മാതാപിതാക്കളേ, കുട്ടികളേ, സ്നേഹത്തോടെ ആശയവിനിമയം ചെയ്യുവിൻ
“ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ.”—യാക്കോ. 1:19.
1, 2. സാധാരണഗതിയിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം എങ്ങനെയാണ്, ചിലപ്പോൾ അവർ എന്തു ബുദ്ധിമുട്ട് നേരിടുന്നു?
അമേരിക്കയിൽ നടത്തിയ ഒരു സർവേയിൽ നൂറുകണക്കിന് കുട്ടികളോട് പിൻവരുന്ന ചോദ്യം ചോദിക്കുകയുണ്ടായി: “നിങ്ങളുടെ അച്ഛനും അമ്മയും നാളെ മരിക്കും എന്ന് അറിഞ്ഞാൽ, എന്തായിരിക്കും നിങ്ങൾ ഇന്ന് അവരോട് പറയാൻ ആഗ്രഹിക്കുക?” 95 ശതമാനം കുട്ടികളും, മാതാപിതാക്കളുമായുള്ള ഏതെങ്കിലും അഭിപ്രായഭിന്നതയെയോ മറ്റ് ഏതെങ്കിലും പ്രശ്നത്തെയോ പറ്റി പറയുമെന്നല്ല പറഞ്ഞത്. പകരം, “ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം, ഡാഡിയെയും മമ്മിയെയും ഞാൻ ഒരുപാടു സ്നേഹിക്കുന്നു” എന്നു പറയുമെന്നാണ്.—മാതാപിതാക്കൾക്കായി മാത്രം (ഇംഗ്ലീഷ്), ഷോന്റി ഫെൽഡ്ഹാൻ, ലിസാ റൈസ് എന്നിവർ എഴുതിയത്.
2 അതെ, സാധാരണഗതിയിൽ മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും ഉള്ളാലെ സ്നേഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം, ക്രിസ്തീയകുടുംബങ്ങളിൽ വിശേഷിച്ചും. മാതാപിതാക്കളും മക്കളും നല്ല അടുപ്പത്തിലായിരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും അവർക്കിടയിൽ ആശയവിനിമയം പലപ്പോഴും അത്ര സുഖകരമായിരിക്കില്ല. പലതും അവർ തുറന്നുസംസാരിക്കുമെങ്കിലും ചില വിഷയങ്ങളെപ്പറ്റി അവർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? നല്ല ആശയവിനിമയത്തിന് തടസ്സം നിൽക്കുന്ന സംഗതികൾ ഏതൊക്കെയാണ്? അവയെ എങ്ങനെ മറികടക്കാം?
ആശയവിനിമയത്തിനായി സമയം ‘വിലയ്ക്കു വാങ്ങുക’
3. (എ) നല്ല ആശയവിനിമയം മിക്ക കുടുംബങ്ങൾക്കും ഒരു വെല്ലുവിളി ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഒരുമിച്ച് സമയം ചെലവഴിക്കുന്നത് പുരാതന ഇസ്രായേലിലെ കുടുംബങ്ങൾക്ക് ഒരു പ്രശ്നമേ അല്ലാതിരുന്നത് എന്തുകൊണ്ട്?
3 അർഥവത്തായ ആശയവിനിമയത്തിന് മതിയായ സമയം കണ്ടെത്താൻ ഇന്ന് പല കുടുംബങ്ങൾക്കും കഴിയുന്നില്ല. എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ ആയിരുന്നില്ല. മോശ ഇസ്രായേലിലെ പിതാക്കന്മാരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “നീ അവയെ (ദൈവത്തിന്റെ വചനം) നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവ. 6:6, 7) അക്കാലത്ത് പകൽസമയം കുട്ടികൾ ഒന്നുകിൽ അമ്മയുടെ കൂടെ വീട്ടിലോ അല്ലെങ്കിൽ അച്ഛന്റെ കൂടെ വയലിലോ പണിസ്ഥലത്തോ ആയിരിക്കും. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുമിച്ചായിരിക്കാനും സംസാരിക്കാനും അങ്ങനെ ആവോളം സമയം കിട്ടിയിരുന്നു. മക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും വ്യക്തിത്വവും മനസ്സിലാക്കാൻ ഇത് മാതാപിതാക്കൾക്ക് ധാരാളം അവസരങ്ങൾ നൽകി. അതുപോലെ മാതാപിതാക്കളെ അടുത്തറിയാൻ മതിയായ സമയവും അവസരവും കുട്ടികൾക്കും കിട്ടിയിരുന്നു.
4. മിക്ക കുടുംബങ്ങളിലും ഇന്ന് ആശയവിനിമയം ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
4 ഇന്ന് ജീവിതം എത്ര മാറിയിരിക്കുന്നു! ചില രാജ്യങ്ങളിൽ കുട്ടികളെ തീരെ ചെറിയ പ്രായത്തിൽത്തന്നെ, രണ്ടു വയസ്സിൽപ്പോലും, ശിശുവിദ്യാലയത്തിൽ അയയ്ക്കുന്നു. പല മാതാപിതാക്കളും ജോലി ചെയ്യുന്നത് വീട്ടിൽനിന്ന് വളരെ അകലെയാണ്. മാതാപിതാക്കൾക്കും മക്കൾക്കും ഒരുമിച്ചായിരിക്കാൻ പിന്നെ ആകെക്കിട്ടുന്നത് അൽപ്പസമയമാണ്. അപ്പോഴാകട്ടെ കമ്പ്യൂട്ടർ, ടെലിവിഷൻ, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയുമായുള്ള കടുത്ത വടംവലിയിൽ ആശയവിനിമയം പിന്തള്ളപ്പെടുന്നു. പല ഭവനങ്ങളിലും മാതാപിതാക്കളും മക്കളും വേറിട്ട ജീവിതം നയിക്കുന്നു. അവർ തികച്ചും അപരിചിതരെപ്പോലെയാണ്. അർഥവത്തായ സംഭാഷണങ്ങളൊന്നും ഇല്ലെന്നുതന്നെ പറയാം.
5, 6. ചില മാതാപിതാക്കൾ കുട്ടികളോടൊത്ത് ചെലവഴിക്കുന്നതിനായി കൂടുതൽ സമയം ‘വിലയ്ക്കു വാങ്ങിയിരിക്കുന്നത്’ എങ്ങനെ?
5 കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയേണ്ടതിന് മറ്റുകാര്യങ്ങളിൽനിന്നും സമയം ‘വിലയ്ക്കു വാങ്ങാൻ’ നിങ്ങൾക്ക് കഴിയുമോ? (എഫെസ്യർ 5:15, 16 വായിക്കുക.) ആ ലക്ഷ്യത്തിൽ ചില കുടുംബങ്ങൾ ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗത്തിന് പരിധി വെക്കാൻ തീരുമാനിച്ചിരിക്കുന്നു. മറ്റുചില കുടുംബങ്ങളിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും എല്ലാവരുംകൂടെ ഒരുമിച്ചിരുന്നു കഴിക്കാൻ ശ്രമിക്കുന്നു. അതുപോലെ, മാതാപിതാക്കളും മക്കളും തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആത്മീയകാര്യങ്ങൾ ചർച്ച ചെയ്യാനും ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന നല്ല ഒരു ക്രമീകരണമാണ് കുടുംബാരാധന. ആഴ്ചതോറും കുടുംബാരാധനയുടെ സമയത്ത് ഒരു മണിക്കൂറോ മറ്റോ അതിന് മാറ്റിവെച്ചുകൊണ്ട് നിങ്ങൾക്ക് ഒരു നല്ല തുടക്കം കുറിക്കാനാകും. എന്നിരുന്നാലും ഉള്ളുതുറന്നുള്ള സംഭാഷണത്തിലേക്ക് പോകണമെങ്കിൽ ഈ സമയം മതിയാവുകയില്ല. പിന്നെയോ, കൂടെക്കൂടെയുള്ള ആശയവിനിമയം ഒരു ശീലമാക്കുകതന്നെ വേണം. കുട്ടി സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് അവന്റെ ഇളം മനസ്സിനെ ബലപ്പെടുത്തുന്ന എന്തെങ്കിലുമൊന്ന് പറയുക. അവനുമായി ദിനവാക്യം ചർച്ച ചെയ്യാം, ഒരു പ്രാർഥനയുമാകാം. അങ്ങനെ ചെയ്യുന്നെങ്കിൽ കുട്ടിയുടെ ആ ദിവസം പ്രസന്നവും അവന്റെ ഹൃദയം ബലിഷ്ഠവും ആയിരിക്കും.
6 കുട്ടികളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയേണ്ടതിന് ചില മാതാപിതാക്കൾ ജീവിതശൈലിയിൽ മാറ്റം വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന് രണ്ടു കുട്ടികളുടെ അമ്മയായ ലോറ a കുട്ടികൾക്കുവേണ്ടി തന്റെ മുഴുസമയ ജോലി ഉപേക്ഷിച്ചു. അവൾ പറയുന്നു: “രാവിലെ ഞങ്ങളെല്ലാം ആകെക്കൂടെ ഒരു പരക്കംപാച്ചിലാണ്, ജോലിസ്ഥലത്തേക്കും സ്കൂളിലേക്കും. വൈകിട്ട് ഞാൻ തിരിച്ചെത്തുമ്പോഴേക്കും കുട്ടികളുടെ ആയ അവരെ ഉറക്കിയിട്ടുണ്ടാവും. ജോലി ഉപേക്ഷിച്ചപ്പോൾ വരുമാനത്തിൽ കുറവുണ്ടായി എന്നതു ശരിതന്നെ. പക്ഷേ എനിക്കിപ്പോൾ എന്റെ കുട്ടികളുടെ ചിന്തകളും പ്രശ്നങ്ങളും അറിയാം. അതു വലിയൊരു നേട്ടമാണ്. അവർ പ്രാർഥിക്കുമ്പോൾ എനിക്കതു കേൾക്കാനാകുന്നു, വേണ്ട മാർഗനിർദേശം നൽകാനും അവരെ പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കാനും കഴിയുന്നു.”
‘കേൾക്കാൻ തിടുക്കം’ ഉള്ളവരായിരിക്കുക
7. മാതാപിതാക്കൾക്കും കുട്ടികൾക്കും ഉള്ള ഒരു പൊതുപരാതി എന്താണ്?
7 മാതാപിതാക്കൾക്കായി മാത്രം എന്ന പുസ്തകത്തിന്റെ എഴുത്തുകാർ നിരവധി കുട്ടികളുമായി അഭിമുഖം നടത്തുകയുണ്ടായി. അതിൽനിന്ന്, ആശയവിനിമയത്തിനു വിഘാതമായി നിൽക്കുന്ന മറ്റൊരു സംഗതി അവർ കണ്ടെത്തി. അവർ പറയുന്നു: “മാതാപിതാക്കളെക്കുറിച്ചുള്ള മിക്ക കുട്ടികളുടെയും മുഖ്യപരാതി ‘അവർ ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ല’ എന്നതായിരുന്നു.” എന്നാൽ അത് കുട്ടികളുടെ മാത്രം പരാതിയല്ല, മാതാപിതാക്കൾക്ക് കുട്ടികളെക്കുറിച്ചും മിക്കപ്പോഴും അതേ പരാതിതന്നെയാണുള്ളത്. ആശയവിനിമയം സുഗമമാക്കാൻ, ഒരു കുടുംബാംഗം സംസാരിക്കുമ്പോൾ മറ്റുള്ളവർ ശ്രദ്ധിക്കണം. അതെ, ശ്രദ്ധവെച്ചു കേൾക്കണം.—യാക്കോബ് 1:19 വായിക്കുക.
8. കുട്ടികൾ സംസാരിക്കുമ്പോൾ ശ്രദ്ധവെച്ച് കേൾക്കുന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു?
8 മാതാപിതാക്കളേ, കുട്ടികൾ സംസാരിക്കുന്നത് നിങ്ങൾ ശരിക്കും ശ്രദ്ധവെച്ച് കേൾക്കാറുണ്ടോ? നിങ്ങൾ ക്ഷീണിച്ചിരിക്കുകയോ കുട്ടികൾ നിസ്സാരകാര്യങ്ങളാണ് പറയുന്നതെന്ന് നിങ്ങൾക്ക് തോന്നുകയോ ചെയ്താൽ ഇത് ബുദ്ധിമുട്ടായിരുന്നേക്കാം. പക്ഷേ നിങ്ങൾക്ക് നിസ്സാരമെന്നു തോന്നുന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം ‘വലിയ’ കാര്യങ്ങളായിരിക്കാം. കേൾക്കാൻ തിടുക്കമുള്ളവരായിരിക്കുക എന്നു പറയുമ്പോൾ, കുട്ടി പറയുന്ന കാര്യം മാത്രമല്ല പറയുന്ന വിധംകൂടി ശ്രദ്ധിക്കുന്നത് ഉൾപ്പെടുന്നു. കുട്ടിയുടെ സ്വരവും ശരീരഭാഷയും കുരുന്നുമനസ്സിൽ എന്താണുള്ളത് എന്നതിന്റെ സൂചനകൾ നൽകും. ചോദ്യങ്ങൾ ചോദിക്കുന്നതും പ്രധാനമാണ്. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും” എന്ന് ബൈബിൾ പറയുന്നു. (സദൃ. 20:5) കുട്ടികൾക്ക് സങ്കോചമോ ബുദ്ധിമുട്ടോ തോന്നുന്നതരം കാര്യങ്ങൾ ആരാഞ്ഞറിയുമ്പോൾ ഉൾക്കാഴ്ചയും വിവേകവും പ്രകടമാക്കാൻ പ്രത്യേകാൽ ശ്രദ്ധിക്കണം.
9. മക്കൾ മാതാപിതാക്കളെ കേട്ടനുസരിക്കേണ്ടത് എന്തുകൊണ്ട്?
9 കുട്ടികളേ, നിങ്ങൾ മാതാപിതാക്കളെ അനുസരിക്കുന്നുണ്ടോ? “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്” എന്ന് ദൈവവചനം പറയുന്നു. (സദൃ. 1:8) മാതാപിതാക്കൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങളുടെ നന്മയാണ് അവർ ആഗ്രഹിക്കുന്നതെന്നും എപ്പോഴും ഓർക്കുക. അതുകൊണ്ടുതന്നെ അവർ പറയുന്നത് കേട്ടനുസരിക്കുന്നതാണ് ജ്ഞാനം. (എഫെ. 6:1) നല്ല ആശയവിനിമയവും മാതാപിതാക്കൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യവും ഉണ്ടെങ്കിൽ അനുസരണം കൂടുതൽ എളുപ്പമായിരിക്കും. അതുകൊണ്ട് നിങ്ങളുടെ ചിന്തയും തോന്നലുകളും മാതാപിതാക്കളോട് തുറന്നുപറയുക. നിങ്ങളെ മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കും. അതോടൊപ്പം, അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ നിങ്ങളും ശ്രമിക്കണം.
10. രെഹബെയാമിനെ സംബന്ധിച്ച ബൈബിൾവിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 സമപ്രായക്കാരുടെ ഉപദേശം കേൾക്കുന്ന കാര്യത്തിൽ കുട്ടികളായ നിങ്ങൾ നല്ല ജാഗ്രത പാലിക്കണം. നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന കാര്യംതന്നെ ആയിരുന്നേക്കാം അവർ പറയുന്നത്. പക്ഷേ ആ ഉപദേശം നിങ്ങളെ സഹായിക്കുകയില്ലെന്നു മാത്രമല്ല പലപ്പോഴും ‘കുഴിയിൽ ചാടിക്കുകയും’ ചെയ്യും. മുതിർന്നവർക്കുള്ള ജ്ഞാനവും അനുഭവപരിചയവും കുട്ടികൾക്ക് ഇല്ലാത്തതിനാൽ ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ നോക്കിക്കാണാനോ തങ്ങളുടെ ചെയ്തികളുടെ പരിണതഫലങ്ങൾ വിവേചിക്കാനോ പലപ്പോഴും അവർക്കാവില്ല. ശലോമോൻ രാജാവിന്റെ പുത്രനായ രെഹബെയാമിന്റെ കാര്യംതന്നെ നോക്കുക. അവൻ ഇസ്രായേലിലെ രാജാവായപ്പോൾ പ്രായമുള്ള ഉപദേഷ്ടാക്കളുടെ ഉപദേശം ചെവിക്കൊണ്ടിരുന്നെങ്കിൽ അത് അവന് എത്ര നന്നായിരുന്നേനേ! പക്ഷേ അവൻ തന്നോടൊപ്പം വളർന്ന ചെറുപ്പക്കാരുടെ മൗഢ്യമായ ഉപദേശമാണ് കൈക്കൊണ്ടത്. തന്നിമിത്തം, പ്രജകളിൽ നല്ലൊരുപങ്കിന്റെയും പിന്തുണ അവന് നഷ്ടപ്പെട്ടു. (1 രാജാ. 12:1-17) രെഹബെയാമിന്റെ ബുദ്ധിശൂന്യമായ ഗതി അനുകരിക്കാതെ നിങ്ങളുടെ മാതാപിതാക്കളുമായി എന്നുംതന്നെ തുറന്നുസംസാരിക്കുക. നിങ്ങളുടെ മനോവികാരങ്ങൾ അവരുമായി പങ്കുവെക്കുക. അവരുടെ ബുദ്ധിയുപദേശത്തിൽനിന്ന് പ്രയോജനം നേടുക. അവരുടെ ജ്ഞാനമൊഴികളിൽനിന്ന് പഠിക്കുക.—സദൃ. 13:20.
11. മാതാപിതാക്കൾ സമീപിക്കാൻ കൊള്ളാവുന്നവരല്ലെങ്കിൽ എന്തു സംഭവിച്ചേക്കാം?
11 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ ഉപദേശം തേടി തരപ്പടിക്കാരുടെ അടുക്കൽ പോകാതിരിക്കണമെങ്കിൽ നിങ്ങൾ സമീപിക്കാൻ കൊള്ളാവുന്നവരായിരിക്കണം, കുട്ടിക്ക് നിങ്ങളോടു സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നരുത്. മാതാപിതാക്കളുമായി സംസാരിക്കുന്നതിനെക്കുറിച്ച് കൗമാരപ്രായക്കാരിയായ ഒരു സഹോദരി ഇങ്ങനെ എഴുതി: “ഞാൻ ഒരു ആൺകുട്ടിയുടെ പേരെങ്ങാനും പറഞ്ഞുപോയാൽ, പിന്നെ തീർന്നു! അവർക്ക് ആധിയായി. അതു കാണുമ്പോൾ എനിക്ക് ദേഷ്യം വരും, പിന്നെ സംസാരിക്കാൻ തോന്നുകയേയില്ല.” മറ്റൊരു യുവ സഹോദരി ഇങ്ങനെ എഴുതി: “മിക്ക കൗമാരക്കാരും മാതാപിതാക്കളുടെ ഉപദേശം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മാതാപിതാക്കൾ കുട്ടികളുടെ പ്രശ്നങ്ങളൊന്നും ഗൗരവമായെടുക്കുന്നില്ലെങ്കിൽ, അവർ ശ്രദ്ധിക്കാൻ മനസ്സുകാണിക്കുന്ന മറ്റാരുടെയെങ്കിലും സഹായം തേടിപ്പോകും. ചിലപ്പോൾ അനുഭവജ്ഞാനം ഇല്ലാത്തവരുടെ അടുക്കലേക്കായിരിക്കും അവർ പോകുക.” നിങ്ങളുടെ കുട്ടി ഏതു വിഷയത്തെക്കുറിച്ചു സംസാരിച്ചാലും സമാനുഭാവത്തോടെ കേൾക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ അവർ നിങ്ങളോട് എല്ലാക്കാര്യങ്ങളും ഹൃദയം തുറന്നു സംസാരിക്കുകയും നിങ്ങളുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യും.
‘സംസാരിക്കാൻ സാവകാശം കാണിക്കുക’
12. മാതാപിതാക്കളുടെ പ്രതികരണം കുട്ടികളുമായുള്ള ആശയവിനിമയത്തിന് വിഘ്നമായേക്കാവുന്നത് എങ്ങനെ?
12 കുട്ടികൾ പറയുന്ന കാര്യങ്ങളോട് മാതാപിതാക്കൾ വികാരപരമായോ നിഷേധാത്മകമായോ പ്രതികരിക്കുമ്പോഴും ആശയവിനിമയം തടസ്സപ്പെടും. ക്രിസ്തീയമാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. കാരണം, ഈ “അന്ത്യകാലത്ത്” ആത്മീയവും അല്ലാത്തതുമായ അപകടങ്ങൾ എവിടെയും പതിയിരിക്കുന്നു. (2 തിമൊ. 3:1-5) എന്നുവരികിലും, മാതാപിതാക്കൾ സംരക്ഷണാർഥം ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾക്ക് ചിലപ്പോൾ കൂച്ചുവിലങ്ങായി തോന്നിയേക്കാം.
13. പെട്ടെന്ന് എടുത്തുചാടി അഭിപ്രായം പറയാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
13 പെട്ടെന്ന് എടുത്തുചാടി ഒരു അഭിപ്രായം പറയാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന രീതിയിൽ നിങ്ങളുടെ കുട്ടി എന്തെങ്കിലും പറയുമ്പോൾ മിണ്ടാതിരിക്കുക അത്ര എളുപ്പമല്ലെന്നുള്ളത് ശരിതന്നെ. എന്നാൽ എന്തെങ്കിലും പറയുന്നതിനുമുമ്പ് ശ്രദ്ധിച്ചുകേൾക്കുന്നത് പ്രധാനമാണ്. ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി: “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.” (സദൃ. 18:13) നിങ്ങൾ ശാന്തരായിരുന്നാൽ കുട്ടി മടിയില്ലാതെ സംസാരിക്കും, അപ്പോൾ കുട്ടിയുടെ പ്രശ്നത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാനുമാകും. കുട്ടിയെ വേണ്ടവിധം സഹായിക്കണമെങ്കിൽ കാര്യത്തിന്റെ മുഴുചിത്രവും ലഭിച്ചേ മതിയാകൂ. കുട്ടിയുടെ ‘വാക്കു തെറ്റിപ്പോകുന്നത്’ അവന്റെ മനസ്സ് കലുഷിതം ആയിരിക്കുന്നതുകൊണ്ടാകാം. (ഇയ്യോ. 6:1-3) സ്നേഹമുള്ള മാതാപിതാക്കളെന്ന നിലയിൽ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ നിങ്ങളുടെ കാതുകളും സുഖപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കാൻ നിങ്ങളുടെ നാവും ഉപയോഗിക്കുക.
14. കുട്ടികൾ സംസാരിക്കാൻ സാവകാശം കാണിക്കേണ്ടത് എന്തുകൊണ്ട്?
14 കുട്ടികളേ, മാതാപിതാക്കൾ എന്തെങ്കിലും കാര്യം പറയുമ്പോൾ ഉടനടി മറുത്തുപറയാതിരുന്നുകൊണ്ട് നിങ്ങളും ‘സംസാരിക്കാൻ സാവകാശം’ കാണിക്കണം. നിങ്ങളെ പരിശീലിപ്പിക്കാനുള്ള ദൈവദത്തനിയോഗം അവർക്ക് ഉണ്ടെന്ന് ഓർക്കുക. (സദൃ. 22:6) നിങ്ങളുടേതിനു സമാനമായ സാഹചര്യങ്ങളിലൂടെ അവർ കടന്നുപോയിട്ടുണ്ടാകാം. കൂടാതെ, ചെറുപ്പകാലത്ത് അവർക്കു പറ്റിയ തെറ്റുകളെക്കുറിച്ച് അവർ ഖേദിക്കുകയും അത് നിങ്ങൾക്കു സംഭവിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകാം. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളെ ശത്രുക്കളായല്ല മിത്രങ്ങളായി, ബുദ്ധിമുട്ടിക്കുന്നവരായല്ല ബുദ്ധിയുപദേശിക്കുന്നവരായി കാണുക. (സദൃശവാക്യങ്ങൾ 1:5 വായിക്കുക.) നിങ്ങളുടെ “അപ്പനെയും അമ്മയെയും ബഹുമാനിക്കുക.” അങ്ങനെ അവർ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ അവരെയും സ്നേഹിക്കുന്നെന്ന് തെളിയിക്കുക. അപ്രകാരം ചെയ്യുമ്പോൾ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” നിങ്ങളെ വളർത്തിക്കൊണ്ടുവരാൻ അവർക്ക് ഏറെ എളുപ്പമായിരിക്കും.—എഫെ. 6:3, 4.
‘കോപത്തിനു താമസമുള്ളവൻ ആയിരിക്കുക’
15. ക്ഷമകെട്ട് പ്രിയപ്പെട്ടവരോട് മുഷിയാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?
15 നാം സ്നേഹിക്കുന്നവരോട് എല്ലായ്പോഴും നാം ക്ഷമയോടെ പെരുമാറിയെന്നുവരില്ല. “കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുയേശുവിൽ വിശ്വസ്തരുമായ സഹോദരന്മാർക്ക്” അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ; അവരോടു കയ്പായിരിക്കുകയും അരുത്. . . . പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്; അങ്ങനെചെയ്താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.” (കൊലോ. 1:1, 2; 3:19, 21) എഫെസൊസിലെ ക്രിസ്ത്യാനികളെ പൗലോസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.” (എഫെ. 4:31) ആത്മാവിന്റെ ഫലത്തിന്റെ ഭാഗമായ ദീർഘക്ഷമ, സൗമ്യത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ വളർത്തുന്നെങ്കിൽ സമ്മർദംനിറഞ്ഞ സാഹചര്യത്തിൽപോലും ശാന്തത കൈവിടാതിരിക്കാൻ നമുക്കു കഴിയും.—ഗലാ. 5:22, 23.
16. യേശു ശിഷ്യന്മാരെ തിരുത്തിയത് എങ്ങനെ, ഇത് എടുത്തുപറയത്തക്കതായിരിക്കുന്നത് എന്തുകൊണ്ട്?
16 മാതാപിതാക്കളേ, യേശുവെച്ച മാതൃകതന്നെ നോക്കുക. അപ്പൊസ്തലന്മാരുമൊത്ത് അവസാനത്തെ അത്താഴം കഴിക്കവെ അവൻ അനുഭവിച്ച മാനസികസംഘർഷം എത്ര കടുത്തതായിരുന്നെന്ന് ചിന്തിച്ചുനോക്കൂ! മണിക്കൂറുകൾക്കകം കൊടിയ വേദന തിന്ന് താൻ ഇഞ്ചിഞ്ചായി മരിക്കാൻ പോകുകയാണെന്ന് അവന് അറിയാമായിരുന്നു. സ്വർഗീയപിതാവിന്റെ നാമവിശുദ്ധീകരണവും മനുഷ്യകുടുംബത്തിന്റെ രക്ഷയും അവന്റെ വിശ്വസ്തതയെ ആശ്രയിച്ചാണിരുന്നത്. എന്നാൽ ആ ഭക്ഷണവേളയിൽത്തന്നെ, “തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെച്ചൊല്ലി വലിയൊരു” തർക്കം അപ്പൊസ്തലന്മാരുടെ ഇടയിൽ ഉണ്ടായി. പക്ഷേ അതുകേട്ട് യേശു അമർഷത്തോടെ സംസാരിക്കുകയോ അവർക്കു നേരെ ആക്രോശിക്കുകയോ ചെയ്തില്ല. പകരം അവൻ ശാന്തമായി അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുകയാണു ചെയ്തത്. തനിക്കു നേരിട്ട പരീക്ഷകളിൽ അവർ തന്നോടൊപ്പം പറ്റിനിന്ന കാര്യം അവൻ എടുത്തുപറഞ്ഞു. സാത്താൻ അവരെ ഗോതമ്പുപോലെ പാറ്റാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അവർ വിശ്വസ്തരായിരിക്കും എന്നു തനിക്ക് ഉറപ്പുണ്ടെന്ന് യേശു വ്യക്തമാക്കി. അവൻ അവരുമായി ഒരു ഉടമ്പടിപോലും ചെയ്തു.—ലൂക്കോ. 22:24-32.
17. ശാന്തരായിരിക്കാൻ കുട്ടികളെ എന്തു സഹായിക്കും?
17 കുട്ടികളും ശാന്തരായിരിക്കാൻ ശീലിക്കണം. വിശേഷിച്ചും കൗമാരപ്രായത്തിൽ. കാരണം, ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ നൽകുന്ന നിർദേശങ്ങൾ അവർക്ക് നിങ്ങളിൽ വിശ്വാസമില്ല എന്നതിന്റെ സൂചനയാണെന്ന് തോന്നാനിടയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾ കാണിക്കുന്ന ആശങ്കകൾ നിങ്ങളോടുള്ള സ്നേഹത്തിന്റെ തെളിവാണെന്നോർക്കുക. അവർ പറയുന്നത് ശാന്തമായി ശ്രദ്ധിക്കുകയും അവരോടു സഹകരിക്കുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ നിങ്ങൾ അവരുടെ ആദരവു നേടും, നിങ്ങളെ ഉത്തരവാദിത്വബോധമുള്ളവരായി അവർ കാണാൻ തുടങ്ങുകയും ചെയ്യും. ചില കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാൻ അത്തരം പെരുമാറ്റം സഹായിച്ചേക്കാം. ആത്മനിയന്ത്രണം കാണിക്കുന്നതാണ് ജ്ഞാനഗതി. “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു” എന്ന് ഒരു ജ്ഞാനമൊഴി പറയുന്നു.—സദൃ. 29:11.
18. സ്നേഹം നല്ല ആശയവിനിമയം സാധ്യമാക്കുന്നത് എങ്ങനെ?
18 അതുകൊണ്ട് പ്രിയ മാതാപിതാക്കളേ, കുട്ടികളേ, നിങ്ങളുടെ ഭവനത്തിലെ ആശയവിനിമയം നിങ്ങൾ ആഗ്രഹിക്കുന്നത്രയും സുഗമമല്ലെങ്കിൽ നിരുത്സാഹപ്പെടേണ്ടതില്ല. അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കുക, സത്യമാർഗത്തിൽ മുന്നോട്ടുതന്നെ ചരിക്കുക. (3 യോഹ. 4) പുതിയ ഭൂമിയിൽ പൂർണരായ വ്യക്തികൾ തെറ്റിദ്ധാരണകളില്ലാതെ, പിണക്കവും പരിഭവങ്ങളുമില്ലാതെ പിഴവറ്റ രീതിയിൽ പരസ്പരം സംവദിക്കും. എന്നാൽ ഇന്ന്, പിന്നീട് ഖേദിക്കേണ്ടിവരുന്ന പലകാര്യങ്ങളും നാമെല്ലാം ചെയ്തുപോകുന്നു. അതുകൊണ്ട് ക്ഷമ ചോദിക്കാൻ മടിക്കരുത്. മറ്റുള്ളവരോട് ഉദാരമായി ക്ഷമിക്കുകയും ചെയ്യുക. അങ്ങനെ ‘സ്നേഹത്തിൽ ഒന്നായിത്തീരുക.’ (കൊലോ. 2:2) സ്നേഹത്തിന്റെ ശക്തി അപാരമാണ്. ‘സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്. സ്നേഹം പ്രകോപിതമാകുന്നില്ല. അത് ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല. അത് എല്ലാം പൊറുക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം സഹിക്കുന്നു.’ (1 കൊരി. 13:4-7) സ്നേഹം വളർത്തിക്കൊണ്ടേയിരിക്കുക. അപ്പോൾ ആശയവിനിമയം അനായാസമാകും. അത് നിങ്ങളുടെ കുടുംബത്തിന് ആനന്ദമേകും, യഹോവയ്ക്കു പുകഴ്ചയും.
a പേര് മാറ്റിയിട്ടുണ്ട്.