്മോടു സ്‌നേഹം കാണിച്ചത്‌ എങ്ങനെ, ആ സ്‌നേഹത്തോട്‌ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

6 ദൈവത്തിന്റെ അത്യുത്‌കൃഷ്ട ഗുണമായ സ്‌നേഹത്തെക്കുറിച്ച്‌ പറഞ്ഞാലോ? അതിന്റെ വ്യാപ്‌തി അപാരമാണ്‌. ആ സ്‌നേഹത്തിന്‌ പാത്രമാകാത്തവരായി നമ്മിൽ ആരുമില്ല. മനുഷ്യവർഗത്തിന്റെ വിടുതലിനായി മറുവില പ്രദാനംചെയ്യാൻ അവനെ പ്രചോദിപ്പിച്ചത്‌ ആ സ്‌നേഹമാണ്‌. (റോമർ 5:8 വായിക്കുക.) ഈ കരുതലിൽനിന്ന്‌ എല്ലാ മനുഷ്യർക്കും പ്രയോജനം നേടാനാകും, എന്നാൽ അവർ ദൈവത്തിന്റെ സ്‌നേഹത്തോട്‌ പ്രതികരിച്ച്‌ അവന്റെ പുത്രനിൽ വിശ്വാസം അർപ്പിക്കണമെന്നുമാത്രം. (യോഹ. 3:16, 36) നമ്മുടെ പാപമോചനത്തിനുവേണ്ടി ഒരു പ്രായശ്ചിത്തയാഗമായി സ്വന്തം പുത്രനെ അർപ്പിച്ച ദൈവത്തെ നാം എത്ര സ്‌നേഹിച്ചാലാണു മതിയാകുക!

7, 8. (എ) ദൈവത്തോടുള്ള സ്‌നേഹം നമുക്ക്‌ എങ്ങനെ കാണിക്കാം? (ബി) ഏതു സാഹചര്യങ്ങളിൽപ്പോലും ദൈവജനം അവന്റെ കൽപ്പനകൾ അനുസരിക്കുന്നു?

7 ദൈവം നമുക്കു ചെയ്‌തിരിക്കുന്ന സകല ഉപകാരങ്ങൾക്കുമുള്ള നന്ദിയും സ്‌നേഹവും നമുക്കെങ്ങനെ കാണിക്കാനാകും? അവന്റെ നിശ്വസ്‌ത വചനംതന്നെ അതിന്‌ ഉത്തരം നൽകുന്നു: “ദൈവത്തോടുള്ള സ്‌നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” (1 യോഹ. 5:3) അതെ, ദൈവത്തോടുള്ള സ്‌നേഹം അവന്റെ കൽപ്പനകൾ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ്‌ അവന്റെ നാമത്തെയും അവന്റെ രാജ്യത്തെയും നാം ഘോഷിക്കുന്നത്‌. അത്‌ മറ്റുള്ളവർക്കു നന്മ കൈവരുത്തുമെന്നും നമുക്കറിയാം. നിറഞ്ഞമനസ്സോടെ ഈ ശുശ്രൂഷയിലേർപ്പെടുന്നത്‌ തികഞ്ഞ ആത്മാർഥതയോടെ നാം ദൈവകൽപ്പന അനുസരിക്കുന്നു എന്നുള്ളതിന്റെ തെളിവായിരിക്കും.—മത്താ. 12:34.

8 രാജ്യസന്ദേശത്തോട്‌ നിസ്സംഗതയും കടുത്ത എതിർപ്പും ഉള്ളപ്പോൾപ്പോലും ദൈവകൽപ്പന അനുസരിക്കാൻ ശ്രദ്ധിക്കുന്നവരാണ്‌ ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങൾ. ശുശ്രൂഷ പൂർണമായി നിറവേറ്റാൻ അവർ സർവഥാ ശ്രമിക്കുന്നു. (2 തിമൊ. 4:5) അവരെപ്പോലെ നാമും, ദൈവപരിജ്ഞാനം പങ്കുവെക്കുകയും ദൈവത്തിന്റെ മറ്റു കൽപ്പനകൾ മനസ്സോടെ അനുസരിക്കുകയും ചെയ്യുന്നു.

നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെ നാം സ്‌നേഹിക്കുന്നതിന്റെ കാരണം

9. ക്രിസ്‌തു എന്തെല്ലാം സഹിച്ചു, അതിന്‌ അവനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

9 ദൈവപുത്രനെ സ്‌നേഹിക്കാനും നമുക്ക്‌ കാരണങ്ങളേറെയാണ്‌. യേശുവിനെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുമ്പോൾ അവനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ആഴമേറുന്നു. (1 പത്രോ. 1:8) യേശുവിന്‌ അനുഭവിക്കേണ്ടിവന്ന ചില കഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുക. ഭൂമിയിൽവന്ന്‌ പിതാവിന്റെ ഇഷ്ടം നിറവേറ്റുമ്പോൾ അവൻ കാരണംകൂടാതെ ദ്വേഷത്തിനിരയായി, പീഡനമേറ്റു, ദുരാരോപണങ്ങൾക്കും ശകാരവർഷത്തിനും ഇരയായി, മറ്റുപലവിധ അധിക്ഷേപങ്ങളും അവനു സഹിക്കേണ്ടിവന്നു. (യോഹന്നാൻ 15:25 വായിക്കുക.) പിതാവിനോടുള്ള സ്‌നേഹമാണ്‌ ഇതെല്ലാം സഹിക്കാൻ അവനു കരുത്തേകിയത്‌. ത്യാഗപൂർണമായ ഒരു മരണം വരിക്കാൻ അവൻ തയ്യാറായതും ഈ സ്‌നേഹമൊന്നുകൊണ്ടുമാത്രമാണ്‌. ആ മരണം, അനേകർക്ക്‌ ഒരു മറുവിലയായി ഉതകി.—മത്താ. 20:28.

10, 11. ക്രിസ്‌തു നമുക്കുവേണ്ടി ചെയ്‌ത കാര്യങ്ങളുടെ വീക്ഷണത്തിൽ നാം എന്തു ലക്ഷ്യം വെക്കും?

10 യേശുവിന്റെ ത്യാഗപൂർണമായ ജീവിതം ആരിലും അവനോടൊരു സ്‌നേഹം അങ്കുരിപ്പിക്കും. അവൻ നമുക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്തോറും അവനോടുള്ള വിലമതിപ്പും സ്‌നേഹവും നമ്മുടെ മനസ്സിനെ കീഴടക്കുകതന്നെ ചെയ്യും. അവന്റെ അനുഗാമികളായ നാമും യേശു കാണിച്ചതുപോലുള്ള സ്‌നേഹം വളർത്തിയെടുക്കുകയും പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്‌. അങ്ങനെയാകുമ്പോൾ, രാജ്യത്തെക്കുറിച്ചു സാക്ഷ്യംനൽകാനും ശിഷ്യരെ ഉളവാക്കാനുമുള്ള അവന്റെ കൽപ്പന എപ്പോഴും ഏതു സാഹചര്യത്തിലും അനുസരിക്കാൻ നമുക്കു സാധിക്കും.—മത്താ. 28:19, 20.

11 മനുഷ്യവർഗത്തോടുള്ള ക്രിസ്‌തുവിന്റെ സ്‌നേഹത്തെ നാം വിലമതിക്കുന്നെങ്കിൽ അന്ത്യം വരുന്നതിനുമുമ്പ്‌ നമ്മുടെ നിയോഗം പൂർത്തീകരിക്കാൻ നാം ഉത്സാഹിക്കും. (2 കൊരിന്ത്യർ 5:14, 15 വായിക്കുക.) മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിലെ തന്റെ പങ്കു നിർവഹിക്കാൻ യേശുവിനെ പ്രേരിപ്പിച്ച മുഖ്യഘടകം അവന്റെ സ്‌നേഹമായിരുന്നു. ക്രിസ്‌തുവിന്റെ ആ മാതൃക അടുത്തു പിന്തുടരുകവഴി ദിവ്യോദ്ദേശ്യത്തെ പിന്തുണയ്‌ക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ നാം ഓരോരുത്തരും പ്രാപ്‌തരായിത്തീരും. ഇതു സാധ്യമാകുന്നതിന്‌ ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം തികവുറ്റതായിരിക്കണം. (മത്താ. 22:37) യേശു പഠിപ്പിച്ച കാര്യങ്ങൾ അനുസരിക്കുകയും അവന്റെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്‌തുകൊണ്ട്‌ നാം അവനെ സ്‌നേഹിക്കുന്നുവെന്നും അവൻ ചെയ്‌തതുപോലെ നാമും എന്തു വിലകൊടുത്തും ദൈവത്തിന്റെ പരമാധികാരത്തിനായി നിലകൊള്ളുമെന്നും നമുക്കു തെളിയിക്കാം.—യോഹ. 14:23, 24; 15:10.

സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠമാർഗത്തിലൂടെ നടക്കുക

12. അതിശ്രേഷ്‌ഠമായ മാർഗം എന്നതുകൊണ്ട്‌ പൗലോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌?

12 ക്രിസ്‌തുവിന്റെ കാലടികൾ വളരെ അടുത്തു പിൻപറ്റിയിരുന്ന ആളായിരുന്നു അപ്പൊസ്‌തലനായ പൗലോസ്‌. അതുകൊണ്ടുതന്നെ തന്റെ സഹോദരങ്ങളോട്‌, “എന്റെ അനുകാരികളാകുവിൻ” എന്ന്‌ ആത്മവിശ്വാസത്തോടെ പറയാൻ അവനു കഴിഞ്ഞു. (1 കൊരി. 11:1) ഒന്നാം നൂറ്റാണ്ടിൽ ലഭ്യമായിരുന്ന ആത്മവരങ്ങൾക്കായി (രോഗശാന്തിവരം, ഭാഷാവരം തുടങ്ങിയവ) ഉത്സാഹിക്കാൻ പൗലോസ്‌ കൊരിന്ത്യക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചെങ്കിലും “അതിശ്രേഷ്‌ഠമായൊരു മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം” എന്ന്‌ അവൻ അവരോടു പറഞ്ഞു. (1 കൊരി. 12:31) ആ അതിശ്രേഷ്‌ഠമായ മാർഗം സ്‌നേഹമാണെന്ന്‌ തുടർന്നുവരുന്ന അധ്യായത്തിൽ നിന്നു നമുക്കു മനസ്സിലാക്കാനാകും. ഏതർഥത്തിലാണ്‌ സ്‌നേഹം അതിശ്രേഷ്‌ഠമായിരിക്കുന്നത്‌? 1 കൊരിന്ത്യർ 13:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകൾ നോക്കുക. (വായിക്കുക) അതുല്യമായ വരങ്ങൾ ഉണ്ടെങ്കിലും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സ്‌നേഹമില്ലായിരുന്നെങ്കിൽ അതുകൊണ്ട്‌ അവന്‌ എന്തു പ്രയോജനം? ഒന്നുമില്ല. നിശ്വസ്‌തതയിൽ അവൻ എഴുതിയ വാക്കുകൾ അതിപ്രധാനമായ ഈ സത്യം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. എത്ര അമൂല്യമായ ഒരു പാഠമാണ്‌ ഇതിലൂടെ അവൻ നമ്മെ പഠിപ്പിക്കുന്നത്‌.

13. (എ) 2010-ലെ വാർഷികവാക്യം ഏതാണ്‌? (ബി) സ്‌നേഹം നിലച്ചുപോകുന്നില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

13 സ്‌നേഹം എന്താണെന്നും എന്ത്‌ അല്ലെന്നും അടുത്തതായി പൗലോസ്‌ പറയുന്നു. (1 കൊരിന്ത്യർ 13:4-8 വായിക്കുക.) ഇക്കാര്യങ്ങളിൽ നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന്‌ അൽപ്പസമയമൊന്നു ചിന്തിച്ചു നോക്കൂ. ‘സ്‌നേഹം എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരിക്കലും നിലച്ചുപോകുകയില്ല’ എന്ന ഭാഗം വിശേഷാൽ ശ്രദ്ധിക്കുക. (വാക്യം 7, 8) 2010-ലെ നമ്മുടെ വാർഷികവാക്യമാണത്‌. ക്രിസ്‌തീയ സഭയുടെ ശൈശവദശയിലുണ്ടായിരുന്ന പ്രവചനവരവും ഭാഷാവരവും നീങ്ങിപ്പോകുമെന്ന്‌ 8-ാം വാക്യത്തിൽ പൗലോസ്‌ പറയുന്നു. ആ ആത്മികവരങ്ങളൊക്കെ നീങ്ങിപ്പോകുമായിരുന്നെങ്കിലും സ്‌നേഹം എന്നേക്കും നിലനിൽക്കും. യഹോവ സ്‌നേഹമാണ്‌, അവൻ അനശ്വരനുമാണ്‌. അതുകൊണ്ടുതന്നെ സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല. നമ്മുടെ നിത്യദൈവത്തിന്റെ അനുപമ ഗുണമായി അത്‌ എന്നെന്നും നിലനിൽക്കും.—1 യോഹ. 4:8.

സ്‌നേഹം എല്ലാം സഹിക്കുന്നു

14, 15. (എ) പരിശോധനകളിൽ സഹിച്ചുനിൽക്കാൻ സ്‌നേഹം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (ബി) വിട്ടുവീഴ്‌ചചെയ്യാൻ ഒരു യുവസഹോദരൻ തുനിയാതിരുന്നത്‌ എന്തുകൊണ്ട്‌?

14 എന്തൊക്കെ പ്രശ്‌നങ്ങൾ നേരിട്ടാലും ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും സഹിച്ചുനിൽക്കാൻ ക്രിസ്‌ത്യാനികളെ പ്രാപ്‌തരാക്കുന്നത്‌ എന്താണ്‌? അടിസ്ഥാനപരമായി അത്‌ സ്‌നേഹമാണ്‌, തത്ത്വാധിഷ്‌ഠിത സ്‌നേഹം. ചില ഭൗതികവസ്‌തുക്കൾ ത്യജിക്കുന്നതുകൊണ്ട്‌ അവസാനിക്കുന്നില്ല ഈ സ്‌നേഹം. മറിച്ച്‌, വിശ്വസ്‌തത മുറുകെപ്പിടിച്ചുകൊണ്ട്‌ ക്രിസ്‌തുവിനുവേണ്ടി ജീവത്യാഗം ചെയ്യാൻവരെ ഈ സ്‌നേഹം തയ്യാറാകും. (ലൂക്കോ. 9:24, 25) വിശ്വസ്‌തരായ അനേകം സാക്ഷികൾ രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുശേഷവും തടങ്കൽ പാളയങ്ങളിലും ജയിലുകളിലും തൊഴിൽ പാളയങ്ങളിലും യാതന അനുഭവിച്ചിട്ടുള്ളതായി നമുക്ക്‌ അറിയാം.

15 ജർമനിയിലെ വിൽഹെം എന്ന യുവസഹോദരന്റെ ജീവിതം ഈ വസ്‌തുതയ്‌ക്കൊരു സാക്ഷ്യമാണ്‌. നാസി പട്ടാളക്കാരുടെ നിറതോക്കിനുമുമ്പിലും വിശ്വസ്‌തത കൈവിട്ടില്ല അദ്ദേഹം. തന്റെ കുടുംബത്തിന്‌ അവസാനമായി അയച്ച കത്തിൽ അദ്ദേഹം എഴുതി: “നമ്മുടെ നായകനായ യേശുക്രിസ്‌തു കൽപ്പിച്ചതുപോലെ, സകലത്തിനുംമേലായി നാം ദൈവത്തെ സ്‌നേഹിക്കണം. നാം അവനുവേണ്ടി നിലകൊണ്ടാൽ അവൻ നമുക്കു പ്രതിഫലം തരും.” പിന്നീടൊരു വീക്ഷാഗോപുര ലേഖനത്തിൽ അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം ഇങ്ങനെ എഴുതി: “പ്രശ്‌നങ്ങൾ രൂക്ഷമായപ്പോഴും ഞങ്ങളുടെ കുടുംബത്തിൽ ദൈവത്തോടുള്ള സ്‌നേഹത്തിനായിരുന്നു എന്നും പ്രഥമസ്ഥാനം.” ഇതേ മനോഭാവമാണ്‌ ഇന്ന്‌ അർമേനിയയിലും എറിട്രിയയിലും ദക്ഷിണ കൊറിയയിലും മറ്റുദേശങ്ങളിലും തടവിൽ കഴിയുന്ന സഹോദരങ്ങൾക്കുമുള്ളത്‌. യഹോവയോടുള്ള സ്‌നേഹത്തിന്‌ യാതൊരു ഉടച്ചിലും തട്ടാതെ കാത്തുസൂക്ഷിക്കുന്നു ഈ സഹോദരങ്ങൾ.

16. മലാവിയിലെ നമ്മുടെ സഹോദരങ്ങൾക്ക്‌ എന്തെല്ലാം സഹിക്കേണ്ടിവന്നു?

16 പല സ്ഥലങ്ങളിലും വേറൊരു തരത്തിലുള്ള പരിശോധനയാണ്‌ നമ്മുടെ സഹോദരങ്ങളുടെ വിശ്വാസവും സഹനശക്തിയും പരീക്ഷിക്കുന്നത്‌. മലാവിയിലെ സാക്ഷികൾക്ക്‌ 26 വർഷത്തോളം നിയമപരമായ നിരോധനം, കടുത്ത എതിർപ്പ്‌, ക്രൂരമായ പീഡനങ്ങൾ എന്നിവ സഹിക്കേണ്ടിവന്നു. എന്നാൽ അതിന്‌ തക്ക ഫലം ഉണ്ടായി. പീഡനങ്ങൾ തുടങ്ങിയ സമയത്ത്‌ രാജ്യത്ത്‌ ഏതാണ്ട്‌ 18,000 സാക്ഷികളാണുണ്ടായിരുന്നത്‌. 30 വർഷത്തിനുശേഷം അവരുടെ എണ്ണം 38,393 ആയി, ഇരട്ടിയിലധികം! മറ്റു ദേശങ്ങൾക്കും പറയാനുണ്ടാകും സമാനമായ അനുഭവങ്ങൾ.

17. അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്ന്‌ ചിലർക്ക്‌ എന്തെല്ലാം നേരിടേണ്ടിവരുന്നു, അതൊക്കെ സഹിച്ചുനിൽക്കാൻ അവർക്കു സാധിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ദൈവജനത്തിന്‌ നേരിടേണ്ടിവരുന്ന പീഡനങ്ങൾ കഠിനമായതുതന്നെ. കുടുംബാംഗങ്ങളിൽനിന്നാകുമ്പോൾ അത്‌ അതിലും കഠിനമായിരിക്കും. ചിലപ്പോൾ കടുത്ത മാനസിക സംഘർഷത്തിനുപോലും അത്‌ ഇടയാക്കും. വീട്ടുകാർതന്നെ ഒരുവന്റെ ശത്രുക്കളാകും എന്ന്‌ യേശു പറഞ്ഞിരുന്നു. പലരും ആ ശത്രുത അനുഭവിച്ചിട്ടുമുണ്ട്‌. (മത്താ. 10:35, 36) വിശ്വാസത്തിലില്ലാത്ത മാതാപിതാക്കളിൽനിന്ന്‌ ചെറുപ്പക്കാർക്ക്‌ എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്‌. ചിലരെ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടിട്ടുണ്ട്‌, എങ്കിലും സഹവിശ്വാസികൾ അവർക്ക്‌ അഭയം നൽകി. ഇതുപോലുള്ള സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ അവരെ സഹായിച്ചത്‌ എന്താണ്‌? സഹോദരങ്ങളോടും അതിലുപരി യഹോവയോടും അവന്റെ പുത്രനോടുമുള്ള സ്‌നേഹം.—1 പത്രോ. 1:22; 1 യോഹ. 4:21.

18. എല്ലാം സഹിക്കുന്ന സ്‌നേഹം വിവാഹിതരായ ക്രിസ്‌ത്യാനികളെ സഹായിക്കുന്നത്‌ എങ്ങനെ?

18 ‘എല്ലാം സഹിക്കുന്ന സ്‌നേഹം’ ഒരു മുതൽക്കൂട്ടാകുന്ന സാഹചര്യങ്ങൾ ജീവിതത്തിലുടനീളം ഉണ്ടായെന്നുവരാം. ദമ്പതികൾക്കിടയിലുള്ള സ്‌നേഹം അവരെ യേശുവിന്റെ പിൻവരുന്ന വാക്കുകൾ അനുസരിക്കാൻ പ്രേരിപ്പിക്കുന്നു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:6) ‘ജഡത്തിൽ കഷ്ടം ഉണ്ടാകുമ്പോൾ’ വിവാഹിതരായ ക്രിസ്‌ത്യാനികൾ, ദമ്പതികൾ എന്ന നിലയിൽ തങ്ങൾക്ക്‌ യഹോവയോടുള്ള പ്രതിബദ്ധത മറന്നുപോകരുത്‌. (1 കൊരി. 7:28) ‘സ്‌നേഹം എല്ലാം സഹിക്കുന്നു’ എന്ന്‌ ദൈവവചനം പറയുന്നു. ഇവ്വിധം സ്‌നേഹിക്കുന്ന ഭാര്യയും ഭർത്താവും ഐക്യമുള്ളവരും വിവാഹബന്ധം തകർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുന്നവരുമായിരിക്കും.—കൊലോ. 3:14.

19. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ ദൈവജനം എന്തു ചെയ്‌തു?

19 പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോഴും പിടിച്ചുനിൽക്കാൻ സഹോദരങ്ങളെ സഹായിക്കുന്നത്‌ ക്രിസ്‌തീയ സ്‌നേഹമാണ്‌. ദക്ഷിണ പെറുവിൽ ഭൂകമ്പമുണ്ടായപ്പോഴും കത്രീനക്കൊടുങ്കാറ്റ്‌ അമേരിക്കയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളെ കശക്കിയെറിഞ്ഞപ്പോഴും ഇതു സത്യമെന്നു തെളിഞ്ഞു. നമ്മുടെ പല സഹോദരങ്ങൾക്കും വീടും വസ്‌തുവകകളും നഷ്ടമായി. ലോകമെങ്ങുമുള്ള സഭകളിൽനിന്ന്‌ സഹോദരങ്ങൾ ദുരിതാശ്വാസ സഹായം എത്തിച്ചുകൊടുത്തു. വീടുകളും രാജ്യഹാളുകളും പുനർനിർമിക്കുന്നതിന്‌ ധാരാളം സ്വമേധാസേവകരും രംഗത്തെത്തി. ഇതെല്ലാം കാണിക്കുന്നത്‌ എല്ലായ്‌പോഴും ഏതു സാഹചര്യത്തിലും സഹോദരങ്ങൾ അന്യോന്യം സ്‌നേഹവും കരുതലും കാണിക്കുന്നവരാണന്നല്ലേ?—യോഹ. 13:34, 35; 1 പത്രോ. 2:17.

ഒരിക്കലും നിലയ്‌ക്കാത്ത സ്‌നേഹം

20, 21. (എ) സ്‌നേഹം അതിശ്രേഷ്‌ഠമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) സ്‌നേഹത്തിന്റെ മാർഗത്തിൽ നടക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠ മാർഗത്തിലൂടെ സഞ്ചരിക്കുന്നതിന്റെ ജ്ഞാനം യഹോവയുടെ ജനത്തെ നോക്കിയാൽ മനസ്സിലാകും. എപ്പോഴും എവിടെയും ഈ സ്‌നേഹം ജയിക്കും. അപ്പൊസ്‌തലനായ പൗലോസ്‌ ഈ വസ്‌തുത എടുത്തുപറഞ്ഞത്‌ എങ്ങനെയെന്നു നോക്കുക. ആത്മികവരങ്ങൾ നിന്നുപോകുമെന്നും ക്രിസ്‌തീയ സഭ ശൈശവദശയിൽനിന്ന്‌ പക്വതയിലേക്കു വളരുമെന്നും പറഞ്ഞശേഷം അവൻ എഴുതി: “ആകയാൽ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠമായതോ സ്‌നേഹംതന്നെ.”—1 കൊരി. 13:13.

21 നാം വിശ്വാസമർപ്പിച്ച്‌ കാത്തിരിക്കുന്ന കാര്യങ്ങൾ ഭാവിയിൽ ഒരു യാഥാർഥ്യമായിത്തീരുന്നതോടെ ആ പ്രത്യേകകാര്യത്തിലുള്ള വിശ്വാസം പിന്നീട്‌ ആവശ്യമില്ലാതാകുന്നു. അതുപോലെതന്നെയാണ്‌ നാം പ്രത്യാശയോടെ കാത്തിരിക്കുന്ന വാഗ്‌ദാനങ്ങളുടെ കാര്യവും. വാഗ്‌ദാനനിവൃത്തി ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ പ്രത്യാശിക്കേണ്ടതില്ലല്ലോ. എന്നാൽ സ്‌നേഹത്തിന്റെ കാര്യമോ? അത്‌ എന്നേക്കും നിലനിൽക്കും, അത്‌ നിലച്ചുപോകുകയില്ല. നിത്യമായ ജീവിതത്തിലുടനീളം നാം ദൈവസ്‌നേഹത്തിന്റെ വിവിധ വശങ്ങൾ കാണുകയും അനുഭവിച്ചറിയുകയും ചെയ്യും. ദൈവത്തിന്റെ ഇഷ്ടം ചെയ്‌തുകൊണ്ട്‌ ഒരിക്കലും നിലച്ചുപോകാത്ത സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠമാർഗത്തിലൂടെ നടക്കുക, അങ്ങനെ നിത്യജീവൻ നിങ്ങൾക്ക്‌ കരഗതമാകട്ടെ!—1 യോഹ. 2:17.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

• ദിശതെറ്റിയ സ്‌നേഹത്തിനെതിരെ ജാഗ്രതപാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• എന്തെല്ലാം സഹിക്കാൻ സ്‌നേഹം നമ്മെ പ്രാപ്‌തരാക്കും?

• ഏതർഥത്തിലാണ്‌ സ്‌നേഹം നിലച്ചുപോകാത്തത്‌?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ആകർഷക വാക്യം]

2010-ലെ വാർഷികവാക്യം: ‘സ്‌നേഹം എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.’ —1 കൊരി. 13:7, 8.

[25-ാം പേജിലെ ചിത്രം]

സാക്ഷ്യംവഹിക്കാൻ ദൈവത്തോടുള്ള സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു

[26-ാം പേജിലെ ചിത്രം]

സഹിച്ചുനിൽക്കാൻ മലാവിയിലെ സഹോദരങ്ങളെ സഹായിച്ചത്‌ ഈ നിലയ്‌ക്കാത്ത സ്‌നേഹമാണ്‌