വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ആത്മീയപൈതൃകം!

നമ്മുടെ ആത്മീയപൈതൃകം!

“യഹോവയുടെ ദാസന്മാരുടെ അവകാശവും (“പൈതൃകവും,” പി.ഒ.സി. ബൈബിൾ) . . . ഇതു തന്നേ.”—യെശ. 54:17.

1. മനുഷ്യരുടെ പ്രയോജനത്തിനായി യഹോവ സ്‌നേഹപൂർവം എന്തു ചെയ്‌തിരിക്കുന്നു?

 “ജീവനുള്ള നിത്യദൈവ”മായ യഹോവ തന്റെ ജീവദായകമായ സന്ദേശം മനുഷ്യവർഗത്തിനായി പരിരക്ഷിച്ചിരിക്കുന്നു. ഇത്‌ എന്നേക്കും നിലകൊള്ളും. കാരണം ‘യഹോവയുടെ വചനം എന്നേക്കും നിലനിൽക്കും’ എന്നു തിരുവെഴുത്തു പറയുന്നു. (1 പത്രോ. 1:23-25) തന്റെ ലിഖിതവചനമായ ബൈബിളിൽ അത്തരം സുപ്രധാനവിവരങ്ങൾ യഹോവ സ്‌നേഹപൂർവം പരിരക്ഷിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

2. യഹോവ തന്റെ ജനത്തിന്റെ ഉപയോഗത്തിനായി ലിഖിതവചനത്തിൽ എന്തു പരിരക്ഷിച്ചിരിക്കുന്നു?

2 ദൈവം തനിക്കായിത്തന്നെ തിരഞ്ഞെടുത്ത നാമം ദൈവജനം ഉപയോഗിക്കുന്നതിനായി അവൻ തന്റെ വചനത്തിൽ പരിരക്ഷിച്ചിരിക്കുന്നു. “ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്‌പത്തിവിവരണ”ത്തിലാണ്‌ “യഹോവയായ ദൈവം” എന്ന പരാമർശം തിരുവെഴുത്തുകളിൽ ആദ്യം കാണുന്നത്‌. (ഉല്‌പ. 2:4) പത്തു കൽപ്പനകൾ അടങ്ങിയ കൽപ്പലകകളിൽ ദിവ്യനാമം അത്ഭുതകരമായ വിധത്തിൽ പല പ്രാവശ്യം ആലേഖനം ചെയ്‌തിരുന്നു. ഉദാഹരണത്തിന്‌, “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു” എന്ന്‌ ആദ്യകൽപ്പനയിൽ കാണാം. (പുറ. 20:1-17) ദൈവത്തിന്റെ വചനവും നാമവും തുടച്ചുനീക്കുന്നതിനായി സാത്താൻ കിണഞ്ഞു ശ്രമിച്ചെങ്കിലും “പരമാധീശകർത്താവായ യഹോവ” അവ പരിരക്ഷിച്ചതിനാൽ ദിവ്യനാമം ഇന്നും നിലനിൽക്കുന്നു.—സങ്കീ. 73:28, NW.

3. തെറ്റായ മതോപദേശങ്ങൾ വ്യാപകമാണെങ്കിലും ദൈവം എന്തു പരിരക്ഷിച്ചിരിക്കുന്നു?

3 തന്റെ വചനത്തിൽ യഹോവ പരിരക്ഷിച്ചിരിക്കുന്ന മറ്റൊന്നാണ്‌ സത്യം. തെറ്റായ മതോപദേശങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ ലോകത്തിൽ ദൈവം നമുക്ക്‌ ആത്മീയപ്രകാശവും സത്യവും നൽകിയിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! (സങ്കീർത്തനം 43:3, 4 വായിക്കുക.) മനുഷ്യരാശി അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ ദൈവദത്തമായ ആത്മീയവെളിച്ചത്തിൽ നടക്കാനാകുന്നതിൽ നാം സന്തോഷിക്കുന്നു.—1 യോഹ. 1:6, 7.

നമുക്കുള്ള വിശിഷ്ടമായ പൈതൃകം

4, 5. 1931 മുതൽ നമുക്ക്‌ ഏതു വിശിഷ്ടപദവി ലഭിച്ചിരിക്കുന്നു?

4 ക്രിസ്‌ത്യാനികളായ നമുക്ക്‌ അമൂല്യമായ ഒരു പൈതൃകമുണ്ട്‌. പൈതൃകം എന്ന വാക്കിനെ ഒരു നിഘണ്ടു നിർവചിക്കുന്നത്‌, “പിതാവിൽനിന്നു പാരമ്പര്യക്രമത്തിൽ ലഭിച്ച സംസ്‌കാരം, സമ്പത്ത്‌ മുതലായവ” എന്നാണ്‌. നമുക്കു ലഭിച്ചിരിക്കുന്ന മഹത്തായ ആത്മീയപൈതൃകത്തിൽ ദൈവവചനത്തിന്റെ സൂക്ഷ്‌മപരിജ്ഞാനവും ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യത്തിന്റെ സുവ്യക്തമായ ഗ്രാഹ്യവും ഉൾപ്പെടുന്നു. സവിശേഷമായ ഒരു പദവിയും അതിൽ അടങ്ങിയിട്ടുണ്ട്‌.

1931-ലെ കൺവെൻഷനിൽ നാം യഹോവയുടെ സാക്ഷികൾ എന്ന നാമം സന്തോഷത്തോടെ സ്വീകരിച്ചു

5 ആ പദവി നമ്മുടെ ആത്മീയാവകാശത്തിന്റെ ഭാഗമായിത്തീർന്നത്‌ 1931-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോയിലുള്ള കൊളംബസിൽ വെച്ചു നടന്ന നമ്മുടെ കൺവെൻഷനിലാണ്‌. അതിന്റെ കാര്യപരിപാടിയിൽ ജെ, ഡബ്ല്യു (JW) എന്നീ ഇംഗ്ലീഷ്‌ അക്ഷരങ്ങൾ ഉണ്ടായിരുന്നു. ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഈ അക്ഷരങ്ങൾ എന്തിനെക്കുറിക്കുന്നു എന്നതിനെക്കുറിച്ച്‌ പല ഊഹാപോഹങ്ങളും ഉണ്ടായി. കാത്തിരിക്കുക (Just Wait), കാത്തിരുന്നു കാണുക (Just Watch) എന്നൊക്കെയാണ്‌ പലരും ഊഹിച്ചത്‌; യഹോവയുടെ സാക്ഷികൾ (Jehovah’s Witnesses) എന്ന്‌ ശരിയായ ഊഹം നടത്തിയവരുമുണ്ട്‌.” അതുവരെ ബൈബിൾവിദ്യാർഥികൾ എന്ന്‌ അറിയപ്പെട്ടിരുന്ന നമ്മൾ 1931 ജൂലൈ 26 ഞായറാഴ്‌ച അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെ യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തധിഷ്‌ഠിതമായ പേര്‌ സ്വീകരിച്ചു; പുളകംകൊള്ളിക്കുന്ന ഒരു അനുഭവമായിരുന്നു അത്‌. (യെശയ്യാവു 43:12 വായിക്കുക.) “കൺവെൻഷൻസ്ഥലത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ടുള്ള കരഘോഷവും ആർപ്പുവിളിയും എനിക്ക്‌ ഒരിക്കലും മറക്കാനാവില്ല” എന്ന്‌ ഒരു സഹോദരൻ പറയുന്നു. ലോകത്തിൽ മറ്റാർക്കും ആ നാമം വേണ്ടായിരുന്നു; എന്നാൽ കഴിഞ്ഞ എട്ടു പതിറ്റാണ്ടിലേറെയായി ആ നാമം ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട്‌ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷിയായിരിക്കുക എന്നത്‌ എത്ര വിശിഷ്ടമായ ഒരു പദവിയാണ്‌!

6. കൃത്യതയുള്ള ഏതു വിവരങ്ങൾ നമ്മുടെ ആത്മീയപൈതൃകത്തിൽ ഉൾപ്പെടുന്നു?

6 കഴിഞ്ഞ കാലത്തുനിന്നു കൈമാറിക്കിട്ടിയിരിക്കുന്ന കൃത്യതയുള്ളതും വിലപ്പെട്ടതും ആയ വിവരങ്ങളാൽ സമ്പുഷ്ടമാണ്‌ നമ്മുടെ ആത്മീയപൈതൃകം. അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌ എന്നീ ഗോത്രപിതാക്കന്മാരുടെ കാര്യമെടുക്കുക. യഹോവയെ എങ്ങനെ പ്രീതിപ്പെടുത്താം എന്നതിനെക്കുറിച്ച്‌ അവരും കുടുംബാംഗങ്ങളും ചർച്ചകൾ നടത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ലൈംഗികാധാർമികതയിൽ ഉൾപ്പെടാതിരിക്കാനും “ദൈവത്തോടു പാപം” ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കാനും നീതിമാനായ യോസേഫിനു കഴിഞ്ഞു. (ഉല്‌പ. 39:7-9) ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തീയകീഴ്‌വഴക്കങ്ങൾ വാമൊഴിയായോ മാതൃകയാലോ കൈമാറപ്പെട്ടു. കർത്താവിന്റെ സന്ധ്യാഭക്ഷണവേളയെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലോസ്‌ ക്രിസ്‌തീയസഭകൾക്ക്‌ കൈമാറിക്കൊടുത്ത വിവരങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. (1 കൊരി. 11:2, 23) ഇന്ന്‌, ദൈവത്തെ “ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന”തിന്‌ നമുക്ക്‌ ആവശ്യമായ വിവരങ്ങൾ ദൈവത്തിന്റെ ലിഖിതവചനത്തിലുണ്ട്‌. (യോഹന്നാൻ 4:23, 24 വായിക്കുക.) മുഴുമനുഷ്യവർഗത്തെയും പ്രബുദ്ധമാക്കുന്നതിനുവേണ്ടിയുള്ളതാണ്‌ ബൈബിൾ. പക്ഷേ യഹോവയുടെ ദാസരെന്ന നിലയിൽ നാം അതിനെ പ്രത്യേകാൽ വിലമതിക്കുന്നു.

7. ഹൃദയസ്‌പൃക്കായ ഏതു വാഗ്‌ദാനം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്‌?

7 ‘യഹോവ നമ്മുടെ പക്ഷത്തുണ്ട്‌’ എന്നു തെളിയിക്കുന്ന, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വരുന്ന വിവരണങ്ങളും ആത്മീയപൈതൃകത്തിന്റെ ഭാഗമാണ്‌. (സങ്കീ. 118:7) പീഡനം നേരിടുമ്പോൾപ്പോലും സുരക്ഷിതത്വം തോന്നാൻ ഇത്‌ ഇടയാക്കുന്നു. ഒന്നിനൊന്ന്‌ സമ്പുഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ആത്മീയപൈതൃകത്തിന്റെ ഹൃദയസ്‌പൃക്കായ ഒരു വശം ഈ വാഗ്‌ദാനമാണ്‌: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും (“പൈതൃകവും,” പി.ഒ.സി.) എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശ. 54:17) നമുക്കു സ്ഥായിയായ ദോഷം വരുത്താൻ സാത്താന്റെ ആയുധശേഖരത്തിലെ യാതൊന്നിനുമാവില്ല.

8. ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും ആയി നാം എന്തു മനസ്സിലാക്കും?

8 ദൈവവചനത്തെ നശിപ്പിക്കാനും യഹോവ എന്ന നാമം ഇല്ലായ്‌മ ചെയ്യാനും സത്യത്തെ അടിച്ചമർത്താനും സാത്താൻ ശ്രമിച്ചിരിക്കുന്നു. പക്ഷേ യഹോവയുടെ മുമ്പിൽ അവൻ ഏതുമില്ല, യഹോവ അവന്റെ സകല ശ്രമങ്ങളും പരാജയപ്പെടുത്തിയിരിക്കുന്നു. ഈ ലേഖനത്തിലൂടെയും അടുത്ത ലേഖനത്തിലൂടെയും, (1) ദൈവം തന്റെ വചനം എങ്ങനെ സംരക്ഷിച്ചിരിക്കുന്നു; (2) തന്റെ നാമം പരിരക്ഷിക്കപ്പെടുന്നെന്ന്‌ യഹോവ എപ്രകാരം ഉറപ്പുവരുത്തിയിരിക്കുന്നു; (3) നമ്മുടെ സ്വർഗീയപിതാവ്‌ നമുക്കു ലഭിച്ചിരിക്കുന്ന സത്യത്തിന്റെ ഉറവും സംരക്ഷകനും ആയിരിക്കുന്നത്‌ ഏതുവിധങ്ങളിൽ എന്നീ കാര്യങ്ങൾ നാം മനസ്സിലാക്കും.

യഹോവ തന്റെ വചനം പരിരക്ഷിച്ചിരിക്കുന്നു

9-11. പല വിധങ്ങളിലുള്ള കടന്നാക്രമണങ്ങളെ ബൈബിൾ അതിജീവിച്ചിരിക്കുന്നുവെന്ന്‌ ഏതു ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു?

9 യഹോവ തന്റെ വചനത്തെ എല്ലാ കടന്നാക്രമണങ്ങളിൽനിന്നും പരിരക്ഷിച്ചിരിക്കുന്നു. കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു: “1229-ൽ ടുലൂസ്‌ കൗൺസിൽ (പ്രാദേശിക ഭാഷകളിലുള്ള) ബൈബിളുകൾ അൽമായർ ഉപയോഗിക്കുന്നത്‌ നിരോധിക്കുകയുണ്ടായി. അൽബീജെൻസുകാരോടും വാൾഡൻസുകാരോടും ഉള്ള കടുത്ത വിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്‌. . . . 1234-ൽ സ്‌പെയിനിലെ ടറാഗോണ കൗൺസിൽ, ജയിംസ്‌ ഒന്നാമന്റെ നേതൃത്വത്തിൽ സമാനമായ ഒരു നിരോധനം ഏർപ്പെടുത്തി. . . . റോം ഈ വിഷയത്തിൽ 1559-ൽ ആദ്യമായി ഇടപെട്ടു. അന്ന്‌ പോൾ നാലാമൻ പാപ്പാ പുറത്തിറക്കിയ നിരോധിക്കപ്പെട്ട പുസ്‌തകങ്ങളുടെ ഇൻഡക്‌സിൽ പ്രാദേശിക ഭാഷയിലുള്ള ബൈ(ബിളുകൾ) വിശുദ്ധ കാര്യാലയത്തിന്റെ അനുമതിയില്ലാതെ അച്ചടിക്കുന്നതും കൈവശംവെക്കുന്നതും വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായി.”

10 പല വിധത്തിലുള്ള ആക്രമണങ്ങൾ നേരിട്ടെങ്കിലും ബൈബിൾ പരിരക്ഷിക്കപ്പെട്ടു. ഏതാണ്ട്‌ 1382-ൽ ജോൺ വിക്ലിഫും അദ്ദേഹത്തിന്റെ സഹകാരികളും ഇംഗ്ലീഷിലുള്ള ആദ്യബൈബിൾപരിഭാഷ പുറത്തിറക്കി. മറ്റൊരു ബൈബിൾപരിഭാഷകനായിരുന്നു വില്യം ടിൻഡെയ്‌ൽ; അദ്ദേഹത്തെ 1536-ൽ വധശിക്ഷയ്‌ക്കു വിധിച്ചു. സ്‌തംഭത്തിൽ കിടന്നുകൊണ്ട്‌ അദ്ദേഹം, “കർത്താവേ, ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണു തുറക്കേണമേ” എന്നു നിലവിളിച്ചതായി പറയപ്പെടുന്നു. തുടർന്ന്‌ അദ്ദേഹത്തെ കഴുത്തു ഞെരിച്ചു കൊല്ലുകയും ചുട്ടെരിക്കുകയും ചെയ്‌തു.

11 എല്ലാ എതിർപ്പുകളെയും ബൈബിൾ അതിജീവിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, 1535-ൽ മൈൽസ്‌ കവർഡെയ്‌ലിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ പുറത്തിറങ്ങി. “പുതിയനിയമ”ത്തിന്റെയും ഉല്‌പത്തി മുതൽ ദിനവൃത്താന്തങ്ങൾ വരെയുള്ള “പഴയനിയമ” പുസ്‌തകങ്ങളുടെയും ടിൻഡെയ്‌ലിന്റെ വിവർത്തനം കവർഡെയ്‌ൽ ഉപയോഗപ്പെടുത്തി. മറ്റു ഭാഗങ്ങൾ ലത്തീൻ ഭാഷയിൽനിന്നും ജർമൻ ഭാഷയിലുള്ള മാർട്ടിൻ ലൂഥറിന്റെ ഭാഷാന്തരത്തിൽനിന്നും അദ്ദേഹം വിവർത്തനം ചെയ്‌തു. ഇന്ന്‌ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം അതിന്റെ വ്യക്തത, ബൈബിളിന്റെ മൂലപാഠത്തോടുള്ള വിശ്വസ്‌തത, ശുശ്രൂഷയിലെ ഉപയുക്തത എന്നിവയുടെ പേരിൽ വളരെ വിലമതിക്കപ്പെടുന്നു. ഭൂതങ്ങളുടെയോ മനുഷ്യരുടെയോ യാതൊരു ശക്തിക്കും യഹോവയുടെ വചനം പരിരക്ഷിക്കപ്പെടുന്നത്‌ ഒരിക്കലും തടയാനാകില്ല എന്നതിൽ നാം എത്ര സന്തുഷ്ടരാണ്‌!

യഹോവ തന്റെ നാമം പരിരക്ഷിച്ചിരിക്കുന്നു

ടിൻഡെയ്‌ലിനെപ്പോലുള്ളവർ ദൈവവചനത്തെപ്രതി സ്വന്തം ജീവൻ കൊടുത്തു

12. ദൈവനാമം പരിരക്ഷിക്കപ്പെടുന്നതിൽ പുതിയ ലോക ഭാഷാന്തരം എന്തു പങ്കു വഹിച്ചിരിക്കുന്നു?

12 യഹോവയാംദൈവം, തന്റെ നാമം തന്റെ വചനത്തിൽ പരിരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തിയിരിക്കുന്നു. പുതിയ ലോക ഭാഷാന്തരം ഇതിൽ ഒരു നിർണായക പങ്കു വഹിക്കുന്നുണ്ട്‌. അതിന്റെ ആമുഖത്തിൽ അർപ്പിതരായ പരിഭാഷകരുടെ കമ്മിറ്റി ഇങ്ങനെ എഴുതുകയുണ്ടായി: ‘ദിവ്യനാമം അതാതിടങ്ങളിൽ നിലനിറുത്തിയിരിക്കുന്നു എന്നതാണ്‌ ഈ പരിഭാഷയുടെ ഏറ്റവും വലിയ സവിശേഷത. പൊതുവെ അംഗീകരിച്ചിട്ടുള്ള യഹോവ എന്ന നാമം എബ്രായ തിരുവെഴുത്തുഭാഗത്ത്‌ 6,973 തവണയും ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുഭാഗത്ത്‌ 237 തവണയും ഉപയോഗിച്ചിട്ടുണ്ട്‌.’ പുതിയ ലോക ഭാഷാന്തരം ഇപ്പോൾ മുഴുവനായോ ഭാഗികമായോ 116–ലേറെ ഭാഷകളിൽ ലഭ്യമാണ്‌. അതിന്റെ 17,85,45,862-ലധികം പ്രതികൾ അച്ചടിക്കപ്പെട്ടിരിക്കുന്നു.

13. മനുഷ്യവർഗത്തിന്റെ സൃഷ്ടി മുതൽത്തന്നെ ദൈവനാമം ആളുകൾക്കു പരിചിതമായിരുന്നു എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

13 മനുഷ്യവർഗത്തിന്റെ സൃഷ്ടി മുതൽത്തന്നെ ദൈവനാമം ആളുകൾക്കു പരിചിതമായിരുന്നു. ആദാമിനും ഹവ്വായ്‌ക്കും ആ നാമം അറിയാമായിരുന്നു. അവർ അത്‌ കൃത്യമായിത്തന്നെ ഉച്ചരിച്ചിരുന്നു. പ്രളയത്തിനുശേഷം തന്റെ മകനായ ഹാം അനാദരവു കാണിച്ചപ്പോൾ നോഹ ഇങ്ങനെ പറഞ്ഞു: “ശേമിന്റെ ദൈവമായ യഹോവ സ്‌തുതിക്കപ്പെട്ടവൻ; (ഹാമിന്റെ മകനായ) കനാൻ അവരുടെ ദാസനാകും.” (ഉല്‌പ. 4:1; 9:26) ദൈവം സ്വയം ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും . . . വിട്ടുകൊടുക്കയില്ല.” ദൈവം ഇങ്ങനെയും പ്രസ്‌താവിച്ചു: “ഞാൻ യഹോവയാകുന്നു; മറെറാരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ. 42:8; 45:5) തന്റെ നാമം പരിരക്ഷിക്കപ്പെടുകയും ഭൂമിയിലെമ്പാടുമുള്ള ആളുകൾ അറിയാനിടയാകുകയും ചെയ്യുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തിയിരിക്കുന്നു. യഹോവ എന്ന പേര്‌ ഉപയോഗിക്കാനും അവന്റെ സാക്ഷികളായി സേവിക്കാനും നമുക്കു കഴിയുന്നത്‌ എത്ര വലിയ ഒരു പദവിയാണ്‌! “ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും” എന്നാണ്‌ ഫലത്തിൽ നാം ഉദ്‌ഘോഷിക്കുന്നത്‌.—സങ്കീ. 20:5.

14. ബൈബിളിനു പുറമേ, മറ്റെവിടെയെല്ലാം ദൈവനാമം കാണാൻ കഴിയും?

14 ദൈവനാമം ബൈബിളിൽ മാത്രമല്ല ഉള്ളത്‌. ചാവുകടലിന്‌ 21 കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന ധീബനിൽ (ദീബോൻ) കണ്ടെത്തിയ മോവാബ്യശിലയുടെ കാര്യമെടുക്കുക. ആ ശിലയിൽ ഇസ്രായേൽ രാജാവായ ഒമ്രിയെക്കുറിച്ചുള്ള പരാമർശവും മോവാബ്‌ രാജാവായ മേശെ ഇസ്രായേലിനെതിരെ മത്സരിച്ചതിനെക്കുറിച്ചുള്ള അവന്റെതന്നെ ഭാഷ്യവും ഉണ്ട്‌. (1 രാജാ. 16:28; 2 രാജാ. 1:1; 3:4, 5) എന്നാൽ മോവാബ്യശിലയെ സവിശേഷമാക്കുന്നത്‌ ദൈവനാമം ചതുരക്ഷരരൂപത്തിൽ അതിൽ കാണപ്പെടുന്നു എന്നതാണ്‌. ലാഖീശ്‌ കത്തുകൾ എന്നറിയപ്പെടുന്ന, ഇസ്രായേലിൽ കണ്ടെത്തിയ കളിമൺശകലങ്ങളിലും ചതുരക്ഷരം ആവർത്തിച്ച്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

15. എന്താണ്‌ സെപ്‌റ്റുവജിന്റ്‌, അതിന്റെ ഉത്ഭവം എങ്ങനെയായിരുന്നു?

15 ദിവ്യനാമം പരിരക്ഷിക്കപ്പെടുന്നതിൽ ആദ്യകാല ബൈബിൾപരിഭാഷകർക്ക്‌ ഒരു പങ്കുണ്ടായിരുന്നു. ബി.സി. 607 മുതൽ ബി.സി. 537 വരെയുള്ള ബാബിലോണിലെ പ്രവാസത്തിനു ശേഷം യഹൂദന്മാരിൽ പലരും യെഹൂദയിലേക്കും ഇസ്രായേലിലേക്കും മടങ്ങിവന്നില്ല. ബി.സി. മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിൽ അനേകം യഹൂദന്മാർ താമസമാക്കിയിരുന്നു. അന്ന്‌ ഒരു അന്താരാഷ്‌ട്രഭാഷയായിരുന്ന ഗ്രീക്കിൽ, എബ്രായ തിരുവെഴുത്തുകളുടെ ഒരു പരിഭാഷ അവർക്ക്‌ ആവശ്യമായിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിൽ പൂർത്തിയായ ആ ഭാഷാന്തരമാണ്‌ സെപ്‌റ്റുവജിന്റ്‌. അതിന്റെ ചില പ്രതികളിൽ യഹോവ എന്ന പേര്‌ എബ്രായ രൂപത്തിൽ കാണപ്പെടുന്നു.

16. എ.ഡി. 1640-ൽ പുറത്തിറക്കിയ ഒരു പുസ്‌തകത്തിൽ ദൈവനാമം ഉപയോഗിച്ചിരിക്കുന്നതിന്റെ ഒരു ഉദാഹരണം നൽകുക.

16 ഇംഗ്ലണ്ടിന്റെ അമേരിക്കൻ കോളനികളിൽ ആദ്യമായി പ്രകാശനം ചെയ്‌ത പുസ്‌തകമായ ബേ സങ്കീർത്തനപ്പുസ്‌തകത്തിൽ ദിവ്യനാമം കാണാം. 1640-ൽ അച്ചടിച്ച അതിന്റെ ആദ്യപതിപ്പിൽ എബ്രായഭാഷയിൽനിന്ന്‌ അന്നത്തെ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌ത സങ്കീർത്തനങ്ങളാണുള്ളത്‌. “അനുഗൃഹീതനായ മനുഷ്യൻ” ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കുന്നില്ല, “മറിച്ച്‌ അവന്റെ താത്‌പര്യപൂർവകമായ ഉല്ലാസം യഹോവയുടെ നിയമത്തിലാണ്‌” എന്നു പറയുന്ന സങ്കീർത്തനം 1:1, 2 പോലുള്ള ഭാഗങ്ങളിൽ അത്‌ ദൈവനാമം ഉപയോഗിക്കുന്നു. ദൈവനാമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക കാണുക.

യഹോവ ആത്മീയസത്യം പരിരക്ഷിക്കുന്നു

17, 18. (എ) ‘സത്യത്തെ’ എങ്ങനെ നിർവചിക്കാം? (ബി) ‘സുവിശേഷസത്യത്തിൽ’ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?

17 ‘സത്യത്തിന്റെ ദൈവമായ യഹോവയെ’ സന്തോഷത്തോടെ സേവിക്കുന്നവരാണു നാം. (സങ്കീ. 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) സത്യം എന്നു പറഞ്ഞാൽ ഒരു കാര്യത്തെക്കുറിച്ചുള്ള വസ്‌തുതകളാണ്‌, അല്ലാതെ സങ്കൽപ്പിച്ചതോ മെനഞ്ഞെടുത്തതോ ആയ കാര്യങ്ങളല്ല. ബൈബിളിൽ ‘സത്യം’ എന്നു പലപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം ശരിയായത്‌, ആശ്രയയോഗ്യമായത്‌, വിശ്വാസ്യമായത്‌, വസ്‌തുനിഷ്‌ഠമായത്‌ എന്നൊക്കെയാണ്‌. തത്തുല്യമായ ഗ്രീക്ക്‌ പദത്തിന്റെ അർഥമാകട്ടെ, വസ്‌തുതകൾക്കു നിരക്കുന്നത്‌, ഉചിതം, വാസ്‌തവമായത്‌ എന്നൊക്കെയും.

18 യഹോവ ആത്മീയസത്യം പരിരക്ഷിച്ചിരിക്കുന്നു; അതോടൊപ്പം അതിന്റെ പരിജ്ഞാനം സമൃദ്ധമായ വിധത്തിൽ നമുക്കു ലഭ്യമാക്കുകയും ചെയ്യുന്നു. (2 യോഹ. 1, 2) സത്യത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം ഒന്നിനൊന്ന്‌ വർധിച്ചുവരുന്നു; “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു” എന്ന്‌ ബൈബിൾ പറയുന്നതിനു ചേർച്ചയിലാണ്‌ അത്‌. (സദൃ. 4:18) യേശു പ്രാർഥനയിൽ ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നുവല്ലോ.” (യോഹ. 17:17) ആ പ്രസ്‌താവനയോടു നമ്മളും സർവ്വാത്മനാ യോജിക്കുന്നു. ദൈവത്തിന്റെ ലിഖിതവചനത്തിൽ മുഴുക്രിസ്‌തീയ പഠിപ്പിക്കലുകളും ഉൾക്കൊള്ളുന്ന ‘സുവിശേഷസത്യം’ അടങ്ങിയിരിക്കുന്നു. (ഗലാ. 2:14) യഹോവയുടെ നാമം, അവന്റെ പരമാധികാരം, യേശുവിന്റെ മറുവിലയാഗം, പുനരുത്ഥാനം, ദൈവരാജ്യം എന്നിവയെക്കുറിച്ചുള്ള വസ്‌തുതകൾ ഇതിന്റെ ഭാഗമാണ്‌. സത്യത്തെ അടിച്ചമർത്താൻ സാത്താൻ ശ്രമിച്ചിട്ടും ദൈവം അതു പരിരക്ഷിച്ചത്‌ എങ്ങനെയെന്ന്‌ നമുക്കിപ്പോൾ നോക്കാം.

സത്യത്തിന്മേലുള്ള ആക്രമണത്തെ യഹോവ നിഷ്‌ഫലമാക്കുന്നു

19, 20. നിമ്രോദ്‌ ആരായിരുന്നു, അവന്റെ നാളിൽ ഏതു ശ്രമം പരാജയപ്പെട്ടു?

19 പ്രളയത്തിനു ശേഷം, “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻ” എന്നൊരു പഴഞ്ചൊല്ലുണ്ടായി. (ഉല്‌പ. 10:9) യഹോവയുടെ എതിരാളി എന്ന നിലയിൽ നിമ്രോദ്‌ പിശാചിനെയാണ്‌ ഫലത്തിൽ ആരാധിച്ചിരുന്നത്‌. യേശു കുറ്റംവിധിച്ച എതിരാളികളുടെ അതേ മനോഭാവമായിരുന്നു അവന്റേത്‌. അവരോട്‌ യേശു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങൾ നിറവേറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നു. . . . അവൻ സത്യത്തിൽ നിലനിന്നില്ല.”—യോഹ. 8:44.

20 നിമ്രോദിന്റെ അധികാരപരിധിയിൽ, ബാബേലും യൂഫ്രട്ടീസ്‌-ടൈഗ്രിസ്‌ നദികൾക്ക്‌ ഇടയ്‌ക്കുള്ള മറ്റു നഗരങ്ങളും ഉൾപ്പെട്ടിരുന്നു. (ഉല്‌പ. 10:10) അവന്റെ നിർദേശം അനുസരിച്ചായിരിക്കണം ഏതാണ്ട്‌ ബി.സി. 2269-ൽ ബാബേലിന്റെയും അതിലെ ഗോപുരത്തിന്റെയും നിർമാണം ആരംഭിച്ചത്‌. മനുഷ്യർ ഭൂമിയിലെങ്ങും വ്യാപിക്കണമെന്നായിരുന്നു യഹോവയുടെ ഇഷ്ടം. എന്നാൽ നിർമാണങ്ങൾക്കായി കൂടിവന്നവർ, “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക” എന്നു പറഞ്ഞു. പക്ഷേ ആ ശ്രമം പാളിപ്പോയി. കാരണം “സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളക”യും ഗോപുരം പണിയാൻ വന്നവരെ ചിതറിക്കുകയും ചെയ്‌തു. (ഉല്‌പ. 11:1-4, 8, 9) എല്ലാവരും തന്നെമാത്രം ആരാധിക്കുന്ന ഒരു മതം രൂപീകരിക്കാനായിരുന്നു ഇതിലൂടെ സാത്താൻ ഉദ്ദേശിച്ചിരുന്നതെങ്കിൽ അത്‌ അമ്പേ പരാജയപ്പെട്ടു. മനുഷ്യചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള എല്ലാ പ്രതിബന്ധങ്ങളെയും യഹോവയുടെ ആരാധന അതിജീവിച്ചിരിക്കുന്നു; മാത്രമല്ല ദിനന്തോറും അനേകമാളുകൾ അതിലേക്ക്‌ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു.

21, 22. (എ) വ്യാജമതം ഒരിക്കലും സത്യാരാധനയ്‌ക്ക്‌ ഗുരുതരമായ ഭീഷണിയായിരുന്നിട്ടില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു മനസ്സിലാക്കും?

21 വ്യാജമതം ഒരിക്കലും സത്യാരാധനയ്‌ക്ക്‌ ഗുരുതരമായ ഭീഷണിയായിരുന്നിട്ടില്ല. കാരണം നമ്മുടെ മഹാപ്രബോധകൻ തന്റെ ലിഖിതവചനവും നാമവും പരിരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തിയിരിക്കുന്നു. മാത്രമല്ല അവൻ എന്നും ആത്മീയസത്യത്തിന്റെ അപരിമേയ സ്രോതസ്സും ആയിരുന്നിട്ടുണ്ട്‌. (യെശ. 30:20, 21) ദൈവത്തെ സത്യത്തിനു ചേർച്ചയിൽ ആരാധിക്കുന്നത്‌ സന്തോഷം കൈവരുത്തുന്നു. പക്ഷേ അതിന്‌ യഹോവയിൽ പൂർണമായി ആശ്രയിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിന്‌ കീഴ്‌പെടുകയും ചെയ്‌തുകൊണ്ട്‌ നാം ആത്മീയജാഗ്രത കാത്തുസൂക്ഷിക്കണം.

22 ചില വ്യാജപഠിപ്പിക്കലുകളുടെ ഉത്ഭവത്തെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ നാം മനസ്സിലാക്കും. തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അവയെല്ലാം പൊള്ളയാണെന്നും നാം കണ്ടെത്തും. കൂടാതെ, അതുല്യമായ വിധത്തിൽ സത്യത്തെ പരിരക്ഷിക്കുന്ന യഹോവ, നമ്മുടെ ആത്മീയപൈതൃകത്തിന്റെ ഭാഗമായി നാം വിലമതിക്കുന്ന സത്യോപദേശങ്ങളാൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും നാം കാണും.