യേശുവിന്റെ സ്‌നേഹനിർഭരമായ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക
“പിതാവേ, . . . പുത്രൻ നിന്നെ മഹത്ത്വീകരിക്കേണ്ടതിന് പുത്രനെ നീ മഹത്ത്വീകരിക്കേണമേ.”—യോഹ. 17:1.
1, 2. എ.ഡി. 33-ൽ പെസഹ ആചരിച്ചശേഷം യേശു എന്തു ചെയ്‌തെന്നു വിശദീകരിക്കുക.
എ.ഡി. 33 നീസാൻ മാസം 14-ാം തീയതി, സന്ധ്യാസമയം. യേശു തന്റെ ഉറ്റസൃഹുത്തുക്കളോടൊപ്പം പെസഹ ആചരിക്കുകയാണ്. ദൈവം അവരുടെ പൂർവപിതാക്കന്മാർക്ക് ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു വിടുതൽ നൽകിയതിന്റെ ഓർമയായിരുന്നു ആ ആചരണം. എന്നാൽ അവന്റെ വിശ്വസ്‌തരായ ശിഷ്യന്മാർക്കെല്ലാം “നിത്യമായ വിടുതൽ” ലഭിക്കാനിരിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം, പാപരഹിതനായ അവരുടെ നായകൻ ശത്രുക്കളുടെ കൈയാൽ മരിക്കേണ്ടിവരും. പക്ഷേ, ഈ ദുരന്തം അനുഗ്രഹത്തിൽ കലാശിക്കുമായിരുന്നു. ചൊരിയപ്പെടാൻപോകുന്ന യേശുവിന്റെ രക്തം, പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുതൽ പ്രദാനം ചെയ്യാനുള്ള അടിസ്ഥാനമായി വർത്തിക്കുമായിരുന്നു.—എബ്രാ. 9:12-14.
2 സ്‌നേഹപൂർവകമായ ഈ കരുതൽ നാം വിസ്‌മരിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനായി പെസഹയ്‌ക്കു പകരം യേശു ഒരു പുതിയ വാർഷികാചരണം ഏർപ്പെടുത്തി. പുളിപ്പില്ലാത്ത അപ്പം മുറിച്ച് തന്റെ വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാർക്കു കൊടുത്തുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു. എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ.” അതുപോലെ, വീഞ്ഞ് എടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു.”—ലൂക്കോ. 22:19, 20.
3. (എ) യേശുവിന്റെ മരണത്തെത്തുടർന്ന് ഏതു മാറ്റമുണ്ടായി? (ബി) യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥന പരിചിന്തിക്കവെ ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?
3 യേശുവിന്റെ മരണത്തെത്തുടർന്ന്, ദൈവവും ജഡികയിസ്രായേല്യരും തമ്മിലുള്ള ന്യായപ്രമാണ ഉടമ്പടി ഇല്ലാതാകുമായിരുന്നു. പകരം, യഹോവയും യേശുവിന്റെ അഭിഷിക്താനുഗാമികളും തമ്മിലുള്ള ഒരു പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരും. ഈ പുതിയ ആത്മീയജനതയെക്കുറിച്ച് യേശുവിന് ആഴമായ ചിന്തയുണ്ടായിരുന്നു. കാരണം, ദൈവത്തിന്റെ വിശുദ്ധനാമത്തിന് അപമാനം വരുത്തിക്കൊണ്ട് ജഡികയിസ്രായേൽ മതപരമായും സാമൂഹികമായും ഭിന്നിച്ച അവസ്ഥയിലായിരുന്നു. (യോഹ. 7:45-49; പ്രവൃ. 23:6-9) എന്നാൽ, തന്റെ അനുഗാമികൾ തികഞ്ഞ ഐക്യത്തോടെ ദൈവത്തിന്റെ നാമമഹത്ത്വത്തിനുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ യേശു ആഗ്രഹിച്ചു. അതിനായി അവൻ എന്തു ചെയ്‌തു? അതിമനോഹരമായ ഒരു പ്രാർഥന നടത്തി. ഏതൊരു മനുഷ്യനും വായിക്കാൻ കഴിയുന്ന ഏറ്റവും മികച്ച പ്രാർഥനതന്നെ! (യോഹ. 17:1-26; ലേഖനാരംഭത്തിലെ ചിത്രം കാണുക.) ഈ പ്രാർഥനയെക്കുറിച്ചു പരിചിന്തിക്കവെ നമ്മോടുതന്നെ ചോദിക്കുക: ‘യേശുവിന്റെ ഈ പ്രാർഥനയ്‌ക്ക് ദൈവം ഉത്തരം നൽകിയോ? ഈ പ്രാർഥനയ്‌ക്കു ചേർച്ചയിൽ ഞാൻ പ്രവർത്തിക്കുന്നുണ്ടോ?’
യേശുവിന്റെ മുൻഗണനകൾ
4, 5. (എ) പ്രാർഥനയുടെ തുടക്കത്തിൽ യേശു ഉൾപ്പെടുത്തിയ കാര്യങ്ങളിൽനിന്ന് എന്തു പഠിക്കാം? (ബി) സ്വന്തം ആവശ്യത്തിനായുള്ള യേശുവിന്റെ അപേക്ഷയ്‌ക്ക് യഹോവ എങ്ങനെ ഉത്തരമരുളി?
4 ദൈവത്തിൽനിന്നു ലഭിച്ച അമൂല്യമായ പരിജ്ഞാനം ശിഷ്യന്മാർക്കു പകർന്നുകൊടുത്തുകൊണ്ടുള്ള യേശുവിന്റെ സംസാരം രാത്രി ഏറെ വൈകിയും തുടർന്നു. അതിനു ശേഷം സ്വർഗത്തിലേക്കു നോക്കിക്കൊണ്ട് യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, സമയം വന്നിരിക്കുന്നു. പുത്രൻ നിന്നെ മഹത്ത്വീകരിക്കേണ്ടതിന് പുത്രനെ നീ മഹത്ത്വീകരിക്കേണമേ. നീ അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ കൊടുക്കേണ്ടതിന് സകല മനുഷ്യരുടെമേലും നീ അവന് അധികാരം നൽകിയിരിക്കുന്നുവല്ലോ. . . . നീ എനിക്കു ചെയ്യാൻ തന്ന വേല പൂർത്തിയാക്കിക്കൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. പിതാവേ, ലോകം ഉണ്ടാകുന്നതിനു മുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ നിന്റെ അടുക്കൽ എന്നെ മഹത്ത്വപ്പെടുത്തേണമേ.”—യോഹ. 17:1-5.
5 പ്രാർഥനയിൽ യേശു എന്തിനാണു മുൻഗണന നൽകിയത് എന്നു നിങ്ങൾ ശ്രദ്ധിച്ചോ? സ്വർഗീയപിതാവിന്റെ നാമവിശുദ്ധീകരണത്തിന്. യേശുവിന്റെ മാതൃകാപ്രാർഥനയിലെ, “പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന ആദ്യത്തെ അപേക്ഷയോടു യോജിപ്പിലായിരുന്നു അത്. (ലൂക്കോ. 11:2) അടുത്തതായി അവൻ ശ്രദ്ധ കൊടുത്തത് തന്റെ ശിഷ്യന്മാരുടെ ആവശ്യങ്ങൾക്കായിരുന്നു. അവർക്ക് ‘നിത്യജീവൻ കൊടുക്കുന്നതിനെക്കുറിച്ച്’ അവൻ പ്രാർഥനയിൽ പറഞ്ഞു. അതിനു ശേഷം അവസാനഭാഗത്താണ് തന്റെ വ്യക്തിപരമായ ഒരു ആവശ്യത്തിനുവേണ്ടി അവൻ പ്രാർഥിച്ചത്. അവൻ അപേക്ഷിച്ചു: “പിതാവേ, ലോകം ഉണ്ടാകുന്നതിനു മുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ നിന്റെ അടുക്കൽ എന്നെ മഹത്ത്വപ്പെടുത്തേണമേ.” തന്റെ വിശ്വസ്‌തപുത്രൻ ആവശ്യപ്പെട്ടതിനെക്കാൾ അധികം യഹോവ കൊടുത്തു. അതായത്, ‘ദൈവദൂതന്മാരുടേതിനെക്കാൾ ഉത്‌കൃഷ്ടമായ ഒരു നാമം’ നൽകിക്കൊണ്ട് യേശുവിന്റെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകി.—എബ്രാ. 1:4.
‘ഏകസത്യദൈവത്തെ അറിയുക’
6. നിത്യജീവൻ ലഭിക്കാൻ അപ്പൊസ്‌തലന്മാർ എന്തു ചെയ്യണമായിരുന്നു, അവർ അതിൽ വിജയിച്ചെന്ന് നാം എങ്ങനെ അറിയുന്നു?
6 അനർഹദാനമായ നിത്യജീവൻ നേടാൻ പാപികളായ നാം എന്തു ചെയ്യണമെന്നു യേശു പ്രാർഥനയിൽ പറഞ്ഞു. (യോഹന്നാൻ 17:3 വായിക്കുക.) അതായത്, ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ച് ‘അറിയുന്നതിൽ’ തുടരണം. ഇതു ചെയ്യാൻ കഴിയുന്ന ഒരു വിധം, യഹോവയെയും അവന്റെ പുത്രനെയും കുറിച്ച് കൂടുതൽ പഠിക്കാൻ നമ്മുടെ കണ്ണും കാതും ഉപയോഗിക്കുക എന്നതാണ്. ദൈവത്തെക്കുറിച്ചു പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അനുഭവിച്ചറിയുക എന്നതാണ് മറ്റൊരു പ്രധാനവിധം. അപ്പൊസ്‌തലന്മാർ ഈ പടികൾ സ്വീകരിച്ചു എന്നാണ് യേശുവിന്റെ പിൻവരുന്ന പ്രാർഥന സൂചിപ്പിക്കുന്നത്: ‘നീ എനിക്കു തന്ന വചനങ്ങൾ ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. അവർ അവയെ കൈക്കൊണ്ടു.’ (യോഹ. 17:8) എന്നാൽ നിത്യജീവൻ കരസ്ഥമാക്കണമെങ്കിൽ ദൈവം പറയുന്ന കാര്യങ്ങൾ ധ്യാനിക്കുകയും അനുദിനജീവിതത്തിൽ അതു ബാധകമാക്കുകയും ചെയ്യുന്നതിൽ അവർ തുടരണമായിരുന്നു. വിശ്വസ്‌തരായ അപ്പൊസ്‌തലന്മാർ തങ്ങളുടെ ഭൗമികജീവിതത്തിന്റെ അവസാനംവരെ അങ്ങനെ ചെയ്‌തോ? തീർച്ചയായും. അവരുടെ ഓരോരുത്തരുടെയും പേരുകൾ പുതിയ യെരുശലേമിന്റെ 12 അടിസ്ഥാനശിലകളിൽ മായ്‌ക്കാൻ കഴിയാത്തവിധം എഴുതിയിരിക്കുന്നു എന്നതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം.—വെളി. 21:14.
7. ദൈവത്തെ ‘അറിയുക’ എന്നതിന്റെ അർഥം എന്താണ്, അത് അത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 ഗ്രീക്ക് ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ‘അറിയുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ‘അറിയുന്നതിൽ തുടരുക’ എന്നും വിവർത്തനം ചെയ്യാം. ഇവ രണ്ടും പരസ്‌പരപൂരകവും പ്രധാനവും ആണ്. യോഹന്നാൻ 17:3-ന്റെ അടിക്കുറിപ്പിൽ ‘അറിവ് ഉൾക്കൊള്ളുന്നത്’ എന്ന മറ്റൊരു അർഥവും കാണാം. അതുകൊണ്ട് ‘അറിയുക’ എന്നത്, ദൈവത്തെ ‘അറിയുന്ന’ അനുഗൃഹീതാവസ്ഥയിലേക്കു നമ്മെ കൊണ്ടെത്തിക്കുന്ന തുടർച്ചയായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വ്യക്തിയായ ദൈവത്തെക്കുറിച്ച് അറിയുന്നതിൽ, അവന്റെ ഗുണങ്ങളെയും ഉദ്ദേശത്തെയും സംബന്ധിച്ചുള്ള കേവലം ശിരോജ്ഞാനത്തിലധികം ഉൾപ്പെട്ടിരിക്കുന്നു. യഹോവയുമായും സഹാരാധകരുമായും അഗാധമായ സ്‌നേഹബന്ധമുണ്ടായിരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “സ്‌നേഹിക്കാത്തവനോ ദൈവത്തെ അറിഞ്ഞിട്ടില്ല.” (1 യോഹ. 4:8) ദൈവത്തെ അറിയുന്നതിൽ, അവനെ അനുസരിക്കുന്നതും ഉൾപ്പെടുന്നു. (1 യോഹന്നാൻ 2:3-5 വായിക്കുക.) യഹോവയെ അറിയുന്നവരിൽ ഒരാളായിരിക്കുക എന്നത് എത്ര മഹത്തായ ഒരു പദവിയാണ്! എന്നാൽ യൂദാ ഈസ്‌കര്യോത്തായുടെ കാര്യത്തിലെന്നപോലെ ഈ അമൂല്യമായ പദവി നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട്, ഈ ബന്ധം കാത്തുസൂക്ഷിക്കാൻ കഠിനമായി ശ്രമിക്കുക. അങ്ങനെയെങ്കിൽ, നമുക്കു യാതൊരു അർഹതയുമില്ലാത്ത നിത്യജീവൻ എന്ന ദാനത്തിനു നാം യോഗ്യരായിത്തീരും.—മത്താ. 24:13.
“നിന്റെ നാമത്തെക്കരുതി”
8, 9. ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്തുടനീളം യേശുവിന്റെ പ്രധാനലക്ഷ്യം എന്തായിരുന്നു, ഏതു മതപാരമ്പര്യം അവൻ തള്ളിക്കളഞ്ഞിരിക്കണം?
8 യോഹന്നാൻ 17-ാം അധ്യായത്തിലെ യേശുവിന്റെ പ്രാർഥന വായിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു ഉറപ്പു ലഭിക്കും—അവിടെ സന്നിഹിതരായിരുന്ന അപ്പൊസ്‌തലന്മാരോടു മാത്രമല്ല ഭാവിയിൽ ശിഷ്യരാകാൻപോകുന്ന എല്ലാവരോടും അവന് അഗാധമായ സ്‌നേഹമുണ്ട്. (യോഹ. 17:20) അതേസമയം, നമ്മുടെ രക്ഷയല്ല യേശുവിന്റെ മുഖ്യചിന്ത എന്നും നാം തിരിച്ചറിയണം. പിതാവിന്റെ നാമം മഹത്ത്വീകരിക്കാനും വിശുദ്ധീകരിക്കാനും വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു ശുശ്രൂഷയുടെ ആരംഭംമുതൽ അവസാനംവരെ അവന്റെ പ്രധാനലക്ഷ്യം. ഉദാഹരണത്തിന്, നസറെത്തിലെ സിനഗോഗിൽവെച്ച് തന്റെ ദൗത്യത്തെക്കുറിച്ചു സംസാരിക്കവെ യെശയ്യാവിന്റെ ചുരുൾ തുറന്ന് അവൻ ഇങ്ങനെ വായിച്ചു: “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” ഇതു വായിച്ചപ്പോൾ യഹോവ എന്ന നാമം അവൻ വ്യക്തമായി ഉച്ചരിച്ചു എന്നതു തർക്കമറ്റ വസ്‌തുതയാണ്.—ലൂക്കോ. 4:16-21.
9 യഹൂദപാരമ്പര്യം മുറുകെപ്പിടിച്ചിരുന്ന മതനേതാക്കൾ, യേശു ഭൂമിയിൽ വരുന്നതിനു വളരെക്കാലം മുമ്പുമുതൽ ആളുകൾ ദൈവനാമം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. അത്തരം തിരുവെഴുത്തുവിരുദ്ധമായ പാരമ്പര്യം യേശു തള്ളിക്കളഞ്ഞു എന്നതിനു സംശയമില്ല. തന്റെ ശത്രുക്കളോട് അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; നിങ്ങളോ എന്നെ കൈക്കൊള്ളുന്നില്ല. ആരെങ്കിലും സ്വന്തനാമത്തിൽ വന്നാൽ നിങ്ങൾ അവനെ കൈക്കൊള്ളുമായിരുന്നു.” (യോഹ. 5:43) തന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്റെ ജീവിതത്തിന്റെ പ്രധാനലക്ഷ്യത്തെക്കുറിച്ചു പ്രാർഥനയിൽ അവൻ ഇങ്ങനെ പറഞ്ഞു: “പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ.” (യോഹ. 12:28) നാം ഇപ്പോൾ പരിചിന്തിക്കുന്ന പ്രാർഥനയിലുടനീളം യേശു തന്റെ പിതാവിന്റെ നാമത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്നതിൽ അതിശയിക്കേണ്ടതില്ല.
10, 11. (എ) യേശു തന്റെ പിതാവിന്റെ നാമം വെളിപ്പെടുത്തിയെന്നു പറഞ്ഞിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? (ബി) യേശുവിന്റെ ശിഷ്യന്മാർ ഏതു ലക്ഷ്യത്തോടെയാണു പ്രവർത്തിക്കേണ്ടത്?
10 യേശു ഇങ്ങനെ പ്രാർഥിച്ചു: “ലോകത്തിൽനിന്നു നീ എനിക്കു തന്നിട്ടുള്ളവർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിന്റേതായിരുന്നു; നീ അവരെ എനിക്കു തന്നു. അവർ നിന്റെ വചനം പ്രമാണിച്ചിരിക്കുന്നു. ഇനിമേൽ ഞാൻ ലോകത്തിലില്ല. എന്നാൽ അവർ ലോകത്തിലാണ്; ഞാൻ നിന്റെ അടുക്കലേക്കു വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തെക്കരുതി അവരെ കാത്തുകൊള്ളേണമേ.”—യോഹ. 17:6, 11.
11 യേശു തന്റെ പിതാവിന്റെ നാമം വെളിപ്പെടുത്തിയെന്നു പറഞ്ഞിരിക്കുന്നതിൽ ആ നാമം ഉച്ചരിക്കുന്നതിനെക്കാൾ വളരെയേറെ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ആ നാമത്തിന് ഉടമയായ ദൈവം എങ്ങനെയുള്ളവനാണെന്ന്, അതായത് അവന്റെ അത്ഭുതകരമായ ഗുണങ്ങളും അവൻ നമ്മോട് ഇടപെടുന്ന വിധവും യേശു അവരെ പഠിപ്പിച്ചു. (പുറ. 34:5-7) ഇപ്പോൾ സ്വർഗത്തിൽ മഹത്ത്വപൂർണമായ സ്ഥാനത്ത് ഇരിക്കുന്ന യേശു, ഭൂമിയിലെമ്പാടും പിതാവിന്റെ നാമം അറിയിക്കാൻവേണ്ടി തന്റെ ശിഷ്യന്മാരെ സഹായിക്കുന്നതിൽ തുടരുന്നു. ഈ ദുഷ്ടലോകം അവസാനിക്കാറാകുമ്പോൾ കൂടുതൽ ശിഷ്യന്മാരെ കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. ഒടുവിൽ, യഹോവ തന്റെ വിശ്വസ്‌തസാക്ഷികളെ വിടുവിക്കാനായി പ്രവർത്തിക്കുമ്പോൾ അവന്റെ നാമം എത്ര ഉന്നതമായിത്തീരും!—യെഹെ. 36:23.
‘ലോകം വിശ്വസിക്കേണ്ടതിന്’
12. ജീവരക്ഷാകരമായ നമ്മുടെ വേലയിൽ വിജയിക്കാൻ ആവശ്യമായ മൂന്നു കാര്യങ്ങൾ ഏവ?
12 യേശു ഭൂമിയിലായിരുന്നപ്പോൾ തന്റെ ശിഷ്യന്മാരുടെ ബലഹീനതകൾ മറികടക്കാൻ അവരെ സഹായിച്ചു. അവൻ തുടങ്ങിവെച്ച വേല പൂർത്തിയാക്കാൻ അത് ആവശ്യമായിരുന്നു. അവൻ പ്രാർഥിച്ചതു ശ്രദ്ധിക്കുക: “നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെതന്നെ ഞാൻ അവരെയും ലോകത്തിലേക്ക് അയയ്‌ക്കുന്നു.” ജീവരക്ഷാകരമായ ആ വേലയിൽ വിജയിക്കുന്നതിന് ആവശ്യമായ മൂന്നു കാര്യങ്ങൾ യേശു ഊന്നിപ്പറഞ്ഞു. ഒന്നാമതായി, അവന്റെ ശിഷ്യന്മാർ സാത്താന്റെ ഈ അശുദ്ധലോകത്തിന്റെ ഭാഗമാകരുതെന്ന് അവൻ പ്രാർഥിച്ചു. രണ്ടാമതായി, ദൈവവചനത്തിലെ സത്യം ബാധകമാക്കിക്കൊണ്ട് അവർ വിശുദ്ധരായിരിക്കണമെന്ന് അഥവാ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് അവൻ പ്രാർഥിച്ചു. മൂന്നാമതായി, തനിക്കും പിതാവിനും ഇടയിലുള്ള അതേ ഐക്യവും അഗാധമായ സ്‌നേഹവും ശിഷ്യന്മാർക്കിടയിലുമുണ്ടാകണമെന്ന് യേശു ആവർത്തിച്ച് യാചിച്ചു. ഒരു ആത്മപരിശോധന നടത്താൻ യേശുവിന്റെ ഈ പ്രാർഥന നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? നമ്മോടുതന്നെ ചോദിക്കുക: ‘യേശുവിന്റെ ഈ മൂന്ന് അപേക്ഷകൾക്കു ചേർച്ചയിൽ ഞാൻ പ്രവർത്തിക്കുന്നുണ്ടോ?’ ഈ കാര്യങ്ങൾ അനുസരിക്കുമ്പോൾ, ‘പിതാവ് തന്നെ അയച്ചുവെന്നു ലോകം വിശ്വസിക്കും’ എന്ന യേശുവിന്റെ ശുഭാപ്‌തിവിശ്വാസത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കുകയായിരിക്കും.—യോഹന്നാൻ 17:15-21 വായിക്കുക.
13. യേശുവിന്റെ പ്രാർഥനയ്‌ക്ക് ഒന്നാം നൂറ്റാണ്ടിൽ ഉത്തരം ലഭിച്ചത് എങ്ങനെയാണ്?
13 യേശുവിന്റെ ഈ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിച്ചെന്ന് പ്രവൃത്തികളുടെ പുസ്‌തകം പരിശോധിക്കുന്നതിലൂടെ നമുക്കു മനസ്സിലാക്കാം. യഹൂദരും വിജാതീയരും, പാവപ്പെട്ടവരും പണക്കാരും, അടിമകളും യജമാനന്മാരും എല്ലാമുണ്ടായിരുന്ന ആദിമക്രിസ്‌തീയസഭയിൽ വിഭാഗീയത ഉണ്ടാകാനുള്ള സാധ്യത എത്ര വലുതായിരുന്നെന്നു ചിന്തിക്കുക! എന്നാൽ, അവർക്കിടയിൽ തികഞ്ഞ ഐക്യമുണ്ടായിരുന്നു. അതുകൊണ്ടാണ് യേശു ശിരസ്സും ശിഷ്യന്മാർ അവയവങ്ങളുമായുള്ള ഒരു ശരീരത്തോട് പൗലോസ് അവരെ ഉപമിച്ചത്. (എഫെ. 4:15, 16) സാത്താന്റെ വിഭജിതലോകത്തിൽ എത്ര അത്ഭുതകരമായ വിജയം! ആ ഐക്യത്തിന്റെ സകല മഹത്ത്വവും യഹോവയ്‌ക്കാണ്. കാരണം അവന്റെ അപരിമേയശക്തിയായ പരിശുദ്ധാത്മാവിലൂടെയാണ് ഇതു സാധ്യമാകുന്നത്.—1 കൊരി. 3:5-7.
14. യേശുവിന്റെ പ്രാർഥനയ്‌ക്ക് ഈ ആധുനികകാലത്ത് എങ്ങനെയാണ് ഉത്തരം ലഭിച്ചിരിക്കുന്നത്?
14 ദുഃഖകരമെന്നു പറയട്ടെ, അപ്പൊസ്‌തലന്മാരുടെ മരണശേഷം അത്ഭുതകരമായ ഈ ഐക്യം നഷ്ടപ്പെട്ടു. മുൻകൂട്ടിപ്പറഞ്ഞതുപോലെ വലിയ വിശ്വാസത്യാഗം ഉടലെടുക്കുകയും ക്രിസ്‌ത്യാനിത്വം വിഭജിതമാകുകയും ചെയ്‌തു. (പ്രവൃ. 20:29, 30) എന്നാൽ 1919-ൽ യേശു തന്റെ അഭിഷിക്താനുഗാമികളെ വ്യാജമതത്തിൽനിന്നു വിടുവിച്ച് ‘ഐക്യത്തിന്റെ സമ്പൂർണബന്ധത്തിൽ’ കൂട്ടിച്ചേർത്തു. (കൊലോ. 3:14) അഭിഷിക്തരുടെ കൂട്ടായ പ്രസംഗപ്രവർത്തനം എന്തു ഫലം ഉളവാക്കി? “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” 70 ലക്ഷത്തിലധികം വരുന്ന “വേറെ ആടുകളും” യേശുവിന്റെ അഭിഷിക്താനുഗാമികളും ഒരു ആട്ടിൻകൂട്ടമായിത്തീർന്നിരിക്കുന്നു! (യോഹ. 10:16; വെളി. 7:9) “നീ എന്നെ അയച്ചുവെന്നും നീ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ” എന്ന യേശുവിന്റെ പ്രാർഥനയ്‌ക്കുള്ള എത്ര കൃത്യമായ ഉത്തരം!—യോഹ. 17:23.
അത്യുത്‌കൃഷ്ടമായ ഒരു ഉപസംഹാരം
15. തന്റെ അഭിഷിക്താനുഗാമികൾക്കുവേണ്ടി യേശു ഏത് അഭ്യർഥന നടത്തി?
15 നീസാൻ മാസം 14-ാം തീയതി സന്ധ്യാസമയത്ത്, നാം പരിചിന്തിക്കുന്ന പ്രാർഥനയ്‌ക്കു തൊട്ടുമുമ്പ്, യേശു തന്റെ ശിഷ്യന്മാരെ മഹത്ത്വപ്പെടുത്തി. രാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനുള്ള ഒരു ഉടമ്പടി ചെയ്‌തുകൊണ്ടായിരുന്നു അത്. (ലൂക്കോ. 22:28-30; യോഹ. 17:22) ഭാവിയിൽ അഭിഷിക്താനുഗാമികളായിത്തീരുന്നവരെയുംകൂടെ മനസ്സിൽപ്പിടിച്ചുകൊണ്ട് യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ലോകസ്ഥാപനത്തിനു മുമ്പേ നീ എന്നെ സ്‌നേഹിച്ചതുകൊണ്ട് നീ എനിക്കു നൽകിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്, ഞാൻ ആയിരിക്കുന്നിടത്ത് അവരും എന്നോടുകൂടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നു.” (യോഹ. 17:24) അഭിഷിക്തക്രിസ്‌ത്യാനികൾക്കു ലഭിച്ച ഈ പദവിയെപ്രതി വേറെ ആടുകൾ അസൂയപ്പെടുന്നില്ല, പകരം അവർ സന്തോഷിക്കുന്നു. ഇന്നു സത്യക്രിസ്‌ത്യാനികളുടെ ഇടയിലുള്ള ഐക്യം അതിന്റെ സ്‌പഷ്ടമായ തെളിവാണ്.
16, 17. (എ) പ്രാർഥനയുടെ ഉപസംഹാരത്തിൽ പറഞ്ഞത് അനുസരിച്ച് യേശുവിന്റെ ദൃഢനിശ്ചയം എന്തായിരുന്നു? (ബി) എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?
16 യഹോവയെ ശരിയായി അറിയുന്ന ഐക്യമുള്ള ഒരു ജനമുണ്ടെന്ന കാര്യം ഇന്നു വ്യക്തമാണ്. എന്നാൽ മതനേതാക്കന്മാരുടെ സ്വാധീനം നിമിത്തം ആ തെളിവിനു നേരെ ഭൂരിഭാഗം ആളുകളും കണ്ണടയ്‌ക്കുന്നു. യേശുവിന്റെ നാളിലും ഇതു സത്യമായിരുന്നു. അതുകൊണ്ട് വികാരനിർഭരമായ ഈ വാക്കുകളോടെ യേശു പ്രാർഥന അവസാനിപ്പിക്കുന്നു: “നീതിമാനായ പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നുവെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നോടു കാണിച്ച സ്‌നേഹം അവരിൽ ഉണ്ടാകുവാനും ഞാൻ അവരോട് ഏകീഭവിച്ചിരിക്കുവാനും ഞാൻ നിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു; ഇനിയും അറിയിക്കും.”—യോഹ. 17:25, 26.
17 യേശു തന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിച്ചില്ല എന്ന് ആർക്കെങ്കിലും പറയാനാകുമോ? തന്റെ പിതാവിന്റെ നാമവും ഉദ്ദേശവും അറിയിക്കാൻവേണ്ടി സഭയുടെ ശിരസ്സെന്ന നിലയിൽ യേശു ഇപ്പോഴും നമ്മെ സഹായിക്കുന്നു. പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുക എന്ന യേശുവിന്റെ കല്‌പന ഉത്സാഹപൂർവം അനുസരിച്ചുകൊണ്ട് അവന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെടുന്നതിൽ നമുക്കു തുടരാം. (മത്താ. 28:19, 20; പ്രവൃ. 10:42) കൂടാതെ, നമ്മുടെ വിശിഷ്ടമായ ഐക്യം കാത്തുസൂക്ഷിക്കാൻ നാം പരമാവധി ശ്രമിക്കണം. ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ യേശുവിന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ നാം പ്രവർത്തിക്കുകയായിരിക്കും. അത് യഹോവയുടെ നാമമഹത്ത്വത്തിലും നമ്മുടെ നിത്യമായ സന്തോഷത്തിലും കലാശിക്കും.