വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാകിത്വം നന്നായി പ്രയോജനപ്പെടുത്തുക

ഏകാകിത്വം നന്നായി പ്രയോജനപ്പെടുത്തുക

ഏകാകിത്വം നന്നായി പ്രയോജനപ്പെടുത്തുക

“അതിന്‌ ഇടമൊരുക്കാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ.”—മത്താ. 19:12.

1, 2. (എ) യേശുവും പൗലോസും മറ്റു ചിലരും ഏകാകിത്വത്തെ എങ്ങനെ വീക്ഷിച്ചു? (ബി) ഏകാകിത്വം ഒരു വരമായി കാണാൻ ചിലർക്ക്‌ ബുദ്ധിമുട്ടു തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

വിവാഹം ദൈവത്തിന്റെ വിശിഷ്ടദാനമാണ്‌ എന്നതിന്‌ രണ്ടുപക്ഷമില്ല. (സദൃ. 19:14) എന്നിരുന്നാലും സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ജീവിതം നയിക്കാൻ ഏകാകികളായ അനേകം ക്രിസ്‌ത്യാനികൾക്കും കഴിയുന്നുണ്ട്‌. 95 വയസ്സുള്ള അവിവാഹിതനായ ഹാരോൾഡ്‌ സഹോദരൻ പറയുന്നു: “മറ്റുള്ളവരോടൊപ്പം ആയിരിക്കുന്നതും ആതിഥ്യമരുളുന്നതുമൊക്കെ ഇഷ്ടമാണെങ്കിലും തനിച്ചായിരിക്കുന്നതും എനിക്ക്‌ ഇഷ്ടമാണ്‌, എനിക്ക്‌ ഏകാന്തത തോന്നാറില്ല. ഏകാകിത്വം എന്ന വരം ലഭിച്ചവനാണ്‌ ഞാൻ എന്നു പറയാം.”

2 വിവാഹംപോലെതന്നെ ഏകാകിത്വവും ദൈവം നൽകുന്ന ഒരു വരമാണെന്ന്‌ യേശുക്രിസ്‌തുവും പൗലോസ്‌ അപ്പൊസ്‌തലനും പറയുകയുണ്ടായി. (മത്തായി 19:11, 12; 1 കൊരിന്ത്യർ 7:7 വായിക്കുക.) സ്വന്തം ആഗ്രഹപ്രകാരമല്ല എല്ലാവരും ഏകാകികളായിരിക്കുന്നത്‌ എന്നതു ശരിയാണ്‌. ചിലപ്പോൾ പല കാരണങ്ങളാൽ യോജിച്ച ഒരു പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കാം. ഇനി, വിവാഹം കഴിച്ച ചിലർ വർഷങ്ങൾക്കുശേഷം വിവാഹമോചനമോ ഇണയുടെ മരണമോ നിമിത്തം ഏകാകികളായിത്തീർന്നേക്കാം. അങ്ങനെയെങ്കിൽ ഏകാകിത്വം ഒരു വരമാണെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? തങ്ങളുടെ ഏകാകിത്വം പരമാവധി പ്രയോജനപ്പെടുത്താൻ ഏകാകികളായ ക്രിസ്‌ത്യാനികൾ എന്തു ചെയ്യണം?

അതിവിശിഷ്ടമായ ഒരു വരം

3. ഏകാകിത്വത്തിന്റെ പ്രയോജനങ്ങൾ ഏവ?

3 ഏകാകിയായ ഒരാൾക്ക്‌ വിവാഹിതനായ ഒരാളെക്കാൾ കൂടുതൽ സമയവും സ്വാതന്ത്ര്യവും ഉണ്ടാകും. (1 കൊരി. 7:32-35) ഇതുമൂലം ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനും കൂടുതൽ ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും യഹോവയുമായി അടുക്കാനും സാധിക്കും. പല ക്രിസ്‌ത്യാനികളും ഏകാകിത്വത്തിന്റെ ഈ പ്രയോജനങ്ങൾ തിരിച്ചറിഞ്ഞ്‌ കുറച്ചുകാലത്തേക്കെങ്കിലും “അതിന്‌ ഇടമൊരുക്കാൻ” തീരുമാനിച്ചിരിക്കുന്നു. എന്നാൽ മറ്റുചിലർ ഏകാകികളായിരിക്കാൻ തീരുമാനിച്ചിരുന്നവരല്ല; സാഹചര്യങ്ങളായിരിക്കാം അതിന്‌ ഇടയാക്കിയത്‌. പ്രാർഥനാപൂർവം തങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ ചിന്തിച്ചശേഷം, യഹോവയുടെ സഹായത്താൽ ഏകാകികളായി തുടരാൻ കഴിയുമെന്ന്‌ അവർക്കു തോന്നിയിരിക്കുന്നു. മാറിയ സാഹചര്യവുമായി പൊരുത്തപ്പെട്ട്‌ ഏകാകിത്വത്തിന്‌ ഇടമൊരുക്കിയവരാണ്‌ അവർ.—1 കൊരി. 7:37, 38.

4. ഏകാകികളായതുകൊണ്ട്‌ തങ്ങളുടെ ദൈവസേവനത്തിന്‌ എന്തെങ്കിലും പോരായ്‌മയുണ്ടെന്ന്‌ ചിന്തിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

4 യഹോവയുടെയോ അവന്റെ സംഘടനയുടെയോ അംഗീകാരം നേടാൻ വിവാഹിതരായിരിക്കണമെന്നില്ല എന്ന കാര്യം ഏകാകികളായ ക്രിസ്‌ത്യാനികൾക്ക്‌ അറിയാം. യഹോവ ഓരോ വ്യക്തിയെയുമാണ്‌ സ്‌നേഹിക്കുന്നത്‌. (മത്താ. 10:29-31) ആർക്കും, ഒന്നിനും, നമ്മെ ദൈവസ്‌നേഹത്തിൽനിന്ന്‌ വേർപെടുത്താനാവില്ല. (റോമ. 8:38, 39) ഏകാകികളായതുകൊണ്ട്‌ തങ്ങളുടെ ദൈവസേവനത്തിന്‌ എന്തെങ്കിലും പോരായ്‌മയുണ്ടെന്ന്‌ ആരും ചിന്തിക്കേണ്ടതില്ല.

5. ഏകാകിത്വത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കണമെങ്കിൽ എന്ത്‌ ആവശ്യമാണ്‌?

5 സംഗീതവാസനപോലെ ജന്മസിദ്ധമായ ഏതൊരു കഴിവും പരിപോഷിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചില്ലെങ്കിൽ മുരടിച്ചുപോകും. ഏകാകിത്വം എന്ന വരത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്‌. അതിന്റെ പ്രയോജനം പൂർണമായി ലഭിക്കണമെങ്കിൽ ശ്രമം കൂടിയേ തീരൂ. ആകട്ടെ, ഏകാകികളായ ക്രിസ്‌ത്യാനികൾക്ക്‌—അവർ സഹോദരന്മാരോ സഹോദരിമാരോ പ്രായമായവരോ ചെറുപ്പക്കാരോ ഏകാകിത്വം സ്വമനസ്സാലേ തിരഞ്ഞെടുത്തവരോ അല്ലാത്തവരോ ആരുമായിക്കൊള്ളട്ടെ—എങ്ങനെ അവരുടെ സാഹചര്യം പൂർണമായി പ്രയോജനപ്പെടുത്താനാകും? ഏകാകിത്വം നന്നായി വിനിയോഗിച്ച ചില ആദിമ ക്രിസ്‌ത്യാനികളെ നമുക്കിപ്പോൾ പരിചയപ്പെടാം; അവരുടെ മാതൃക തീർച്ചയായും പ്രോത്സാഹനമേകും.

ഏകാകിത്വം—യൗവനത്തിൽ

6, 7. (എ) ഫിലിപ്പോസിന്റെ അവിവാഹിതരായ പുത്രിമാർക്ക്‌ എന്തിനുള്ള പദവിയുണ്ടായിരുന്നു? (ബി) ഏകാകിയായിരുന്ന നാളുകൾ തിമൊഥെയൊസ്‌ എങ്ങനെ വിനിയോഗിച്ചു, അതുകൊണ്ട്‌ അവന്‌ എന്തു പ്രയോജനമുണ്ടായി?

6 സുവിശേഷകനായ ഫിലിപ്പോസിന്‌ തന്റെ അതേ തീക്ഷ്‌ണതയുള്ള അവിവാഹിതരായ നാലുപുത്രിമാരുണ്ടായിരുന്നു. (പ്രവൃ. 21:8, 9) പരിശുദ്ധാത്മാവിന്റെ അത്ഭുതവരങ്ങളിൽ ഒന്നായിരുന്ന പ്രവചനവരം ലഭിച്ചവരായിരുന്നു ആ യുവതികൾ. യോവേൽ 2:28, 29-ലെ പ്രവചനത്തിന്റെ നിവൃത്തിയെന്നവണ്ണം ആ വരം അവർ നന്നായി ഉപയോഗിച്ചു.

7 തന്റെ ഏകാകിത്വം പരമാവധി പ്രയോജനപ്പെടുത്തിയ ഒരു യുവാവായിരുന്നു തിമൊഥെയൊസ്‌. അവന്റെ അമ്മ യൂനിക്കയും വലിയമ്മ ലോവീസും ശൈശവംമുതൽതന്നെ അവനെ “തിരുവെഴുത്തുകൾ” പഠിപ്പിച്ചിരുന്നു. (2 തിമൊ. 1:5; 3:14, 15) പക്ഷേ, ഏതാണ്ട്‌ എ.ഡി. 47-ൽ പൗലോസ്‌ അവരുടെ സ്വദേശമായ ലുസ്‌ത്ര ആദ്യമായി സന്ദർശിച്ചപ്പോഴായിരിക്കണം അവർ ക്രിസ്‌ത്യാനികളായിത്തീർന്നത്‌. രണ്ടുവർഷം കഴിഞ്ഞ്‌ പൗലോസ്‌ രണ്ടാം തവണ അവിടം സന്ദർശിച്ചപ്പോൾ സാധ്യതയനുസരിച്ച്‌ തിമൊഥെയൊസ്‌ കൗമാരത്തിന്റെ ഒടുവിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നു. അതെ, അവൻ ചെറുപ്പമായിരുന്നു, സത്യത്തിൽ വന്നിട്ട്‌ അധികംനാൾ ആയിട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും ലുസ്‌ത്രയിലും അയൽസഭയായ ഇക്കോന്യയിലും ഉള്ള ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ അവനെക്കുറിച്ച്‌ “വളരെ നല്ല അഭിപ്രായമായിരുന്നു.” (പ്രവൃ. 16:1, 2) അതുകൊണ്ട്‌ പൗലോസ്‌ സഞ്ചാരവേലയിൽ തന്റെ സഹകാരിയാകാൻ അവനെ ക്ഷണിച്ചു. (1 തിമൊ. 1:18, 19എ; 4:14) തിമൊഥെയൊസ്‌ പിന്നീട്‌ വിവാഹം കഴിച്ചോ ഇല്ലയോ എന്ന്‌ ഉറപ്പിച്ചു പറയാനാകില്ല. പക്ഷേ, യുവാവായിരിക്കെ അവൻ പൗലോസിന്റെ ക്ഷണം സസന്തോഷം സ്വീകരിക്കുകയും വർഷങ്ങളോളം ഏകാകിയായിത്തന്നെ തുടർന്നുകൊണ്ട്‌ ഒരു മിഷനറിയും മേൽവിചാരകനുമായി സേവിക്കുകയും ചെയ്‌തെന്ന്‌ നമുക്കറിയാം.—ഫിലി. 2:20-22.

8. ആത്മീയ ലക്ഷ്യങ്ങൾ മുൻനിറുത്തി പ്രവർത്തിക്കാൻ എന്തുകൊണ്ടാണ്‌ മർക്കോസിനു കഴിഞ്ഞത്‌, അതിന്‌ അവന്‌ എന്തു പ്രതിഫലം ലഭിച്ചു?

8 ഏകാകിയായി കഴിഞ്ഞ യൗവനനാളുകൾ നന്നായി ഉപയോഗിച്ച മറ്റൊരു വ്യക്തിയാണ്‌ യോഹന്നാൻ മർക്കോസ്‌. അവനും അമ്മ മറിയയും ബന്ധുവായ ബർന്നബാസും യെരുശലേം സഭയിലെ ആദ്യകാല അംഗങ്ങളായിരുന്നു. ഒരുവിധം നല്ല സാമ്പത്തികശേഷിയുള്ള കുടുംബമായിരുന്നിരിക്കാം മർക്കോസിന്റേത്‌. കാരണം നഗരത്തിൽ അവർക്ക്‌ സ്വന്തമായി ഒരു വീടും സഹായത്തിന്‌ ഒരു ദാസിപ്പെൺകുട്ടിയും ഉണ്ടായിരുന്നു. (പ്രവൃ. 12:12, 13) സുഖസൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും അതെല്ലാം അനുഭവിച്ച്‌ തൻകാര്യതത്‌പരനായി അവിടെത്തന്നെ ജീവിക്കാനല്ല ചെറുപ്പമായിരുന്ന മർക്കോസ്‌ ആഗ്രഹിച്ചത്‌. വിവാഹം കഴിച്ച്‌ കുടുംബവും കുട്ടികളുമൊക്കെയായി ഒരു സ്വസ്ഥജീവിതം നയിക്കുകയായിരുന്നില്ല അവന്റെ ലക്ഷ്യം. ആദ്യകാലങ്ങളിൽ അപ്പൊസ്‌തലന്മാരുമായി ഉണ്ടായിരുന്ന അടുപ്പം അവനൊരു വഴിത്തിരിവായി. മിഷനറിസേവനത്തിലേക്കു തിരിയാനുള്ള ആഗ്രഹം അങ്ങനെയായിരിക്കാം അവന്റെ മനസ്സിൽ വേരുറച്ചത്‌. അതുകൊണ്ട്‌ പൗലോസിന്റെയും ബർന്നബാസിന്റെയും ആദ്യത്തെ മിഷനറിയാത്രയിൽ അവരോടൊപ്പം സഹായിയായി പോകാൻ മർക്കോസിന്‌ ഉത്സാഹമായിരുന്നു. (പ്രവൃ. 13:5) പിന്നീട്‌ അവൻ ബർന്നബാസിനൊപ്പം സഞ്ചരിച്ചു; അതിനുശേഷം പത്രോസിനൊപ്പം ബാബിലോണിൽ സേവിച്ചതായും വിവരണം സൂചിപ്പിക്കുന്നു. (പ്രവൃ. 15:39; 1 പത്രോ. 5:13) മർക്കോസ്‌ എത്രകാലം ഏകാകിയായി തുടർന്നു എന്ന്‌ നമുക്കറിയില്ല. പക്ഷേ, ‘മറ്റുള്ളവർക്ക്‌ ശുശ്രൂഷ ചെയ്യാനും ദൈവസേവനത്തിൽ തീക്ഷ്‌ണതയോടെ പ്രവർത്തിക്കാനും സന്നദ്ധനായ വ്യക്തി’ എന്ന ഖ്യാതി അവൻ നേടിയെടുത്തു എന്ന കാര്യത്തിൽ സംശയമില്ല.

9, 10. ഏകാകികളായ ചെറുപ്പക്കാർക്ക്‌ തങ്ങളുടെ സേവനമേഖല വിപുലമാക്കാൻ എന്തെല്ലാം അവസരങ്ങളുണ്ട്‌? ഒരു അനുഭവം പറയുക.

9 ദൈവസേവനത്തിൽ കൂടുതൽ പ്രവർത്തിച്ചുകൊണ്ട്‌, ഏകാകികളായിരിക്കുന്ന കാലം നന്നായി വിനിയോഗിക്കുന്ന യുവതീയുവാക്കൾ ഇന്നും ക്രിസ്‌തീയസഭയിലുണ്ട്‌. “ഏകാഗ്രതയോടെ കർത്താവിനു സദാ ശുശ്രൂഷ” ചെയ്യാൻ ഏകാകിത്വം ഉപകരിക്കുമെന്ന്‌ മർക്കോസിനെയും തിമൊഥെയൊസിനെയുംപോലെ തിരിച്ചറിഞ്ഞവരാണ്‌ അവർ. (1 കൊരി. 7:35) അതെ, ഏകാകിത്വം ഒരു വരംതന്നെയാണ്‌. അതു തിരഞ്ഞെടുക്കുന്നവർക്കു മുന്നിൽ സേവനത്തിനുള്ള വലിയൊരു വാതിൽതന്നെ തുറന്നുകിടക്കുന്നു. പയനിയറിങ്‌ ചെയ്യാനും ആവശ്യം കൂടുതലുള്ളിടത്ത്‌ പ്രവർത്തിക്കാനും പുതിയ ഭാഷ പഠിച്ചെടുക്കാനും രാജ്യഹാളുകളുടെയും ബ്രാഞ്ചോഫീസുകളുടെയും നിർമാണത്തിൽ പങ്കെടുക്കാനും ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു പരിശീലനം നേടാനും ബെഥേലിൽ സേവിക്കാനും ഒക്കെ അവർക്ക്‌ അവസരമുണ്ട്‌. നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു യുവാവോ യുവതിയോ ആണെങ്കിൽ ലഭിച്ചിരിക്കുന്ന ഈ അവസരം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ?

10 കൗമാരത്തിൽത്തന്നെ പയനിയറിങ്‌ ആരംഭിച്ച്‌ പിന്നീട്‌ ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുത്ത്‌ പല ദേശങ്ങളിലായി പല നിയമനങ്ങളും നിർവഹിച്ച ഒരു സഹോദരനാണ്‌ മാർക്ക്‌. 25 വർഷത്തെ മുഴുസമയ സേവനത്തെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ അയവിറക്കുന്നു: “സഹോദരങ്ങളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും അവർക്ക്‌ ഇടയസന്ദർശനം നടത്തിക്കൊണ്ടും അവരെ വീട്ടിലേക്ക്‌ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടും ആത്മീയമായി കെട്ടുപണിചെയ്യുന്ന കൂടിവരവുകൾ ക്രമീകരിച്ചുകൊണ്ടും സഭയിലുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ ഞാൻ ശ്രമിച്ചിരിക്കുന്നു. എനിക്ക്‌ ഒരുപാട്‌ സന്തോഷം തന്നിട്ടുള്ള കാര്യങ്ങളാണ്‌ ഇവയെല്ലാം.” വാങ്ങുന്നതിനെക്കാൾ ഏറെ സന്തോഷം കൊടുക്കുന്നതിലാണെന്നു സാക്ഷ്യപ്പെടുത്തുന്ന വാക്കുകൾ! (പ്രവൃ. 20:35) മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുക്കുന്നവർക്ക്‌ ആ സന്തോഷം ആസ്വദിക്കാൻ അവസരങ്ങൾ ഏറെയാണ്‌. നിങ്ങളുടെ താത്‌പര്യങ്ങളും പ്രാപ്‌തികളും എന്തുതന്നെയായാലും അനുഭവസമ്പത്ത്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായിരിക്കാൻ യുവാക്കളായ നിങ്ങൾക്ക്‌ ധാരാളം അവസരങ്ങളുണ്ട്‌.—1 കൊരി. 15:58.

11. വിവാഹത്തിലേക്ക്‌ എടുത്തുചാടരുതാത്തത്‌ എന്തുകൊണ്ട്‌?

11 മിക്ക ചെറുപ്പക്കാരും എന്നെങ്കിലുമൊരിക്കൽ വിവാഹം കഴിക്കണമെന്ന്‌ ആഗ്രഹിച്ചേക്കാം. എന്നാൽ അതിലേക്ക്‌ എടുത്തുചാടുന്നതിനുപകരം ലൈംഗിക വികാരങ്ങൾ തീവ്രമായിരിക്കുന്ന “നവയൗവനം” പിന്നിടുന്നതുവരെയെങ്കിലും കാത്തിരിക്കാൻ പൗലോസ്‌ പ്രോത്സാഹിപ്പിച്ചു. (1 കൊരി. 7:36) സ്വയം മനസ്സിലാക്കാനും യോജിച്ച ഒരു ഇണയെ തിരഞ്ഞെടുക്കാൻ വേണ്ട ജ്ഞാനം നേടാനും സമയമെടുക്കും. വിവാഹപ്രതിജ്ഞ നിസ്സാരമായ ഒരു സംഗതിയല്ല എന്നതും ഓർക്കുക; വിവാഹം ഒരു ആജീവനാന്ത കരാറാണ്‌.—സഭാ. 5:2-5.

ഏകാകിത്വം—പിൽക്കാലത്ത്‌

12. (എ) മാറിയ ജീവിതസാഹചര്യവുമായി വിധവയായ ഹന്നാ പൊരുത്തപ്പെട്ടത്‌ എങ്ങനെ? (ബി) അവൾക്ക്‌ എന്തു പദവി ലഭിച്ചു?

12 വിവാഹത്തിനുശേഷം വെറും ഏഴുവർഷം കഴിഞ്ഞ്‌ അപ്രതീക്ഷിതമായി ഭർത്താവിനെ നഷ്ടപ്പെട്ട ഹന്നായെക്കുറിച്ച്‌ ലൂക്കോസിന്റെ സുവിശേഷം നമ്മോടു പറയുന്നു. അവൾക്ക്‌ കുട്ടികളുണ്ടായിരുന്നോ, അവൾ വീണ്ടുമൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിരുന്നോ എന്നൊന്നും നമുക്കറിയില്ല. 84-ാം വയസ്സിലും അവൾ വിധവയായിരുന്നു എന്ന്‌ ബൈബിൾ പറയുന്നു. ജീവിതാവസ്ഥകൾ മാറിമറിഞ്ഞപ്പോൾ സ്വാഭാവികമായും കടുത്ത ഹൃദയവേദന തോന്നിയിരിക്കാമെങ്കിലും യഹോവയുമായി കൂടുതൽ അടുക്കാൻ അവൾ ആ അവസരം വിനിയോഗിച്ചു. “ഉപവാസത്തോടും യാചനയോടുംകൂടെ അവൾ രാവും പകലും മുടങ്ങാതെ ദൈവാലയത്തിൽ ആരാധന കഴിച്ചുപോന്നു.” (ലൂക്കോ. 2:36, 37) അതെ, ആത്മീയകാര്യങ്ങളെ മുൻനിറുത്തിയാണ്‌ അവൾ ജീവിച്ചത്‌. അതിനു നല്ല ശ്രമവും നിശ്ചയദാർഢ്യവും ആവശ്യമായിരുന്നു. പക്ഷേ, അവളുടെ ശ്രമം വെറുതെയായില്ല. ശിശുവായിരുന്ന യേശുവിനെ കാണാനും മിശിഹാ കൈവരുത്താനിരിക്കുന്ന വിമോചനത്തെക്കുറിച്ച്‌ മറ്റുള്ളവരോടു സാക്ഷീകരിക്കാനും അവൾക്കു പദവി ലഭിച്ചു!—ലൂക്കോ. 2:35-41.

13. (എ) തബീഥ സഭയിൽ ഒരു സജീവ സാന്നിധ്യമായിരുന്നു എന്ന്‌ എന്തു സൂചിപ്പിക്കുന്നു? (ബി) തബീഥയുടെ നന്മപ്രവൃത്തികൾക്ക്‌ എന്തു ഫലം ഉണ്ടായി?

13 യെരുശലേമിനു വടക്കുപടിഞ്ഞാറുള്ള തുറമുഖ പട്ടണമായിരുന്ന യോപ്പയിലായിരുന്നു തബീഥ (ഡോർക്കസ്‌) താമസിച്ചിരുന്നത്‌. അവളുടെ ഭർത്താവിനെക്കുറിച്ച്‌ ബൈബിൾ യാതൊന്നും പറയുന്നില്ലാത്തസ്ഥിതിക്ക്‌ അവൾ അപ്പോൾ അവിവാഹിതയായിരുന്നു എന്ന്‌ അനുമാനിക്കാം. “വളരെ സത്‌പ്രവൃത്തികളും ദാനധർമങ്ങളും ചെയ്‌തു”വന്നവളായിരുന്നു തബീഥ. പാവപ്പെട്ടവരായ വിധവമാർക്കും മറ്റുള്ളവർക്കും ധാരാളം അങ്കികളും വസ്‌ത്രങ്ങളും ഉണ്ടാക്കിക്കൊടുത്തിരുന്ന അവളെ എല്ലാവർക്കും വലിയ കാര്യമായിരുന്നു. അതുകൊണ്ട്‌ പെട്ടെന്ന്‌ അസുഖം ബാധിച്ച്‌ അവൾ മരിച്ചപ്പോൾ തങ്ങളുടെ ഈ പ്രിയ സഹോദരിയെ ഉയിർപ്പിക്കാനുള്ള അപേക്ഷയുമായി മുഴുസഭയും പത്രോസിന്റെ അടുക്കലേക്ക്‌ ആളയച്ചു. അവളുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാർത്ത യോപ്പയിലെമ്പാടും പരക്കുകയും അനേകർ വിശ്വാസികളായിത്തീരുകയും ചെയ്‌തു. (പ്രവൃ. 9:36-42) തബീഥ ദയാപ്രവൃത്തികളിലൂടെ സഹായിച്ചിട്ടുള്ള പലരും ഇക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം.

14. ദൈവത്തോട്‌ കൂടുതൽ അടുക്കാൻ ഏകാകികളായ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

14 ഹന്നായെയും തബീഥയെയുംപോലെ ഏറെക്കാലമായി ഏകാകികളായി കഴിയുന്ന പലരും നമുക്കിടയിലുണ്ട്‌. ചിലർക്ക്‌ യോജിച്ച ഇണയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലായിരിക്കാം. വിവാഹമോചനമോ ഇണയുടെ മരണമോ നിമിത്തം ഏകാകികളായവരാണ്‌ മറ്റുചിലർ. മനസ്സുതുറന്നു സംസാരിക്കാൻ ഒരു ഇണയില്ലാത്തതിനാൽ ഏകാകികളായ ക്രിസ്‌ത്യാനികൾ മിക്കപ്പോഴും യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിക്കും. (സദൃ. 16:3) ഇതിനെ ഒരു അനുഗ്രഹമായാണ്‌ 38 വർഷമായി ബെഥേലിൽ സേവിക്കുന്ന സിൽവിയ എന്ന ഏകാകിനിയായ സഹോദരി കാണുന്നത്‌. “മറ്റുള്ളവരെ ആശ്വസിപ്പിക്കാറുള്ള എനിക്ക്‌ ചിലപ്പോൾ തളർച്ച തോന്നാറുണ്ട്‌. എന്നെ ആരെങ്കിലും ഒന്നു പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോകും.” പക്ഷേ, സഹോദരി തുടരുന്നു: “എനിക്ക്‌ എന്താണ്‌ ആവശ്യമെന്ന്‌ എന്നെക്കാൾ മെച്ചമായി യഹോവയ്‌ക്ക്‌ അറിയാമെന്ന ഉറപ്പ്‌ എനിക്കുണ്ട്‌. അത്‌ അവനുമായുള്ള എന്റെ ബന്ധം ശക്തമാക്കുന്നു. ആവശ്യമായ സന്ദർഭങ്ങളിലെല്ലാം എനിക്ക്‌ പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്‌, പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ.” നാം യഹോവയുമായി കൂടുതൽ അടുക്കുന്തോറും അവൻ നമ്മോടു കൂടുതൽ അടുത്തുവരും, ആർദ്രാനുകമ്പയോടെ ഇടപെട്ടുകൊണ്ട്‌ നമുക്ക്‌ കരുത്തുപകരും.

15. സ്‌നേഹിക്കുന്നതിൽ ‘വിശാലരാകാൻ’ ഏകാകികൾക്ക്‌ എന്തു ചെയ്യാനാകും?

15 സ്‌നേഹിക്കുന്നതിൽ ‘വിശാലരാകാൻ’ ഏകാകികളായവർക്ക്‌ അവസരങ്ങൾ ഏറെയാണ്‌. (2 കൊരിന്ത്യർ 6:11-13 വായിക്കുക.) 34 വർഷമായി മുഴുസമയസേവനത്തിലായിരിക്കുന്ന ജോലൻ എന്ന സഹോദരി പറയുന്നു: “ഊഷ്‌മളമായ സ്‌നേഹബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ഞാൻ നല്ല ശ്രമം ചെയ്യാറുണ്ട്‌. എന്റെ അതേ പ്രായത്തിലുള്ളവർ മാത്രമല്ല എനിക്ക്‌ കൂട്ടുകാരായുള്ളത്‌. എല്ലാ പ്രായത്തിലുമുള്ള കൂട്ടുകാർ എനിക്കുണ്ട്‌. യഹോവയ്‌ക്കും സഭയിലെ സഹോദരങ്ങൾക്കും കുടുംബത്തിനും അയൽക്കാർക്കുമെല്ലാംവേണ്ടി പലതും ചെയ്യാൻ ഏകാകികളായവർക്ക്‌ കഴിയും. പ്രായമാകുന്തോറും ഞാൻ ഏകാകിത്വം കൂടുതൽ ആസ്വദിക്കുകയാണ്‌.” ഏകാകികളായവർ നിസ്സ്വാർഥം ചെയ്യുന്ന സഹായങ്ങൾ സഭയിലെ പ്രായമായവരും രോഗികളും ഒറ്റയ്‌ക്കു മക്കളെ വളർത്തുന്നവരും ചെറുപ്പക്കാരുമൊക്കെ അതിയായി വിലമതിക്കുന്നു. എന്നുതന്നെയല്ല മറ്റുള്ളവരോടു സ്‌നേഹത്തോടെ ഇടപെടുമ്പോൾ നമുക്ക്‌ നമ്മോടുള്ള മതിപ്പ്‌ വർധിക്കും. ആകട്ടെ, സ്‌നേഹിക്കുന്നതിൽ ‘വിശാലരാകാൻ’ നിങ്ങൾക്ക്‌ കഴിയുമോ?

ഏകാകിത്വം ജീവിതവ്രതമാക്കിയവർ

16. (എ) യേശു ഏകാകിയായി ജീവിച്ചത്‌ എന്തുകൊണ്ട്‌? (ബി) തന്റെ ഏകാകിത്വം പൗലോസ്‌ ജ്ഞാനപൂർവം ഉപയോഗിച്ചത്‌ എങ്ങനെ?

16 യേശു വിവാഹം കഴിച്ചിരുന്നില്ല; തന്നെ ഭരമേൽപ്പിച്ച ഉത്തരവാദിത്വങ്ങൾക്കുവേണ്ടി തയ്യാറെടുക്കാനും അതു നിർവഹിക്കാനുമായി അവൻ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അവന്‌ ഒരുപാട്‌ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു; അതികാലത്തേ തുടങ്ങി രാവേറെച്ചെല്ലുവോളം അവൻ തന്റെ വേലയിൽ മുഴുകി; ഒടുവിൽ സ്വന്തം ജീവൻതന്നെ ബലിയായി അർപ്പിച്ചു. ഏകാകിയായിരുന്നതിനാലാണ്‌ അവന്‌ ഇതിനെല്ലാം കഴിഞ്ഞത്‌. ഇനി, പൗലോസ്‌ അപ്പൊസ്‌തലന്റെ കാര്യമോ? ശുശ്രൂഷയ്‌ക്കുവേണ്ടി അവന്‌ ആയിരക്കണക്കിന്‌ മൈലുകൾ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു, നിരവധി പീഡനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. (2 കൊരി. 11:23-27) ഭാര്യ മരിച്ചുപോയ ആളായിരുന്നിരിക്കാം പൗലോസ്‌. എന്തായിരുന്നാലും അപ്പൊസ്‌തലനായി നിയമിതനായശേഷം ഏകാകിയായി തുടരാൻതന്നെയായിരുന്നു അവന്റെ തീരുമാനം. (1 കൊരി. 7:7, 8; 9:5) സാധ്യമാകുന്നവരെല്ലാം ശുശ്രൂഷയ്‌ക്കുവേണ്ടി തങ്ങളുടെ ഈ മാതൃക അനുകരിക്കാൻ യേശുവും പൗലോസും പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഇരുവരും ബ്രഹ്മചര്യം ക്രിസ്‌തീയ ശുശ്രൂഷകർക്കുള്ള ഒരു നിബന്ധനയാക്കിയില്ല.—1 തിമൊ. 4:1-3.

17. യേശുവിനെയും പൗലോസിനെയും ചില ക്രിസ്‌ത്യാനികൾ എങ്ങനെ അനുകരിക്കുന്നു, അത്തരം ത്യാഗങ്ങൾ ചെയ്യുന്നവരെ യഹോവ വിലമതിക്കുന്നു എന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

17 കൂടുതൽ തികവോടെ ശുശ്രൂഷ നിർവഹിക്കുന്നതിന്‌ ഏകാകികളായിരിക്കാൻ ഇന്നും പലരും മനസ്സോടെ തീരുമാനിച്ചിരിക്കുന്നു. 56 വർഷത്തിലേറെയായി ബെഥേലിൽ സേവിക്കുകയാണ്‌ മുമ്പ്‌ പരാമർശിച്ച ഹാരോൾഡ്‌ സഹോദരൻ. “ബെഥേലിൽ ചെലവഴിച്ച ആദ്യത്തെ 10 വർഷത്തിനുള്ളിൽ ഞാൻ ഒരു കാര്യം നിരീക്ഷിച്ചു: ഇണയുടെ അനാരോഗ്യം നിമിത്തമോ പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നതിനു വേണ്ടിയോ പലർക്കും ബെഥേൽ സേവനം ഉപേക്ഷിക്കേണ്ടിവരുന്നു. എന്റെ മാതാപിതാക്കൾ മരിച്ചുപോയിരുന്നു. വിവാഹം കഴിച്ചിട്ട്‌ ബെഥേൽ വിട്ടുപോകേണ്ട ഒരു സാഹചര്യം വരരുത്‌ എന്ന്‌ ഞാൻ ആശിച്ചു; ബെഥേൽ സേവനത്തെ ഞാൻ അത്രയേറെ സ്‌നേഹിച്ചിരുന്നു,” അദ്ദേഹം പറയുന്നു. അനേകവർഷമായി പയനിയറിങ്‌ ചെയ്യുന്ന മാർഗരറ്റ്‌ എന്ന സഹോദരി ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “പല വിവാഹാലോചനകൾ വന്നെങ്കിലും അതൊന്നും സ്വീകരിക്കാൻ എനിക്ക്‌ തോന്നിയില്ല. ഒറ്റയ്‌ക്കായിരിക്കുന്നതുകൊണ്ട്‌ കൂടുതൽ സ്വാതന്ത്ര്യം ഉള്ളതിനാൽ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടാൻ എനിക്ക്‌ കഴിഞ്ഞിരിക്കുന്നു. അത്‌ നൽകുന്ന സന്തോഷം ഒന്നുവേറെയാണ്‌.” സത്യാരാധനയ്‌ക്കുവേണ്ടി ഇപ്രകാരം നിസ്സ്വാർഥമായി പ്രവർത്തിക്കുന്നവരെ, ത്യാഗങ്ങൾ ചെയ്യുന്നവരെ, യഹോവ ഒരുനാളും മറക്കില്ല.—യെശയ്യാവു 56:4, 5 വായിക്കുക.

നിങ്ങളുടെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുക

18. ഏകാകികളായ ക്രിസ്‌ത്യാനികളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും മറ്റുള്ളവർക്ക്‌ എന്തു ചെയ്യാനാകും?

18 കഴിയുന്നത്ര നന്നായി യഹോവയെ സേവിക്കാൻ പരിശ്രമിക്കുന്ന ഏകാകികളായ എല്ലാ ക്രിസ്‌ത്യാനികളും നമ്മുടെ ഹൃദയംഗമമായ അഭിനന്ദനവും പ്രോത്സാഹനവും അർഹിക്കുന്നു. അവരുടെ നല്ല ഗുണങ്ങളെയും സഭയിൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെയും പ്രതി നാം അവരെ സ്‌നേഹിക്കുന്നു. നാം അവർക്ക്‌ ആത്മീയ ‘സഹോദരന്മാരോ സഹോദരിമാരോ അമ്മമാരോ മക്കളോ’ ആയിത്തീരുന്നെങ്കിൽ ഒറ്റയ്‌ക്കാണെന്ന തോന്നൽ അവർക്കുണ്ടാകില്ല.—മർക്കോസ്‌ 10:28-30 വായിക്കുക.

19. നിങ്ങളുടെ ഏകാകിത്വം പരമാവധി പ്രയോജനപ്പെടുത്താൻ എന്തു ചെയ്യാനാകും?

19 നിങ്ങൾ ഏകാകിയായിരിക്കുന്നത്‌ സ്വന്ത ഇഷ്ടപ്രകാരമോ സാഹചര്യങ്ങൾ നിമിത്തമോ ആയിക്കൊള്ളട്ടെ നിങ്ങൾക്ക്‌ അർഥവത്തായ, സന്തുഷ്ടമായ ഒരു ജീവിതം നയിക്കാനാകുമെന്നാണ്‌ പുരാതനകാലത്തെയും ആധുനികകാലത്തെയും ദൃഷ്ടാന്തങ്ങൾ കാണിക്കുന്നത്‌. നമുക്ക്‌ കിട്ടുന്ന ചില സമ്മാനങ്ങൾ നാം ആഗ്രഹിച്ചതായിരിക്കാം, മറ്റു ചിലത്‌ ആഗ്രഹിക്കാത്തതും. ചില സമ്മാനങ്ങൾ നമുക്ക്‌ ആദ്യമേതന്നെ ഇഷ്ടമാകും, എന്നാൽ മറ്റു ചിലതിന്റെ മൂല്യം മനസ്സിലാകണമെങ്കിൽ കാലങ്ങളെടുക്കും. നമ്മുടെ മനോഭാവത്തെ, നാം കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അത്‌. ഏകാകിത്വത്തിന്റെ കാര്യത്തിലും ഇത്‌ സത്യമാണ്‌. ഏകാകിത്വം പരമാവധി പ്രയോജനപ്പെടുത്താൻ യഹോവയോട്‌ അടുത്തുചെല്ലുകയും ദൈവസേവനത്തിൽ സദാ വ്യാപൃതരായിരിക്കുകയും സ്‌നേഹിക്കുന്നതിൽ വിശാലരാകുകയും ചെയ്യുക. ഏകാകിത്വത്തെക്കുറിച്ച്‌ ഒരുവന്‌ ദൈവത്തിന്റെ വീക്ഷണമുണ്ടായിരിക്കണം. അങ്ങനെ ആ വരം ബുദ്ധിപൂർവം ഉപയോഗിക്കുന്നെങ്കിൽ ദാമ്പത്യംപോലെതന്നെ ഏകാകിത്വവും ഒരു അനുഗ്രഹമായിരിക്കും!

ഓർമിക്കുന്നുവോ?

• ഏകാകിത്വം ഒരു വരമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

• ചെറുപ്പകാലത്ത്‌ ഏകാകിത്വം ഒരു അനുഗ്രഹമായിരിക്കുന്നത്‌ എങ്ങനെ?

• യഹോവയോട്‌ അടുത്തുചെല്ലാനും സ്‌നേഹിക്കുന്നതിൽ വിശാലരാകാനും ഏകാകികളായ ക്രിസ്‌ത്യാനികൾക്ക്‌ എന്തെല്ലാം അവസരങ്ങളുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

ഏകാകിയായിരിക്കുന്ന സമയം ദൈവസേവനത്തിനായി നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ?