കുടുംബസന്തുഷ്ടിയുടെ രഹസ്യം
മക്കൾക്ക് സദാചാരമൂല്യങ്ങൾ പകർന്നുകൊടുക്കാം!
മെക്സിക്കോയിൽനിന്നുള്ള ഒരമ്മ ലോയ്ഡ: a “സ്കൂളുകളിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുന്നുണ്ട്. അത് ഉപയോഗിക്കുന്നിടത്തോളം സെക്സ് ‘സെയ്ഫ്’ ആണെന്ന്, അതിൽ കുഴപ്പമില്ലെന്നാണ് കൗമാരക്കാർ ധരിച്ചുവെച്ചിരിക്കുന്നത്.”
ജപ്പാനിൽനിന്നുള്ള നോബുക്കോ എന്ന അമ്മ: “‘നീയും ഗേൾഫ്രണ്ടും തനിച്ചായാൽ നീ എന്തു ചെയ്യും?’ എന്ന് ഞാൻ എന്റെ മകനോട് ചോദിച്ചു. ‘എനിക്കറിയില്ല’ എന്നായിരുന്നു അവന്റെ മറുപടി.”
നിങ്ങളുടെ മകനോ മകളോ പിച്ചവെച്ചു നടന്ന കാലത്തെക്കുറിച്ച് ഒന്നോർത്തുനോക്കൂ. കുഞ്ഞിന്റെ സുരക്ഷയ്ക്കായി നിങ്ങൾ പലതും ചെയ്തിട്ടുണ്ടാകും. അവൻ സ്വിച്ച് ബോർഡിൽ തൊടാതിരിക്കാൻ നിങ്ങൾ അത് മറച്ചുവെച്ചിട്ടുണ്ടാകാം, കത്തി പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ അവന്റെ ശ്രദ്ധയിൽപ്പെടാതെ മാറ്റിവെച്ചിട്ടുണ്ടാകാം, സ്റ്റെയർക്കേസുകൾ കൈവരി പിടിപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടാകാം. കുഞ്ഞിന് ഒരപകടവും വരരുതെന്ന് നിങ്ങൾ ആഗ്രഹിച്ചു.
പക്ഷേ ഒരു കൗമാരക്കാരനെ സംരക്ഷിക്കുക അത്ര എളുപ്പമല്ല. കുട്ടി വളരുന്നതോടെ നിങ്ങളുടെ ഉത്കണ്ഠകളും വളരുന്നു. കാരണം ഇപ്പോൾ അവനു ചുറ്റുമുള്ള അപകടങ്ങൾ നിങ്ങൾക്കു നിയന്ത്രിക്കാവുന്നതിനും അപ്പുറമാണ്. ‘എന്റെ മകൻ അശ്ലീലം വീക്ഷിക്കുന്നുണ്ടോ?’ ‘എന്റെ മകൾ സെക്സ്റ്റിങ് (സെൽഫോണിലൂടെ സ്വന്തം നഗ്നചിത്രങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്ന രീതി) നടത്തുന്നുണ്ടോ?’ ഇങ്ങനെ പോകുന്നു നിങ്ങളുടെ ഉത്കണ്ഠകൾ. നിങ്ങൾ ഉൾക്കിടിലത്തോടെ ചിന്തിക്കുന്ന മറ്റൊരു കാര്യമുണ്ട്: ‘എന്റെ കുട്ടി സെക്സിൽ ഏർപ്പെടുന്നുണ്ടോ?’
നിയന്ത്രണമാണോ പരിഹാരം?
കുട്ടികളുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ട് 24 മണിക്കൂറും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില മാതാപിതാക്കളുണ്ട്. മാതാപിതാക്കളുടെ കണ്ണിൽപ്പെടാതെ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾ പഠിക്കുമെന്നല്ലാതെ ഈ രീതികൊണ്ട് യാതൊരു ഗുണവുമില്ല. മാതാപിതാക്കൾ, എന്താണോ ചെയ്യരുതെന്ന് പറഞ്ഞിട്ടുള്ളത് അതു ചെയ്യാനും വിദഗ്ധമായി മറച്ചുവെക്കാനും ഈ കുട്ടികൾ പഠിക്കും.
അതുകൊണ്ട്, നിയന്ത്രണമല്ല പരിഹാരം. മനുഷ്യരെ നിയന്ത്രിച്ചുകൊണ്ട് അവരുടെ അനുസരണം പിടിച്ചുവാങ്ങാൻ യഹോവയാം ദൈവം ശ്രമിക്കുന്നില്ല; മാതാപിതാക്കളായ നിങ്ങളും അങ്ങനെ ചെയ്യരുത്. (ആവർത്തനപുസ്തകം 30:19) അപ്പോൾപ്പിന്നെ, സദാചാരത്തിന്റെ കാര്യത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ നിങ്ങളുടെ മകനെ/മകളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?—സദൃശവാക്യങ്ങൾ 27:11.
പതിവായി കുട്ടികളോട് ഹൃദയം തുറന്നു സംസാരിക്കുക, ആദ്യം ചെയ്യേണ്ടത് അതാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ ആ ശീലം തുടങ്ങണം. b (സദൃശവാക്യങ്ങൾ 22:6) കൗമാരത്തിലെത്തിയാലും അതു തുടരുകയും വേണം. കൗമാരത്തിൽ കുട്ടികൾ അറിയേണ്ടതെല്ലാം അവർക്ക് പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളായ നിങ്ങളാണ്. “സെക്സിനെക്കുറിച്ച് കൂട്ടുകാരുമായി സംസാരിക്കാനാണ് ഞങ്ങൾക്കിഷ്ടം എന്നാണ് പലരും വിചാരിക്കുന്നത്. പക്ഷേ അതല്ല സത്യം. മാതാപിതാക്കൾ അതു പറഞ്ഞുതരാനാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവർ പറയുന്നത് ഞങ്ങൾക്കു വിശ്വാസമാണ്,” ബ്രിട്ടനിലുള്ള അലീഷ എന്ന പെൺകുട്ടി പറയുന്നു.
സദാചാരമൂല്യങ്ങൾ പ്രധാനം
കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്നതുപോലുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമല്ല ലൈംഗികവിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വളരുന്നതനുസരിച്ച് കുട്ടികൾ സെക്സിനെക്കുറിച്ച് കൂടുതൽ അറിയണം. അതുപോലെ അവർ, “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ തങ്ങളുടെ വിവേചനാപ്രാപ്തിയെ പരിശീലിപ്പി”ക്കുകയും വേണം. (എബ്രായർ 5:14) ചുരുക്കിപ്പറഞ്ഞാൽ, അവർക്ക് സദാചാരമൂല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അതിനു ചേർച്ചയിൽ ജീവിക്കാനുള്ള നിശ്ചയദാർഢ്യവും വേണം. അങ്ങനെയെങ്കിൽ, കുട്ടി സദാചാരമൂല്യങ്ങൾ ഉള്ളവനായി വളരാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
നിങ്ങളുടെ സ്വന്തം മൂല്യങ്ങൾ വിശകലനം ചെയ്തുകൊണ്ടു തുടങ്ങാം. ഉദാഹരണമായി, പരസംഗം (അവിവാഹിതർക്കിടയിലെ ലൈംഗികബന്ധം) തെറ്റാണെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടാകും. (1 തെസ്സലോനിക്യർ 4:3) നിങ്ങളുടെ ഈ നിലപാടിനെക്കുറിച്ച് മിക്കവാറും കുട്ടിക്ക് അറിയാമായിരിക്കും. എന്തിനധികം, ഇങ്ങനെയൊരു നിലപാടെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ച ബൈബിൾ ഭാഗങ്ങൾ അവന് ഒരുപക്ഷേ മനപ്പാഠമായിരിക്കാം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ശരിയാണോ എന്നു ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ അവൻ മറുപടി പറഞ്ഞെന്നുംവരാം.
പക്ഷേ അതുമാത്രം പോരാ. ചില കൗമാരക്കാർ ലൈംഗികത സംബന്ധിച്ച മാതാപിതാക്കളുടെ വീക്ഷണത്തോട് യോജിച്ചേക്കാം എന്ന വസ്തുത കുറിക്കൊണ്ടശേഷം സെക്സ് സ്മാർട്ട് എന്ന പുസ്തകം പ്രസ്താവിക്കുന്നു: “സ്വന്തമായി ഒരു അഭിപ്രായം രൂപപ്പെടുത്താൻ കഴിയാത്ത ഇവർ, ഓർക്കാപ്പുറത്ത് ഒരു സാഹചര്യത്തിൽ പെട്ടുപോയാൽ ‘എത്രത്തോളം പോകാം’ എന്നറിയാതെ ആശയക്കുഴപ്പത്തിലാകുന്നു.” ഇവിടെയാണ് മൂല്യങ്ങളുടെ പ്രാധാന്യം നാം കാണുന്നത്. അങ്ങനെയെങ്കിൽ മൂല്യങ്ങൾ സ്വായത്തമാക്കാൻ കുട്ടികളെ നമുക്ക് എങ്ങനെ സഹായിക്കാം?
നിങ്ങളുടെ നയം വ്യക്തമാക്കുക.
ദാമ്പത്യത്തിൽമാത്രം അനുവദിക്കപ്പെട്ടിരിക്കുന്ന ഒന്നായിട്ടാണോ നിങ്ങൾ ലൈംഗികബന്ധത്തെ കാണുന്നത്? എങ്കിൽ അതേക്കുറിച്ച് വ്യക്തമായി, കൂടെക്കൂടെ മക്കളോടു പറയുക. “കൗമാരക്കാർക്കിടയിലെ ലൈംഗികബന്ധം തെറ്റാണെന്ന സന്ദേശം കൂടെക്കൂടെ കേട്ടുവളരുന്ന കുട്ടികൾ ആ പ്രായത്തിൽ ലൈംഗികത പരീക്ഷിച്ചു നോക്കാനുള്ള സാധ്യത കുറവാണെന്ന്” ഒരു പഠനം വെളിപ്പെടുത്തുന്നതായി ബിയോണ്ട് ദ ബിഗ് ടോക്ക് എന്ന പുസ്തകം പ്രസ്താവിക്കുന്നു.
സദാചാരത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാട് കുട്ടികളോടു പറയുന്നതുകൊണ്ടുമാത്രം അവർ സദാചാരനിഷ്ഠയുള്ളവരായി വളരണമെന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, അച്ഛനമ്മമാരിൽനിന്നും പകർന്നുകിട്ടുന്ന മൂല്യങ്ങളും ആദർശങ്ങളും സ്വന്തം മൂല്യബോധം പടുത്തുയർത്താൻ അവർക്കൊരു അടിസ്ഥാനമായി വർത്തിക്കും. കൗമാരത്തിൽ മാതാപിതാക്കളുടെ മൂല്യങ്ങൾ പകർത്താൻ ശ്രമിക്കാത്ത കുട്ടികൾപോലും വളർന്നുവരുമ്പോൾ അതു സ്വീകരിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇങ്ങനെ ചെയ്തുനോക്കൂ: ഒരു വാർത്തയെക്കുറിച്ചോ മറ്റോ പറഞ്ഞുകൊണ്ട് സംഭാഷണത്തിനു തുടക്കമിടാനാകും. ഉദാഹരണമായി, ലൈംഗിക ചൂഷണത്തെക്കുറിച്ച് ഒരു വാർത്ത വരുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “സ്ത്രീകളോട് ഇത്ര നീചമായി പെരുമാറാൻ ഈ പുരുഷന്മാർക്ക് എങ്ങനെ കഴിയുന്നു? ഇതൊക്കെ ഇവർ എവിടെനിന്നു പഠിക്കുന്നു? നിനക്ക് എന്തു തോന്നുന്നു?”
സെക്സിനെക്കുറിച്ചുള്ള ഒരു യഥാർഥ ചിത്രം നൽകുക.
ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകതന്നെ വേണം. (1 കൊരിന്ത്യർ 6:18; യാക്കോബ് 1:14, 15) എന്നാൽ, സാത്താൻ ഒരുക്കിയ ഒരു കെണിയായിട്ടല്ല, ദൈവത്തിൽനിന്നുള്ള ഒരു ദാനമായിട്ടാണ് ബൈബിൾ ലൈംഗികതയെ ചിത്രീകരിക്കുന്നതെന്ന വസ്തുത മനസ്സിൽപ്പിടിക്കുക. (സദൃശവാക്യങ്ങൾ 5:18, 19; ഉത്തമഗീതം 1:2) ഈ വിഷയത്തോടു ബന്ധപ്പെട്ട അപകടങ്ങൾമാത്രം ശ്രദ്ധയിൽപ്പെടുത്തുന്നത് കുട്ടിയുടെ മനസ്സിൽ ലൈംഗികത സംബന്ധിച്ച വികലമായ, തിരുവെഴുത്തുപരമല്ലാത്ത ഒരു വീക്ഷണം രൂപപ്പെടാനേ ഇടയാക്കൂ. “ലൈംഗിക അധാർമികതയുടെ അപകടങ്ങളെക്കുറിച്ച് എന്റെ മാതാപിതാക്കൾ വാതോരാതെ പറയുമായിരുന്നു. അത് ലൈംഗികതയെക്കുറിച്ച് മോശമായൊരു ചിത്രം എന്റെ മനസ്സിൽ കോറിയിട്ടു,” ഫ്രാൻസിൽനിന്നുള്ള കരീന എന്ന യുവതി.
അതുകൊണ്ട്, ലൈംഗികതയെക്കുറിച്ച് ഒരു യഥാർഥ ചിത്രം കുട്ടിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മെക്സിക്കോയിൽനിന്നുള്ള നാദിയ എന്ന അമ്മ പറയുന്നത് ശ്രദ്ധിക്കുക: “ലൈംഗികത സ്വാഭാവികമാണ്, യഹോവയിൽനിന്നുള്ള ഒരു ദാനമാണ്. എന്നാൽ ദാമ്പത്യത്തിനുള്ളിൽ മാത്രമേ അത് അനുവദിക്കപ്പെട്ടിട്ടുള്ളൂ. ലൈംഗികത നമുക്ക് സന്തോഷം പകരുമോ ഇല്ലയോ എന്നത് നാം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതൊക്കെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.”
ഇങ്ങനെ ചെയ്തുനോക്കൂ: അടുത്ത തവണ സെക്സിനെക്കുറിച്ച് കുട്ടിയോടു സംസാരിക്കുമ്പോൾ അതിന്റെ നല്ല വശത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കുക. യഹോവയിൽനിന്നുള്ള അത്ഭുതകരമായ ഒരു സമ്മാനമാണ് അത് എന്നു പറയാൻ മടിക്കേണ്ട. ഭാവിയിൽ ഒരു വിവാഹിത വ്യക്തി എന്ന നിലയിൽ അവന്/അവൾക്ക് അത് ആസ്വദിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർക്കാം. ആ സമയംവരെ, ദൈവം വെച്ചിരിക്കുന്ന സദാചാരനിയമങ്ങളോടു പറ്റിനിൽക്കണമെന്നും അവന്/അവൾക്ക് അതിനു സാധിക്കുമെന്നും ഉറപ്പുകൊടുക്കുക.
വരുംവരായ്കകൾ തൂക്കിനോക്കാൻ കുട്ടിയെ സഹായിക്കുക.
ജീവിതത്തിന്റെ ഏതു മണ്ഡലത്തിലായാലും ശരിയായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ, തങ്ങളുടെ മുമ്പാകെ ഏതെല്ലാം തിരഞ്ഞെടുപ്പുകളുണ്ടെന്നും ഓരോന്നിന്റെയും ഗുണവും ദോഷവും എന്താണെന്നും വിലയിരുത്തിനോക്കാൻ കൗമാരക്കാർക്കു കഴിയണം. തെറ്റേത്, ശരിയേത് എന്നു മനസ്സിലാക്കുന്നതു മാത്രമല്ല ഇതിൽ ഉൾപ്പെടുന്നത് എന്നോർക്കുക. ഓസ്ട്രേലിയയിലുള്ള ഒരു ക്രിസ്തീയ യുവതിയായ എമ്മ പറയുന്നത് ഇങ്ങനെ: “ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ അറിയാം എന്നതുകൊണ്ടുമാത്രം നാം അതിനോടു യോജിക്കണമെന്നില്ല എന്ന് എന്റെ സ്വന്തം അനുഭവത്തിൽനിന്ന് എനിക്കു പറയാനാകും. ആ നിലവാരങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെയും അതു ലംഘിക്കുന്നതിന്റെ ഭവിഷ്യത്തുകളെയും കുറിച്ച് അറിയുന്നത് പ്രധാനമാണ്.”
ഇക്കാര്യത്തിൽ ബൈബിളിനു നമ്മെ സഹായിക്കാനാകും. മിക്ക കൽപ്പനകളുടെയും കാര്യത്തിൽ, കൽപ്പനയോടൊപ്പംതന്നെ അതു ലംഘിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 5:8, 9-ൽ (സുഭാഷിതങ്ങൾ, ഓശാന ബൈബിൾ) പരസംഗത്തിൽനിന്ന് ഒഴിഞ്ഞിരിക്കാൻ യുവപ്രായക്കാരോടു കൽപ്പിച്ചിരിക്കുന്നതായി നാം കാണുന്നു. ‘അല്ലെങ്കിൽ നിന്റെ അന്തസ്സ് അന്യർക്ക് നൽകേണ്ടിവരും’ എന്നു പറഞ്ഞുകൊണ്ട് അതിന്റെ പരിണതിയെക്കുറിച്ചും ആ ഭാഗം വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിനുമുമ്പ് ലൈംഗികതയിൽ ഏർപ്പെടുന്നവർക്ക് തങ്ങളുടെ അന്തസ്സും മൂല്യബോധവും ആത്മാഭിമാനവും ബലികഴിക്കേണ്ടിവരുമെന്നാണ് ഈ തിരുവെഴുത്തുഭാഗം സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇത്തരം ഗുണങ്ങളുള്ള ഒരു വ്യക്തിയെ ഇണയായി കിട്ടാനുള്ള സാധ്യതയും കുറവായിരിക്കും. ഈ വിധത്തിൽ, ദൈവനിയമങ്ങൾ കാറ്റിൽ പറത്തുന്നതിന്റെ ശാരീരികവും വൈകാരികവും ആത്മീയവുമായ അപകടങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് ദൈവനിയമങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള നിങ്ങളുടെ കുട്ടിയുടെ നിശ്ചയദാർഢ്യത്തെ കരുത്തുറ്റതാക്കും. c
ഇങ്ങനെ ചെയ്തുനോക്കൂ: ദൈവനിയമങ്ങൾ പിൻപറ്റുന്നത് ജ്ഞാനവത്താണെന്നു മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുന്നതിന് ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാം. ഉദാഹരണത്തിന് കുട്ടിയോട് നിങ്ങൾക്ക് ഇങ്ങനെ പറയാം: “അടുപ്പിലെ തീയ്ക്ക് ദോഷമില്ല. എന്നാൽ കാട്ടുതീ ദോഷകരമാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നീ പറഞ്ഞ ഉത്തരം, ലൈംഗികതയോടു ബന്ധപ്പെട്ട് ദൈവം വെച്ചിരിക്കുന്ന അതിർവരമ്പുകളുടെ കാര്യത്തിൽ എങ്ങനെയാണ് ബാധകമാകുന്നത്?” തുടർന്ന്, സദൃശവാക്യങ്ങൾ 5:3-14-ലെ വിവരണം ഉപയോഗിച്ചുകൊണ്ട് പരസംഗത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കാം.
ജപ്പാനിൽനിന്നുള്ള ടാക്കാവോ എന്ന 18-കാരൻ പറയുന്നു: “ശരി ചെയ്യണമെന്ന് എനിക്കറിയാം. പക്ഷേ തെറ്റായ മോഹങ്ങളോട് എനിക്ക് നിരന്തരം പോരാടേണ്ടിവരുന്നു.” പല യുവപ്രായക്കാർക്കും ഇങ്ങനെ തോന്നിയേക്കാം; പക്ഷേ അതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. ഒരു ഉറച്ച ക്രിസ്ത്യാനിയായ പൗലോസ് അപ്പൊസ്തലനുപോലും അങ്ങനെ തോന്നി. “ശരിയായതു ചെയ്യാൻ ഇച്ഛിക്കുന്ന ഞാൻ, തിന്മ എന്നോടൊപ്പമുണ്ട് എന്നൊരു തത്ത്വം കാണുന്നു,” അദ്ദേഹം എഴുതി.—റോമർ 7:21.
ഇത്തരമൊരു പോരാട്ടം നടത്തേണ്ടിവരുന്നത് മോശമായൊരു കാര്യമല്ലെന്ന് കൗമാരക്കാർ മനസ്സിലാക്കണം. കാരണം, എങ്ങനെയുള്ള ഒരു വ്യക്തിയായിത്തീരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് വിചിന്തനം ചെയ്യാൻ അത് അവർക്കു പ്രേരണയാകും. മാത്രമല്ല, പിൻവരുന്ന ചോദ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും അത് അവരെ സഹായിക്കും: ‘എന്റെ ജീവിതത്തിന്റെ നിയന്ത്രണം എന്റെ കൈയിൽ ആയിരിക്കാനും അന്തസ്സും മൂല്യബോധവും ഉള്ള ഒരാളായി അറിയപ്പെടാനുമാണോ ഞാൻ ആഗ്രഹിക്കുന്നത്? അതോ മറ്റ് അനേകരെയുംപോലെ, സ്വന്തമോഹങ്ങളുടെ വെറുമൊരു നിസ്സഹായ ഇരയായിത്തീരാനാണോ?’ നല്ല സദാചാരമൂല്യങ്ങൾ സ്വായത്തമാക്കുന്നത് ഇക്കാര്യത്തിൽ ജ്ഞാനപൂർവകമായ ഒരു നിലപാടെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കും, തീർച്ച!
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b ലൈംഗിക വിഷയങ്ങളെപ്പറ്റി കുട്ടികളോട് എങ്ങനെ പറഞ്ഞുതുടങ്ങാം, പ്രായത്തിന് അനുസരിച്ചുള്ള വിവരങ്ങൾ അവർക്ക് എങ്ങനെ പകർന്നുകൊടുക്കാം എന്നിവ സംബന്ധിച്ച നിർദേശങ്ങൾക്ക് 2011 ഏപ്രിൽ-ജൂൺ ലക്കം വീക്ഷാഗോപുരത്തിന്റെ 20-22 പേജുകൾ കാണുക.
c കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, 2010 ഏപ്രിൽ ലക്കം (ഇംഗ്ലീഷ്) ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . സെക്സ് ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുമോ?” എന്ന ലേഖനം കാണുക.
നിങ്ങളോടുതന്നെ ചോദിക്കുക . . .
-
എന്റെ മകന്/മകൾക്ക് ഉറച്ച സദാചാരമൂല്യങ്ങളുണ്ട് എന്ന് എനിക്ക് എങ്ങനെ അറിയാം?
-
ലൈംഗികതയെക്കുറിച്ച് കുട്ടിയോടു സംസാരിക്കുമ്പോൾ, അത് ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായിട്ടാണോ അതോ സാത്താന്റെ ഒരു കെണിയായിട്ടാണോ ഞാൻ അവതരിപ്പിക്കുക?