വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

ദൈവവചനത്തിൽനിന്നു പഠിക്കുക

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്‌. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്‌പര്യപ്പെടുന്നു.

1. ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

ഭൂമി മനുഷ്യന്റെ വസതിയാണ്‌. സ്വർഗത്തിൽ ജീവിക്കുന്നതിനുവേണ്ടി ദൈവം ദൂതന്മാരെ സൃഷ്ടിച്ചു; അതിനുശേഷം ഭൂമിയിൽ ജീവിക്കുന്നതിനുവേണ്ടി മനുഷ്യരെയും. (ഇയ്യോബ്‌ 38:4, 6) ഏദെൻ എന്ന മനോഹരമായ ഉദ്യാനമൊരുക്കി ദൈവം ആദ്യ മനുഷ്യനായ ആദാമിനെ അവിടെയാക്കി. ആദാമിനും അവന്റെ ഭാര്യക്കും, ജനിക്കാനിരുന്ന അവരുടെ സന്തതികൾക്കും ഭൂമിയിൽ നിത്യം ജീവിക്കാമായിരുന്നു.—ഉല്‌പത്തി 2:15-17; സങ്കീർത്തനം 115:16 വായിക്കുക.

ഭൂമിയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്നു ദൈവം ഒരു ഉദ്യാനമാക്കി മാറ്റിയത്‌. ആദ്യ മനുഷ്യജോഡിയായ ആദാമിനും ഹവ്വായ്‌ക്കും മക്കളുണ്ടായി അവരുടെ കുടുംബം വലുതാകുന്നതനുസരിച്ച്‌ അവർ ആ പറുദീസയുടെ വിസ്‌തൃതിയും വർധിപ്പിക്കണമായിരുന്നു. അങ്ങനെ ഭൂമി മുഴുവൻ ഒരു പറുദീസയായി മാറുമായിരുന്നു. (ഉല്‌പത്തി 1:28) അതെ, ഭൂമി എന്നേക്കും നിലനിൽക്കണം എന്നതാണ്‌ ദൈവത്തിന്റെ ഉദ്ദേശ്യം.—സങ്കീർത്തനം 104:5 വായിക്കുക.

2. ഭൂമി ഇപ്പോൾ ഒരു പറുദീസയല്ലാത്തത്‌ എന്തുകൊണ്ട്‌?

ആദാമും ഹവ്വായും ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചതുകൊണ്ട്‌ അവർ ഏദെനിൽനിന്ന്‌ പുറത്താക്കപ്പെട്ടു. അങ്ങനെ മനുഷ്യർക്ക്‌ പറുദീസ നഷ്ടമായി. ഒരു മനുഷ്യനും അത്‌ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. “ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്‌പിച്ചിരിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 9:24; ഉല്‌പത്തി 3:23, 24 വായിക്കുക.

എന്നാൽ മനുഷ്യരെക്കുറിച്ചുള്ള തന്റെ ആദിമ ഉദ്ദേശ്യം യഹോവ വിട്ടുകളഞ്ഞിട്ടില്ല. ദൈവം നിശ്ചയിച്ച ഒരു സംഗതിക്ക്‌ തടയിടാൻ ആർക്കുമാവില്ല. (യെശയ്യാവു 45:18) മനുഷ്യവർഗം ഏത്‌ അവസ്ഥയിലായിരിക്കാനാണോ ദൈവം ഉദ്ദേശിച്ചത്‌, ആ അവസ്ഥയിലേക്ക്‌ അവൻ അവരെ മടക്കിക്കൊണ്ടുവരും.—സങ്കീർത്തനം 37:11 വായിക്കുക.

3. ദൈവം ഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത്‌ എങ്ങനെയായിരിക്കും?

മനുഷ്യർക്ക്‌ സമാധാനത്തിൽ ജീവിക്കാൻ കഴിയണമെങ്കിൽ ഭൂമിയിൽനിന്ന്‌ ദുഷ്ടന്മാർ നീക്കംചെയ്യപ്പെടണം. ദൈവത്തെ എതിർക്കുന്ന സകലരെയും അർമ്മഗെദ്ദോൻ യുദ്ധത്തിൽ ദൈവദൂതന്മാർ നിഗ്രഹിക്കും. തുടർന്ന്‌ 1,000 വർഷത്തേക്ക്‌ സാത്താൻ തടവിലാക്കപ്പെടും. എന്നാൽ ദൈവത്തെ സ്‌നേഹിക്കുന്ന ആളുകളെ ദൈവം സംരക്ഷിക്കും. ഒരു പുതിയ വ്യവസ്ഥിതിയുടെ ഭാഗമായി അവർ ഈ ഭൂമിയിൽ നിത്യം ജീവിക്കും.—വെളിപാട്‌ 16:14, 16; 20:1-3; 21:3, 4 വായിക്കുക.

4. കഷ്ടപ്പാടുകൾ അവസാനിക്കുന്നത്‌ എപ്പോഴായിരിക്കും?

1,000 വർഷം യേശു സ്വർഗത്തിലിരുന്നുകൊണ്ട്‌ ഭൂമിയുടെമേൽ വാഴ്‌ച നടത്തും. ആ സമയത്ത്‌ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കപ്പെടും. ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പാപങ്ങൾ യേശു ഇല്ലാതെയാക്കും. തത്‌ഫലമായി രോഗവും വാർധക്യവും മരണവും നീങ്ങിപ്പോകും.—യെശയ്യാവു 11:9; 25:8; 33:24; 35:1 വായിക്കുക.

ഈ ദുഷ്ടലോകത്തിന്റെ അവസാനം എപ്പോഴായിരിക്കും? അതിന്റെ സൂചനയായി യേശു ഒരു “അടയാളം” നൽകിയിട്ടുണ്ട്‌. ഇന്നത്തെ ലോകാവസ്ഥകൾ മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്നു; “യുഗസമാപ്‌തിയുടെ” സമയത്താണ്‌ നാം ജീവിക്കുന്നത്‌ എന്നതിന്റെ തെളിവുകൾകൂടെയാണ്‌ അവ.—മത്തായി 24:3, 7-14, 21, 22; 2 തിമൊഥെയൊസ്‌ 3:1-5 വായിക്കുക.

5. വരാൻപോകുന്ന പറുദീസയിൽ ജീവിക്കുന്നത്‌ ആരായിരിക്കും?

യേശു തന്റെ അനുഗാമികളോട്‌ ആളുകളെ ശിഷ്യരാക്കാനും ദൈവത്തിന്റെ വഴികളെക്കുറിച്ച്‌ അവരെ പഠിപ്പിക്കാനും പറഞ്ഞു. (മത്തായി 28:19, 20) പുതിയ വ്യവസ്ഥിതിയിലെ ജീവിതത്തിനായി ഭൂമിയിലെമ്പാടുമുള്ള ആളുകളെ യഹോവ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. (സെഫന്യാവു 2:3), നല്ല ഭർത്താക്കന്മാരും നല്ല ഭാര്യമാരും അതുപോലെ നല്ല അച്ഛന്മാരും നല്ല അമ്മമാരും ആയിരിക്കാൻ എങ്ങനെ കഴിയുമെന്ന്‌ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ ആളുകൾ അഭ്യസിക്കുന്നു. നല്ലൊരു നാളേയ്‌ക്കായി നോക്കിപ്പാർത്തിരിക്കാൻ കഴിയുന്നതിന്റെ കാരണങ്ങളെക്കുറിച്ച്‌ അവിടെ മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന്‌ പഠിക്കുന്നു.—മീഖാ 4:1-4 വായിക്കുക.

ദൈവത്തെ സ്‌നേഹിക്കുകയും അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ രാജ്യഹാളുകളിൽ നിങ്ങൾക്ക്‌ കാണാൻ സാധിക്കും.—എബ്രായർ 10:24, 25 വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായം കാണുക.