അവർ മിശിഹായെ കാത്തിരുന്നു
അവർ മിശിഹായെ കാത്തിരുന്നു
“ജനങ്ങൾ സംശയഗ്രസ്‌തരായി, യോഹന്നാൻ തന്നെയായിരിക്കുമോ മിശിഹായെന്നു ചിന്തിച്ചുതുടങ്ങി.”—ലൂക്കോ. 3:15, വിശുദ്ധഗ്രന്ഥം.
1. ഒരു ദൂതൻ എന്ത് ഉദ്‌ഘോഷിക്കുന്നതാണ് ചില ഇടയന്മാർ കേട്ടത്?
രാത്രി നന്നേ വൈകിയിരുന്നു. ഇടയന്മാർ ആടുകളുമായി വെളിമ്പ്രദേശത്ത് കഴിയുകയാണ്. പെട്ടെന്നതാ, അവരുടെ മുമ്പിൽ യഹോവയുടെ ഒരു ദൂതൻ! ദൈവത്തിന്റെ പ്രഭ അവർക്കു ചുറ്റും പരന്നപ്പോൾ അവർ ഞെട്ടിത്തരിച്ചിരിക്കാം. ഇപ്പോൾ ആ ദൂതൻ ഉദ്‌ഘോഷിക്കുന്നു: “ഭയപ്പെടേണ്ട! ഇതാ, സകല ജനത്തിനും ഉണ്ടാകാനിരിക്കുന്ന മഹാസന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളോടു ഘോഷിക്കുന്നു. കർത്താവായ ക്രിസ്‌തു എന്ന രക്ഷകൻ . . . ഇന്നു നിങ്ങൾക്കായി പിറന്നിരിക്കുന്നു.” മിശിഹാ ആയിത്തീരുമായിരുന്ന ആ ശിശു അടുത്തുള്ള ഒരു പട്ടണത്തിലെ കാലിത്തൊഴുത്തിൽ ഭൂജാതനായിരുന്നു. “പെട്ടെന്ന് സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം” “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു ഘോഷിച്ചുകൊണ്ട് യഹോവയെ സ്‌തുതിച്ചു.—ലൂക്കോ. 2:8-14.
2. “മിശിഹാ” എന്നതിന്റെ അർഥമെന്ത്, മിശിഹായെ തിരിച്ചറിയാനുള്ള മാർഗം എന്തായിരുന്നു?
2 “മിശിഹാ” അഥവാ “ക്രിസ്‌തു” എന്നാൽ ദൈവത്തിന്റെ “അഭിഷിക്ത”നാണെന്ന് ആ യഹൂദ ഇടയന്മാർക്ക് അറിയാമായിരുന്നു. (പുറ. 29:5-7) എന്നാൽ ദൂതൻ പറഞ്ഞ ആ ശിശുതന്നെയായിരിക്കും ദൈവം നിയോഗിച്ച മിശിഹായെന്ന് സ്വയം ഉറപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവർക്ക് എങ്ങനെ കഴിയുമായിരുന്നു? ആ ശിശുവിന്റെ ജീവിതവും പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും എബ്രായ തിരുവെഴുത്തുകളിലുള്ള മിശിഹൈക പ്രവചനങ്ങളുമായി അവ തട്ടിച്ചുനോക്കുകയും ചെയ്യുന്നതായിരുന്നു അതിനുള്ള മാർഗം.
ആളുകൾ പ്രതീക്ഷിച്ചിരുന്നത് എന്തുകൊണ്ട്?
3, 4. ദാനീയേൽ 9:24, 25 നിവൃത്തിയേറിയത് എങ്ങനെ?
3 വർഷങ്ങൾക്കുശേഷം, സ്‌നാപക യോഹന്നാന്റെ വാക്കുകളും പ്രവൃത്തികളും നിരീക്ഷിച്ച ജനങ്ങളിൽ ചിലർ അവൻ മിശിഹാ ആണോ എന്നു സംശയിച്ചു. (ലൂക്കോസ് 3:15 വായിക്കുക.) ‘എഴുപത് ആഴ്‌ചവട്ട’ത്തെക്കുറിച്ചുള്ള മിശിഹൈക പ്രവചനത്തിന്റെ അർഥം അവർ ശരിയായി മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാൻ. മിശിഹാ പ്രത്യക്ഷപ്പെടുന്ന സമയം അവർക്ക് അതിൽനിന്നു മനസ്സിലാക്കാനാകുമായിരുന്നു. ആ പ്രവചനത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്‌പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്‌ചവട്ടം; അറുപത്തുരണ്ടു ആഴ്‌ചവട്ടംകൊണ്ടു അതിനെ . . . വീണ്ടും പണിയും.” (ദാനീ. 9:24, 25) ഇത് വർഷങ്ങളുടെ ആഴ്‌ചകളാണ് എന്ന് പല പണ്ഡിതന്മാരും സമ്മതിക്കുന്നു. ഉദാഹരണത്തിന് ‘എഴുപത് ആഴ്‌ചവട്ടം’ എന്നതിനുപകരം “വർഷങ്ങളുടെ എഴുപത് ആഴ്‌ചകൾ” എന്നാണ് പി.ഒ.സി. ബൈബിളിൽ കാണുന്നത്.
4 യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയാൻ അർത്ഥഹ്‌ശഷ്ടാരാജാവ് നെഹെമ്യാവിനെ അധികാരപ്പെടുത്തിയ ബി.സി. 455-ലാണ് ദാനീയേൽ 9:25-ൽ കാണുന്ന 69 ആഴ്‌ചവട്ടത്തിന്റെ അതായത് 483 വർഷത്തിന്റെ തുടക്കമെന്ന് ഇന്നത്തെ ദൈവദാസന്മാർക്ക് അറിയാം. (നെഹെ. 2:1-8) നസറായനായ യേശു സ്‌നാനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകംപ്രാപിച്ച് മിശിഹാ ആയിത്തീരുകയും ചെയ്‌ത എ.ഡി. 29-ലാണ് ആ 483 വർഷം പൂർത്തിയായത്.—മത്താ. 3:13-17. *
5. ഏതു പ്രവചനങ്ങളാണ് നാം പരിചിന്തിക്കാൻ പോകുന്നത്?
5 യേശുവിന്റെ ജനനം, ബാല്യകാലം, ശുശ്രൂഷ എന്നിവയുമായി ബന്ധപ്പെട്ടു നിവൃത്തിയേറിയ എണ്ണമറ്റ മിശിഹൈക പ്രവചനങ്ങളിൽ ചിലത് നമുക്ക് ഇപ്പോൾ പരിശോധിക്കാം. ദൈവത്തിന്റെ പ്രാവചനിക വചനത്തിലുള്ള നമ്മുടെ വിശ്വാസം ദൃഢമാക്കാൻ അത് തീർച്ചയായും സഹായിക്കും. ആളുകൾ കാലങ്ങളായി കാത്തിരുന്ന മിശിഹാ യേശുതന്നെയായിരുന്നു എന്നും അതിലൂടെ വ്യക്തമാകും.
ജനനവും ബാല്യകാലവും—മുൻകൂട്ടിപ്പറഞ്ഞതുപോലെ
6. ഉല്‌പത്തി 49:10 നിവൃത്തിയേറിയത് എങ്ങനെയെന്നു വിശദീകരിക്കുക.
6 മിശിഹാ ഇസ്രായേലിലെ യെഹൂദാഗോത്രത്തിൽ പിറക്കും. ഗോത്രപിതാവായ യാക്കോബ് മരണശയ്യയിൽവെച്ച് പുത്രന്മാരെ അനുഗ്രഹിക്കുമ്പോൾ ഈ പ്രവചനം ഉച്ചരിച്ചു: “അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.” (ഉല്‌പ. 49:10) മിശിഹായിൽ നിവൃത്തിയേറുന്ന വാക്കുകളാണ് ഇവയെന്ന് പല പഴയകാല യഹൂദപണ്ഡിതന്മാരും അംഗീകരിച്ചിരുന്നു. യെഹൂദാഗോത്രത്തിൽ പിറന്ന ദാവീദുരാജാവിന്റെ വാഴ്‌ചയോടെ ചെങ്കോലും (രാജകീയ പരമാധികാരം) രാജദണ്ഡും (കൽപ്പിക്കാനുള്ള അധികാരം) യെഹൂദാഗോത്രത്തിനു സ്വന്തമായി. യെഹൂദാരാജപരമ്പരയുടെ അവസാനത്തെ കണ്ണി യാക്കോബ് പ്രവചിച്ച “അവകാശമുള്ളവൻ” ആയിരിക്കുമായിരുന്നു; അവനായിരിക്കും നിത്യാവകാശി. ഭൂമിയിൽ ഭരണം നടത്തിയ അവസാനത്തെ യെഹൂദാരാജാവായിരുന്ന സിദെക്കീയാവിനോട്, നിയമപരമായി അവകാശമുള്ളവന് രാജാധികാരം നൽകുമെന്ന് ദൈവം പറഞ്ഞത് ഈ അവകാശിയെക്കുറിച്ചാണ്. (യെഹെ. 21:26, 27) ആകട്ടെ, ആരായിരുന്നു ഈ അവകാശി? സിദെക്കീയാവിനുശേഷം, ദാവീദിന്റെ പിൻഗാമികളിൽ യഹോവ രാജാധികാരം ഉറപ്പുനൽകിയത് യേശുവിനു മാത്രമായിരുന്നു. അവന്റെ ജനനത്തിനുമുമ്പ് ഗബ്രിയേൽ ദൂതൻ മറിയയോട് ഇങ്ങനെ പറയുകയുണ്ടായി: “ദൈവമായ യഹോവ, അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നേക്കും രാജാവായി വാഴും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല.” (ലൂക്കോ. 1:32, 33) അതെ, യേശുക്രിസ്‌തുതന്നെയാണ് യെഹൂദയുടെയും ദാവീദിന്റെയും വംശത്തിൽ പിറന്ന “അവകാശമുള്ളവൻ.”—മത്താ. 1:1-3, 6; ലൂക്കോ. 3:23, 31-34.
7. എവിടെയാണ് മിശിഹാ ജനിച്ചത്, അതിന് പ്രാധാന്യമുള്ളത് എന്തുകൊണ്ട്?
7 മിശിഹാ ബേത്ത്‌ലെഹെമിൽ ജനിക്കും. “നീയോ, ബേത്ത്‌ലേഹെം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ” എന്നു മീഖാ പ്രവചിച്ചു. (മീഖാ 5:2) എഫ്രാത്ത് എന്ന് ഒരിക്കൽ അറിയപ്പെട്ടിരിക്കാൻ ഇടയുള്ള, യെഹൂദ്യ പട്ടണമായ ബേത്ത്‌ലെഹെമിൽ ആയിരിക്കുമായിരുന്നു മിശിഹായുടെ ജനനം. യേശുവിന്റെ അമ്മ മറിയയും അവന്റെ വളർത്തുപിതാവായ യോസേഫും നസറെത്തിലാണ് താമസിച്ചിരുന്നതെങ്കിലും പേരുചാർത്താനുള്ള റോമൻ ഭരണാധികാരിയുടെ കൽപ്പന അനുസരിച്ച് അവർ ബേത്ത്‌ലെഹെമിലേക്കു പോയി. അങ്ങനെ ബി.സി. 2-ൽ യേശു അവിടെ ജനിക്കാനിടയായി. (മത്താ. 2:1, 5, 6) എത്ര കൃത്യതയോടെയാണ് ആ പ്രവചനം നിവൃത്തിയേറിയത്!
8, 9. മിശിഹായുടെ ജനനത്തെക്കുറിച്ചും അതിനുശേഷം അരങ്ങേറാനിരുന്ന സംഭവങ്ങളെക്കുറിച്ചും എന്തു പ്രവചനങ്ങൾ ഉണ്ടായിരുന്നു?
8 മിശിഹാ ഒരു കന്യകയ്‌ക്കു പിറക്കും. (യെശയ്യാവു 7:14 വായിക്കുക.) “കന്യക” ഒരു മകനെ പ്രസവിക്കുമെന്ന് യെശയ്യാവു 7:14-ലെ പ്രവചനം സൂചിപ്പിക്കുന്നു. വിവാഹത്തിനുമുമ്പ് റിബെക്കായെ പരാമർശിക്കാൻ ഉപയോഗിച്ചിരിക്കുന്നതും ഇതേ പദമാണ്. (ഉല്‌പ. 24:16, 43) യേശുവിന്റെ ജനനത്തോടെ ഈ പ്രവചനം നിവൃത്തിയേറിയെന്ന് മത്തായി നിശ്വസ്‌തതയിൽ രേഖപ്പെടുത്തി. മറിയ ഒരു കന്യകയായിരുന്നെന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലാണ് അവൾ ഗർഭിണിയായതെന്നും മത്തായിയും ലൂക്കോസും പറയുന്നു.—മത്താ. 1:18-25; ലൂക്കോ. 1:26-35.
9 മിശിഹായുടെ ജനനശേഷം ശിശുക്കൾ വധിക്കപ്പെടും. നൂറ്റാണ്ടുകൾക്കുമുമ്പ് അങ്ങനെ ഒരു സംഭവമുണ്ടായി. അന്ന്, എബ്രായർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നൈൽ നദിയിൽ എറിഞ്ഞുകളയണമെന്ന് ഈജിപ്‌റ്റിലെ ഫറവോൻ കൽപ്പിച്ചു. (പുറ. 1:22) എന്നാൽ അതിനുശേഷം യിരെമ്യാവു 31:15, 16-ൽ, ‘ശത്രുവിന്റെ ദേശത്തേക്കു’ കൊണ്ടുപോയ തന്റെ മക്കളെച്ചൊല്ലി റാഹേൽ വിലപിക്കുന്നതായി പറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. യെരുശലേമിനു വടക്കുള്ള ബെന്യാമീൻ പ്രദേശത്തെ റാമയിൽ അവളുടെ വിലാപം കേട്ടതായി അവിടെ പറയുന്നു. ബേത്ത്‌ലെഹെമിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആൺകുഞ്ഞുങ്ങളെ വധിക്കാൻ ഹെരോദാരാജാവ് ഉത്തരവിട്ടപ്പോൾ യിരെമ്യാവിന്റെ ആ വാക്കുകൾ നിവൃത്തിയേറിയെന്ന് മത്തായി എഴുതി. (മത്തായി 2:16-18 വായിക്കുക.) അന്ന് അവിടെ ഉയർന്ന വിലാപം എത്ര ഹൃദയഭേദകമായിരുന്നിരിക്കും!
10. ഹോശേയ 11:1 യേശുവിൽ നിവൃത്തിയേറിയത് എങ്ങനെ?
10 ഇസ്രായേല്യരെപ്പോലെ മിശിഹായെയും ഈജിപ്‌റ്റിൽനിന്നു വിളിക്കും. (ഹോശേ. 11:1) ഹെരോദാവ് കുട്ടികളെ വധിക്കാനുള്ള ഉത്തരവിടുന്നതിനുമുമ്പുതന്നെ ഒരു ദൂതൻ യോസേഫിനു പ്രത്യക്ഷപ്പെട്ട്, യേശുവിനെയും മറിയയെയും കൂട്ടി ഈജിപ്‌റ്റിലേക്കു പോകാൻ കൽപ്പിച്ചു. “ഹെരോദാവിന്റെ മരണംവരെ” അവർ അവിടെ പാർത്തു. ‘“ഈജിപ്‌റ്റിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു തന്റെ പ്രവാചകൻ (ഹോശേയ) മുഖാന്തരം യഹോവ അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിന് ഇങ്ങനെ സംഭവിച്ചു.’ (മത്താ. 2:13-15) തന്റെ ജനനത്തോടും ബാല്യകാലത്തോടും ബന്ധപ്പെട്ട ഈ പ്രവചനങ്ങളുടെ നിവൃത്തിയെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാൻ യേശുവിന് ആകുമായിരുന്നില്ല.
മിശിഹാ പ്രവർത്തനം ആരംഭിക്കുന്നു
11. യഹോവയുടെ അഭിഷിക്തനുവേണ്ടി വഴി ഒരുങ്ങിയത് എങ്ങനെ?
11 ദൈവത്തിന്റെ അഭിഷിക്തനുവേണ്ടി വഴി ഒരുക്കും. മിശിഹായുടെ വരവിനായി ആളുകളുടെ ഹൃദയം ഒരുക്കിക്കൊണ്ട് ‘ഏലിയാപ്രവാചകൻ’ ഈ വേല നിർവഹിക്കുമെന്ന് മലാഖി പ്രവചിക്കുകയുണ്ടായി. (മലാഖി 4:5, 6 വായിക്കുക.) ഈ “ഏലിയാവ്” യോഹന്നാൻ സ്‌നാപകനാണെന്ന് യേശുതന്നെ വെളിപ്പെടുത്തി. (മത്താ. 11:12-14) യോഹന്നാന്റെ ശുശ്രൂഷ യെശയ്യാവിന്റെ പ്രാവചനിക വാക്കുകളുടെ നിവൃത്തിയാണെന്ന് മർക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. (യെശ. 40:3; മർക്കോ. 1:1-4) ഏലിയാപ്രവാചകന്റെ വേല നിർവഹിക്കാൻ തന്റെ മുൻഗാമിയായി യോഹന്നാനെ ആക്കിവെച്ചത് യേശു ആയിരുന്നില്ല. മുൻകൂട്ടിപ്പറഞ്ഞിരുന്ന ഈ ‘ഏലിയാവിന്റെ’ പ്രവർത്തനങ്ങൾ ദൈവഹിതപ്രകാരമാണ് അരങ്ങേറിയത്. മിശിഹാ ആരാണെന്നു കണ്ടെത്താൻ അത് ഉപകരിച്ചു.
12. ഏതു ദൈവദത്ത നിയോഗം മിശിഹായെ തിരിച്ചറിയിക്കുമായിരുന്നു?
12 ഒരു ദൈവദത്ത നിയോഗം മിശിഹായെ തിരിച്ചറിയിക്കും. താൻ വളർന്നുവന്ന നസറെത്ത് പട്ടണത്തിലെ ഒരു സിനഗോഗിൽവെച്ച് യെശയ്യാപുസ്‌തകത്തിൽനിന്നു പിൻവരുന്ന വാചകങ്ങൾ വായിച്ച് യേശു തനിക്ക് അവ ബാധകമാക്കി: “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. തടവുകാരോടു മോചനവും അന്ധന്മാരോടു കാഴ്‌ചയും ഘോഷിക്കാനും മർദിതരെ വിടുവിച്ചയയ്‌ക്കാനും യഹോവയുടെ പ്രസാദവർഷം പ്രസിദ്ധമാക്കാനും അവൻ എന്നെ അയച്ചിരിക്കുന്നു.” മിശിഹാ ആയിരുന്നതുകൊണ്ട് സത്യസന്ധമായി യേശുവിന് ഇങ്ങനെ പറയാനായി: “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്തിന് ഇന്നു നിവൃത്തി വന്നിരിക്കുന്നു.”—ലൂക്കോ. 4:16-21.
13. യേശുവിന്റെ ഗലീലയിലെ പരസ്യശുശ്രൂഷയെക്കുറിച്ച് എന്തു മുൻകൂട്ടിപ്പറഞ്ഞിരുന്നു?
13 മിശിഹായുടെ ഗലീലയിലെ പരസ്യശുശ്രൂഷയെക്കുറിച്ച് പ്രവചിക്കപ്പെട്ടിരുന്നു. ‘യോർദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലം’ ആയ ‘സെബുലൂൻ, നഫ്‌താലിദേശങ്ങളിലെ’ ജനങ്ങളെക്കുറിച്ച്, അതായത് ഗലീലയിലെ ജനങ്ങളെക്കുറിച്ച് യെശയ്യാവ് എഴുതി: “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.” (യെശ. 9:1, 2) കഫർന്നഹൂമിൽ താമസിച്ചുകൊണ്ട് ഗലീലയിലാണ് യേശു തന്റെ ശുശ്രൂഷയ്‌ക്കു തുടക്കമിട്ടത്. അങ്ങനെ സെബുലൂൻ, നഫ്‌താലി ദേശക്കാർക്ക് യേശു ചൊരിഞ്ഞ ആത്മീയ വെളിച്ചത്തിൽനിന്നു പ്രയോജനം നേടാനായി. (മത്താ. 4:12-16) യേശു ചിന്തോദ്ദീപകമായ ഗിരിപ്രഭാഷണം നടത്തിയതും അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുത്തതും തന്റെ ആദ്യ അത്ഭുതം പ്രവർത്തിച്ചതും ഈ ഗലീലയിൽവെച്ചാണ്. പുനരുത്ഥാനശേഷം ഏതാണ്ട് 500 ശിഷ്യന്മാർക്ക് അവൻ പ്രത്യക്ഷപ്പെട്ടതും ഗലീലയിൽവെച്ചായിരിക്കാം. (മത്താ. 5:1–7:27; 28:16-20; മർക്കോ. 3:13, 14; യോഹ. 2:8-11; 1 കൊരി. 15:6) ‘സെബുലൂൻ, നഫ്‌താലിദേശങ്ങളിൽ’ പ്രസംഗിച്ചുകൊണ്ട് അങ്ങനെ അവൻ യെശയ്യാപ്രവചനം നിവർത്തിച്ചു. ഇസ്രായേലിലെ മറ്റു പ്രദേശങ്ങളിലും രാജ്യസന്ദേശം പ്രസംഗിക്കാൻ യേശു മറന്നില്ല.
മിശിഹായുടെ മറ്റു പ്രവർത്തനങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു
14. സങ്കീർത്തനം 78:2 യേശുവിൽ നിവൃത്തിയേറിയത് എങ്ങനെ?
14 ഉപമകളും ദൃഷ്ടാന്തങ്ങളും ഉപയോഗിച്ച് മിശിഹാ സംസാരിക്കും. “ഞാൻ ഉപമ പ്രസ്‌താവിപ്പാൻ വായ് തുറക്കും” എന്ന് സങ്കീർത്തനക്കാരനായ ആസാഫ് പാടി. (സങ്കീ. 78:2) ഈ പ്രവചനം യേശുവിനു ബാധകമാണെന്ന് നമുക്ക് എങ്ങനെ അറിയാം? മത്തായി അത് വ്യക്തമാക്കുന്നു. ദൈവരാജ്യത്തെ പുളിമാവിനോടും മരമായിത്തീർന്ന കടുകുമണിയോടും യേശു ഉപമിച്ചതിനെക്കുറിച്ചു പറഞ്ഞശേഷം മത്തായി എഴുതി: ‘ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ (യേശു) അവരോട് ഒന്നും പറയുമായിരുന്നില്ല. “ഞാൻ ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കും. ലോകസ്ഥാപനംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ പ്രസിദ്ധമാക്കും” എന്നു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു.’ (മത്താ. 13:31-35) ഉപമകളും ദൃഷ്ടാന്തങ്ങളും യേശുവിന്റെ ഉപദേശങ്ങൾക്ക് കരുത്തുപകർന്നു.
15. യെശയ്യാവു 53:4 നിവൃത്തിയേറിയത് എങ്ങനെയെന്നു പറയുക.
15 മിശിഹാ നമ്മുടെ വ്യാധികൾ ചുമക്കും. “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” എന്ന് യെശയ്യാവ് പ്രവചിക്കുകയുണ്ടായി. (യെശ. 53:4) യേശു രോഗികളെ സുഖപ്പെടുത്തിയതിന്റെ ധാരാളം വിവരണങ്ങൾ ബൈബിളിലുണ്ട്. ഒരിക്കൽ, യേശു പത്രോസിന്റെ അമ്മായിയമ്മയെയും മറ്റ് ധാരാളം ആളുകളെയും സുഖപ്പെടുത്തുകയുണ്ടായി. അതിനെക്കുറിച്ച് മത്തായി പറഞ്ഞത് ഇങ്ങനെയാണ്: ‘“അവൻ നമ്മുടെ രോഗങ്ങൾ ഏറ്റുവാങ്ങി, നമ്മുടെ വ്യാധികൾ ചുമന്നു” എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിന് ഇങ്ങനെ സംഭവിച്ചു.’—മത്താ. 8:14-17.
16. യെശയ്യാവു 53:1-ലെ വാക്കുകൾ യേശുവിൽ നിവൃത്തിയേറിയെന്ന് യോഹന്നാൻ അപ്പൊസ്‌തലൻ തെളിയിച്ചത് എങ്ങനെ?
16 മിശിഹാ നന്മകളെല്ലാം ചെയ്‌താലും മിക്കവരും അവനിൽ വിശ്വസിക്കില്ല. (യെശയ്യാവു 53:1 വായിക്കുക.) യെശയ്യാവ് പറഞ്ഞ വാക്കുകൾ നിവൃത്തിയേറിയെന്നു തെളിയിച്ചുകൊണ്ട് യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി: ‘അവർ കാൺകെ (യേശു) അനവധി അടയാളങ്ങൾ ചെയ്‌തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. അങ്ങനെ, “യഹോവേ, ഞങ്ങൾ കേട്ടത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന യെശയ്യാപ്രവാചകന്റെ വചനം നിവൃത്തിയാകാൻ ഇടവന്നു.’ (യോഹ. 12:37, 38) പൗലോസ് അപ്പൊസ്‌തലന്റെ ശുശ്രൂഷക്കാലത്തും യേശുമിശിഹായെക്കുറിച്ചുള്ള സുവിശേഷം ചുരുക്കം ചിലരേ വിശ്വസിച്ചുള്ളൂ.—റോമ. 10:16, 17.
17. യോഹന്നാൻ സങ്കീർത്തനം 69:4 യേശുവിനു ബാധകമാക്കിയത് എങ്ങനെ?
17 കാരണം കൂടാതെ മിശിഹായെ പകയ്‌ക്കും. (സങ്കീ. 69:4) യേശു ഇപ്രകാരം പറഞ്ഞതായി യോഹന്നാൻ അപ്പൊസ്‌തലൻ രേഖപ്പെടുത്തി: “മറ്റാരും ചെയ്‌തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവർക്കിടയിൽ ചെയ്‌തില്ലായിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴോ അവർ എന്റെ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും ദ്വേഷിച്ചിരിക്കുന്നു. എന്നാൽ ഇത്, ‘അവർ കാരണം കൂടാതെ എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതു നിവൃത്തിയാകേണ്ടതിനത്രേ.” (യോഹ. 15:24, 25) മുഴു തിരുവെഴുത്തുകളെയും കുറിക്കാൻ ‘ന്യായപ്രമാണം’ എന്നു പറയാറുണ്ട്. (യോഹ. 10:34; 12:34) യഹൂദന്മാർ, വിശേഷിച്ച് യഹൂദ മതനേതാക്കന്മാർ യേശുവിനെ ദ്വേഷിച്ചിരുന്നതായി സുവിശേഷവിവരണങ്ങൾ കാണിക്കുന്നു. തന്നെയുമല്ല, ക്രിസ്‌തുവും ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങളെ ദ്വേഷിക്കാൻ ലോകത്തിനു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവയെന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ ദ്വേഷിക്കുന്നു.”—യോഹ. 7:7.
18. മിശിഹാ യേശുതന്നെയാണ് എന്ന ബോധ്യം ഒന്നുകൂടി ശക്തമാക്കാൻ എന്തു സഹായിക്കും?
18 യേശുവാണ് മിശിഹാ എന്ന കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ അവന്റെ അനുഗാമികൾക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. കാരണം, എബ്രായ തിരുവെഴുത്തുകളിലെ മിശിഹൈക പ്രവചനങ്ങൾ അവനിൽ നിവൃത്തിയേറിയിരുന്നു. (മത്താ. 16:16) നാം കണ്ടതുപോലെ, അവയിൽ ചിലത് യേശുവിന്റെ ജനനത്തോടും ബാല്യകാലത്തോടും ശുശ്രൂഷയോടും ബന്ധപ്പെട്ടതാണ്. അടുത്ത ലേഖനത്തിൽ വേറെ ചില മിശിഹൈക പ്രവചനങ്ങൾ നാം പരിചിന്തിക്കും. അവയെക്കുറിച്ചും പ്രാർഥനാപൂർവം വിചിന്തനംചെയ്യുന്നപക്ഷം, യേശുക്രിസ്‌തുതന്നെയാണ് നമ്മുടെ സ്വർഗീയ പിതാവായ യഹോവ നിയമിച്ച മിശിഹാ എന്ന നമ്മുടെ ബോധ്യം കൂടുതൽ ശക്തമായിത്തീരും.
[അടിക്കുറിപ്പ്]
^ ഖ. 4 ‘എഴുപത് ആഴ്‌ചവട്ട’ത്തെക്കുറിച്ച് കൂടുതൽ അറിയാൻ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായം കാണുക.
ഉത്തരം പറയാമോ?
• ഏതൊക്കെ പ്രവചനങ്ങളാണ് യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ടു നിവൃത്തിയേറിയത്?
• മിശിഹായ്‌ക്കു വഴി ഒരുങ്ങിയത് എങ്ങനെ?
• യെശയ്യാവു 53-ലെ ഏതു പ്രവചനങ്ങളാണ് യേശുവിൽ നിവൃത്തിയേറിയത്?
[അധ്യയന ചോദ്യങ്ങൾ]