വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസത്തെ എങ്ങനെ വീക്ഷിക്കുന്നു?

യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസത്തെ എങ്ങനെ വീക്ഷിക്കുന്നു?

വായനക്കാർ ചോദിക്കുന്നു

യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസത്തെ എങ്ങനെ വീക്ഷിക്കുന്നു?

വേൾഡ്‌ ക്രിസ്റ്റ്യൻ എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്‌ “ലോകമെമ്പാടും” ഏതാണ്ട്‌ “10,000 വ്യത്യസ്‌ത മതങ്ങൾ ഉണ്ട്‌.” ഈ മതങ്ങൾ തമ്മിലുള്ള പോരാട്ടം പല പ്രശ്‌നങ്ങൾക്കും വഴിവെച്ചിരിക്കുന്നതിനാൽ പലരുടെയും അഭിപ്രായത്തിൽ മിശ്രവിശ്വാസമാണ്‌ അതിനുള്ള പരിഹാരം. ഭിന്നിച്ചിരിക്കുന്ന ഈ ലോകത്തിൽ സമാധാനവും ഐക്യവും ഊട്ടിവളർത്താൻ അത്‌ ഇടയാക്കുമത്രെ.

അന്യോന്യം ഐക്യത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നുണ്ട്‌. അപ്പൊസ്‌തലനായ പൗലോസ്‌ ക്രിസ്‌തീയ സഭയെ അവയവങ്ങൾ ഓരോന്നും “വേണ്ടവിധം സംയോജിതമായി”രിക്കുന്ന ഒരു മനുഷ്യശരീരത്തോട്‌ ഉപമിക്കുകയുണ്ടായി. (എഫെസ്യർ 4:16) അതുപോലെതന്നെ പത്രോസ്‌ അപ്പൊസ്‌തലനും ‘ഹൃദയൈക്യം’ ഉള്ളവരായിരിക്കാൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.—1 പത്രോസ്‌ 3:8.

നിരവധി സംസ്‌കാരങ്ങളും വിഭിന്നമതങ്ങളും സമ്മേളിച്ചിരുന്ന ഒരു സമൂഹത്തിലാണ്‌ ആദിമ ക്രിസ്‌ത്യാനികൾ ജീവിച്ചിരുന്നത്‌. എന്നാൽ ക്രിസ്‌ത്യാനികൾക്ക്‌ എഴുതവെ പൗലോസ്‌ ചോദിച്ചു: “വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്ത്‌ ഓഹരി?” തുടർന്ന്‌, “അവരുടെ ഇടയിൽനിന്നു പുറത്തുകട”ക്കാനും അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. (2 കൊരിന്ത്യർ 6:15, 17) ഇവിടെ പൗലോസ്‌ വ്യത്യസ്‌ത മതവിശ്വാസങ്ങൾ കൂട്ടിക്കലർത്തുന്നതിനെതിരെ അഥവാ മിശ്രവിശ്വാസത്തിനെതിരെ സംസാരിക്കുകയായിരുന്നു എന്നു വ്യക്തമാണ്‌. എന്തുകൊണ്ടായിരിക്കാം അവൻ അങ്ങനെ സംസാരിച്ചത്‌?

സത്യക്രിസ്‌ത്യാനികളും അല്ലാത്തവരും ഒരുമിച്ച്‌ ആരാധന നടത്തുന്നത്‌ ‘ചേർച്ചയില്ലാത്ത പങ്കാളിത്തം’ ആയിരിക്കുമെന്ന്‌ അഥവാ അത്‌ അനുചിതമായിരിക്കുമെന്ന്‌ അപ്പൊസ്‌തലൻ വിശദമാക്കി. (2 കൊരിന്ത്യർ 6:14) അത്‌ ഒരു ക്രിസ്‌ത്യാനിയുടെ വിശ്വാസത്തിനു തുരങ്കംവെക്കുമായിരുന്നു. മക്കളുടെ ക്ഷേമത്തിൽ തത്‌പരനായ ഒരു പിതാവിന്റെ ഉത്‌കണ്‌ഠയാണ്‌ പൗലോസിന്റെ വാക്കുകളിൽ നിഴലിക്കുന്നത്‌. അയൽപക്കത്തെ ചില കുട്ടികൾ മോശം സ്വഭാവക്കാരാണെന്ന്‌ അറിയാവുന്ന ഒരു പിതാവ്‌ തന്റെ കുട്ടി ആരോടു കൂട്ടുകൂടണം എന്ന കാര്യത്തിൽ പരിധികൾ വെക്കും. മറ്റുള്ളവർക്ക്‌ ഒരുപക്ഷേ അത്‌ ഉൾക്കൊള്ളാനായെന്നുവരില്ല. എന്നിരുന്നാലും മോശമായ സ്വാധീനത്തിൽനിന്ന്‌ തന്റെ കുട്ടിയെ സംരക്ഷിക്കുന്നതിന്‌ അത്‌ ആവശ്യമാണെന്ന്‌ ആ പിതാവിനു ബോധ്യമുണ്ട്‌. സമാനമായി, മറ്റ്‌ മതങ്ങളുമായി സമ്പർക്കംപുലർത്താതിരിക്കുന്നത്‌ അവയുടെ ദുഷിച്ച ആചാരങ്ങളിൽനിന്ന്‌ ക്രിസ്‌ത്യാനികളെ സംരക്ഷിക്കുമെന്ന്‌ പൗലോസിന്‌ അറിയാമായിരുന്നു.

അവർക്ക്‌ ഈ ഉദ്‌ബോധനം നൽകിയപ്പോൾ പൗലോസ്‌ യേശുവിനെ അനുകരിക്കുകയായിരുന്നു. ആളുകൾക്കിടയിൽ സമാധാനം ഉന്നമിപ്പിക്കുന്നതിൽ യേശു ഉത്തമ മാതൃക വെച്ചെങ്കിലും അവൻ ഒരിക്കലും മിശ്രവിശ്വാസം പിൻപറ്റിയില്ല. യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ പരീശന്മാർ, സദൂക്യർ തുടങ്ങി പല മതവിഭാഗങ്ങളും സജീവമായിരുന്നു. യേശുവിനെ എതിർക്കുന്നതിൽ, അവനെ വധിക്കുന്നതിൽപ്പോലും, അവർ ഒറ്റക്കെട്ടായിരുന്നുതാനും. എന്നാൽ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്‌, “പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെക്കുറിച്ചു ജാഗ്രതയോടെയിരിക്കാനാണ്‌.”—മത്തായി 16:12.

ഇന്നത്തെ കാര്യമോ? മിശ്രവിശ്വാസത്തിന്‌ എതിരെയുള്ള ബൈബിളിന്റെ മുന്നറിയിപ്പ്‌ ഇന്നും പ്രസക്തമാണോ? തീർച്ചയായും. എണ്ണയ്‌ക്കും വെള്ളത്തിനും ഒരുതരത്തിലും ഇടകലരാൻ സാധിക്കാത്തതുപോലെതന്നെയാണ്‌ വ്യത്യസ്‌തങ്ങളായ മതവിശ്വാസങ്ങളുടെ കാര്യവും. ഉദാഹരണത്തിന്‌ സമാധാനത്തിനുവേണ്ടി പ്രാർഥിക്കാൻ വ്യത്യസ്‌ത മതവിഭാഗക്കാർ ഒന്നിച്ചുകൂടുന്നുവെന്നിരിക്കട്ടെ. അവർ ഏതു ദൈവത്തോടു പ്രാർഥിക്കും? ക്രൈസ്‌തവരുടെ ത്രിത്വദൈവത്തോടോ? ഹൈന്ദവ ദൈവമായ ബ്രഹ്മാവിനോടോ? ശ്രീബുദ്ധനോടോ? അതോ മറ്റാരോടെങ്കിലുമോ?

“അന്ത്യകാലത്ത്‌” സകല ജാതികളിൽനിന്നുമുള്ള ആളുകൾ പിൻവരുന്നപ്രകാരം പറയുമെന്ന്‌ മീഖാപ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു: “വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.” (മീഖാ 4:1-4) അതിന്റെ ഫലം ലോകവ്യാപകമായ സമാധാനവും ഐക്യവും ആയിരിക്കും. അത്‌ പല മതവിശ്വാസങ്ങൾ ഏതെങ്കിലും വിധത്തിൽ കൂട്ടിയിണക്കിയതിന്റെ ഫലമായി ഉണ്ടാകുന്നതല്ല, എല്ലാവരും ഏകസത്യവിശ്വാസം സ്വീകരിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്‌.

[13-ാം പേജിലെ ചിത്രം]

പ്രമുഖ മതങ്ങളുടെ പ്രതിനിധികൾ ഒരു മിശ്രവിശ്വാസ സമ്മേളനത്തിൽ, 2008

[കടപ്പാട്‌]

REUTERS/Andreas Manolis