വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം പണം നൽകി നിങ്ങളെ അനുഗ്രഹിക്കുമോ?

ദൈവം പണം നൽകി നിങ്ങളെ അനുഗ്രഹിക്കുമോ?

ദൈവം പണം നൽകി നിങ്ങളെ അനുഗ്രഹിക്കുമോ?

‘നിങ്ങൾ ധനികനായി കാണാൻ ദൈവം ആഗ്രഹിക്കുന്നു, കാറുകളും വമ്പൻ ബിസിനസ്സുമൊക്കെയുള്ള ഒരു വലിയ പണക്കാരൻ! നിങ്ങൾ ചെയ്യേണ്ടത്‌ ഇത്രമാത്രം: അവനിൽ വിശ്വസിക്കുക, ഉദാരമായി സംഭാവനകൾ നൽകുക.’

ബ്രസീലിലെ ചില മതവിഭാഗങ്ങൾ ഇതുപോലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി അവിടത്തെ ഒരു പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്‌തിരുന്നു. അത്തരം പ്രചാരണങ്ങളിൽ പലരും കുടുങ്ങിപ്പോയിട്ടുണ്ട്‌. ഐക്യനാടുകളിൽ ക്രൈസ്‌തവർക്കിടയിൽ നടത്തിയ ഒരു സർവേയെക്കുറിച്ച്‌ ടൈം മാസിക ഇപ്രകാരം റിപ്പോർട്ടുചെയ്‌തു: “ആളുകൾ ധനികരായി കാണാൻ ദൈവം ആഗ്രഹിക്കുന്നുണ്ടെന്ന്‌ 61 ശതമാനം പേർ വിശ്വസിക്കുന്നു. നാം ദൈവത്തിനു പണം നൽകുകയാണെങ്കിൽ കൂടുതൽ പണം തിരിച്ചു നൽകി ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന അഭിപ്രായക്കാരായിരുന്നു 31 ശതമാനം.”

ബ്രസീൽ പോലുള്ള ലാറ്റിൻ-അമേരിക്കൻ രാജ്യങ്ങളിൽ ഇത്തരം വിശ്വാസങ്ങൾക്ക്‌ പ്രചാരമേറിവരികയാണ്‌. ദൈവം സമ്പത്തു നൽകി അനുഗ്രഹിക്കുമെന്നു പഠിപ്പിക്കുന്ന സഭകളിലേക്ക്‌ ആളുകൾ പ്രവഹിക്കുകയാണ്‌. എന്നാൽ, തന്നെ സേവിക്കുന്നവരെ ധനികരാക്കുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടോ? കഴിഞ്ഞകാലത്തെ ദൈവദാസന്മാരെല്ലാവരും ധനികരായിരുന്നോ?

സമ്പത്ത്‌ ദൈവാനുഗ്രഹത്തിന്റെ ഒരു തെളിവാണെന്ന്‌ “പഴയനിയമ”ത്തിൽ അഥവാ എബ്രായ തിരുവെഴുത്തുകളിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ആവർത്തനപുസ്‌തകം 8:18-ൽ നാം ഇങ്ങനെ വായിക്കുന്നു: “നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; . . . അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്‌.” ഇസ്രായേല്യർ ദൈവത്തോട്‌ അനുസരണമുള്ളവരായിരിക്കുമെങ്കിൽ ദൈവം അവരെ ഒരു സമ്പന്ന ജനതയാക്കുമായിരുന്നു.

ഇനി, ദൈവം വ്യക്തികളെ സമ്പത്തു നൽകി അനുഗ്രഹിച്ചിട്ടുണ്ടോ? വിശ്വസ്‌തനായ ഇയ്യോബിന്‌ കണക്കറ്റ സമ്പത്തുണ്ടായിരുന്നു. പിന്നീട്‌ സാത്താൻ അവനെ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിട്ടെങ്കിലും യഹോവ അവന്‌ സമ്പത്ത്‌ “ഇരട്ടിയായി” തിരികെക്കൊടുത്തു. (ഇയ്യോബ്‌ 1:3; 42:10) ദൈവദാസനായ അബ്രാഹാമും ധനികനായിരുന്നു. “കന്നുകാലി, വെള്ളി, പൊന്ന്‌ ഈ വകയിൽ” അബ്രാഹാം “ബഹുസമ്പന്നനായിരുന്നു” എന്ന്‌ ഉല്‌പത്തി 13:2 പറയുന്നു. കിഴക്കുദേശത്തെ നാലു രാജാക്കന്മാരുടെ സഖ്യസേന അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിനെ പിടിച്ചുകൊണ്ടുപോയ സാഹചര്യത്തിൽ അബ്രാഹാം, “തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട്‌” അവരെ പിന്തുടർന്നതായി വിവരണം പറയുന്നു. (ഉല്‌പത്തി 14:14) അഭ്യാസികളായി 318 പേരുണ്ടായിരുന്നെങ്കിൽ അബ്രാഹാമിന്റെ വീട്ടിൽ മൊത്തം എത്ര പേരുണ്ടായിരുന്നിരിക്കണം! ഇത്രയും ആളുകളെ അവൻ പോറ്റിയിരുന്നു എന്ന വസ്‌തുതതന്നെ കാണിക്കുന്നത്‌ അവൻ അതിസമ്പന്നനായിരുന്നു എന്നാണ്‌.

അതെ, അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌, ദാവീദ്‌, ശലോമോൻ തുടങ്ങി വിശ്വസ്‌തരായ പല ദൈവദാസന്മാരും സമ്പന്നരായിരുന്നു. എന്നാൽ തന്നെ സേവിക്കുന്ന എല്ലാവരെയും ദൈവം ധനികരാക്കുമെന്നാണോ അതിനർഥം? അതുപോലെ, ദരിദ്രരായവർക്ക്‌ ദൈവത്തിന്റെ അംഗീകാരമില്ലെന്നാണോ? അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും.