വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിച്ചുപോയവർ വീണ്ടും ജീവിക്കുമോ?

മരിച്ചുപോയവർ വീണ്ടും ജീവിക്കുമോ?

ദൈവവചനത്തിൽനിന്നു പഠിക്കുക

മരിച്ചുപോയവർ വീണ്ടും ജീവിക്കുമോ?

നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്‌. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്‌പര്യപ്പെടുന്നു.

1. മരിച്ചുപോയവർ വീണ്ടും ജീവിക്കുമോ?

യേശു യെരുശലേമിനടുത്തുള്ള ബെഥാന്യയിൽ എത്തുമ്പോൾ അവന്റെ സുഹൃത്തായിരുന്ന ലാസർ മരിച്ചിട്ട്‌ നാലുദിവസമായിരുന്നു. ലാസറിന്റെ സഹോദരിമാരായ മാർത്തയോടും മറിയയോടും ഒപ്പം യേശു അവന്റെ കല്ലറയ്‌ക്കൽ ചെന്നു. പെട്ടെന്നുതന്നെ ആളുകൾ അവിടെ തടിച്ചുകൂടി. യേശു ലാസറിനെ ഉയിർപ്പിച്ചപ്പോൾ മാർത്തയ്‌ക്കും മറിയയ്‌ക്കും ഉണ്ടായ സന്തോഷത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക!—യോഹന്നാൻ 11:20-24, 38-44 വായിക്കുക.

മരിച്ചവർ ജീവനിലേക്ക്‌ വരുമെന്ന്‌ മാർത്ത വിശ്വസിച്ചിരുന്നു. ഭൂമിയിൽ വീണ്ടും ജീവിക്കാനായി ദൈവം മരിച്ചവരെ ഉയിർപ്പിക്കുമെന്ന്‌ അതിനുമുമ്പുള്ള ദൈവദാസന്മാരും വിശ്വസിച്ചിരുന്നു.—ഇയ്യോബ്‌ 14:14, 15 വായിക്കുക.

2. മരിച്ചവർ ഏത്‌ അവസ്ഥയിലാണ്‌?

പൊടിയിൽനിന്ന്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നാം മരണത്തിങ്കൽ ആ പൊടിയിലേക്ക്‌ തിരികെച്ചേരുന്നു. (ഉല്‌പത്തി 2:7; 3:19) മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവ്‌ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്നില്ലെന്നു വ്യക്തം. നമ്മുടെ മസ്‌തിഷ്‌കം മരിക്കുമ്പോൾ നമ്മുടെ ചിന്തകളും നശിക്കുന്നു. അതുകൊണ്ടുതന്നെ മരണത്തിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ട ലാസറിന്‌ മരണാനന്തര അനുഭവങ്ങളെപ്പറ്റിയൊന്നും പറയാനുണ്ടായിരുന്നില്ല. കാരണം മരിച്ചവർ ഒന്നും അറിയുന്നില്ല.—സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 10 വായിക്കുക.

മരിച്ചവർക്ക്‌ വേദന അനുഭവിക്കാനുമാവില്ല. അതുകൊണ്ടുതന്നെ മരണശേഷം ദൈവം ആളുകളെ ദണ്ഡിപ്പിക്കുന്നു എന്ന ഉപദേശം തെറ്റാണ്‌. അത്‌ ദൈവനിന്ദയാണ്‌. അഗ്നിയിൽ ആളുകളെ ദണ്ഡിപ്പിക്കുക എന്നത്‌ വാസ്‌തവത്തിൽ ദൈവത്തെ സംബന്ധിച്ചിടത്തോളം അചിന്തനീയമായ കാര്യമാണ്‌.—യിരെമ്യാവു 7:31 വായിക്കുക.

3. മരിച്ചവരോട്‌ സംസാരിക്കാൻ കഴിയുമോ?

മരിച്ചവർക്ക്‌ സംസാരിക്കാൻ കഴിയില്ല. (സങ്കീർത്തനം 115:17) എന്നാൽ ദൈവത്തോട്‌ മത്സരിച്ച്‌ സാത്താന്റെ പക്ഷം ചേർന്നിരിക്കുന്ന ചില ദൈവദൂതന്മാർ മരിച്ചവരുടെ ആത്മാക്കളായി നടിച്ച്‌ ആളുകളോട്‌ സംസാരിക്കാറുണ്ട്‌. (2 പത്രോസ്‌ 2:4) മരിച്ചവരോട്‌ സംസാരിക്കാൻ ശ്രമിക്കുന്നതിനെ യഹോവ വിലക്കുന്നു.—ആവർത്തനപുസ്‌തകം 18:10, 11 വായിക്കുക.

4. ആരൊക്കെ ജീവനിലേക്ക്‌ വരും?

മരണനിദ്രയിലായിരിക്കുന്ന കോടിക്കണക്കിന്‌ ആളുകൾ വരാൻപോകുന്ന പുതിയ ലോകത്തിൽ ജീവനിലേക്ക്‌ തിരിച്ചുവരും. യഹോവയെക്കുറിച്ച്‌ അറിയാതെ തെറ്റായ ജീവിതം നയിച്ചിരുന്നവരും അക്കൂട്ടത്തിലുണ്ടായിരിക്കും.—ലൂക്കോസ്‌ 23:43; പ്രവൃത്തികൾ 24:15 വായിക്കുക.

പുനരുത്ഥാനം പ്രാപിക്കുന്നവർക്ക്‌ ദൈവത്തിന്റെ വഴികളെക്കുറിച്ചു പഠിക്കാനും യേശുക്രിസ്‌തുവിനെ അനുസരിച്ചുകൊണ്ട്‌ വിശ്വാസം തെളിയിക്കാനും ഉള്ള അവസരം ലഭിക്കും. (വെളിപാട്‌ 20:11-13) ജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെട്ടശേഷം നന്മ പ്രവർത്തിക്കുന്നവർക്ക്‌ ഭൂമിയിൽ നിത്യം ജീവിക്കാൻ കഴിയും; എന്നാൽ തെറ്റായ പ്രവൃത്തികളിൽ തുടരുന്നവർക്ക്‌ അത്‌ ‘ന്യായവിധിക്കായുള്ള പുനരുത്ഥാനമായിരിക്കും.’—യോഹന്നാൻ 5:28, 29 വായിക്കുക.

5. പുനരുത്ഥാനം യഹോവയെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

യഹോവ സ്വന്തപുത്രന്റെ ജീവൻ നമുക്കൊരു യാഗമായി നൽകിയതുകൊണ്ടാണ്‌ പുനരുത്ഥാനം സാധ്യമായിരിക്കുന്നത്‌. അതുകൊണ്ട്‌ പുനരുത്ഥാനം യഹോവയ്‌ക്ക്‌ നമ്മോടുള്ള സ്‌നേഹത്തിന്റെയും ദയയുടെയും തെളിവാണ്‌.—യോഹന്നാൻ 3:16; റോമർ 6:23 വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 6-ഉം 7-ഉം അധ്യായങ്ങൾ കാണുക.

 

[20-ാം പേജിലെ ചിത്രം]

നിലത്തെ പൊടിയിൽനിന്നാണ്‌ ആദാം സൃഷ്ടിക്കപ്പെട്ടത്‌