അവർ മിശിഹായെ കണ്ടെത്തി!
അവർ മിശിഹായെ കണ്ടെത്തി!
“ഞങ്ങൾ മിശിഹായെ . . . കണ്ടെത്തിയിരിക്കുന്നു.”—യോഹ. 1:41.
1. “ഞങ്ങൾ മിശിഹായെ . . . കണ്ടെത്തിയിരിക്കുന്നു” എന്ന പ്രസ്താവനയിലേക്കു നയിച്ച സംഭവം വിവരിക്കുക.
യോഹന്നാൻ സ്നാപകൻ തന്റെ രണ്ടുശിഷ്യന്മാരോടൊപ്പം നിൽക്കുകയായിരുന്നു. യേശു വരുന്നതു കണ്ടതും, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്” എന്ന് അവൻ വിളിച്ചുപറഞ്ഞു. യോഹന്നാനോടൊപ്പമുണ്ടായിരുന്ന അന്ത്രെയാസും മറ്റേ ശിഷ്യനും ഉടൻതന്നെ യേശുവിന്റെ പിന്നാലെ ചെന്ന് അന്ന് അവനോടുകൂടെ താമസിച്ചു. പിന്നീട്, അന്ത്രെയാസ് തന്റെ സഹോദരനായ ശിമോൻ പത്രോസിനെ അന്വേഷിച്ചുചെന്നു; അവനെ യേശുവിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെല്ലുന്നതിനുമുമ്പ് അന്ത്രെയാസ് നാടകീയമായ ഈ പ്രഖ്യാപനംനടത്തി: “ഞങ്ങൾ മിശിഹായെ . . . കണ്ടെത്തിയിരിക്കുന്നു.”—യോഹ. 1:35-41.
2. മിശിഹൈക പ്രവചനങ്ങൾ തുടർന്നു പരിചിന്തിക്കുന്നത് നമ്മെ എപ്രകാരം സ്വാധീനിക്കും?
2 അന്ത്രെയാസിനും പത്രോസിനും തിരുവെഴുത്തുകൾ പരിശോധിക്കാൻ പിന്നീടങ്ങോട്ട് ധാരാളം അവസരങ്ങൾ ലഭിച്ചു. നസറായനായ യേശുവാണ് വാഗ്ദത്ത മിശിഹായെന്ന് പൂർണബോധ്യത്തോടെ പറയാൻ അങ്ങനെ അവർക്കായി. നമ്മെ സംബന്ധിച്ചോ? മറ്റുചില മിശിഹൈക പ്രവചനങ്ങളുംകൂടെ പരിചിന്തിക്കുമ്പോൾ, ദൈവത്തിന്റെ വചനത്തിലും അവന്റെ അഭിഷിക്തനിലുമുള്ള നമ്മുടെയും വിശ്വാസം കൂടുതൽ ബലിഷ്ഠമായിത്തീരും.
‘ഇതാ, നിന്റെ രാജാവു വരുന്നു’
3. യേശു ജയഘോഷത്തോടെ യെരുശലേമിൽ പ്രവേശിച്ചപ്പോൾ ഏതു പ്രവചനങ്ങൾ നിവൃത്തിയായി?
3 മിശിഹാ ജയഘോഷത്തോടെ യെരുശലേമിൽ പ്രവേശിക്കും. സെഖര്യാവ് പ്രവചിച്ചു: “സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” (സെഖ. 9:9) “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന് സങ്കീർത്തനക്കാരനും പാടി. (സങ്കീ. 118:26) യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ പ്രവചനനിവൃത്തിയെന്നവണ്ണം ജനക്കൂട്ടം സ്വമനസ്സാലെ ആർത്തുവിളിച്ചു. ഇങ്ങനെ ചെയ്യുന്നതിനായി ആ ജനക്കൂട്ടത്തെ സ്വാധീനിക്കാൻ യേശുവിനു കഴിയുമായിരുന്നില്ല. പിൻവരുന്ന തിരുവെഴുത്തു വിവരണം വായിക്കുമ്പോൾ ആ രംഗം മനസ്സിൽക്കാണുക, അവിടെ ഉയർന്നുകേട്ട ആരവത്തിനു ചെവിയോർക്കുക.—മത്തായി 21:4-9 വായിക്കുക.
4. സങ്കീർത്തനം 118:22, 23 നിവൃത്തിയേറിയത് എങ്ങനെ?
4 യേശു മിശിഹാ ആണെന്നതിനുള്ള തെളിവുകൾ ഗണ്യമാക്കാതെ പലരും അവനെ തിരസ്കരിക്കുമെങ്കിലും ദൈവത്തിന് അവൻ വിലപ്പെട്ടവനാണ്. മുൻകൂട്ടിപ്പറഞ്ഞതുപോലെ, തെളിവുകൾ അംഗീകരിക്കാൻ കൂട്ടാക്കാഞ്ഞ മനുഷ്യർ യേശുവിനെ ‘നിന്ദിച്ചു, അവനെ ആദരിച്ചതുമില്ല.’ (യെശ. 53:3; മർക്കോ. 9:12) എന്നാൽ, “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു” എന്നു പാടാൻ യഹോവ സങ്കീർത്തനക്കാരനെ നിശ്വസ്തനാക്കിയിരുന്നു. (സങ്കീ. 118:22, 23) ഈ തിരുവെഴുത്തുഭാഗം യേശു തന്റെ മതവൈരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ആ നിശ്വസ്തമൊഴികൾ ക്രിസ്തുവിൽ നിറവേറിയതായി പത്രോസും പറഞ്ഞു. (മർക്കോ. 12:10, 11; പ്രവൃ. 4:8-11) അതെ, യേശു ക്രിസ്തീയസഭയുടെ ‘മൂലക്കല്ലാ’യിത്തീർന്നു. അഭക്തമനുഷ്യർ തള്ളിക്കളഞ്ഞെങ്കിലും അവൻ ‘ദൈവം തിരഞ്ഞെടുത്തവനും ദൈവത്തിനു വിലപ്പെട്ടവനുമാണ്.’—1 പത്രോ. 2:4-6.
അവനെ ഒറ്റിക്കൊടുത്തു, ഉപേക്ഷിച്ചു!
5, 6. മിശിഹായെ ഒറ്റിക്കൊടുക്കുന്നതിനോടു ബന്ധപ്പെട്ട് ഏതു പ്രവചനങ്ങളാണ് നിവൃത്തിയേറിയത്?
5 മിശിഹായുടെ കൂടെനടക്കുന്നവൻ അവനെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. ദാവീദ് പ്രവചിച്ചു: “ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻപോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.” (സങ്കീ. 41:9) ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവരെ സുഹൃത്തുക്കളായാണ് കണക്കാക്കിയിരുന്നത്. (ഉല്പ. 31:54) അതുകൊണ്ടുതന്നെ യൂദാ ഈസ്കര്യോത്താ യേശുവിനെ ഒറ്റിക്കൊടുത്ത പ്രവൃത്തി തീർത്തും നീചമായിരുന്നു. തന്നെ ഒറ്റിക്കൊടുക്കുന്നവനെക്കുറിച്ച് അപ്പൊസ്തലന്മാരോടു പറഞ്ഞപ്പോൾ ദാവീദിന്റെ ആ പ്രാവചനിക വാക്കുകളുടെ നിവൃത്തിയിലേക്ക് യേശു ശ്രദ്ധക്ഷണിച്ചു: “നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്കെതിരെ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്ന തിരുവെഴുത്ത് നിവൃത്തിയാകേണ്ടിയിരിക്കുന്നു.”—യോഹ. 13:18.
6 മിശിഹായെ ഒറ്റിക്കൊടുക്കുന്നവന് ഒരു അടിമയുടെ വിലയായ 30 വെള്ളിക്കാശ് ലഭിക്കും. ഒരു തുച്ഛമായ തുകയ്ക്കാണ് യേശുവിനെ ഒറ്റിക്കൊടുത്തതെന്ന കാര്യം സെഖര്യാവു 11:12, 13 ഉദ്ധരിച്ചുകൊണ്ട് മത്തായി വിവരിക്കുന്നു. എന്നാൽ, “യിരെമ്യാപ്രവാചകൻ മുഖാന്തര”മാണ് ഇത് അരുളിച്ചെയ്തതെന്ന് മത്തായി പറഞ്ഞത് എന്തുകൊണ്ടാണ്? മത്തായിയുടെ കാലത്ത്, സെഖര്യാപ്രവചനം ഉൾപ്പെട്ട ബൈബിൾ പുസ്തകങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ പുസ്തകം യിരെമ്യാപ്രവചനം ആയിരിക്കാം എന്നതാണ് അതിനു കാരണം. (ലൂക്കോസ് 24:44 താരതമ്യം ചെയ്യുക.) നീചമാർഗത്തിലൂടെ സമ്പാദിച്ച ആ പണം യൂദായ്ക്ക് ഉപകാരപ്പെട്ടില്ല; അവൻ അത് ആലയത്തിൽ വലിച്ചെറിഞ്ഞിട്ട് പോയി തൂങ്ങിച്ചത്തു.—മത്താ. 26:14-16; 27:3-10.
7. സെഖര്യാവു 13:7 നിവൃത്തിയേറിയത് എങ്ങനെ?
7 മിശിഹായുടെ ശിഷ്യന്മാർ ചിതറിപ്പോകും. “ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക,” സെഖര്യാവ് എഴുതി. (സെഖ. 13:7) എ.ഡി. 33 നീസാൻ 14-ന് യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെപ്രതി ഇടറിപ്പോകും. ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.” അത് അങ്ങനെതന്നെ സംഭവിച്ചു. “ശിഷ്യന്മാർ എല്ലാവരും (യേശുവിനെ) വിട്ട് ഓടിപ്പോയി” എന്ന് മത്തായി രേഖപ്പെടുത്തിയിരിക്കുന്നു.—മത്താ. 26:31, 56.
കുറ്റാരോപണവും പ്രഹരവും
8. യെശയ്യാവു 53:8 നിവൃത്തിയേറിയത് എങ്ങനെ?
8 മിശിഹായെ വിചാരണചെയ്യുകയും കുറ്റംവിധിക്കുകയും ചെയ്യും. (യെശയ്യാവു 53:8 വായിക്കുക.) നീസാൻ 14-ാം തീയതി പുലർച്ചെ ന്യായാധിപസഭ കൂടിവന്നു; അവർ യേശുവിനെ ബന്ധിച്ച് റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിനു കൈമാറി. പീലാത്തൊസ് അവനെ ചോദ്യംചെയ്തെങ്കിലും കുറ്റമൊന്നും കണ്ടെത്താനായില്ല. യേശുവിനെ മോചിപ്പിക്കാൻ പീലാത്തൊസിനു മനസ്സായിരുന്നെങ്കിലും “അവനെ സ്തംഭത്തിലേറ്റുക!” എന്ന് ജനക്കൂട്ടം മുറവിളികൂട്ടി; പകരം ബറബ്ബാസിനെ മോചിപ്പിക്കാനായിരുന്നു അവർ ആവശ്യപ്പെട്ടത്. ജനങ്ങളെ പ്രീണിപ്പിക്കാൻ ആഗ്രഹിച്ച പീലാത്തൊസ് ബറബ്ബാസിനെ മോചിപ്പിച്ചു; യേശുവിനെ ചാട്ടയ്ക്കടിപ്പിച്ചശേഷം സ്തംഭത്തിൽ തറയ്ക്കാൻ ഏൽപ്പിക്കുകയും ചെയ്തു.—മർക്കോ. 15:1-15.
9. യേശുവിന്റെ കാര്യത്തിൽ സങ്കീർത്തനം 35:11 നിവൃത്തിയേറിയത് എങ്ങനെ?
9 കള്ളസാക്ഷികൾ മിശിഹായ്ക്കെതിരെ മൊഴിനൽകും. “കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു” എന്ന് ദാവീദ് പറഞ്ഞു. (സങ്കീ. 35:11) ആ പ്രവചനത്തിനു ചേർച്ചയിൽ “മുഖ്യപുരോഹിതന്മാരും ന്യായാധിപസഭ മുഴുവനും യേശുവിനെ വധിക്കേണ്ടതിന് അവനെതിരെ കള്ളത്തെളിവുകൾ അന്വേഷിച്ചുകൊണ്ടിരുന്നു.” (മത്താ. 26:59) “പലരും അവനെതിരെ കള്ളസാക്ഷ്യം നൽകുന്നുണ്ടായിരുന്നെങ്കിലും അവരുടെ സാക്ഷ്യങ്ങൾ തമ്മിൽ പൊരുത്തപ്പെട്ടില്ല.” (മർക്കോ. 14:56) എന്നാൽ യേശുവിന്റെ രക്തത്തിനായി ദാഹിച്ച, ഭ്രാന്തുപിടിച്ച ശത്രുക്കൾക്ക് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു.
10. യെശയ്യാവു 53:7 നിവൃത്തിയേറിയത് എങ്ങനെയെന്നു വിശദീകരിക്കുക.
10 കുറ്റാരോപകരുടെ മുമ്പിൽ മിശിഹാ നിശ്ശബ്ദനായിരിക്കും. യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.” (യെശ. 53:7) ‘മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും (യേശുവിന്റെമേൽ) കുറ്റം ആരോപിക്കവെ, അവൻ ഒന്നും ഉരിയാടിയില്ല. അപ്പോൾ പീലാത്തൊസ് അവനോട്, “നിനക്കെതിരെ ഇവർ എന്തെല്ലാം സാക്ഷ്യങ്ങളാണു പറയുന്നതെന്നു നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു. എന്നിട്ടും അവൻ അവനോടു മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല. ദേശാധിപതി അത്യന്തം ആശ്ചര്യപ്പെട്ടു.’ (മത്താ. 27:12-14) അതെ, തന്റെമേൽ കുറ്റം ആരോപിച്ചവരെ യേശു അധിക്ഷേപിച്ചില്ല.—റോമ. 12:17-21; 1 പത്രോ. 2:23.
11. യെശയ്യാവു 50:6-ഉം മീഖാ 5:1-ഉം നിവൃത്തിയേറിയത് എങ്ങനെ?
11 മിശിഹായ്ക്ക് പ്രഹരമേൽക്കുമെന്ന് യെശയ്യാവ് പ്രവചിച്ചിരുന്നു. “അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” എന്ന് പ്രവാചകൻ രേഖപ്പെടുത്തിയിരുന്നു. (യെശ. 50:6) മീഖാ പ്രവചിച്ചു: “യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.” (മീഖാ 5:1) ഈ പ്രവചനങ്ങളുടെ നിവൃത്തി സാക്ഷ്യപ്പെടുത്തിക്കൊണ്ട് സുവിശേഷ എഴുത്തുകാരനായ മർക്കോസ് എഴുതി: ‘ചിലർ (യേശുവിനെ) തുപ്പുകയും അവന്റെ മുഖം മൂടിയിട്ടു മുഷ്ടിചുരുട്ടി ഇടിക്കുകയും അവനോട്, “പ്രവചിക്കുക” എന്നു പറയുകയും ചെയ്തു. ഭടന്മാർ അവന്റെ ചെകിട്ടത്തടിച്ച് അവനെ ഏറ്റുവാങ്ങി.’ “ഞാങ്ങണത്തണ്ടുകൊണ്ട് അവന്റെ തലയ്ക്കടിക്കുകയും അവനെ തുപ്പുകയും (പരിഹാസരൂപേണ) മുട്ടുകുത്തി അവനെ നമസ്കരിക്കുകയും ചെയ്തു.” (മർക്കോ. 14:65; 15:19) ഒരു കാരണവുമില്ലാതെയാണ് അവർ യേശുവിനോട് അങ്ങനെ പെരുമാറിയത്.
മരണത്തോളം വിശ്വസ്തൻ
12. സങ്കീർത്തനം 22:16-ഉം യെശയ്യാവു 53:12-ഉം യേശുവിൽ നിവൃത്തിയേറിയത് എങ്ങനെ?
12 മിശിഹായെ വധിക്കുന്ന വിധം പ്രവചിക്കപ്പെട്ടിരുന്നു. “ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു,” ദാവീദ് പാടി. (സങ്കീ. 22:16) ഈ വാക്കുകൾ നിവൃത്തിയേറിയെന്ന് മർക്കോസിന്റെ സുവിശേഷത്തിൽനിന്നു നാം മനസ്സിലാക്കുന്നു. രാവിലെ ഏകദേശം ഒൻപതുമണിയായപ്പോൾ ‘അവർ അവനെ സ്തംഭത്തിൽ തറച്ചു’ എന്നാണ് ബൈബിൾ വായനക്കാർക്കു സുപരിചിതമായ ആ സംഭവത്തെക്കുറിച്ച് മർക്കോസ് എഴുതിയത്. (മർക്കോ. 15:25) മിശിഹായെ പാപികളുടെ കൂട്ടത്തിൽ ഗണിക്കുമെന്നും പ്രവചനമുണ്ടായിരുന്നു. “അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും . . . അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും” ചെയ്യും എന്ന് യെശയ്യാവ് എഴുതിയിരുന്നു. (യെശ. 53:12) അങ്ങനെതന്നെ, “രണ്ടുകവർച്ചക്കാരെ, ഒരുത്തനെ (യേശുവിന്റെ) വലത്തും മറ്റവനെ അവന്റെ ഇടത്തുമായി സ്തംഭങ്ങളിലേറ്റി.”—മത്താ. 27:38.
13. സങ്കീർത്തനം 22:7, 8 യേശുവിന്റെ കാര്യത്തിൽ നിവൃത്തിയേറിയത് എങ്ങനെ?
13 മിശിഹാ അധിക്ഷേപം സഹിക്കേണ്ടിവരുമെന്ന് ദാവീദ് പ്രവചിച്ചിരുന്നു. (സങ്കീർത്തനം 22:7, 8 വായിക്കുക.) ദണ്ഡനസ്തംഭത്തിൽ യാതന അനുഭവിക്കുന്ന യേശുവിനെ ആളുകൾ അധിക്ഷേപിച്ചതിനെക്കുറിച്ച് മത്തായി രേഖപ്പെടുത്തി: ‘അതിലേ കടന്നുപോയിരുന്നവർ തലകുലുക്കിക്കൊണ്ട്, “ഹേ, ആലയം ഇടിച്ചുകളഞ്ഞ് മൂന്നുദിവസത്തിനകം പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനാണെങ്കിൽ സ്തംഭത്തിൽനിന്ന് ഇറങ്ങിവാ” എന്ന് അവനെ നിന്ദിച്ചുപറഞ്ഞു. അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരോടും മൂപ്പന്മാരോടും ചേർന്ന് അവനെ പരിഹസിച്ചുകൊണ്ട്, “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു കഴിയുന്നില്ല! ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. ഇപ്പോൾ ഇവൻ ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് ഇവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു. ദൈവം ഇവനിൽ പ്രസാദിക്കുന്നെങ്കിൽ ഇപ്പോൾ ഇവനെ വിടുവിക്കട്ടെ, ‘ഞാൻ ദൈവപുത്രനാണ്’ എന്നല്ലയോ ഇവൻ പറഞ്ഞത്?” എന്നു പറഞ്ഞു.’ (മത്താ. 27:39-43) ഈ പരിഹാസത്തിനൊന്നും യേശുവിന്റെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കാനായില്ല. നമുക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മാതൃക!
14, 15. യേശുവിന്റെ വസ്ത്രങ്ങളെക്കുറിച്ചും അവന് ചൊറുക്ക നൽകിയതിനെക്കുറിച്ചുമുള്ള പ്രവചനങ്ങൾ നിവൃത്തിയേറിയത് എങ്ങനെ?
14 മിശിഹായുടെ അങ്കിക്കായി ചീട്ടിടും. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 22:18) അങ്ങനെതന്നെ സംഭവിച്ചു: “(യേശുവിനെ) സ്തംഭത്തിൽ തറച്ചശേഷം (റോമൻ പടയാളികൾ) നറുക്കിട്ട് അവന്റെ വസ്ത്രങ്ങൾ വീതിച്ചെടുത്തു.”—മത്താ. 27:35; യോഹന്നാൻ 19:23, 24 വായിക്കുക.
15 മിശിഹായ്ക്ക് കയ്പു കലർത്തിയ വീഞ്ഞും ചൊറുക്കയും കുടിക്കാൻ കൊടുക്കും. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതിയിരുന്നു: “അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.” (സങ്കീ. 69:21) “അവർ (യേശുവിന്) കയ്പു കലർത്തിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു. അവനോ അതു രുചിച്ചുനോക്കിയിട്ട് കുടിക്കാൻ വിസമ്മതിച്ചു.” പിന്നീട്, “അവരിൽ ഒരുത്തൻ ഓടിച്ചെന്ന് നീർപ്പഞ്ഞി പുളിച്ച വീഞ്ഞിൽ മുക്കി ഒരു ഞാങ്ങണത്തണ്ടിന്മേൽവെച്ച് അവനു കുടിക്കാൻ കൊടുത്തു.”—മത്താ. 27:34, 48.
16. സങ്കീർത്തനം 22:1 നിവൃത്തിയേറിയത് എങ്ങനെയെന്നു വിശദീകരിക്കുക.
16 ദൈവം മിശിഹായെ കൈവിട്ടതായി തോന്നും. (സങ്കീർത്തനം 22:1 വായിക്കുക.) പ്രവചിക്കപ്പെട്ടിരുന്നതുപോലെ ‘ഒൻപതാം മണി (ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി) ആയപ്പോൾ യേശു, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്നർഥംവരുന്ന “ഏലീ, ഏലീ, ലമാ ശബക്താനീ?” എന്ന് ഉച്ചത്തിൽ നിലവിളിച്ചുപറഞ്ഞു.’ (മർക്കോ. 15:34) യേശുവിന് തന്റെ പിതാവിലുള്ള വിശ്വാസം നഷ്ടമായി എന്ന് ഇതു സൂചിപ്പിക്കുന്നില്ല. ക്രിസ്തുവിന്റെ നിർമലത പൂർണമായി പരീക്ഷിക്കപ്പെടേണ്ടതിന് ദൈവം അവനെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും അവനുണ്ടായിരുന്ന സംരക്ഷണം പിൻവലിക്കുകയും ചെയ്യുകയായിരുന്നു. യേശു ഉച്ചത്തിൽ നിലവിളിച്ചപ്പോൾ സങ്കീർത്തനം 22:1 നിവൃത്തിയേറി.
17. സെഖര്യാവു 12:10-ഉം സങ്കീർത്തനം 34:20-ഉം നിവൃത്തിയേറിയത് എങ്ങനെ?
17 മിശിഹായുടെ വിലാപ്പുറത്തു കുത്തും, എന്നാൽ അവന്റെ അസ്ഥികൾ ഒന്നുപോലും തകർക്കപ്പെടുകയില്ല. യെരുശലേം നിവാസികൾ “തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു . . . നോക്കും” എന്ന് പ്രവചനമുണ്ടായിരുന്നു. (സെഖ. 12:10) കൂടാതെ “അവന്റെ അസ്ഥികളെ എല്ലാം (ദൈവം) സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല” എന്ന് സങ്കീർത്തനം 34:20 രേഖപ്പെടുത്തിയിരുന്നു. ഈ വസ്തുതകൾ നിവൃത്തിയേറിയതായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് യോഹന്നാൻ അപ്പൊസ്തലൻ എഴുതി: ‘പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്റെ (യേശുവിന്റെ) വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറത്തുവന്നു. നിങ്ങളും വിശ്വസിക്കേണ്ടതിന് അതു കണ്ടവൻതന്നെ (യോഹന്നാൻ) അതിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യമാകുന്നു. . . . “അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല” എന്ന തിരുവെഴുത്തിനു നിവൃത്തിവരേണ്ടതിന് ഇതൊക്കെയും സംഭവിച്ചു. “തങ്ങൾ കുത്തിയവനിലേക്ക് അവർ നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.’—യോഹ. 19:33-37.
18. യേശു സമ്പന്നരോടൊപ്പം അടക്കപ്പെടാൻ ഇടയായത് എങ്ങനെ?
18 മിശിഹാ സമ്പന്നരോടൊപ്പം അടക്കപ്പെടും. (യെശയ്യാവു 53:5, 8, 9 വായിക്കുക.) നീസാൻ 14-ാം തീയതി വൈകുന്നേരമായപ്പോൾ “യോസേഫ് എന്നു പേരുള്ള അരിമഥ്യക്കാരനായ ഒരു ധനികൻ” പീലാത്തൊസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചുവാങ്ങി. മത്തായി വിവരണം തുടരുന്നു: “അനന്തരം യോസേഫ് ശരീരം എടുത്ത് നിർമലമായ ഒരു മേൽത്തരം കച്ചയിൽ പൊതിഞ്ഞ്, താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് അവൻ അവിടെനിന്നു പോയി.”—മത്താ. 27:57-60.
മിശിഹൈക രാജാവിനെ വാഴ്ത്തുക!
19. സങ്കീർത്തനം 16:10-ലെ പ്രാവചനിക വാക്കുകൾ സത്യമായത് എങ്ങനെ?
19 മിശിഹാ ഉയിർപ്പിക്കപ്പെടും. “നീ (യഹോവ) എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ദാവീദ് എഴുതി. (സങ്കീ. 16:10) യേശുവിന്റെ ശരീരം അടക്കിയ കല്ലറയ്ക്കൽ വന്ന സ്ത്രീകൾക്കുണ്ടായ ആശ്ചര്യം ഊഹിക്കാനാകുന്നുണ്ടോ? മനുഷ്യശരീരം സ്വീകരിച്ചുവന്ന ഒരു ദൂതനെയാണ് അവർ അവിടെ കണ്ടത്. ആ ദൂതൻ അവരോടു പറഞ്ഞു: “പരിഭ്രമിക്കേണ്ട. സ്തംഭത്തിൽ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങൾ തിരയുന്നത്. അവൻ ഇവിടെയില്ല; അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാ, അവനെ വെച്ചിരുന്ന സ്ഥലം.” (മർക്കോ. 16:6) എ.ഡി. 33-ലെ പെന്തെക്കൊസ്തു ദിനത്തിൽ യെരുശലേമിലുണ്ടായിരുന്ന ജനക്കൂട്ടത്തോട് പത്രോസ് പ്രഖ്യാപിച്ചു: “‘അവൻ പാതാളത്തിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ജഡം ജീർണിച്ചതുമില്ല’ എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് (ദാവീദ്) പ്രസ്താവിച്ചു.” (പ്രവൃ. 2:29-31) തന്റെ പ്രിയപുത്രന്റെ ഭൗതികശരീരം ജീർണിക്കാൻ ദൈവം അനുവദിച്ചില്ല. എന്നുതന്നെയല്ല, അത്ഭുതകരമായി ആത്മജീവനിലേക്ക് അവനെ ഉയിർപ്പിക്കുകയും ചെയ്തു!—1 പത്രോ. 3:18.
20. മിശിഹായുടെ വാഴ്ചയെക്കുറിച്ച് പ്രവചനങ്ങൾ എന്തു പറയുന്നു?
20 പ്രവചിക്കപ്പെട്ടിരുന്നതുപോലെ, യേശു തന്റെ പുത്രനാണെന്ന് ദൈവം പ്രഖ്യാപിച്ചു. (സങ്കീർത്തനം 2:7; മത്തായി 3:17 വായിക്കുക.) മാത്രമല്ല, ജനക്കൂട്ടം യേശുവിനെയും അവന്റെ വരാനിരിക്കുന്ന രാജ്യത്തെയും വാഴ്ത്തുകയുണ്ടായി. നമ്മളും അവനെക്കുറിച്ചും അവന്റെ ഭരണം കൈവരുത്തുന്ന അനുഗ്രഹങ്ങളെക്കുറിച്ചും സന്തോഷപൂർവം സംസാരിക്കുന്നു. (മർക്കോ. 11:7-10) “സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു” ക്രിസ്തു “വാഹനമേറി എഴുന്നെള്ളു”മ്പോൾ അവൻ ശത്രുക്കളെ വകവരുത്തും. (സങ്കീ. 2:8, 9; 45:1-6) അതിനുശേഷം അവന്റെ രാജത്വം ഭൂമിയിലെമ്പാടും സമാധാനവും സമൃദ്ധിയും കൈവരുത്തും. (സങ്കീ. 72:1, 3, 12, 16; യെശ. 9:6, 7) ദൈവത്തിന്റെ പ്രിയപുത്രൻ മിശിഹായായി സ്വർഗത്തിൽ ഇതിനകം വാഴ്ച ആരംഭിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്നനിലയിൽ ഈ സത്യങ്ങൾ പ്രഖ്യാപിക്കാൻ നമുക്ക് ലഭിച്ചിരിക്കുന്ന പദവി എത്ര അമൂല്യമാണ്!
ഉത്തരം പറയാമോ?
• യേശുവിനെ ഒറ്റിക്കൊടുത്തതും ഉപേക്ഷിച്ചതും എങ്ങനെ?
• യേശുക്രിസ്തുവിന്റെ വധവുമായി ബന്ധപ്പെട്ട എന്തൊക്കെ കാര്യങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു?
• യേശുവാണ് വാഗ്ദത്ത മിശിഹാ എന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
യെരുശലേമിലേക്കുള്ള യേശുവിന്റെ ജയഘോഷയാത്ര ഏതു പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു?
[15-ാം പേജിലെ ചിത്രങ്ങൾ]
നമ്മുടെ പാപങ്ങൾക്കായി മരിച്ച യേശു ഇപ്പോൾ മിശിഹൈക രാജാവായി വാഴുന്നു