വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ. . .

ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ. . .

വീർപ്പിച്ച ഒരു ബലൂൺ നിങ്ങളു​ടെ കൈവശം ഉണ്ട്‌. പക്ഷേ അതിന്‌ ഒരു ദ്വാരം ഉണ്ടെങ്കിൽ അത്‌ വീർപ്പി​ച്ചു​നി​റു​ത്താൻ എന്താണ്‌ ചെയ്യേ​ണ്ടത്‌? കുറഞ്ഞത്‌, നഷ്ടമാ​കു​ന്ന​ത്ര​യും വായു​വെ​ങ്കി​ലും ബലൂണിൽ നിറച്ചു​കൊ​ണ്ടി​രി​ക്കണം.

വരുമാ​ന​ത്തിന്‌ അനുസ​രി​ച്ചു ജീവി​ക്കു​ന്ന​തും ഏതാണ്ട്‌ ഇതു​പോ​ലെ​യാണ്‌. ബലൂണിൽ നിറയ്‌ക്കുന്ന വായു​വി​നെ നിങ്ങളു​ടെ വരുമാ​ന​ത്തോട്‌ ഉപമി​ക്കാം; പുറത്തു​പോ​കുന്ന വായു​വി​നെ ചെലവു​ക​ളോ​ടും. ചെലവു​കൾ വരുമാ​ന​ത്തെ​ക്കാൾ കൂടാതെ നോക്കുക എന്നതാണ്‌ പ്രധാനം.

പണം കൈകാ​ര്യം ചെയ്യു​മ്പോൾ ഈ അടിസ്ഥാന തത്ത്വം ബാധക​മാ​ക്കി​യാൽ പല വൈഷ​മ്യ​ങ്ങ​ളും ഒഴിവാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. കാര്യം ലളിത​മാ​ണെ​ങ്കി​ലും പറയു​ന്ന​തു​പോ​ലെ പ്രവർത്തി​ക്കാ​നാണ്‌ ബുദ്ധി​മുട്ട്‌. എന്നാൽ, ഈ തത്ത്വം എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം? ഇക്കാര്യ​ത്തിൽ ബൈബി​ളിന്‌ നമ്മെ സഹായി​ക്കാ​നാ​കും.

വഴികാ​ട്ടി​യാ​യി ബൈബിൾ തത്ത്വങ്ങൾ

സാമ്പത്തിക കാര്യ​ങ്ങ​ളിൽ നിങ്ങളെ സഹായി​ക്കുന്ന നിരവധി പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. അവയിൽ ചിലത്‌ നമുക്കി​പ്പോൾ നോക്കാം. വരുമാ​ന​ത്തി​ലൊ​തു​ങ്ങി ജീവി​ക്കാൻ സഹായി​ക്കുന്ന ഈ നിർദേ​ശങ്ങൾ ഒന്നു പരീക്ഷി​ച്ചു​നോ​ക്ക​രു​തോ?

ഒരു ബഡ്‌ജറ്റ്‌ തയ്യാറാ​ക്കുക.

പണം ഉചിത​മാ​യി കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ നിങ്ങളു​ടെ വരുമാ​നം എത്രയാ​ണെ​ന്നും എന്തുമാ​ത്രം ചെലവാ​ക്കു​ന്നു​ണ്ടെ​ന്നും കൃത്യ​മാ​യി അറിഞ്ഞി​രി​ക്കണം. ബൈബിൾ പറയുന്നു: ‘ശ്രദ്ധ​യോ​ടെ​യുള്ള പദ്ധതികൾ നേട്ടമു​ണ്ടാ​ക്കും. അശ്രദ്ധ​യോ​ടെ കാര്യങ്ങൾ ചെയ്യു​ന്നവൻ ദരി​ദ്ര​നാ​യി​ത്തീ​രും.’ (സദൃശ​വാ​ക്യ​ങ്ങൾ 21:5, പരിശുദ്ധ ബൈബിൾ ഈസി-റ്റു-റീഡ്‌ വേർഷൻ) അതു​കൊണ്ട്‌ ചിലർ ചെയ്യു​ന്നത്‌ ഇതാണ്‌: ഭക്ഷണം, വാടക, വസ്‌ത്രം എന്നിങ്ങ​നെ​യുള്ള ആവശ്യ​ങ്ങൾക്കാ​യി പണം പ്രത്യേ​കം തരംതി​രിച്ച്‌ വെക്കുന്നു; ഓരോ ആവശ്യ​ത്തി​നും എത്രമാ​ത്രം പണം വേണ്ടി​വ​രു​മെന്ന്‌ അറിയാ​നും അതനു​സ​രിച്ച്‌ ചെലവാ​ക്കാ​നും അത്‌ അവരെ സഹായി​ക്കു​ന്നു. ഈ രീതി​യോ മെച്ചമായ മറ്റു മാർഗ​ങ്ങ​ളോ നിങ്ങൾക്ക്‌ പരീക്ഷി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌. പക്ഷേ പണം എങ്ങനെ ചെലവാ​കു​ന്നു എന്നതി​നാണ്‌ ശ്രദ്ധനൽകേ​ണ്ടത്‌. ആർഭാ​ട​ങ്ങൾക്കല്ല അത്യാ​വ​ശ്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കുക.

ദുരാ​ഗ്രഹം ഒഴിവാ​ക്കുക.

ദരിദ്ര രാജ്യ​ങ്ങ​ളി​ലുള്ള പലരും സമ്പന്ന രാജ്യ​ങ്ങ​ളി​ലെ സുഖസൗ​ക​ര്യ​ങ്ങ​ളാണ്‌ മോഹി​ക്കു​ന്നത്‌. അയൽക്കാ​രന്റെ പക്കലു​ള്ളത്‌ തനിക്കും വേണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​വ​രും കുറവല്ല. എന്നാൽ, അത്തരം ആഗ്രഹം നിങ്ങളെ കെണി​യിൽച്ചാ​ടി​ച്ചേ​ക്കാം. ഒരുപക്ഷേ തന്റെ കൊക്കി​ലൊ​തു​ങ്ങാത്ത ഒന്ന്‌ അയൽക്കാ​രൻ വായ്‌പ​യെ​ടുത്ത്‌ വാങ്ങി​യ​താ​ണെ​ങ്കി​ലോ? അയാ​ളെ​പ്പോ​ലെ കടക്കെ​ണി​യിൽ വീഴാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? “ദുരാ​ഗ്ര​ഹി​യാ​യവൻ ധനവാ​നാ​കു​വാൻ ബദ്ധപ്പെ​ടു​ന്നു; ദാരി​ദ്ര്യം വരു​മെന്ന്‌ അവൻ അറിയു​ന്ന​തു​മില്ല,” ബൈബിൾ മുന്നറി​യി​പ്പു തരുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 28:22, വിശുദ്ധ സത്യ​വേ​ദ​പു​സ്‌തകം, മോഡേൺ മലയാളം വേർഷൻ.

ജീവിതം ലളിത​മാ​ക്കുക.

കണ്ണ്‌ ‘തെളി​ച്ച​മു​ള്ള​താ​യി’ സൂക്ഷി​ക്കാൻ അഥവാ അവശ്യ​കാ​ര്യ​ങ്ങ​ളിൽമാ​ത്രം ശ്രദ്ധ​വെച്ച്‌ ലളിത​ജീ​വി​തം നയിക്കാൻ യേശു തന്റെ അനുഗാ​മി​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യു​ണ്ടാ​യി. (മത്തായി 6:22) ‘അഷ്ടിക്കു​പോ​ലും വകയി​ല്ലെ​ന്നി​രി​ക്കെ മൃഷ്ട​ഭോ​ജനം കഴിക്കാ​നാണ്‌ താത്‌പ​ര്യ​പ്പെ​ടു​ന്ന​തെ​ങ്കിൽ’ കടത്തിൽ മുങ്ങാൻ താമസ​മു​ണ്ടാ​കില്ല. ഒരു ഏഷ്യൻ വികസന ബാങ്കിന്റെ റിപ്പോർട്ട്‌ അനുസ​രിച്ച്‌ ഫിലി​പ്പീൻസിൽ ഏകദേശം മൂന്നിൽ ഒരാൾവീ​ത​വും ഇന്ത്യയിൽ പകുതി​യി​ലേ​റെ​പ്പേ​രും ദാരി​ദ്ര്യ​രേ​ഖ​യ്‌ക്ക്‌ താഴെ​യാണ്‌; ഇവരുടെ ശരാശരി ദിവസ​വ​രു​മാ​നം അറുപ​തു​രൂ​പ​യിൽ താഴെ മാത്രം. ഇത്രയും തുച്ഛമായ വരുമാ​നം​കൊണ്ട്‌ ജീവി​ക്ക​ണ​മെ​ങ്കിൽ അവശ്യ​കാ​ര്യ​ങ്ങ​ളിൽമാ​ത്രം ശ്രദ്ധ​വെ​ക്കു​ന്ന​താ​യി​രി​ക്കി​ല്ലേ ബുദ്ധി? സമ്പന്ന രാജ്യ​ങ്ങ​ളും ഇതേ തത്ത്വം ബാധക​മാ​ക്കു​ന്നെ​ങ്കിൽ അനാവശ്യ സാമ്പത്തിക ബാധ്യ​തകൾ ഒഴിവാ​ക്കാൻ അത്‌ അവരെ​യും സഹായി​ക്കും.

ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കുക.

ജീവിതം ലളിത​മാ​ക്കു​ന്ന​തിൽ ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. 1 തിമൊ​ഥെ​യൊസ്‌ 6:8-ൽ ബൈബിൾ ഇങ്ങനെ നിർദേ​ശി​ക്കു​ന്നു: “ഉണ്ണാനും ഉടുക്കാ​നും വകയു​ണ്ടെ​ങ്കിൽ നമുക്കു തൃപ്‌തി​പ്പെ​ടാം.” ലോക​ത്തിൽ ഏറ്റവും സന്തുഷ്ട​രാ​യി​രി​ക്കുന്ന ചിലർക്ക്‌ ഭൗതി​ക​മാ​യി ഒന്നും​ത​ന്നെ​യില്ല; എങ്കിലും തങ്ങൾക്കു​ള്ള​തിൽ അവർ തൃപ്‌ത​രാണ്‌. അവശ്യം പണമല്ല, കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും തമ്മിലുള്ള സ്‌നേ​ഹ​വും ഇഴയടു​പ്പ​വു​മാണ്‌ അവരെ സംതൃ​പ്‌ത​രാ​ക്കു​ന്നത്‌.—സദൃശ​വാ​ക്യ​ങ്ങൾ 15:17.

അനാവശ്യ കടങ്ങൾ ഒഴിവാ​ക്കുക.

“ധനവാൻ ദരി​ദ്ര​ന്മാ​രെ ഭരിക്കു​ന്നു; കടം മേടി​ക്കു​ന്നവൻ കടം കൊടു​ക്കു​ന്ന​വന്നു ദാസൻ” എന്ന്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നു. ഈ വാക്കുകൾ സത്യമാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 22:7) പക്ഷേ, കടം വാങ്ങാതെ നിവൃ​ത്തി​യി​ല്ലെ​ന്നു​വ​രുന്ന ചില സാഹച​ര്യ​ങ്ങൾ ഉണ്ടാ​യേ​ക്കാം. എന്നാൽ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം വാങ്ങി​ക്കൂ​ട്ടു​ന്ന​തി​നാ​യി അനാവശ്യ കടങ്ങൾ വരുത്തി​വെ​ക്കു​ന്നെ​ങ്കി​ലോ? അങ്ങനെ ചെയ്യു​ന്നവർ കടക്കെ​ണി​യിൽനിന്ന്‌ ഊരി​പ്പോ​രാൻ പറ്റാതെ അതിൽ കുടു​ങ്ങി​പ്പോ​കു​ന്നു. ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ക്കു​മ്പോൾ ഇത്‌ വിശേ​ഷാൽ സത്യമാണ്‌. “ക്രെഡിറ്റ്‌ കാർഡ്‌ കൈയിൽ കിട്ടി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ പണത്തെ​ക്കു​റിച്ച്‌ യാതൊ​രു ചിന്തയും ഉണ്ടായി​രി​ക്കില്ല, സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടു​ന്ന​തിൽ മാത്ര​മാ​യി​രി​ക്കും ശ്രദ്ധ” എന്ന്‌ ടൈം മാസിക അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഫിലി​പ്പീൻസിൽ താമസി​ക്കുന്ന എറിക്ക്‌ പറയു​ന്നത്‌ ശ്രദ്ധി​ക്കുക: “ക്രെഡിറ്റ്‌ കാർഡാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ പണം​കൊ​ടു​ത്തു വാങ്ങു​ന്ന​തി​നെ​ക്കാൾ കൂടുതൽ സാധനങ്ങൾ പലപ്പോ​ഴും ഞാൻ വാങ്ങി​ക്കൂ​ട്ടും. പക്ഷേ, ബിൽ അടയ്‌ക്കേ​ണ്ടി​വ​രു​മ്പോൾ എന്റെ കണക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെറ്റി​യി​രി​ക്കും.” ക്രെഡിറ്റ്‌ കാർഡു​ക​ളും മറ്റും ഉപയോ​ഗി​ക്കു​മ്പോൾ വളരെ​യേറെ ശ്രദ്ധി​ക്കണം എന്നല്ലേ ഇതിനർഥം!—2 രാജാ​ക്ക​ന്മാർ 4:1; മത്തായി 18:25.

വാങ്ങു​ന്ന​തി​നു​മുമ്പ്‌ പണം സ്വരു​ക്കൂ​ട്ടുക.

പണം സ്വരു​ക്കൂ​ട്ടി സാധനങ്ങൾ വാങ്ങു​ന്നത്‌ ഒരു പഴഞ്ചൻ രീതി​യാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും അങ്ങനെ ചെയ്യു​ന്ന​താ​യി​രി​ക്കും ജ്ഞാനം. കടങ്ങളും അതി​നോട്‌ അനുബ​ന്ധി​ച്ചുള്ള മറ്റു പ്രശ്‌ന​ങ്ങ​ളും, ഉദാഹ​ര​ണ​ത്തിന്‌ വാങ്ങുന്ന തുകയു​ടെ​മേൽ ചുമത്തുന്ന ഉയർന്ന പലിശ​യും മറ്റും ഒഴിവാ​ക്കാൻ അത്‌ പലരെ​യും സഹായി​ക്കു​ന്നു. ബൈബിൾ ഉറുമ്പി​നെ “ജ്ഞാനമു​ള്ളവ” എന്നാണ്‌ വിളി​ക്കു​ന്നത്‌. കാരണം, അവ “കൊയ്‌ത്തു​കാ​ലത്തു തന്റെ തീൻ” സ്വരു​ക്കൂ​ട്ടി നാളേ​ക്കാ​യി കരുതു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 6:6-8; 30:24, 25.

മറ്റുള്ള​വ​രിൽനി​ന്നു പഠിക്കുക

മേൽപ്പറഞ്ഞ നിർദേ​ശ​ങ്ങ​ളെ​ല്ലാം കുറേ നല്ല തത്ത്വങ്ങ​ളാ​യി തോന്നി​യേ​ക്കാം. എന്നാൽ ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ ഈ തത്ത്വങ്ങൾ ആളുകളെ സഹായി​ച്ചി​ട്ടു​ണ്ടോ? ചിലരെ നമുക്കി​പ്പോൾ പരിച​യ​പ്പെ​ടാം. പണം ശരിയാ​യി കൈകാ​ര്യം ചെയ്യാൻ ഈ നിർദേ​ശങ്ങൾ അവരെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ നോക്കുക.

നാലു​മ​ക്ക​ളു​ടെ പിതാ​വാണ്‌ ഡിയോ​സ്‌ഡാ​ഡോ. അടുത്ത​കാ​ല​ത്തു​ണ്ടായ സാമ്പത്തിക മാന്ദ്യ​ത്തെ​ത്തു​ടർന്ന്‌ കുടും​ബ​ച്ചെ​ല​വു​കൾ നടത്തി​ക്കൊ​ണ്ടു​പോ​കു​ന്നത്‌ അദ്ദേഹ​ത്തിന്‌ വളരെ ബുദ്ധി​മു​ട്ടാ​യി. എന്നിരു​ന്നാ​ലും ഒരു ബഡ്‌ജറ്റ്‌ ഉണ്ടായി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും നല്ലതാ​ണെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. “എനിക്കു കിട്ടുന്ന ഓരോ ചില്ലി​ക്കാ​ശി​ന്റെ​യും കണക്ക്‌ ഞാൻ സൂക്ഷി​ക്കു​ന്നു.” “എന്തി​നൊ​ക്കെ പണം ചെലവാ​കു​ന്നു എന്നതും ഞാൻ രേഖ​പ്പെ​ടു​ത്തി​വെ​ക്കും,” അദ്ദേഹം പറയുന്നു. ബഡ്‌ജറ്റ്‌ ഉള്ളത്‌ ഡാനീ​ലൊ​യെ​യും സഹായി​ച്ചി​ട്ടുണ്ട്‌. നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു ചെറിയ ബിസി​നസ്സ്‌ തകർന്ന​തി​നാൽ അദ്ദേഹ​വും ഭാര്യ​യും സാമ്പത്തിക ഞെരു​ക്ക​ത്തി​ലാ​യി. എങ്കിലും നല്ലൊരു ബഡ്‌ജറ്റ്‌ ഉള്ളതു​കൊണ്ട്‌ അത്യാ​വശ്യ കാര്യങ്ങൾ നടത്തി​ക്കൊ​ണ്ടു​പോ​കാൻ അവർക്കു കഴിയു​ന്നു. അദ്ദേഹം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഓരോ മാസവും എത്ര​ത്തോ​ളം വരവു​ണ്ടെ​ന്നും പതിവ്‌ ചെലവു​കൾക്കാ​യി എത്ര നീക്കി​വെ​ക്ക​ണ​മെ​ന്നും ഞങ്ങൾക്ക​റി​യാം. മറ്റാവ​ശ്യ​ങ്ങൾക്ക്‌ എത്ര​ത്തോ​ളം പണം ചെലവ​ഴി​ക്കാ​നാ​കു​മെന്ന്‌ അതിന​നു​സ​രിച്ച്‌ ഞങ്ങൾ തീരു​മാ​നി​ക്കു​ന്നു.”

‘ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഞാനും മക്കളും ഇപ്പോൾ നടന്നാണ്‌ പോകുന്നത്‌’

ബഡ്‌ജ​റ്റി​ന​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യാൻ ചെലവു​ക​ളിൽ ചില വെട്ടി​ച്ചു​രു​ക്കൽ നടത്തേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ ചിലർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. മൂന്നു​കു​ട്ടി​ക​ളുള്ള വിധവ​യായ മെർന പറയു​ന്നതു കേൾക്കൂ: “ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ ബസ്സിൽ പോകു​ന്ന​തി​നു പകരം ഞാനും മക്കളും ഇപ്പോൾ നടന്നാണ്‌ പോകു​ന്നത്‌.” ജീവിതം ലളിത​മാ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം അവർ മക്കളെ പറഞ്ഞു മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. മെർന പറയുന്നു: “1 തിമൊ​ഥെ​യൊസ്‌ 6:8-10-ലെ തത്ത്വം ബാധക​മാ​ക്കുന്ന കാര്യ​ത്തിൽ ഞാൻതന്നെ നല്ലൊരു മാതൃ​ക​വെ​ക്കു​ന്നു. ഉള്ളതു​കൊണ്ട്‌ തൃപ്‌ത​രാ​യി ജീവി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​മാ​ണ​ല്ലോ അവിടെ പറയു​ന്നത്‌.”

രണ്ടുമ​ക്ക​ളു​ള്ള ജെറാൾഡ്‌ ചെയ്‌തി​രി​ക്കു​ന്ന​തും ഇതുത​ന്നെ​യാണ്‌. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “കുടും​ബം ഒത്തൊ​രു​മിച്ച്‌ ബൈബിൾ പഠിക്കു​മ്പോൾ ആത്മീയ കാര്യ​ങ്ങൾക്ക്‌ മുൻഗണന നൽകി​യി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ അനുഭ​വങ്ങൾ ഞങ്ങൾ ചർച്ച​ചെ​യ്യു​ന്നു. അതു​കൊണ്ട്‌ നല്ല ഫലമുണ്ട്‌; അനാവശ്യ കാര്യ​ങ്ങൾക്കാ​യി ഞങ്ങളുടെ മക്കൾ ഇപ്പോൾ വാശി​പി​ടി​ക്കാ​റില്ല.”

‘പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്ത്‌ ഞാൻ സാധനങ്ങൾ വാങ്ങിക്കൂട്ടാറില്ല’

ഫിലി​പ്പീൻസി​ലാണ്‌ അവിവാ​ഹി​ത​യായ ജാനറ്റ്‌ താമസി​ക്കു​ന്നത്‌. ബൈബിൾ അധ്യാ​പി​ക​യാ​യി സ്വമേ​ധയാ പ്രവർത്തി​ക്കു​ന്ന​തി​നൊ​പ്പം അവൾ ഒരു ജോലി​യും ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. അടുത്തി​ടെ അവൾക്ക്‌ ജോലി നഷ്ടപ്പെട്ടു. എങ്കിലും ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ അവൾക്ക്‌ കഴിയു​ന്നുണ്ട്‌. എങ്ങനെ? “ഞാൻ എന്റെ ആഗ്രഹ​ങ്ങൾക്ക്‌ കടിഞ്ഞാ​ണി​ടു​ന്നു. കയ്യിലുള്ള പണം സൂക്ഷിച്ച്‌ ചെലവ​ഴി​ക്കാൻ ശ്രദ്ധി​ക്കാ​റു​മുണ്ട്‌,” അവൾ പറയുന്നു. “വിലകൂ​ടിയ സാധനങ്ങൾ വിൽക്കുന്ന വലിയ ഷോപ്പിങ്‌ സെന്ററു​ക​ളിൽ ഞാൻ പോകാ​റില്ല. മറ്റിട​ങ്ങ​ളിൽനിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ നല്ല സാധനങ്ങൾ കിട്ടു​മെ​ന്നി​രി​ക്കെ ഞാൻ എന്തിന്‌ കൂടുതൽ പണം ചെലവാ​ക്കണം? പെട്ടെ​ന്നു​ണ്ടായ ആവേശ​ത്തി​ന്റെ പുറത്ത്‌ ഞാൻ സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടാ​റു​മില്ല.” അനാവശ്യ കാര്യ​ങ്ങൾക്ക്‌ ചെലവാ​ക്കാ​തെ പണം സൂക്ഷിച്ച്‌ വെക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും ജാനറ്റിന്‌ അറിയാം. “ചെലവു​ക​ഴിഞ്ഞ്‌ എന്തെങ്കി​ലും മിച്ചം​വ​രു​ന്നത്‌, അത്‌ വളരെ ചെറിയ തുകയാ​ണെ​ങ്കിൽപ്പോ​ലും ഞാൻ സൂക്ഷി​ച്ചു​വെ​ക്കും, പെട്ടെന്ന്‌ ഒരു ആവശ്യം വന്നാൽ ഉപയോ​ഗി​ക്കാൻ.”

ക്രെഡിറ്റ്‌ കാർഡി​ന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ നേരത്തേ പരാമർശിച്ച എറിക്ക്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അത്യാ​വശ്യ ഘട്ടങ്ങളിൽ ഒഴികെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ ഞാൻ പരമാ​വധി ശ്രമി​ക്കു​ന്നു.” ഡിയോ​സ്‌ഡാ​ഡോ​യും ഇതി​നോ​ടു യോജി​ക്കു​ന്നു: “ക്രെഡിറ്റ്‌ കാർഡ്‌ കയ്യിലി​രു​ന്നാൽ അറിയാ​തെ ഉപയോ​ഗി​ച്ചു​പോ​കും; അതു​കൊണ്ട്‌ ഞാൻ അത്‌ ഓഫീ​സിൽ വെച്ചി​ട്ടു​പോ​രും.”

ഉള്ളതു​കൊ​ണ്ടു ജീവി​ക്കാൻ നിങ്ങൾക്കും കഴിയും

ആത്മീയ കാര്യ​ങ്ങ​ളാണ്‌ ബൈബി​ളിൽ മുഖ്യ​മാ​യും അടങ്ങി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഭൗതിക കാര്യ​ങ്ങ​ളിൽ നമ്മെ വഴിന​യി​ക്കുന്ന നിർദേ​ശ​ങ്ങ​ളും അതിലു​ണ്ടെന്ന്‌ അനേക​രും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:6; മത്തായി 6:25-34) ഇപ്പോൾ ചർച്ച​ചെയ്‌ത ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ക​യും അത്‌ പരീക്ഷിച്ച്‌ ഫലംക​ണ്ട​വ​രു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ പാഠം ഉൾക്കൊ​ള്ളു​ക​യും ചെയ്യു​ന്നെ​ങ്കിൽ ദശലക്ഷ​ങ്ങളെ അലട്ടുന്ന ഉത്‌ക​ണ്‌ഠ​ക​ളും അനാവശ്യ ഹൃദയ​വേ​ദ​ന​ക​ളും ഒഴിവാ​ക്കാൻ നിങ്ങൾക്കാ​കും; ഉള്ളതു​കൊ​ണ്ടു ജീവി​ക്കാൻ നിങ്ങൾക്കും കഴിയും!

‘പെട്ടെ​ന്നു​ണ്ടായ ആവേശ​ത്തി​ന്റെ പുറത്ത്‌ ഞാൻ സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടാ​റില്ല’