നിങ്ങൾ മനസ്സുമാറ്റേണ്ടതുണ്ടോ?
ചെറുപ്പക്കാരായ ഒരു ചങ്ങാതിക്കൂട്ടം ഒരു സിനിമ കാണാനിറങ്ങിയതാണ്. ‘അടിപൊളിപ്പടം’ എന്ന് സ്കൂളിൽ കുട്ടികൾ അതിനെ വാനോളം പുകഴ്ത്തുന്നത് അവർ കേട്ടിരുന്നു. എന്നാൽ സിനിമാക്കൊട്ടകയിൽ ചെന്നപ്പോൾ, അല്പവസ്ത്രധാരിണികളായ പെണ്ണുങ്ങളും മാരകായുധങ്ങളും അണിനിരന്ന സിനിമാപോസ്റ്ററുകളാണ് അവരെ വരവേറ്റത്. ക്രിസ്ത്യാനികളായ ആ ചെറുപ്പക്കാർ ഇപ്പോൾ എന്തു ചെയ്യും? വന്നതല്ലേ, ഏതായാലും കണ്ടിട്ടുപോകാം എന്ന് അവർ തീരുമാനിക്കുമോ?
ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയോ ഉലയ്ക്കുകയോ ചെയ്തേക്കാവുന്ന പല തീരുമാനങ്ങളെയും നാം ദൈനംദിനം നേരിടുന്നു. ചിലപ്പോൾ ഒരു കാര്യം ചെയ്യാൻ നിങ്ങൾ ആദ്യം തീരുമാനിച്ചേക്കാം. പക്ഷേ രണ്ടുവട്ടം ചിന്തിച്ചപ്പോൾ നിങ്ങൾ മനസ്സുമാറ്റുന്നു. അതിനർഥം നിങ്ങൾക്ക് തീരുമാനശേഷി ഇല്ലെന്നാണോ? അതോ നിങ്ങൾ ചെയ്തത് ശരിയാണോ?
മനസ്സുമാറ്റുന്നത് ഉചിതമല്ലാത്ത സാഹചര്യങ്ങൾ
ദൈവത്തോടുള്ള സ്നേഹമാണ് ജീവിതം അവന് സമർപ്പിക്കാനും സ്നാനമേൽക്കാനും നമ്മെ പ്രേരിപ്പിച്ചത്. അവനോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുക എന്നതാണ് നമ്മുടെ ആത്മാർഥമായ ആഗ്രഹം. എന്നാൽ ശത്രുവായ പിശാച് നമ്മുടെ നിർമലത തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. (വെളി. 12:17) യഹോവയെ സേവിക്കാനും അവന്റെ കല്പനകൾ അനുസരിക്കാനും ഉള്ള ദൃഢതീരുമാനമാണ് നാം എടുത്തിരിക്കുന്നത്. യഹോവയ്ക്കുള്ള നമ്മുടെ സമർപ്പണത്തിന്റെ കാര്യത്തിൽ മനസ്സുമാറ്റാൻ നമുക്കു കഴിയുമോ! അത് തീർച്ചയായും വിപത്കരമായിരിക്കും.
രണ്ടായിരത്തി അറുനൂറിൽപ്പരം വർഷം മുമ്പ് ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ ഒരു പടുകൂറ്റൻ സ്വർണപ്രതിമ നിർമിച്ചിട്ട് സകലരും അതിന്റെ മുമ്പിൽ കുമ്പിട്ട് നമസ്കരിക്കണമെന്ന് കല്പന പുറപ്പെടുവിച്ചു. അങ്ങനെ ചെയ്യാത്തവരെ എരിയുന്ന തീച്ചൂളയിൽ എറിയുമെന്ന് അവൻ ഭീഷണിമുഴക്കി. എന്നാൽ യഹോവയെ ഭയപ്പെട്ട് അവനെ ആരാധിച്ചുപോന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്ന് ചെറുപ്പക്കാർ ആ കല്പന അനുസരിക്കാൻ കൂട്ടാക്കിയില്ല. പ്രതിമയെ വണങ്ങാഞ്ഞതുകൊണ്ട് എരിയുന്ന തീച്ചൂളയിലേക്ക് അവരെ ഇട്ടുകളഞ്ഞു. അത്ഭുതകരമായി യഹോവ അവരെ രക്ഷിച്ചു എന്നതു ശരിതന്നെ. എന്നാൽ ശ്രദ്ധേയമായ സംഗതി ദൈവത്തെ സേവിക്കുക എന്ന തങ്ങളുടെ തീരുമാനത്തിൽ അവർ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല എന്നതാണ്. മനസ്സുമാറ്റുന്നതിനു പകരം സത്യാരാധനയ്ക്കായി ജീവൻപോലും വെച്ചുകൊടുക്കാൻ അവർ തയ്യാറായി.—ദാനീ. 3:1-27.
പിന്നീട് ഒരിക്കൽ, സിംഹക്കുഴിയിൽ എറിയപ്പെടും എന്ന ഭീഷണി വകവെക്കാതെ പ്രവാചകനായ ദാനിയേൽ യഹോവയോടുതന്നെ പ്രാർഥിക്കുന്നതിൽ തുടർന്നു. ദിവസം മൂന്നുപ്രാവശ്യം പ്രാർഥിക്കുന്ന ഒരു പതിവ് അവനുണ്ടായിരുന്നു. ഭീഷണി നേരിട്ടിട്ടും അവൻ ആ പതിവ് തെറ്റിച്ചില്ല. സത്യദൈവത്തെ ആരാധിക്കാൻ അവൻ നിശ്ചയിച്ചുറച്ചിരുന്നു. അതെ, അവൻ മനസ്സുമാറ്റിയില്ല. തത്ഫലമായി, യഹോവ തന്റെ പ്രവാചകനെ ‘സിംഹങ്ങളുടെ വായിൽനിന്ന് രക്ഷിച്ചു.’—ദാനീ. 6:1-27.
ആധുനികകാലത്തെ ദൈവദാസരും തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ദൃഢചിത്തരാണ്. ആഫ്രിക്കയിലെ ഒരു സ്കൂളിൽ യഹോവയുടെ സാക്ഷികളായ ഒരു കൂട്ടം വിദ്യാർഥികൾ ഒരു ദേശീയപ്രതീകത്തെ വണങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. മറ്റു വിദ്യാർഥികൾക്കൊപ്പം ചടങ്ങിൽ സംബന്ധിക്കാത്തപക്ഷം സ്കൂളിൽനിന്ന് പുറത്താക്കും എന്ന ഭീഷണി അവർ നേരിട്ടു. എന്നാൽ ഏറെ താമസിയാതെ, അവിടത്തെ വിദ്യാഭ്യാസമന്ത്രി ആ പട്ടണം സന്ദർശിച്ചപ്പോൾ, ആ ‘സാക്ഷിക്കുട്ടി’കളിൽ ചിലരോട് സംസാരിക്കാനിടയായി. തികഞ്ഞ ആദരവോടെ, എന്നാൽ നിർഭയരായി ആ ബാലികാബാലന്മാർ തങ്ങളുടെ കാഴ്ചപ്പാട് അദ്ദേഹത്തിന് വ്യക്തമാക്കിക്കൊടുത്തു. അതോടെ, ആ പ്രശ്നം അവിടെ കെട്ടടങ്ങി. യഹോവയുമായുള്ള തങ്ങളുടെ ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദമേതുമില്ലാതെ ഇപ്പോൾ ആ യുവ സഹോദരീസഹോദരന്മാർക്ക് സ്കൂളിൽ പോകാനാകുന്നു.
ഇനി, ജോസഫിന്റെ അനുഭവം കേൾക്കുക. അദ്ദേഹത്തിന്റെ ഭാര്യ ക്യാൻസർ പിടിപെട്ട് പെട്ടെന്ന് മരിച്ചുപോയി. ശവസംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ജോസഫിന്റെ നിലപാട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അംഗീകരിക്കുകയും മാനിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബാംഗങ്ങൾ സത്യത്തിലായിരുന്നില്ല. അതുകൊണ്ട് അവർ അവരുടെ രീതിയിൽ ശവസംസ്കാര ചടങ്ങുകൾക്ക് വട്ടംകൂട്ടി. ദൈവത്തിന് സ്വീകാര്യമല്ലാത്ത പല കർമങ്ങളും ആചാരങ്ങളും അതിലുണ്ടായിരുന്നു. ജോസഫ് വിവരിക്കുന്നു: “എന്റെ മനസ്സുമാറ്റാൻ ആവില്ലെന്നു കണ്ട അവർ പിന്നെ എന്റെ മക്കളെ സ്വാധീനിക്കാനായി ശ്രമം. പക്ഷേ അവരും ഉറച്ചുനിന്നു. മരണവീട്ടിൽ ഉറക്കമൊഴിക്കുന്ന ഒരു ആചാരത്തിനും ബന്ധുക്കൾ തയ്യാറെടുത്തു. പക്ഷേ എന്റെ വീട്ടിൽ അത് അനുവദിക്കാനാവില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഉറക്കമൊഴിക്കുന്ന ആചാരം എന്റെയും ഭാര്യയുടെയും വിശ്വാസത്തിന് നിരക്കുന്നതല്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് നീണ്ട ചർച്ചകൾക്കു ശേഷം അവർ ആ അനുഷ്ഠാനം മറ്റൊരിടത്ത് നടത്താൻ തീരുമാനിച്ചു.
“ഹൃദയം നുറുങ്ങിയിരുന്ന ആ സമയത്ത്, യഹോവയുടെ കല്പനകളൊന്നും ഞങ്ങളുടെ കുടുംബം ലംഘിക്കാൻ ഇടയാകരുതേ എന്ന് ഞാൻ അവനോട് മുട്ടിപ്പായി പ്രാർഥിച്ചു. അവൻ ഞങ്ങളുടെ അഭയയാചന കേട്ടു, സമ്മർദത്തിന്മധ്യേ പതറാതെ ഉറച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചു.” സത്യാരാധനയുടെ കാര്യത്തിൽ മനസ്സുമാറ്റുക എന്നത് ജോസഫിനും കുട്ടികൾക്കും അചിന്തനീയമായിരുന്നു!
മനസ്സുമാറ്റുന്നത് വേണമെങ്കിൽ ആകാം എന്നുള്ള സാഹചര്യങ്ങൾ
എ.ഡി. 32-ലെ പെസഹാ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. സീദോൻ ദേശത്തുവെച്ച് ഒരു ഫൊയ്നീക്യക്കാരി യേശുക്രിസ്തുവിനെ സമീപിച്ചു. ഭൂതോപദ്രവം കഠിനമായിരുന്ന മകളെ സുഖപ്പെടുത്തേണമേ എന്ന് അവൾ യേശുവിനോട് ആവർത്തിച്ച് അപേക്ഷിച്ചു. ആദ്യമൊന്നും യേശു അവളോട് മറുപടി പറഞ്ഞില്ല. പകരം അവൻ ശിഷ്യന്മാരോട്, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ മറ്റാരുടെയും അടുക്കലേക്ക് എന്നെ അയച്ചിട്ടില്ല” എന്നു പറഞ്ഞു. പക്ഷേ ആ സ്ത്രീ വീണ്ടുംവീണ്ടും കർത്താവിനോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു. അപ്പോൾ യേശു, “മക്കളുടെ അപ്പമെടുത്തു നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ” എന്ന് അവളോടു പറഞ്ഞു. എന്നാൽ ആ സ്ത്രീ, “ഉവ്വ് കർത്താവേ, എന്നാൽ നായ്ക്കുട്ടികളും അവയുടെ യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് അസാധാരണമാംവിധം ശക്തമായ വിശ്വാസം പ്രകടമാക്കി. അവളുടെ ആ ഉത്തരത്തിൽ മനസ്സലിഞ്ഞ യേശു വഴക്കം കാണിക്കാൻതന്നെ തീരുമാനിച്ചു. അവളുടെ മകളെ അവൻ സൗഖ്യമാക്കി.—മത്താ. 15:21-28.
യേശു ഇവിടെ യഹോവയെ അനുകരിക്കുകയായിരുന്നു. സാഹചര്യം അനുവദിക്കുമ്പോൾ മനസ്സുമാറ്റാൻ യഹോവ സന്നദ്ധനാണ്. ഉദാഹരണത്തിന്, ഇസ്രായേല്യർ സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോൾ ആ ജനതയെ നിർമാർജനം ചെയ്യാനാണ് യഹോവ ആദ്യം തീരുമാനിച്ചത്. എന്നാൽ അവൻ മോശയുടെ അപേക്ഷ മാനിക്കുകയും തന്റെ മനസ്സുമാറ്റുകയും ചെയ്തു.—പുറ. 32:7-14.
അപ്പൊസ്തലനായ പൗലോസ് യഹോവയുടെയും യേശുവിന്റെയും ഈ മാതൃക അനുകരിച്ചു. മർക്കോസിനെ മിഷനറി യാത്രകൾക്ക് കൂടെക്കൂട്ടുന്നത് ഉചിതമല്ലെന്നായിരുന്നു കുറെക്കാലത്തേക്ക് പൗലോസ് കരുതിയിരുന്നത്. കാരണം ആദ്യയാത്രയിൽ അവൻ പൗലോസിനെയും ബർന്നബാസിനെയും വിട്ട് പൊയ്ക്കളഞ്ഞവനായിരുന്നു. എന്നാൽ പിന്നീട്, മർക്കോസ് പുരോഗതി കൈവരിച്ചെന്നു മനസ്സിലാക്കിയിട്ടായിരിക്കണം പൗലോസ് അവനെ ശുശ്രൂഷയ്ക്ക് യോഗ്യനായി കണ്ടു. അതുകൊണ്ടാണ് പൗലോസ് തിമൊഥെയൊസിനോട്, “മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരണം; ശുശ്രൂഷയിൽ അവൻ എനിക്ക് ഉപകാരപ്പെടും” എന്ന് പറഞ്ഞത്.—2 തിമൊ. 4:11.
നമ്മുടെ കാര്യമോ? ദീർഘക്ഷമയും കരുണയും നിറഞ്ഞ സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവിനെപ്പോലെ, ചില സാഹചര്യങ്ങളിൽ മനസ്സുമാറ്റുന്നത് ഉചിതവും ദയയുമാണെന്ന് നാമും കണ്ടേക്കാം. ഉദാഹരണത്തിന്, മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായത്തിൽ ഒരുപക്ഷേ നാം മാറ്റംവരുത്തേണ്ടതുണ്ടാകാം. യഹോവയും യേശുവും പൂർണരാണ്, എങ്കിലും നാം അപൂർണരാണ്. പൂർണരായ അവർ മനസ്സുമാറ്റാൻ തയ്യാറാണെങ്കിൽ, അപൂർണരായ നാം മറ്റുള്ളവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ ഉചിതമായിരിക്കുമ്പോൾ മനസ്സുമാറ്റാൻ തയ്യാറാകേണ്ടതല്ലേ?
ദിവ്യാധിപത്യ ലാക്കുകളുടെ കാര്യത്തിലും നാം മനസ്സുമാറ്റുന്നത് ചിലപ്പോൾ നന്നായിരിക്കും. കാലങ്ങളായി സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും യോഗങ്ങൾക്ക് സംബന്ധിക്കുകയും ചെയ്യുന്ന ചിലർ സ്നാനം അനിശ്ചിതമായി നീട്ടിവെക്കുന്നത് കാണാറുണ്ട്. അതുപോലെ സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും ചില സഹോദരങ്ങൾ പയനിയറിങ് ചെയ്യാൻ വിമുഖത കാണിച്ചേക്കാം. ചില സഹോദരന്മാരാകട്ടെ, സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ ഏറ്റെടുക്കാൻ താത്പര്യം കാണിക്കുന്നില്ല. (1 തിമൊ. 3:1) നിങ്ങൾ ഇതിൽ ഏതെങ്കിലും ഗണത്തിൽപ്പെടുന്നവരാണോ? ആത്മീയപദവികൾ ആസ്വദിക്കാൻ യഹോവ നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുകയാണ്. അങ്ങനെയെങ്കിൽ, മനസ്സുമാറ്റാൻ നിങ്ങൾ തയ്യാറാകുമോ? മറ്റുള്ളവരെയും ദൈവത്തെയും സേവിക്കാനായി നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതിലെ സന്തോഷം നിങ്ങളെ കാത്തിരിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ, ആഫ്രിക്കയിലുള്ള ഒരു ബ്രാഞ്ചോഫീസിലാണ് എല്ല സേവിക്കുന്നത്. തന്റെ സേവനത്തെക്കുറിച്ച് സഹോദരി ഇങ്ങനെ പറയുന്നു: “അധികം കാലം നിൽക്കണം എന്നൊന്നും കരുതിയല്ല ഞാൻ ബെഥേലിൽ വന്നത്. യഹോവയെ മുഴുഹൃദയാ സേവിക്കണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കുടുംബത്തെ വിട്ടുപിരിയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. വീടുവിട്ടതിൽ ആദ്യമൊക്കെ എനിക്ക് ഭയങ്കര വിഷമമായിരുന്നു! എന്നാൽ എന്റെ കൂടെ താമസിച്ചിരുന്ന സഹോദരി എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അങ്ങനെ ഞാൻ ബെഥേലിൽത്തന്നെ തുടരാൻ തീരുമാനിച്ചു. ഇന്ന് പത്തു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എന്റെ സഹോദരങ്ങളെ സേവിച്ചുകൊണ്ട് പറ്റുന്നിടത്തോളം കാലം ഇവിടെത്തന്നെ തുടരാനാണ് എന്റെ ആഗ്രഹം.”
മനസ്സുമാറ്റുന്നത് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ
കയീൻ അനുജനോട് അസൂയപ്പെട്ട് കോപംകൊണ്ടു ജ്വലിച്ചപ്പോൾ എന്താണുണ്ടായതെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? നന്മ ചെയ്യാൻ മനസ്സുവെക്കുന്നെങ്കിൽ ദൈവപ്രീതിയിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന് മുഖംകനപ്പിച്ചുനിന്ന കയീനോട് യഹോവ പറഞ്ഞു. ‘പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, നീയോ അതിനെ കീഴടക്കേണം’ എന്ന് ദൈവം അവനെ ബുദ്ധിയുപദേശിച്ചു. കയീന് വേണമെങ്കിൽ തന്റെ മനസ്സും മനോഭാവവും മാറ്റാമായിരുന്നു. പക്ഷേ, അവൻ ആ ബുദ്ധിയുപദേശം ചെവിക്കൊണ്ടില്ല. സങ്കടകരമെന്നു പറയട്ടെ, അനിയനെ കൊന്നുകൊണ്ട് അവൻ മനുഷ്യരുടെ ഇടയിലെ ആദ്യ കൊലപാതകിയായിത്തീർന്നു!—ഉല്പ. 4:2-8.
ഇനിയും, ഉസ്സീയാവിന്റെ കാര്യമെടുക്കുക. ആദ്യമൊക്കെ അവൻ യഹോവയെ അന്വേഷിച്ച് അവന്റെ ദൃഷ്ടിയിൽ ശരിയായത് ചെയ്തുപോന്നു. ഖേദകരമെന്നു പറയട്ടെ, ഒരു ഘട്ടത്തിൽ അവൻ അഹങ്കാരിയായിത്തീർന്നുകൊണ്ട് സത്പേര് കളഞ്ഞുകുളിച്ചു. പുരോഹിതനല്ലാഞ്ഞിട്ടും അവൻ ആലയത്തിൽ പ്രവേശിച്ച് ധൂപം കാട്ടാൻ മുതിർന്നു. അത് ധിക്കാരമാണെന്നു പറഞ്ഞുകൊണ്ട് പുരോഹിതന്മാർ അവനെ തടഞ്ഞപ്പോൾ ഉസ്സീയാവ് മനസ്സുമാറ്റിയോ? ഇല്ല. അവൻ “പുരോഹിതന്മാരോടു കോപിച്ച്” മുന്നറിയിപ്പു തള്ളിക്കളഞ്ഞു. ഫലമോ? തത്ക്ഷണം അവന്റെ നെറ്റിമേൽ കുഷ്ഠംപൊങ്ങി.—2 ദിന. 26:3-5, 16-20.
അതെ, നാം കർശനമായും മനസ്സുമാറ്റേണ്ട ചില സാഹചര്യങ്ങളുണ്ട്. ആധുനികകാലത്തെ ഒരു ദൃഷ്ടാന്തം നോക്കുക. സാക്കീം 1955-ൽ സ്നാനപ്പെട്ടതാണ്. പക്ഷേ, 1978-ൽ അദ്ദേഹം പുറത്താക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹം മാനസാന്തരപ്പെട്ട് യഹോവയുടെ സാക്ഷികളിൽ ഒരാളായി പുനഃസ്ഥിതീകരിക്കപ്പെട്ടു. എന്തുകൊണ്ടാണ് മടങ്ങിവരാൻ ഇത്രയും കാലമെടുത്തത് എന്ന് ഒരു മൂപ്പൻ അടുത്തയിടെ സാക്കീമിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധിക്കുക: “കോപവും ദുരഭിമാനവും ആയിരുന്നു എന്റെ പ്രശ്നം. മടങ്ങിവരാൻ താമസിച്ചതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. സഭയ്ക്കു പുറത്തായിരുന്നപ്പോഴും, സാക്ഷികൾ പഠിപ്പിക്കുന്നതുതന്നെയാണ് സത്യം എന്ന് എനിക്ക് അറിയാമായിരുന്നു.” അതെ, അദ്ദേഹം മനസ്സുമാറ്റി മാനസാന്തരപ്പെടേണ്ട ആവശ്യമുണ്ടായിരുന്നു.
നാം മനസ്സും മനോഭാവവും ജീവിതരീതിയും മാറ്റിയേ തീരൂ എന്ന് സ്വയം തിരിച്ചറിയുന്ന ചില സാഹചര്യങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടായേക്കാം. യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായത് ചെയ്യാൻ തക്കവണ്ണം മനസ്സുമാറ്റാൻ നിങ്ങൾ തയ്യാറാകുമോ?—സങ്കീ. 34:8.