വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോധനകളിന്മധ്യേയും നന്ദിയോടെ ദൈവസേവനത്തിൽ

പരിശോധനകളിന്മധ്യേയും നന്ദിയോടെ ദൈവസേവനത്തിൽ

പരിശോധനകളിന്മധ്യേയും നന്ദിയോടെ ദൈവസേവനത്തിൽ

മാർച്ചി ഡി യോങ്കെ-വാൻ ഡെൻ ഹ്യൂവൽ പറഞ്ഞപ്രകാരം

എനിക്കിപ്പോൾ 98 വയസ്സുണ്ട്‌. കഴിഞ്ഞ 70 വർഷമായി ഞാൻ യഹോവയെ സേവിക്കുന്നു, അതിന്റെ സന്തോഷം ആസ്വദിക്കുന്നു. പക്ഷേ, എന്റെ വിശ്വാസം പരീക്ഷിക്കപ്പെട്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ എനിക്കു തടങ്കൽപ്പാളയത്തിൽ കഴിയേണ്ടിവന്നു. ആ സമയത്ത്‌ ഒരു ദുർബലനിമിഷത്തിൽ, പിന്നീടു ഖേദിക്കാനിടയായ ഒരു കാര്യം ഞാൻ ചെയ്‌തു. അതിനുശേഷം മറ്റൊരു ദുരന്തം എന്റെ ജീവിതത്തിലുണ്ടായി. ഈ പരിശോധനകളെല്ലാം നേരിട്ടെങ്കിലും തന്നെ സേവിക്കാൻ കൃപ നൽകിയ യഹോവയോട്‌ എനിക്ക്‌ പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്‌.

1940 ഒക്‌ടോബർ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിന്‌ തെക്കുകിഴക്കായി 24 കിലോമീറ്റർ അകലെയുള്ള ഹിൽവർസമ്മിലാണ്‌ ഞാൻ താമസിച്ചിരുന്നത്‌. അന്ന്‌ നെതർലൻഡ്‌സ്‌ ഭരിച്ചിരുന്നത്‌ നാസികളാണ്‌. യാപ്പ്‌ ഡി യോങ്കെയുമായുള്ള എന്റെ വിവാഹം നടന്നിട്ട്‌ അഞ്ചുവർഷം കഴിഞ്ഞിരുന്നു. നല്ല സ്‌നേഹമുള്ള ആളായിരുന്നു അദ്ദേഹം. ഞങ്ങൾക്ക്‌ മൂന്നുവയസ്സുള്ള മകളുണ്ടായിരുന്നു, വില്ലി. എട്ടുമക്കളുള്ള ഒരു ദരിദ്രകുടുംബമാണ്‌ ഞങ്ങളുടെ അടുത്തു താമസിച്ചിരുന്നത്‌. മക്കളെ പോറ്റാൻതന്നെ പാടുപെട്ടിരുന്ന അവരുടെ വീട്ടിൽ മറ്റൊരു ചെറുപ്പക്കാരനും താമസിച്ചിരുന്നു. ‘എന്തിനാണ്‌ ഇവർ ഇയാളുടെ ഭാരം കൂടെ ചുമക്കുന്നത്‌?’ എന്ന്‌ ഞാൻ ആലോചിച്ചിട്ടുണ്ട്‌. ഒരിക്കൽ അവർക്ക്‌ കുറച്ചു ഭക്ഷണം കൊടുക്കാൻ പോയപ്പോൾ, ഈ ചെറുപ്പക്കാരൻ ഒരു പയനിയറാണെന്ന്‌ ഞാൻ അറിയാനിടയായി. ദൈവരാജ്യത്തെക്കുറിച്ചും അതു കൈവരുത്താനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ആ ചെറുപ്പക്കാരൻ എന്നോടു സംസാരിച്ചു. കേട്ട കാര്യങ്ങൾ എനിക്കു വളരെ ഇഷ്ടമായി. ഇതാണ്‌ സത്യമെന്ന്‌ പെട്ടെന്നുതന്നെ എനിക്കു ബോധ്യപ്പെട്ടു. ആ വർഷംതന്നെ ഞാൻ സമർപ്പിച്ചു സ്‌നാനമേറ്റു, തൊട്ടടുത്ത വർഷം ഭർത്താവും.

എന്റെ തിരുവെഴുത്തു പരിജ്ഞാനം പരിമിതമായിരുന്നെങ്കിലും സാക്ഷിയാകുന്നതോടെ, നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ ഭാഗമാകുകയാണ്‌ ഞാൻ എന്ന കാര്യം എനിക്ക്‌ വ്യക്തമായിരുന്നു. രാജ്യസന്ദേശം പ്രസംഗിച്ചതുനിമിത്തം നിരവധി സാക്ഷികൾ ജയിലിൽ അടയ്‌ക്കപ്പെട്ടിരിക്കുകയാണെന്നും എനിക്ക്‌ അറിയാമായിരുന്നു. എന്നിട്ടും ഞാൻ വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെടാൻ അമാന്തിച്ചില്ല. ഞങ്ങളുടെ വീട്‌ പയനിയർമാർക്കും സഞ്ചാരമേൽവിചാരകന്മാർക്കുമായി തുറന്നുകൊടുക്കുകയും ചെയ്‌തു. ആംസ്റ്റർഡാമിൽനിന്നുള്ള സഹോദരീസഹോദരന്മാർ എത്തിച്ചുതരുന്ന പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു. സൈക്കിളുകളിൽ കെട്ടിവെച്ച്‌ ടാർപോളിൻകൊണ്ട്‌ മൂടിക്കെട്ടിയാണ്‌ അവർ അവ കൊണ്ടുവന്നിരുന്നത്‌. എത്രമാത്രം സ്‌നേഹവും ധൈര്യവും ഉണ്ടായിട്ടാണ്‌ ആ സഹോദരങ്ങൾ അതിന്‌ തുനിഞ്ഞിറങ്ങിയത്‌! സഹോദരങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്താൻ അവർ തയ്യാറായിരുന്നു.—1 യോഹ. 3:16.

“മമ്മീ, വേഗം തിരിച്ചുവരില്ലേ?”

ഞാൻ സ്‌നാനമേറ്റ്‌ ഏതാണ്ട്‌ ആറുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഞങ്ങളുടെ വീട്ടുവാതിൽക്കൽ മൂന്നുപോലീസുകാർ എത്തി. അകത്ത്‌ കടന്ന്‌ അവർ തിരച്ചിൽതുടങ്ങി. പ്രസിദ്ധീകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം കണ്ണിൽപ്പെട്ടില്ലെങ്കിലും കിടക്കയ്‌ക്കടിയിൽ വെച്ചിരുന്ന ചില പുസ്‌തകങ്ങൾ അവർ കണ്ടുപിടിച്ചു. ഹിൽവർസമ്മിലെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ അവർ എന്നെ കൊണ്ടുപോയി. പോകുന്നതിനുമുമ്പ്‌ ഞാൻ വില്ലിയെ വാരിപ്പുണർന്നു. “മമ്മീ, വേഗം തിരിച്ചുവരില്ലേ” എന്ന്‌ അവൾ ചോദിച്ചു. “വരും മോളേ, മമ്മി ഇപ്പോൾതന്നെ തിരിച്ചുവരും,” ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു. പക്ഷേ, അവളെ ഒന്നു കൈയിലെടുക്കാൻ എനിക്ക്‌ പിന്നെ 18 മാസം കാത്തിരിക്കേണ്ടിവന്നു.

ചോദ്യംചെയ്യാനായി ഒരു പോലീസ്‌ ഓഫീസർ എന്നെ ട്രെയിനിൽ ആംസ്റ്റർഡാമിലേക്കു കൊണ്ടുപോയി. ഹിൽവർസമ്മിൽനിന്നുള്ള മൂന്നുസഹോദരന്മാരെ കാണിച്ചിട്ട്‌ അവർ സാക്ഷികളാണോ എന്ന്‌ എന്നോട്‌ ചോദിച്ചു. “ഇതിൽ ഒരാളെ മാത്രമേ എനിക്കറിയൂ. ഞങ്ങളുടെ പാൽക്കാരനാണിയാൾ” എന്നായിരുന്നു എന്റെ മറുപടി. അത്‌ സത്യമായിരുന്നു, ആ സഹോദരനാണ്‌ ഞങ്ങൾക്ക്‌ പാൽ കൊണ്ടുവന്നുതന്നിരുന്നത്‌. “അയാൾ സാക്ഷിയാണോ എന്ന കാര്യം ചോദിക്കേണ്ടത്‌ അയാളോടാണ്‌, എന്നോടല്ല” എന്നും ഞാൻ പറഞ്ഞു. കൂടുതലൊന്നും പറയാൻ കൂട്ടാക്കാഞ്ഞപ്പോൾ അവർ എന്റെ മുഖത്തടിച്ചു. അവിടെ ഞാൻ രണ്ടുമാസം തടവിൽ കഴിഞ്ഞു. ഞാൻ എവിടെയാണെന്ന്‌ മനസ്സിലാക്കിയപ്പോൾ എന്റെ ഭർത്താവ്‌ എനിക്ക്‌ ഭക്ഷണവും വസ്‌ത്രവും കൊണ്ടുവന്നുതന്നു. പിന്നീട്‌ 1941 ആഗസ്റ്റിൽ എന്നെ സ്‌ത്രീകൾക്കായുള്ള ഒരു തടങ്കൽപ്പാളയത്തിലേക്ക്‌ അയച്ചു. ജർമനിയിലെ ബർലിനിൽനിന്ന്‌ 80 കിലോമീറ്റർ വടക്കുള്ള റാവൻസ്‌ബ്രൂക്കിലായിരുന്നു കുപ്രസിദ്ധമായ ആ തടങ്കൽപ്പാളയം.

“വിഷമിക്കേണ്ട”

‘വിശ്വാസം ത്യജിക്കുന്നു’ എന്ന്‌ ഒപ്പിട്ടുകൊടുത്താൽ വീട്ടിൽ പോകാമെന്ന്‌ തുടക്കത്തിൽത്തന്നെ ഞങ്ങളോടു പറഞ്ഞു. പക്ഷേ, ഞാൻ ഒപ്പിട്ടില്ല. അതിനുശേഷം കൈവശമുള്ളതെല്ലാം അധികാരികൾക്ക്‌ കൈമാറി കുളിമുറിയിൽച്ചെന്ന്‌ വസ്‌ത്രമെല്ലാം അഴിച്ചുമാറ്റാൻ എന്നോട്‌ ആവശ്യപ്പെട്ടു. അവിടെവെച്ച്‌ നെതർലൻഡ്‌സിൽനിന്നുള്ള ചില സഹോദരിമാരെ പരിചയപ്പെടാൻ എനിക്കു കഴിഞ്ഞു. പർപ്പിൾ ട്രയാംഗിൾ തുന്നിപ്പിടിപ്പിച്ച യൂണിഫോമും ഒരു പാത്രവും കപ്പും സ്‌പൂണും എല്ലാവർക്കും കിട്ടി. അന്ന്‌ രാത്രി ഞങ്ങളെ താത്‌കാലികമായി ഒരിടത്തു പാർപ്പിച്ചു. അറസ്റ്റിലായശേഷം ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞത്‌ അന്നാണ്‌. ‘ഇനി എന്തൊക്കെയാണ്‌ ഉണ്ടാകുക? എത്രനാൾ എനിക്ക്‌ ഇവിടെ കഴിയേണ്ടിവരും?’ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. സത്യംപറഞ്ഞാൽ അന്ന്‌ യഹോവയുമായുള്ള എന്റെ ബന്ധം അത്ര ശക്തമായിരുന്നില്ല, ഞാൻ വിശ്വാസത്തിൽ വന്നിട്ട്‌ ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. എനിക്ക്‌ അധികമൊന്നും അറിയില്ലായിരുന്നു. പിറ്റേന്ന്‌, ഹാജർവിളിക്കുന്ന സമയത്ത്‌ എന്റെ മുഖം ശ്രദ്ധിച്ച ഡച്ചുകാരിയായ ഒരു സഹോദരി അടുത്തുവന്ന്‌ ആശ്വസിപ്പിച്ചു: “വിഷമിക്കേണ്ടെന്നേ, നമുക്ക്‌ ഒന്നും സംഭവിക്കില്ല.”

ഹാജർവിളി കഴിഞ്ഞപ്പോൾ ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക്‌ കൊണ്ടുപോയി. ജർമനിയിൽനിന്നും നെതർലൻഡ്‌സിൽനിന്നുമുള്ള നൂറുകണക്കിന്‌ ക്രിസ്‌തീയ സഹോദരിമാർ ഞങ്ങളെ അവിടെ സ്വാഗതംചെയ്‌തു. ചില ജർമൻ സഹോദരിമാർ ഒരുവർഷത്തിലധികമായി അവിടെ ഉള്ളവരായിരുന്നു. അവരുടെ സാമീപ്യം എന്നെ ശക്തിപ്പെടുത്തി, വാസ്‌തവത്തിൽ എന്നെ സന്തോഷവതിയാക്കി. ക്യാമ്പിലെ മറ്റു ബാരക്കുകളെ അപേക്ഷിച്ച്‌ നമ്മുടെ സഹോദരിമാർ താമസിച്ചിരുന്ന ബാരക്കുകൾ വൃത്തിയുള്ളതായിരുന്നു. കളവോ ചീത്തവിളിയോ വഴക്കോ ഒന്നും ഉണ്ടാകാത്ത ബാരക്കുകൾ എന്നാണ്‌ അവ അറിയപ്പെട്ടിരുന്നത്‌. ക്യാമ്പിൽ ഞങ്ങൾക്ക്‌ ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവന്നിരുന്നെങ്കിലും മലീമസമായ ജലാശയത്തിനു നടുവിലെ വൃത്തിയുള്ള ഒരു തുരുത്തുപോലെയായിരുന്നു ഞങ്ങളുടെ ബാരക്കുകൾ.

ക്യാമ്പിലെ ഒരു ദിവസം

എല്ലുമുറിയെ പണി, പേരിനുമാത്രം ഭക്ഷണം; അതായിരുന്നു ക്യാമ്പിലെ രീതി. രാവിലെ അഞ്ചുമണിക്ക്‌ ഉണരണം, അധികം വൈകാതെ ഹാജർവിളി തുടങ്ങും. ‘വെയിലായാലും മഴയായാലും’ ഒരു മണിക്കൂറോളം ഞങ്ങളെ ഗാർഡുകൾ പുറത്തു നിറുത്തിയിരുന്നു. വൈകുന്നേരംവരെയുള്ള കഠിനാധ്വാനത്തിനുശേഷം അഞ്ചുമണിക്ക്‌ വീണ്ടും ഹാജർവിളി. അതിനുശേഷം കുറച്ചു സൂപ്പും ബ്രഡും കിട്ടും. ക്ഷീണിച്ച്‌ അവശരായ ഞങ്ങൾ അത്‌ കഴിച്ച്‌ കിടന്നുറങ്ങും.

ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ ഫാമിലായിരുന്നു എനിക്കു പണി. ഗോതമ്പു കൊയ്യുക, ഓടകൾ വൃത്തിയാക്കുക, പന്നിക്കൂട്‌ കഴുകുക ഇതൊക്കെ ഞാൻ ചെയ്‌തു. അന്ന്‌ ഞാൻ ചെറുപ്പമായിരുന്നു, ആരോഗ്യവും ഉണ്ടായിരുന്നു. ഭാരപ്പെട്ട പണിയായിരുന്നിട്ടും വൃത്തിഹീനമായ ആ ചുറ്റുപാടിൽ ദിവസങ്ങളോളം പണിയെടുക്കാൻ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. ജോലിചെയ്യുമ്പോൾ ബൈബിൾ വിഷയങ്ങളുമായി ബന്ധപ്പെട്ട പാട്ടു പാടുന്നതും എനിക്കു ശക്തിപകർന്നു. പക്ഷേ, ഭർത്താവിനെയും കുഞ്ഞിനെയും കുറിച്ച്‌ ഓർക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല, അവരെ ഒരു നോക്കുകാണാൻ എന്റെ ഹൃദയം തുടിച്ചു.

തീരെ കുറച്ചേ ഭക്ഷണം ലഭിച്ചിരുന്നുള്ളുവെങ്കിലും കിട്ടുന്നതിൽനിന്ന്‌ ദിവസവും ഒരു കഷണം ബ്രഡ്‌ സഹോദരിമാരെല്ലാം മാറ്റിവെക്കുമായിരുന്നു. ഞായറാഴ്‌ച ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാൻ കൂടിവരുമ്പോൾ കഴിക്കുന്നതിനുവേണ്ടിയായിരുന്നു അത്‌. ഞങ്ങളുടെ പക്കൽ ബൈബിൾ സാഹിത്യം ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പ്രായമുള്ള വിശ്വസ്‌തരായ ജർമൻ സഹോദരിമാർ പറഞ്ഞുതരുന്ന ആത്മീയ കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. സ്‌മാരകംപോലും ഞങ്ങൾ ആചരിച്ചു.

കഷ്ടപ്പാടുകൾ, പശ്ചാത്താപം, പിന്നെ പ്രോത്സാഹനം

യുദ്ധം ചെയ്യുന്ന നാസികളെ സഹായിക്കുന്നതരത്തിലുള്ള ജോലികൾ ചെയ്യാൻ ചിലപ്പോൾ ഞങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷ നിലപാടു സ്വീകരിച്ചിരുന്നതിനാൽ അത്തരം ജോലികൾ ചെയ്യാൻ സഹോദരിമാരാരും കൂട്ടാക്കിയിരുന്നില്ല. ഞാൻ അവരുടെ ധീരമാതൃക അനുകരിച്ചു. ഹാജർവിളിക്കുന്ന സമയത്ത്‌ മണിക്കൂറുകളോളം പുറത്തുനിറുത്തിക്കൊണ്ടും ദിവസങ്ങളോളം പട്ടിണിക്കിട്ടുമാണ്‌ അവർ പകരംവീട്ടിയിരുന്നത്‌. ഒരിക്കൽ മഞ്ഞുകാലത്ത്‌ ബാരക്ക്‌ ചൂടാക്കാതെ അവർ ഞങ്ങളെ 40 ദിവസം അതിൽ പൂട്ടിയിട്ടു.

ഇനിമേൽ ഒരു ബൈബിൾ വിദ്യാർഥി അല്ല എന്ന്‌ ഒപ്പിട്ടുകൊടുത്താൽ മോചിപ്പിക്കുന്നതായിരിക്കും എന്ന്‌ അധികാരികൾ ഞങ്ങളോടു കൂടെക്കൂടെ പറയുമായിരുന്നു. ഒരു വർഷം കഴിഞ്ഞിരുന്നു ഞാൻ റാവൻസ്‌ബ്രൂക്കിൽ എത്തിയിട്ട്‌. എനിക്ക്‌ കടുത്ത നിരാശതോന്നി. ഭർത്താവിനെയും കുഞ്ഞിനെയും കാണാനുള്ള ആഗ്രഹംനിമിത്തം ഞാൻ പട്ടാളക്കാരെ സമീപിച്ച്‌ മേലാൽ ഒരു ബൈബിൾ വിദ്യാർഥി അല്ല എന്ന്‌ എഴുതിയിട്ടുള്ള രേഖ വാങ്ങി ഒപ്പിട്ടു.

ഞാൻ ചെയ്‌തത്‌ അറിഞ്ഞപ്പോൾ ചില സഹോദരിമാർ എന്നെ അവഗണിക്കാൻതുടങ്ങി. പക്ഷേ, പ്രായമുള്ള ഹെറ്റ്‌വിക്‌, ഗെർട്രൂഡ്‌ എന്നീ രണ്ടു ജർമൻ സഹോദരിമാർ എന്നെ അന്വേഷിച്ചുവന്ന്‌ സ്‌നേഹപൂർവം സംസാരിച്ചു. യഹോവയോട്‌ വിശ്വസ്‌തരായി നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിട്ടുവീഴ്‌ച ചെയ്യാതിരുന്നുകൊണ്ട്‌ അവനോടുള്ള സ്‌നേഹം കാണിക്കാനാകുന്നത്‌ എങ്ങനെയെന്നുമെല്ലാം എന്നോടൊപ്പം ജോലിചെയ്യുന്നതിനിടയ്‌ക്ക്‌ അവർ വിശദീകരിച്ചു. ഒരു മകളോടെന്നപോലെയാണ്‌ അവർ ഇടപെട്ടത്‌. അവർ കാണിച്ച വാത്സല്യവും താത്‌പര്യവും എന്നെ വല്ലാതെ സ്‌പർശിച്ചു. * ചെയ്‌തത്‌ തെറ്റായിപ്പോയി എന്ന്‌ എനിക്കു മനസ്സിലായി. ഒപ്പിട്ടുകൊടുത്തത്‌ തിരിച്ചുവാങ്ങാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം വൈകുന്നേരം ഞാൻ ഇക്കാര്യം ഒരു സഹോദരിയോടു പറഞ്ഞു. അത്‌ ക്യാമ്പിലെ ഉദ്യോഗസ്ഥർ ആരെങ്കിലും കേട്ടിട്ടുണ്ടാകണം; കാരണം അന്നേ ദിവസംതന്നെ അവർ എന്നെ മോചിപ്പിച്ച്‌ നെതർലൻഡ്‌സിലേക്ക്‌ ട്രെയിൻ കയറ്റിവിട്ടു. ഞാൻ പോരുന്ന സമയത്ത്‌ ഒരു സൂപ്പർവൈസർ എന്നോട്‌ പറഞ്ഞു: “നീ ഇപ്പോഴും ബിബെൽഫോർഷർ (ബൈബിൾ വിദ്യാർഥി) ആണ്‌, അതിന്‌ ഒരിക്കലും മാറ്റം ഉണ്ടാകാൻ പോകുന്നില്ല.” അവരുടെ മുഖം ഇപ്പോഴും ഞാൻ ഓർക്കുന്നു. “യഹോവയുടെ ഹിതമെങ്കിൽ” എന്നായിരുന്നു എന്റെ മറുപടി. അപ്പോഴെല്ലാം, ‘എന്റെ പ്രഖ്യാപനം എങ്ങനെ അസാധുവാക്കാം’ എന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത.

ചെയ്യേണ്ടത്‌ എന്താണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. “ഇന്റർനാഷണൽ ബൈബിൾ സ്റ്റുഡന്റ്‌സ്‌ സൊസൈറ്റിയുമായി ചേർന്ന്‌ ഇനിമേൽ പ്രവർത്തിക്കുകയില്ല” എന്നായിരുന്നു ഞാൻ ഒപ്പിട്ട രേഖയിലെ ഒരു വാചകം. അതുകൊണ്ട്‌ 1943 ജനുവരിയിൽ വീട്ടിൽ മടങ്ങിയെത്തിയ ഉടൻ ഞാൻ പ്രസംഗവേല ആരംഭിച്ചു; ഒരിക്കൽക്കൂടി നാസികളുടെ പിടിയിലായാൽ കിട്ടുന്ന ശിക്ഷ കടുത്തതായിരിക്കുമെന്ന്‌ അറിയാമായിരുന്നിട്ടും.

ഇപ്പോഴും യഹോവയുടെ വിശ്വസ്‌ത ആരാധികയാണെന്ന്‌ അവന്റെ മുമ്പിൽ തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ, പ്രസിദ്ധീകരണങ്ങൾ കൈമാറുന്ന സഹോദരങ്ങൾക്കും സഞ്ചാരമേൽവിചാരകന്മാർക്കുമായി വീണ്ടും ഞങ്ങളുടെ വീട്‌ തുറന്നുകൊടുത്തു. യഹോവയെയും അവന്റെ ജനത്തെയും ഞാൻ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന്‌ കാണിക്കാൻ ഒരു അവസരംകൂടെ ലഭിച്ചതിൽ എനിക്ക്‌ തീർത്താൽത്തീരാത്ത നന്ദിയുണ്ട്‌.

വേദനാകരമായ ഒരു സംഭവം

യുദ്ധം അവസാനിക്കാൻ മാസങ്ങൾമാത്രം അവശേഷിച്ചിരിക്കെ ഞങ്ങൾക്ക്‌ ഒരു ദുരന്തം നേരിട്ടു. 1944 ഒക്‌ടോബറിൽ ഞങ്ങളുടെ മകൾക്ക്‌ ഡിഫ്‌തീരിയ പിടിപെട്ടു. രോഗം മൂർച്ഛിച്ച്‌ മൂന്നുദിവസത്തിനുള്ളിൽ അവൾ മരിച്ചു. അങ്ങനെ ഏഴാമത്തെ വയസ്സിൽ അവൾ ഞങ്ങളെ വിട്ടുപോയി.

ഏകമകളുടെ നഷ്ടം ഞങ്ങളെ പിടിച്ചുലച്ചു. റാവൻസ്‌ബ്രൂക്കിൽ ഞാൻ നേരിട്ടതൊന്നും ഈ വേദനയ്‌ക്കൊപ്പം വരില്ല. ദുഃഖം വരിഞ്ഞുമുറുക്കുന്ന അവസരങ്ങളിൽ സങ്കീർത്തനം 16:8-ലെ വാക്കുകൾ ഞങ്ങൾക്ക്‌ ആശ്വാസം പകർന്നു: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” യഹോവ നൽകിയിരിക്കുന്ന പുനരുത്ഥാന വാഗ്‌ദാനത്തിൽ ഞങ്ങൾക്ക്‌ ശക്തമായ വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ സത്യത്തിൽ നിലനിന്നു, പ്രസംഗവേലയിൽ എപ്പോഴും തീക്ഷ്‌ണതയുള്ളവരായിരിക്കാനും ശ്രദ്ധിച്ചു. നന്ദി നിറഞ്ഞ മനസ്സോടെ യഹോവയെ സേവിക്കാൻ ഭർത്താവ്‌ എനിക്കൊരു തുണയായിരുന്നു, 1969-ൽ മരിക്കുന്നതുവരെ.

അനുഗ്രഹങ്ങൾ

ഇക്കഴിഞ്ഞ നാളുകളിലെല്ലാം ഏറെ സന്തോഷം പകർന്ന ഒരു കാര്യമാണ്‌ മുഴുസമയ ശുശ്രൂഷകരുമായുള്ള സഹവാസം. യുദ്ധകാലത്തെന്നപോലെ പിന്നീടും ഞങ്ങളുടെ ഭവനം സഭ സന്ദർശിക്കുന്ന സഞ്ചാരമേൽവിചാരകന്മാർക്കും അവരുടെ ഭാര്യമാർക്കും വേണ്ടി എപ്പോഴും തുറന്നുകിടന്നു. സഞ്ചാരവേലയിലായിരുന്ന മാർറ്റെൻ കാപ്‌റ്റിനും ഭാര്യ നെൽ കാപ്‌റ്റിനും ഞങ്ങളുടെ വീട്ടിൽ 13 വർഷം താമസിച്ചു. പിന്നീട്‌ സഹോദരിക്ക്‌ മാരകമായ രോഗം പിടിപെട്ടു; മരിക്കുന്നതിനു മുമ്പുള്ള മൂന്നുമാസം സഹോദരിയെ ശുശ്രൂഷിക്കാൻ എനിക്കു കഴിഞ്ഞു. അവരോടും സഭയിലെ മറ്റു സഹോദരീസഹോദരന്മാരോടും ഒപ്പമുള്ള സഹവാസം, നാം ഇപ്പോൾ ആയിരിക്കുന്ന ആത്മീയപറുദീസയിലെ സന്തോഷം ആസ്വദിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.

റാവൻസ്‌ബ്രൂക്കിൽ തടവിൽ കഴിഞ്ഞിട്ടുള്ളവരുടെ ഒരു സംഗമത്തിന്‌ എനിക്കു ക്ഷണം ലഭിച്ചു, 1995-ൽ. ജീവിതത്തിലെ ഒരു അവിസ്‌മരണീയ അനുഭവമായിരുന്നു അത്‌. ക്യാമ്പിൽ ഒപ്പം ഉണ്ടായിരുന്ന സഹോദരിമാരെ 50 വർഷത്തിനുശേഷം ഞാൻ വീണ്ടും കണ്ടു! ഹൃദയസ്‌പർശിയായിരുന്നു ആ പുനഃസമാഗമം. മരിച്ച പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുന്ന നല്ല നാളെക്കായി ആകാംക്ഷാപൂർവം കാത്തിരിക്കാൻ ഞങ്ങൾ പരസ്‌പരം പ്രോത്സാഹിപ്പിച്ചു.

‘നമ്മുടെ സഹിഷ്‌ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകും’ എന്ന്‌ റോമർ 15:4-ൽ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. പരിശോധനകൾക്കിടയിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സേവിക്കാൻ ഈ പ്രത്യാശ എന്നെ സഹായിച്ചിരിക്കുന്നു. അതേപ്രതി യഹോവയോടു ഞാൻ കൃതജ്ഞതയുള്ളവളാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 19 നമ്മുടെ ലോകാസ്ഥാനവുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ നിഷ്‌പക്ഷത സംബന്ധിച്ച പ്രശ്‌നങ്ങൾ അക്കാലത്ത്‌ സഹോദരങ്ങൾ അവരുടെ അറിവുവെച്ചാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യക്തികളുടെ വീക്ഷണം വ്യത്യസ്‌തമായിരുന്നു.

[10-ാം പേജിലെ ചിത്രം]

ഞാനും ഭർത്താവും, 1930-ൽ

[10-ാം പേജിലെചിത്രം]

വില്ലിക്ക്‌ ഏഴുവയസ്സുള്ളപ്പോൾ

[12-ാം പേജിലെ ചിത്രം]

1995-ൽ ഞങ്ങളുടെ പുനഃസമാഗമം. ഞാൻ ആദ്യത്തെ നിരയിൽ ഇടത്തുനിന്ന്‌ രണ്ടാമത്‌