മുഖ്യലേഖനം: എന്തുകൊണ്ട് ഇത്രയധികം ദുരിതങ്ങൾ? എപ്പോൾ അവസാനിക്കും?
അനേകം നിഷ്കളങ്കരുടെ ജീവൻ പൊലിയുന്നു!
ഏതൊരാൾക്കും സ്നേഹവും വാത്സല്യവും തോന്നുന്ന ഒരു കൊച്ചുപെൺകുട്ടിയായിരുന്നു നോയിലി. ഒരു ദിവസം വീടിന്റെ പുറകിലൂടെ നടക്കുകയായിരുന്ന അവൾ എങ്ങനെയോ നീന്തൽക്കുളത്തിലേക്കു വീണ് മുങ്ങിമരിച്ചു. അവളുടെ നാലാമത്തെ പിറന്നാളിന് വെറും രണ്ടാഴ്ച മുമ്പായിരുന്നു അത്.
2012 ഡിസംബർ 14-ന് യു.എസ്.എ.-യിലെ കണറ്റിക്കട്ടിലുള്ള ഒരു സ്കൂളിൽ വെടിവെച്ച് കൊല്ലപ്പെട്ട 26 പേരിൽ 20 പേരും ആറോ ഏഴോ വയസ്സു മാത്രം പ്രായമുള്ളവരായിരുന്നു. അവരിൽ ചിലരുടെ പേരുകളാണ് ഷാർലറ്റ്, ഡാനിയേൽ, ഒലിവിയ, ജോസഫൈൻ. ഒരു അനുസ്മരണയോഗത്തിൽവെച്ച് അമേരിക്കൻ പ്രസിഡന്റായ ഒബാമ ഈ കുട്ടികളുടെ പേരുകൾ പരാമർശിക്കുകയും ദുഃഖാർത്തരായ സദസ്സിനോട് ഇങ്ങനെ പറയുകയും ചെയ്തു: “ഇത്തരം ദുരന്തങ്ങൾ അവസാനിക്കുകതന്നെ വേണം.”
18 വയസ്സുള്ള ബാനോ 1996-ൽ ഇറാഖിൽനിന്ന് നോർവേയിലേക്കു കുടുംബാംഗങ്ങളോടൊപ്പം താമസം മാറി. അവളുടെ കൂട്ടുകാർ അവളെ ‘സൂര്യകിരണം’ എന്ന ഓമനപ്പേരാണു വിളിച്ചിരുന്നത്. എന്നാൽ 2011 ജൂലൈ 22-ന്, സമനില തെറ്റിയ ഒരു തീവ്രവാദി കൊന്ന 77 പേരുടെ കൂട്ടത്തിൽ ബാനോയും ഉണ്ടായിരുന്നു. പിന്നീട് ആ തീവ്രവാദി ഇങ്ങനെ വീമ്പിളക്കി: “കൂടുതൽ പേരെ കൊല്ലാൻ കഴിയാഞ്ഞതിൽ . . . ഞാൻ ഖേദിക്കുന്നു.”
ഇത്തരം ഹൃദയഭേദകമായ വാർത്തകൾ ലോകമെമ്പാടും കേൾക്കാനാകും. അപകടം, കുറ്റകൃത്യം, യുദ്ധം, ഭീകരപ്രവർത്തനം, പ്രകൃതിവിപത്തുകൾ, മറ്റു ദുരന്തങ്ങൾ എന്നിവയ്ക്കെല്ലാം ഇരയാകേണ്ടിവരുമ്പോളുണ്ടാകുന്ന വേദനയും ദുഃഖവും ഒന്നു ചിന്തിച്ചുനോക്കൂ. നിരപരാധികളായ അനേകമാളുകൾ ഇത്തരം കഷ്ടപ്പാടും മരണംപോലും അനുഭവിക്കേണ്ടിവരുന്നതിനു പിന്നിൽ പലപ്പോഴും പ്രത്യേകിച്ച് കാരണമൊന്നുമില്ല!
ചില ആളുകൾ സ്രഷ്ടാവിനു മനുഷ്യരെക്കുറിച്ച് യാതൊരു ചിന്തയുമില്ല എന്നു പറഞ്ഞ് ദൈവത്തെ കുറ്റപ്പെടുത്തുന്നു. ദൈവം നമ്മുടെ പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിലും ഇടപെടുന്നില്ലെന്നു ചിലർ കരുതുന്നു. വേറെ ചിലരാകട്ടെ, ഇത്തരം ദുരന്തങ്ങൾ വിധിയാണെന്നു പറയുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങൾക്ക് അവസാനമില്ല. എന്നാൽ ആശ്രയയോഗ്യവും തൃപ്തികരവും ആയ ഉത്തരം എവിടെനിന്നു ലഭിക്കും? എന്തുകൊണ്ടാണ് ഇത്രയധികം ദുരിതങ്ങൾ, അവയ്ക്കുള്ള പരിഹാരം എന്താണ് എന്നിവയ്ക്ക് ദൈവവചനമായ ബൈബിൾ നൽകുന്ന ഉത്തരം തുടർന്നുള്ള ലേഖനത്തിൽ കാണാം. (w13-E 09/01)