വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം നൽകുന്ന സമ്പത്ത്‌

ദൈവം നൽകുന്ന സമ്പത്ത്‌

ദൈവം നൽകുന്ന സമ്പത്ത്‌

ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നിങ്ങൾ ഉദ്ദേശിക്കുന്നതരം സമ്പത്തു നൽകിയായിരിക്കില്ല. യേശുവിന്റെ അമ്മയായ മറിയയുടെ കാര്യമെടുക്കുക. മറിയ ദൈവപുത്രന്‌ ജന്മംനൽകുമെന്ന്‌ ദൈവദൂതനായ ഗബ്രിയേൽ അറിയിച്ച സന്ദർഭത്തിൽ, അവൾ ദൈവത്തിന്റെ “കൃപ ലഭിച്ച”വളാണെന്ന്‌ അവൻ പറയുകയുണ്ടായി. (ലൂക്കോസ്‌ 1:28, 30-32) എന്നാൽ മറിയ സമ്പന്നയായിരുന്നില്ല. യേശുവിനെ പ്രസവിച്ചശേഷം അവൾ ആലയത്തിൽ യാഗമായി അർപ്പിച്ചത്‌, ‘ഒരു ജോഡി പ്രാവുകളെ’ ആയിരുന്നു. ദരിദ്രരായ ആളുകൾ യഹോവയ്‌ക്ക്‌ അർപ്പിച്ചിരുന്ന യാഗമായിരുന്നു അത്‌.—ലൂക്കോസ്‌ 2:24; ലേവ്യപുസ്‌തകം 12:8.

മറിയയ്‌ക്ക്‌ സമ്പത്തില്ലായിരുന്നു എന്ന വസ്‌തുത അവൾക്ക്‌ ദൈവത്തിന്റെ അംഗീകാരമില്ലായിരുന്നു എന്ന്‌ സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. മറിയ തന്റെ ബന്ധുവായ എലിസബെത്തിനെ കാണാൻ ചെന്നപ്പോൾ അവൾ പരിശുദ്ധാത്മാവ്‌ നിറഞ്ഞവളായി മറിയയെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞു: “സ്‌ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത്‌!” (ലൂക്കോസ്‌ 1:41, 42) ദൈവപുത്രന്റെ ജീവനെ ഉദരത്തിൽ വഹിക്കാനുള്ള പദവിയാണ്‌ മറിയയ്‌ക്കു ലഭിച്ചത്‌.

യേശുവും സമ്പന്നനായിരുന്നില്ല. അവൻ ജനിച്ചുവളർന്നത്‌ ഒരു എളിയ ഭവനത്തിലായിരുന്നു. ജീവിതകാലം മുഴുവനും അവൻ എളിയ അവസ്ഥയിൽത്തന്നെയാണ്‌ ജീവിച്ചതും. ഒരിക്കൽ, തന്നെ അനുഗമിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്‌; മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല.” (ലൂക്കോസ്‌ 9:57, 58) എന്നാൽ യേശു ഭൂമിയിലേക്കു വന്നതുനിമിത്തം അവന്റെ അനുഗാമികൾക്ക്‌ വലിയ സമ്പത്ത്‌ നേടാനായി. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകേണ്ടതിന്‌ (അവൻ) നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്നു.” (2 കൊരിന്ത്യർ 8:9) ഏതു തരം സമ്പത്താണ്‌ യേശു തന്റെ അനുഗാമികൾക്കു നൽകിയത്‌? ഇന്ന്‌ നമുക്ക്‌ ഏതുതരം സമ്പത്താണ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌?

ഏതുതരം സമ്പത്ത്‌?

ഭൗതിക സമ്പത്ത്‌ പലപ്പോഴും ദൈവത്തിൽ വിശ്വാസം വളർത്തിയെടുക്കുന്നതിന്‌ ഒരു തടസ്സമാകാറുണ്ട്‌. കാരണം ധനികരായ ആളുകൾ പൊതുവെ ദൈവത്തിലായിരിക്കില്ല, ധനത്തിലായിരിക്കും ആശ്രയംവെക്കുന്നത്‌. “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത്‌ എത്ര പ്രയാസം” എന്ന്‌ യേശു ഒരിക്കൽ പറയുകയുണ്ടായി. (മർക്കോസ്‌ 10:23) അപ്പോൾ യേശു തന്റെ അനുഗാമികൾക്കു വാഗ്‌ദാനം ചെയ്‌തത്‌ ഭൗതിക സമ്പത്തായിരിക്കാൻ വഴിയില്ല.

വാസ്‌തവത്തിൽ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ ഭൂരിഭാഗം പേരും പാവപ്പെട്ടവരായിരുന്നു. ജന്മനാ മുടന്തനായ ഒരു മനുഷ്യൻ പത്രോസിനോടു ഭിക്ഷ യാചിച്ചപ്പോൾ അവന്റെ മറുപടി ഇതായിരുന്നു: “പൊന്നും വെള്ളിയും എനിക്കില്ല; എന്നാൽ എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു: നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ എഴുന്നേറ്റുനടക്കുക.”—പ്രവൃത്തികൾ 3: 6.

ക്രിസ്‌തീയ സഭയിലെ ഭൂരിഭാഗം പേരും പാവപ്പെട്ടവരായിരുന്നു എന്നാണ്‌ ക്രിസ്‌തുശിഷ്യനായ യാക്കോബിന്റെ വാക്കുകളും സൂചിപ്പിക്കുന്നത്‌. അവൻ എഴുതി: “എന്റെ പ്രിയസഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ, അവർ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്‌നേഹിക്കുന്നവർക്കു താൻ വാഗ്‌ദാനം ചെയ്‌ത രാജ്യത്തിന്റെ അവകാശികളും ആകേണ്ടതിന്‌ തിരഞ്ഞെടുത്തില്ലയോ?” (യാക്കോബ്‌ 2:5) ക്രിസ്‌തീയ സഭയുടെ ഭാഗമാകാൻ വിളിക്കപ്പെട്ടവരിൽ ‘ലോകപ്രകാരം ജ്ഞാനികളും ബലവാന്മാരും കുലീനന്മാരും ആയവർ ഏറെയില്ല’ എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലനും പറഞ്ഞു.—1 കൊരിന്ത്യർ 1:26.

അപ്പോൾപ്പിന്നെ യേശു തന്റെ അനുഗാമികൾക്കു നൽകിയത്‌ ഏതുതരം സമ്പത്താണ്‌? സ്‌മുർന്നയിലെ സഭയ്‌ക്കുള്ള കത്തിൽ യേശു പറഞ്ഞു: “നീ കഷ്ടതയിലും ദാരിദ്ര്യത്തിലും ആണെന്ന്‌ എനിക്കറിയാം; പക്ഷേ, നീ സമ്പന്നനാണ്‌.” (വെളിപാട്‌ 2:8, 9) സ്‌മുർന്നയിലെ ക്രിസ്‌ത്യാനികൾ പാവപ്പെട്ടവരായിരുന്നെങ്കിലും സ്വർണത്തെക്കാളും വെള്ളിയെക്കാളുമൊക്കെ മൂല്യമുള്ള സമ്പത്ത്‌ അവർക്കുണ്ടായിരുന്നു. അവരുടെ വിശ്വാസവും ഭക്തിയും അവരെ ദൈവദൃഷ്ടിയിൽ സമ്പന്നരാക്കി. “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്ന്‌ ബൈബിൾ പറയുന്നു. അതുകൊണ്ടുതന്നെ അതു മൂല്യമുള്ളതാണ്‌. (2 തെസ്സലോനിക്യർ 3:2) വിശ്വാസമില്ലാത്തവർ യഥാർഥത്തിൽ ദൈവദൃഷ്ടിയിൽ ദരിദ്രരാണ്‌.—വെളിപാട്‌ 3:17, 18.

വിശ്വാസം നേടിത്തരുന്ന സമ്പത്ത്‌

വിശ്വാസം മൂല്യവത്തായിരിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിലാണ്‌? തന്നിൽ വിശ്വസിക്കുന്നവരോട്‌ ദൈവം ‘അളവറ്റ ദയയും സഹിഷ്‌ണുതയും ദീർഘക്ഷമയും’ കാണിക്കുന്നു. (റോമർ 2:4) യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസംനിമിത്തം അവർക്ക്‌ അവരുടെ ‘അതിക്രമങ്ങളിൽനിന്ന്‌ മോചനം’ ലഭിച്ചിരിക്കുന്നു. (എഫെസ്യർ 1:7) വിശ്വാസമുള്ളവർക്ക്‌ “ക്രിസ്‌തുവിന്റെ വചനം” നൽകുന്ന ജ്ഞാനവും സമ്പാദിക്കാനാകുന്നു. (കൊലോസ്യർ 3:16) അവർ വിശ്വാസത്തോടെ ദൈവത്തോടു പ്രാർഥിക്കുമ്പോൾ “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” അവരുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കുന്നു. അങ്ങനെ അവർക്ക്‌ വലിയ സന്തോഷവും സംതൃപ്‌തിയും ലഭിക്കുന്നു.—ഫിലിപ്പിയർ 4:7.

ഇതിനെല്ലാം പുറമെ, പിതാവായ ദൈവത്തിലും അവന്റെ പുത്രനായ യേശുക്രിസ്‌തുവിലും വിശ്വസിക്കുന്നവർക്ക്‌ നിത്യജീവന്റെ മഹത്തായ പ്രത്യാശയുമുണ്ട്‌. അതേക്കുറിച്ച്‌ യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) ഒരു വ്യക്തി പിതാവിനെയും പുത്രനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുമ്പോൾ ആ പ്രത്യാശ ഒന്നുകൂടെ ഉജ്ജ്വലമാകുന്നു. കാരണം യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”—യോഹന്നാൻ 17:3.

ദൈവം മുഖ്യമായും ആത്മീയമായ വിധത്തിലാണ്‌ നമ്മെ അനുഗ്രഹിക്കുന്നതെങ്കിലും വൈകാരികവും ശാരീരികവുമായ പ്രയോജനങ്ങളും അതോടൊപ്പം കൈവരുന്നു. ബ്രസീലുകാരനായ ഡാലീഡ്യോയുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്‌. ദൈവത്തെ അടുത്തറിയുന്നതിനുമുമ്പ്‌ അദ്ദേഹം ഒരു മദ്യപാനിയായിരുന്നു. അത്‌ അദ്ദേഹത്തിന്റെ കുടുംബജീവിതത്തെ താറുമാറാക്കി. അദ്ദേഹത്തിന്റെ സാമ്പത്തികസ്ഥിതിയും പരുങ്ങലിലായി. അങ്ങനെയിരിക്കെ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ പരിവർത്തനമുണ്ടായി.

ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ആത്മീയമായും അദ്ദേഹം പുരോഗമിച്ചു. “ബാറുകൾ കയറിയിറങ്ങിയിരുന്ന ഞാനിപ്പോൾ സുവിശേഷം പ്രസംഗിക്കാനായി വീടുകൾ കയറിയിറങ്ങുന്നു,” ഡാലീഡ്യോ പറയുന്നു. അദ്ദേഹമിപ്പോൾ ഒരു മുഴുവൻസമയ ശുശ്രൂഷകനാണ്‌. ജീവിതത്തിലുണ്ടായ പരിവർത്തനംനിമിത്തം അദ്ദേഹത്തിന്റെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടിരിക്കുന്നു. ഡാലീഡ്യോ തുടരുന്നു: “മദ്യം വാങ്ങാനായി ചെലവാക്കിയിരുന്ന പണം മറ്റുള്ളവരെ സഹായിക്കാനും എനിക്ക്‌ ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനുമൊക്കെയാണ്‌ ഞാനിപ്പോൾ ഉപയോഗിക്കുന്നത്‌.” ആത്മീയ വീക്ഷണമുള്ള ധാരാളം സുഹൃത്തുക്കളെയും അദ്ദേഹത്തിനു നേടാനായി. മുമ്പ്‌ സങ്കൽപ്പിക്കാൻപോലും കഴിയാതിരുന്ന മനശ്ശാന്തിയും സംതൃപ്‌തിയും ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്നു.

യഹോവയാം ദൈവത്തിൽ വിശ്വാസം വളർത്തിയെടുക്കുന്നവരുടെ ജീവിതം ധന്യമായിരിക്കും. റെനാറ്റോയുടെ അനുഭവം അതാണ്‌ തെളിയിക്കുന്നത്‌. അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോൾ വേദനാകരമായ ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന്‌ ആരും പറയില്ല. ചോരക്കുഞ്ഞായിരുന്നപ്പോൾ റെനാറ്റോയെ അമ്മ വഴിയോരത്ത്‌ ഉപേക്ഷിച്ചുപോയതാണ്‌. അതുവഴി പോകുകയായിരുന്ന രണ്ടുസ്‌ത്രീകൾ ബെഞ്ചിനടിയിൽ ഒരു ബാഗ്‌ അനങ്ങുന്നതു കണ്ടു. അതൊരു പൂച്ചക്കുട്ടിയായിരിക്കുമെന്നാണ്‌ അവർ ആദ്യം വിചാരിച്ചത്‌. എന്നാൽ അടുത്തുചെന്നു നോക്കിയപ്പോഴാണ്‌ അതൊരു മനുഷ്യക്കുഞ്ഞാണെന്ന്‌ അവർക്കു മനസ്സിലായത്‌. പൊക്കിൾക്കൊടിപോലും വേർപെടാത്ത അവസ്ഥയിലുള്ള അവന്റെ ശരീരമാകെ പോറലുകളും ചതവുകളുമുണ്ടായിരുന്നു. ആ സ്‌ത്രീകൾ അവനെ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

അവരിലൊരാൾ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. അവർ സുഹൃത്തായ റീത്തയോട്‌ കുട്ടിയെക്കുറിച്ചു പറഞ്ഞു. റീത്തയും യഹോവയുടെ സാക്ഷിയായിരുന്നു. റീത്തയ്‌ക്ക്‌ ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ മറ്റു കുട്ടികൾ പ്രസവത്തിൽത്തന്നെ മരിക്കുകയായിരുന്നു. ഒരു മകനെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട്‌ റീത്ത റെനാറ്റോയെ ദത്തെടുക്കാൻ തീരുമാനിച്ചു.

റെനാറ്റോയെ പ്രസവിച്ചത്‌ താനല്ലെന്ന്‌ അവൻ കുഞ്ഞായിരുന്നപ്പോൾത്തന്നെ റീത്ത അവനെ പറഞ്ഞുമനസ്സിലാക്കിയിരുന്നു. സ്‌നേഹവും വാത്സല്യവും നൽകി അവർ അവനെ വളർത്തിക്കൊണ്ടുവന്നു. അവനിൽ ആത്മീയമൂല്യങ്ങൾ ഉൾനടാനും അവർ ശ്രമിച്ചു. വളർന്നുവന്നപ്പോൾ അവനും ആത്മീയകാര്യങ്ങളിൽ താത്‌പര്യമെടുക്കാൻ തുടങ്ങി. അവിശ്വസനീയമായ വിധത്തിലാണ്‌ താൻ രക്ഷപ്പെട്ടത്‌ എന്ന തിരിച്ചറിവ്‌ അവന്റെ വിലമതിപ്പ്‌ വർധിപ്പിച്ചു. “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും” എന്ന ദാവീദിന്റെ വാക്കുകൾ വായിക്കുമ്പോഴെല്ലാം അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പാറുണ്ട്‌.—സങ്കീർത്തനം 27:10.

യഹോവ തനിക്കുവേണ്ടി ചെയ്‌തിട്ടുള്ള എല്ലാറ്റിനും നന്ദി പ്രകടിപ്പിക്കാനായി റെനാറ്റോ 2002-ൽ സ്‌നാനമേറ്റു. തൊട്ടടുത്ത വർഷംതന്നെ അവൻ ഒരു മുഴുവൻസമയ ശുശ്രൂഷകനുമായി. തന്റെ യഥാർഥ അച്ഛനും അമ്മയും ആരാണെന്ന്‌ ഇപ്പോഴും അവനറിയില്ല. ഇനി എന്നെങ്കിലും അറിയാനുള്ള സാധ്യതയുമില്ല. എങ്കിലും, സ്‌നേഹവും കരുതലുമുള്ള പിതാവായി യഹോവയെ അറിയാനും അവനിൽ വിശ്വാസം വളർത്തിയെടുക്കാനും സാധിച്ചത്‌ തനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന്‌ റെനാറ്റോ കരുതുന്നു.

ദൈവവുമായി ഒരടുത്ത ബന്ധം വളർത്തിയെടുക്കാനും അങ്ങനെ ജീവിതത്തിന്‌ അർഥം കണ്ടെത്താനും നിങ്ങളും ആഗ്രഹിക്കുന്നുണ്ടാകും. യഹോവയാം ദൈവവുമായും അവന്റെ പുത്രനായ യേശുക്രിസ്‌തുവുമായും അങ്ങനെയൊരു ബന്ധം വളർത്തിയെടുക്കാനുള്ള അവസരം സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ ലഭ്യമാണ്‌. അത്‌ ഭൗതിക സമ്പത്ത്‌ കൈവരുത്തില്ലായിരിക്കാമെങ്കിലും ലോകത്തിലുള്ള ധനം മുഴുവൻ കൊടുത്താലും വാങ്ങാൻ സാധിക്കില്ലാത്ത മനശ്ശാന്തിയും സംതൃപ്‌തിയും അത്‌ നൽകിത്തരും. “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല” എന്ന വാക്കുകൾ എത്ര സത്യമാണ്‌!— സദൃശവാക്യങ്ങൾ 10:22.

തന്നോട്‌ അടുത്തുവരുന്ന ആളുകളിൽ യഹോവയ്‌ക്ക്‌ അതിയായ താത്‌പര്യമുണ്ട്‌. യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: “അയ്യോ, നീ എന്റെ കൽപ്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:18) ശരിയായ ആന്തരത്തോടും മനോഭാവത്തോടും കൂടെ തന്നെ സമീപിക്കുന്നവരെ താൻ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവൻ വാഗ്‌ദാനം ചെയ്യുന്നു: “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.”—സദൃശവാക്യങ്ങൾ 22:4.

[6-ാം പേജിലെ ആകർഷകവാക്യം]

ദൈവത്തിലുള്ള വിശ്വാസം സമാധാനവും സന്തോഷവും സംതൃപ്‌തിയും നൽകിത്തരും

[5-ാം പേജിലെ ചിത്രം]

യേശുവിന്റേത്‌ പാവപ്പെട്ട ഒരു കുടുംബമായിരുന്നെങ്കിലും യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചു