മുഖ്യലേഖനം | നല്ലവർ ദുരിതം അനുഭവിക്കുന്നത് എന്തുകൊണ്ട്?
ദുരിതങ്ങൾ പെരുകുന്നു!
ബംഗ്ലാദേശിലെ ധാക്കയിലാണ് 35 വയസ്സുകാരിയായ സ്മിത * താമസിച്ചിരുന്നത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും മറ്റുള്ളവർക്കുവേണ്ടി കരുതുകയും ചെയ്യുന്ന ഒരു നല്ല സ്ത്രീയായിരുന്നു സ്മിത. അവൾ കഠിനാധ്വാനിയായിരുന്നെന്നു മാത്രമല്ല, ദൈവത്തെക്കുറിച്ചു പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചിരുന്ന അവൾക്ക് പെട്ടെന്നു മാരകമായൊരു അസുഖം ബാധിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ അവൾ മരിച്ചു! ഇത്, അവളുടെ ഭർത്താവിനെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എത്രമാത്രം നടുക്കിയിട്ടുണ്ടാകും!
യുവദമ്പതികളായ ജയിംസും ഭാര്യയും സ്മിതയെപ്പോലെതന്നെ നല്ല പേരുള്ളവരായിരുന്നു. ഒരു അവധിക്കാലത്ത്, അവർ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്തു താമസിക്കുന്ന സുഹൃത്തുക്കളെ കാണാൻ പോയി. പിന്നീട് അവർ ഒരിക്കലും തങ്ങളുടെ ജന്മനാടായ ന്യൂയോർക്കിലേക്കു മടങ്ങിയില്ല. യാത്രാമധ്യേ അവർ ഗുരുതരമായ ഒരു വാഹനാപകടത്തിൽപ്പെട്ടു. തങ്ങളെ സ്നേഹിച്ചിരുന്നവരുടെയും സഹജോലിക്കാരുടെയും ജീവിതത്തിൽ വലിയ നഷ്ടംവരുത്തിക്കൊണ്ട് അവർ മരണത്തിനു കീഴടങ്ങി.
തിന്മയും കഷ്ടപ്പാടുകളും പെരുകുന്നത് മനസ്സിലാക്കാൻ നമുക്കു ദൂരേയ്ക്കൊന്നും പോകേണ്ടതില്ല. യുദ്ധങ്ങൾ പൊതുജനങ്ങളെയും സൈനികരെയും കൊന്നൊടുക്കുന്നു. നിരപരാധികൾ കുറ്റകൃത്യത്തിനും അക്രമത്തിനും ഇരകളാകുന്നു. ഒരു വ്യക്തിയുടെ പ്രായമോ സമൂഹത്തിലെ നിലയോ കാര്യമാക്കാതെ മാരകമായ അപകടങ്ങളും ഗുരുതരമായ ശാരീരികവൈകല്യങ്ങളും ആളുകളെ പിടികൂടുന്നു. പ്രകൃതിവിപത്തുകൾ യാതൊരു വിവേചനയും കൂടാതെ ജനസമൂഹങ്ങളെ അപ്പാടെ തുടച്ചുനീക്കുന്നു. മുൻവിധിയും അനീതിയും വ്യാപകമാണ്. നിങ്ങളും ഒരുപക്ഷേ ഇവയിൽ ഒന്നിന്റെ ഇരയായിട്ടുണ്ടാകാം.
താഴെപ്പറയുന്ന ചോദ്യങ്ങൾ നാം ചോദിക്കുക സ്വാഭാവികമാണ്:
-
നല്ലവർക്ക് ദുരിതം അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
-
അത്തരം കാര്യങ്ങൾക്ക് ഉത്തരവാദി ദൈവമാണോ?
-
ദുരന്തങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നതാണോ അതോ മനുഷ്യരാണോ അതിനു കാരണക്കാർ?
-
പൂർവജന്മചെയ്തികളുടെ ഫലമായിട്ടാണോ ഒരു വ്യക്തി യാതനകൾ അനുഭവിക്കുന്നത്?
-
സർവശക്തനായ ഒരു ദൈവമുണ്ടെങ്കിൽ അവൻ എന്തുകൊണ്ടാണ് നല്ലവരായ ആളുകളെ ദോഷങ്ങളിൽനിന്നു സംരക്ഷിക്കാത്തത്?
-
തിന്മയിൽനിന്നും ദുരിതങ്ങളിൽനിന്നും ജീവിതത്തിന് എന്നെങ്കിലും ഒരു മോചനമുണ്ടാകുമോ?
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കാൻ അടിസ്ഥാനപരമായ രണ്ടു ചോദ്യങ്ങളുടെ ഉത്തരം നാം മനസ്സിലാക്കേണ്ടതുണ്ട്: മോശമായ കാര്യങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത്? ദൈവം അതിനെതിരെ എന്തു ചെയ്യും? (w14-E 07/01)
^ ഖ. 3 പേരുകൾ മാറ്റിയിരിക്കുന്നു.