വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനവ്യാഖ്യാനം—ആർക്കുള്ളത്‌?

പ്രവചനവ്യാഖ്യാനം—ആർക്കുള്ളത്‌?

പ്രവചനവ്യാഖ്യാനം—ആർക്കുള്ളത്‌?

ഗോർഡിയൻ കെട്ട്‌—ആർക്കും അഴിക്കാൻ പറ്റാത്ത കുരുക്ക്‌ എന്ന്‌ ഗ്രീസിലെ പഴമക്കാർ കരുതിപ്പോന്നു. എന്നാൽ ബുദ്ധിമാനായ ഒരാൾ സങ്കീർണമായ ആ കുരുക്കഴിക്കുമെന്നും അയാൾ ദിഗ്‌വിജയം നേടുമെന്നും ആയിരുന്നു വിശ്വാസം. * ഐതിഹ്യമനുസരിച്ച്‌, മഹാനായ അലക്‌സാണ്ടർ തന്റെ വാളുകൊണ്ട്‌ ഒരൊറ്റ വെട്ട്‌—ആ കുരുക്ക്‌ അഴിഞ്ഞു!

പ്രയാസമേറിയ ഇത്തരം കുരുക്കുകൾ അഴിക്കാൻ മാത്രമല്ല കടങ്കഥകൾക്ക്‌ ഉത്തരം കണ്ടെത്താനും പ്രവചനങ്ങൾ വ്യാഖ്യാനിക്കാനും ഭാവി മുൻകൂട്ടിപ്പറയാനും പ്രതിഭാശാലികളായ അനേകർ കാലങ്ങളിലുടനീളം ശ്രമിച്ചിട്ടുണ്ട്‌.

പക്ഷേ, മിക്കപ്പോഴും ഇതൊക്കെ തങ്ങളുടെ കഴിവിനപ്പുറമാണെന്ന്‌ ആളുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്‌, ബാബിലോണിയൻ രാജാവായിരുന്ന ബേൽത്ത്‌ശസ്സർ നടത്തിയ വിരുന്നിന്റെ ആഘോഷത്തിമിർപ്പിനിടയിൽ, കൊട്ടാരച്ചുവരിൽ അത്ഭുതകരമായി തെളിഞ്ഞുവന്ന കയ്യെഴുത്ത്‌ വ്യാഖ്യാനിക്കാൻ അവിടുത്തെ വിദ്വാന്മാർക്ക്‌ ആർക്കും കഴിഞ്ഞില്ല. ‘നൂലാമാലയുടെ തുമ്പ്‌’ കണ്ടെത്തുന്നതിൽ വിദഗ്‌ധനായിരുന്ന വൃദ്ധപ്രവാചകനായ ദാനീയേലിന്‌—യഹോവയാംദൈവത്തിന്റെ പ്രവാചകന്‌—മാത്രമേ ഈ പ്രാവചനിക സന്ദേശത്തിന്റെ പൊരുൾ വിശദീകരിക്കാൻ കഴിഞ്ഞുള്ളൂ. (ദാനീയേൽ 5:12, ഗുണ്ടർട്ട്‌ ബൈബിൾ) ബാബിലോൺ സാമ്രാജ്യത്തിന്റെ പതനം മുൻകൂട്ടിപ്പറഞ്ഞ ആ പ്രവചനം ആ രാത്രിയിൽത്തന്നെ നിവൃത്തിയേറി!—ദാനീയേൽ 5:1, 4-8, 25-30.

എന്താണ്‌ പ്രവചനം?

ഭാവി വെളിപ്പെടുത്തുന്നത്‌, അല്ലെങ്കിൽ സംഭവിക്കാനിരിക്കുന്നത്‌ മുന്നമേ രേഖപ്പെടുത്തുന്നതാണ്‌ പ്രവചനം. ദൈവത്തിൽനിന്നുള്ള സന്ദേശങ്ങളാണ്‌ യഥാർഥ പ്രവചനങ്ങൾ; അവ വാമൊഴിയായോ വരമൊഴിയായോ ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും വെളിപ്പെടുത്തുന്നു. ബൈബിളിൽ അനേകം പ്രവചനങ്ങൾ കാണാം. മിശിഹായുടെ വരവിനെക്കുറിച്ചും അവനെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും ‘യുഗസമാപ്‌തിയെക്കുറിച്ചും’ ദൈവത്തിൽനിന്നുള്ള ന്യായവിധി സന്ദേശങ്ങളെക്കുറിച്ചും എല്ലാം അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.—മത്തായി 24:3; ദാനീയേൽ 9:25.

ഇന്നത്തെ ‘വിദ്വാന്മാർ’—ശാസ്‌ത്ര, സാമ്പത്തിക, ആരോഗ്യ, രാഷ്‌ട്രീയ, പാരിസ്ഥിതിക രംഗത്തും മറ്റുമുള്ള വിദഗ്‌ധർ—ഭാവിയിൽ എന്തു സംഭവിക്കുമെന്ന്‌ പ്രവചിക്കാറുണ്ട്‌. അത്തരം പ്രവചനങ്ങളിൽ മിക്കതും മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയും ജനങ്ങൾ അതേപടി വിഴുങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും അവ ആളുകളുടെ അറിവിൽനിന്ന്‌ ഉരുത്തിരിഞ്ഞ ആശയങ്ങളും സ്വയംകൃതമായ അഭിപ്രായങ്ങളും മാത്രമാണ്‌. എന്നുതന്നെയല്ല, അങ്ങനെയുള്ള ഏതൊരു അഭിപ്രായത്തിനും എതിരഭിപ്രായങ്ങളും എതിർവാദങ്ങളും ഉണ്ട്‌. ചുരുക്കിപ്പറഞ്ഞാൽ, ഭാവി മുൻകൂട്ടിപ്പറയാനുള്ള മനുഷ്യശ്രമം ഒരു സാഹസികോദ്യമമാണ്‌.

യഥാർഥ പ്രവചനം—ആരിൽനിന്ന്‌?

അങ്ങനെയെങ്കിൽ, യഥാർഥ പ്രവചനം ആരിൽനിന്നു വരുന്നു? ആർക്ക്‌ അത്‌ വ്യാഖ്യാനിക്കാനാകും? അപ്പൊസ്‌തലനായ പത്രോസ്‌ പറഞ്ഞു: “തിരുവെഴുത്തിലെ പ്രവചനമൊന്നും ആരുടെയും സ്വന്തമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല.” (2 പത്രോസ്‌ 1:20) ‘വ്യാഖ്യാനം’ എന്നതിന്റെ ഗ്രീക്ക്‌ പദത്തിന്‌ “പരിഹാരം,” “തുറക്കൽ” എന്നൊക്കെ അർഥമുണ്ട്‌. “കെട്ടിവെച്ചിരുന്ന ഒന്നിന്‌ അയവുവരുത്തുക അല്ലെങ്കിൽ അതിനെ അഴിക്കുക” എന്ന ആശയമാണ്‌ അതിൽ ധ്വനിക്കുന്നത്‌. ഒരു ബൈബിൾഭാഷാന്തരം ഈ പദത്തെ “അയവുവരുത്തുക” എന്ന്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

പരിചയസമ്പന്നനായ ഒരു കപ്പൽജോലിക്കാരൻ അഴിഞ്ഞുപോകാത്തവിധം കയറുകൊണ്ട്‌ ഒരു കെട്ടിടുന്നു എന്നു കരുതുക. ആ കെട്ട്‌ കാണുന്ന സാധാരണക്കാരനായ ഒരാൾക്ക്‌, ഇഴകൾ കെട്ടിനുള്ളിലേക്ക്‌ പോയിരിക്കുന്നത്‌ കാണാനാകുമെങ്കിലും അത്‌ എളുപ്പം അഴിക്കാൻ സാധിക്കുമോ? സമാനമായി, ലോകത്തിന്റെ പോക്കു കാണുമ്പോൾ പ്രശ്‌നങ്ങളുടെ ഊരാക്കുടുക്കിലേക്കാണ്‌ ഇതു കുതിക്കുന്നതെന്ന്‌ ആളുകൾ മനസ്സിലാക്കിയേക്കാം. എന്നാൽ കാര്യങ്ങൾ എങ്ങനെ ഉരുത്തിരിയും, എവിടെച്ചെന്ന്‌ അവസാനിക്കും എന്നതിന്റെ വിശദാംശങ്ങൾ അവർക്ക്‌ വ്യക്തമല്ല.

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ സ്വയം അപഗ്രഥനം നടത്തി പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ഭാവി പ്രവചിക്കുകയല്ല ദാനീയേലും പുരാതനകാലത്തെ ദൈവത്തിന്റെ മറ്റു പ്രവാചകന്മാരും ചെയ്‌തത്‌. ഭാവി സംഭവങ്ങളെ തങ്ങൾ പ്രവചിച്ച രീതിയിൽ, തങ്ങളുടെ ഇംഗിതത്തിനൊത്ത്‌ കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിൽ ആ പ്രവചനങ്ങൾ അവരുടെ ഭാവനാസൃഷ്ടി ആകുമായിരുന്നു; തികച്ചും മാനുഷികമായ ഒന്ന്‌. ഭാവി മുൻകൂട്ടിക്കാണാനുള്ള കഴിവ്‌ മനുഷ്യർക്ക്‌ ഇല്ലാത്തതിനാൽ അതിൽ വിശ്വസിക്കാനും സാധിക്കുകയില്ലായിരുന്നു. മറിച്ച്‌, പത്രോസ്‌ അപ്പൊസ്‌തലൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ ഉണ്ടായതല്ല; പിന്നെയോ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്‌താവിച്ചതത്രേ.”—2 പത്രോസ്‌ 1:21.

‘വ്യാഖ്യാനം ദൈവത്തിനുള്ളത്‌’

ഈ സംഭവം നടക്കുന്നത്‌ 3,700 വർഷം മുമ്പ്‌ ഈജിപ്‌തിൽവെച്ചാണ്‌. രണ്ടുപുരുഷന്മാർ കാരാഗൃഹത്തിൽ അടയ്‌ക്കപ്പെടുന്നു. ഇരുവരും അമ്പരപ്പിക്കുന്ന ഓരോ സ്വപ്‌നം കണ്ടു. തങ്ങളെ കുഴപ്പിച്ച ഈ സ്വപ്‌നങ്ങളെക്കുറിച്ച്‌ രാജ്യത്തെ വിദ്വാന്മാരോട്‌ ചോദിക്കാൻ കഴിയാഞ്ഞതിനാൽ, തങ്ങളോടൊപ്പം തടവിലുണ്ടായിരുന്ന യോസേഫിനോട്‌, “ഞങ്ങൾ സ്വപ്‌നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്ന്‌ അവർ പറഞ്ഞു. “വ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ?” എന്നു പറഞ്ഞുകൊണ്ട്‌ ആ സ്വപ്‌നങ്ങൾ തന്നോടു പറയാൻ ആ ദൈവദാസൻ ആവശ്യപ്പെട്ടു. (ഉല്‌പത്തി 40:8) പ്രയാസമുള്ള ഒരു കുരുക്കിടാൻ കഴിയുന്ന ഒരു കപ്പൽജോലിക്കാരന്‌ അത്‌ എളുപ്പം അഴിക്കാൻ കഴിയുന്നതുപോലെ, യഹോവയാംദൈവത്തിനു മാത്രമേ പ്രവചനങ്ങളുടെ അർഥം വിശദീകരിക്കാൻ കഴിയൂ. കാരണം പ്രവചനങ്ങൾ അവനിൽനിന്നു വരുന്നു, അവനാണ്‌ അതിനെ ബന്ധിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ പ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ നാം യഹോവയിലേക്കു നോക്കണം. യോസേഫ്‌ പറഞ്ഞത്‌ ശരിയായിരുന്നു, വ്യാഖ്യാനം ദൈവത്തിനുള്ളതാണ്‌!

പല വിധങ്ങളിൽ, ‘വ്യാഖ്യാനം ദൈവത്തിനുള്ളതാണ്‌’ എന്നു പറയാം. ചില ബൈബിൾ പ്രവചനങ്ങളോടൊപ്പം അവയുടെ നിവൃത്തിയും രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ ഒരു കാരണം—കുരുക്കിട്ട ആൾതന്നെ അത്‌ അഴിക്കേണ്ടവിധം പറഞ്ഞുതരുന്നതുപോലെ. അത്തരം പ്രവചനങ്ങളുടെ കെട്ടഴിക്കാൻ എളുപ്പമാണ്‌.—ഉല്‌പത്തി 18:14; 21:2.

മറ്റു ചില സാഹചര്യങ്ങളിൽ, പ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ അവയ്‌ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങൾ പരിശോധിക്കുന്നത്‌ നമ്മെ സഹായിക്കും. ‘കണ്ണുകൾക്കിടയിൽ അസാധാരണമായ ഒരു കൊമ്പുള്ള’ “ആൺകോലാട്‌” ‘രണ്ടു കൊമ്പുള്ള ആണാടിനെ’ നിലംപരിചാക്കിയതായി പ്രവാചകനായ ദാനീയേൽ ദർശനത്തിൽ കണ്ടു. തുടർന്നുള്ള വാക്യങ്ങളിൽ പിൻവരുന്ന വിശദാംശങ്ങൾ നൽകിയിരിക്കുന്നു: “മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരാണ്‌” രണ്ടു കൊമ്പുള്ള ആണാട്‌; ആൺകോലാട്‌ ‘ഗ്രീക്കുരാജാവും.’ (ദാനീയേൽ 8:3-8, 20-22, ഓശാന ബൈബിൾ) 200-ലേറെ വർഷങ്ങൾക്കു ശേഷം, ‘വലിയ കൊമ്പായ’ മഹാനായ അലക്‌സാണ്ടർ പേർഷ്യയുടെ ഭാഗങ്ങൾ ഓരോന്നായി കീഴടക്കാൻ തുടങ്ങിയപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. യെരുശലേമിന്‌ അടുത്തേക്ക്‌ പടനയിച്ചെത്തിയ അലക്‌സാണ്ടറിനെ ഈ പ്രവചനം കാണിച്ചതായും അത്‌ തന്നെക്കുറിച്ചുള്ള പ്രവചനമാണെന്ന്‌ അദ്ദേഹം വിശ്വസിച്ചതായും യഹൂദ ചരിത്രകാരനായ ജോസീഫസ്‌ അവകാശപ്പെടുന്നു.

മറ്റൊരു അർഥത്തിലും ‘വ്യാഖ്യാനം ദൈവത്തിനുള്ളതാണ്‌.’ പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്‌ യഹോവയുടെ വിശ്വസ്‌ത ദാസനായ യോസേഫിന്‌, സഹതടവുകാർ പറഞ്ഞ കുഴപ്പിക്കുന്ന സ്വപ്‌നങ്ങളുടെ അർഥം മനസ്സിലായത്‌. (ഉല്‌പത്തി 41:38) ഇന്നും, ചില പ്രവചനങ്ങളുടെ അർഥം വ്യക്തമാകാതെ വരുമ്പോൾ ദൈവദാസന്മാർ ദൈവാത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കുകയും ദൈവാത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ട ദൈവവചനം ഉത്സാഹത്തോടെ പഠിക്കുകയും ചെയ്യുന്നു. അപ്പോൾ, പ്രവചനങ്ങളുടെ അർഥത്തിലേക്ക്‌ വെളിച്ചംവീശുന്ന ബൈബിൾഭാഗങ്ങൾ കണ്ടെത്താൻ ദൈവത്തിന്റെ സഹായത്താൽ അവർക്കു സാധിക്കുന്നു. പ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ സഹായിക്കുന്നത്‌ ദൈവാത്മാവും ദൈവവചനവും ആയതുകൊണ്ട്‌ പ്രവചനവ്യാഖ്യാനം ദൈവത്തിൽനിന്നുള്ളതാണ്‌; മനുഷ്യർക്ക്‌ അതിനുള്ള അത്ഭുതസിദ്ധിയില്ല. ബൈബിളിന്റെ സഹായമില്ലാതെ പ്രവചനവ്യാഖ്യാനം ഒരു മനുഷ്യനും സാധ്യമല്ല.—പ്രവൃത്തികൾ 15:12-21.

‘വ്യാഖ്യാനം ദൈവത്തിനുള്ളതാണ്‌’ എന്നു പറയുന്നതിന്‌ മറ്റൊരു കാരണംകൂടി ഉണ്ട്‌. ഭൂമിയിലുള്ള തന്റെ വിശ്വസ്‌ത ദാസന്മാർ പ്രവചനത്തിന്റെ അർഥം എപ്പോൾ മനസ്സിലാക്കണം എന്ന്‌ തീരുമാനിക്കുന്നത്‌ ദൈവമാണ്‌. പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുമ്പോഴോ പ്രവചനനിവൃത്തിക്ക്‌ മുമ്പോ ശേഷമോ ആയിരിക്കാം അതിന്റെ അർഥം ഗ്രഹിക്കാനാകുന്നത്‌. പ്രവചനങ്ങളെ ബന്ധിച്ചിരിക്കുന്നത്‌ ദൈവമായതുകൊണ്ട്‌ ഉചിതമായ സമയത്ത്‌—തന്റെ സമയത്ത്‌—അവൻ അത്‌ വെളിപ്പെടുത്തും.

തന്നോടൊപ്പം തടവിലായിരുന്ന രണ്ടുപേർ കണ്ട സ്വപ്‌നങ്ങൾ, അവ നിവൃത്തിയേറുന്നതിന്‌ മൂന്നുദിവസം മുമ്പുതന്നെ യോസേഫ്‌ വിശദീകരിച്ചുകൊടുത്തു. (ഉല്‌പത്തി 40:13, 19) പിന്നീട്‌, ഫറവോന്റെ സ്വപ്‌നം വ്യാഖ്യാനിക്കാനും യോസേഫിനെ വിളിച്ചുവരുത്തി. ദൈവാത്മാവിന്റെ സഹായത്താൽ യോസേഫ്‌ ആ സ്വപ്‌നത്തിന്റെ അർഥം വിശദീകരിച്ചുകൊടുത്തു. ഫറവോൻ സ്വപ്‌നത്തിൽ കണ്ട സുഭിക്ഷമായ ഏഴുവർഷം ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു അത്‌. ഇതുമൂലം, സുഭിക്ഷതയുടെ കാലത്തെ അധികവിളവ്‌ ശേഖരിച്ചുവെക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്യാനായി.—ഉല്‌പത്തി 41:29, 39, 40.

വേറെ ചില പ്രവചനങ്ങൾ ദൈവദാസന്മാർക്ക്‌ മുഴുവനായി ഗ്രഹിക്കാനായത്‌ അവ നിവൃത്തിയേറിയതിനു ശേഷമാണ്‌. ഉദാഹരണത്തിന്‌, യേശുവിന്റെ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും അവന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രവചിക്കപ്പെട്ടിരുന്നു. യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം മാത്രമാണ്‌ ഇവയിൽ പലതും ശിഷ്യന്മാർക്ക്‌ ശരിക്കും മനസ്സിലായത്‌. (സങ്കീർത്തനം 22:18; 34:20; യോഹന്നാൻ 19:24, 36) ഇനി ചില പ്രവചനങ്ങൾ ‘ജ്ഞാനം വർധിക്കുന്ന’ “അന്ത്യകാലംവരെ” ‘മുദ്രയിടേണ്ടതുണ്ട്‌’ എന്ന്‌ ദാനീയേൽ 12:4 പറയുന്നു. അങ്ങനെയുള്ള പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. *

ബൈബിൾപ്രവചനങ്ങളും നിങ്ങളും

യോസേഫും ദാനീയേലും അക്കാലത്തെ രാജാക്കന്മാരോട്‌ രാഷ്‌ട്രങ്ങളെയും രാജത്വങ്ങളെയും ബാധിക്കുന്ന പ്രാവചനികസന്ദേശങ്ങൾ അറിയിച്ചു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളാകട്ടെ ജനതകളുടെ ഇടയിൽ പ്രവചനത്തിന്റെ ദൈവമായ യഹോവയുടെ വക്താക്കളായി നിലകൊണ്ടു; അവരുടെ സന്ദേശത്തിന്‌ ചെവികൊടുത്തവർക്ക്‌ വളരെ പ്രയോജനം ലഭിച്ചു.

ഇന്ന്‌, ഗോളമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളും ഒരു പ്രാവചനികസന്ദേശം ഘോഷിച്ചുകൊണ്ടാണിരിക്കുന്നത്‌; ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയാണ്‌ അത്‌. “യുഗസമാപ്‌തി”യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം നിറവേറിക്കൊണ്ടിരിക്കുന്നു എന്നും അവർ ആളുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. (മത്തായി 24:3, 14) ആ പ്രവചനം എന്താണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ? നിങ്ങളെ അത്‌ ബാധിക്കുന്നത്‌ എങ്ങനെയാണ്‌? ബൈബിളിലെ മഹത്തായ പ്രവചനങ്ങളുടെ ഗണത്തിൽപ്പെട്ട ആ പ്രവചനത്തെക്കുറിച്ച്‌ മനസ്സിലാക്കാനും അതിൽനിന്ന്‌ പ്രയോജനം നേടാനും നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്ക്‌ സന്തോഷമേയുള്ളൂ. (w11-E 12/01)

[അടിക്കുറിപ്പുകൾ]

^ ഫ്രുഗ്യയുടെ തലസ്ഥാന നഗരിയായ ഗോർഡിയത്തിന്റെ സ്ഥാപകനായ ഗോർഡിയസ്‌, അഴിക്കാൻ കഴിയാത്ത വിധത്തിൽ തന്റെ രഥം ഒരു കഴയോടു ചേർത്ത്‌ വളരെ വിദഗ്‌ധമായി ബന്ധിച്ചിരുന്നു എന്ന്‌ ഗ്രീക്ക്‌ ഇതിഹാസം പറയുന്നു. ഭാവിയിൽ ഏഷ്യയെ കീഴടക്കുന്ന വ്യക്തി ഈ കെട്ടഴിക്കുമെന്നും കരുതപ്പെട്ടിരുന്നു.

^ 2011 മെയ്‌ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌), “നിങ്ങളുടെ കണ്മുന്നിൽ നിറവേറുന്ന ആറ്‌ ബൈബിൾപ്രവചനങ്ങൾ” എന്ന ആമുഖ ലേഖനപരമ്പര കാണുക.

[12, 13 പേജുകളിലെ ചിത്രങ്ങൾ]

യോസേഫും ദാനീയേലും പ്രവചനവ്യാഖ്യാനത്തിനുള്ള ബഹുമതി ദൈവത്തിനു നൽകി