വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റായ ന്യായവാദങ്ങളാൽ സ്വയം വഞ്ചിക്കരുത്‌

തെറ്റായ ന്യായവാദങ്ങളാൽ സ്വയം വഞ്ചിക്കരുത്‌

തെറ്റായ ന്യായവാദങ്ങളാൽ സ്വയം വഞ്ചിക്കരുത്‌

‘നീ ഈ ചെയ്‌തത്‌ എന്ത്‌?’ വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച ഹവ്വായോട്‌ ദൈവം ചോദിച്ചതാണിത്‌. ‘പാമ്പ്‌ എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി,’ അവൾ പറഞ്ഞു. (ഉല്‌പ. 3:13) ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ അവളെ പ്രേരിപ്പിച്ച സൂത്രശാലിയായ ആ പാമ്പ്‌ അഥവാ സാത്താൻ, ‘ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കുന്ന പഴയ പാമ്പ്‌’ എന്ന്‌ പിന്നീട്‌ അറിയപ്പെടാനിടയായി.—വെളി. 12:9.

ശ്രദ്ധയില്ലാത്തവരെ കുടുക്കാനായി നുണകൾ മനയുന്ന കൗശലക്കാരനായാണ്‌ ഉല്‌പത്തി വിവരണം സാത്താനെ ചിത്രീകരിക്കുന്നത്‌. ഹവ്വാ അവന്റെ ചതിയിൽപ്പെട്ടു. എന്നാൽ സാത്താനു മാത്രമല്ല നമ്മെ വഴിതെറ്റിക്കാൻ കഴിയുന്നത്‌. “സത്യവിരുദ്ധമായ വാദങ്ങളാൽ സ്വയം വഞ്ചിക്കരുത്‌” എന്നും ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—യാക്കോ. 1:22.

സ്വയം വഞ്ചിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന്‌ ഒരുപക്ഷേ നമുക്കു തോന്നിയേക്കാം. എന്നാൽ അതിന്‌ സാധ്യതയുള്ളതുകൊണ്ടാണ്‌ ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നത്‌. ആ സ്ഥിതിക്ക്‌, നാം നമ്മെത്തന്നെ എങ്ങനെ വഞ്ചിച്ചേക്കാം എന്നും തെറ്റായ ഏതുതരം ന്യായവാദങ്ങൾ നമ്മെ വഴിതെറ്റിച്ചേക്കാം എന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. ഇതിനോടുള്ള ബന്ധത്തിൽ നമുക്ക്‌ ഒരു തിരുവെഴുത്തു വിവരണം പരിശോധിക്കാം.

ആത്മവഞ്ചനയ്‌ക്ക്‌ ഇരയായവർ

ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന യഹൂദന്മാർക്ക്‌ യെരുശലേമിലേക്കു മടങ്ങിപ്പോയി ആലയം പുനർനിർമിക്കാൻ പേർഷ്യൻ രാജാവായിരുന്ന മഹാനായ കോരെശ്‌ അനുമതി നൽകി. ഏതാണ്ട്‌ ബി.സി. 537-ൽ ആയിരുന്നു അത്‌. (എസ്രാ 1:1, 2) തൊട്ടടുത്ത വർഷം യഹോവയുടെ ഹിതംപോലെ ജനം പുതിയ ആലയത്തിനുള്ള അടിസ്ഥാനം ഇട്ടു. വളരെ പ്രധാനപ്പെട്ട ഈ നിർമാണവേലയുടെ ആദ്യഘട്ടത്തിന്മേൽ ദൈവം അനുഗ്രഹം ചൊരിഞ്ഞതിൽ ജനം അത്യന്തം സന്തോഷിച്ചു, അവർ യഹോവയെ വാഴ്‌ത്തിപ്പാടി. (എസ്രാ 3:8, 10, 11) എന്നാൽ പെട്ടെന്നുതന്നെ അവരുടെ വേലയ്‌ക്ക്‌ എതിർപ്പുകൾ നേരിടാൻ തുടങ്ങി; അതോടെ അവരുടെ ധൈര്യം ക്ഷയിച്ചു. (എസ്രാ 4:4) ജനം മടങ്ങിയെത്തി ഏതാണ്ട്‌ 15 വർഷം കഴിഞ്ഞപ്പോഴേക്കും പേർഷ്യൻ അധികാരികൾ യെരുശലേമിലെ എല്ലാ നിർമാണപ്രവർത്തനങ്ങളും നിരോധിക്കുകയുണ്ടായി. നിരോധനം നടപ്പിലാക്കാനായി പ്രാദേശിക അധികാരികൾ യെരുശലേമിൽ എത്തി “ബലാല്‌ക്കാരത്തോടെ അവരെ (യഹൂദന്മാരെ) ഹേമിച്ചു പണിമുടക്കി” എന്ന്‌ നാം വായിക്കുന്നു.—എസ്രാ 4:21-24.

ഇത്ര വലിയൊരു തടസ്സം നേരിട്ടതോടെ യഹൂദന്മാർ തെറ്റായ ന്യായവാദങ്ങൾ നടത്തി സ്വയം വഞ്ചിക്കാൻ തുടങ്ങി. ‘യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നും’ ആലയം പണി അത്ര പെട്ടെന്നു തീർക്കാൻ ദൈവം ഉദ്ദേശിക്കുന്നില്ലെന്നും അവർ കണക്കുകൂട്ടി. (ഹഗ്ഗാ. 1:2) ഏതുവിധേനയും ദൈവത്തിന്റെ ഹിതം നടപ്പിലാക്കാൻ വഴിയാലോചിക്കുന്നതിനുപകരം അവർ തങ്ങൾക്കു ലഭിച്ച പാവനമായ നിയമനം ഉപേക്ഷിച്ചു. സ്വന്തം ഭവനങ്ങൾ മോടിപിടിപ്പിക്കുന്നതിലായി പിന്നെ അവരുടെ ശ്രദ്ധ. “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?” എന്ന്‌ ഹഗ്ഗായി പ്രവാചകൻ ചോദിച്ചത്‌ അതുകൊണ്ടാണ്‌.—ഹഗ്ഗാ. 1:4.

ഇതിൽനിന്ന്‌ നമുക്ക്‌ എന്താണ്‌ പഠിക്കാനുള്ളത്‌? ദൈവം തന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്ന സമയത്തെക്കുറിച്ച്‌ തെറ്റായ ധാരണ വെച്ചുപുലർത്തുന്നെങ്കിൽ നാം നമ്മുടെ ആത്മീയ പ്രവർത്തനങ്ങൾ അവഗണിക്കാനും വ്യക്തിപരമായ കാര്യങ്ങളിലേക്കു തിരിയാനും സാധ്യതയുണ്ട്‌. ഒരു ഉദാഹരണം നോക്കാം. അതിഥികൾ വരുന്നതും കാത്തിരിക്കുകയാണ്‌ നിങ്ങൾ. അവർക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം ഒരുക്കണം, നിങ്ങൾ അതിന്റെ തിരക്കിലാണ്‌. അവർ വരാൻ അൽപ്പം വൈകും എന്ന്‌ അപ്പോഴാണ്‌ കേൾക്കുന്നത്‌. ഒരുക്കങ്ങളെല്ലാം പാതിവഴിയിലാക്കി നിങ്ങൾ വേറെ കാര്യങ്ങൾക്കു പുറകെ പോകുമോ?

ആലയത്തിന്റെ പുനർനിർമാണം താമസംവിനാ പൂർത്തിയാക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന കാര്യം യഹൂദന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ഹഗ്ഗായിയും സെഖര്യാവും ശ്രമിച്ചു എന്ന്‌ ഓർക്കണം. “ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ. ധൈര്യപ്പെട്ടു വേല ചെയ്‌വിൻ” എന്ന്‌ ഹഗ്ഗായി ഉദ്‌ബോധിപ്പിക്കുകയുണ്ടായി. (ഹഗ്ഗാ. 2:4) അതെ, ദൈവത്തിന്റെ ആത്മാവ്‌ സഹായത്തിനുണ്ടെന്ന ബോധ്യത്തോടെ അവർ തങ്ങളുടെ ദൗത്യവുമായി മുന്നോട്ടുപോകണമായിരുന്നു. (സെഖ. 4:6, 7) യഹോവയുടെ ദിവസത്തെക്കുറിച്ച്‌ തെറ്റായ നിഗമനങ്ങൾ നടത്തരുത്‌ എന്നല്ലേ ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്‌?—1 കൊരി. 10:11.

തെറ്റായ ന്യായവാദങ്ങൾ തള്ളിക്കളഞ്ഞ്‌ ശരിയായി ചിന്തിക്കുക

ഒരു ‘പുതിയ ആകാശവും പുതിയ ഭൂമിയും’ സ്ഥാപിക്കാനുള്ള യഹോവയുടെ സമയപ്പട്ടികയെക്കുറിച്ച്‌ പത്രോസ്‌ അപ്പൊസ്‌തലൻ തന്റെ രണ്ടാമത്തെ ലേഖനത്തിൽ പറയുകയുണ്ടായി. (2 പത്രോ. 3:13) ദൈവം മനുഷ്യകാര്യാദികളിൽ ഇടപെടില്ല എന്നു പറഞ്ഞുകൊണ്ട്‌ ചില പരിഹാസികൾ സംശയത്തിന്റെ വിത്തുപാകുന്നതായി അവൻ പറഞ്ഞു. “സകലതും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു” എന്നും അതുകൊണ്ട്‌ ഇനി ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുമായിരുന്നു അവരുടെ വാദം. (2 പത്രോ. 3:4) തെറ്റായ ആ ന്യായവാദത്തെ ഖണ്ഡിക്കാൻ പത്രോസ്‌ തീരുമാനിച്ചു. അവൻ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “ചില കാര്യങ്ങൾ നിങ്ങളെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ നിങ്ങളുടെ കാര്യവിവേചനശേഷിയെ ഉണർത്താനത്രേ ഞാൻ ശ്രമിക്കുന്നത്‌.” ആ പരിഹാസികൾക്കാണ്‌ തെറ്റിപ്പോയതെന്ന്‌ പത്രോസ്‌ സഹാരാധകരെ ഓർമപ്പെടുത്തി. കാരണം, ഒരു ആഗോള ജലപ്രളയം വരുത്തിക്കൊണ്ട്‌ ദൈവം മുമ്പ്‌ മനുഷ്യകാര്യാദികളിൽ ഇടപെട്ടിട്ടുണ്ട്‌.—2 പത്രോ. 3:1, 5-7.

നിരുത്സാഹിതരായി വേല ഉപേക്ഷിച്ചുപോയ യഹൂദന്മാർക്ക്‌ ബി.സി. 520-ൽ ഹഗ്ഗായിയും ഇതുപോലൊരു ഉദ്‌ബോധനം നൽകി: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.” (ഹഗ്ഗാ. 1:5) തന്റെ ജനത്തെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യവും അവരോട്‌ അവൻ ചെയ്‌തിരിക്കുന്ന വാഗ്‌ദാനങ്ങളും ഹഗ്ഗായി അവരെ ഓർമിപ്പിച്ചു; തന്റെ സഹാരാധകരുടെ ‘കാര്യവിവേചനശേഷിയെ ഉണർത്തുന്നതിനായിരുന്നു’ അവൻ അങ്ങനെ ചെയ്‌തത്‌. (ഹഗ്ഗാ. 1:8; 2:4, 5) അധികാരികളിൽനിന്നുള്ള വിലക്കുണ്ടായിരുന്നിട്ടും ആ പ്രോത്സാഹനത്തിന്റെ ഫലമായി അവർ വേല പുനരാരംഭിച്ചു. അതിനു തടയിടാൻ എതിരാളികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ നിരോധനം നീങ്ങി. അഞ്ചുവർഷംകൊണ്ട്‌ ആലയത്തിന്റെ പണി പൂർത്തിയായി.—എസ്രാ 6:14, 15; ഹഗ്ഗാ. 1:14, 15.

“നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ”

പ്രശ്‌നങ്ങൾ നേരിടുമ്പോൾ, ഹഗ്ഗായിയുടെ നാളിലെ യഹൂദന്മാരെപ്പോലെ നമ്മുടെയും ധൈര്യം ചോർന്നുപോകാൻ സാധ്യതയുണ്ടോ? അങ്ങനെ സംഭവിച്ചാൽ സുവാർത്താപ്രസംഗവേലയിലുള്ള തീക്ഷ്‌ണത നിലനിറുത്താൻ ബുദ്ധിമുട്ടായിരിക്കാം. ആകട്ടെ, നമ്മുടെ ധൈര്യം ക്ഷയിച്ചുപോകാൻ ഇടയാക്കിയേക്കാവുന്ന ചില കാര്യങ്ങൾ ഏവയാണ്‌? ഈ വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന അനീതിയായിരിക്കാം ചിലപ്പോൾ നമ്മെ കഷ്ടത്തിലാക്കുന്നത്‌. ഹബക്കൂക്കുപോലും ഇങ്ങനെ ചോദിച്ചുപോയി: “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?” (ഹബ. 1:2) ഈ വ്യവസ്ഥിതിയുടെ നാശം വരാൻ വൈകുന്നു എന്ന തോന്നലായിരിക്കാം നമ്മെ ബാധിച്ചേക്കാവുന്ന മറ്റൊരു പ്രശ്‌നം. അപ്രകാരം ഒരു ക്രിസ്‌ത്യാനിക്കു തോന്നുന്നെങ്കിൽ അടിയന്തിരതാബോധം നഷ്ടപ്പെടാനും സുഖലോലുപമായ ഒരു ജീവിതത്തിലേക്കു തിരിയാനും അത്‌ അയാളെ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ കാര്യത്തിൽ അത്‌ സത്യമാണോ? ഇത്തരം തെറ്റായ ന്യായവാദങ്ങൾക്കു പുറകെ പോയാൽ നാം സ്വയം വഞ്ചിക്കുകയായിരിക്കും. “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ,” ‘നിങ്ങളുടെ കാര്യവിവേചനശേഷിയെ ഉണർത്തുവിൻ’ എന്നീ തിരുവെഴുത്ത്‌ ഉദ്‌ബോധനങ്ങൾക്ക്‌ നാം ശ്രദ്ധകൊടുക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! ‘ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ ഈ ദുഷ്ടവ്യവസ്ഥിതി നീണ്ടുപോയിരിക്കുന്നു എന്ന കാര്യം എന്നെ അതിശയിപ്പിക്കുന്നുണ്ടോ?’ എന്ന്‌ നമുക്ക്‌ സ്വയം ചോദിക്കാം.

കാത്തിരിക്കേണ്ട ഒരു കാലഘട്ടമുണ്ടെന്ന്‌ ബൈബിൾ പറയുന്നു

ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ ഒന്നു ചിന്തിക്കുക. മർക്കോസ്‌ രേഖപ്പെടുത്തിയിരിക്കുന്ന അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനത്തിൽ, ജാഗ്രതയോടിരിക്കാൻ യേശു പലവട്ടം ആഹ്വാനം ചെയ്‌തിരിക്കുന്നതു കാണാം. (മർക്കോ. 13:33-37) യഹോവയുടെ മഹാദിവസത്തിൽ നടക്കുന്ന അർമ്മഗെദ്ദോൻ യുദ്ധത്തെക്കുറിച്ചുള്ള പ്രാവചനിക വിവരണത്തിലും സമാനമായ ആഹ്വാനമുണ്ട്‌. (വെളി. 16:14-16) എന്തുകൊണ്ടാണ്‌ ആവർത്തിച്ച്‌ ഈ ഉദ്‌ബോധനം നൽകിയിരിക്കുന്നത്‌? എന്തിനെങ്കിലുമായി ദീർഘകാലം കാത്തിരിക്കേണ്ടിവരുമ്പോൾ അടിയന്തിരതാബോധം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ട്‌ ഇത്തരം ഓർമിപ്പിക്കലുകൾ കൂടിയേ തീരൂ.

ഈ വ്യവസ്ഥിതിയുടെ അന്ത്യം കാത്തിരിക്കവെ നമ്മുടെ ജാഗ്രത ഒട്ടും കുറഞ്ഞുപോകരുതെന്ന്‌ യേശു ഒരു ദൃഷ്ടാന്തത്തിലൂടെ കാണിച്ചുതരുകയുണ്ടായി. വീട്‌ കൊള്ളയടിക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച്‌ അവൻ അതിൽ പറഞ്ഞു. കവർച്ച നടക്കാതിരിക്കാൻ അയാൾ എന്തു ചെയ്യണമായിരുന്നു? രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. യേശു ആ ദൃഷ്ടാന്തം ഉപസംഹരിക്കുന്നത്‌ ഇങ്ങനെ ഉപദേശിച്ചുകൊണ്ടാണ്‌: “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട്‌ നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.”—മത്താ. 24:43, 44.

ഈ ദൃഷ്ടാന്തം വ്യക്തമാക്കുന്നത്‌ ഇതാണ്‌: അൽപ്പം നീണ്ട കാലഘട്ടമാണെങ്കിലും നാം കാത്തിരിക്കാൻ മനസ്സൊരുക്കമുള്ളവരായിരിക്കണം. അതെ, ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം പ്രതീക്ഷിച്ചതിലും ഏറെ നീണ്ടുപോയിരിക്കുന്നു എന്നോർത്ത്‌ ആവലാതിപ്പെടരുത്‌. ‘യഹോവയുടെ സമയം വന്നിട്ടില്ല’ എന്നു കണക്കുകൂട്ടി സ്വയം വഞ്ചിക്കുകയുമരുത്‌. അത്തരം ചിന്താഗതി രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാനുള്ള നമ്മുടെ താത്‌പര്യം കെടുത്തിക്കളയും.—റോമ. 12:11.

തെറ്റായ ന്യായവാദങ്ങൾ പിഴുതെറിയുക

ഗലാത്യർ 6:7-ലെ തത്ത്വം തെറ്റായ ന്യായവാദങ്ങളുടെ കാര്യത്തിലും ബാധകമാണ്‌. അവിടെ പറയുന്നു: “വഞ്ചിക്കപ്പെടരുത്‌: . . . ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.” എന്നാൽ നിലം വിതയ്‌ക്കാതെ കിടന്നാലോ? അവിടെ പെട്ടെന്ന്‌ കളകൾ മുളയ്‌ക്കും. സമാനമായി, നാം നമ്മുടെ ‘കാര്യവിവേചനശേഷിയെ ഉണർത്തുന്നില്ലെങ്കിൽ’ തെറ്റായ ന്യായവാദങ്ങൾ മനസ്സിൽ വേരുപിടിച്ചേക്കാം; ‘യഹോവയുടെ ദിവസം തീർച്ചയായും വരും, പക്ഷേ പെട്ടെന്നൊന്നും ഉണ്ടാവില്ല’ എന്നൊക്കെ നാം ചിന്തിച്ചുപോകും. പ്രതീക്ഷകളിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ നമ്മെ ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഉദാസീനരാക്കിയേക്കാം. ക്രമേണ, നാം ആത്മീയ കാര്യങ്ങൾ അവഗണിക്കാനിടയുണ്ട്‌. അങ്ങനെ സംഭവിച്ചാൽ, ഓർക്കാപ്പുറത്തായിരിക്കാം യഹോവയുടെ ദിവസം നമ്മുടെമേൽ ആഞ്ഞടിക്കുന്നത്‌.—2 പത്രോ. 3:10.

എന്നാൽ “നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം” തിരിച്ചറിയാൻ നാം നിരന്തരം ശ്രമിക്കുന്നെങ്കിൽ തെറ്റായ ന്യായവാദങ്ങൾ നമ്മുടെ മനസ്സിൽ വേരുപിടിക്കില്ല. (റോമ. 12:2) ദൈവവചനം ദിവസവും വായിക്കുന്നതാണ്‌ അതിനുള്ള ഒരു മാർഗം. എപ്പോഴും താൻ നിർണയിച്ചിരിക്കുന്ന സമയത്തുതന്നെ കാര്യങ്ങൾ നടത്തുന്ന ദൈവമാണ്‌ യഹോവ എന്ന നമ്മുടെ ബോധ്യം ഒന്നുകൂടി ശക്തമാക്കാൻ തിരുവെഴുത്തുകൾക്കാകും.—ഹബ. 2:3.

പഠനം, പ്രാർഥന, മുടങ്ങാതെയുള്ള യോഗഹാജർ, പ്രസംഗവേല എന്നിവയും ഒപ്പം ദയാപ്രവൃത്തികളും ‘യഹോവയുടെ ദിവസത്തിന്റെ വരവ്‌ സദാ മനസ്സിൽക്കാണാൻ’ നമ്മെ സഹായിക്കും. (2 പത്രോ. 3:11, 12) ഇക്കാര്യങ്ങളിലുള്ള നമ്മുടെ സ്ഥിരോത്സാഹം യഹോവ ശ്രദ്ധിക്കാതെ പോകില്ല. പൗലോസ്‌ അപ്പൊസ്‌തലൻ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌. തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാ. 6:9.

യഹോവയുടെ ദിവസം അടുത്തുവരുകയാണ്‌! തെറ്റായ ന്യായവാദങ്ങൾക്കു വഴിപ്പെട്ട്‌, ആ ദിവസം വരാൻ വൈകുമെന്നു ചിന്തിക്കാനുള്ള സമയമല്ല പകരം ഉറച്ചുനിൽക്കേണ്ട സമയമാണിത്‌.

[4-ാം പേജിലെ ചിത്രം]

ആലയം പണിയാൻ ഹഗ്ഗായിയും സെഖര്യാവും യഹൂദന്മാരെ ഉത്സാഹിപ്പിച്ചു

[5-ാം പേജിലെ ചിത്രം]

കള്ളൻ വരുമെന്ന്‌ വീട്ടുകാരൻ അറിഞ്ഞിരുന്നെങ്കിൽ. . .